Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ; ആദരവിനും കല്ലേറിനും മധ്യേ

women.jpg

പ്രവാചകന്റെയും ഖലീഫമാരുടെയും കാലത്ത് സ്ത്രീകള്‍ക്ക് വലിയരീതിയിലുള്ള സ്വാതന്ത്ര്യം ലഭിച്ചിരുന്നു. ആദ്യ കാല കര്‍മശാസ്ത്ര പണ്ഡിതന്‍മാരില്‍ വലിയൊരു  വിഭാഗം പണ്ഡിതന്‍മാര്‍ സ്ത്രീകള്‍ക്ക് ജഡ്ജി സ്ഥാനം വഹിക്കാം എന്നു വരെ പറഞ്ഞിട്ടുണ്ട്. ഖലീഫക്ക് തൊട്ടുതാഴെയുള്ള, ഏറെ വ്യവസ്ഥകളും വ്യക്തി ഗുണങ്ങളും ആവശ്യമായിട്ടുള്ള പദവിയാണത്. അവര്‍ അക്കാലത്ത് വിമോചനത്തിന്റെ വിപുലമായ തണലനുഭവിച്ചിരുന്നു എന്നാണത് വ്യക്തമാക്കുന്നത്.

ഇസ്‌ലാമിക രാഷ്ട്രത്തിന്റെ തുടക്കം മുതല്‍ രാഷ്ട്രീയ രംഗത്ത് സ്ത്രീ പങ്കാളിത്തം നമുക്ക് കാണാം. അബിസീനിയയിലേക്കുള്ള ഹിജ്‌റ, യുദ്ധ ഉടമ്പടി എന്നറിയപ്പെട്ട രണ്ടാം അഖബ ഉടമ്പടിയിലും അവര്‍ തങ്ങളുടെ സാന്നിദ്ധ്യം അടയാളപ്പെടുത്തിയിട്ടുണ്ട്. ഒന്നാം അഖബ ഉടമ്പടി അറിയപ്പെടുന്നത് തന്നെ സ്ത്രീകളുടെ ഉടമ്പടിയെന്നാണ്. ഇരുളിന്റെ മറവില്‍ മുശ്‌രിക്കുകളുടെ കണ്ണുകളെ ഭയന്നുകൊണ്ട് വളരെ രഹസ്യമായും മുന്‍കരുതലോടെയും നടന്ന ഉടമ്പടിയാണിത്. ‘ഞങ്ങള്‍ പൂച്ചയെപ്പോലെ പതുങ്ങി പതുങ്ങി വന്നു’ എന്ന് ആ സാഹചര്യത്തെപ്പറ്റി കഅ്ബ് ബ്‌നു മാലിക് വിശേഷിപ്പിക്കുന്നുണ്ട്. രാഷ്ടവുമായി ബന്ധപ്പെട്ട ഒരു ഉടമ്പടികൂടിയായിരുന്നു അത്. ഒന്നാം അഖബാ ഉടമ്പടി ഇസ് ലാമിനെ മുറുകെപ്പിടിക്കാനും അധാര്‍മികയില്‍നിന്നും വിട്ടുനില്‍ക്കാനുമായിരുന്നെങ്കില്‍ രണ്ടാമത്തെ ഉടമ്പടി യുദ്ധവുമായി ബന്ധപ്പെട്ടതായിരുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള സമരമായാലും ദൂതന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രതിരോധമായാലും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരുടെയും പിന്തുണ പ്രവാചകന് പ്രഖ്യാപിക്കുകയായിരുന്നു അതിലൂടെ.

മദീനയിലേക്കുള്ള ഹിജ്‌റയിലും വിശ്വസിച്ച ദീനിനോടും ഉയര്‍ത്തിപ്പിടിക്കാനാഗ്രഹിക്കുന്ന ആശയത്തോടുമുള്ള പ്രതിബദ്ധത അവര്‍ കാത്തുസൂക്ഷിച്ചു. ആത്മത്യാഗത്തിലേക്കു വരെ അതവളെ കൊണ്ടെത്തിച്ചു. പ്രവാചന്റെ കാലത്തെ സ്ത്രീകളെ വ്യത്യസ്തരാക്കുന്നത് പെതുകാര്യങ്ങളിലുള്ള അവരുടെ ശ്രദ്ധയും ബോധവും രാഷ്ട്രീയ കാര്യങ്ങളിലുള്ള കൂടിയാലോചനകളുമാണ്. ചില സന്ദര്‍ബങ്ങളില്‍ രാഷ്ട്രിയ വിയോജിപ്പുകളില്‍ ഇടപെട്ടു. യുദ്ധം ആവശ്യമായി വന്നപ്പോള്‍ യുദ്ധത്തിലേര്‍പ്പെട്ടു. അതിനു വേണ്ട വൈദിക സേവനങ്ങളും സൈന്യത്തിന് ആവശ്യമായ മറ്റു ജോലികളും നിര്‍വഹിച്ചു.

