Current Date

Search
Close this search box.
Search
Close this search box.

പെണ്ണുടലില്‍ പരിമിതപ്പെടേണ്ടതോ ഹിജാബ്?

hijab.jpg

ഇസ്‌ലാമില്‍ ഹിജാബ് ഒരു വേഷവിധാനമെന്ന നിലയില്‍ സ്ത്രീകള്‍ക്ക് മാത്രം ബാധകമായതാണോ, പുരുഷന്‍മാര്‍ക്കും അത് ബാധകമല്ലേ? ഹിജാബിന്റെ കാര്യത്തില്‍ ഒരു വിഭാഗം തലമുടി മറക്കേണ്ടതില്ല എന്ന് പറയുമ്പോള്‍ മറ്റൊരു വിഭാഗം മുഖവും മുന്‍കയ്യും അല്ലാത്ത മറ്റു ശരീരഭാഗങ്ങള്‍മുഴുവന്‍ മറക്കണമെന്നു പറയുന്നു. അങ്ങനെയെങ്കില്‍ ഒരുവള്‍ തലമറക്കാന്‍ കൂട്ടാക്കാത്തത്‌കൊണ്ട് മാത്രം അവളെ അമുസ്‌ലിം എന്ന് വിളിക്കാമോ? പലരും ഉന്നയിക്കുന്ന ഒരു സംശയമാണിത്.

ഹിജാബ് എന്നത് യഥാര്‍ത്ഥത്തില്‍ സ്ത്രീയുടെയും പുരുഷന്റെയും കുലീനതയും അഭിമാനവും ഒതുക്കവും സംരക്ഷിക്കാന്‍ ഇസ്‌ലാം ഏര്‍പ്പെടുത്തിയ വേഷവിധാനമാണ്. മനുഷ്യരെ സൃഷ്ടിച്ച, മനുഷ്യരുടെ ആവശ്യങ്ങള്‍ അവരേക്കാള്‍ നന്നായറിയാവുന്ന അല്ലാഹു തന്നെയാണ് സാമൂഹ്യ സമ്പര്‍ക്കങ്ങളെയും സ്ത്രീ പുരുഷന്മാര്‍ പാലിക്കേണ്ട ധാര്‍മ്മിക സദാചാര സ്വഭാവ മര്യാദകള്‍ നിശ്ചയിച്ചുതന്നത്. സ്ത്രീ പുരുഷന്മാര്‍ ഒരുപോലെ പാലിക്കേണ്ട വസ്ത്രവിധാന രീതികളും ഇതേ നിയമനിര്‍ദ്ദേശങ്ങളുടെ ഭാഗമാണ്. അപ്പോള്‍ ഹിജാബ് എന്നത് ഇസ്‌ലാമിക സമൂഹത്തില്‍ സ്ത്രീ പുരുഷ സമ്പര്‍ക്കങ്ങളില്‍ പാലിക്കേണ്ട സദാചാരവും ധാര്‍മികവുമായ ഒരു നിര്‍ദ്ദേശങ്ങളെന്ന നിലയില്‍ അനിവാര്യമായും പാലിക്കപ്പെടേണ്ടതാണ്. ഹിജാബിന്റെ നിയമം അവതരിപ്പിച്ചുകൊണ്ട് അല്ലാഹു പറയുന്നു. ‘പ്രവാചകരേ, വിശ്വാസികളോടു പറയുക. അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിച്ചുകൊള്ളട്ടെ. വിശ്വാസിനികളോടും പറയുക. അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളട്ടെ. തങ്ങളുടെ അലങ്കാരങ്ങള്‍ വെളിപ്പെടുത്താതെയുമിരിക്കട്ടെ. സ്വയം വെളിവായതൊഴിച്ച്.’ (അന്നൂര്‍: 30-31)

