Current Date

Search
Close this search box.
Search
Close this search box.

ഉമ്മുല്‍ ഫദ്ല്‍ ലുബാബ ബിന്‍ത് ഹാരിഥ് (റ)

ummul-fadl.jpg

ഉമ്മുല്‍ ഫദ്ല്‍ എന്നറിയപ്പെടുന്ന ലുബാബ ബിന്‍ത് ഹാരിഥ് ഹിലാലിയ്യ, അബ്ബാസ് ബിന്‍ അബ്ദില്‍ മുത്തലിബിന്റെ സഹധര്‍മ്മിണിയും, അബ്ദുല്ലാഹ് ബിന്‍ അബ്ബാസിന്റെ മാതാവും പ്രവാചക പത്‌നി മൈമൂന(റ)യുടെ സഹോദരിയുമാണ്. ഖദീജ(റ)ക്ക് ശേഷം ഇസ്‌ലാം സ്വീകരിച്ച പ്രഥമവനിതകളില്‍ പെട്ടവരാണിവരെന്ന് ഇബ്‌നു സഅദ് പറയുന്നു.

ഉമ്മുല്‍ ഫദ്‌ലിന്റെയും മൈമൂനയുടെയും വൈമാത്രേയ സഹോദരിമാരാണ് അസ്മയും സലമയും. ‘വിശ്വാസിനികളായ സഹോദരികള്‍’ എന്ന് പ്രവാചകന്‍ വിശേഷിപ്പിച്ചത് ഈ നാലു പേരെയാണ്.

പ്രവാചക കുടുംബത്തിന്ന് ധാരാളം ജോലികളും വീട്ടു പണികളും ചെയ്തു കൊടുത്തിരുന്ന ഉമ്മുല്‍ ഫദ്ല്‍, ഇസ്‌ലാമിക പ്രബോധനത്തിന്ന്, അണിയറയില്‍ നിരവധി സഹായവും സംഭാവനകളും അര്‍പ്പിച്ചിട്ടുണ്ട്. കാരണം, ഖദീജ(റ)യുടെ നിത്യ സന്ദര്‍ശകയായിരുന്ന ഇവര്‍, പലപ്പോഴും പ്രവാചകനെ കണ്ടിരുന്നു. അതിനാല്‍ തന്നെ, പുതിയ വിശ്വാസത്തെ കുറിച്ച് നബി(സ)യില്‍ നിന്ന് തന്നെ കേള്‍ക്കുക അവര്‍ക്ക് എളുപ്പമായിരുന്നു. തികച്ചും സത്യസന്ധതയോടും ഇസ്‌ലാമിക താല്‍പര്യങ്ങള്‍ക്കും വേണ്ടി, രഹസ്യം സൂക്ഷിക്കാനും വാഗ്ദാനം പാലിക്കാനും അവര്‍ മിടുക്കിയായിരുന്നു.

ഈ സമയത്ത് ഭര്‍ത്താവ് ഇസ്‌ലാമില്‍ നിന്ന് വളരെ അകലെയായിരുന്നുവെന്നത് ശ്രദ്ധേയമാണ്. വളരെ വൈകിയാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്. യഥാര്‍ത്ഥത്തില്‍ പ്രബോധന പ്രസ്ഥാനത്തിന്റെ തുടക്കത്തില്‍ അദ്ദേഹം ഉമ്മുല്‍ ഫദ്‌ലിന്ന് വിരുദ്ധനായിരുന്നു. മുസ്‌ലിംകള്‍ക്ക് യാതൊരു സഹായവും അദ്ദേഹം ചെയ്തിരുന്നില്ല. ഇതെല്ലാമായിട്ടും, കര്‍ത്തവ്യ ബോധത്തോടും സഹനത്തോടുമായിരുന്നു അവര്‍ ഭര്‍ത്താവിനോട് പെരുമാറിയിരുന്നത്.

