Current Date

Search
Close this search box.
Search
Close this search box.

ലൈല ഐസാവി : രക്തസാക്ഷികളുടെയും തടവുകാരുടെയും മാതാവ്‌

ummu-asawi.jpg

ഫലസ്തീന്‍ തടവുകാരനായ സാമിര്‍ അല്‍ ഐസാവി ഏതാനും മാസങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ വ്യക്തിത്വത്തിനു പിന്നില്‍, ത്യാഗ സന്നദ്ധതയും പിറന്ന മണ്ണിനോടുള്ള സ്‌നേഹും കോര്‍ത്തിണക്കി വളര്‍ത്തിയ അദ്ദേഹത്തിന്റെ പ്രിയ മാതാവ് അറുപത്തഞ്ചുകാരിയായ അല്‍ ഹാജ ലൈല ഉബൈദാണ്. തടവകാരുടെ ക്ഷേമത്തിനായുള്ള സംരംഭങ്ങളില്‍ പങ്കെടുക്കാന്‍ അശേഷം മടികൂടാതെ നാടുചുറ്റാന്‍ സന്നദ്ധത കാട്ടിയവള്‍.

തന്റെ മകന്റെ മോചനത്തിന് രണ്ട് ദിവസം മുമ്പ് നാസിറയില്‍, തടവുകാരുടെ ക്ഷേമം ചര്‍ച്ച ചെയ്ത പരിപാടിയില്‍ അവര്‍ നടത്തിയ പ്രഖ്യാപനം ശ്രദ്ധേയമായിരുന്നു. ‘സാമിറിന്റെ കാര്യം അത്യന്തം അപകടകരമാണെന്നും ഏതു നിമിഷവും അവന്‍ രക്തസാക്ഷിയാകാമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പക്ഷെ അവന്‍ സുരക്ഷിതനായി തിരിച്ചുവരുമെന്ന് എനിക്കുറപ്പുണ്ട്.’

കഴിഞ്ഞ ഏതാനും മാസങ്ങളായി തടവുകാരോടുള്ള ഐക്യദാര്‍ഢ്യ സംരംഭങ്ങളില്‍ പങ്കെടുക്കുന്നതിനായുള്ള തിരക്കിലായിരുന്നു അവര്‍. തടവുകാര്‍ ഇപ്പോഴും പീഡനങ്ങളും അക്രമങ്ങളും നേരിട്ടു കൊണ്ടിരിക്കുന്നതിനാല്‍ ,’തന്റെ ജനതയുടെ പുരോഗതിയില്‍ അഭിമാനം കൊള്ളുന്നതോടൊപ്പം അവകാശപ്പോരാട്ടത്തില്‍ ജീവിതാന്ത്യം വരെ  അവരോടൊപ്പം നിലകൊള്ളാനും തയാറാണ്’എന്ന തന്റെ മകന്റെ സന്ദേശം ലോകര്‍ക്കെത്തിക്കാന്‍ ബദ്ധശ്രദ്ധയാണവര്‍.  അടിയുറച്ച നിലപാടും നട്ടെല്ലുറപ്പും കൈമുതലാക്കിയ ഉമ്മുസാമിറിന് അധിനിവേശത്തെ നേരിട്ട പരിചയം നേരത്തെയുണ്ട്. 1994 ല്‍ ഹറമുല്‍ ഇബ്രാഹീമി നടത്തിയ കൂട്ടക്കശാപ്പിനെതിരെ നടന്ന പ്രക്ഷോഭ റാലിക്കിടെ തന്റെ അരുമ സന്തതി റഅ്ഫത്ത് രക്തസാക്ഷിയായി.

വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉമ്മുസാമിറിന് നേരിട്ടും അല്ലാതെയും തടവറ അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ബാല്യവും യൗവ്വനവും കാരാഗൃഹങ്ങളില്‍ ഹോമിക്കേണ്ടി വന്നവരില്‍ അവരുടെ ആണ്‍മക്കളായ ശാദി, സാമിര്‍, ഫറാസ്, മദ്ഹത്ത്, റഅ്ഫത്ത് എന്നിവരും പെടുന്നു. സ്വന്തം സഹോദരങ്ങളെ രക്ഷിക്കാന്‍ നിയമം പഠിച്ച സഹോദരി ഷിറിന്‍ പോലും ഇതില്‍ നിന്നൊഴിവായില്ല. അവളും തടവിലാക്കപ്പെടുകയും പല മുടന്തന്‍ ന്യായങ്ങളുടെയും പേരില്‍ അവള്‍ക്ക് ജോലിയില്‍ തുടരാന്‍ സാധിക്കാതെ വരികയും ചെയ്തു.

