Women

സ്ത്രീവിമോചനം ഇസ്‌ലാമില്‍

ഇസ്‌ലാം ഖുര്‍ആനും തിരുസുന്നത്തും അടിസ്ഥാനമാക്കിയുള്ള ഉറവിടത്തില്‍ നിന്നാണ് മുസ്‌ലിം സ്ത്രീയുടെ ബാധ്യതയുടെയും ഉത്തരവാദിത്തങ്ങളുടെയും പിറവി. ഇരുപതാം നൂറ്റാണ്ടില്‍ തുടക്കം കുറിച്ച സ്ത്രീകളുടെ സ്വതന്ത്രപ്രസ്ഥാനങ്ങള്‍ മൂലം അവര്‍ പാശ്ചാത്യരാജ്യത്ത് സ്വതന്ത്രരാണെന്നാണ് ആളുകള്‍ ചിന്തിക്കുന്നത്.  സ്ത്രീ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ പിറന്നത് പലപ്പോഴായി പല കാരണങ്ങളാല്‍ സ്ത്രീകള്‍ അവക്ക് ഉയിരുകൊടുത്തത് കൊണ്ടല്ല; യഥാര്‍ഥത്തില്‍, അല്ലാഹു പ്രവാചകന്‍ മുഹമ്മദ് (സ)ക്ക് ഏഴാം നൂറ്റാണ്ടില്‍ തന്നെ വെളിപ്പെടുത്തിക്കൊടുത്തതാണിത്.

മനുഷ്യാവകാശം
ലോകരക്ഷിതാവായ അല്ലാഹുവിനെ ആരാധിക്കുന്നതിലും വാഴ്ത്തുന്നതിലും ഇസ്‌ലാം, പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ സ്ത്രീകളെ തുല്യ ഉത്തരവാദിത്തമുളളവരാക്കി മാറ്റി. സദാചാരപരമായ പുരോഗതിക്ക് അവള്‍ക്ക് യാതൊരു  പരിധിയും കണക്കാക്കിയിരുന്നില്ല. കൂടാതെ പുരുഷനുമായുള്ള സമത്വവും അവള്‍ക്കുവേണ്ടി ഇസ്‌ലാം സംസ്ഥാപിച്ചെടുത്തു. ഖുര്‍ആനില്‍ സ്ത്രീയുടെ പേരിലുള്ള ‘അന്നിസാഅ്’  എന്ന അധ്യായത്തില്‍ അല്ലാഹു പറയുന്നതിങ്ങനെയാണ്: ”ജനങ്ങളെ, നിങ്ങളുടെ റബ്ബിനെ ഭയപ്പെടുവിന്‍. ഒരൊറ്റ ആത്മാവില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവ രണ്ടില്‍ നിന്നുമായി പെരുത്തു സ്ത്രീപുരുഷന്മാരെ ലോകത്ത് പരത്തുകയും ചെയ്തവനത്രെ അവന്‍. ഏതൊരുവനെച്ചൊല്ലിയാണോ നിങ്ങള്‍ പരസ്പരം അവകാശങ്ങള്‍ ചോദിക്കുന്നത്, ആ അല്ലാഹുവിനെ ഭയപ്പെടുവിന്‍. കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നത് സൂക്ഷിക്കുകയും ചെയ്യുവിന്‍. അല്ലാഹു നിങ്ങളെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കരുതിയിരിക്കുക.” (അന്നിസാഅ്: 4:1)
സ്ത്രീയും പുരുഷനും വരുന്നത് ഒരേ സത്തയില്‍ നിന്നാണ്, മനുഷ്യത്വപരമായി അവര്‍ തുല്യരുമാണ്. പുരുഷന് സ്ത്രീയേക്കാള്‍ ശ്രേഷ്ഠത കല്‍പിച്ചാല്‍ നാം പറഞ്ഞുവന്ന സമത്വത്തിന് വിരുദ്ധമായിരിക്കുമത്.

