Current Date

Search
Close this search box.
Search
Close this search box.

പുഞ്ചിരിയില്‍ ഒളിപ്പിച്ച ദുഖ കാരണം

sayed-qutub.jpg

ഓര്‍മ്മിക്കാന്‍ കഴിയുന്നത് മുതല്‍ തന്നെ, മാതാവിന്റെ മുഖത്ത്, മിക്കവാറും ദുഖവും ഉത്കണ്ഠയും കണ്ടിരുന്നു. ഉള്ളതിനെക്കാള്‍ ഒരു പത്ത് വയസ്സ് അവര്‍ക്ക് തോന്നിച്ചിരുന്നു.

കാര്യങ്ങളെ കുറിച്ച് കൂടുതല്‍ സമയമെടുത്തു ചിന്തിക്കും; അഗാധമായി ചിന്തിക്കും. അവര്‍ എന്തു കൊണ്ട് ഇത്ര വൃദ്ധയായി തീര്‍ന്നുവെന്ന് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു. കുട്ടിക്കാലത്ത് പോലും കുറ്റകൃത്യങ്ങളെ ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് അവര്‍ എന്നൊട് പറഞ്ഞിട്ടുണ്ട്. കുറ്റവാസന വരുമ്പോഴെക്കും, അല്ലാഹു മനസ്സില്‍ നിന്നത് എടുത്തു കളഞ്ഞിരുന്നുവത്രെ. ഞാന്‍ ജനിക്കുന്നതിന്ന് മുമ്പ്, സ്‌നേഹിതകള്‍ സിനിമക്ക് കൊണ്ടു പോയിരുന്നുവത്രെ. പക്ഷെ, ഒരു രാത്രി പോലും, ഫിലിമില്‍ എന്താണ് നടക്കുന്നതെന്ന് ചിന്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണവര്‍ പറയുന്നത്. കാരണം, അതിനെല്ലാം അപ്പുറത്തായിരുന്നു അവരുടെ ചിന്ത. നടന്നു കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍, സ്വതന്ത്രമായ സ്ത്രീ പുരുഷ സങ്കലനം, ദൈവിക ചിന്ത എന്നിവയെല്ലാം അവരുടെ ചിന്താവിഷയങ്ങളായിരുന്നു.

ഏകദേശം 25 – 30 വയസ്സുള്ളപ്പോഴായിരുന്നു ഇത്. പിന്നീട് സ്‌നേഹിതകളോട് ഒഴികഴിവുകള്‍ പറയുകയും, അവര്‍ അവരെ പാട്ടിന്നു വിടുകയുമായിരുന്നു.
കുലീന കുടുംബാംഗവും ഔപചാരിക വിദ്യാഭ്യാസം നേടിയവളുമായിരുന്നുവെങ്കിലും, മതത്തെ കുറിച്ച് കൂടുതലൊന്നും അറിഞ്ഞിരുന്നില്ല. ഞങ്ങളുടെ സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും സാധാരണ സ്ഥിതിയായിരുന്നു ഇത്. എന്നാല്‍, അറിയാവുന്നത് കണിശമായി അനുഷ്ടിച്ചിരുന്നു. നമസ്‌കരിക്കും, പ്രാര്‍ത്ഥിക്കും, ഖുര്‍ആന്‍ പാരായണം ചെയ്യും. സംഗീതാലാപം കേള്‍ക്കുമ്പോള്‍ അവര്‍ പറയും: ‘ചെകുത്താന്റെ പാട്ട്!’