ഖലീഫമാരുടെ കാലത്ത് ഈ അര്‍പ്പണം കൂടുതല്‍ പുരോഗമിക്കുകയാണുണ്ടായത്. ഉമര്‍(റ)വിന്റെ കാലത്ത് അങ്ങാടിയിലെ സാമ്പത്തിക ചുമതല വരെ സ്ത്രീ ഏല്‍പിക്കപ്പെട്ടിട്ടുണ്ട്. ഉമര്‍(റ)വിന് കുത്തേറ്റപ്പോള്‍ അടുത്ത ഖലീഫയെ തീരുമാനിക്കുന്നതിന് അബ്ദുര്‍റഹ്മാനിബ്‌നു ഔഫ് ജനങ്ങളോട് അഭിപ്രായം തേടി. ഇബ്‌നു കസീറിന്റെ റിപ്പോര്‍ട്ടു പ്രകാരം ഹിജാബ് ധാരിണികളായ സ്ത്രീകളോട് വരെ അദ്ദേഹം അഭിപ്രായം ചോദിച്ചിട്ടുണ്ട്.

ഫത്‌വ നല്‍കല്‍, ഇജ്തിഹാദ് നടത്തല്‍, അധ്യാപനം, നോവല്‍, കഥാ രചന, മാനേജ്‌മെന്റ് തുടങ്ങി പ്രത്യേക അധികാരങ്ങള്‍ സ്ത്രീകള്‍ക്കുമാവാം എന്നതില്‍ ഫുഖഹാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയില്ല. കാലങ്ങളോളം അത് പ്രായോഗികമാക്കപ്പെട്ടിട്ടുമുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേക സാമ്പത്തികാധികാരമുണ്ടെന്നതിലും ഫുഖഹാക്കള്‍ ഏകാഭിപ്രായക്കാരാണ്. അവള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ ബിസിനസ് ചെയ്യാം അതല്ലെങ്കില്‍ നിക്ഷേപിക്കാം. അവളുടെ സമ്മതമില്ലാതെ ഒരാള്‍ക്കും ആ സമ്പത്ത് സ്വന്തമാക്കാനും കഴിയില്ല.

ശിക്ഷാ നടപടികളും പ്രതിക്രിയയുമൊഴികെയുള്ള വിഷങ്ങളില്‍ സ്ത്രീകള്‍ക്ക് ന്യായാധിപയാകല്‍ അനുവദനീയമാണെന്ന് ഇമാം അബൂ ഹനീഫയും ഹനഫികളും അഭിപ്രായപ്പെട്ട ഹിജ്‌റ രണ്ടാം നൂറ്റാണ്ട് മുതല്‍ക്ക് പ്രത്യേകാധികാരങ്ങള്‍ക്കു പുറമെ സ്ത്രീകള്‍ക്ക് പൊതു അധികാരങ്ങള്‍ വഹിക്കാമെന്ന കാഴ്ച്ചപ്പാടിനെ ശരിവെക്കുന്ന നിലപാടാണ് ഇസ്‌ലാമിക ഫിഖ്ഹ് സ്വീകരിച്ചിട്ടുള്ളത്. ത്വബ്‌രിയും ഇബ്‌നു ഹസമും ചില മാലികികളും സ്ത്രീയുടെ ന്യായാധിപയാകാനുള്ള അധികാരം നിരുപാധികം അനുവദനീയമാക്കിയപ്പോള്‍ വിഷയം കൂടുതല്‍ വിശാലമായി.

