Current Date

Search
Close this search box.
Search
Close this search box.

നാരീ വിദ്വേഷം; മാറ്റം വീട്ടില്‍ നിന്ന്

woman.jpg

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും ലൈംഗിക പീഡനങ്ങളും സ്ത്രീകളോടുള്ള വിരോധവും വര്‍ധിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. അക്കാര്യത്തില്‍ കിഴക്കെന്നോ പടിഞ്ഞാറെന്നോ ഭേദമോ മുസ്‌ലിം അമുസ്‌ലിം വ്യത്യാസമോ ഇല്ല.

‘പുരുഷന്മാരെ മാറ്റാന്‍ സാധ്യമല്ല, അവരുടെ പ്രകൃതി അത്തരത്തിലുള്ളത് തന്നെയാണ്. സ്ത്രീ അക്രമിക്കപ്പെടാതിരിക്കണമെങ്കില്‍ അവര്‍ ഇത്തരത്തിലുള്ള വസ്ത്രം ധരിക്കരുത്’ ഇത്തരത്തിലുള്ള പൊതുവായ അഭിപ്രായങ്ങള്‍ കണ്ടുവരുന്നു. പക്ഷേ അത് അംഗീകരിക്കാന്‍ നാം തയ്യാറല്ല, ലോകം ഏത് തരത്തിലായാലും ശരി അത്ഭുതകരമായ വസ്തുത എന്തെന്നാല്‍ സ്ത്രീകള്‍ തന്നെയാണ് സ്ത്രീകള്‍ക്കെതിരായ വിദ്വേഷം വളര്‍ത്തുന്നതില്‍ പ്രോത്സാഹനം എന്നതാണ്. എന്നിരുന്നാലും സ്ത്രീ വിദ്വേഷം പുരുഷന്മാരില്‍ തന്നെയാണ് കൂടുതലായി കാണപ്പെടുന്നത്.

പുതുതലമുറയെ ബാധിക്കുന്നത്
ഇത്തരത്തിലുള്ള സ്ത്രീ വിദ്വേഷത്തിന്റെ ഉറവിടം എന്തായിരുന്നാലും, ഇതിന്റെ അപകടകരമായ പരിസമാപ്തി പുതുതലമുറയിലേക്കും അത്തരം ചിന്താഗതി വളര്‍ത്തപ്പെടുന്നുണ്ട് എന്നതാണ്. ഒരു സ്ത്രീ എങ്ങനെയൊക്കെ ആക്രമിക്കപ്പെട്ടാലും പീഢനങ്ങള്‍ സഹിക്കേണ്ടി വന്നാലും ഇതൊക്കെയാണ് എന്റെ വിധിയെന്നു സ്വയം ആശ്വസിക്കുകയും സ്ത്രീയെന്ന നിലയില്‍ ഇതൊക്കെ അനുഭവിക്കാന്‍ ബാധ്യസ്ഥയാണെന്ന അവസ്ഥയില്‍ കുടുസ്സായ ചിന്താഗതി അടുത്ത തലമുറയായ സ്വന്തം മക്കളില്‍ പോലും വളര്‍ത്തിയെടുക്കുന്ന അവസ്ഥയില്‍ നാമെത്തിച്ചേര്‍ന്നരിക്കുന്നു. ഇത്, ജീവിതമാണെന്നും വിവാഹമാണെന്നും വിവാഹശേഷം സ്ത്രീ വെറുമൊരു ബലിയാടാണെന്നുമുള്ളൊരു കാഴ്ചപ്പാടിലേക്ക്  സ്ത്രീ സ്വന്തം മക്കളെയും തള്ളിവിടുന്നു.