പ്രവാചകനോടുള്ള അബൂജഹ്‌ലിന്റെ തെറ്റായ പെരുമാറ്റം, ഇബ്‌നു അബ്ബാസിന്റെ ജോലിക്കാരന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇസ്‌ലാം സ്വീകരിച്ചിരുന്നില്ലെങ്കിലും, പിതൃസഹോദരന്‍ എന്ന നിലക്ക്, കുപിതനായ അദ്ദേഹം, അത് തടയാന്‍ കുതിക്കുകയായിരുന്നു. ഒരു പക്ഷെ, ഗോത്ര സ്‌നേഹമായിരിക്കാം അദ്ദേഹത്തിന്നു പ്രചോദനം. ഈ സന്ദര്‍ഭത്തില്‍ അദ്ദേഹം ഒരു തീരുമാനത്തിലെത്തേണ്ടതുണ്ടായിരുന്നു:  ഒന്നുകില്‍, ഖുറൈശികള്‍ക്കിടയില്‍ തനിക്കുള്ള വലിയ സ്ഥാനം സംരക്ഷിക്കുക. അല്ലെങ്കില്‍, സഹോദര പുത്രന്ന് പിന്തുണയേകി രക്തബന്ധം പരിരക്ഷിക്കുക.

ഇതിന്നിടയില്‍, അബ്ബാസിന്റെ ഇസ്‌ലാമാശ്ലേഷം സംബന്ധമായ അല്ലാഹുവിന്റെ തീരുമാനം പ്രതീക്ഷിക്കുകയായിരുന്നു ഉമ്മുല്‍ ഫദ്ല്‍. താമസിയാതെ തന്നെ, തന്റെ പ്രിയതമന്‍ ഇസ്‌ലാമിന്റെ വെളിച്ചം കാണുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. ആളുകളുടെ സ്വത്തിലെ, അവിഹിതമായ ഇടപെടലും അദ്ദേഹം നിറുത്തിക്കളയുമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. പലിശക്കാരനായിരുന്ന അദ്ദേഹം അക്കാര്യത്തിലും പണക്കൊതിയിലും പ്രസിദ്ധനായിരുന്നു.

അഖബയോടുള്ള അബ്ബാസിന്റെ കൂറും, അതിലെ സ്ഥിരചിത്തതയും, ഉമ്മുല്‍ ഫദ്‌ലിനെ ആശ്ചര്യപ്പെടുത്തുകയും ആഹ്ലാദഭരിതയാക്കുകയും ചെയ്തിരുന്നു. യഥാര്‍ത്ഥത്തില്‍, തന്റെ സഹോദര പുത്രന്‍ മുഹമ്മദി(സ)ന്റെ ഒരു രക്ഷിതാവായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. പക്ഷെ, മുസ്‌ലിംകളോട് യുദ്ധം ചെയ്യാനായി ബദ്‌റിലേക്ക് പോയ ഖുറൈശികളൊന്നിച്ച് ഭര്‍ത്താവ് പുറപ്പെട്ടത്, ഉമ്മുല്‍ ഫദ്‌ലില്‍ അങ്ങേയറ്റം വേദനയും അസ്വസ്ഥതയുമാണുണ്ടാക്കിയത്. ‘എന്തിനാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നത്? പരസ്യമായി രംഗത്ത് വന്നു വിശ്വാസം പ്രഖ്യാപിച്ചു കൂടെ?’ അവര്‍ അത്ഭുതപ്പെടുകയായിരുന്നു. അന്ന് മുസ്‌ലിംകള്‍ക്ക് അല്ലാഹുവിന്റെ സഹായം ലഭിക്കുകയും യുദ്ധം വിജയിക്കുകയും, ഭര്‍ത്താവ് ബന്ധനസ്തനാക്കപ്പെടുകയും ചെയ്തപ്പോള്‍ അവരുടെ അസ്വസ്ഥത അഗാധവും ഉഗ്രവുമായി തീരുകയായിരുന്നു. എന്നാല്‍, തിരുമേനിയുടെ മഹാമനസ്‌കതയാല്‍ തന്റെ പിതൃസഹോദരന്‍ മോചിപ്പക്കപ്പെടുകയായിരുന്നു.

ഈയവസരത്തിലായിരുന്നു ഈമാനിന്റെ പ്രകാശം, അബ്ബാസ് ബ്‌നു അബ്ദില്‍ മുത്തലിബിന്റെ ഹൃദയത്തിലേക്ക് ഇഴഞ്ഞു കയറിയത്. അഹങ്കാരത്തിന്റെ അന്ധകാരം അദ്ദേഹത്തില്‍ നിന്ന് ഒഴുകാന്‍ തുടങ്ങുകയായിരുന്നു.  അല്‍ ഹംദു ലില്ലാഹ്! പ്രവാചകന്റെ പിതൃസഹോദരന്റെ ഇസ്‌ലാമാശ്ലേഷം വഴി, ബദര്‍ വിജയത്തിന്ന് മാറ്റു കൂടുകയായിരുന്നു. എത്ര അനുഗ്രഹീതമായൊരു കുടുംബം! അന്ത്യപ്രവാചകന്റെ സന്ദേശത്തില്‍ വിശ്വസിക്കാത്ത ആരും തന്നെ ആ കുടുംബത്തില്‍ അവശേഷിച്ചിരുന്നില്ല. അവിടുത്തെ ഏറ്റവും അടുത്ത സഹായികളായിരുന്നു അവര്‍.

