Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം സ്ത്രീയുടെ സാമൂഹിക ഇടപെടല്‍

woman1.jpg

സ്ത്രീയുടെ സമുദ്ദാരണം സാധ്യമാകാതെ ഒരു ധാര്‍മികവത്കരണം അചിന്തനീയമായ സാഹചര്യത്തിലാണ് നാം. ആണും പെണ്ണുമടങ്ങുന്ന സമൂഹത്തിന്റെ സന്തുലിതാവസ്ഥക്ക് അവളുടെ ക്രിയാത്മകമായ ചുവടുവെപ്പുകള്‍ അത്യന്താപേക്ഷിതമാണ്. മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിന്ന് ലോകത്തേക്ക്, സ്വഗേഹത്തില്‍ നിന്ന് ഭര്‍തൃഗേഹത്തിലേക്ക്, ഭര്‍തൃഗൃഹത്തില്‍ നിന്ന് ശ്മശാനത്തിലേക്ക് – ഇങ്ങനെ മൂന്ന് തവണ മാത്രമേ പെണ്ണ് പുറത്തിറങ്ങാവൂ എന്നു ജല്‍പിച്ചു കൊണ്ടിരിക്കുന്ന ഒരു വിഭാഗം. മറുഭാഗത്ത് അടിച്ചു പരത്തിയ സമത്വത്തിന്റെ പേരില്‍ സ്ത്രീകളെ പരസ്യപ്പലകയില്‍ പ്രതിഷ്ഠിക്കുന്ന ആഭാസക്കേളികള്‍. ഈ രണ്ട് ആത്യന്തിക തീവ്രവാദങ്ങളില്‍ നിന്നുമൊഴിഞ്ഞ്, ജീര്‍ണിച്ച സംസ്‌കാരത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ് മുന്നില്‍ കണ്ട് കൊണ്ടുള്ള മധ്യമ നിലപാടാണ് സ്ത്രീ വിഷയത്തില്‍ ഇസ്‌ലാമിനുള്ളത്. മറ്റൊരു മതത്തിലോ പ്രത്യയശാസ്ത്രത്തിലോ ലഭിക്കാത്ത ആദരവ് ഇസ്‌ലാം സ്ത്രീക്ക് നല്‍കി. പെണ്ണിനേക്കാള്‍ ആണിനോ, ആണിനേക്കാള്‍ പെണ്ണിനോ ഒരു ശ്രേഷ്ഠതയും കല്‍പ്പിച്ചില്ല. ഇരുവരും ആദമിന്റെ സന്താനങ്ങളായി മണ്ണില്‍ നിന്നും സൃഷ്ടിക്കപ്പെട്ടു. മറ്റ് ജീവജാലങ്ങള്‍ക്കൊന്നും നല്‍കാത്ത പരിഗണന ‘മനുഷ്യന്‍’ എന്ന അര്‍ത്ഥത്തില്‍ അവര്‍ക്ക് ലഭിച്ചു.

وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا

‘ആദം സന്തതികള്‍ക്കു നാം മഹത്വമരുളി, അവര്‍ക്കു കടലിലും കരയിലും വാഹനങ്ങള്‍ നല്‍കി, ഉത്തമ പദാര്‍ഥങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളെക്കാള്‍, പ്രത്യക്ഷമായ ഔന്നത്യമരുളുകയും ചെയ്തു.’ (അല്‍ഇസ്‌റാഅ്: 70)

ഭൂമിയില്‍ പരീക്ഷണാര്‍ത്ഥമാണ് മനുഷ്യനെ സൃഷ്ടിച്ചത്. പിശാചിന് കീഴ്‌പ്പെട്ടു പോകുമാറ് ദുര്‍ബലചിത്തനായി അവനെ പടച്ചു, ആര്‍ അല്ലാഹുവിനെ ഭയപ്പെട്ട് ഇച്ഛകളെ നിയന്ത്രിക്കുകയും നേരായ വഴി തെരെഞ്ഞെടുക്കുന്നു എന്ന് പരീക്ഷിച്ചറിയുന്നതിന്. സ്വന്തം നിലക്ക് ദൈവിക കല്‍പനകള്‍ പാലിച്ചു ജീവിക്കലും മറ്റുള്ളവര്‍ക്ക് സന്‍മാര്‍ഗം കാണിക്കലും അവന്റെ ബാധ്യതയാക്കി. ഇതില്‍ ആണ്‍-പെണ്‍ ഭേദമില്ല.

ദീനീപരമായ കാര്യങ്ങള്‍ക്ക് പുരുഷനും സ്ത്രീയം ഒരുമിച്ച് ചേരുന്നതിനെ ഇസ്‌ലാം വിലക്കുന്നില്ല. നബി(സ)യുടെ കാലത്ത് പുരുഷന്‍മാരും സ്ത്രീകളും ഒരുമിച്ച് പ്രവര്‍ത്തിച്ചതായി കാണാം. സംഘടിത നമസ്‌കാരങ്ങള്‍, മസ്ജിദിലെ പഠനസദസ്സുകള്‍, സാമൂഹിക ചടങ്ങുകള്‍ തുടഹ്ങിയവയിലെല്ലാം സഹാബി വനിതകളുടെ സാന്നിധ്യമുണ്ടായിരുന്നു. സ്ത്രീ പുരുഷ ഇടകലര്‍ച്ചയെ കുറിക്കുന്ന ‘ഇഗ്തിലാത്വ്’ (കൂടികലരല്‍) പോലും ആധുനിക കാലത്ത് ഇസ്‌ലാമിക നിഘണ്ടുവില്‍ ഇടം പിടിച്ച പദമാണ്.