കുട്ടിക്കാലം തൊട്ടേ ഒരാണ്‍കുട്ടി പെണ്‍കുട്ടിയെ തട്ടിയിട്ടാല്‍ പോലും ‘ആണ്‍കുട്ടി ആണ്‍കുട്ടിയാ’എന്നു പറഞ്ഞു ചിരിച്ചു തള്ളും. നേരെ മറിച്ചൊരു പെണ്‍കുട്ടി വാശിപിടിച്ചാല്‍ നാമവളെ ശാസിക്കും. വളരെ വിരളമായേ നാം നമ്മുടെ ആണ്‍തരികള്‍ക്ക് വിനയവും ആദരവും ദൃഷ്ടികള്‍ താഴ്ത്തുന്നതും വിശ്വാസ പവിത്രതയുമൊക്കെ പഠിപ്പിക്കാറുള്ളൂ. സംശയങ്ങള്‍ ചോദിച്ചാല്‍ പോലും നാം ആണ്‍കുട്ടികളെ ഉത്സാഹത്തോടെ കൈപൊക്കാന്‍ പഠിപ്പിക്കുമെങ്കിലും പെണ്‍കുട്ടികളെ അച്ചടക്കവും ഒതുക്കവും അടങ്ങിയൊതുങ്ങി ഇരിക്കുവാനും പഠിപ്പിക്കുന്നു.

പെണ്‍കുട്ടികളെ നാം വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ തളച്ചിടുകയും ആണ്‍കുട്ടിയെ രാത്രിയാകട്ടെ പകലാകട്ടെ അവരുടെ ഇഷ്ടംപോലെ അഴിഞ്ഞാടാന്‍ വിടുകയും ചെയ്യുന്നു. ഇതെല്ലാം ധാര്‍മികത വെറും സ്ത്രീകളാല്‍ മാത്രം ബന്ധപ്പെട്ടതാണെന്നുള്ള തെറ്റിദ്ധാരണയിലേക്ക് പൊതുസമൂഹത്തെകൊണ്ടെത്തിക്കുന്നു. സ്വന്തം വീടുകളില്‍ പോലും ഹിജാബ് ധരിക്കാത്ത സ്ത്രീയെ നാം ശാസിക്കുകയും പുരുഷന്മാരെ ഇറുകിയ പാന്‍സും മറ്റും ഇട്ട്‌നടക്കാന്‍ സമ്മതം നല്‍കുകയും ചെയ്യുന്നു. തെരുവിലൂടെ നടന്നുപോകുന്നൊരു സ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടാല്‍ ഹിജാബിലായാലും അല്ലെങ്കിലും നാം അവളോട് പറയും, ഇത് നിന്റെ മാത്രം തെറ്റാണെന്ന്. അവിടെക്കൂടി നടന്നുപോകാന്‍ പാടില്ലായിരുന്നുവെന്ന്. പക്ഷേ പുരുഷന്മാരുടെ പ്രവൃത്തികള്‍ക്ക് യാതൊരുവിധ പ്രത്യാഘാതങ്ങളും അവര്‍ നേരിടേണ്ടി വരുന്നുമില്ല!
നാം സ്ത്രീകളും നമ്മുടെ ജീവിതത്തിലെ പുരുഷന്മാരും തന്നെയാണ് ഭാവിജീവിതത്തിലെ തലമുറയെ വാര്‍ത്തെടുക്കുന്നതും അവരില്‍ യഥാര്‍ഥ സദാചാരവും സ്ത്രീയും പുരുഷനും യഥാര്‍ഥത്തില്‍ ഇസ്‌ലാമികമായി എന്താണെന്നും പഠിപ്പിക്കേണ്ടവര്‍. അത്തരുമൊരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ നാം പരാജയപ്പെട്ടിരിക്കുന്നു.

ഒരു സ്ത്രീയുടെ മാന്യത അവളൊരിക്കലും തടവുപുള്ളിയെപോലെ വീട്ടിലടച്ചുജീവിക്കുകയോ സ്ത്രീത്വവുമായി ബന്ധപ്പെട്ട് സമൂഹം എഴുതിയുറപ്പിച്ച സംസ്‌കാരവുമായി ഒതിങ്ങിക്കൂടുന്നതുകൊണ്ടോ ഒരു സ്ത്രീക്കും അവളുടെ അഭിമാനം കാത്തു സൂക്ഷിക്കുവാന്‍ സാധ്യമല്ല. അത് പോലെ പുരുഷന്മാരുടെ ആദരവ് അവര്‍ സ്ത്രീയെ താഴ്ത്തിക്കെട്ടുന്നതുകൊണ്ട് ഉയരുന്നുമില്ല.