പലായനത്തിന്ന് സാധിക്കാത്ത ദുര്‍ബ്ബലരും പാവങ്ങളുമായ മുസ്‌ലിംകളുടെ ഒരഭയ കേന്ദ്രമായി തീരുകയായിരുന്നു, ഉദാരമതിയായ ഉമ്മുല്‍ ഫദ്‌ലിന്റെ ഭവനം. ശാരീരിക പോരാട്ടത്തിന്നുള്ള അവസരം നിഷേധിക്കപ്പെട്ടുവെങ്കിലും, ശത്രുക്കളുമായി ഇപ്പോഴും പോരാട്ടത്തിലാണിവരെന്ന് അവര്‍ക്കറിയാമായിരുന്നു. ഖുറൈശികളുമായുള്ള ശത്രുതയോടൊപ്പം മക്കയില്‍ തന്നെ നിലകൊള്ളാനാണല്ലോ അവരുടെ തീരുമാനം.

ഖൈബര്‍ വിജയത്തെ കുറിച്ച് കേട്ട ദിവസമായിരുന്നു ഉമ്മുല്‍ ഫദ്‌ലിന്നും അബ്ബാസിന്നും ഏററവും ആഹ്ലാദകരമായ ദിനം. പക്ഷെ, അവര്‍ അത് മനസ്സിലാക്കിയത് വളരെ വൈകിയായിരുന്നുവെന്ന് മാത്രം. സംഭവം ഇങ്ങനെ:

തനിക്കവകാശപ്പെട്ട ധനവും കിട്ടാനുള്ള കടങ്ങളും വീണ്ടെടുക്കാനായി, മക്കയില്‍ പോകാന്‍, ഹജ്ജാജ് ബിന്‍ അല്ലാത്, തിരുമേനി(സ)യോട് അനുമതി തേടി. അവിടുന്ന് അനുമതി കൊടുക്കുക മാത്രമല്ല, തദാവശ്യാര്‍ത്ഥം ഉപയോഗിക്കേണ്ടി വരുന്ന സൂത്രങ്ങള്‍ക്കും സമ്മതം കൊടുക്കുകയായിരുന്നു. മക്കയിലെത്തിയ ഹജ്ജാജാകട്ടെ, മുഹമ്മദ് വധിക്കപ്പെട്ടിരിക്കുന്നുവെന്നും മുസ്‌ലിംകള്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നും പ്രചരിപ്പിക്കുകയായിരുന്നു. മാത്രമല്ല, നിരവധി മുസ്‌ലിംകളെ ജൂതന്മാര്‍ വധിക്കുകയും സ്ത്രീകളെ ബന്ധിതരാക്കുകയും ചെയ്തിരിക്കുന്നുവെന്നും അയാള്‍ പ്രചരിപ്പിച്ചു. ഖുറൈശികള്‍ ഇത് വിശ്വസിക്കുകയായിരുന്നു. അങ്ങനെ, തന്റെ സ്വത്തുക്കളും കിട്ടാനുള്ള കടങ്ങളും അദ്ദേഹം വീണ്ടെടുത്തു. മദീനയിലേക്ക് തിരിച്ചു വന്നു.

