Current Date

Search
Close this search box.
Search
Close this search box.

മാതാപിതാക്കള്‍ക്ക് സ്‌നേഹപൂര്‍വം

parents.jpg

പ്രിയ മാതാവിനും പിതാവിനും, ഞാന്‍ ഇരുപത് വര്‍ഷമായി പാകിസ്ഥാനില്‍ ജീവിക്കുന്നു. നിങ്ങള്‍ക്ക് കുടുംബത്തിന്റെ കൂടെ ജീവിക്കാന്‍ ആഗ്രഹമുണ്ടാകുന്ന പ്രായമാണ് ഇതെന്ന് എനിക്കറിയാം. നിങ്ങള്‍ക്ക് രണ്ട്‌പേര്‍ക്കും ദീര്‍ഘായുസ്സ് ലഭിച്ചിട്ടുണ്ട്. അതിന് ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുന്നു. ആരോഗ്യത്തോടെ ദീര്‍ഘകാലം ജീവിക്കുകയെന്നത് ഞാന്‍ ആഗ്രഹിക്കുന്ന കാര്യമാണ്.

നിങ്ങള്‍ എന്റെ എല്ലാ ഗ്രന്ഥങ്ങളും വായിച്ചിട്ടുണ്ട്. പുറമേ തുറന്ന മനസ്സോടെ ഞാന്‍ നിങ്ങള്‍ക്കയച്ച മറ്റ് ഇസ്‌ലാമിക സാഹിത്യങ്ങളും നിങ്ങള്‍ ഗ്രഹിച്ചിട്ടുണ്ട്. അതുകൊണ്ട്തന്നെ ഞാന്‍ പറയാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് അപരിചിതമായിരിക്കില്ല. അതിനൊരു മുഖവുരെ ആവശ്യമാണെന്ന് എനിക്ക് തോന്നുന്നില്ല.

ഈ കാര്യങ്ങളെല്ലാം അംഗീകരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന വലിയ സൗഭാഗ്യങ്ങളെ കുറിച്ച് ഞാന്‍ അത്ഭുതപ്പെടുകയാണ്. നിങ്ങള്‍ക്ക് ആരോഗ്യം സംരക്ഷിക്കാനും സ്വയംപരിചരിക്കാനും കഴിയുന്നുണ്ടെങ്കില്‍ സന്തോഷപൂര്‍ണമായ ജീവിതം നയിക്കാനാകും. നിങ്ങള്‍ മുമ്പ് മരിച്ച്‌പോയ അമേരിക്കക്കാരെകുറിച്ച് ആലോചിച്ചുനോക്കുക. അവര്‍ വേണ്ടരീതിയില്‍ പരിചരണവും ചികിത്സയും ലഭിക്കാതെയാണ് മരണപ്പെട്ടത്. പഴയകാലത്ത് അമേരിക്കയില്‍ ജീവിച്ചിരുന്ന ആളുകളുടെ അവസ്ഥകളെ കുറിച്ച് നിങ്ങള്‍ക്ക് അറിയാമല്ലോ? അതുപോലെ ജീവിക്കുന്ന എത്രപേര്‍ ഇന്ന് അവിടെയുണ്ട്.

നിങ്ങള്‍ വളരുകയും ജീവിക്കുകയും ചെയ്ത സാഹചര്യങ്ങള്‍ ഇപ്പോള്‍ പൂര്‍ണമായും മാറിയിട്ടുണ്ട്. ആ വ്യവസ്ഥ ശിഥിലമായി നാശത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ലൈംഗികവൈകൃതങ്ങളും, സദാചാരശൂന്യതകളും കൊണ്ട് അത് നശിക്കാന്‍ അര്‍ഹമായിരിക്കുകയാണ്. പ്രായമായവരോട് അപമര്യാദയോടെ പെരുമാറുക, ഗര്‍ഭഛിദ്രം, കുട്ടികളുടെ വഴിതെറ്റല്‍ ഇവയെല്ലാമാണ് അവിടെയുള്ള സംസ്‌കാരം. സന്തോഷത്തോടെ കുടുംബജീവിതം നയിക്കുന്ന ഒരാളും അവിടെയില്ലെന്നായിരിക്കുന്നു. അന്തരീക്ഷ മലിനീകരണം, മാലിന്യങ്ങളുടെ ആധിക്യം എന്നിവകൊണ്ട് ചുറ്റുപാടും മലീമസമാണ്. മദ്യവും മയക്കുമരുന്നും അതുകൊണ്ടുണ്ടാകുന്ന മാനസികപ്രശ്‌നങ്ങളും കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നു. ആത്മഹത്യ വര്‍ദ്ധിച്ച്‌കൊണ്ടേയിരിക്കുന്നു. കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും ഇരട്ടിക്കുന്നു. ഇതാണ് ഇന്ന് അമേരിക്കയുടെ അവസ്ഥ.