അഭിമാനം, അന്തസ്സ്, ആദരവ്, എന്നിവ മുസ്‌ലിംകളില്‍ ഉണ്ടാകുന്നത് അവര്‍ ലോകരക്ഷിതാവായ അല്ലാഹുവില്‍ കീഴ്‌പ്പെട്ട് ജീവിക്കുമ്പോഴാണ്. ഒരു തരത്തിലുള്ള ഒറ്റപ്പെടുത്തലുകള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും കീഴൊതുങ്ങിയിട്ടില്ലെന്നുള്ള തിരിച്ചറിവിലുമാണ്. ‘ലോകത്ത് മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനും സംസ്‌കരണത്തിനുമായി രംഗപ്രവേശം ചെയ്യിക്കപ്പെട്ട ഉത്തമസമൂഹം നിങ്ങളാകുന്നു. നിങ്ങള്‍ ധര്‍മം കല്‍പിക്കുന്നു. അധര്‍മം വിരോധിക്കുന്നു. (3:110)

മാതാപിതാക്കളുടെ ഉത്തരവാദിത്വം
വര്‍ഗവര്‍ണഭേദമന്യേ മറ്റുള്ളവരെ ആദരിക്കാന്‍ നമ്മുടെ കുട്ടികളെ പഠിപ്പിക്കല്‍ ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന നമ്മുടെ ബാധ്യതയാണ്. അതിന് അവര്‍ ധരിക്കുന്ന വസ്ത്രം ഒരിക്കലും തടസ്സമായി മാറരുത്. ഔറത്ത് എന്നുള്ളത് നമ്മുടെ സ്വകാര്യ ഭാഗങ്ങള്‍ മറക്കുക എന്നതിനപ്പുറം മറ്റുള്ളവരുടെ ശരീരം നമുക്കുള്ളതല്ല എന്ന നിര്‍ദേശം കൂടി നല്‍കുന്നുണ്ട്. സ്വന്തം കണ്ണിനെയും നാവിനെയും അരുതായ്മകളില്‍ നിന്ന് സംരക്ഷിച്ച് നിര്‍ത്തേണ്ടതും ഔറത്തിന്റെ വിവക്ഷയില്‍ പെടുന്നത് തന്നെ എന്നാണ് നാം മനസ്സിലാക്കേണ്ടത്.

മുഹമ്മദ് നബി(സ) പറഞ്ഞു: ‘വിശ്വാസത്തിന് എഴുപതില്‍ പരം ശാഖകളുണ്ട് അതില്‍ ലജ്ജ വിശ്വാസത്തിന്റെ ഭാഗമാണ്’. എല്ലാ സദാചാരങ്ങളും പഠിപ്പിക്കുന്നതിനോടൊപ്പം തന്നെ കുട്ടികളെ തഖ്‌വയില്‍ വളര്‍ത്തിയെടുക്കണം. നാം ചെയ്യുന്ന ഈ വിധ പ്രവര്‍ത്തനങ്ങളൊക്കെ തന്നെ നമ്മിലുള്ള ദൈവ വിശ്വാസത്തെ പ്രതിഫലിപ്പിക്കുകയും അവയെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നു.  ഖുര്‍ആന്‍ സ്ത്രീയെയും പുരുഷനെയും താഴെ പറയും വിധം വര്‍ണിക്കുന്നു:  
‘സത്യവിശ്വാസികളും വിശ്വാസിനികളും പരസ്പരം സഹായികളും മിത്രങ്ങളുമാകുന്നു. അവര്‍ ധര്‍മം കല്‍പിക്കുന്നു. അധര്‍മം നിരോധിക്കുന്നു. നമസ്‌കാരം മുറപ്രകാരം നിലനിര്‍ത്തുന്നു. സകാത്തു നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവര്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുകതന്നെ ചെയ്യും. നിശ്ചയം, അല്ലാഹു സകലര്‍ക്കും അജയ്യനും യുക്തിമാനുമാകുന്നു.’ (9:71)

