Current Date

Search
Close this search box.
Search
Close this search box.

പര്‍ദ്ദ: സ്ത്രീ ശാക്തീകരണത്തിന്റെ ഒരു മൗലിക ഭാഗം

hijab.jpg

ഒരു പക്ഷെ, ‘വിപ്ലവകാരി’ എന്ന സങ്കല്പത്തിന്നു ഞാന്‍ ഉചിതയായിക്കൊള്ളണമെന്നില്ല. ദൃശ്യമായ പച്ച കുത്തോ, ചെറിയ ദ്വാരങ്ങളോ എനിക്കില്ല. ലതര്‍ ജാക്കറ്റുമില്ല. എന്നെ കാണുന്ന പലര്‍ക്കും ഒരു ‘പീഡിത സ്ത്രീ’ ആയേ എന്നെ കാണാനാകുകയുള്ളു. എന്റെ സാധാരണ വേഷവിധാനത്തെ കുറിച്ച് ചോദ്യം ചെയ്യാന്‍ ധൈര്യം നേടിയ പല ബുദ്ധിമതികളും, ‘മാതാപിതാക്കളാണൊ ഇത് ധരിപ്പിക്കുന്നത്?’, ‘ഇത് അഴകില്ലാത്തതാണെന്ന് അറിയാമോ?’ തുടങ്ങിയ ചോദ്യങ്ങള്‍ എന്നൊട് ചോദിക്കാറുണ്ട്.