ആധുനിക ഫുഖഹാക്കളില്‍ ഭൂരിഭാഗവും സ്ത്രീയുടെ ന്യായാധിപ സ്ഥാനം അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ട്. പരമമായ ഇമാമത്തും ഭരണാധികാരവും ഒഴികെയുള്ള മുഴുവന്‍ രാഷ്ട്രീയ അവകാശങ്ങളും ലഭ്യമാകാനും എല്ലാ പൊതു ഉദ്യോഗങ്ങളില്‍ ജോലിചെയ്യാനുമുള്ള അവരുടെ അവകാശം അംഗീകരിക്കുന്നവരുമാണവര്‍. പാര്‍ലമെന്ററി കൗണ്‍സിലുകളിലുള്ള അംഗത്വം അത്തരത്തില്‍ ഒന്നാണ്. ശൈഖ് അല്‍ഗസാലി, ഡോ. യൂസുഫുല്‍ ഖറദാവി, ഡോ. മുസ്തഫ അസ്സിബാഇ, ഡോ. അല്‍അവാ, ഡോ. മുഹമ്മദ് ബല്‍താജി, ഡോ. മുഹമ്മദ് ഇമാറഃ, സാലിമുല്‍ ബഹന്‍സാവി എന്നിവര്‍ക്കാണ് ഈ അഭിപ്രായമുള്ളത്. എന്നാല്‍ നിലവിലെ മേഖലാ വ്യവസ്ഥകള്‍ക്കനുസരിച്ച് സ്ത്രീകള്‍ക്ക് രാഷ്ട്രത്തിന്റെ അധികാരവും അനുവദിനീയമാണ് എന്ന അഭിപ്രായമുള്ളവരും ഇവരിലുണ്ട്. ശൈഖ് അല്‍ഗസാലി, ഡോ. യൂസുഫുല്‍ ഖറദാവി, ഡോ. അല്‍അവാ, ഡോ. മുഹമ്മദ് ബല്‍താജി, ഡോ. മുഹമ്മദ് ഇമാറഃ എന്നവരാണ് ഈ അഭിപ്രായക്കാര്‍. അല്ലാഹുവിനുള്ള ഇബാദത്ത്, ദീനിന്റെ സംസ്ഥാപനം, നിര്‍ബന്ധകാര്യങ്ങളുടെ നിര്‍വഹണം, നിഷിദ്ധകാര്യങ്ങളുടെ വര്‍ജ്ജനം, പരിധികള്‍ ലംഘിക്കാതിരിക്കുക, നന്മ കല്‍പിക്കുക തിന്മ വിരോധിക്കുക തുടങ്ങി പുരുഷന്‍മാര്‍ക്ക് പ്രത്യേകമുള്ള കല്‍പനകളൊഴികെ ശരീഅത്ത് അനുശാസിക്കുന്ന എല്ലാ കാര്യങ്ങളിലും സ്ത്രീകള്‍ പുരുഷന്‍മാരെ പോലെതന്നെ ബാധ്യതയുള്ളവരാണ് എന്നാണ് സ്ത്രീ വിഷയത്തിലെ പൊതുവായ അടിസ്ഥാനം.

സ്ത്രീ-പുരുഷ വ്യത്യാസമല്ല, ഉദ്യേഗത്തിന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനുള്ള കാര്യക്ഷമതയും പ്രാപ്തിയുമാണ് ഉദ്യോഗത്തിലേര്‍പ്പെടുന്നതിന്റെ ശരിയായ അളുവുകോല്‍. അന്യപുരുഷന്റെ കൂടെ തനിച്ചാവാതിരിക്കുക, ശറഈയായ വസ്ത്രം ധരിക്കുക, സ്ത്രീയുടെ ശരീരവും അന്തസും അപഹരിക്കപ്പെടാത്ത സുരക്ഷിതമായ ഇടങ്ങളിലേക്കല്ലാതെ യാത്ര ചെയ്യാതിരിക്കുക തുടങ്ങി ഇസ്‌ലാമിക ശരീഅത്ത് മുന്നോട്ട് വെക്കുന്ന വ്യവസ്ഥകള്‍ പാലിക്കല്‍ ഉദ്യോഗത്തിന്റെ ശരിയായ മുന്നോട്ടുപോക്കിന് അനിവാര്യവുണ്. കുടുംബത്തിന്റെയും ഉദ്യോഗത്തിന്റെയും ഉത്തരവാദിത്വങ്ങള്‍ സമന്വയത്തോടു കൊണ്ടുപോകാനും പ്രത്യേകം ശ്രദ്ധിക്കണം. സ്ത്രീക്ക് ഉദ്യോഗം അനുവദിനീയമാക്കുന്ന ഈ നിബന്ധനകളെല്ലാം പാലിക്കുമ്പോള്‍ പിന്നെ പറ്റില്ല എന്നുപറയാന്‍ യാതൊരു ന്യായീകരണവുമില്ല. അത് തികച്ചും നിയമപ്രകാരമാണ്.

