Women

സ്ത്രീ; ഇസ്‌ലാമിലും ഇതര സംസ്‌കാരങ്ങളിലും

ദൈവം ആണിനെയും പെണ്ണിനെയും വൈവിധ്യങ്ങളോടെയാണ് സൃഷ്ടിച്ചിട്ടുള്ളത്. സ്ത്രീകളുടെ ജൈവശാസ്ത്ര വ്യത്യസ്തതകള്‍ പ്രധാനമായും ഗര്‍ഭം ധരിക്കാനും കുട്ടികളെ വളര്‍ത്താനും അവരെ യോഗ്യരാക്കുന്ന തരത്തിലുള്ളതാണ്. അതേസമയം, പുരുഷന്‍മാരാണ് കുടുംബത്തെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത്. കാരണം, ശാരീരികമായ കരുത്ത് കൂടുതലുള്ളത് പുരുഷനാണ്.

എന്നാല്‍, പ്രാചീന കാലം മുതല്‍ തന്നെ ഇത്തരം വ്യത്യാസങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പുരുഷന്‍മാര്‍ സ്ത്രീകളോട് അനീതി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നത് തീര്‍ച്ചയാണ്. ചരിത്രത്തിലുടനീളം നിരവധി സാമൂഹ്യ-സാമ്പത്തിക അവകാശങ്ങളാണ് സത്രീകള്‍ക്ക് നിഷേധിക്കപ്പെട്ടത്. പടിഞ്ഞാറാകട്ടെ, സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കാന്‍ ചില ചരിത്രസംഭവങ്ങള്‍ സമൂഹങ്ങളെ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ സത്രീകള്‍ക്ക് നല്‍കിയ അവകാശങ്ങളിലൂടെ മറ്റു പല രീതികളിലും ലാഭം കൊയ്യുകയായിരുന്നു പടിഞ്ഞാറ് ചെയ്തത്. അതിനാലാണ് ഇന്ന് നാം കാണുന്ന വളരെ മോശമായ അവസ്ഥയിലേക്ക് പടിഞ്ഞാറന്‍ സമൂഹം എത്തിച്ചേര്‍ന്നത്.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്‌ലാമിന്റെ ആഗമനത്തോടു കൂടിയാണ് അറേബ്യയില്‍ നിലനിന്നിരുന്ന സ്ത്രീകള്‍ക്കെതിരായ ചൂഷണങ്ങള്‍ക്ക് അന്ത്യംകുറിക്കപ്പെടുന്നത്. ഇസ്‌ലാം മാത്രമാണ് സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കുകയും അവരുടെ കഴിവുകളെ അംഗീകരിക്കുകയും ചെയ്തിട്ടുള്ളത്. ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പിന് വേണ്ടി സ്ത്രീക്കും പുരുഷനും തുല്യപങ്കാണ് വഹിക്കാനുള്ളത്. അതിനനുയോജ്യമായ അന്തരീക്ഷമാണ് ഇസ്‌ലാം നല്‍കുന്നത്.

സ്ത്രീകള്‍ പടിഞ്ഞാറന്‍ സംസ്‌കാരത്തില്‍
പുരാതന യൂറോപ്പില്‍ മനുഷ്യര്‍ എന്നതിലുപരി ഒരു വസ്തുവായാണ് സ്ത്രീകളെ പുരുഷന്‍മാര്‍ കണക്കാക്കിയിരുന്നത്. ഉദാഹരണത്തിന് The Politics എന്ന പുസ്തകത്തില്‍ ഗ്രീക്ക് തത്വചിന്തകനായ അരിസ്റ്റോട്ടില്‍ പറയുന്നതിങ്ങനെയാണ്: ‘പ്രകൃത്യാ തന്നെ പുരുഷന്‍മാര്‍ക്കാണ് സ്ത്രീകളുടെ മേല്‍ ആധിപത്യമുള്ളത്. പുരുഷനാണ് സ്ത്രീയുടെ മേല്‍ ഭരണാവകാശമുള്ളത്.’

