Women

സ്ത്രീ വിമോചനത്തിന്റെ ഇസ്‌ലാമിക മാതൃക -2

സ്ത്രീ വിമോചനത്തിന്റെ ഇസ്‌ലാം സമര്‍പിച്ച ഉദാത്ത മാതൃകയാണ് പ്രവാചക പ്രിയപത്‌നിയായിരുന്ന  ആഇശ(റ). ഹദീസുകള്‍ നിവേദനം ചെയ്യുകയും, പ്രവാചക ചര്യ സംരക്ഷിക്കുകയും, സഹാബാക്കള്‍ സംശയം ചോദിച്ചിരുന്ന പണ്ഡിതയും മുജ്തഹിദയുമായിരുന്നു അവര്‍. പൊതുകാര്യങ്ങളില്‍ പോലും അവര്‍ ആഇശ(റ)യോട് കൂടിയാലോചിച്ചിരുന്നു. യുദ്ധ യാത്രകളില്‍ പ്രവാചക(സ)നോടൊപ്പം ഓട്ടമത്സരം വരെ നടത്താറുണ്ടായിരുന്നു അവര്‍.

ഉമര്‍ ബിന്‍ ഖത്താബി(റ)ന്റെ മകള്‍ ഹഫ്‌സ മറ്റൊരു മഹതിയായിരുന്നു. മക്കയില്‍ വെച്ച് തന്നെ ഇസ്‌ലാം സ്വീകരിച്ച, മദീനയിലേക്ക് ഹിജ്‌റ ചെയ്ത, കവയത്രിയും പ്രഭാഷകയുമായിരുന്ന, ഹദീസ് നിവേദനം ചെയ്തിരുന്ന മഹിളയായിരുന്നു പ്രവാചക പത്‌നി ഹഫ്‌സ(റ). അബൂബക്‌റിന്റെ കാലത്ത് വിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരിച്ചതിന് ശേഷം ഉമ്മത്ത് അത് സൂക്ഷിക്കാനേല്‍പിച്ചത് അവരെയായിരുന്നു. ഉഥ്മാ(റ)ന് അത് ഏല്‍പിക്കുന്നത് വരെ പ്രസ്തുത ഉത്തരവാദിത്തം അവര്‍ ഭംഗിയായി ഏറ്റെടുത്ത് നിര്‍വഹിച്ചു. അതില്‍ നിന്ന് കോപ്പികളെടുത്ത് പട്ടണങ്ങളിലേക്ക് അയച്ചു കൊടുത്തു. ഉമര്‍ ബിന്‍ ഖത്താബി(റ)ന്റെ വിയോഗത്തിന് ശേഷം നടന്ന ഖിലാഫത്ത് സംബന്ധിച്ച ചര്‍ച്ച ആസൂത്രണം ചെയ്തതും വ്യവസ്ഥപ്പെടുത്തിയതും അവരായിരുന്നു. തന്റെ പിതാവിന്റെ മരണത്തെ തുടര്‍ന്ന് അനുശോചന കാവ്യം ചൊല്ലുകയും, അദ്ദേഹത്തിന്റെയും അബൂബക്‌റിന്റെയും ശ്രേഷ്ഠതകളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രഭാഷണം നടത്തുകയും ചെയ്തു അവര്‍.