ഇസ്‌ലാമിനെ കുറിച്ച ശരിയായ ജ്ഞാനം നേടുന്നതിന്നു മുമ്പത്തെ കഥയായിരുന്നു ഇത്. പ്രവാചകചര്യയനുസരിച്ച് ജീവിതം നയിക്കുന്ന ഒരു കുടുംബമായിരുന്നില്ല ഞങ്ങളുടേത്. അത് പരിചയപ്പെട്ടപ്പൊള്‍, ആദ്യമേ തന്നെ അത് പ്രയോഗത്തില്‍ വരുത്തിയത് അവരായിരുന്നു. അങ്ങനെയുള്ളവര്‍ നാട്ടില്‍ വളരെ വിരളമായിരുന്നു. ഒരു പിടിയിലൊതുങ്ങാന്‍ മാത്രം. കുടുംബം പൂര്‍ണമായി ഇസ്‌ലാമികവല്‍ക്കരിച്ചതോടെ, ആളുകള്‍ ഞങ്ങളെ പരിഹസിച്ചു തുടങ്ങി. പ്രവാചക ചര്യയനുസരിച്ച് ജീവിക്കാന്‍ തുടങ്ങിയതോടെ മഹത്തായൊരു വിപ്ലവമാണവരില്‍ സംഭവിച്ചത്. വിശ്വാസത്തിലും പ്രവര്‍ത്തനത്തിലും വലിയ കണിശത കാണാമായിരുന്നു.

രാത്രി തഹജ്ജുദ് നമസ്‌കരിക്കും; ഖുര്‍ആന്‍ പാരായണം നടത്തും. ഇതായിരുന്നു പതിവ്. ഞാന്‍ ഉണരുമ്പോള്‍ അവരുടെ ശബ്ദം കേള്‍ക്കാറുണ്ടായിരുന്നു. സുബ് ഹിക്കു മുമ്പ് അരമണിക്കൂര്‍ ഉറക്കം. അത് കഴിഞ്ഞു സുബ് ഹ് നമസ്‌കാരം. ദിക് റുകള്‍. പിന്നെ പ്രാതല്‍ തയാറാക്കി അല്പം വീട്ടു ജോലികള്‍. അനന്തരം ഖുര്‍ആന്‍ പരിഭാഷാ (ആകെക്കൂടി വീട്ടിലുണ്ടായിരുന്ന പുസ്തകം അതായിരുന്നു) വായന. ‘ദുഹാ’ നമസ്‌കാരം ഒരിക്കലും ഉപേക്ഷിച്ചിരുന്നില്ല. അതും തഹജ്ജുദും നാലുവീതം റക്അത്തുകളാണ് നമസ്‌കരിച്ചിരുന്നത്. 5 മുതല്‍ 7 വരെ തവണ അവര്‍ നമസ്‌കരിച്ചിരുന്നതായാണ് ഒര്‍ക്കുന്നത്. തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലും നേമ്പെടുക്കുക പതിവായിരുന്നു.

ഉച്ച ഭക്ഷണം തയ്യാറാക്കി ദുഹര്‍ നമസ്‌കാരം. ഭക്ഷണം.  വീണ്ടും ഖുര്‍ആന്‍ പാരായണം. പിന്നെ, ലഘുവായ ഒരുറക്കം. അസ്വര്‍ നമസ്‌കാര ശേഷം ചായ ഒരുക്കുന്നു. പിന്നെ കുറച്ചു വീട്ടു ജോലികള്‍. അനന്തരം ഖുര്‍ആന്‍ പാരായണവും ദിക്‌റുകളും. ബാങ്ക് വിളിച്ചാല്‍ നമസ്‌കാരത്തിന്ന് തയ്യാറാകാത്ത സമയം വളരെ വിരളമാണ്.
മഗ്‌രിബ് നമസ്‌കാര ശേഷം പരിഭാഷ സഹിതമുള്ള ഖുര്‍ആന്‍ പാരായണമായിരിക്കും. അനന്തരം രാത്രി ഭക്ഷണം തയ്യാറാക്കുന്നു. നമസ്‌കാരം കഴിഞ്ഞാല്‍ ഞങ്ങള്‍ നേരത്തെ ഉറങ്ങിയിരുന്നു.

