Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം സ്ത്രീ: വീടിനും തൊഴിലിടത്തിനും മധ്യേ

woking-lady.jpg

മുസ്‌ലിം സ്ത്രീക്ക് വീടിന് പുറത്ത് ജോലിക്ക് പോകാന്‍ അനുവാദമുണ്ടോ എന്നത് പലരും ഉന്നയിക്കുന്ന സംശയമാണ്. വളരെ ലളിതമായി ഒറ്റവാക്കില്‍ ഉത്തരം നല്‍കാവുന്ന ഒരു കാര്യമല്ലിത്. എഴുപതുകളിലും എണ്‍പതുകളിലും ജോലിക്ക് പോകുന്ന സ്ത്രീകളെ പറ്റി മര്യാദകെട്ടവരായാണ് സമൂഹം കണ്ടിരുന്നത്. വളരെ നേരത്തെ എഴുന്നേറ്റ് ഒരുങ്ങി ജോലിക്ക് പോകുന്ന അവള്‍ വൈകുന്നേരത്തോടെയായിരുന്നു ക്ഷീണിതയായി തിരിച്ചെത്തിയിരുന്നത്. തിരക്ക് പിടിച്ച പോക്കിനിടയില്‍ മക്കളെ ഡേകെയര്‍ സെന്ററുകളിലോ നഴ്‌സറിയിലോ കൊണ്ടാക്കേണ്ടവരും അവരിലുണ്ടാകും. അവരെ പുച്ഛത്തോടെ കാണുന്ന വീട്ടമ്മമാരായ സ്ത്രീകളുടെ കുത്തുവാക്കുകളും അവര്‍ കേള്‍ക്കേണ്ടിയിരുന്നു. ശ്രദ്ധയില്ലാത്ത മാതാവെന്നും കുട്ടികളെ സ്‌നേഹിക്കുകയോ പരിചരിക്കുകയോ ചെയ്യാത്തവളെന്നുമെല്ലാം അവള്‍ പഴികേള്‍ക്കേണ്ടിയും വരുന്നു.

കാലം മുന്നോട്ട് പോയപ്പോള്‍ സ്ത്രീകള്‍ക്ക് അനുയോജ്യമായ രീതിയില്‍ ചെയ്യാവുന്ന ജോലികളും സൗകര്യങ്ങളും നിലവില്‍ വന്നു. പ്രൈമറി സ്‌കൂളുകളില്‍ മാത്രം ഒതുങ്ങിയിരുന്ന അവസരങ്ങള്‍ കോര്‍പറേറ്റ് കമ്പനികളുടെ ഓഫീസുകളിലേക്ക് വരെ വ്യാപിച്ചു. ഓഫീസ് ക്യാബിനില്‍ കമ്പ്യൂട്ടറിന് മുന്നില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ ഇരുന്ന് ചെയ്യാന്‍ കഴിയുന്ന തൊഴിലവസരങ്ങള്‍ നിലവില്‍ വന്നു. അതേസമയം അധ്യാപികയായി ജോലി ചെയ്യുന്നവര്‍ക്ക് അടുത്ത ദിവസത്തേക്ക് ഒരുങ്ങുന്നതിനും കുട്ടികളുടെ മറ്റ് പ്രവര്‍ത്തനങ്ങളും റിപോര്‍ട്ടുകളും പരിശോധിക്കുന്നതിനും സമയം ചെലവഴിക്കേണ്ടി വരുന്നുണ്ട്.

എന്നാല്‍ ഇന്ന് ജോലിക്ക് ഓഫീസില്‍ പോകാതെ തന്നെ നിര്‍വഹിക്കാമെന്ന അവസ്ഥ വന്നിരിക്കുന്നു. കമ്പനികള്‍ ചെലവ് ചുരുക്കുന്നതിനും ഓഫീസ് സ്ഥാപിക്കുന്നതിന്റെയും പ്രവര്‍ത്തിപ്പിക്കുന്നതിന്റെയും ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുന്നതിനും വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാനുള്ള അവസരങ്ങള്‍ ഒരുക്കുന്നു. ജോലി ചെയ്യുന്നതോടൊപ്പം തന്നെ നല്ല ഒരു ഭാര്യയും മാതാവും ആകാന്‍ സ്ത്രീക്ക് സാധ്യമാകുന്നു.

ഇത്തരത്തിലുള്ള ഒരു സാഹചര്യത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വളരെ ക്രിയാത്മകമായി തന്നെ അവര്‍ വീട്ടില്‍വെച്ച് തങ്ങളുടെ ജോലികള്‍ ചെയ്യുന്നു. വീട്ടുകാര്യങ്ങള്‍ നല്ലരൂപത്തില്‍ നടത്തുന്നതൊടൊപ്പം കൂടുതല്‍ വരുമാനം അവര്‍ ഉണ്ടാക്കുന്നു. എല്ലാ വസ്തുക്കളുടെയും സേവനങ്ങളുടെയും വില കുതിച്ചുയര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഭര്‍ത്താവിന്റെ മാത്രം വരുമാനം കൊണ്ട് ജീവിതത്തിന്റെ സുഗമമായ മുന്നോട്ട് പോക്ക് പല കുടുംബങ്ങള്‍ക്കും പ്രയാസകരമായിക്കുന്നു. അതുകൊണ്ട് തന്നെ ഇക്കാലത്ത് മിക്ക മുസ്‌ലിം ഭര്‍ത്താക്കന്‍മാരും ഭാര്യമാരുടെ വരുമാനത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്. ഉത്തരവാദിത്വ നിര്‍വഹണത്തില്‍ തനിക്കൊരു താങ്ങായിട്ടാണവരതിനെ കാണുന്നത്.

