Current Date

Search
Close this search box.
Search
Close this search box.

ഒരു മാതാവ് ഇങ്ങനെയും

baby.jpg

ഡോ. ഖാലിദ് ജുബൈര്‍, ഒരു കണ്‍സള്‍ട്ടിംഗ് കാര്‍ഡിയോവാസ്‌കുലര്‍ സര്‍ജനാണ്. തന്റെ സുദീര്‍ഘ കാലത്തെ ആതുരസേവന രംഗത്തിലെ, അവിസ്മരണീയവും ചിന്താര്‍ഹവുമായൊരു സംഭവം അദ്ദേഹം ഒരു പ്രഭാഷണത്തിലൂടെ പങ്കുവെക്കുകയുണ്ടായി. സമൂഹത്തിലെ ഓരോ സ്ത്രീ പുരുഷന്മാരും ഗൗരവമായി കണക്കിലെടുക്കേണ്ട ഈ സംഭവം, കഴിവതും വായനക്കാരിലെത്തിക്കുക അദ്ദേഹത്തിന്റെ ആഗ്രഹമാണ്. പ്രിയ വായനക്കാര്‍ ഈ വസ്തുത കണക്കിലെടുക്കുമെന്ന വിശ്വാസത്തോടെയാണതിവിടെ അവതരിപ്പിക്കുന്നത്:

ഒരിക്കല്‍, ഒരു ചൊവ്വാഴ്ച, രണ്ടര വയസ്സു് മാത്രം പ്രായമുള്ള ഒരു കുട്ടിയെ ഡോ. ഖാലിദ് ഓപറേറ്റ് ചെയ്തു. ബുധനാഴ്ച കുട്ടി പൂര്‍ണ ആരോഗ്യവാനായിരുന്നു. പക്ഷെ, തൊട്ടടുത്ത വ്യാഴാഴ്ച രാവിലെ 11. 15. സ്ഥാപനത്തിലെ, ഒരു നേഴ്‌സ് അദ്ദേഹത്തിന്നടുത്തേക്ക് ഓടിയെത്തി. കുട്ടിയുടെ ഹൃദയവും ശ്വാസവും നിലച്ചതായി അവര്‍ അറിയിക്കുന്നു. അദ്ദേഹം ഞെട്ടി. കുട്ടിയുടെ അടുത്തേക്ക് കുതിച്ചു. 45 മിനിറ്റോളം കാര്‍ഡിയാക് മസാജ് നടത്തി നോക്കി.  ഈ സമയമത്രയും ഹൃദയം നിശ്ചലമായിരുന്നു.

പിന്നെ, ഹൃദയത്തിന്റെ പ്രവര്‍ത്തനം വീണ്ടും ആരംഭിച്ചു. ഡോക്ടര്‍ അല്ലാഹുവിന്ന് നന്ദി പറഞ്ഞു. പക്ഷെ, കുടുംബത്തെ വിവരമറിയിക്കണമല്ലോ. കുട്ടിയുടെ മോശമായ അവസ്ഥ കുടുംബത്തെ അറിയിക്കുക, ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം, ഏറ്റവും വിഷമം പിടിച്ച കാര്യമാണെന്നത് സുവിദിതമാണല്ലോ. എന്നാല്‍ അറിയിക്കുക നിര്‍ബന്ധമാണ് താനും. പിതാവിനെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. അതിനാല്‍ മാതാവിനെയാണ് കണ്ടത്. തൊണ്ടയിലെ രക്തസ്രാവം കാരണമായി കുട്ടിയിലുണ്ടായ കാര്‍ഡിയാക് അറസ്റ്റിനെ കുറിച്ച് അദ്ദേഹം അവരെ അറിയിച്ചു. മാത്രമല്ല, ഇതിന്റെ കാരണം അജ്ഞാതമാണെന്നും, തലച്ചോറ് മരിച്ചുവോ എന്ന് ഭയപ്പെടുന്നുവെന്നും അദ്ദേഹം തുറന്നറിയിച്ചു. പക്ഷെ, ആ മാതാവ് കരഞ്ഞില്ല! ഡോക്ടറെ അധിക്ഷേപിച്ചില്ല! ‘അല്‍ ഹംദു ലില്ലാഹ്’ എന്ന പറഞ്ഞു കൊണ്ട് മാറി നില്‍ക്കുകയായിരുന്നു അവര്‍!