സൂക്തത്തില്‍ പരാമര്‍ശിക്കപ്പെട്ട ‘സ്വയം വെളിവായതൊഴിച്ച്’ എന്ന വാക്യത്തിന് ഇബ്‌നു അബ്ബാസ് നല്‍കിയ വിശദീകരണം. അതുകൊണ്ടുദ്ദേശം മുഖവും കൈകളുമാണ് എന്നാണ്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ ഇബ്‌നു അബ്ബാസ്(റ) ന്റെ അഭിപ്രായ പ്രകാരം ഒരു സ്ത്രീ നേരിട്ട് കുടുംബ ബന്ധമില്ലാത്ത അന്യപുരുഷന്മാരുടെ സാന്നിധ്യത്തില്‍ (അന്യപുരുഷന്മാരില്‍ ഉള്‍പ്പെടാത്ത ബന്ധുക്കളെക്കുറിച്ച് സൂറ അന്നൂര്‍ 31-ാം സൂക്തത്തില്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്) മുഖവും മുന്‍കൈയ്യും അല്ലാത്ത ബാക്കി ശരീരഭാഗങ്ങള്‍ മുഴുവന്‍ മറക്കേണ്ടതാണ്.

നാലു മദ്ഹബ് ഇമാമുമാരടക്കം ഭൂരിപക്ഷം ഇമാമുകളും ഇബ്‌നു അബ്ബാസ്(റ) ന്റെ വ്യാഖ്യാനത്തോട് യോജിക്കുകയും സ്ത്രീ അവളുടെ മുഖവും മുന്‍കൈയ്യും മറക്കേണ്ടതില്ല എന്ന അഭിപ്രായത്തെ പിന്താങ്ങുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ഹമ്പലി കര്‍മ്മശാസ്ത്ര ധാരയിലെ ഭൂരിഭാഗം പണ്ഡിതന്‍മാരും വാദിക്കുന്നത് സ്ത്രീ അവളുടെ മുഖവും മുന്‍കൈയ്യും അടക്കം മുഴുവന്‍ ശരീരഭാഗങ്ങളും നിര്‍ബന്ധമായും മറക്കണമെന്നാണ്. ഇവരുടെ ഈ വാദത്തിന് ഉപോദ്ബലകമായി ‘സ്ത്രീ മുഴുവന്‍ ഔറത്താണ്’ എന്ന പ്രവാചക വചനമാണ് സ്വീകരിക്കുന്നത്.  കൂടാതെ ഒരു പുരുഷനെ ഏറ്റവും അധികം ആകര്‍ഷിക്കുന്നത് സ്ത്രീയുടെ മുഖവും മുന്‍കൈയ്യുമാണ് എന്ന് ആ വാദത്തെ ബലപ്പെടുത്തിക്കൊണ്ട് അവര്‍ പറയുന്നു. അതിനാല്‍ തന്നെ സ്ത്രീ അവളുടെ മുഴുവന്‍ ശരീരഭാഗങ്ങളും മറക്കേണ്ടതാണ് എന്നാണവരുടെ പക്ഷം.

