Current Date

Search
Close this search box.
Search
Close this search box.

അവള്‍ പറയുന്നു, തലമറക്കാന്‍ ഖുര്‍ആന്‍ കല്‍പിച്ചിട്ടില്ല

സ്ത്രീകള്‍ തലമറക്കണമെന്ന് ആവശ്യപ്പെടുന്ന വല്ല ആയത്തും ഖുര്‍ആനിലുണ്ടോ? എന്ന ചോദ്യമാണ് അവള്‍ ചോദിച്ചത്. ചോദ്യകര്‍ത്താവിനോട് ഒന്ന് സ്വയം പരിചയപ്പെടുത്താന്‍ പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു: യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രി ഫൈനല്‍ ഇയറിന് പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് ഞാന്‍. എന്റെ അറിവനുസരിച്ച് തലമറക്കാന്‍ അല്ലാഹു കല്‍പിച്ചിട്ടില്ല. അതുകൊണ്ട് ഞാന്‍ തലമറക്കുന്നില്ല, എന്നാല്‍ അല്‍ഹംദുലില്ലാഹ് ഞാന്‍ ദീനീ നിഷ്ഠ പുലര്‍ത്തുന്നവളാണ്. ഇത്രയും പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു: എന്നാല്‍ ഞാനൊരു ചോദ്യം ചോദിക്കട്ടെ?
അവള്‍ പറഞ്ഞു: ചോദിച്ചോളൂ.
ഞാന്‍ ചോദിച്ചു: ഒരേ കാര്യം തന്നെ മൂന്ന് വ്യത്യസ്ത വാക്കുകളുപയോഗിച്ച് ഞാന്‍ നിന്നോട് പറഞ്ഞാല്‍ എന്താണ് നീ മനസ്സിലാക്കുക?
അവള്‍ ചോദിച്ചു: എന്താണുദ്ദേശിക്കുന്നത്?
ഞാന്‍ പറഞ്ഞു: നീ നിന്റെ യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. പിന്നെ പറയുന്നു യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയെന്ന് വ്യക്തമാക്കുന്ന പേപ്പര്‍ കൊണ്ടുവരണം. മൂന്നാമതായി പറയുന്നു യൂണിവേഴ്‌സിറ്റിയിലെ ഫൈനല്‍ റിസള്‍ട്ടിന്റെ റിപോര്‍ട്ട് കാണിക്കണം. ഇതെല്ലാം കേട്ടാല്‍ എന്താണ് നീ മനസ്സിലാക്കുക?
അവള്‍ പറഞ്ഞു: ഞാന്‍ യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റ് കാണിക്കും. കാരണം നിങ്ങള്‍ ഉപയോഗിച്ച പേപര്‍, റിപോര്‍ട്ട്, സര്‍ട്ടിഫിക്കറ്റ് എന്നീ വാക്കുകളിലൊന്നും സംശയത്തിനും തെറ്റിധാരണക്കും ഇടമില്ല.
ഞാന്‍ അവളോട് പറഞ്ഞു: അത് തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്.

എന്നാല്‍ ഇതും ഹിജാബും തമ്മിലെന്ത് ബന്ധം എന്നായി അവള്‍. ഞാന്‍ പറഞ്ഞു: സ്ത്രീകളുടെ ഹിജാബിനെ കുറിക്കാന്‍ അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ മൂന്ന് സാങ്കേതിക പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് കേട്ട് അവള്‍ ആശ്ചര്യത്തോടെ എന്നെ നോക്കി. സ്ത്രീ ശരീരത്തെ മറക്കുന്ന വസ്ത്രത്തെ ഹിജാബ്, ജില്‍ബാബ്, ഖിമാര്‍ എന്നീ മൂന്നു പേരുകളിലാണ് അല്ലാഹു പരിചയപ്പെടുത്തുന്നത്. മൂന്ന് പദങ്ങളുപയോഗിച്ചെങ്കിലും അതിന്റെ ആശയം ഒന്നു തന്നെയാണ്.