പിന്നീട് ദിവസങ്ങള്‍ പത്ത് കഴിഞ്ഞു. കുട്ടിയുടെ സ്ഥിതിയില്‍ അല്‍പം പുരോഗതി കാണാന്‍ തുടങ്ങി. അവന്‍ ചലിക്കാന്‍ തുടങ്ങി. എല്ലാവരും അല്ലാഹുവെ സ്തുതിച്ചു. തലച്ചോറിന്റെ അവസ്ഥ തികച്ചും അനുകൂലം. പക്ഷെ, 12 ദിവസങ്ങള്‍ കഴിഞ്ഞതോടെ, മുമ്പത്തെ അതേ രക്തസ്രാവം കാരണം, ഹൃദയം വീണ്ടും നിലച്ചു. 45 മിനിറ്റോളം നടത്തിയ കാര്‍ഡിയാക് മസാജ് കൊണ്ട് യാതൊരു ഫലവുമുണ്ടായില്ല. അവസാനം, പ്രതീക്ഷയില്ലെന്ന്, ദുഖപൂര്‍വം അദ്ദേഹം മാതാവിനെ അറിയിക്കുകയായിരുന്നു. പ്രതികരണം? ‘അല്‍ ഹംദു ലില്ലാഹ്! എന്റെ നാഥാ, അവന്‍ സുഖം പ്രാപിക്കുന്നതില്‍ നന്മയുണ്ടങ്കില്‍, അവനെ സുഖപ്പെടുത്തേണമേ!’ ഇത്രയും പ്രാര്‍ത്ഥിച്ചു കൊണ്ട്, അവര്‍ മാറി നില്‍ക്കുകയായിരുന്നു.

ദൈവാനുഗ്രഹത്താല്‍, വീണ്ടും ഹൃദയം പ്രവര്‍ത്തനമാരംഭിച്ചു. ഒരു ശ്വാസനാള വിദഗ്ദ്ധന്ന് രക്തസ്രാവം നിറുത്താന്‍ കഴിയുന്നത് വരെ, ഈ കുട്ടി ആറ് കാര്‍ഡിയാക് അറസ്റ്റിന്ന് വിധേയമായിരുന്നു. അതോടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായി. മൂന്നര മാസം കഴിഞ്ഞു. കുട്ടി സുഖം പ്രാപിച്ചു വരികയാണ്. പക്ഷെ, ചലനമില്ല.

ചലനം തുടങ്ങിയപ്പോഴേക്കും മാരകമായൊരു കുരു തലയെ ബാധിച്ചു. നിറയെ ചലമുള്ള വലിയൊരു കുരു! ഡോക്ടറെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു കുരു കാണുന്നത്. അപകടകരമായ ഈ സംഭവ വികാസം അദ്ദേഹം കുട്ടിയുടെ മാതാവിനെ അറിയിച്ചു. ‘അല്‍ ഹംദു ലില്ലാഹ്’ എന്നു പറഞ്ഞു മാറി നില്‍ക്കയാണ് ഇത്തവണയും അവര്‍ ചെയ്തത്!

തലച്ചോറും നാഡീവ്യൂഹവും കൈകാര്യം ചെയ്യുന്ന സര്‍ജിക്കല്‍ യൂനിറ്റിലേക്ക് കുട്ടിയെ ഉടനെ മാറ്റി. മൂന്നാഴ്ചകള്‍ക്ക് ശേഷം, ഈ കുരുവില്‍ നിന്നും കുട്ടി സുഖം പ്രാപിച്ചു. അവന്ന് അനങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്നു മാത്രം. രണ്ടു മാസം കഴിഞ്ഞു. അപ്പോഴേക്കും മറ്റൊരു രോഗം അവനെ ബാധിച്ചു കഴിഞ്ഞു. രക്തദൂഷണം! പനി 41. 2 ്C (106 ് F) വരെ എത്തി കഴിഞ്ഞു! ഗുരുതരമായ സംഭവവികാസം! ഇതും മാതാവിനെ അറിയിച്ചു. ‘അല്‍ ഹംദു ലില്ലാഹ്! എന്റെ നാഥാ, അവന്‍ സുഖം പ്രാപിക്കുന്നതില്‍ നന്മയുണ്ടങ്കില്‍, അവനെ സുഖപ്പെടുത്തേണമേ!’ ഇത് തന്നെയായിരുന്നു അവരുടെ അപ്പോഴത്തെയും പ്രതികരണം.