പൗരാവകാശം
ഇസ്‌ലാമില്‍, സ്ത്രീക്ക് അവളുടെ വ്യക്തിത്വം അംഗീകരിക്കുന്നത് തെരഞ്ഞെടുക്കാനും അത് പ്രകടിപ്പിക്കാനുമുള്ള അടിസ്ഥാന സ്വാതന്ത്ര്യമുണ്ട്. കൂടാതെ അവളുടെ ആശയങ്ങളിലൂടെയും അഭിപ്രായങ്ങളിലൂടെയുമുള്ള സംഭാവനകള്‍ക്ക് ഇസ്‌ലാം  നല്ല പ്രോത്സാഹനം നല്‍കുന്നുമുണ്ട്. നബിചര്യയില്‍ ഇതിനൊരുപാട് ഉദാഹരണങ്ങള്‍ കാണാം, ചില സ്ത്രീകളുടെ നേരിട്ടുള്ള  ചോദ്യങ്ങള്‍ കേട്ട് പ്രവാചകന്‍ പോലും അമ്പരന്നു പോകാറുണ്ടായിരുന്നു. കൂടാതെ സാമൂഹികവും സാമ്പത്തികവും മതപരവുമായ ഏതഭിപ്രായവും  പ്രവാചകന്റെ  മുന്നില്‍ സമര്‍പിക്കാനും അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. ഇസ്‌ലാമില്‍ സ്ത്രീക്ക് അവളുടെ ഇണയെ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്, വിവാഹശേഷം അവളുടെ അസ്ഥിത്വം കാത്തുസൂക്ഷിക്കുവാനും. മുസ്‌ലിം സ്ത്രീയുടെ സമ്മതപത്രം നിയമപ്രകാരം ചോദ്യം ചെയ്യാന്‍ മാത്രം പ്രബലവുമാണ്.

സാമൂഹികാവകാശം
മുസ്‌ലിം സ്ത്രീ മതപരമായും മറ്റുമുള്ള വിജ്ഞാനങ്ങള്‍ കരഗതമാക്കുന്നതില്‍ പുരുഷനൊപ്പം തന്നെ നില്‍ക്കുന്നു. പുരുഷനും സ്ത്രീക്കും പഠിക്കാനും മനസ്സിലാക്കാനുമുള്ള കഴിവുണ്ട്. പ്രകൃത്യാ ഉള്ള ബുദ്ധിയും താല്‍പര്യവുമുപയോഗിച്ച് കാര്യക്ഷമമായ അറിവ് നേടിയെടുക്കുകയും, അതുപയോഗിച്ച് സത്കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ദുഷ്‌ചെയ്തികളെ കുറ്റപ്പെടുത്തുകയും ചെയ്യേണ്ടത് മുസ്‌ലിം സ്ത്രീയുടെ ബാധ്യതയാണ്.

വീട് പരിപാലിക്കുക, ഇണക്ക് പിന്തുണ നല്‍കുക, ഗര്‍ഭം ധരിക്കുക, പ്രസവിച്ച് സന്താനങ്ങളെ പരിപാലിക്കുക, അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുക തുടങ്ങിയവ സ്ത്രീകളുടെ പദവികളില്‍ കൂടുതല്‍ പരിഗണനയര്‍ഹിക്കുന്നവയാണ്. എങ്കിലും വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കഴിവുണ്ടെങ്കില്‍ അവള്‍ക്ക് വെളിയിലെ സമൂഹനന്മ കൂടി കാംക്ഷിക്കുന്ന ജോലികളും ചെയ്യാന്‍ അനുവാദമുണ്ട്.
ഇസ്‌ലാം സ്ത്രീ-പുരുഷന്മാര്‍ തമ്മിലുള്ള പ്രകൃതിപരമായ വ്യത്യാസം അംഗീകരിക്കുന്നു. ചില ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ പുരുഷന്‍മാര്‍ക്കായിരിക്കും കൂടുതല്‍ കഴിവ്, എന്നാല്‍ മറ്റുചില കാര്യങ്ങള്‍ ചെയ്യാന്‍ സ്ത്രീകളായിരിക്കും മിടുക്കര്‍. എങ്കിലും ഒന്ന് മറ്റൊന്നിന്റെ മൂല്യം കെടുത്തുന്നില്ല. അല്ലാഹു അവരവരുടെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ച് പ്രതിഫലം നല്‍കുക തന്നെ ചെയ്യും. മാതൃത്വത്തെ ഇസ്‌ലാമിക ആപ്തവാക്യം രേഖപ്പടുത്തിയത് ഇങ്ങനെയാണ്: ‘സ്വര്‍ഗം മാതാവിന്റെ കാല്‍ചുവട്ടിലാണുള്ളത്.’
ഇത് സൂചിപ്പിക്കുന്നത് സമൂഹത്തിന്റെ വിജയം അത് കെട്ടിപ്പടുത്ത മാതാക്കളുടെ പേരില്‍ തന്നെ അടയാളപ്പെടുത്തിയിരിക്കുന്നു എന്നാണ്. ഒരു വ്യക്തിയെ പ്രഥമവും ഉന്നതവുമായി സ്വാധീനിക്കുന്നത് സുരക്ഷിതത്വവും വാത്സല്യവും മാര്‍ഗനിര്‍ദേശവും നല്‍കിയ മാതാക്കളുടെ വിവേകമാണ്. അതുകൊണ്ട് സന്താനങ്ങളുള്ള ഒരു സ്ത്രീ കാര്യക്ഷമതയുള്ള രക്ഷിതാവാകണമെങ്കില്‍ പ്രബുദ്ധതയും വിദ്യാഭ്യാസവും അത്യന്താപേക്ഷിതമാണ്.