എന്നാല്‍, തദവസരത്തില്‍ മക്കയിലുണ്ടായിരുന്ന അബ്ബാസ് ബിന്‍ അബ്ദില്‍ മുത്തലിബ്, ഹജ്ജാജിനെ സമീപിച്ച് യഥാര്‍ത്ഥം അന്വേഷിക്കുകയുണ്ടായി. കാരണം, സഹോദര പുത്രന്‍ വധിക്കപ്പെട്ടുവെന്ന കാര്യം അദ്ദേഹത്തെ അതീവ ദുഖിതനാക്കിയിരുന്നു. അദ്ദേഹത്തെ സത്യാവസ്ഥ ധരിപ്പിച്ച ഹജ്ജാജ്, മൂന്നു ദിവസം വാര്‍ത്ത മറച്ചു വെക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. ആഹ്ലാദ ഭരിതനായ അബ്ബാസ് അതംഗീകരിക്കുയും, ഭാര്യ ഉമ്മുല്‍ ഫദ്‌ലിനോട് വിവരം പറയുകയും ചെയ്തു. രഹസ്യം സൂക്ഷിക്കുന്നതിലും വാക്കു പാലിക്കുന്നതിലും ഉമ്മുല്‍ ഫദ്‌ലിന്റെ കഴിവായിരുന്നു, ഇക്കാര്യത്തില്‍ അവരെ വിശ്വസിക്കാന്‍ അദ്ദേഹത്തിന്നു ധൈര്യമേകിയത്. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം, ഏറ്റവും നല്ല വസ്ത്രങ്ങള്‍ ധരിച്ച്, സഹധര്‍മ്മിണി പൂശിക്കൊടുത്ത സുഗന്ധ ദ്രവ്യത്തിന്റെ വാസനയുമായി അബ്ബാസ് കഅബയുടെ മുറ്റത്തെത്തി. സാധാരണയില്‍, ഖുറൈശി പ്രമുഖരുടെയും സാധാരണക്കാരുടെയും സംഗമസ്ഥാനമായിരുന്നു അവിടെ. സന്തോഷത്താല്‍ പ്രശോഭിതനായ അദ്ദേഹത്തെ കണ്ടപ്പോള്‍, അവര്‍ കളിയാക്കാന്‍ തുടങ്ങി. ‘ഓ, അബുല്‍ ഫദ്ല്‍, ഒരു ആപത്തില്‍ സഹനം പ്രദര്‍ശിപ്പിക്കുന്നതിങ്ങനെയോ?’ അവര്‍ ചോദിച്ചു. ഖൈബറില്‍ മുസ്‌ലിംകള്‍ക്കേറ്റ പരാജയമായിരുന്നു സൂചന. പക്ഷെ, ഈ പരിഹാസം അദ്ദേഹത്തെ തകിടം മറിച്ചില്ല. അവരെ ഒന്നടങ്കം വിഡ്ഡികളാക്കി, തനിക്കവകാശപ്പെട്ടതെല്ലാം വീണ്ടടുത്തു കൊണ്ടു പോയ ഹജ്ജാജിന്റെ കഥ പറഞ്ഞു കൊടുക്കുക മാത്രമാണദ്ദേഹം ചെയ്തത്. അദ്ദേഹം ഇത്ര കൂടി പറഞ്ഞു: ജൂതരാജാവായ ഹുയയ്യു ബിന്‍ അഖ്തബിന്റെ പുത്രിയുടെ ഭര്‍ത്താവാണിപ്പോള്‍ എന്റെ സഹോദര പുത്രന്‍ മുഹമ്മദ്!

അവര്‍ അമ്പരന്നു! അവര്‍ക്ക് വിശ്വസിക്കാനായില്ല! അനീതി പരമായി തങ്ങള്‍ ആസ്വദിക്കുകയായിരുന്ന അധികാരവും ശക്തിയും തങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ പോവുകയാണെന്നു അവര്‍ക്ക് തോന്നി. അവരുടെ ചിന്ത എത്ര ശരിയായിരുന്നു!

ഹുദൈബിയ്യ സന്ധിവരെ, ഉമ്മുല്‍ ഫദ്‌ലും അബ്ബാസും മക്കയില്‍ തന്നെ കഴിഞ്ഞു. സഹാബികളൊന്നിച്ച് ഉംറത്തുല്‍ ഖദാഇന്നെത്തിയ പ്രവാചകന്‍ മൂന്നു ദിവസം മക്കയില്‍ താമസിച്ചു. ഉമ്മുല്‍ ഫദ്‌ലിന്റെ സഹോദരി മൈമൂനയെ അവിടുന്ന് വിവാഹാലോചന നടത്തുകയും ചെയ്തു. വിധവയായിരുന്ന അവര്‍, അബ്ബാസിന്റെ സംരക്ഷണയില്‍, സഹോദരീ ഭവനത്തില്‍ കഴിയുകയായിരുന്നു. തീര്‍ത്ഥാടകരെല്ലാം മക്ക വിട്ടു. അബ്ബാസ്-ഉമ്മുല്‍ ഫദ്ല്‍ കുടുംബം ഒന്നടങ്കം മദീനയിലേക്ക് പോയി.