അല്ലാഹു വിശേഷിപ്പിക്കുന്നത് കാണുക: ‘അവരുടെ ഖിമാറുകള്‍ താഴ്ത്തിയിട്ട് മാറുകള്‍ മറയ്ക്കട്ടെ.’  മറ്റൊരിടത്ത് പറയുന്നു: ‘അല്ലയോ പ്രവാചകാ, സ്വപത്‌നിമാരോടും പെണ്‍മക്കളോടും വിശ്വാസികളിലെ വനിതകളോടും അവരുടെ ജില്‍ബാബ് താഴ്ത്തിയിടാന്‍ പറയുക.’ മൂന്നാമതായി മറ്റൊരിടത്ത് പറയുന്നു: ‘ പ്രവാചക പത്‌നിമാരോട് വല്ലതും ചോദിക്കേണ്ടിവരുമ്പോള്‍, മറക്കു പിന്നില്‍ നിന്നുകൊണ്ടുവേണം ചോദിക്കാന്‍.’ ഈ ആയത്തുകളൊന്നും ഹിജാബ് ധരിക്കാന്‍ ആവശ്യപ്പെടുന്നില്ലേ? അവള്‍ പറഞ്ഞു: നിങ്ങളുടെ സംസാരം എന്നെ ബോധവതിയാക്കിയിരിക്കുന്നു. ഞാന്‍ പറഞ്ഞു: അവ മൂന്നിന്റെയും അര്‍ഥങ്ങള്‍ കൂടി ഞാന്‍ വിശദീകരിക്കാം. സ്ത്രീ തലമറക്കുന്ന വസ്ത്രത്തിനാണ് ഖിമാര്‍ എന്നു പറയുന്നത്. അതു താഴ്ത്തിയിട്ട് മാറു കൂടി മറക്കാനാണ് ഒന്നാമത്തെ ആയത്ത് ആവശ്യപ്പെടുന്നത്. നീളവും വീതിയുമുള്ള തലകൂടി മറക്കാന്‍ പറ്റുന്ന തരത്തിലുള്ള വസ്ത്രമാണ് ജില്‍ബാബ്. മൊറോക്കോയില്‍ വളരെ വ്യാപകമായി കാണപ്പെടുന്ന വസ്ത്രധാരണ രീതിയില്‍ പെട്ടതാണിത്. അപ്രകാരം ഹിജാബ് എന്നതിനര്‍ത്ഥം മറക്കുന്നത് എന്നുമാണ്.

അവള്‍ പറഞ്ഞു: തലമറക്കേണ്ടത് നിര്‍ബന്ധമാണെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ പറഞ്ഞു: അതെ, നിന്റെ ഉള്ളില്‍ അല്ലാഹുവോടും അവന്റെ ദൂതനോടും സ്‌നേഹമുണ്ടെങ്കില്‍. വസ്ത്രം രണ്ടു തരത്തിലാണ്. ഒന്ന് ശരീരം മറക്കുന്നത്. അത് അല്ലാഹുവും അവന്റെ ദൂതനും നിര്‍ബന്ധമാണെന്ന് കല്‍പിച്ചിരിക്കുന്നു. രണ്ടാമത്തേത് ആത്മാവിനും ഹൃദയത്തിനുമുള്ള വസ്ത്രമാണ്. ഒന്നാമത് പറഞ്ഞ വസ്ത്രത്തേക്കാള്‍ ഉത്തമമാണതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ‘തഖ്‌വയുടെ വസ്ത്രം അതാണ് ഉത്തമം.’ ശരീരത്തെ മറക്കുന്ന സ്ത്രീകള്‍ക്ക് പോലും തഖ്‌വയുടെ വസ്ത്രം നഷ്ടമാകുന്നു എന്നതാണ് ഇത് പ്രത്യേകം പറയാന്‍ കാരണം. ഈ രണ്ടു വസ്ത്രവും സ്ത്രീകള്‍ ധരിക്കേണ്ടതുണ്ട്. അപ്രകാരം സ്ത്രീകള്‍ ബാധകമാവുന്നത് പോലെ പുരുഷന്‍മാര്‍ക്കും ബാധകമായ വസ്ത്രമാണിത്.