ദയാനിധിയായ അവര്‍ വളരെ കുറച്ചേ സംസാരിച്ചിരുന്നുള്ളു. അപവാദം പറയുകയോ നാട്ടുവര്‍ത്തമാനങ്ങളില്‍ പങ്കെടുക്കുകയോ ചെയ്തതായി അറിയില്ല. കൂട്ടുകാരെ അത്തരം കാര്യങ്ങളില്‍ നിന്നും സൗമ്യമായി തടയുകയും ചെയ്തിരുന്നു. ഉറക്കെ സംസാരിക്കുന്നതോ പൊട്ടിച്ചിരിക്കുന്നതോ അയല്‍ക്കാരാരും കേട്ടിട്ടില്ല. ശബ്ദരഹിമായിരുന്നു അവരുടെ ചിരി. ആരുമായും തര്‍ക്കത്തിന്നു പോയിരുന്നില്ല. എല്ലായ്‌പോഴും മാപ്പ് ചെയ്തിരുന്നു. അതിന്ന് എല്ലാവരെയും ഉപദേശിക്കുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ, അവരുടെ സത്സ്വഭാവം പ്രസിദ്ധമായിരുന്നു. കള്ളദൈവങ്ങളോട് മാത്രമായിരുന്നു വെറുപ്പ്.

അയല്‍വാസികളുടെ ദ്രോഹം വളരെ സഹിച്ചിരുന്നു. ഞങ്ങളുടെ ഇസ്‌ലാമിക ജീവിതം അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്ന്താണ് കാരണം. മുമ്പ് തന്നെ പലര്‍ക്കും അസൂയയുമുണ്ടായിരുന്നു. എന്നാല്‍, അവരോടെല്ലാം ദയാപുരസ്സരവും സൌമ്യവുമായായിരുന്നു മാതാവിന്റെ സമീപനം. പാചകം ചെയ്തതില്‍ നിന്ന് അവര്‍ക്കും കൊടുത്തിരുന്നു.

സംസാരത്തില്‍ ഒരിക്കലും മുഖം വീര്‍പ്പിച്ചിരുന്നില്ല. തികച്ചും ഭക്തയും, ചീത്തക്ക് പകരം നല്ലതായിരുന്നു പകരം തന്നിരുന്നതെന്നും ശത്രുക്കള്‍ പോലും സാക്ഷീകരിക്കുന്നു. അവരെ വഴക്കടിച്ച് കൂടുതല്‍ ഉപദ്രവിച്ചിരുന്ന ഒരു അയല്‍വാസിയെ ഓര്‍ക്കുന്നു. പലപ്പോഴും അത് കേട്ട്  കരയുക പോലും ചെയ്തിരുന്നു. പക്ഷെ, അവരോടും വളരെ നല്ലനിലയിലായിരുന്നു വര്‍ത്തിച്ചിരുന്നത്. കുറച്ചു കഴിഞ്ഞ് ഈ സ്ത്രീയെ ദാരിദ്ര്യം ബാധിച്ചു. അവരുടെ സുഖവിവരങ്ങള്‍ മാതാവ് എപ്പോഴും അന്വേഷിച്ചിരുന്നു. ‘നിങ്ങള്‍ എത്ര നല്ല സ്ത്രീയാണ്! എത്ര മഹമനസ്‌കയാണ്!’ എന്ന് പറഞ്ഞുകൊണ്ട്, ഒരു രാത്രി അവര്‍ വീട്ടില്‍ വന്നു വിലപിക്കുകയുണ്ടായി.
ഭക്ഷണത്തിന്ന് ആളുകളില്ലാത്ത ഒരു സമയവും വീട്ടിലുണ്ടായിരുന്നില്ല. മോശപ്പെട്ട വസ്ത്രം ധരിച്ച കുട്ടികളായിരിക്കും പലപ്പോഴുമുണ്ടാവുക.  കപ്പലപകടത്തില്‍ പെട്ട് എത്തിപ്പെട്ടവരോ, അനാഥകളോ ആയിരുന്നു അവരെന്നും മാതാവ് അവരുടെ സംരക്ഷണം ഏറ്റെടുത്തിരുന്നുവെന്നും പിന്നീടാണ് ഞാനറിഞ്ഞത്.