പൊതു അധികാരങ്ങളിലെ സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ച ഹിജ്‌റ രണ്ടാം നൂറ്റാണ്ട് മുതല്‍ ഇന്നുവരെയുള്ള കര്‍മ്മശാസ്ത്ര ചര്‍ച്ചകളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ അവകാശങ്ങള്‍ മുഖേനെയുള്ള അവളുടെ ഉയര്‍ച്ചക്ക് ഇസ്‌ലാമിക കര്‍മ്മശാസ്ത്രം കാലങ്ങളായി ഒരു പരിതിയും നിശ്ചയിച്ചിട്ടില്ല എന്ന് വ്യക്തമാകും. എന്നാല്‍ കര്‍മ്മശാസ്ത്രപരമായ മരവിപ്പിന്റെയും മദ്ഹബ് പക്ഷപാദിത്വത്തിന്റെയും കാലത്ത് മുന്‍കഴിഞ്ഞ കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാര്‍ നല്‍കിയ പൊതു അധികാരങ്ങളിലുള്ള സ്ത്രീയുടെ അവകാശങ്ങള്‍ക്ക് കാര്യമായ ഇടിവ് സംഭവിച്ചു.

പെണ്ണിനെ വീടിനുള്ളല്‍ അടച്ചിടാനും ഇസ്‌ലാമിലില്ലാത്ത ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും അടിമയാക്കാനുമാണ് ചിലര്‍ ഉദ്ദേശ്യിച്ചത്. ‘അനന്തരാവകാശത്തില്‍ ആണിന്റെ പാതിയാണ് പെണ്ണിനുള്ളത്, സാക്ഷിനില്‍കുന്നതിലും ഒരു പുരഷന്റെ സ്ഥാനത്ത് രണ്ട് സ്ത്രീകളെയാണ് വേണ്ടത്, ബുദ്ധിപരമായും മതകീയമായും പെണ്ണ് ദുര്‍ബലയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്, അതിനാല്‍ പെണ്ണിന്റെ സ്ഥാനം വീടകമാണ്, അനിവാര്യ ഘട്ടത്തിലല്ലാതെ പുറത്തിറങ്ങരുത് എന്ന് തുടങ്ങുന്ന ഖുര്‍ആനിക സൂക്തങ്ങളുടെ തെറ്റായ വ്യാഖ്യാനങ്ങള്‍ ഒരുമിച്ചുകൂട്ടി അവരുടെ ഈ വീക്ഷണത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണവര്‍.