അവള്‍ പറഞ്ഞു: ഞാന്‍ വിചാരിച്ചിരുന്നത് ഹിജാബിനെ കുറിച്ച് ഖുര്‍ആന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു. ഞാന്‍ അവളോട് പറഞ്ഞു: ഖുര്‍ആന്‍ മാത്രമല്ല അതിനെ ശക്തിപ്പെടുത്തുന്ന ധാരാളം ഹദീസുകളുമുണ്ട്. മുസ്‌ലിം പണ്ഡിതന്‍മാര്‍ക്കിടയിലും എതിരഭിപ്രായമില്ലാത്ത വിഷയമാണിത്. അല്ലാഹുവിനെ അനുസരിച്ച് അവന്റെ സാമീപ്യം നേടാനാന് എപ്പോഴും നീ ശ്രമിക്കേണ്ടത്. മനുഷ്യനില്‍ നിന്നും പിശാച് താല്‍പര്യപ്പെടുന്നതാണ് നഗ്നത. നമ്മുടെ ആദ്യ പിതാവ് ആദമിന്റെയും മാതാവ് ഹവ്വയുടെ അടുത്ത് പിശാച് അതാണ് ചെയ്തത്. അവള്‍ ചോദിച്ചു: എന്താണ് നിങ്ങളുദ്ദേശിക്കുന്നത്? ഞാന്‍ മറുപടി കൊടുത്തു: സ്വര്‍ഗത്തിലെ ഒരു മരം ഒഴികെയുള്ള എല്ലാ മരങ്ങളില്‍ നിന്നും ഭക്ഷിക്കാന്‍ അവരോട് അല്ലാഹു കല്‍പിച്ചു. ‘ചെകുത്താന്‍ അവരെ വഞ്ചിച്ചുഅവരില്‍ പരസ്പരം മറയ്ക്കപ്പെട്ടിരുന്ന നഗ്‌നതകള്‍ വെളിപ്പെടുത്താന്‍.’ പിശാചിന്റെ വഞ്ചനയില്‍ പെട്ട അവര്‍ക്ക് സംഭവിച്ചതെന്താണെന്നും ഖുര്‍ആന്‍ തന്നെ വിവരിക്കുന്നു: ‘ഇവ്വിധം മോഹിപ്പിച്ച്, അവന്‍ അവരെ പാട്ടിലാക്കി. അങ്ങനെ ആ വൃക്ഷഫലം രുചിച്ചപ്പോള്‍ ഇരുവര്‍ക്കും അവരുടെ നഗ്‌നത വെളിപ്പെട്ടു. അവര്‍ ഉദ്യാനത്തിലെ ഇലകള്‍ കൊണ്ട് താന്താങ്ങളുടെ നഗ്‌നത മറയ്ക്കാന്‍ തുടങ്ങി.’  ആ ഫലം ഭക്ഷിക്കരുതെന്ന അല്ലാഹുവിന്റെ കല്‍പന ധിക്കരിച്ച അവരുടെ നഗ്നത വെളിപ്പെട്ടു. മനുഷ്യരെ പൂര്‍ണ നഗ്നതയിലെത്തിക്കുക എന്നതാണ് പിശാചിന്റെ ലക്ഷ്യം. ആദമും ഹവ്വയും ഉടന്‍ പശ്ചാത്തപിച്ചു മരത്തിന്റെ ഇലകളുപയോഗിച്ച് തങ്ങളുടെ നഗ്നത മറച്ചു. വസ്ത്രമെന്നത് ആദമിനെ സൃഷ്ടിച്ച കാലം മുതല്‍ക്കുള്ള ഒരു വിഷയമാണ്. വസ്ത്രം ഒരാളുടെ വ്യക്തിത്വത്തിലുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ നീ ശ്രമിക്കണം. കാരണം വസ്ത്രം ഒരു ഭാഷയും സന്ദേശവും സ്വത്വവുമാണ്.

