Current Date

Search
Close this search box.
Search
Close this search box.

ഭര്‍ത്താവിന്റെ രഹസ്യ വിവാഹം

tear.jpg

‘അതൊരു കയ്പ്പുറ്റ യാഥാര്‍ത്ഥ്യമായിരുന്നു, എങ്കിലും ഞാനതിനെ നേരിട്ടു.’ ഭര്‍ത്താവിന്റെ രഹസ്യ വിവാഹത്തെ കുറിച്ച് അറിഞ്ഞ് ഒരു വര്‍ഷം കഴിയുമ്പോള്‍ ജീവിതത്തെ കുറിച്ച് എന്തു പറയുന്നുവെന്ന ചോദ്യത്തിന് നാദിയ നല്‍കിയ മറുപടിയായിരുന്നു ഇത്. മറ്റ് നിരവധി പേരെ പോലെ നാദിയയും ഭര്‍ത്താവിനും നാല് മക്കള്‍ക്കും ഒപ്പം സാധാരണ ജീവിതം നയിക്കുകയായിരുന്നു. വളരെ യാദൃശ്ചികമായി ഒരു ദിവസം തന്റെ ഭര്‍ത്താവിന് താനറിയാത്ത ഒരു രണ്ടാം ഭാര്യയുണ്ടെന്നറിഞ്ഞപ്പോള്‍ അവരുടെ ജീവിതം തലകീഴായി മറിഞ്ഞു.

തന്റെ അനുഭവങ്ങളും അതിനെ നേരിട്ട രീതിയെയും കുറിച്ച് ഞാന്‍ അന്വേഷിച്ചപ്പോള്‍ അതിന്റെ ആദ്യ ഓര്‍മകളെ വളരെ വേദനയോടെയായിരുന്നു അവള്‍ ചികഞ്ഞെടുത്തത്. ‘എന്റെ പ്രിയതമന്‍ എന്നില്‍ നിന്ന് ഒരു രഹസ്യം മൂടിവെച്ചു’ എന്ന സത്യം എനിക്ക് മറക്കാനാവുന്നില്ലെന്ന് സംസാരത്തില്‍ പലതവണ അവള്‍ ആവര്‍ത്തിച്ചു. ‘യൂണിവേഴ്‌സിറ്റി പഠന കാലത്തെ എന്റെ സുഹൃത്തായിരുന്നു അദ്ദേഹം. ഞങ്ങളുടെ വിവാഹത്തിന് മൂന്ന് വര്‍ഷം മുമ്പേ വിവാഹ നിശ്ചയം നടന്നിരുന്നു. വളരെ മാന്യനായ അദ്ദേഹം ആദ്യ കാഴ്ച്ചയില്‍ തന്നെ എന്നെ ഇഷ്ടപ്പെട്ടു. എന്നെ ജീവിത സഖിയാക്കാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ ഭൂമിയിലെ ഏറ്റവുമധികം സന്തോഷിക്കുന്നവളായിരുന്നു ഞാന്‍.’ ചുണ്ടുകളില്‍ ഒരു വിളറിയ ചിരിയോടെ നാദിയ ഓര്‍ത്തെടുത്തു.

മാതൃകാ ദമ്പതികള്‍
‘വിവാഹാന്വേഷണവുമായി അദ്ദേഹം എന്റെ വീട്ടിലെത്തിയത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. ഉപ്പക്ക് അദ്ദേഹത്തെ ഇഷ്ടമായി, ചുറുചുറുക്കുള്ള വിശ്വസിക്കാവുന്നവന്‍ എന്ന് പറയുകയും ചെയ്തു. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ അദ്ദേഹത്തിനൊപ്പം ചേരാനുള്ള ദിനങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു ഞാന്‍. അല്ലാഹുവിന്റെ സഹായത്താല്‍ കാര്യങ്ങളെല്ലാം സുഗമമായി നീങ്ങി. വിവാഹ നിശ്ചയത്തിന്റെ മൂന്നാം വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഞങ്ങള്‍ വിവാഹിതരാവുകയും ചെയ്തു.’

നാദിയയുടെ വൈവാഹിക ജീവിതത്തിന്റെ ആദ്യ നാലു വര്‍ഷങ്ങള്‍ അങ്ങേയറ്റത്തെ സന്തോഷത്തിന്റേതായിരുന്നു. ‘മാതൃകാ ദമ്പതികള്‍’ എന്ന വിശേഷണം കൂട്ടുകാരില്‍ നിന്ന് എപ്പോഴും കേട്ടിരുന്ന അവള്‍ സ്വന്തത്തെയും ഭര്‍ത്താവിനെയും കുറിച്ചോര്‍ത്ത് അഭിമാനം കൊണ്ടു. അവളുടെ ഭര്‍ത്താവ് അവളുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ കാണിക്കുകയും സ്‌നേഹവും അനുകമ്പയും കോരി ചൊരിയുകയും ചെയ്തു.