പ്രാചീനലോകം സ്ത്രീകളെ പൂര്‍ണ്ണമായും അവഗണിക്കുകയാണ് ചെയ്തിട്ടുള്ളത്. തീരുമാനമെടുക്കാനുള്ള അവകാശം പോലും അവര്‍ക്കുണ്ടായിരുന്നില്ല. പുരുഷന്‍മാരെയായിരുന്നു അവര്‍ തങ്ങളുടെ ജീവിതത്തിലുടനീളം ആശ്രയിച്ചിരുന്നത്. സ്ത്രീകളുടെ കൈവശമുള്ളതെല്ലാം അവരുടെ പിതാക്കള്‍ക്കോ ഭര്‍ത്താക്കന്‍മാര്‍ക്കോ അവകാശപ്പെട്ടതായിരുന്നു. അവരുടെ അനുവാദമില്ലാതെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അധികാരമുണ്ടായിരുന്നില്ല. അനന്തരാവകാശമൊന്നും അവര്‍ക്ക് ലഭിച്ചിരുന്നില്ല. ദരിദ്രരായ സ്ത്രീകള്‍ മാത്രമാണ് ജോലി ചെയ്തിരുന്നത്. സമ്പന്നരായ സ്ത്രീകള്‍ വീട്ടില്‍ തന്നെയായിരുന്നു തങ്ങളുടെ സമയം ചെലവഴിച്ചിരുന്നത്. അന്യപുരുഷന്‍മാരുമായി സംസാരിക്കുന്നതില്‍ നിന്നും അവരെ തടയുന്നതിനായിരുന്നു ഭര്‍ത്താക്കന്‍മാര്‍ അവരെ വീടുകളില്‍ തന്നെ നിര്‍ത്തിയിരുന്നത്. മറ്റുള്ള പുരുഷന്‍മാരുമായി സംസാരിക്കുന്നത് വേശ്യാവൃത്തിയുടെ അടയാളമായിട്ടായിരുന്നു കരുതപ്പെട്ടിരുന്നത്. സ്പാര്‍ട്ടയില്‍ (Sparta) സഹോദരന്‍മാര്‍ ഒരു ഭാര്യയെ പരസ്പരം പങ്കുവെക്കുന്ന രീതിയും ഭാര്യയെ കടം വാങ്ങുന്ന സമ്പ്രദായവും വരെ പോലും പോലുമുണ്ടായിരുന്നു!

റോമന്‍ സാമ്രാജ്യവും സ്ത്രീകളെ സമാനരീതിയില്‍ തന്നെയാണ് പരിഗണിച്ചിരുന്നത്. കുറഞ്ഞ കാലത്തേക്കാണെങ്കിലും അഗസ്റ്റസ് (Augustus) ചക്രവര്‍ത്തിയാണ് സത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന ചില നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ തയ്യാറായത്. വ്യഭിചാരത്തെ അദ്ദേഹം നിരോധിക്കുകയും ഗവണ്‍മെന്റ് ഓഫീസുകളില്‍ ജോലിചെയ്യാന്‍ സ്ത്രീകളെ അനുവദിക്കുകയും ചെയ്തു. എന്നാല്‍ പുരുഷന്‍മാരുടെ ശക്തമായ പ്രതിഷേധം മൂലം അത്തരം നിയമങ്ങള്‍ ഏറെക്കാലം നിലനിന്നില്ല.

ക്രൈസ്തവതക്ക് പോലും പടിഞ്ഞാറിലെ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടില്ല. നിരോധിക്കപ്പെട്ട മരത്തില്‍ നിന്ന് പഴം തിന്നാന്‍ നിര്‍ബന്ധിച്ചതിലൂടെ ഹവ്വയാണ് സ്വര്‍ഗത്തില്‍ നിന്നും മനുഷ്യനെ പുറത്താക്കാന്‍ കാരണക്കാരിയെന്നാണ് ബൈബിള്‍ പറയുന്നത്. അതിന് ശിക്ഷയായാണ് സ്ത്രീകള്‍ പ്രസവവേദന അനുഭവിക്കുന്നതെന്നും ബൈബിള്‍ പറയുന്നു. ഭര്‍ത്താവ് ‘നിങ്ങളുടെ മേല്‍ ഭരണം നടത്തുമെന്ന്’ സ്ത്രീകളെ ബൈബിള്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. (ഉല്‍പത്തി പുസ്തകം- 3:16)

