സ്ത്രീകളോട് തങ്ങളുടെ സ്‌ത്രൈണ പ്രകൃതിയില്‍ നിന്നും പുറത്ത് കടക്കാനാണ് പാശ്ചാത്യ സംസ്‌കാരം ആവശ്യപ്പെടുന്നത്. അത് കൊണ്ട് തന്നെ പശ്ചാത്യന്‍ രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ പോയി ജോലി ചെയ്യാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണുളളത്. സ്ത്രീ പുരുഷര്‍ സമാനരല്ല എന്ന ദൈവിക ഉദ്‌ബോധനത്തെ അവര്‍ വിസ്മരിച്ചിരിക്കുന്നു. ജോലിക്കായി പുറത്ത് പോകുന്ന സ്ത്രീ തങ്ങളുടെ കുടുംബ ജീവിതവിജയത്തിന് നിദാനമായ നിരവധി ഗുണങ്ങള്‍ കയ്യൊഴിയേണ്ടിവരുന്നു. മാത്രമല്ല, പൗരുഷത്തിന്റെതായ പല ഗുണങ്ങളും ആര്‍ജിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. അത് അവരില്‍ മാനസികവും ശാരീരികവുമായ പല സംഘര്‍ഷങ്ങളുണ്ടാക്കുന്നു. വശ്യമായ സംസാരവും നൈര്‍മല്യതയും അവളുപേക്ഷിക്കുകയും സൗന്ദര്യം പ്രകടിപ്പിക്കുന്നതില്‍ വിമുഖത കാണിക്കുകയും ചെയ്യുന്നതു മൂലം അവളുടെ പ്രകൃതത്തില്‍ പല തകരാറുകളുമുണ്ടാകുന്നു. പകരമായി അവളില്‍ പരുഷതയും വൈകാരിക വരള്‍ച്ചയും മത്സര-സംഘട്ടന ബോധവും ഉടലെടുക്കുന്നു. ഇത് അവളുടെ ജീവിതത്തില്‍ മാനസിക സമ്മര്‍ദ്ധങ്ങള്‍ക്കും ടെന്‍ഷനും വഴിയൊരുക്കുന്നു.
സ്ത്രീ-പുരുഷന്മാര്‍ക്കിടയില്‍ ബാഹ്യ- ആന്തരിക രൂപത്തിലും ശരീരശാസ്ത്രപരവും മനശ്ശാസ്ത്ര പരവുമായ 2200 വ്യത്യാസങ്ങള്‍ ഉണ്ട്. അപ്രകാരം അവരുടെ ധര്‍മത്തിലും ഉത്തരവാദിത്തത്തിലും വ്യത്യാസങ്ങളുണ്ട്. ജോലി ചെയ്യുക, സമ്പാദിക്കുക തുടങ്ങിയ വീട്ടിനു പുറത്തുള്ള ജോലികള്‍ നിര്‍വഹിക്കുക എന്നത് പുരുഷന്റെ ധര്‍മങ്ങളില്‍ പെട്ടതാണ്. സന്താനങ്ങളുടെ പരിപാലനം, ശിക്ഷണം, വീട്ടിലെ ഉത്തരവാദിത്തങ്ങള്‍, ഭര്‍തൃപരിചരണം തുടങ്ങിയ ധര്‍മങ്ങള്‍ സ്ത്രീകള്‍ക്കനുയോജ്യമായതാണ്. വീടിനു പുറത്തുള്ള വിവിധ ജോലികളില്‍ ഏര്‍പ്പെടാന്‍ പറ്റിയ രീതിയിലാണ് പുരുഷനെ രൂപപ്പെടുത്തപ്പെട്ടിട്ടുള്ളത്. വീട്ടകങ്ങളിലെ ജോലി നിര്‍വഹിക്കാനനുഗുണമായ രീതിയിലാണ് സ്ത്രീയുടെ സൃഷ്ടിപ്പ്. ഇത് രണ്ടും ഭിന്നങ്ങളല്ല, ഒന്നില്ലാതെ ജീവിക്കാന്‍ സാധ്യമാകാത്ത വിധം പരസ്പര പൂരകങ്ങളാണ്.
പരസ്പര സ്‌നേഹവും കാരുണ്യവും ശാന്തിയും ഇണക്കവും ഇണകള്‍ക്കിടയില്‍ ഉണ്ടാകണമെങ്കില്‍ ഈ വൈവിധ്യങ്ങളെ കുറിച്ച് നല്ല ധാരണ ഉണ്ടാവേണ്ടതുണ്ട്. സ്ത്രീ-പുരുഷന്മാര്‍ക്കിടയില്‍ അല്ലാഹു നിര്‍ണയിച്ച ഈ വൈവിധ്യങ്ങളെയും വ്യത്യസ്തമായ ധര്‍മങ്ങളെയും കുറിച്ച് ജീവിത പങ്കാളികള്‍ക്കിടയില്‍ നല്ല ബോധ്യം ഉണ്ടായിരിക്കണം. പരസ്പര ബന്ധത്തിന് വിഘാതമാകുന്ന രോഗങ്ങളെ തിരിച്ചറിയുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നതോടൊപ്പം ജീവിത സൗഭാഗ്യത്തിനനുഗുണമായ മൂല്യങ്ങള്‍ ആര്‍ജിക്കുകയും ചെയ്യേണ്ടതുണ്ട്. അത്തരത്തില്‍ സന്തുഷ്ട കുടുംബമായി ജീവിക്കുന്നതിലാണ് ജീവിത വിജയം.
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്