Current Date

Search
Close this search box.
Search
Close this search box.

ദൈവകാരുണ്യത്തിന് ഞാന്‍ അര്‍ഹയല്ല

girl.jpg

എന്റെ മുമ്പില്‍  വിശുദ്ധ കഅബ! കൈപ്പടവും നെറ്റിയും ശീത ശിലയില്‍ ഞാന്‍ അമര്‍ത്തി. അല്ലാഹുവിന്റെ സ്‌നേഹത്തോടും മാപ്പിനോടുമുള്ള കൊതിയാല്‍ ശരീരം  ആമഗ്‌നമാണ്. നീണ്ട ഇരുള്‍ ജീവിതത്തിന്നു ശേഷം, അതെനിക്കു ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഞാനിപ്പോള്‍. ഏകദേശം ജീവിതം മുഴുവന്‍ അല്ലാഹുവുമായി പോരാട്ടത്തിലായിരുന്നു ഞാന്‍. അവന്‍ സ്‌നേഹ സമ്പന്നനും കാരുണ്യവാനുമാണെന്നതില്‍ സംശയം  ഒരിക്കലും എനിക്കുണ്ടായിരുന്നില്ല. എന്നാല്‍, എനിക്കത് ലഭിക്കുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നില്ല. കാരണം ഞാന്‍ അതിനര്‍ഹയായിരുന്നില്ല.

കൊച്ചു കുഞ്ഞായിരിക്കെ, അല്ലാഹുവിനെ ഹൃദയം നിറഞ്ഞു ഞാന്‍ സ്‌നേഹിച്ചു. അവന്‍ എന്നെയും സ്‌നേഹിക്കുന്നുവെന്നായിരുന്നു എന്റെ വിശ്വാസം. ഉച്ച വെയിലില്‍, നീണ്ട മരങ്ങള്‍ കയറിയും, പക്ഷികളുമായി സംഭാഷണം നടത്തിയും, ഡൈസി പൂക്കള്‍ കൊണ്ട് മാലയുണ്ടാക്കിയും, രാത്രി എണ്ണമറ്റ നക്ഷത്രങ്ങള്‍ കണ്ട് വിസ്മയിച്ചും, പ്രകൃതിയാല്‍ ഞാന്‍ സ്വാധീനക്കപ്പെട്ടിരുന്നു.

അല്ലാഹു അക്ബര്‍! നിഷ്‌കളങ്കവും അല്ലലിത്താത്തതുമായ എന്റെ ആ ജീവിതം അല്പായുസ്സുള്ളതായിരുന്നു. അതെന്നില്‍ നിന്ന് തട്ടിയെടുക്കപ്പെടുകയായിരുന്നു. സ്‌കൂള്‍ സമയ ശേഷം എന്നെ നോക്കാന്‍ ചുമതലയുള്ള കുടുംബാംഗത്തില്‍ നിന്നും ലൈംഗിക പീഡനമുണ്ടായതൊടെയായിരുന്നു അത്. എനിക്ക് ആറു വയസ്സ് കഴിയുന്നതിന്നു മുമ്പ് തന്നെ അത് ആരംഭിച്ചു കഴിഞ്ഞിരുന്നു. എട്ട് വര്‍ഷത്തോളം, രഹസ്യമായി അത് തുടരുകയും ചെയ്തു. നീണ്ട മണിക്കൂറുകള്‍ ജോലിയുള്ളവരായിരുന്നു മാതാപിതാക്കള്‍. എന്റെ ചുമതലക്കാരനില്‍ നിന്ന് അത്തരമൊന്നുണ്ടാകുമെന്ന സൂചന പോലും അവര്‍ക്കുണ്ടായിരുന്നില്ല. എന്റെ നിശ്ശബ്ദത ഭജ്ഞിക്കാന്‍ ഞാന്‍ ധൈര്യപ്പെട്ടതുമില്ല. ഞാന്‍ പറഞ്ഞാല്‍, ആരും വിശ്വസിക്കുകയില്ലെന്ന് അയാള്‍ എന്നെ വിശ്വസിപ്പിച്ചു കഴിഞ്ഞിരുന്നു. ഭീതിയാലും ലജ്ജയാലും ആവരണം ചെയ്യപ്പെട്ട എനിക്കു കഴിഞ്ഞിരുന്നത് ഒന്നു മാത്രം. മുട്ടുകുത്തി, എന്നെ രക്ഷിക്കാന്‍ അല്ലാഹുവോട് പ്രാര്‍ത്ഥിക്കുക!