സ്ത്രീകള്‍ കൊള്ളരുതാത്തവരും ആശ്രയിക്കാന്‍ പറ്റാത്തവരും ധാര്‍മ്മികമായി പുരുഷന്‍മാരേക്കാള്‍ താഴ്ന്നവരുമാണെന്ന (Ecclesiastes 7:2628 and Ecclesiasticus 25:19, 24) പൊതുവിശ്വാസമാണ് അതിലൂടെ രൂപപ്പെട്ടത് എന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല, സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കുകയും അവരെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന ഒരു സമൂഹം യൂറോപ്പില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു. (Timothy 2:11-14)

പതിനെട്ടാം നൂറ്റാണ്ടിലുണ്ടായ വ്യവസായ വിപ്ലവം സാമ്പത്തിക ഘടനയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരികയുണ്ടായി. അത് താഴ്ന്ന വര്‍ഗത്തില്‍ പെട്ട സ്ത്രീകളെ തൊഴില്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തു. അക്കാലത്ത് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നേടാനുള്ള അവകാശം ലഭിച്ചെങ്കിലും രാഷ്ട്രീയവും ബിസിനസ്സും കൈകാര്യം ചെയ്തത് പുരുഷന്‍മാര്‍ തന്നെയായിരുന്നു.

നിശ്ശബ്ദതയായിരുന്നു അന്ന് സ്ത്രീകളുടെ ഒരു പ്രധാനപ്പെട്ട പ്രത്യേകത. എന്നാല്‍ പതിയെ ആ അവസ്ഥക്ക് മാറ്റം വരികയുണ്ടായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ തന്നെ സ്ത്രീകള്‍ ബിരുദം കരസ്ഥമാക്കാനും അധ്യാപികരായും നഴ്‌സുമാരായും ജോലി ചെയ്യാനും ആരംഭിച്ചിരുന്നു. ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്താകട്ടെ, സത്രീകള്‍ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് രൂപം കൊടുക്കാനും സാമ്പത്തിക-രാഷ്ട്രീയ-വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി സംസാരിക്കാനും തുടങ്ങുകയുണ്ടായി.

സ്‌കാന്റിനേവിയന്‍ രാജ്യങ്ങളാണ് സ്ത്രീകള്‍ക്ക് ആദ്യമായി അവരുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കുന്നത്. അതിനെ തുടര്‍ന്നാണ് matrimonial causes act (1857) ലൂടെ സാധാരണ ജനങ്ങള്‍ക്ക് വിവാഹമോചനത്തിനുള്ള അവകാശം ബ്രിട്ടന്‍ നല്‍കുന്നത്. ബ്രിട്ടനാണ് 1938ല്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുന്നത്. ഒന്നാം ലോകയുദ്ധത്തിനും രണ്ടാം ലോകയുദ്ധത്തിനും ശേഷം ധാരാളം സ്ത്രീകള്‍ തൊഴില്‍രംഗത്തേക്ക് വരികയുണ്ടായി. ഒരുപാട് പേര്‍ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടതിനാലായിരുന്നു അത്. എന്നാല്‍ ഒരുപാട് കാലം സ്ത്രീകള്‍ക്ക് തൊഴില്‍രംഗത്ത് തുടരാന്‍ സാധിച്ചിരുന്നില്ല.

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് പാശ്ചാത്യന്‍ സ്ത്രീകള്‍ക്ക് നിയമത്തിന് മുമ്പില്‍ സമത്വം ലഭിക്കുന്നത്. എന്നാല്‍ ചില ഫെമിനിസ്റ്റുകള്‍ ആവശ്യപ്പെട്ടത് സ്ത്രീകളെ ഭാര്യയായും അമ്മയായും നോക്കിക്കാണാന്‍ പാടില്ല എന്നാണ്. ഉത്തരാധുനിക കാലത്ത് ഈ ഫെമിനിസ്റ്റുകള്‍ വാദിക്കുന്നത് സത്രീകളെയും പുരഷന്‍മാരെയും തമ്മില്‍ വേര്‍തിരിക്കുന്ന ജീവശാസത്രപരമായ ഘടകങ്ങളൊന്നും തന്നെയില്ല എന്നാണ്. അതേസമയം, ശാസ്ത്രീയമായ യാഥാര്‍ത്ഥ്യം ഈ വാദത്തിനെതിരാണ് എന്നതാണ് വസ്തുത.