فَاسْتَجَابَ لَهُمْ رَبُّهُمْ أَنِّي لَا أُضِيعُ عَمَلَ عَامِلٍ مِّنكُم مِّن ذَكَرٍ أَوْ أُنثَىٰ  ۖ بَعْضُكُم مِّن بَعْضٍ

‘അവരുടെ റബ്ബ് അവര്‍ക്ക് ഉത്തരമരുളി സ്ത്രീയാവട്ടെ പുരുഷനാവട്ടെ നിങ്ങളില്‍ ആരുടെയും കര്‍മത്തെ ഞാന്‍ നിഷ്ഫലമാക്കുകയില്ല. നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍ പെട്ടവരാണല്ലോ.’ (ആലുഇംറാന്‍: 195)

ആത്മീയമായി അല്ലാഹുവിന്റെ സന്നിധിയില്‍ സ്ത്രീയും പുരുഷനും തുല്ല്യരാണ്. എന്നാല്‍ ഭൗതികമായി ശാരീരികമായും ജൈവികഘടനാ വ്യത്യാസം വെച്ചു പുലര്‍ത്തുന്നു. അത് വിവേചനമല്ല, മറിച്ച് വിഭിന്ന ബാധ്യതാ നിര്‍വഹണത്തിനുള്ള യോഗ്യതകള്‍ മാത്രമാണ്. ഒരാള്‍ക്കുള്ള യോഗ്യതകള്‍ മറ്റൊരു വിഭാഗത്തെ ദുര്‍ബമാക്കാനുള്ളതല്ല. ഓരോരുത്തര്‍ക്കും ചെയ്യാനുള്ള ദൗത്യത്തെ സംബന്ധിച്ച പ്രകൃതി സൂചനയാണത്. അതില്‍ അവകാശ നിഷേധത്തിന്റെ ബാലിശ ന്യായീകരണങ്ങളെ കടഞ്ഞെടുക്കുന്നത് മൗലികമായ വൈകല്യമാണ്. സ്ത്രീയുടെ സൃഷ്ടി, ശാരീരിക മാനസിക ക്ഷമത, വികാരം, വിചാരം തുടങ്ങിയവയെ ദൗര്‍ബല്യം, ന്യൂനത, അടിമത്തം തുടങ്ങിയ വാക്കുകളോട് ചേര്‍ത്തുവെച്ച് മുസ്‌ലിം സ്ത്രീയുടെ സ്വത്വബോധത്തെ ഇല്ലായ്മ ചെയ്യാനുള്ള സാംസ്‌കാരികാധിനിവേശത്തിന്റെ തന്ത്രങ്ങളാണിവ. വിവാഹമോചനം, ബഹുഭാര്യത്വം, അനന്തരാവകാശ നിയമങ്ങള്‍ മുതല്‍ വസ്ത്രധാരണം, സാമൂഹിക ഇടപെടല്‍, തൊഴില് സ്വാതന്ത്ര്യം തുടങ്ങിയവയിലെല്ലാം അവര്‍ സ്ത്രീകളെ ഇസ്‌ലാമിന്റെ ശത്രുക്കളാക്കി. അതിനായി പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് തെറ്റിധാരണകള്‍ പരത്തി.

ഒരുവശത്ത് ഇസ്‌ലാമിന്റേതായ സന്തുലന സമീപനത്തെ ഇല്ലായ്മ ചെയ്തുകൊണ്ട്, പര്‍ദ ചീന്തിയെറിഞ്ഞ് സ്ത്രീകളെ തെരുവിലിറക്കി സര്‍വ തോന്നിവാസങ്ങളെയും പ്രോത്സാഹിപ്പിച്ചു. സിനിമ-സീരിയല്‍ നായികമാരായി മുസ്‌ലിം നാമധാരികള്‍ ഉയര്‍ന്നു വരുന്നത് സമുദായത്തിന്റെ സാംസ്‌കാരികോന്നമനമായും പുരോഗതിയുടെ അടയാളമായും വിലയിരുത്തപ്പെട്ടു. ആത്മാവ് നഷ്ടപ്പെട്ട പേക്കോലങ്ങളെയും പുറംമോടി മാത്രമായി അകം ചീഞ്ഞുനാറുന്ന ചവറുകളെയും വഹിക്കാന്‍ നാം നിര്‍ബന്ധിതരായി.

ഇതില്‍ നിന്നുള്ള മാറ്റമാണ് നമുക്ക് പ്രതീക്ഷിക്കാനുള്ളത്. ഉപഭോഗത്തിന്‍രെയും കമ്പോളവത്കരണത്തിന്റെയും ചതിക്കുഴികളെ തിരിച്ചറിഞ്ഞു കൊണ്ടുള്ള ഒരു മുന്നേറ്റം സാധ്യമാകണം. അറിവിന്റെ ആകാശവും വിവേകത്തിന്റെ കടലാഴവും ചിന്തയുടെ വിശാലതയും യുക്തിയുടെ കടിഞ്ഞാണും കൈവശപ്പെടുത്താനുള്ള തീവ്രമായ അഭിലാഷം നമ്മിലുണ്ടാകണം.

ഇസ്‌ലാമിക സ്വത്വത്തെ മറന്ന് വ്യക്തിത്വം പണയപ്പെടുത്തി, തനിക്കു ലഭിച്ച ആദരവും പരിഗണനയും മനസ്സിലാക്കാതെ ബാധ്യതകളെ കുറിച്ചും അവകാശങ്ങളെ കുറിച്ചും അജ്ഞരായി കാലം കഴിച്ചു കൂടുകയാണെങ്കില്‍ ജീവിതത്തിന്റെ വഞ്ചനാത്മകമായ ചതിക്കുഴികളില്‍ പെട്ടുപോയ നഷ്ടകാരികളില്‍ മാത്രമായിരിക്കും നമ്മളും എന്നോര്‍ക്കുക.

Related Articles