ഒന്നാമത്തെ കുഞ്ഞിന്റെ ജനനത്തിന് ശേഷം നാദിയയുടെ ജീവിതത്തില്‍ ചെറിയ മാറ്റങ്ങളുണ്ടാവാന്‍ തുടങ്ങി. ഭര്‍ത്താവ് തന്റെ സമയത്തിന്റെ വലിയൊരു ഭാഗം ജോലിയില്‍ ചെലവഴിക്കാന്‍ തുടങ്ങി. എന്നിരുന്നാലും നാദിയ തനിക്ക് സാധ്യമായത്ര ഭര്‍ത്താവിനെ സഹായിച്ചു. ‘ഞാനൊരിക്കലും പരാതിപ്പെട്ടില്ല, എപ്പോഴും വിവേകത്തോടെ ഞാന്‍ പെരുമാറി. നമ്മളുടെ സാമ്പത്തികാവശ്യങ്ങള്‍ ഓരോ ദിവസവും വര്‍ധിക്കുകയാണെന്ന് ദീര്‍ഘസമയം ജോലിയില്‍ സമയം ചെലവഴിക്കുന്നതിന് അദ്ദേഹം ന്യായീകരണം പറഞ്ഞു.’

‘വര്‍ഷങ്ങള്‍ കടന്നു പോയി, മൂന്ന് കുട്ടികള്‍ കൂടി ഞങ്ങള്‍ക്കുണ്ടായി.’ നാദിയ തുടര്‍ന്നു.

‘എന്റെ ദിവസങ്ങള്‍ തിരക്കേറിയതാക്കാന്‍ കുട്ടികള്‍ തന്നെ മതിയായ കാരണമായിരുന്നു. ക്രമേണ ഭര്‍ത്താവിന്റെ അസാന്നിദ്ധ്യം എനിക്ക് പരിചിതമായി. ഒരുമിച്ച് ചെലവഴിക്കാന്‍ ഞങ്ങള്‍ക്ക് ഒഴിവുസമയങ്ങളുണ്ടായിരുന്നില്ല. ഞങ്ങളുടെ പ്രണയകാലത്തെയും കുട്ടികളും ജോലിത്തിരക്കും മറ്റ് ഉത്തരവാദിത്വങ്ങളൊന്നുമില്ലാതിരുന്ന കാലത്തെ സന്തോഷകരമായ ദിവസങ്ങളും എപ്പോഴും ഞാന്‍ അദ്ദേഹത്തെ ഓര്‍മപ്പെടുത്താറുണ്ടായിരുന്നു.’

‘ഈയൊരവസ്ഥയിലും ഞാന്‍ അദ്ദേഹത്തെ സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്തിരുന്നു. എങ്കിലും എങ്ങനെയോ വളരെ വിരസമായി തീര്‍ന്നിരുന്നു ജീവിതം. അദ്ദേഹം എന്നെ വളരെയധികം സ്‌നേഹിക്കുന്നുണ്ട്, എന്നാല്‍ അത് പ്രകടിപ്പിക്കുന്നില്ലെന്ന് ഓര്‍ത്ത് എപ്പോഴും ക്ഷമിക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്നാല്‍ കുറച്ച് കാലം കഴിഞ്ഞപ്പോള്‍ മിക്കപ്പോഴും ഞാന്‍ വളരെയധികം അസ്വസ്ഥപ്പെട്ടു.’

‘എന്നിലെ ഭാവമാറ്റം ഭര്‍ത്താവും തിരിച്ചറിഞ്ഞു. എന്നെ ആശ്വസിപ്പിച്ച് അദ്ദേഹത്തിന്റെ ശാന്തയായ പ്രിയപത്‌നിയാക്കാന്‍ അദ്ദേഹം ശ്രമിച്ചു. എന്നാല്‍ ഈയൊരു മാറ്റം അധികകാലം നീണ്ടുനിന്നില്ല.’

ഫേസ്ബുക് ചാറ്റ്
‘എന്റെ മൂത്ത മകന്‍ കമ്പ്യൂട്ടറിനെ വളരെയധികം സ്‌നേഹിച്ചിരുന്നു. ഒഴിവു സമയങ്ങളൊക്കെ ഇന്റര്‍നെറ്റിലായിരുന്നു അവന്‍ ചെലവഴിച്ചിരുന്നത്. ഇക്കാര്യം പറഞ്ഞ് പലപ്പോഴും അവനുമായി ഞാന്‍ വഴക്കടിച്ചിട്ടുണ്ട്. മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി സമയം മാറ്റിവെക്കണമെന്ന് ഞാന്‍ അവനെ ഉപദേശിച്ചെങ്കിലും കാര്യമൊന്നും ഉണ്ടായിരുന്നില്ല.’