കുറച്ചു മുമ്പ്, ഇതേ വസ്ത്രധാരണത്തിന്റെ പേരില്‍, ഒരു ജോഡി പെണ്‍കുട്ടികള്‍ മോണ്ട്രിയല്‍ സ്‌കൂളില്‍ നിന്നു ആട്ടിയോടിക്കപ്പെടുകയുണ്ടായി. ഒരു ചെറിയ തുണിക്കഷ്ണം ഇത്ര വിവാദമായി തീരുന്നത് അത്ഭുതം തന്നെ. ഒരു പക്ഷെ, അതിനകത്ത് ഞാന്‍ ഒരു Uzi സൂക്ഷിച്ചിരിക്കുന്നുവെന്നായിരിക്കുമോ പേടി? എന്നാല്‍, ഒരു തുണിക്കഷ്ണം എന്നതിലുപരിയാണ് ഇപ്പോള്‍ പ്രശ്‌നം. മില്യന്‍ കണക്കില്‍, മറ്റു മുസ്‌ലിം സ്ത്രീകളെ പോലെ, ഹിജാബ് ധരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു മുസ്‌ലിം വനിതയാണ് ഞാന്‍. ആളുകള്‍ മനസ്സിലാക്കുന്നതിന്നു വിരുദ്ധമായി, ഹിജാബ് എന്ന ആശയം, സ്ത്രീ ശാക്തീകരണത്തിന്റെ മൗലികമായ ഒരു ഭാഗമാണ്.
ഞാന്‍ സ്വയം മൂടുന്നതോടെ, എന്റെ രൂപമനുസരിച്ച് എന്നെ വിധിക്കാന്‍ ആളുകള്‍ക്ക് അസാധ്യമാക്കുകയാണ് ഞാന്‍ ചെയ്യുന്നത്. എന്റെ ഭംഗിയും ഭംഗിയില്ലായ്മയുമനുസരിച്ച്, എന്നെ തരം തിരിക്കാന്‍ അവര്‍ക്കാവുകയില്ല.
വസ്ത്ര ധാരണം, മുടി, മെയ്ക്കപ്പ്, ആഭരണം എന്നിവയുടെ അടിസ്ഥാനത്തില്‍, പരസ്പരം അളക്കുന്ന, ആധുനിക സാമൂഹിക ജീവിതത്തോട് ഇതൊന്നു താരതമ്യം ചെയ്തു നോക്കുക. ഇത്തരമൊരു ലോകത്ത് എന്തൊരു ഗാംഭീര്യമാണുണ്ടാവുക? അതെ, എനിക്കൊരു ശരീരമുണ്ട്. ഈ ഭൂമിയിലെ ഒരു ഭൌതികാവിഷ്‌കാരം.  എന്നാല്‍, വിവേകമുള്ള ഒരു ബുദ്ധിയുടെയും ശക്തമായ ചൈതന്യത്തിന്റെയും പാത്രവും കൂടിയാണത്. കാണികള്‍ക്ക് കടാക്ഷിക്കാനോ, ബീര്‍ മുതല്‍ കാര്‍ വരെയുള്ള വില്പനച്ചരക്കുകള്‍ വില്‍ക്കാനുള്ള പരസ്യത്തില്‍ ഉപയോഗിക്കാനോ ഉള്ളതല്ല അത്.
ബാഹ്യഭാവങ്ങളില്‍ ഊന്നല്‍ കൊടുക്കുന്ന നമ്മുടെ ലോകത്ത്, വൈയക്തിക മൂല്യങ്ങള്‍ക്ക് യാതൊരു വിലയും കല്പിക്കപ്പെടുന്നില്ല. ആധുനിക ലോകത്ത് സ്ത്രീ സ്വതന്ത്രയാണെന്ന വാദം ഒരു മിത്ഥ്യയാണ്. തന്റെ ശരീരത്തിന്റെ ഓരോ വശവും ‘പരിശോധന’ നടത്തപ്പെടാതെ, തെരുവിലറങ്ങി ഒരു സ്ത്രീക്ക് നടക്കാനാവുന്നില്ലെങ്കില്‍, പിന്നെന്തു സ്വാതന്ത്ര്യമാണ്!
ഞാന്‍ ഹിജാബ് ധരിക്കുമ്പോള്‍, ഇതില്‍ നിന്നെല്ലാം എനിക്ക് സുരക്ഷിതത്വം ലഭിക്കുന്നു. എന്റെ പാവാടയുടെ വലിപ്പമനുസരിച്ച് എന്റെ സ്വഭാവങ്ങളെ വിലയിരുത്താന്‍ ആര്‍ക്കും കഴിയുകയില്ലെന്ന് എനിക്കുറപ്പാണ്. എന്നെ ചൂഷണം ചെയ്യുന്നവര്‍ക്കും എനിക്കുമിടയില്‍ ഒരു തടസ്സമുണ്ട്. ഞാന്‍ അത്യുന്നതയായ ഒരു മനുഷ്യ ജീവിയാണ്, പുരുഷന്നു സമാനയാണ്, ലൈംഗികതയുടെ പേരില്‍ എന്നെ ക്ഷതപ്പെടുത്താന്‍ കഴിയുകയില്ല.
സൗന്ദര്യ മിത്ഥ്യയും സ്്ര്രതി സ്വരൂപവുമാണ് നമ്മുടെ കാലത്തെ ഏറ്റവും ദുഖകരമായ വസ്തുത. ഏത് തരം ശരീര രൂപമാണ് ‘ഫാഷനെ’ന്നും ഏതാണ് പഴഞ്ചനെന്നും, പ്രചാരത്തിലുള്ള റ്റീനേജ് മാഗസിനുകള്‍ നോക്കുകയേ വേണ്ടു. നിങ്ങളുടെ ശരീരം ശരിയല്ലെങ്കില്‍, അതൊന്നു പോയി മാറ്റുകയേ വേണ്ടു. പിന്നെ, നിങ്ങള്‍ക്ക് അധിക ഭാരമുണ്ടാകില്ല. സുന്ദരിയായി തന്നെ നിലകൊള്ളാം.