മദീനയില്‍, സഹോദരി മൈമൂനയേയോ, പ്രവാചക പത്‌നിമാരെയോ കാണാനായി ഉമ്മുല്‍ ഫദ്ല്‍, ഇടക്കിടെ, നബി കുടുംബം സന്ദര്‍ശിക്കാറുണ്ടായിരുന്നു. അവരുടെ സ്വഭാവ മഹിമ കാരണം എല്ലാവരും അവരെ ഇഷ്ടപ്പെട്ടു. ഒരിക്കല്‍, തിരുമേനി(സ)യെ സമീപിച്ചു കൊണ്ട് അവര്‍ പറഞ്ഞു: തിരു ദൂതരെ, അങ്ങയുടെ ശരീരത്തിന്റെ ഒരു ഭാഗം എന്റെ വീട്ടിലുള്ളതായി ഞാന്‍ സ്വപ്‌നം കണ്ടിരിക്കുന്നു!

തിരുമേനി(സ) സ്വപ്‌നം വ്യാഖ്യാനിച്ചത് ഇങ്ങനെ: ഫാത്വിമ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കും. ഖുത്മിന്റെ (ഉമ്മു ഫദ്‌ലിന്റെ മകനാണുദ്ദേശ്യം) പാലു കൊണ്ട് നിങ്ങള്‍ അവനെ ശുശ്രൂഷിക്കും! പിന്നീട്, പ്രവാചക പുത്രി ഫാത്വിമ(റ) ഹുസൈനി(റ)ന്ന് ജന്മം നല്‍കുകയും, സ്വന്തം മകന്‍ ഖുത്മിനോടൊപ്പം, കുട്ടിയെ ഉമ്മുല്‍ ഫദ്ല്‍ ശുശ്രൂഷിക്കുകയും ചെയ്തു.

മതത്തെ കുറിച്ച അഗാധ ജ്ഞാനം അവര്‍ക്കുണ്ടായിരുന്നു. ഒരു ഉദാഹരണം. തിരുമേനി(സ)യോടൊപ്പം ഹജ്ജത്തുല്‍ വിദാഇല്‍ അവരും പങ്കെടുത്തിരുന്നു. അറഫയില്‍ വെച്ച് ആളുകള്‍ക്കിടയില്‍ ഒരു തര്‍ക്കം ഉത്ഭവിച്ചു: തിരുമേനി(സ) നോമ്പുകാരനാണോ അല്ലെയോ എന്നതായിരുന്നു തര്‍ക്കം. ഈ തര്‍ക്കം തീര്‍ക്കാന്‍ ശ്രദ്ധേയമായ ഒരു സൂത്രമാണ് ഉമ്മുല്‍ ഫദ്ല്‍ പ്രയോഗിച്ചത്. ഒരു പാത്രം പാല്‍ അവര്‍ നബി(സ)യുടെ കയ്യില്‍ കൊടുത്തു. അവിടുന്ന് ജനങ്ങളുടെ സാന്നിധ്യത്തില്‍, അത് വാങ്ങി മുഴുവന്‍ കുടിച്ചു. ഇതോടെ, നബി(സ) നോമ്പുകാരനല്ലെന്ന് വ്യക്തമായി. നോമ്പെടുത്തിരുന്ന സഹാബികളും അതോടെ നോമ്പൊഴിവാക്കി. യഥാര്‍ത്ഥത്തില്‍, അറഫാ ദിനത്തില്‍ ഹാജിക്ക് നോമ്പ് പാടില്ലെന്ന് തിരുമേനിയില്‍ നിന്ന് അവര്‍ കേട്ടിരുന്നതാണ്. ആളുകളുമായി അനാവശ്യ സംസാരത്തിന്ന് നില്‍ക്കാതെ, ഈ സൂത്രത്തിലൂടെ തര്‍ക്കം പരിഹരിക്കാന്‍ അവര്‍ക്കു കഴിഞ്ഞത്, അവരുടെ ജ്ഞാനത്തെയും യുക്തിയെയുമാണ് വിളിച്ചോതുന്നത്.

വിവ : കെ.എ. ഖാദര്‍ ഫൈസി

Related Articles