നൂറ്റാണ്ടുകളോളം സ്ത്രീകള്‍ക്കെതിരെ നിലനിന്ന വിവേചനങ്ങളോട് പ്രതികാരം ചെയ്യുന്ന തരത്തിലുള്ള നിലപാടാണ് ഇന്ന് ഫെമിനിസ്റ്റുകള്‍ സ്വീകരിക്കുന്നത്. ലിംഗനീതിക്ക് പകരം ലിംഗപരമായ സവിശേഷാധികാരമാണ് (Gender Privilege) അവരാവശ്യപ്പെടുന്നത്. അതേസമയം പടിഞ്ഞാറിന്റെ വ്യക്തിവാദവും (individualism) മൂല്യരഹിത സമീപനവും സ്ത്രീകളെ കൂടുതല്‍ ദുരിതത്തിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്. മാര്‍ക്കറ്റിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് അവിടെ സ്ത്രീകളുടെ പദവി നിശ്ചയിക്കപ്പെടുന്നത്. സദാചാരവിരുദ്ധമായ ഈ വ്യവസ്ഥയോട് രാജിയാകാത്തവരെ അധിക്ഷേപിക്കുകയാണ് പടിഞ്ഞാറ് ചെയ്യുന്നത്. അവിടെ സദാചാരമൂല്യങ്ങളും മാതൃത്വവും കുടുംബത്തിന്റെ പ്രാധാന്യവുമെല്ലാം അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്. അത് പാശ്ചാത്യസമൂഹത്തെ സാമ്പത്തികമായും സാമൂഹികമായും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

സ്ത്രീകള്‍ ഇസ്‌ലാമില്‍
പ്രാചീന ലോകത്തോട് സാമ്യമായ അവസ്ഥകളിലാണ് അറേബ്യയില്‍ സ്ത്രീകള്‍ ജീവിച്ചിരുന്നത്. ഡസണ്‍ കണക്കിന് സ്ത്രീകളെയായിരുന്നു പുരുഷന്‍മാര്‍ വിവാഹം കഴിച്ചിരുന്നത്. മാത്രമല്ല, പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടുകയും ചെയ്യാറുണ്ടായിരുന്നു. ഇസ്‌ലാമിന്റെ ആഗമനത്തോടു കൂടിയാണ് അത്തരം പ്രാകൃതമായ ആചാരങ്ങള്‍ക്ക് അന്ത്യം കുറിക്കപ്പെടുകയും സ്ത്രീകളുടെ പദവി ഉയര്‍ത്തപ്പെടുകയും ചെയ്യുന്നത്.

അല്ലാഹുവിന് മുമ്പില്‍ സ്ത്രീകളും പുരുഷന്‍മാരുമെല്ലാം സമന്‍മാരാണ് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. തങ്ങള്‍ നിര്‍വഹിക്കേണ്ട മതപരമായ ധര്‍മ്മങ്ങളുടെ മേല്‍ ഇരുവിഭാഗത്തിനും തുല്യ ഉത്തരവാദിത്വമാണുള്ളത്. (4:124) അതേസമയം, സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ജീവശാസ്ത്രപരമായ വ്യത്യസ്തകളെയും ഇസ്‌ലാം  അംഗീകരിക്കുന്നുണ്ട്. മാത്രമല്ല, ആ വ്യത്യസ്തതകളുടെ അടിസ്ഥാനത്തില്‍ സ്ത്രീ-പുരുഷന്‍മാര്‍ ചെയ്യേണ്ട ബാധ്യതകളെന്താണെന്ന് കാണിച്ചുതരികയും ചെയ്യുന്നുണ്ട്.