പതിനാലു വയസ്സായപ്പോള്‍, എനിക്കെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നു മനസ്സിലാക്കാന്‍, ലൈബ്രറിയില്‍ നിന്നും സുലഭമായി ലഭിച്ച പുസ്തകങ്ങള്‍ സഹായിച്ചു. പ്രായ പൂര്‍ത്തിയായതൊടെ ഞാന്‍ പ്രതിരോധം തുടങ്ങി. അതൊടെ പീഡനം ആക്രമാസക്തമാവുകയായിരുന്നു. ഗത്യന്തരമില്ലാതെ വന്നപ്പോഴാണ്, സ്‌കൂളിലെ മതാധ്യാപികയുടെ സഹായം തേടാന്‍ തീരുമാനിച്ചത്. ദീര്‍ഘകാലം താന്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന പീഡന കഥ, അവരോട് പൂര്‍ണമായി വിവരിച്ചു. അവര്‍ ഉടനെ ഇടപെടുകയും പോലീസിനെ വിളിക്കുകയും കൌണ്‍സിലിങ്ങിന്ന് തയ്യാറാക്കുകയും ചെയ്യുമെന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷെ, സംഭവിച്ചത് മറിച്ചായിരുന്നു. എന്റെ കണ്ണിലേക്ക് തുറിച്ചു നോക്കിക്കൊണ്ട് അവര്‍ പറഞ്ഞു, ഞാന്‍ പര്‍ദ്ദ ധരിക്കാത്തത് കൊണ്ടാണ് പീഡിപ്പിക്കപ്പെട്ടതെന്ന്!

എന്റെ കണ്ണീരുകളോ, തുടര്‍ന്നുണ്ടായ തേങ്ങലുകളോ, അവരുടെ ശബ്ദം മൃദുവാകാന്‍ പര്യപ്തമായിരുന്നില്ല. മര്യാദക്കേട് കാരണം അല്ലാഹു എന്നെ ശിക്ഷിക്കുകയാണെന്നും, കുറ്റത്തിന്നനുസരിച്ച ശിക്ഷ കിട്ടിയിട്ടില്ലെന്നും പറഞ്ഞു കൊണ്ട് അവര്‍ ശകാരം തുടരുകയായിരുന്നു.

ആ ദിവസമാണ്, അല്ലാഹുവൊടുള്ള എന്റെ സ്‌നേഹം വെറുപ്പായി മാറിയത്. കഷ്ടപ്പാടോടെ വളര്‍ന്ന എന്റെ നീണ്ട കാല പ്രാര്‍ത്ഥന, കരുണയില്ലാത്ത അല്ലാഹുവിന്നു മുമ്പില്‍ വിഫലമാവുകയായിരുന്നു. ഞാനൊരു വിഡ്ഢിയായിരുന്നു.

അതോടെ ധിക്കാരം എന്നില്‍ ഉടലെടുക്കുകയായിരുന്നു. അവശേഷിച്ച ബാല്യ കാലം ചെലവൊഴിച്ചത്, പുകവലി, മയക്കുമരുന്ന്, മദ്യപാനം, ആത്മഹത്യാശമങ്ങള്‍ എന്നിവയിലായിരുന്നു. അല്ലാഹുവില്‍ നിന്നും എനിക്ക് ലഭിക്കാത്ത സ്‌നേഹം പുരുഷന്മാരില്‍ നിന്ന് തേടാന്‍ ഞാന്‍ തയ്യാറായി. അങ്ങനെ, അനാരോഗ്യ ബന്ധങ്ങളുടെ ഒരു ശൃഖലയില്‍ വീഴുകയായിരുന്നു ഞാന്‍. സമാധാനമൊന്നും ലഭിച്ചിരുന്നില്ലെങ്കിലും, ധാര്‍ഷ്ട്യത്തില്‍ സംതൃപ്തി കണ്ടെത്തുകയായിരുന്നു. എന്നെ, ശിക്ഷാര്‍ഹയായി മാത്രം കാണുന്ന അല്ലാഹുവിനെ കൊണ്ട് ഒരു കാര്യവുമില്ല.

എന്നിട്ടും, മാതാപിതാക്കള്‍ എന്റെ പീഡനകഥ അറിഞ്ഞിരുന്നില്ല. അതോടൊപ്പം, ധാര്‍ഷ്ട്യ ജീവിത ശൈലി അവരില്‍ നിന്നു മറച്ചു വെക്കുന്നതില്‍, ഞാന്‍ അതീവ വിദഗ്ദയായി കഴിഞ്ഞിരുന്നു. നീണ്ട കാലം ലൈംഗിക പീഡനം ഗുപ്തമായി കഴിച്ച എനിക്ക്, ഇരട്ട ജീവിത ശൈലി സ്വീകരിക്കാന്‍ പ്രയാസപ്പെടേണ്ടി വന്നില്ല. ബാല്യത്തില്‍, ഒരുയര്‍ന്ന വിദ്യാര്‍ത്ഥിനിയായാണ് ഞാന്‍ കഴിഞ്ഞത്. കോളജ് സ്‌കോളര്‍ഷിപ്പ് വരെ എനിക്ക് ലഭിച്ചിരുന്നു. ഒരു ഹോട്ടല്‍ പരിചാരികയായി ഭാഗിക ജോലിയും. അങ്ങനെ, വിശ്വാസത്തില്‍ നിന്നും ഞാന്‍ വളരെ അകന്നു കഴിഞ്ഞിരുന്നു. പല തവണ ആത്മഹത്യാ ശ്രമങ്ങള്‍ നടത്തുകയുണ്ടായി. അപ്പോഴും മാതാപിതാക്കളുടെ കണ്ണില്‍ ഞാനൊരു പൊന്നോമനയായിരുന്നു.