ഉമ്മു അമ്മാറ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അന്‍സാരിയായ നുസൈബ ബിന്‍ത് കഅ്ബ്(റ) ഇസ്‌ലാമിന്റെ പാകമായ മധുര ഫലങ്ങളിലൊന്നായിരുന്നു. ആദ്യ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അടിത്തറയായിരുന്ന അഖബ ഉടമ്പടിയില്‍ പങ്കെടുത്തു അവര്‍. ഹിജ്‌റ ആറാം വര്‍ഷം നടന്ന ബൈഅതുര്‍റിള്‌വാനില്‍ പങ്കെടുക്കാനും അവര്‍ക്ക് സാധിച്ചു. ദൈവികമാര്‍ഗത്തില്‍ രണാങ്കണത്തില്‍ പോരാടാനും അവര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഉഹ്ദ് യുദ്ധത്തിലെ നിര്‍ണായ സന്ദര്‍ഭത്തില്‍ പ്രവാചകന് ചുറ്റും വലയം തീര്‍ത്ത വിരലിലെണ്ണാവുന്ന ആളുകളില്‍ ഒരുവളായിരുന്നു ഉമ്മു അമ്മാറ. പ്രവാചകന്റെ മുന്‍പല്ല് പൊട്ടിയ, തിരുശരീരത്തില്‍ നിന്ന് രക്തമൊഴുകിയ ആ ദിനത്തില്‍ തനിക്ക് ചുറ്റും കോട്ടകെട്ടി പോരാടിയ ഉമ്മു അമ്മാറയെയാണ് പ്രവാചകന്‍ കണ്ടത്. ‘എവിടെ മുഹമ്മദ്? അവന്‍ രക്ഷപ്പെട്ടാല്‍ ഞാന്‍ രക്ഷപ്പെടില്ല’ എന്ന് പറഞ്ഞ് പ്രവാചകനെ വധിക്കാന്‍ മുന്നോട്ട് വന്ന ഇബ്‌നു ഖമീഅയെ പ്രതിരോധിച്ചത് അവരായിരുന്നു. പ്രവാചകന് നേരെ ഓങ്ങിയ കുന്തം തന്റെ മുതുക് കൊണ്ട് തടുക്കുകയാരുന്നു അവര്‍. അതിനെതുടര്‍ന്ന് അവരുടെ മുതുകില്‍ ആഴത്തിലുള്ള മുറിവ് പറ്റി. ഉമ്മു അമ്മാറയുടെ മകനും ആ യുദ്ധത്തില്‍ പങ്കെടുത്തിരുന്നു. അത്കണ്ട പ്രവാചകന്‍(സ) മകനെ വിളിച്ച് ഇപ്രകാരം പറഞ്ഞു ‘നിന്റെ ഉമ്മയെ ശ്രദ്ധിക്കുക, അവരുടെ മുറിവ് പരിചരിക്കുക, അഹ്‌ലു ബൈതില്‍ പെട്ട നിങ്ങളുടെ കുടുംബത്തെ അല്ലാഹു അനുഗ്രഹിക്കട്ടെ…’ എന്നിട്ട് അവിടെയുണ്ടായിരുന്ന ഒരാളുടെ പരിച വാങ്ങി ഉമ്മു അമ്മാറക്ക് നല്‍കി. അവരുടെ ധൈര്യത്തില്‍ അല്‍ഭുതപ്പെട്ട പ്രവാചകന്‍(സ) ചോദിച്ചുവത്രെ ‘അല്ലയോ ഉമ്മുഅമ്മാറ, നിനക്ക് സാധിക്കുന്നത് മറ്റാര്‍ക്ക് സാധിക്കും? ഈ ദിവസം ഉമ്മു അമ്മാറയുടെ സ്ഥാനം മറ്റുള്ളവരെക്കാള്‍ ഉത്തമമാണ്. ഞാന്‍ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞാല്‍ എനിക്ക് ചുറ്റും യുദ്ധം ചെയ്ത് കൊണ്ട് അവരുണ്ടായിരുന്നു അവിടങ്ങളില്‍.’ അന്ന് ശരീരത്തില്‍ പതിമൂന്ന് മുറിവുകളുമായാണ് യുദ്ധക്കളത്തില്‍ നിന്നും അവര്‍ മടങ്ങിയത്. സ്വര്‍ഗത്തില്‍ പ്രവാചകന്റെ സഹവാസം ലഭിക്കാന്‍ പ്രാര്‍ത്ഥിക്കാന്‍ അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയും പ്രവാചകന്‍(സ) അപ്രകാരം പ്രാര്‍ത്ഥിക്കുകയും ചെയ്തു.