ഏതെങ്കിലും ഒരു പരസ്യം ശ്രദ്ധിച്ചു നോക്കുക. ഒരു സ്ത്രീയാണോ ആ ഉപന്നം വില്പന നടത്താറുള്ളത്? അവളുടെ പ്രായമെത്ര? അവള്‍ എത്രമാത്രം ആകര്‍ഷണീയയാണ്? അവളുടെ വസ്ത്ര ധാരണ എങ്ങനെ? പലപ്പോഴും ഇരുപത് വയസ്സില്‍ കൂടുകയില്ല. ശരാശരിയേക്കാള്‍ നീളം കൂടിയവള്‍, മെലിഞ്ഞവള്‍, ആകഷണമുള്ളവള്‍! അല്പ വസ്ത്രധാരി! ഈ തരത്തില്‍ രൂപപ്പെടുത്തുന്നതിന്നു നാം സ്വയം അനുവദിക്കുന്നതെന്തിനാണ്?
തൊണ്ണൂറുകാരിയായ ഒരു സ്ത്രീ, വിശ്വസിക്കാനിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, വാര്‍ത്തെടുക്കപ്പെടാന്‍ നിര്‍ബന്ധിതയാണ്. സ്വയം വില്പന നടത്താനും വിട്ടു വീഴ്ച നടത്താനും നിര്‍ബന്ധിതയാണ്.  അമിതഭാരം കാരണം, ഇളം പ്രായക്കാര്‍ സ്വയം തൂങ്ങുന്നത് ഇത് കൊണ്ടത്രെ.
‘പീഡിത’യാണെന്നു തോന്നുന്നുണ്ടോ എന്ന് ആളുകള്‍ ചോദിക്കുമ്പൊള്‍, സത്യ സന്ധമായി എനിക്കു മറുപടി പറയാന്‍ കഴിയും, ‘ഇല്ലെന്ന്’. ഞാന്‍ സ്വമേധയാ ഏടുത്ത തീരുമാനമാണിത്. എന്റെ നേരെയുള്ള കടാക്ഷത്തെ ഞാന്‍ നിയന്ത്രിക്കുന്നുവെന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്. മറ്റുള്ളവര്‍ക്ക് നോക്കാന്‍ ഞാന്‍ ഒന്നും നല്‍കുന്നില്ലെന്നതും സ്ത്രീകളെ ചൂഷണം നടത്തുന്ന ഫേഷന്‍ വ്യവസായങ്ങളുടെയും മറ്റു സ്ഥാപനങ്ങളുടെയും ആടിക്കളിക്കുന്ന പെന്റുലത്തിന്റെ ബന്ധനത്തില്‍ നിന്നു ഞാന്‍ മോചിതയാണെന്ന വസ്തുതയും എന്നെ ആശ്വസിപ്പിക്കുന്നു.
എന്റെ ശരീരം എന്റെ സ്വന്തം കാര്യം. എന്റെ ദൃശ്യമെങ്ങനെയായിരിക്കണമെന്നും, ഞാന്‍ ഭംഗിയുള്ളവളോ ഭംഗിയില്ലാത്തവളോ എന്നൊന്നും പറയാന്‍ ആര്‍ക്കും കഴിയുകയില്ല. ഇതിന്റെയെല്ലാം അപ്പുറമാണ് കാര്യമെന്ന് എനിക്ക് അറിയാം. ലൈഗിക പീഡനം നടന്നുവോ എന്ന് ആളുകള്‍ ചോദിക്കുമ്പോള്‍, സന്തോഷപുരസ്സരം, എനിക്ക് പറയാനാകും’ഇല്ല’ എന്ന്. എന്റെ ലൈംഗികതയുടെ നിയന്ത്രണം ഞാന്‍ സ്വയം ഏറ്റെടുത്തിരിക്കുകയാണ്. തൂക്കം കൂട്ടാനൊ കുറക്കാനൊ ഉള്ള ശ്രമം, ചര്‍മ നിറത്തിനനുസൃതമായ ലിപ്സ്റ്റിക് കളര്‍ കണ്ടെത്താനുള്ള ശ്രമം, എന്നിവയാല്‍ വിഷമിക്കേണ്ടതില്ലെന്നതില്‍ ഞാന്‍ നന്ദിയുള്ളവളാണ്. എന്റെ മുന്‍ ഗണനാ ക്രമം ഞാന്‍ തന്നെ തെരഞ്ഞെടുത്തിരിക്കുന്നു. ഈ പറഞ്ഞതൊന്നും തന്നെ അതിലില്ല.
അതിനാല്‍, അടുത്ത തവണ എന്നെ കാണുമ്പോള്‍, സഹതാപത്തൊടെ എന്നെ കാണരുത്. ആ കിരാത അറേബ്യന്‍ മരുഭൂമിയിലെ ബന്ധനത്തില്‍ കഴിയുന്ന, പുരുഷാരാധകയായ സ്ത്രീ അല്ല ഞാന്‍. ഞാന്‍ സ്വതന്ത്രയാണ്.

വിവ: കെ.എ. ഖാദര്‍ ഫൈസി

Related Articles