ദയയിലും സമാധാനത്തിലും ഭാര്യയും ഭര്‍ത്താവും പരസ്പരം സഹകരിക്കണമെന്നാണ് ഇസ്‌ലാമിക വിവാഹം നമ്മെ പഠിപ്പിക്കുന്നത്. (30:31) സമൂഹത്തിന്റെ നന്‍മക്കും പുതിയൊരു തലമുറയെ വാര്‍ത്തെടുക്കാനുമാണ് അവര്‍ ശ്രമിക്കേണ്ടത്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളെയും അധിക്ഷേപങ്ങളെയും ഇസ്‌ലാം ഒരുക്കലും അംഗീകരിക്കുന്നില്ല. ‘അവര്‍ (നിങ്ങളുടെ ഭാര്യമാര്‍) നിങ്ങളുടെയും നിങ്ങളവരുടെയും വസ്ത്രമാണ്.’ (ഖുര്‍ആന്‍ 2:187)

പ്രവാചകന്‍(സ) പറയുകയുണ്ടായി: ‘നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ അവന്റെ ഭാര്യയോട് നന്നായി പെരുമാറുന്നവനാണ്.’

‘പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ കൈകാര്യകര്‍ത്താക്കളാണ്’ (4:34) എന്ന ഖുര്‍ആന്‍ സൂക്തം ഉദ്ധരിച്ചു കൊണ്ട് ഭാര്യക്ക് മേല്‍ ഭര്‍ത്താവിനുള്ള കൈകാര്യകര്‍തൃത്വത്തെ (ഖവ്വാമ) സംബന്ധിച്ച ചോദ്യങ്ങള്‍ അമുസ്‌ലിംകള്‍ (മുസ്‌ലിംകള്‍ തന്നെയും) ഉന്നയിക്കാറുണ്ട്.

എന്നാല്‍ സ്ത്രീകള്‍ക്കു മേല്‍ ഖവ്വാം ആവുക എന്നതിനര്‍ത്ഥം ഏറ്റവും നല്ല രീതിയില്‍ സ്ത്രീകളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നതാണ്. മിക്ക സ്ത്രീകളും തങ്ങളുടെ ഭര്‍ത്താക്കന്‍മാരില്‍ നിന്ന് അതാവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. അത്‌പോലെത്തന്നെ സ്ത്രീകളുടെ വൈകാരികവും മനശ്ശാസ്ത്രപരവുമായ ആവശ്യങ്ങള്‍ നിറവേറ്റുക എന്നര്‍ത്ഥവും അതിനുണ്ട്. മാത്രമല്ല, എല്ലാറ്റിനേക്കാളും അതിനാണ് ഏറ്റവും പ്രാധാന്യമുള്ളത്.

ഇതര സമൂഹങ്ങളില്‍ സ്ത്രീകള്‍ക്ക് ഇപ്പോഴും ലഭ്യമാകാത്ത അവകാശങ്ങള്‍ കഴിഞ്ഞ 1400 വര്‍ഷങ്ങളായി മുസ്‌ലിം സ്ത്രീകള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നുണ്ട്. ഉദാഹരണത്തിന്, ഇസ്‌ലാമില്‍ സ്ത്രീകള്‍ക്ക് ഇഷ്ടപ്പെട്ടവരെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതുപോലെ സമ്പത്ത്, ഭൂമി, മറ്റ് സ്വത്തുക്കള്‍ തുടങ്ങിയവക്ക് മേലുള്ള സ്ത്രീയുടെ അവകാശത്തെ ഇസ്‌ലാമിക നിയമം സമ്പൂര്‍ണ്ണമായി അംഗീകരിക്കുന്നുണ്ട്. വിവാഹത്തിന് ശേഷം അവയൊരിക്കലും ഭര്‍ത്താവിന്റേതായി മാറുകയില്ല. കൂടാതെ സ്ത്രീക്ക് പുരുഷനില്‍ നിന്ന് വിവാഹമോചനം (ഖുല്‍അ്) ആവശ്യപ്പെടാനും പുനര്‍വിവാഹം കഴിക്കാനുമുള്ള അവകാശവുമുണ്ട്.