പതിനേഴാം വയസ്സിലായിരുന്നു ജീവിതത്തിലെ രണ്ടാമത്തെ ഗതിമാറ്റം സംഭവിച്ചത്. നിരീശ്വരവാദിയും ലൈംഗിക പീഡകനും മദ്യപാനിയുമായ എന്റെ കാമുകന്‍, ചുമരിലേക്ക് എന്നെ തള്ളി അധിക്ഷേപിച്ചപ്പോഴായിരുന്നു അത്. അതെനിക്ക് ഒരു ഷോക്കായിരുന്നു. എന്റെ കുറ്റം? ഖുര്‍ആനിന്നു വേണ്ടി വാദിച്ചുവെന്നത് തന്നെ! അല്ലാഹുവിനോട് കോപവും ധാര്‍ഷ്ട്യവും ഞാന്‍ കാണിച്ചിരുന്നുവെന്നത് ശരിതന്നെ. എങ്കിലും, എന്റെ ചെവിയൊരിക്കലും കേട്ടിട്ടില്ലാത്ത വാക്കുകളാല്‍, വളരെ ജൂഗുപ്‌സാവഹമായ രീതിയില്‍ അല്ലാഹുവിനെ നിന്ദിക്കുന്ന ഒരാളുമായി ഞാന്‍ മുഖാമുഖം നിന്നപ്പോള്‍, എന്റെ ഹൃദയത്തിലെ ആ കൊച്ചു കുഞ്ഞ് എഴുനേറ്റു തിരിച്ചടിക്കുകയായിരുന്നു: അല്ലാഹു അക്ബര്‍!

ആ ഉച്ച സമയത്തായിരുന്നു ഗതികെട്ട ഞാന്‍ അല്ലാഹുവിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചത്. പക്ഷെ, എനിക്ക് ലജ്ജ തോന്നി. ആറാം വയസ്സില്‍, ശിക്ഷിക്കപ്പെടേണ്ട ഒരു കുറ്റക്കാരിയായി, അല്ലാഹു എന്നെ കാണുന്നുവെങ്കില്‍, ഈ അവസരത്തില്‍, അവന്റെ മാപ്പിന്ന് ഞാന്‍ അര്‍ഹയായി തീരുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാവതല്ല. മുന്‍ വര്‍ഷങ്ങളില്‍ എന്തു മാത്രമാണ് ഞാന്‍ ചെയ്തു കൂട്ടിയത്!

വൈകാരികമായി പീഡിപ്പിക്കപ്പെടുകയും പിച്ചി ചീന്തപ്പെടുകയും ചെയ്യപ്പെട്ട എന്റെ അല്ലാഹുവിലേക്കുള്ള മടക്കം, ‘രായ്ക്കുരാമാനം’ സംഭവിച്ചതല്ല. വളരെ കാലമായി എന്നില്‍ ഉറങ്ങി കഴിയുകയായിരുന്ന അഗ്‌നിസ്ഫുലിംഗത്തെ, കാമുകനുമായുള്ള ഏറ്റുമുട്ടല്‍ ജ്വലിപ്പിച്ചിരിക്കാം. അല്ലാഹുവുമായുള്ള എന്റെ ബന്ധത്തെ പുനരുജ്ജീവിപ്പിക്കുന്നതിന്നു വേണ്ടി. എന്നാലും, അല്ലാഹുവിന്നും ഇസ്‌ലാമിന്നും എതിരെ ഞാന്‍ വളരെ കോപവും അവജ്ഞയും വെച്ചു പുലര്‍ത്തുകയും അതിനാല്‍ തന്നെ, ധിക്കാര ശൈലി തുടരുകയായിരുന്നു. പക്ഷെ, വിത്ത് നട്ടുകഴിഞ്ഞിരുന്നു.
(തുടരും)
അവലംബം : www.altmuslimah.com

വിവ : കെ.എ. ഖാദര്‍ ഫൈസി

ദൈവിക കാരുണ്യത്തിന്നു ഞാന്‍ അര്‍ഹയല്ല – 2

Related Articles