ഇതിനെല്ലാം കാരണം മതേതരത്വത്തിന്റെയും ഭൗതികവാദത്തിന്റെയും പരാജയമാണ്. കൃത്യവും അവലംബിക്കാവുന്നതുമായ ദൈവികവും സദാചാരപരവുമായ മൂല്യങ്ങളുടെ അഭാവം അതിന് വേഗത കൂട്ടുന്നു. ചെയ്യപ്പെടുന്ന എല്ലാ കര്‍മങ്ങളുടെയും അവസാന ഫലം അതിന്റെ പിന്നിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. കാരണം ഉദ്ദേശം വിശുദ്ധമല്ലെങ്കില്‍ പ്രവര്‍ത്തനം ലക്ഷ്യമില്ലാത്തതായിരിക്കും.

ഇവ വായിക്കുന്നത് നിങ്ങളെ വെറുപ്പിക്കുമെന്ന് എനിക്ക് അറിയാം. നിങ്ങള്‍ കരുതുക ഇതിന്റെയെല്ലാം പരിഹാരത്തിന് ഞങ്ങളെന്തുചെയ്യണമെന്നായിരിക്കും. ഞങ്ങള്‍ വൈദികരോ ഭരണാധികാരികളോ അല്ല. ഞങ്ങള്‍ ഇപ്പോള്‍ സുഖമായി ജീവിച്ചുപോകുന്നുണ്ട്, അതിനിടക്കെന്തിനാണ് വെറുതെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇതൊക്കെയാകും നിങ്ങളുടെ ചിന്തകള്‍. നിങ്ങള്‍ അപ്രകാരമാണ് കരുതുന്നതെങ്കില്‍ ഈ യാത്ര എവിടെയാണ് അവസാനിക്കുക? എന്തിനാണ് നമ്മള്‍ സൃഷ്ടിക്കപ്പെട്ടത്? എന്താണ് ജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവും? മരണശേഷം നമുക്ക് എന്താണ് സംഭവിക്കുക?

പിതാവേ! നിങ്ങള്‍ എപ്പോഴും പറയാറുണ്ട്, എനിക്ക് ഒരു പാരമ്പര്യ മതവും അംഗീകരിക്കാനാവില്ല. കാരണം അവ ശാസ്ത്രത്തിന് എതിരാണെന്ന്. ശാസ്ത്രവും സാങ്കേതികവിദ്യയും നമ്മുക്ക് കുറേ വിവരങ്ങള്‍ നല്‍കുന്നുണ്ട്. ഈ ഭൗതികലോകം, അതിലെ സംഭവങ്ങള്‍, രോഗം, അതിനുള്ള കാരണങ്ങള്‍ തുടങ്ങിയവയെകുറിച്ച് ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നു. പക്ഷെ ഈ ജീവിതത്തിന്റെ അര്‍ഥത്തെകുറിച്ചോ, മരണത്തിന് ശേഷം എന്ത് സംഭവിക്കുമെന്നോ പഠിപ്പിക്കുന്നില്ല. ശാസ്ത്രം ‘എങ്ങനെ’ എന്നതിന് ഉത്തരം നല്‍കും, പക്ഷെ ‘എന്തുകൊണ്ട്’ എന്ന ചോദ്യത്തിന് അത് ഉത്തരം പറയാറില്ല. എന്താണ് ശരി എന്താണ് തെറ്റ് എന്ന് പറയാണ് ശാസ്ത്രത്തിനാകുമോ? എന്താണ് സൗന്ദര്യം എന്താണ് വൈരൂപ്യം എന്ന് ശാസ്ത്രത്തിന് നിര്‍ണയിക്കാനാവുമോ? നാം ചെയ്യുന്നതിന് ആരോടാണ് നാം മറുപടിപറയേണ്ടത്? പക്ഷെ ഇവക്കെല്ലാം മതത്തിന് മറുപടിയുണ്ട്.