ആദ്യം പറഞ്ഞ ഭൂരിപക്ഷ പണ്ഡിതരുടെയും അഭിപ്രായമാണ് മുഖവും മുന്‍കൈയ്യും അടക്കം മറക്കണമെന്ന രണ്ടാമത്തെ പക്ഷത്തിന്റെ അഭിപ്രായത്തേക്കാള്‍ പ്രബലമെന്ന് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പൊതു അധ്യാപനങ്ങളില്‍ നിന്ന് വായിച്ചെടുക്കാന്‍ സാധിക്കുന്നു. ഈയൊരു അഭിപ്രായ സാധൂകരണത്തിലേക്ക് നയിക്കുന്ന നിരവധി തെളിവുകളുണ്ട്. ഒന്നാമതായി. നാം മുകളില്‍ ഉദ്ധരിച്ച ഖുര്‍ആനിക വചനം, സ്ത്രീ അവളുടെ മുഖവും മുന്‍കൈയ്യുമടക്കമുള്ള ശരീരഭാഗങ്ങള്‍ മുഴുവന്‍ മറക്കേണ്ടതില്ല എന്ന് അനുമാനിക്കാന്‍ ഇടനല്‍കുന്നതാണ്. കാരണം ആയത്തില്‍ സ്ത്രീ പുരുഷന്മാരുടെ ദൃഷ്ടി നിയന്ത്രിക്കാനാവശ്യപ്പെട്ടതിന് സാംഗത്യമില്ലല്ലോ. രണ്ടാമതായി സ്ത്രീകള്‍ നമസ്‌കരിക്കുമ്പോള്‍ അവരുടെ മുഖവും മുന്‍കൈയ്യുമടക്കം മറക്കേണ്ടതില്ല എന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ സര്‍വ്വാംഗീകൃതമായ കാര്യമാണ്. ഈ ഭാഗങ്ങളും ‘ഔറത്ത്’ എന്ന ഗണത്തില്‍ പെടുമായിരുന്നുവെങ്കില്‍ സ്ത്രീകള്‍ അവരുടെ നമസ്‌കാരത്തില്‍ അതു മറക്കല്‍ നിര്‍ബന്ധമാകുമായിരുന്നു. മൂന്നാമതായി. ഹജ്ജിനോ ഉംറക്കോ സ്ത്രീകള്‍ ഇഹ്‌റാം ചെയ്യുമ്പോള്‍ അവരുടെ മുഖം വെളിവാകണം എന്നതും നമ്മുടെ വാദത്തെ ബലപ്പെടുത്തുന്നുണ്ട്.

എല്ലാറ്റിനുമുപരിയായി ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങളായ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അധ്യാപനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് ഹിജാബ് എന്നത് ഇസ്‌ലാം സ്ത്രീകളെ സാമൂഹിക ഇടപെടലുകളില്‍ നിന്നും വ്യവഹാരങ്ങളില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള ഒരുപാധിയല്ല, മറിച്ച് മുസ്‌ലിം സ്ത്രീ അവളുടെ ജീവിതത്തിലെ നിഖില മേഖലകളിലും ഇടപെടുന്നത് ഇസ്‌ലാമിക ശരീഅത്തിന്റെ സുരക്ഷിത വലയത്തില്‍ നിന്നുകൊണ്ടാവണം എന്നതുകൊണ്ടാണ്. പ്രമാണങ്ങളില്‍ നിന്ന് വ്യക്തമാകുന്ന സ്ത്രീകളുടെ ഇത്തരമൊരു ക്രിയാത്മക ഇടപെടലിനെക്കുറിച്ച് സുഗ്രാഹ്യമാകുന്നത് അവള്‍ അടിമുടി മറക്കേണ്ടതില്ല എന്നു മനസ്സിലാക്കുമ്പോള്‍ കൂടി മാത്രമാണ്.

മേല്‍പറഞ്ഞതനുസരിച്ച് നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം. ഭൂരിപക്ഷ പണ്ഡിതരുടെയും ഇമാമുമാരുടെയും അഭിപ്രായ പ്രകാരം മുസ്‌ലിം സ്ത്രീ അവളുടെ മുഖവും മുന്‍കൈയ്യും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ മറക്കല്‍ മാത്രമേ നിര്‍ബന്ധമാകുന്നൊള്ളൂ. അതൊടൊപ്പം പരാമര്‍ശിക്കേണ്ട മറ്റൊരു വസ്തുത; തലമറക്കുക എന്നത് ഒരിക്കലും ഹിജാബില്‍ നിന്നൊഴിവല്ല. അത് ഹിജാബിന്റെ അനിവാര്യതയില്‍പെട്ടതാണ് എന്ന് എല്ലാ പണ്ഡിതന്മാരും ഐക്യഖണ്ഡേന അഭിപ്രായപ്പെട്ടിരിക്കുന്നു.