കുടുംബത്തിന്റെ ചെലവ് നിര്‍വഹിക്കേണ്ടത് പുരുഷനാണ്

സ്ത്രീയുടെ ചെലവുകള്‍ വഹിക്കേണ്ടത് ഇസ്‌ലാം പുരുഷന്റെ മേല്‍ നിര്‍ബന്ധമാക്കിയിട്ടുള്ള ഉത്തരവാദിത്വമാണ്. സ്ത്രീ സാമ്പത്തികാവശ്യങ്ങള്‍ക്ക് അവലംബിക്കേണ്ടത് പുരുഷനെയാണ്. വിവാഹത്തിന് മുമ്പ് പിതാവോ സഹോദരന്‍മാരോ അത് നിര്‍വഹിക്കണം, വിവാഹ ശേഷം ഭര്‍ത്താവിന്റെ ബാധ്യതയാണത്. ജീവിതത്തില്‍ ആവശ്യമായ ചെലവുകളാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്, അല്ലാതെ അമിതവ്യയവും ധൂര്‍ത്തും അല്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വൈദ്യസഹായം തുടങ്ങിയവയെല്ലാമാണ് അതില്‍ ഉള്‍പ്പെടുക. ഭാര്യ സ്വന്തം നിലക്ക് തന്നെ സമ്പന്നയാണെങ്കിലും ഭര്‍ത്താവിന് ഈ ബാധ്യതയില്‍ നിന്ന് ഒഴിയാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല.

ഭര്‍ത്താവ് കഠിനമായി പരിശ്രമിച്ചിട്ടും കുടുംബത്തിനാവശ്യമായ അത്യാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ എന്തു ചെയ്യും എന്ന ഒരു ചോദ്യം ഉയര്‍ന്നു വന്നേക്കാം. ഇത്തരം സാഹചര്യത്തില്‍ ഭാര്യക്ക് ഒരു ജോലിക്ക് ശ്രമിക്കാവുന്നതാണ്. സുഗമമായ ജീവിക്കുന്നതിനായിരിക്കണമത്. അല്ലാതെ കൂടുതല്‍ സമ്പാദിക്കാനുള്ള ആര്‍ത്തിയോ, ധൂര്‍ത്ത് കാണിക്കുന്നതിനോ ആയിരിക്കരുത്.

വിവാഹിതകളായ മുപ്പതും നാല്‍പതും പ്രായത്തിലുള്ള സ്ത്രീകള്‍ അവരുടെ ഒഴിവുസമയങ്ങല്‍ ക്രയാത്മകമായി ഉപയോഗപ്പെടുത്തണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഭാര്യ, മാതാവ്, വീട്ടമ്മ എന്നീ നിലകളിലുള്ള തന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റവും ഉചിതമായി തന്നെ അവര്‍ നിര്‍വഹിക്കണം. മറിച്ച് അവര്‍ അത്തരം സമയങ്ങള്‍ ടി.വി സീരിയലുകള്‍ക്കു മുന്നിലായിരിക്കും, അല്ലെങ്കില്‍ ഒരു രസത്തിന് ഷോപിംഗിനുള്ള പോക്കായിരിക്കും. അതുമല്ലെങ്കില്‍ അവരുടെ സമയം കൊല്ലുന്നത് മറ്റു സ്ത്രീകളുമായി സംസാരത്തിലായിരിക്കും. ഇതൊന്നും ചെയ്യാത്തവര്‍ക്ക് നീണ്ട ഉറക്കമായിരിക്കും പ്രിയം ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തെ ഒരു പോലെ ദോഷകരമായി ബാധിക്കുന്നതാണത്.