ക്ഷമയെന്ന ആയുധം
അധിനിവേശം നല്‍കിയ മുറിവുകളും ദ്രോഹങ്ങളും, തങ്ങളുടെ ക്ഷമ ശക്തിപ്പെടാന്‍ സഹായിച്ചെന്നും ഒരിക്കലും തകര്‍ക്കാന്‍ പറ്റാത്ത കരുത്ത് നല്‍കിയെന്നും ഉമ്മു റഅ്ഫത്ത് ഉറപ്പിച്ചു പറയുന്നു.’തങ്ങളുടെ മനുഷ്യത്വവും അവകാശങ്ങളും വകവച്ചു തരാത്ത, സ്വാതന്ത്യത്തെ ഹനിക്കുന്ന അധിനിവേശകരില്‍ എനിക്കൊരു പ്രതീക്ഷയുമില്ല. ഒന്നാം ലബനാന്‍ യുദ്ധത്തിനിടെ സഹോദരന്‍ ഉസാമ രക്തസാക്ഷിയാവുകയും മറ്റൊരു  സഹോദരന്‍ ഹാനിയോടൊപ്പം ഞാന്‍ തടവിലാക്കപെടുകയും ചെയ്തു.’
അതിക്രമങ്ങള്‍ക്കിരകളാക്കപ്പെടുക എന്നത് അവരെ സംബന്ധിച്ചിടത്തോളം പുതുമയുളള കാര്യമല്ല. മറിച്ച് അത് കുടുംബപാരമ്പര്യത്തിന്റെ ഭാഗം മാത്രമാണ്. അതിനവര്‍ ചൂണ്ടിക്കാണിക്കുന്നത് 1936 മുതല്‍ 1939 വരെ നടന്ന ഫലസ്തീന്‍  വിപ്ലവത്തിലെ നായകന്‍മാരിലൊരാളായ തന്റെ വല്യുപ്പ അഹമദ് അലി ഐസാവിയെയാണ്.

തന്നെ രാജ്യത്തിന് പുറത്തേക്ക് നീക്കാനുള്ള ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സിയുടെ ഗൂഢശ്രമത്തെ തന്റെ മകന്‍ സാമിര്‍ നിരാകരിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്വയം പര്യാപ്തതയും അണിയിലെ ഐക്യവുമാണ് ഫലസ്തീനികള്‍ ആദ്യമായി ആര്‍ജിക്കേണ്ടതെന്നും കൃത്യമായ രാഷ്ട്രീയ അവബോധമുള്ള അവര്‍ പറയുന്നു. ഫലസ്തീന്‍ വിമോചനം അത്ര എളുപ്പമാകില്ലെന്നും അവര്‍ക്കറിയാം.

തടവുകാര്‍ ശക്തമായ ജനകീയ പ്രക്ഷോഭം അഭിലഷിക്കുന്നുണ്ടെന്നും തടവുകാരുടെ ഭയം ഇല്ലായ്മ ചെയ്ത് അവരുടെ അന്തസും അഭിമാനവും കാക്കാന്‍ യുവാക്കള്‍ മുന്നോട്ട് വരണമെന്നും അവര്‍ പറഞ്ഞു. ലോകത്തിലെ മറ്റു പ്രദേശങ്ങളിലെ ജനതയെപ്പോലെ പിറന്ന മണ്ണില്‍ സ്വതന്ത്രരായി ജീവിക്കാന്‍ തങ്ങള്‍ക്കും അവകാശമുണ്ട്. നിശ്ചയ ദാര്‍ഢ്യമാണ് നമ്മുടെ ആയുധം. തടവുകാരും രാജ്യത്തിന്റെ ഭാഗമാണ്. നമ്മുടെ മണ്ണാണ് നമുക്ക് വലുത്. അതിനാല്‍ തടവറയെ ഭയപ്പെടാതിരിക്കൂ. നിങ്ങളെ ഭയപ്പെടുത്താന്‍ അവരെ അനുവദിക്കരുത്. ഉറച്ച സ്വരത്തില്‍ അവര്‍ പറഞ്ഞു. മകനു വേണ്ടിയുള്ള പോരാട്ടം അവസാനിച്ച ആശ്വാസത്തില്‍ അവര്‍ ഫലസ്തീന്‍ ജനതക്ക് നന്ദി പറഞ്ഞു. എത്രയും പെട്ടെന്നു തന്നെ വീട്ടിലേക്ക് മടങ്ങാനാവുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഈ വര്‍ഷം തന്നെ മോചിപ്പിക്കാമെന്ന ഉറപ്പിന്‍മേലാണ് സാമിര്‍ തന്റെ 258 ദിവസം നീണ്ട നിരാഹാരം അവസാനിപ്പിച്ചത്.

വിവ : ഇസ്മാഈല്‍ അഫ്ഫാഫ്

Related Articles