ഹിജാബ് ഇത്രത്തോളം ഗൗരവപ്പെട്ട വിഷയമാണെന്ന് എനിക്കറിയില്ലായിരുന്നു എന്നാണ് അവളിപ്പോള്‍ പറയുന്നത്. ഞാന്‍ തമാശയായി ചോദിച്ചു: അല്ല, നീ ഹിജാബാണോ ജില്‍ബാബാണോ ഖിമാറാണോ ധരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അവള്‍ പുഞ്ചിരിയോടെ പറഞ്ഞു: എന്നാല്‍ ഞാന്‍ വലുതാകുമ്പോള്‍ ഹിജാബ് ധരിക്കും. ഞാനവളോട് പറഞ്ഞു: അല്ലാഹു നിന്നോട് കല്‍പിച്ചതിന് വിരുദ്ധമായിട്ടാണ് നീയിപ്പോള്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്നതും. ആശ്ചര്യപ്പെട്ടു കൊണ്ട് അവള്‍ ചോദിച്ചു: എങ്ങനെ? ഞാന്‍ പറഞ്ഞു: വാര്‍ധക്യത്തിലെത്തിയ സ്ത്രീകള്‍ക്ക് അല്ലാഹു ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘യുവത്വം പിന്നിട്ട് ഇരുപ്പിലായ വിവാഹമാശിക്കാത്ത സ്ത്രീകള്‍, സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്നവരാകാതെ, മേല്‍വസ്ത്രങ്ങള്‍ ഊരിവെക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍, അവരും ലജ്ജാവതികളായിവര്‍ത്തിക്കുന്നതാകുന്നു ഏറെയുത്തമം.’ വാര്‍ധക്യത്തിലെത്തി വീട്ടില്‍ തന്നെ കഴിഞ്ഞു കൂടുന്ന സ്ത്രീകളുടെ ഭാഗത്ത് നിന്ന് ശരീരം മറക്കുന്ന കാര്യത്തില്‍ വരുന്ന വീഴ്ച്ച കാര്യമാക്കേണ്ടതില്ല എന്നു പറയുന്നതോടൊപ്പം തന്നെ ഒരു ഉപാധി കൂടി പറയുന്നു. ശരീര സൗന്ദര്യ പ്രദര്‍ശനം എന്ന ഉദ്ദേശ്യത്തോടെ ആയിരിക്കരുത് അതെന്നതാണത്. അവള്‍ ഇടക്കു കയറി പറഞ്ഞു: വൃദ്ധകള്‍ക്ക് അല്ലാഹു ഹിജാബിന്റെ കാര്യത്തില്‍ ഇളവ് നല്‍കിയിട്ടുണ്ടെങ്കില്‍, ഞങ്ങള്‍ ചെറിയ പ്രായത്തിലുള്ളവരല്ലേ അതിന് കൂടുതല്‍ അര്‍ഹതയുള്ളവര്‍? ഞാന്‍ പറഞ്ഞു: നീ ബുദ്ധിമതിയാണ്. നമസ്‌കാരമെല്ലാം കൃത്യമായി നിര്‍വഹിക്കാറുണ്ടെന്ന് തുടക്കത്തില്‍ നീ പറഞ്ഞല്ലോ, നമസ്‌കാരത്തില്‍ നീ തലമറക്കാറുണ്ടോ? അവള്‍ അതെയന്ന് ഉത്തരം പറഞ്ഞു. അതെന്തിനാണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ കുറച്ച് സമയത്തെ മൗനത്തിന് ശേഷം അവള്‍ പറഞ്ഞു: എനിക്കറിയില്ല. ചിരിച്ചു കൊണ്ട് ഞാനവളോട് ചോദിച്ചു: അല്ലാഹുവിന്റെ മുമ്പിലാകുമ്പോള്‍ പൂര്‍ണമായും ശരീരം മറക്കുകയും ജനങ്ങളുടെ മുമ്പില്‍ അത്ര തന്നെ മറക്കേണ്ടതില്ലെന്നും ഇസ്‌ലാം കല്‍പിക്കുമെന്ന് നീ വിശ്വസിക്കുന്നുണ്ടോ? എന്റെ ചോദ്യം കേട്ട് ആശ്ചര്യത്തോടെ നില്‍ക്കുന്ന അവളോട് ഞാന്‍ പറഞ്ഞു: നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായ ഇബാദത്താണ് നമസ്‌കാരം. അപ്രകാരം നമ്മുടെ ജീവിതവും അല്ലാഹുവിന് ഇബാദത്ത് ചെയ്യാനുള്ളതാണ്. അതുകൊണ്ട് സ്ത്രീ അവളുടെ നമസ്‌കാരത്തില്‍ ധരിക്കുന്ന വസ്ത്രം തന്നെയാണ് ജീവിതത്തിലും വേണ്ടത്.

മൊഴിമാറ്റം : നസീഫ്‌

Related Articles