അമേരിക്ക ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നത് പണ്ട് ഗ്രീസ് നേരിട്ടതുപോലുള്ള തകര്‍ച്ചയാണ്. ചിന്തിക്കുന്ന ആളുകള്‍ മതേതരത്വം പ്രായോഗികമായി പരാജയമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ പരിഭ്രാന്തിയോടെ എവിടെയാണ് ഇതിനൊരു ബദല്‍ എന്ന് തേടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അവര്‍ക്കത് കണ്ടെത്താനാകുന്നുമില്ല. ഈയൊരു നിസ്സഹായതയാണ് അന്ധമായി മതത്തെ നിഷേധിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത്.

റോമിന്റെ തകര്‍ച്ച ഉണ്ടാക്കിയ ശൂന്യത ഒരു പരിധിവരെ പരിഹരിച്ചത് ആയിരം കൊല്ലത്തോളം സമൂഹത്തില്‍ നിലനിന്ന ക്രിസ്റ്റിയാനിറ്റിയുടെ സ്വാധീനമായിരുന്നു. എന്നാല്‍ കാലക്രമത്തില്‍ ക്രിസ്റ്റിയാനിറ്റിയും മതേതരവല്‍കരിക്കപ്പെട്ടതോടെ അവസ്ഥ വളരെ പരിതാപകരമായി. നവേത്ഥാനത്തോടെയും ഫ്രഞ്ച് വിപ്ലവത്തോടെയും മതത്തിന്റെ എല്ലാ സ്വാധീനവും സാമൂഹിക ജീവിതത്തില്‍ നിന്നും നീക്കം ചെയ്യപ്പെട്ടു.

അമേരിക്കയില്‍ രണ്ടാമത്തെ വലിയ മതം ജൂതായിസമായിരുന്നു. വംശീയതയും സങ്കുചിതത്വവും ആടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജൂതര്‍ അവരിലേക്ക് പുറത്ത് നിന്ന് ഒരാളെ പ്രവേശിപ്പിക്കുകപോലും ചെയ്തിരുന്നില്ല. സയണിസ്റ്റുകള്‍ ജൂതമതത്തിന്റെ നിയന്ത്രണം പിടിച്ചടക്കിയതോടെ അത് ഇസ്രഈല്‍ രാഷ്ട്രമുണ്ടാക്കാന്‍ പ്രവര്‍ത്തിക്കുന്ന മതേതര ജൂതായിസം മാത്രമായി മാറി. അപ്രകാരം അതിലടങ്ങിയിരുന്ന സദാചാര ആത്മീയ മൂല്യങ്ങള്‍ പൂര്‍ണമായും ചോര്‍ത്തപ്പെട്ടു.

അമേരിക്കയില്‍ ഇന്ന് ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കാണിക്കുന്ന ഇസ്‌ലാം മതമാണ് മൂന്നാമതായി അവിടെയുള്ളത്. ഇന്ന് മൂന്ന് മില്യണിലധികം മുസ്‌ലിങ്ങള്‍ അവിടെയുണ്ട്. അതിപ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ ധാരാളം മുസ്‌ലിം വിദ്യാര്‍ഥികള്‍ പഠിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവര്‍ അവിടെവന്ന് വിദ്യാഭ്യാസവും ജോലിയും നേടിയിരുന്നു. അവര്‍ വഴി ധാരാളം ആളുകള്‍ ഇസ്‌ലാമിലേക്ക് കടന്നുവരികയും ചെയ്തിട്ടുണ്ട്. തുടക്കത്തില്‍ തന്നെ അമേരിക്കയില്‍ ജനിച്ച ധാരാളം കറുത്ത വര്‍ഗക്കാര്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നിരുന്നു. മാല്‍കം എക്‌സിനെപോലുള്ള പ്രശസ്തര്‍ അവരില്‍പെടുന്നു. കറുത്തവര്‍ഗക്കാര്‍ക്ക് ഇസ്‌ലാം വാഗ്ദാനം ചെയ്ത ഉന്നതമായ സമത്വമായിരുന്നു അവരെ ഇതിന് പ്രേരിപ്പിച്ചത്. എന്നാല്‍ അവസാന കാലത്ത് ധാരാളം വെള്ളക്കാരായ അമേരിക്കക്കാരും ഇസ്‌ലാമിന്റെ തണല്‍ കണ്ടെത്തിയിട്ടുണ്ട്. അവരുടെ ആത്മീയതയുടെയും സദാചാരത്തിന്റെയും പൂര്‍ത്തീകരണത്തിന് ഇസ്‌ലാം ആവശ്യമാണെന്ന് അവര്‍ തിരിച്ചറിയുകയായിരുന്നു.