‘ഒരു ദിവസം വിളറിയ മുഖത്തോടെ എന്റെ അടുത്ത് വന്ന അവന്‍ വിറയാര്‍ന്ന സ്വരത്തില്‍ പറഞ്ഞു: ഉമ്മാ, പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.’

സ്‌കൂളിലെ വല്ല പ്രശ്‌നവുമായിരിക്കും അവന് പറയാനുള്ളതെന്നായിരുന്നു ആദ്യം ഞാന്‍ കരുതിയത്. എന്നാല്‍ അവന്റെ ചുണ്ടുകള്‍ക്കിടയില്‍ നിന്നും വാക്കുകള്‍ പുറത്തു വരുന്നില്ലെന്നത് എന്നെ ഭയപ്പെടുത്തി. ആ ഗൗരവപ്പെട്ട വിഷയം പറയാന്‍ ഞാന്‍ നിര്‍ബന്ധിച്ചു. വളരെ ദുഖത്തോടെ അവന്‍ പറഞ്ഞു: ചാറ്റിങിലും ഫേസ്ബുക്കിലൂടെ ഓണ്‍ലൈന്‍ കൂട്ടുകാരെ കണ്ടെത്തുന്നതിലും ഞാന്‍ കുറേ സമയം ചെലവഴിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ, ഏകദേശം മൂന്നാഴ്ച്ച മുമ്പ് പെണ്‍കുട്ടിയെ ഞാന്‍ കണ്ടു. എന്റെയും അവളുടെ പേരിന്റെയും അവസാന ഭാഗം ഒരുപോലെയായിരുന്നു. ഞങ്ങളുടെ എല്ലാവരുടെയും പേരിന്റെ അവസാന ഭാഗം ഒരുപോലെയാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ.. അറിയാനുള്ള താല്‍പര്യത്താന്‍ ആ പെണ്‍കുട്ടിക്ക് ഞാനൊരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു.’

‘അതാരാണെന്ന് എനിക്കറിയണം’ എന്റെ മകന്‍ പറഞ്ഞു.

അപ്പോഴെല്ലാം മകന്റെ സംസാരത്തിലെ പൊരുള്‍ കണ്ടെത്താന്‍ അവള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തന്റെ ഭര്‍ത്താവിന് മറ്റു കുട്ടികളുണ്ടാവുകയെന്നത് അവളുടെ സങ്കല്‍പത്തില്‍ പോലും വരാത്ത കാര്യമായിരുന്നു. എന്തൊക്കെയാണെങ്കിലും ആ പെണ്‍കുട്ടി ആരാണെന്നറിയാനുള്ള ജിജ്ഞാസ അവളിലും ഉണ്ടായി.

‘ആ പെണ്‍കുട്ടി എന്റെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചു. എന്റെ പേരിന്റെ അവസാന ഭാഗം അവളെയും അത്ഭുതപ്പെടുത്തി. അവളുമായുള്ള സംസാരത്തില്‍ നിന്ന് അവളെന്റെ സഹോദരിയാണെന്ന് ഞാന്‍ മനസ്സിലാക്കി.’ ഇത്രയും പറഞ്ഞ് നാദിയയുടെ മകന്‍ സംസാരം നിര്‍ത്തി.

‘എന്താണ് എന്റെ മകന്‍ പറയുന്നതെന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചില്ല. ‘സഹോദരി’ എന്നതു കൊണ്ട് എന്താണവന്‍ ഉദ്ദേശിച്ചത്. അതൊരു വ്യാജ പേരിലുള്ള അക്കൗണ്ടായിരിക്കാം എന്നാണ് ഞാന്‍ ചിന്തിച്ചത്. ‘ഉമ്മാ, ഉപ്പാക്ക് മറ്റൊരു ഭാര്യയും മകളുമുണ്ട്’ എന്ന് അവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ തരിച്ചുപോയി. ‘നിനക്കെങ്ങനെ അതറിയാം? അവള്‍ നിന്റെ സഹോദരിയാണെന്ന് അവള്‍ പറഞ്ഞതല്ലേ..’ എന്ന് അല്‍പം ഉച്ചത്തില്‍ തന്നെ ഞാന്‍ ചോദിച്ചു.

‘ഉമ്മാ.. അങ്ങനെയല്ല, ഞാന്‍ അവളുടെ സഹോദരനാണെന്ന് അവള്‍ക്ക് പോലും അറിയില്ല. അവളുടെ കുടുംബ ഫോട്ടോകള്‍ ഞാന്‍ ചോദിച്ചു. അവളുടെയും ഉമ്മയുടെയും എന്റെ ഉപ്പയുടെയും ഫോട്ടോകള്‍ ഞാന്‍ കണ്ടു. എന്റെ ഉപ്പ തന്നെയാണ് അവളുടെയും ഉപ്പ.’