ഇസ്‌ലാമില്‍ മാതാക്കള്‍ക്ക് ഉന്നത പദവിയാണുള്ളത്. ‘നിങ്ങളുടെ മാതാവിനെ നന്നായി പരിപാലിക്കുക. വിധവകള്‍, അവിവാഹിതര്‍, വന്ധ്യത ബാധിച്ചവര്‍ എന്നിവരെയൊന്നും ഇസ്‌ലാം അവഗണിക്കുകയോ ഇസ്‌ലാമിക സമൂഹത്തില്‍ നിന്ന് പുറത്താക്കുകയോ ചെയ്യുന്നില്ല.

സ്ത്രീകള്‍ക്ക് അവര്‍ താല്‍പര്യപ്പെടുന്ന പക്ഷം വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് ചരിത്രത്തില്‍ കണ്ടെത്താവുന്നതാണ്. വ്യാപാരിയും പ്രവാചന്റെ ഭാര്യയുമായിരുന്ന ഖദീജ(റ), പണ്ഡിതകളായിരുന്ന ആഇശ ബിന്‍ത് അബൂബക്കര്‍, ഉമ്മു അല്‍-ദര്‍ദ, പൊതു ഭരണകാര്യാലയില്‍ ആദ്യമായ സേവനമനുഷ്ഠിച്ച ലൈല ബിന്‍ത് അബ്ദുല്ല എന്നീ മഹിളകളുടെ ജീവിതം അതില്‍ ചിലതാണ്.

സ്ത്രീകള്‍ക്ക് ലഭിക്കേണ്ട മഹ്‌റിന്റെ മൂല്യം പരിമിതപ്പെടുത്താന്‍ ശ്രമിച്ച ഖലീഫ ഉമറിനോട് ഒരിക്കല്‍ ഒരു സ്ത്രീ പള്ളിയില്‍ വെച്ച് തര്‍ക്കിക്കുകയുണ്ടായി. അതേത്തുടര്‍ന്ന് ഉമര്‍(റ) ഇങ്ങനെ പറയുകയുണ്ടായി: ‘ഈ സ്ത്രീയാണ് ശരി. ഉമര്‍ തെറ്റാണ്.’ ഈ സംഭവം കാണിക്കുന്നത് മുസ്‌ലിം സ്ത്രീകള്‍ പുരുഷന്‍മാരുമായി വിവിധ ചര്‍ച്ചകളില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു എന്നാണ്. പ്രവാചകന്‍ പോലും ചില കാര്യങ്ങളില്‍ ഭാര്യമാരുടെ അഭിപ്രായം തേടാറുണ്ടായിരുന്നു.

മൂല്യരഹിതമായ പടിഞ്ഞാറന്‍ സമൂഹങ്ങളും സത്രീകളെ അടിച്ചമര്‍ത്തുന്ന ചില മുസ്‌ലിം സമൂഹങ്ങളുമാണ് ഇന്ന് നമ്മുടെ ചുറ്റുമുള്ളത്. ഈ മുസ്‌ലിം സമൂഹങ്ങള്‍ ഇസ്‌ലാമിക സംസ്‌കാരത്തിന് പകരം സാംസ്‌കാരിക ഇസ്‌ലാമിനെയാണ് പിന്തുടരുന്നത്. അതിനാല്‍ തന്നെ നാം മനസ്സിലാക്കേണ്ടത് ഇസ്‌ലാമാണ് സ്ത്രീക്കും പുരുഷനും തുല്യനീതി ഉറപ്പുവരുത്തുന്ന വ്യവസ്ഥ എന്നാണ്. ഇസ്‌ലാം സ്ത്രീകളെ ആദരിക്കുകയും അവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, മാതാവ്, ഭാര്യ, അധ്യാപിക എന്നിങ്ങനെ വ്യത്യസ്തങ്ങളായ പദവികളിലൂടെ സമൂഹത്തില്‍ ഉല്‍പാദനപരമായ പങ്ക് വഹിക്കാന്‍ ഇസ്‌ലാം അവരെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു.

വിവ: സഅദ് സല്‍മി

Facebook Comments
Show More

Related Articles

Close
Close