മുസ്‌ലിം സ്ത്രീ പുറത്ത് പോയി ജോലി ചെയ്യുന്നതിനെ വിമര്‍ശിക്കുന്ന ധാരാളം പണ്ഡിതന്‍മാരും മുഫ്തികളുമുണ്ട്. അതിന്റെ മറുവശത്തെ കുറിച്ചവര്‍ തീരെ മനസിലാക്കുന്നില്ല. ഒഴിവുസമയം അവര്‍ അലസതക്കും പരദൂഷണങ്ങള്‍ക്കും മറ്റു സമയം കൊല്ലുന്ന പരിപാടികളിലുമാണ് ചെലവഴിക്കുന്നത്. അതിലൂടെ സ്ത്രീകള്‍ക്ക് തങ്ങള്‍ വീട്ടില്‍ തളച്ചിടപ്പെട്ടവരാണ് എന്ന ഒരു തോന്നലും ഉണ്ടാകും. പല കുടുംബകലഹങ്ങള്‍ക്കും തെറ്റിധാരണകള്‍ക്കും കാരണമാകുന്നത് പലപ്പോഴും സ്ത്രീകളുടെ അലസമായ സമയങ്ങളാണ്. ക്രിയാത്മകമായി ഒന്നും ചെയ്യാനില്ലാത്ത അവള്‍ മറ്റുള്ളവരിലേക്ക് തിരിയുകയും അവരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നു. അനാവശ്യ ഇടപെടലുകളും പരദൂഷണങ്ങളുമാണ് ബന്ധങ്ങളെ തകര്‍ക്കുന്നത്. താന്‍ കൂട്ടിലടക്കപ്പെട്ടവളാണെന്ന് തോന്നുന്നത് വിവാഹജീവിതത്തെയും സാരമായി ബാധിക്കുന്ന ഘടകമാണ്. താന്‍ ഒന്നിനും കൊള്ളാത്തവളാണെന്ന ഒരു ധാരണയത് സൃഷിടിക്കുന്നു. താന്‍ബന്ധിക്കപ്പെട്ടതിന്റെ ദേഷ്യം വൈകുന്നേരം ജോലി കഴിഞ്ഞെത്തുന്ന ഭര്‍ത്താവിനോടായിരിക്കും പ്രകടിപ്പിക്കുക. ഇത്തരം സാഹചര്യത്തില്‍ സ്ത്രീകള്‍ അല്ലാഹു വിലക്കിയ അനാവശ്യസ്വഭാവങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് സഹായിക്കുന്നതായിരിക്കും ഒരു ജോലി കണ്ടെത്തുകയെന്നത്. അതൊരിക്കലും കുടുംബത്തോടുള്ള തന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് തെറ്റിക്കുന്നതായിരിക്കരുത്.

ഏതൊരു സംസ്‌കാരത്തിലായാലും ദേശത്തായാലും വീട്ടിലെ ഉത്തരവാദിത്വങ്ങളിലും ജോലിയിലും സംന്തുലിതത്വം പാലിക്കുകയെന്നത് ഒരു വെല്ലുവിളി തന്നെയാണ്. അതിന് ഏറ്റവും അനിവാര്യമായി വേണ്ടത് ദൈവഭയം ഉണ്ടായിരിക്കുകയെന്നതാണ്. താന്‍ ചെയ്യുന്ന ജോലി പോലും ദൈവ പ്രീതിക്കാണെന്നാണ് അവര്‍ വിശ്വസിക്കുക. സ്വാഭാവികമായും തന്റെ ഉത്തരവാദിത്വങ്ങള്‍ ശരിയായി നിര്‍വഹിക്കുന്നതിന് അതവളെ സഹായിക്കും. ദൈവഭയം പുലര്‍ത്തുന്ന ഒരാള്‍ തന്റെ ഇസ്‌ലാമികമായ കടമകളെ അവഗണിക്കാനാവില്ല. നമസ്‌കാരങ്ങള്‍, നോമ്പ്, ഇസ്‌ലാമികമായ അറിവ് നേടല്‍, ഖുര്‍ആന്‍ പാരായണം, ശരിയായ വസ്ത്രധാരണം പോലുള്ള കാര്യങ്ങളില്‍ അവര്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവില്ല. അതൊടൊപ്പം ഉത്തമമായ സ്വഭാവങ്ങളുടെ ഉടമ കൂടിയായിരിക്കും അവര്‍.

ദൈവഭക്തി പുലര്‍ത്തുന്ന അവള്‍ തനിക്ക് തന്നോടു തന്നെയുള്ള ബാധ്യകളെയും അവഗണിക്കുകയില്ല. തന്റെ ആരോഗ്യം, ഉറക്കം, ആത്മീയകാര്യങ്ങള്‍ എല്ലാം അവള്‍ ഉറപ്പ് വരുത്തും. വിവാഹിതയാണെങ്കില്‍ തന്റെ ഭര്‍ത്താവിനോടുള്ള ബാധ്യതയും അവള്‍ ഉറപ്പ് വരുത്തും. ഭര്‍ത്താവിനെ പരിചരിക്കുന്നതിലൂടെ ദൈവ പ്രീതിനേടുന്നതിനായവള്‍ പരിശ്രമിക്കും. അതുപോലെ തന്നെ സമ്പാദിക്കുന്നതും ചിലവഴിക്കുന്നതും പൂരണ്ണമായും അനുവദനീയമായ മാര്‍ഗങ്ങളിലൂടെയാണെന്ന് ഉറപ്പ് വരുത്തിയിരിക്കും. ദൈവകോപത്തിന് കാരണമാകുന്ന ഒന്നും തന്നെ അവളില്‍ നിന്നുണ്ടാകില്ല. സകാത്ത്, ദാനധര്‍മ്മം പോലുള്ള കാര്യങ്ങളും നിര്‍വഹിക്കുന്നതില്‍ നിര്‍ബന്ധം കാണിക്കും.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി
 

Related Articles