ഈ ആയത്തിനെ പ്രമാണമാക്കി ജീവിക്കാന്‍ ഒരുങ്ങുന്ന സമൂഹത്തെ വാര്‍ത്തെടുക്കണമെങ്കില്‍ നാം നമ്മുടെ കുട്ടികളെ ചൊവ്വായ രീതിയില്‍ വളര്‍ത്തിക്കൊണ്ടു വരണം. പ്രത്യേകിച്ചും എങ്ങനെ അന്യസ്ത്രീയും പുരുഷനുമായി ഇടപഴകണമെന്ന കാര്യത്തില്‍. പറയുക:  ‘പ്രവാചകന്‍, വിശ്വാസികളോട് പറയുക: അവര്‍ കണ്ണുകള്‍ താഴ്ത്തിവെച്ചുകൊള്ളട്ടെ. അവരുടെ ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളുകയും ചെയ്യട്ടെ. ഇതാകുന്നു അവര്‍ക്കുള്ള ഏറ്റം സംസ്‌കൃതമായ നടപടി.’ (24:30)

നാം നമ്മുടെ കുട്ടികളെ അപരിഷ്‌കൃതമായ രീതിയില്‍  വളര്‍ത്തുന്നതിനാല്‍ ലൈംഗിക പീഢനങ്ങള്‍ സമൂഹത്തില്‍ വന്‍ വിപത്തായി മാറിയിരിക്കയാണ്. ഖുര്‍ആന്റെയും സുന്നത്തിന്റെയും അധ്യാപനങ്ങളെ മടക്കി കൊണ്ടുവരുന്നതിലൂടെയും യഥാര്‍ത്ഥ തഖ്‌വയും ക്ഷമയും നാം നമ്മുടെ പൈതങ്ങളില്‍ പഠിപ്പിക്കുന്നതിലൂടെയും മാത്രമേ  ശക്തമായ മുസ്‌ലിം ഉമ്മത്തിനെ വളര്‍ത്തിയെടുക്കാന്‍ സാധിക്കൂ.

സ്ത്രീകള്‍ വീടിന്റെ അകത്തട്ടില്‍ ഒതുങ്ങിയിരിക്കുന്നത് കൊണ്ട് എല്ലാ വര്‍ഗവിവേചനങ്ങളും പീഡനങ്ങളും കെട്ടടങ്ങും എന്ന് നമുക്കൊരിക്കലും വാശിപിടിക്കാന്‍ സാധ്യമല്ല. മറിച്ച്, ഖുര്‍ആനും സുന്നത്തും അനുസരിക്കുന്നതിലൂടെയും  നമ്മുടെ പ്രവര്‍ത്തനങ്ങള്‍ അതുമായി ബന്ധപ്പെടുത്തി ജീവിക്കുന്നതിലൂടെയും അല്ലാതെ ഇതിന് പരിഹാരം സാധ്യമല്ല. നമ്മുടെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കായി അവയെ വളച്ചെടുക്കാതെ ജീവിക്കുന്നതിലുടെയാണ് നാം വിജയം കണ്ടെത്തുക. മാറ്റങ്ങള്‍ വീടുകളില്‍ നിന്ന് തുടങ്ങണം. ഇന്നുതന്നെ കുട്ടികളുടെ കൂടെ ഇരിക്കുകയും അവര്‍ എത്ര പ്രായമുള്ളവരായാലും ശരി, അവരോട് അവരുടെ ആത്മാഭിമാനം വകവെച്ചുകൊടുത്തുകൊണ്ട് തന്നെ മറ്റുള്ളവരെ ആദരിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുക. വിശ്വാസികളായ  സ്ത്രീയും പുരുഷനും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവരെ പഠിപ്പിക്കുക.

മൊഴിമാറ്റം: ഫൗസിയ ശംസ്

Related Articles