ചോദ്യത്തില്‍ ഉന്നയിക്കപ്പെടുന്ന പുരുഷന്മാരുടെ ഹിജാബിനെ സംബന്ധിച്ച് ഹിജാബ് സംബന്ധിയായ ചര്‍ച്ചകളില്‍ വളരെ അപൂര്‍വ്വമായി പരാമര്‍ശിക്കുന്ന കാര്യമാണ്. അതിവിടെ പ്രത്യേകം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് കരുതുന്നു. നിര്‍ഭാഗ്യവശാല്‍ പലപ്പോഴും മുസ്‌ലിം സമൂഹം അവരുടെ യശ്ശസ്സും പരിശുദ്ധിയും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം സ്ത്രീകളുടെ മേല്‍ കെട്ടിവെക്കുകയാണ് പതിവ്. എന്നാല്‍ അതേസമയം മുസ്‌ലിം പുരുഷന്റെ വേഷവിധാനത്തിനും ഇസ്‌ലാം വളരെയേറെ മാര്‍ഗ്ഗനിര്‍ദ്ദേങ്ങള്‍ ഏര്‍പ്പെടുത്തിയതായി കാണാം. അതായത് ഒരു മുസ്‌ലിം സ്ത്രീയോടെന്നല്ല, അന്യ സ്ത്രീകളോടുള്ള ഇടപഴക്കത്തില്‍ തന്നെ അവന്റെ ദൃഷ്ടി താഴ്ത്തുക എന്ന ഇസ്‌ലാമിക പെരുമാറ്റ മര്യദ അവനും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. നമുക്കു ചുറ്റുപാടും ഒന്നു പരിശോധിച്ചാല്‍ ഇക്കാര്യം വളരെ വ്യക്തമാകും. ഒരു മുസ്‌ലിം ദമ്പതികള്‍ പുറത്തിറങ്ങുമ്പോള്‍ ഭാര്യ ഹിജാബ് ധരിച്ച അവസ്ഥയിലും ഭര്‍ത്താവ് അന്യസ്ത്രീകളെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്നതും അത്യന്തം നിര്‍ഭാഗ്യകരമാണ്. തന്റെ മകളോട് പുറത്തുപോകുന്നതിന് മുമ്പ് ഹിജാബ് ധരിക്കണമെന്ന് ശാസിക്കുന്ന പിതാവ് തൊട്ടുടനെ ടെലിവിഷനില്‍ മാന്യമായി വേഷംപോലും ധരിക്കാത്ത സ്ത്രീ ചേഷ്ടകള്‍ കണ്ടിരിക്കുന്നവരും നമുക്കിടയില്‍ കുറവല്ല.

സ്ത്രീ ഹിജാബ് പാലിക്കണമെന്ന് പറഞ്ഞതിനോടൊപ്പം തന്നെ പുരുഷന്‍ അവന്റെ ദൃഷ്ടി താഴ്ത്തണമെന്ന് ഖുര്‍ആന്‍ പ്രസ്താവിച്ചത് വളരെ വിവേക പൂര്‍ണ്ണമായാണ്. അല്ലാഹു നീതിമാനാണ്. സ്ത്രീകള്‍ക്ക് മാത്രമേ സമൂഹത്തിന്റെ മാന്യത കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ളൂ എന്നത് അവന്റെ നീതിയുടെ താല്‍പര്യത്തോട് ഒട്ടും ചേര്‍ന്നതല്ല. പുരുഷന്‍മാര്‍ അവരോട് നിര്‍ദ്ദേശിക്കപ്പെട്ട മര്യദകള്‍ ഭംഗിയായി നിര്‍വ്വഹിക്കാതെ വരുമ്പോഴാണ് ഹിജാബ് എന്നത് സ്ത്രീകളെ ഞെരുക്കുന്ന ഒരു സംഗതിയായി മാറിയത്.