നമ്മുടെ ഈ കാലഘട്ടത്തിലെ സ്ത്രീകള്‍ തീവ്ര നിലപാടുകളുള്ള രണ്ട് വിഭാഗങ്ങളുടെ ഇരകളാണ്. തീവ്ര മതകീയരായ വിഭാഗമാണ് ഒന്ന്. വീടും ഖബറുമല്ലാതെ പെണ്ണിന് വേറെ ഇടമില്ല എന്ന് വീക്ഷണമുള്ളവരാണവര്‍. സാമൂഹികവും രാഷ്ട്രിയവുമായ ഇടപെടലുകള്‍ക്കുള്ള അവളുടെ അവകാശങ്ങളെ അവര്‍ അംഗീകരിക്കില്ല. ഈ ഇടപെടലുകളില്‍ ഇസ്‌ലാമിക ശരീഅത്ത് നിയന്ത്രണമേര്‍പ്പെടുത്തിയതും അല്ലാത്തതും എന്ന വേര്‍തിരിവും അവര്‍ക്കില്ല. അള്‍ട്രാ സെക്യുലരിസ്റ്റുകളാണ് രണ്ടാമത്തെ വിഭാഗം. പുരുഷനോടൊപ്പമെത്താനുള്ള മത്സര വേദിയിലാണ് സ്ത്രീയുടെ ഇടം എന്നാണ് അവരുടെ കാഴ്ചപ്പാട്. ഇവിടെ അവള്‍ എല്ലാ നിയന്ത്രണങ്ങളില്‍ നിന്നും സ്വതന്ത്രയാണ്. അവള്‍ക്ക് മറയായി ഹിജാബുകളില്ല. അവളെ അലങ്കരിക്കുന്ന മര്യാദകളില്ല. അന്യപുരുഷനുമായുള്ള അവളുടെ ഇടപാടുകളില്‍ പാലിക്കേണ്ട ശറഈ വ്യവസ്ഥകളില്ല. ഉദ്യേഗങ്ങളുമായും ജോലിയുമായും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ യാതൊരു നിയന്ത്രണങ്ങളുമില്ല. സ്ത്രീ സ്വാതന്ത്രത്തില്‍ പാശ്ചാത്യരുടെ മാതൃകയാണ് ഇത്തരക്കാര്‍ നടപ്പിലാക്കുന്നത്. എല്ലാനിയന്ത്രണങ്ങളില്‍നിന്നുള്ള മോചനമാണ് പാശ്ചാത്യരുടെ സ്വാതന്ത്ര്യം. മനുഷ്യനെ മുന്നോട്ടു നയിക്കുന്ന മാനുഷികവും പ്രകൃതിപരവുമായ അടിസ്ഥാനങ്ങളെ അവഗണിക്കുന്ന ഒന്നാണ് പാശ്ചാത്യ സ്ത്രീ വിമോചന സങ്കല്‍പം.  വെറുക്കപ്പെട്ടതെല്ലാം അവളെ നിര്‍ബന്ധിക്കുന്ന, നിഷിദ്ധമായതെല്ലാം അനുവദിക്കുന്ന, പവിത്രമായവയെ നിസാരമാക്കുന്ന, നിയന്ത്രണത്തിനുള്ള യാതൊരു പഴുതുമില്ലാത്ത വിറളി പൂണ്ട കാളയെ പോലെയാണത്. ഈ രണ്ട് വിഭാഗവും സ്ത്രീയോട് അക്രമമാണ് ചെയ്യുന്നത്. നീതിപൂര്‍വ്വകമായ സ്ത്രീ വിഷയത്തെ വ്രണപ്പെടുത്തുകയുമാണ്.

ഉദ്യോഗപദവികള്‍ വഹിക്കുന്നതിലും അധികാരങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും സ്ത്രീകള്‍ക്ക് എത്രത്തേളം ഇടപഴകാം എന്നതില്‍ അറബ് – ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ക്കിടയിലും ഏറ്റക്കുറച്ചിലുകളുണ്ട്. ഇക്കാര്യത്തില്‍ എല്ലാ രാജ്യങ്ങള്‍ക്കും അവരുടേതായ നിലപാടുകളുണ്ട്. എല്ലാ മേഖലകളിലോ ചില മേഖലകളിലോ ഓരോ നാടിന്റെയും നാട്ടുനടപ്പുകള്‍ക്കും പതിവുകള്‍ക്കുമനുസരിച്ച് സ്ത്രീകള്‍ക്ക് സ്ഥാനവും സംവരണവുമുണ്ട്. അത്തരം രാജ്യങ്ങളിലെല്ലാം നഗരവത്കരണത്തിലും വിദ്യഭ്യാസ നിലവാരത്തിലും പുരോഗതി കൈവരിച്ചതായി കാണാം. ആ രാജ്യങ്ങളിലെ സംഘടനകളുടെ നിയമങ്ങള്‍ സ്ത്രീയുടെ ഈ ഉദ്യോഗങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ലായിരുന്നെങ്കില്‍ അവിടെ ഒരു സ്ത്രീയെ പോലും കാണാന്‍ കഴിയില്ലായിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും സ്ത്രീകള്‍ വാഹനം ഓടിച്ചാല്‍ കുഴപ്പങ്ങളും പ്രശ്‌നങ്ങളുമുണ്ടാവുമെന്നും അവര്‍ക്ക് പകുതി ബുദ്ധിയാണുള്ളത് എന്ന അഭിപ്രായവുമായി ചിലയാളുകള്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് രംഗത്തു വന്നിരുന്നു. അവരുടെ ഈ അഭിപ്രായത്തെ എതിര്‍കുന്നവര്‍ വക്രബുദ്ധിയുള്ളവരാണെന്നും അവര്‍ പറയുന്നുണ്ട്. ഈ വിഷയത്തില്‍ തങ്ങളുടെ പണ്ഡിതന്‍മാരുടെ ഫത്‌വകളും അവര്‍ ഹാജരാക്കുന്നു. ഇപ്പോള്‍ സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നത് അനുവദിച്ചുകൊണ്ടുള്ള തീരുമാനം വന്നപ്പോള്‍ (സൗദി അറേബ്യ) ശറഈയായ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള സ്ത്രീകളുടെ ഡ്രൈവിംഗിന് തടസങ്ങളൊന്നും അവര്‍ കാണുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഭൗതിക വ്യവഹാരങ്ങളിലെ അടിസ്ഥാന വിധി അനുവദനീയമാണന്ന വളരെ കാലം മുമ്പേ കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുള്ള തത്വം  കഴിഞ്ഞ ദിവസം മാത്രമുണ്ടായത് പോലെയാണ് അവരുടെ സമീപനം. ഇത്തരത്തില്‍ വലിയ കാലവ്യത്യാസമൊന്നുമില്ലാതെ, സാഹചര്യങ്ങള്‍ മാറാതെ അവര്‍ ഫത്‌വ മാറ്റുന്നു.