അസ്മാഅ് ബിന്‍ത് യസീദ് ഇസ്‌ലാമിക ദര്‍ശനത്തില്‍ ലോകത്ത് പ്രകാശിതമായ മറ്റൊരു നക്ഷത്രമായിരുന്നു. അഖബ ഉടമ്പടിയില്‍ അവരും സന്നിഹിതരായിരുന്നു. യര്‍മൂക് യുദ്ധത്തിലും, ശാമിലെ പോരാട്ടങ്ങളിലും പങ്കെടുത്ത അവര്‍ ഒമ്പതോളം റോമന്‍ സൈനികരെ കൊലപ്പെടുത്തുകയുണ്ടായി. വളരെയധികം ബുദ്ധിസാമര്‍ത്ഥ്യവും, വിവേകവും ദൈവബോധവുമുള്ള സ്ത്രീയായിരുന്നു അവര്‍. മിമ്പറുകളെ പ്രകമ്പനം കൊള്ളിച്ച പ്രഭാഷകയും, സ്ത്രീകളെ സംഘടിപ്പിക്കാനും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും ശേഷിയുള്ള നേതാവുമായിരുന്ന അവരെ ചരിത്ര ഗ്രന്ഥങ്ങള്‍ വിശേഷിപ്പിക്കുന്നത് തന്നെ ‘സ്ത്രീകളുടെ പ്രതിനിധി’ എന്നാണ്. അവരാണ് പ്രവാചകസന്നിധിയില്‍ വെച്ച് ഇപ്രകാരം പറഞ്ഞു ‘എന്റെ പിന്നിലുള്ള സ്ത്രീകളുടെ പ്രതിനിധിയാണ് ഞാന്‍. ഞാന്‍ പറയുന്ന കാര്യത്തില്‍ അവര്‍ക്കും എനിക്കും ഒരേ അഭിപ്രായമാണുള്ളത്. താങ്കളുടെ മേല്‍ പുരുഷന്‍മാര്‍ അതിജയിച്ചിരിക്കുന്നു. അതിനാല്‍ താങ്കള്‍ ഒരു ദിവസം ഞങ്ങള്‍ക്ക് വിജ്ഞാനമാര്‍ജിക്കാന്‍ വേണ്ടി മാറ്റി വെക്കുക.’ അപ്രകാരം പ്രവാചകന്‍(സ) അവര്‍ക്ക് ദീന്‍ പഠിപ്പിക്കുന്നതിനും, ഉപദേശിക്കുന്നതിനും ഒരു ദിവസം നിശ്ചയിക്കുകയും ചെയ്തു. പ്രവാചകനില്‍ നിന്ന് എണ്‍പതിലധികം ഹദീസുകള്‍ അവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്ത്രീ വിമോചനത്തിന്റെ ഇസ്‌ലാമിക മാതൃകയില്‍ പ്രശോഭിതമായി നില്‍ക്കുന്ന ഏതാനും മഹതികളുടെ നാമങ്ങള്‍ മാത്രമാണ് മേല്‍സൂചിപ്പിച്ചത്.