ബിസിനസ് സംബന്ധിയായ സമ്പര്‍ക്കങ്ങള്‍ പോലുള്ളവയില്‍ നിരന്തരം ഇടപഴകേണ്ടിവരുന്ന പുരുഷന് അവന്റെ ദൃഷ്ടി താഴ്ത്തുക എന്ന ഉത്തരവാദിത്തം പാലിക്കുന്നത് അവന്റെ സാമൂഹിക ചുറ്റുപാടില്‍ പ്രയാസകരമാണ് എന്നാണ് വാദിക്കുന്നതെങ്കില്‍ അതിനുള്ള മറുപടി അതിനേക്കാള്‍ ഒട്ടും കുറവല്ലാത്ത ഒരുപക്ഷേ അതിനേക്കാള്‍ ഏറെ പ്രയാസകരമാണ് ഒരു സ്ത്രീക്ക് അതേ സമൂഹത്തില്‍ ഹിജാബ് പാലിക്കുക എന്നതും. അല്ലാഹു പറയുന്നു: ‘ഓ വിശ്വസിച്ചവരേ. നിങ്ങളെല്ലാവരും ഒന്നുചേര്‍ന്ന് അല്ലാഹുവിനോട് പശ്ചാത്തപിക്കുവിന്‍. നിങ്ങള്‍ വിജയംവരിക്കുമെന്ന് പ്രതീക്ഷിക്കാം(അന്നൂര്‍:31) അതിനാല്‍ സ്ത്രീ പുരുഷന്മാര്‍ അവര്‍ നിര്‍വ്വഹിക്കേണ്ട ബാധ്യത എന്ന നിലക്കും അതിനേക്കാളുപരി ഒരു ഇബാദത്ത് എന്ന നിലക്കും ഒന്നുചേര്‍ന്നുകൊണ്ട് ഈ ദൈവിക നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നാണ് ആയത്തില്‍ വ്യക്തമാക്കുന്നത്.

ഇനി ചോദ്യത്തിന്റെ അവസാനഭാഗത്തില്‍ ഉന്നയിച്ചത് ഒരു സ്ത്രീ അവള്‍ തലമറക്കുന്നില്ല എന്നതുകൊണ്ട് മാത്രം അവളെ ഇസ്‌ലാമിക വൃത്തത്തില്‍ നിന്ന് പുറത്തുനിര്‍ത്താന്‍ പാടുണ്ടോ എന്നതാണല്ലോ. അപ്രകാരം ഒരാളെ അമുസ്‌ലിം എന്നുവിളിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്നതാണതിനുള്ള മറുപടി.
ഒരു സ്ത്രീ ഹിജാബ് തനിക്കള്ളാഹു നിര്‍ബന്ധമാക്കിയതാണെന്നും താന്‍ അത് നിര്‍വഹിക്കാത്തത് മൂലം തെറ്റുചെയ്യുകയാണെന്നും, അല്ലാഹുവിന്റെ ദൃഷ്ടിയില്‍ താന്‍ കുറ്റക്കാരിയാണ് എന്നൊക്കെ അറിഞ്ഞുകൊണ്ടുതന്നെ ഹിജാബ് ധരിക്കാന്‍ കൂട്ടാക്കാതിരുന്നാല്‍പോലും അവരുടെ അടിസ്ഥാനപരമായ വിശ്വാസത്തെ ചോദ്യംചെയ്യുന്നത് ഒരുനിലക്കും ന്യായീകരിക്കാന്‍ പറ്റാത്തതാണ്. അതിനാര്‍ക്കും അവകാശമില്ല. നാം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു വസ്തുത, ഇസ്‌ലാം ഒരാള്‍ക്കും മറ്റൊരാളെ അയാളുടെ കുറ്റങ്ങളുടെയോ തിന്മകളുടെയോ പേരില്‍ ഇസ്‌ലാമിക വൃത്തത്തില്‍ നിന്ന് പുറത്തുനിര്‍ത്താന്‍ അധികാരം നല്‍കിയിട്ടില്ല.

മൊഴിമാറ്റം: അസ്ഹര്‍ എ.കെ.

Related Articles