അരിയോ, പൊടിയോ, പണമോ സഹിതം എന്നെ പലേടത്തും അയക്കാറുണ്ടായിരുന്നു. എല്ലാം ദാനമായിരുന്നു. അവര്‍ ചെലവൊഴിക്കുന്നതില്‍ സിംഹഭാഗവും മരിക്കുന്നത് വരെ ഞങ്ങള്‍ക്കറിയുമായിരുന്നില്ല. മരണ ശേഷം എത്തിയ പല ദരിദ്രരും, തങ്ങള്‍ക്ക് പണമയച്ചു തരികയും തങ്ങളെ സംരക്ഷിക്കുകയും ചെയ്തതായി പറയുകയുണ്ടായി.

നാട്ടിലെ വളരെ അപൂര്‍വമായ മതഭക്തര്‍, ‘സഹോദരികളുടെ നേതാവ്’ എന്നായിരുന്നു അവരെ വിളിച്ചിരുന്നത്. മതത്തോടുള്ള അവരുടെ അഭിനിവേശമായിരുന്നു കാരണം. സഹോദരീ സഹോദരന്മാര്‍ അവരെ വാഴ്ത്തിയിരുന്നു. അവരുടെ അസാന്നിധ്യത്തില്‍, ‘ഇസ്‌ലാമിന്റെ ജീവിക്കുന്ന മാതൃക’ എന്നായിരുന്നു ഇവര്‍ വിളിച്ചിരുന്നത്. ‘മാതാവ്’ എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്. അവര്‍ മിക്കവാറും അമ്പതുകളിലായിരിക്കുമ്പോഴാണ് ഞങ്ങള്‍ പ്രവചക ചര്യയനുഷ്ടിക്കാന്‍ തുടങ്ങിയത്. സഹോദരന്മാരെയും സഹോദരികളെയും പലപ്പോഴും വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. വിവാഹങ്ങള്‍ പലപ്പോഴും അവരുടെ ഉപദേശാനുസാരമായിരുന്നു നടന്നിരുന്നത്.

ഞങ്ങളുടെ നാട്ടിലെ ‘ഇസ്‌ലാമിക വ്യവസ്ഥ’ അവരെ പീഡിപ്പിക്കുകയും മൂന്നു തവണ ജയിലിലടക്കുകയും ചെയ്തു. നീക്കുപോക്കില്ലാത്ത അവരുടെ ഇസ്‌ലാമിക നിലപാടായിരുന്നു കാരണം. പക്ഷെ, അതൊന്നും അവരില്‍ യാതൊരു മാറ്റവുമുണ്ടാക്കിയില്ലെന്നു മാത്രം. ജയില്‍ മോചിതയായ ശേഷം നിലപാട്, പൂര്‍വോപരി ശക്തമാവുകയായിരുന്നു. ഓരോ തവണയും ഹ്രസ്വമായ കാലയളവായിരുന്നു ജയില്‍ വാസം ലഭിച്ചിരുന്നത്. അന്വേഷണോദ്യോഗസ്ഥര്‍ക്ക് അവരെ ഭയമായിരുന്നു. തങ്ങള്‍ക്കെതിരെ പ്രാര്‍ത്ഥിക്കരുതെന്ന് ഉമ്മയോടവര്‍ യാചിച്ചിരുന്നു. അവരുടെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുമെന്ന് അവര്‍ മനസ്സിലാക്കിയിരുന്നതാണ് കാരണം.  
ഭരണകൂടത്തോടും അതിന്റെ ശിങ്കിടികളായ പണ്ഡിതന്മാരോടും വ്യക്തമായ നിലപാട് അവര്‍ക്കുണ്ടായിരുന്നു. പലപ്പോഴും, ഇന്നിന്നയാളുകളെ താന്‍ അറുത്തുകളയുമെന്ന് കോപത്തോടെ അവര്‍ പറയാറുണ്ട്. പ്രവാചക ചര്യയെ അവര്‍ പരിഹസിച്ചതായിരുന്നു കാരണം.