‘അത് കേട്ടതും മകനെ വിട്ട് ഞാന്‍ മുറിയില്‍ കയറി. വാതിലടച്ച് ഞാന്‍ പൊട്ടിക്കരഞ്ഞു. എന്റെ ഹൃദയം തകര്‍ന്നിരുന്നു, എന്റെ ഹൃദയത്തിന് ആഴത്തില്‍ മുറിവേറ്റിരുന്നു. എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥപ്പെട്ടു.’

‘ഫോണെടുത്ത് ഞാന്‍ ഭര്‍ത്താവിനെ വിളിച്ചു, പെട്ടന്ന് വീട്ടിലേക്ക് വരാന്‍ ഞാന്‍ അട്ടഹസിച്ചു. അദ്ദേഹം വരാന്‍ കാത്തിരുന്ന ആ മുപ്പത് മിനുറ്റ് എന്നെ സംബന്ധിച്ചടത്തോളം മുപ്പത് വര്‍ഷം പോലെയായിരുന്നു. അതൊരു തെറ്റിധാരണ മാത്രമാണെന്ന് അദ്ദേഹത്തില്‍ നിന്ന് കേള്‍ക്കാനായിരുന്നു ഞാന്‍ ആഗ്രഹിച്ചത്.’

‘ഭര്‍ത്താവ് വന്നപ്പോള്‍ എന്റെ അവസ്ഥ അദ്ദേഹത്തെ ഞെട്ടിച്ചു. ഞാന്‍ തുറന്നടിച്ചു, അദ്ദേഹം ഒന്നും നിഷേധിച്ചില്ല. പത്ത് വര്‍ഷം മുമ്പ് മറ്റൊരു വിവാഹം ചെയ്തിരുന്നു എന്ന് കുറ്റസമ്മതം നടത്തുകയാണ് അദ്ദേഹം ചെയ്തത്. രണ്ടാം ഭാര്യ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകയായിരുന്നു. അവളെ സ്‌നേഹിക്കാതിരിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.’

‘എന്നെ ഒരിക്കലും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ സന്ദര്‍ഭത്തിലെ അദ്ദേഹത്തിന്റെ വാക്കുകള്‍ പോലും എന്റെ വേദന കൂട്ടുകയും ഉള്ള് തകര്‍ക്കുകയുമായിരുന്നു. എന്നില്‍ നിന്നും രഹസ്യങ്ങള്‍ സൂക്ഷിച്ച ഒരാളോടൊപ്പം എങ്ങനെ 15 വര്‍ഷം ചെലവഴിച്ചെന്ന് സങ്കല്‍പിക്കാന്‍ പോലും എനിക്ക് സാധിച്ചിരുന്നില്ല.’

വിവാഹ മോചനം നടത്താനുദ്ദേശിച്ച് നാദിയ ഭര്‍ത്താവിന്റെ വീടുവിട്ടിറങ്ങി. എന്നാല്‍ മക്കളെ കുറിച്ചും മാതാപിതാക്കള്‍ വേര്‍പിരിഞ്ഞാല്‍ അത് എത്രത്തോളം അവരെ വേദനിപ്പിക്കുമെന്നും ആലോചിച്ച് അഞ്ചു മാസത്തിന് ശേഷം അവള്‍ തിരിച്ചു പോന്നു. യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ അവള്‍ തയ്യാറായി. ഭര്‍ത്താവിനോട് രണ്ടാം ഭാര്യയെ വിവാഹമോചനം ചെയ്യാന്‍ സത്യവിശ്വാസിനിയായ അവള്‍ ആവശ്യപ്പെട്ടില്ല. പകരം മാറിയ സാഹചര്യത്തെ എങ്ങനെ നേരിടാം എന്നതിലാണവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.

‘ഞാനെടുത്ത തീരുമാനത്തില്‍ തൃപ്തയാണ് ഞാനിപ്പോള്‍. ഏറ്റവും യുക്തമായ തീരുമാനമായിരുന്നു അതെന്ന് എന്റെ മനസ്സ് പറയുന്നു. സംഹാരത്തിന് പകരം നിര്‍മാണമാണ് ഞാന്‍ തെരെഞ്ഞെടുത്തത്. കുടുംബത്തിന് വേണ്ടി നിലകൊണ്ട എനിക്ക് അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുമെന്ന ഉറപ്പുണ്ട്.’ എന്ന് പറഞ്ഞ് നാദിയ തന്റെ കഥ അവസാനിപ്പിച്ചു.

മൊഴിമാറ്റം: നസീഫ്‌

Related Articles