Women

സ്ത്രീ ക്ലാസെടുക്കുന്ന മസ്ജിദുകള്‍

മസ്ജിദില്‍ വെച്ചായിരുന്നു പ്രവാചകന്‍ തിരുമേനി (സ) ജനങ്ങള്‍ക്ക് ക്ലാസുകള്‍ എടുക്കുകയും, ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ മരണശേഷം അനുയായികളും അതേ പാത തന്നെ പിന്തുടര്‍ന്നു. അതേസമയം, സ്ത്രീകള്‍ മസ്ജിദുകളില്‍ ഇത്തരത്തിലുള്ള വ്യവസ്ഥാപിതമായ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതായ റിപ്പോര്‍ട്ടുകളൊന്നും ഇല്ലെങ്കില്‍ പോലും, ആയിരകണക്കിന് നബി വചനങ്ങള്‍ അഥവാ ഹദീഥുകള്‍ സ്ത്രീകളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കാണാന്‍ സാധിക്കും. കൂടാതെ, സ്വഹാബി വനിതകളുടെ, പ്രത്യേകിച്ച് പ്രവാചക പത്‌നിമാരുടെ പ്രവാചക തിരുസുന്നത്തിലുള്ള ആധികാരികമായ പാണ്ഡിത്യത്തിന്റെ സാക്ഷ്യപത്രം കൂടിയാണത്. പ്രവാചക കാലശേഷം പ്രവാചകനില്‍ നിന്നുള്ള തിരുസുന്നത്തുകള്‍ ഉദ്ധരിച്ചിരുന്ന സ്വഹാബി വനിതകളില്‍ നിന്നും, താബിഈ വനിതകളില്‍ നിന്നും ഹദീഥ് പണ്ഡിതന്‍മാര്‍ ഹദീഥുകള്‍ പഠിച്ചിരുന്നു എന്നതും ഒരു വസ്തുതയാണ്.

ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ ഹദീഥ് സംരക്ഷണത്തില്‍ സ്ത്രീകളുടെ പങ്കുമായി ബന്ധപ്പെട്ട തന്റെ ഗ്രന്ഥത്തില്‍, ഗവേഷകയായ ആമാല്‍ ഖര്‍ദാഷ് അക്കാലത്തെ മഹാന്‍മാരായ ഹദീഥ് പണ്ഡിതന്‍മാര്‍ക്ക് ഹദീഥ് വിജ്ഞാനം പകര്‍ന്ന് നല്‍കിയിരുന്ന വനിതകളായ ഹദീഥ് നിവേദകരെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇമാം മാലിക് ഇബ്‌നു അനസിന്റെ മകള്‍ ഫാത്തിമ, ഖദീജ ഉമ്മു മുഹമ്മദ്, സൈനബ് ബിന്‍ത് സുലൈമാന്‍ അല്‍ഹാഷിമിയ്യ, സൈനബ് ബിന്‍ത് സുലൈമാന്‍ ബിന്‍ അബൂ ജാഫര്‍ അല്‍മന്‍സൂര്‍, ഉമ്മു ഇംറഅത്തു ഥഖാഫിയ്യ, അസമാഅ് ബിന്‍ത് അസദ് ബിന്‍ അല്‍ഫുറാത്ത്, സുലൈഖ ബിന്‍ത് അബീ നഈം അല്‍ ഫദ്ല്‍ ബിന്‍ ദുഖൈന്‍, സാംമ്‌ന ബിന്‍ത് ഹംദാന്‍ അല്‍അന്‍ബൈയ്യ, അബ്ദ ബിന്‍ത് അബ്ദുറഹ്മാന്‍ ബിന്‍ മുസ്അബ് തുടങ്ങിയ ഹദീഥ് പണ്ഡിതകള്‍ അവരില്‍ ചിലരാണ്.

മഹാന്മാരായ ഇമാമുമാര്‍ ഹദീഥുകള്‍ ഉദ്ധരിച്ച സ്വഹാബി വനിതകളുടെ എണ്ണവും ഗ്രന്ഥകാരി നല്‍കുന്നുണ്ട്:

# ഇമാം ബുഖാരി തന്റെ അല്‍ജാമിഅ് അസ്വഹീഹ് എന്ന ഗ്രന്ഥത്തില്‍ 31 സ്വഹാബി വനിതകളില്‍ നിന്നും ഹദീഥ് ഉദ്ധരിച്ചിട്ടുണ്ട്.
# ഇമാം മുസ്‌ലിം തന്റെ അല്‍ജാമിഅ് അസ്വഹീഹ് എന്ന ഗ്രന്ഥത്തില്‍ 36 സ്വഹാബി വനിതകളില്‍ നിന്നും ഹദീഥ് ഉദ്ധരിച്ചതായി കാണാം.
# അബൂ ദാവൂദ് തന്റെ സുനനില്‍ 75 സ്വഹാബി വനിതകളില്‍ നിന്നും ഹദീഥ് ഉദ്ധരിക്കുന്നുണ്ട്.
# ഇമാം തിര്‍മിദി തന്റെ സുനന്‍ അല്‍ജാമിഇല്‍ 46 സ്വഹാബി വനിതകളില്‍ ഹദീഥ് ഉദ്ധരിക്കുന്നതായി കാണാം.
# ഇമാം നസാഇ തന്റെ അല്‍മുജ്തബ മിന സുനന്‍ എന്ന ഗ്രന്ഥത്തില്‍ 65 സ്വഹാബി വനിതകളില്‍ നിന്നും ഹദീഥുകള്‍ ഉദ്ധരിക്കുന്നുണ്ട്.
# ഇബ്‌നു മാജ, അദ്ദേഹത്തിന്റെ സുനന്‍ എന്ന ഗ്രന്ഥത്തില്‍ 60 സ്വഹാബി വനിതകളില്‍ നിന്നും ഹദീഥ് ഉദ്ധരിച്ചിട്ടുണ്ട്.

തുടര്‍ന്ന് ഖര്‍ദാഷ് പറയുന്നു, ‘പ്രവാചക പത്‌നിമാര്‍ എല്ലാവരും ഇഹലോകവാസം വെടിഞ്ഞതിന് ശേഷം മാത്രമാണ് സ്വഹാബി വനിതകളില്‍ നിന്നും ഹദീഥുകള്‍ ഉദ്ധരിക്കുന്നതില്‍ കുറവ് വന്നത്. പണ്ഡിത സ്ത്രീകള്‍ നിരന്തരമായി പ്രവാചകപത്‌നിമാരെ സന്ദര്‍ശിക്കുകയും, വിജ്ഞാനസംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും, അന്വേഷിച്ചറിയുകയും ചെയ്യുമായിരുന്നു. ഇളയതലമുറയില്‍ പെട്ട സ്വഹാബിമാരായ അനസ് ബിന്‍ മാലിക്, അബ്ദുല്ലാഹിബ്‌നു അബി ഔഫ്, ഇബ്‌നു ഉമര്‍ തുടങ്ങിയവര്‍ മരണപ്പെടുന്നത് വരേക്കും വളരെ കാലം സ്വഹാബി വനിതകളില്‍ നിന്നും ഹദീഥുകള്‍ നിവേദനം ചെയ്യുന്നത്, വലിയ തോതില്ലല്ലെങ്കില്‍ പോലും, തുടര്‍ന്നു പോന്നിരുന്നു.’(1)

പിന്നീട് സ്വഹാബി വനിതകളില്‍ നിന്നുള്ള ഹദീഥ് നിവേദനത്തില്‍ കുറവ് സംഭവിക്കാനുള്ള കാരണം ഇസ്‌ലാമിക നാഗരികതയുടെ പതനമാണെന്നാണ് ഗ്രന്ഥകാരി നിരീക്ഷിക്കുന്നത്. കാലക്രമേണ സ്ത്രീകളെ മസ്ജിദുകളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയതുമായും ചിലപ്പോള്‍ ആ വിജ്ഞാനധാര നിലച്ചു പോകാന്‍ കാരണമായിട്ടുണ്ടാകാം.

വിജ്ഞാനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും മേഖലകളില്‍ ഇടപെടുമ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നതിലേക്ക് വെളിച്ചം വീശുന്നതാണ് ആ സുവര്‍ണ്ണകാലഘട്ടത്തിലെ മുസ്‌ലിം പണ്ഡിതകളെ കുറിച്ച് നമുക്ക് ലഭിക്കുന്ന വിലപ്പെട്ട വിവരങ്ങള്‍.

മസ്ജിദുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അറിവ് പകര്‍ന്നു കൊടുക്കുന്നതില്‍ നിന്നും, ക്ലാസുകള്‍ എടുക്കുന്നതില്‍ നിന്നും സ്ത്രീകളെ വിലക്കി കൊണ്ടുള്ള തെളിവുകളൊന്നും തന്നെ പ്രമാണങ്ങളില്‍ നിന്നും ലഭ്യമല്ല. അതേസമയം, ഇസ്‌ലാമിക നാഗരികതയിലും, പ്രമാണബന്ധിതവും യുക്ത്യാധിഷ്ഠിതവുമായ ശരീഅത്തിന്റെ വിവിധ മേഖലകളിലും സജീവമായി ഇടപെട്ടിരുന്ന സ്ത്രീ പാണ്ഡിത്യത്തെയാണ് ചരിത്രം നമുക്ക് കാണിച്ചു തരുന്നത്.

(1) دور المرأة في خدمة الحديث في القرون الثلاثة الأولى  (Women Role in Serving Hadith During the First Three Decades), Aamala Qurdash bint al-Husain, Al-Ummah Book, Ministry of Awqaf and Islamic Affairs, Researches and Studies Center, Qatar, Volume: 70, 1999.

മൊഴിമാറ്റം: irshad shariathi

Facebook Comments
Show More

Related Articles

Close
Close