അവരില്‍ ചിലര്‍ ഈ മതത്തില്‍ വിശ്വസിച്ചതുകൊണ്ട് പ്രയാസമനുഭവിക്കുന്നവരാണ്. അവരുടെ മാതാപിതാക്കളും കുടുംബവും അവരെ മതമുപേക്ഷിക്കാന്‍ പ്രയാസപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അവര്‍ എല്ലാം ത്യജിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ നിങ്ങളെപോലെ മക്കള്‍ക്ക് യാതൊരു പ്രയാസവും ഉണ്ടാക്കാതെ വിശാല മനസ്സോടെ മതംമാറ്റത്തെ കണ്ടവരും ഉണ്ടായിരുന്നു. അവരില്‍ മിക്കവരും മാതാപിതാക്കളില്‍ നിന്ന് വലിയ എതിര്‍പ്പുകളാണ് നേരിടേണ്ടി വന്നത്. പക്ഷെ ഈ പ്രതിസന്ധികളെല്ലാം മറികടന്ന് അവര്‍ മുന്നേറി. ഇന്ന് അമേരിക്കയിലെ ചര്‍ച്ചുകളും സിനഗോഗുകളുമെല്ലാം ജനശൂന്യമാണ്. എന്നാല്‍ പള്ളികളും ഇസ്‌ലാമിക് സെന്ററുകളും യുവാക്കളെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. അമേരിക്കയിലെ മിക്ക പുതിയ മുസ്‌ലിങ്ങളും യുവാക്കളും അഭ്യസ്ഥവിദ്യരും ഉന്നത വിദ്യാഭ്യാസമുള്ളവരുമാണ്. ഇത്ര യുവാക്കളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കുന്നതെന്താണ്?

അമേരിക്കക്കാര്‍ -യുവാക്കളും പ്രായമായവരും- നിരാശയോടെ ഒരു വഴികാട്ടിയെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. വ്യക്തിസ്വാതന്ത്രത്തിന്റെയും ലിബറലിസത്തിന്റെയും പേരിലുള്ള അഴിഞ്ഞാട്ടം അവര്‍ക്ക് മടുത്തിരിക്കുന്നു. നിയന്ത്രണവും സദാചാരവുമുള്ള ഒരു വ്യവസ്ഥയാണ് ഇപ്പോള്‍ അവര്‍ക്ക് ആവശ്യം. അവര്‍ക്കത് നല്‍കുന്നതില്‍ ക്രിസ്റ്റിയാനിറ്റിയും ജൂതായിസവും പരാജയപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ അവര്‍ ഇസ്‌ലാമിലാണ് സുരക്ഷിതമായ കേന്ദ്രം കണ്ടെത്തുന്നത്. അവിടെ ശുദ്ധിയും വൃത്തിയും വെടിപ്പുമുള്ള ഉത്തമ ജീവിത രീതിയാണ് അവര്‍ കാണുന്നത്. മാത്രമല്ല ഇസ്‌ലാമില്‍ മരണത്തോടെ എല്ലാം അവസാനിക്കുന്നില്ല. അവര്‍ പരലോകത്ത് സന്തുഷ്ട ജീവിതംകൂടി ഉണ്ടാവാന്‍ ആഗ്രഹിക്കുന്നുണ്ട്.