പ്രവാചകന്‍(സ) അല്ലാഹുവിന്റെ അടുത്തേക്ക് മടങ്ങിയ സന്ദര്‍ഭത്തില്‍ ലോകത്ത് ഇസ്‌ലാമിക സന്ദേശിത്തിന്റെ വാഹകരായി ഉണ്ടായിരുന്നത് ഏകദേശം 124,000 പേരായിരുന്നു. ജീവചരിത്ര പണ്ഡിതന്മാര്‍ പ്രവാചക പാഠശാലയില്‍ വളര്‍ന്നവരെയും, അദ്ദേഹത്തില്‍ നിന്ന് ഇസ്‌ലാം നുകര്‍ന്നവരെയും ക്രോഡീകരിച്ചപ്പോള്‍ ആകെ രേഖപ്പെടുത്തപ്പെട്ടത് അവരില്‍ എണ്ണായിരത്തോളം പേര്‍ മാത്രമാണ്. അവരില്‍ തന്നെയും ആയിരത്തിലധികം സ്ത്രീകളാണുണ്ടായിരുന്നത്. അതായത് ഇസ്‌ലാം സൃഷ്ടിച്ച സാമൂഹിക വിപ്ലവത്തിലൂടെ എട്ടില്‍ ഒന്ന് എന്ന തോതില്‍ സ്ത്രീകള്‍ പങ്കാളികളായിരുന്നുവെന്ന് ചുരുക്കം. കേവലം കാല്‍നൂറ്റാണ്ടുകള്‍ക്കിടയിലാണ് ഇസ്‌ലാം ഈ വിപ്ലവമാറ്റം സാധിച്ചതെന്നത് നാം പ്രത്യേകം മനസ്സിലാക്കണം. ലോകചരിത്രത്തിലെ ഒരു വിപ്ലവത്തിലും ഇത്തരത്തില്‍ സ്ത്രീകളുടെ ഉന്നമനം സാധ്യമായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ജാഹിലിയ്യത്തിന്റെ ചരിത്രഗതിയില്‍ നടമാടിയിരുന്ന ചില ആചാരങ്ങളും, സമ്പ്രദായങ്ങളുമായിരുന്നു ഇസ്‌ലാമിന് മുന്നുള്ള അറബ് സമൂഹത്തെ നയിച്ചിരുന്നത് എങ്കില്‍ പോലും ഇസ്‌ലാമിന്റെ മധുരഫലങ്ങള്‍ പൂഴ്ത്തിവെക്കാനോ, സ്ത്രീവിമോചനത്തിലെ പങ്ക് തമസ്‌കരിക്കാനോ പര്യാപ്തമായിരുന്നില്ല. ഇസ്‌ലാമിക ലോകത്തെ ബാധിച്ച നാഗരിക പതനത്തിന്റെ കാലഘട്ടത്തില്‍ പോലും പ്രസ്തുത ഫലങ്ങള്‍ ശ്രദ്ധേയമായി രംഗത്തുണ്ടായിരുന്നു. അതിനാല്‍ തന്നെ നമ്മുടെ സാമൂഹിക ഇസ്‌ലാമിക ജീവിതം കര്‍മശാസ്ത്ര വിശാരദകളും, ഹദീസ് പണ്ഡിതകളും, കവയത്രികളും, സാഹിത്യകാരികളുമായ മഹിളാരത്‌നങ്ങളെക്കൊണ്ട് നിബിഢമാണ്.

ഉമര്‍ റിദാ കഹാല തന്റെ ചരിത്ര-ജീവചരിത്ര ഗ്രന്ഥം രചിച്ചപ്പോള്‍ മൂവായിരത്തിലധികം വരുന്ന, ഇസ്‌ലാമിക നാഗരിക ചരിത്രത്തില്‍ ശോഭിച്ച് നിന്നിരുന്ന പണ്ഡിതകളുടെ നാമമാണ് രേഖപ്പെടുത്തിയത്. അത് പോലും അറബ് ലോകത്ത് മാത്രമായിരുന്നു എന്ന് നാം പ്രത്യേകം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇസലാമിക സമൂഹത്തിലെ കേവലം അഞ്ചിലൊന്ന് മാത്രമാണ് അന്ന് അറേബ്യന്‍ ഉപദ്വീപില്‍ ഉണ്ടായിരുന്നത്.

ഇസ്‌ലാമിക ദര്‍ശനം ജീവസ്സുറ്റതാണ്. വിവിധ മേഖലകളില്‍ നിപുണരായ സ്ത്രീ-പുരുഷ ജനങ്ങളെ ഒരുക്കാന്‍ പ്രസ്തുത ദര്‍ശനത്തിന് സാധിച്ചിട്ടുണ്ട്. സ്ത്രീസ്വാതന്ത്ര്യത്തിന്റെ ഈറ്റില്ലമെന്ന് വ്യാജവാദം മുഴക്കുന്ന പാശ്ചാത്യ നാഗരികതയുടെ ചരിത്രത്തില്‍ പതിനാറ് വര്‍ഷത്തോളം ഗോളശാസ്ത്രത്തില്‍ ഒരു സ്ത്രീ പോലും ഉണ്ടായിരുന്നില്ല എന്നത് മറച്ച് വെക്കാനാവാത്ത കാര്യമാണ്.

വിവ : അബ്ദുല്‍ വാസിഅ് ധര്‍മഗിരി
 

Facebook Comments
Related Articles
Show More
Close
Close