ബെഡ് 5 ല്‍ കിടക്കുന്ന ഈ കുട്ടിയുടെ അടുക്കല്‍ നിന്ന്, ബെഡ് 6 ല്‍  കിടക്കുന്ന മറ്റൊരു കുട്ടിയുടെ അടുത്ത് ഇദ്ദേഹം പോയി. ‘ഡോക്ടര്‍, ഡോക്ടര്‍, എന്തെങ്കിലുമൊന്ന് ചെയ്യൂ! കുട്ടിയുടെ പനി 37. 6 ്C (99. 68 ് F) ആയിരിക്കുന്നു. അവന്‍ മരിക്കാന്‍ പോവുകയാണ്. ‘ ആ കുട്ടിയുടെ മാതാവ് കരഞ്ഞു ആര്‍ത്തു വിളിക്കുകയാണ്. അത്ഭുതത്തോടെ അദ്ദേഹം പറഞ്ഞു: ‘ബെഡ് 5 ലെ കുട്ടിയുടെ മാതാവിനെ നോക്കു. അതിന്റെ പനി 41. 2 ്C (106 ് F) ആയിക്കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അവര്‍ ക്ഷമിക്കുന്നു. അല്ലാഹുവെ സ്തുതിക്കുന്നു!’  സ്ത്രീയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ആ സ്ത്രീക്ക് ബോധമില്ല.

’23 വര്‍ഷത്തെ ആശുപത്രി സേവനത്തിനിടക്ക്, ഇത്രയും സഹനശക്തിയുള്ള ഒരു സ്ത്രീയെ ഞാന്‍ കണ്ടിട്ടില്ല.’ ഡോക്ടര്‍ പറയുകയാണ്.

ഇപ്പോള്‍ ആറര മാസം കഴിഞ്ഞു. റീക്കവറി യൂനിറ്റില്‍ നിന്നും അവസാനമായി അവന്‍ പുറത്തു വന്നു. പക്ഷെ, സംസാരമില്ല,  കാഴ്ചയില്ല, കേള്‍വിയില്ല, ചലനമില്ല, ചിരിയില്ല. ഒരു തുറന്ന മാറിടം. അതില്‍ മിടിക്കുന്ന ഒരു ഹൃദയം! അത്രമാത്രം. എന്നും വസ്ത്രം മാറ്റിക്കൊടുത്തു കൊണ്ട്, സഹനത്തോടും പ്രത്യാശയോടും കൂടി മാതാവ് നിലകൊണ്ടു.

പിന്നെയെന്താണ് സംഭവിച്ചത്? വീണ്ടും രണ്ടരമാസം കഴിഞ്ഞു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍, ഭക്തയായ ഈ മാതാവിന്റെ പ്രതിഫലമെന്ന നിലയില്‍, കുട്ടി പൂര്‍ണമായി സുഖം പ്രാപിച്ചു. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍, അവനിപ്പോള്‍ സ്വന്തം കാലുകള്‍ കൊണ്ട്, മാതാവിനോട് മത്സരിച്ചോടുന്നു. മുമ്പത്തെ പോലെ, പൂര്‍ണ ആരോഗ്യവാനായി കഴിഞ്ഞിരിക്കുന്നു.

കഥ ഇത് കൊണ്ട് അവസാനിച്ചില്ല. അദ്ദേഹത്തെ കണ്ണീരൊലിപ്പിച്ചതും അമ്പരപ്പിച്ചതും മറ്റൊന്നായിരുന്നു.

അവന്‍ ആശുപത്രി വിട്ടു ഒന്നര വര്‍ഷം കഴിഞ്ഞു. ഓപറേഷന്‍ യൂനിറ്റിലെ ഒരു സഹോദരന്‍ വന്നു അദ്ദേഹത്തോട് പറഞ്ഞു: ‘ഒരാളും അയാളുടെ ഭാര്യയും രണ്ടു കുട്ടികളും താങ്കളെ കാണണമെന്ന് പറയുന്നു.’ ആരാണെന്ന് അയാള്‍ക്ക് അറിയില്ല. അദ്ദേഹം ചെന്നപ്പോള്‍, ആ കുട്ടിയുടെ മാതാപിതാക്കള്‍!