അമേരിക്കക്കാര്‍ തേടികൊണ്ടിരിക്കുന്ന ആ മാര്‍ഗദര്‍ശനം അവര്‍ക്ക് കാണാനായത് ഖുര്‍ആനിലും പ്രവാചകചര്യയിലുമാണ്. അത് പൗരസ്ത്യദേശത്തുള്ള ഒരു ചെറുവിഭാഗത്തിന് മാത്രമുള്ള മാര്‍ഗദര്‍ശനമല്ലെന്ന് യുവാക്കള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. പാശ്ചാത്യര്‍ ഇന്ന് അനുഭവിക്കുന്ന സാമ്പത്തിക, സാമൂഹിക, സാദാചാര, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ഇതെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇസ്‌ലാം തണുത്തുറഞ്ഞ വ്യക്തി കേന്ദ്രീകൃതമായ മതമല്ല. മുസ്‌ലിങ്ങള്‍ സ്വകാര്യമായി ദൈവത്തില്‍ വിശ്വസിക്കുക മാത്രമല്ല ഈ ലോകത്തെ മുഴുവന്‍ അവന്‍ സൃഷ്ടിച്ച് പിരിപാലിക്കുന്നുണ്ടെന്നും അതിലുപരി അവരെ സ്‌നേഹിക്കുകയും അവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്യുന്നുണ്ടെന്നും അവര്‍ വിശ്വസിക്കുന്നു. സ്വന്തം നാഡികളെക്കാള്‍ അടുത്താണ് അല്ലാഹു എന്നാണ് അവര്‍ വിശ്വസിക്കുന്നത്.

ഖുര്‍ആന്‍ അവസാന വേദഗ്രന്ഥവും മുഹമദ് (സ) അവസാന പ്രവാചകനുമാണ്. അതുകൊണ്ട് ഇവരണ്ടിനും ഇനി ഒരു മാറ്റവും വരികയില്ല. അത് പൗരസ്ത്യനും പാശ്ചാത്യനും ഒരുപോലെ മാര്‍ഗം കാണിക്കുന്നു. അത് എല്ലാ കാലത്തിനും ദേശത്തിനും അനുയോജ്യമായ ദര്‍ശനമാണ്. കാലക്രമത്തില്‍ അത് മാറ്റേണ്ട അവസ്ഥ വരികയില്ല.

നിങ്ങള്‍ രണ്ട്‌പേരും ആയുസിന്റെ അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു. ഇനി നിങ്ങള്‍ക്ക് ജീവിതത്തില്‍ വളരെ കുറച്ചുസമയമാണ് ബാക്കിയുള്ളത്. പക്ഷെ സമയം വളരെ വൈകിയിട്ടില്ല. നിങ്ങളുടെ തീരുമാനം ക്രിയാത്മകമാണെങ്കില്‍, പാകിസ്ഥാനിലുള്ള  പ്രിയപ്പെട്ടവളുമായുള്ള നിങ്ങളുടെ ബന്ധം രക്തബന്ധം മാത്രമാകില്ല. ആദര്‍ശബന്ധം കൂടിയായി വളരും. നമ്മുടെ സ്‌നേഹം ഈ ലോകത്ത് മാത്രമാകില്ല. മറിച്ച് മരണശേഷമുള്ള ശാശ്വത ലോകത്തും നമ്മള്‍ ഒരുമിച്ചുണ്ടാകും.

ഇനി നിങ്ങളുടെ തീരുമാനം പ്രതികൂലമാണെങ്കില്‍, നിങ്ങളുടെ സുഖവും സന്തോഷവും നല്‍കുന്ന ഈ ജീവിതം ഉടനെ ഇവിടെ തന്നെ അവസാനിക്കുമെന്നെനിക്ക് ഉറപ്പാണ്. അതോര്‍ത്ത് എനിക്ക് ഭയം തോന്നുന്നുണ്ട്. കിട്ടുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടില്ലെങ്കില്‍ ശിക്ഷ കഠിനമായിരിക്കും. ശാശ്വതമായിരിക്കും. അവിടെ രക്ഷയും രക്ഷകനുമുണ്ടായിരിക്കുകയില്ല.

ഇത് നിങ്ങളുടെ രക്ഷയും സമാധാനവും പ്രതീക്ഷിക്കുന്ന നിങ്ങളുടെ മകളുടെ സ്‌നേഹവും പ്രതീക്ഷകളുമാണ്. തീരുമാനമെടുക്കേണ്ടത് നിങ്ങളാണ്. സ്വീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യാം. നിങ്ങള്‍ തെരെഞ്ഞടുക്കുന്ന വഴിയനുസരിച്ചാണ് ഭാവി തീരുമാനിക്കപ്പെടുക.

എന്റെ സ്‌നേഹങ്ങളും അഭിവാദ്യങ്ങളും…..

വിശ്വസ്തതയോടെ നിങ്ങളുടെ മകള്‍ മര്‍യം ജമീല
1986 നവംബര്‍

വിവ: ജുമൈല്‍ കൊടിഞ്ഞി
 

Related Articles