എന്നോടുള്ള പെരുമാറ്റം വളരെ സൗമ്യമായിരുന്നു. പക്ഷെ, മതകാര്യങ്ങളില്‍ പരുഷവും. എനിക്ക് വേണ്ടി വളരെ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ തന്നെ, മതപഠനത്തിന്നായി എന്നെ വിദേശത്തയച്ചു. എന്റെ അസാന്നിധ്യത്തില്‍ അവര്‍ കരഞ്ഞിരുന്നു. (ആദ്യം പോകുമ്പോള്‍ മോഹാലസ്യപ്പെടുക പോലുമുണ്ടായെന്ന് സഹോദരിമാര്‍ പറയുന്നു. ആദ്യം എനിക്ക് താല്പര്യമുണ്ടായിരുന്നില്ലെങ്കിലും, അവരുടെ അതിയായ ആഗ്രഹമായിരുന്നു എന്റെ മതപഠനമെന്നത് ശ്രദ്ധേയമാണ്. പിന്നീട് ആ താല്പര്യം അല്ലാഹു എന്നില്‍ ജനിപ്പിച്ചുവെന്നത് വേരെ കാര്യം) പഠിച്ചത് അനുഷ്ടാനത്തില്‍ കൊണ്ടുവരണമെന്ന് ഓരൊ കത്തുകളിലും ഉപദേശിച്ചിരുന്നു. കേവലം ‘സര്‍ട്ടിഫിക്കറ്റ് നേടിയ ശൈഖാ’കാന്‍ ഒരിക്കലും അവര്‍ പ്രചോദനം നല്‍കിയിരുന്നില്ല. മറിച്ച്, ഒരു പ്രവര്‍ത്തകനാകണമെന്നായിരുന്നു അവരുടെ മോഹം. എനിക്കുള്ള ഉപദേശം ഹ്രസ്വവും സമഗ്രവുമായിരുന്നു:  ‘ഇസ്‌ലാം പഠിക്കുക; അനുഷ്ഠിക്കുക; പ്രബോധനം നടത്തുക; വിഷമതകള്‍ സഹനത്തോടെ നേരിടുക; എന്നെ കാണാനായി ഇനിയും തിരിച്ചു വരരുത്; പഠനം കഴിഞ്ഞാല്‍ ജിഹാദ് മാര്‍ഗത്തില്‍ പ്രവേശിക്കുക; രക്തസാക്ഷിത്വം തേടുക; സ്വര്‍ഗത്തില്‍ നമുക്ക് ഒരുമിക്കാം, ഇന്‍ശാ അല്ലാഹ്!’

ഇത് പറഞ്ഞു കൊണ്ട് അവര്‍ കണ്ണുനീരൊഴുക്കുന്നത് ഞാന്‍ കാണുകയുണ്ടായി. അന്യ നാട്ടില്‍ നടന്ന ഒരു വാഹനാപകടത്തിലാണ് അവര്‍ മരണപ്പെട്ടത്. അവരുടെ അറുപതുകളുടെ ആദ്യത്തിലായിരുന്നു അത്. ധാരാളമാളുകള്‍ അനുശോചിക്കുകയും അവരെ വാഴ്ത്തുകയും ചെയ്തു. പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ചിരുന്ന അവരുടെ ദുഖ കാരണം അറിഞ്ഞത് അവസാനമായിരുന്നു: ദൈവഭയമായിരുന്നു അത്!

വിവ : കെ.എ. ഖാദര്‍ ഫൈസി

Related Articles