കുട്ടിക്കിപ്പോള്‍ വയസ്സ് അഞ്ച്. പൂര്‍ണ ആരോഗ്യവാന്‍! ഒന്നും സംഭവിക്കാത്തത് പോലെ. നാലു മാസം മാത്രം പ്രായമുള്ള ഒരു കുട്ടിയും കൂടെയുണ്ട്. അദ്ദേഹം സഹര്‍ഷം അവരെ സ്വാഗതം ചെയ്തു. ‘ഈ കുട്ടി പതിമൂന്നാമത്തേതോ, പതിനാലാമത്തേതോ ആയിരിക്കും?’ തമാശയോടെ അദ്ദേഹം ചോദിച്ചു. അല്‍പം ദയയോടെ അദ്ദേഹത്തെ നോക്കി, പുഞ്ചിരി തൂകിക്കൊണ്ട് അയാള്‍ പറഞ്ഞു: ഇത് രണ്ടാമത്തെ കുട്ടിയാണ്. താങ്കള്‍ ഓപറേഷന്‍ നടത്തിയത് ഒന്നാമത്തെ കുട്ടിയും! 17 വര്‍ഷത്തോളം സന്താനഭാഗ്യമില്ലാതെ കഴിഞ്ഞ ഞങ്ങള്‍ക്ക്  അല്ലാഹു കനിഞ്ഞേകിയതായിരുന്നു അവനെ. അവന്റെ കാര്യം താങ്കള്‍ക്കറിയുമല്ലോ.

ഇത് കേട്ട ഡോക്ടര്‍ക്ക് സ്വയം നിയന്ത്രിക്കാനായില്ല. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു.  വിചാരിക്കാതെ, സ്വന്തം മുറിയിലേക്ക് അയാളെ വലിച്ചു കൊണ്ടു പോയി, ഭാര്യയെ കുറിച്ച് അദ്ദേഹം ചോദിച്ചു. 17 വര്‍ഷം സന്താനഭാഗ്യമില്ലാതെ കഴിയുകയും  അവസാനം കിട്ടിയ കുട്ടിയില്‍ അത്തരം ഭീകരാവസ്ഥകള്‍ സംഭവിക്കുകയും ചെയ്തപ്പോള്‍, ഇത്രമാത്രം സഹനം കൈകൊള്ളാന്‍ കഴിഞ്ഞ ഈ ഭാര്യ ആരാണ്?

അദ്ദേഹത്തിന്റെ മറുപടി ഞെട്ടിക്കുന്നതായിരുന്നു:  ഈ സ്ത്രീയെ, ഞാന്‍ വിവാഹം കഴിച്ചിട്ട് 19 വര്‍ഷം കഴിഞ്ഞു. ഇക്കാലമത്രയും, ഹേതു കൂടാതെ, അവര്‍ തഹജ്ജുദ് ഉപേക്ഷിച്ചതായി ഞാന്‍ കണ്ടിട്ടില്ല. പരദൂഷണം പറയുന്നത് ഞാന്‍ കണ്ടിട്ടില്ല. കിംവദന്തികളോ നുണകളോ പറയുന്നത് ഞാന്‍ കണ്ടിട്ടില്ല.  ഞാന്‍ വീടു വിടുമ്പോള്‍ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. തിരിച്ചു വരുമ്പോള്‍ വാതില്‍ തുറന്നു തരുന്നു. സഹര്‍ഷം സ്വാഗതം ചെയ്യുന്നു. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും തികഞ്ഞ സ്‌നേഹവും ശ്രദ്ധയും അനുകമ്പയും മര്യാദയും കാണാം.’

അയാള്‍ ഇങ്ങനെ പറഞ്ഞു അവസാനിപ്പിച്ചു: ഡോക്ടര്‍, ഒരു കാര്യം തീര്‍ച്ചയാണ്. അവള്‍ എന്നോട് കാണിച്ച കുലീനവും സ്‌നേഹമസൃണവുമായ പെരുമാറ്റം കാരണം, അവളെ കണ്ണുയര്‍ത്തി നോക്കാന്‍ എനിക്ക് ലജ്ജയാണ്.

വിവ: കെ.എ ഖാദര്‍ ഫൈസി

Related Articles