സ്ത്രീയുമായി ബന്ധപ്പെട്ട വിഷയങ്ങളിയാലും മറ്റേത് വിഷയങ്ങളിലായാലും പ്രമാണങ്ങളില്‍ ഊന്നി നിന്നുകൊണ്ടുള്ള സ്വീകര്യയോഗ്യമായ ഇജ്തിഹാദുകളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ നാം അംഗീകരിക്കും. കേവലം ഊഹങ്ങളെയും ഭാവനയെയും അടിസ്ഥാനപ്പെടുത്തിയുള്ള കാഴ്ച്ചപ്പാടുകളെ അംഗീകരിക്കാനാവില്ല. സ്ത്രീ വാഹനം ഓടിച്ചാല്‍ അതവളുടെ കന്യകാത്വം നഷ്ടപ്പെടുത്തും, അവളുടെ അണ്ഡാശയത്തെയും ഗര്‍ഭപാത്രത്തെയും, ഗര്‍ഭസ്ഥ ശിശുവിനെയും ദോഷകരമായി ബാധിക്കുമെന്ന തരത്തിലുള്ള അടിസ്ഥാനരഹിതമായ വാദങ്ങളാണ് ഉയര്‍ത്തപ്പെടുന്നത്. വസ്തുതാപരമായോ ശാസ്ത്രീയമായോ യാതൊരു അടിസ്ഥാനവുമില്ലാത്ത അഭിപ്രായ പ്രകടനങ്ങളാണിത്.

ഒരു അഭിപ്രായം പറഞ്ഞ് അധികകാലം കഴിയുന്നതിന് മുമ്പേ അതിന് നേര്‍വിരുദ്ധമായ അഭിപ്രായം പറയുന്നവരാണ് മറ്റു ചിലര്‍. പ്രത്യേകിച്ച് തെളിവോ പ്രമാണങ്ങളോ ഒന്നും ഇല്ലാതെയാണ് അവരുടെ ഈ നിലപാട് മാറ്റം. ഭരണാധികാരികള്‍ സ്വീകരിച്ച തീരുമാനത്തിനപ്പുറം മറ്റൊരു തെളിവും അവര്‍ക്കുണ്ടാവുകയില്ല. കുഴപ്പങ്ങളിലും പ്രയാസങ്ങളിലും ചെന്ന് പതിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതിലൂടെ പണ്ഡിതന്‍മാര്‍ക്കിടയില്‍ നാണംകെട്ടവരായി അവര്‍ മാറുന്നു. അവരുടെ വാക്കുകള്‍ക്ക് യാതൊരു വിലയും കല്‍പിക്കപ്പെടുകയില്ല. അവര്‍ക്ക് സംഭവിക്കുന്ന വീഴ്ച്ചകളും അബദ്ധങ്ങളും ആരെയും അത്ഭുതപ്പെടുത്തുകയുമില്ല. അവരുടെ ഫത്‌വകളെയും ആരും മുഖവിലക്കെടുക്കുകയില്ല. പ്രമുഖ കവി അബുത്വയ്യിബുല്‍ മുതനബ്ബി പറഞ്ഞത് പോലെ ‘മുങ്ങിക്കൊണ്ടിരിക്കുന്ന എനിക്കെന്തിന് നനയുമെന്ന പേടി?’ എന്നത് പോലെയായിരിക്കും അവരുടെ അവസ്ഥ.

വിവ: ഉമര്‍ ഫാറൂഖ്‌

Related Articles