രാഷ്ട്രീയാവകാശം
പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വോട്ട് ചെയ്യാനുള്ള അവകാശം മുസ്‌ലിം സ്ത്രീക്ക് അല്ലാഹു നല്‍കിയിട്ടുണ്ട്. നയതന്ത്രകാര്യങ്ങളില്‍ പങ്കാളിയാകാനും പൊതുവിഷയങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കാനും സ്ത്രീക്ക് ശബ്ദമുണ്ടായിരുന്നു. ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു: ”ഓ, നബീ, അളളാഹുവോട് യാതൊന്നിനെയും പങ്കുചേര്‍ക്കുകയില്ലെന്നും, മോഷ്ടിക്കുകയില്ലെന്നും, വ്യഭിചരിക്കുകയില്ലെന്നും തങ്ങളുടെ മക്കളെ കൊന്നുകളയില്ലെന്നും തങ്ങളുടെ കൈകാലുകള്‍ക്കിടയില്‍ വ്യാജവാദം കെട്ടിച്ചമക്കുകയില്ലെന്നും യാതൊരു നല്ല കാര്യത്തിലും നിന്നോട് അനുസരണക്കേട് കാണിക്കുകയില്ലെന്നും നിന്നോട് പ്രതിജ്ഞ ചെയ്തുകൊണ്ട് സത്യവിശ്വാസിനികള്‍ നിന്റെ അടുത്ത് വന്നാല്‍ നീ അവരുടെ പ്രതിജ്ഞ സ്വീകരിക്കുകയും അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.” (അല്‍മുംമ്തഹിന: 60:12)
ഈ ആയത്തില്‍ നിന്ന് 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മുസ്‌ലിം സ്ത്രീക്ക് അവരുടെ നേതാവിനെ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടായിരുന്നു എന്ന് മനസ്സിലാക്കാം. ഇസ്‌ലാം സ്ത്രീയെ ഗവണ്‍മെന്റിന്റെ പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ നിന്ന് പോലും വിലക്കിയിരുന്നില്ല.

സാമ്പത്തികാവകാശം
ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ”ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതി തന്നെയാണ് സത്യം. തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു.” (അല്ലൈല്‍: 92:34)
ഇതിലൂടെ അല്ലാഹു പ്രഖ്യാപിക്കുന്നത്, അവന്‍ പുരുഷനെയും സ്ത്രീയെയും വ്യത്യസ്തമായ പദവികളും ചുമതലകളും കഴിവുകളും നല്‍കി സൃഷ്ടിച്ചിരിക്കുന്നു എന്നാണ്. സമൂഹത്തില്‍ തൊഴില്‍ വിഭജനമെന്ന പോലെ കുടുംബത്തിലും ഓരോ വ്യക്തിക്കും വ്യത്യസ്ത ഉത്തരവാദിത്തങ്ങളാണുള്ളത്. ഇസ്‌ലാം സ്ത്രീക്ക് ഒരു പരിപാലകയുടെ പദവിയും പുരുഷന് രക്ഷാകര്‍ത്താവിന്റെ പദവിയുമാണ് ചുമതലപ്പെടുത്തിയത്. അതുകൊണ്ടുതന്നെ സ്ത്രീക്ക് സാമ്പത്തിക പിന്തുണ ലഭിക്കേണ്ടതുണ്ട്. അളളാഹു പറയുന്നു: ”പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരാകുന്നു. അല്ലാഹു അവരില്‍ ചിലരെ മറ്റുള്ളവരേക്കാള്‍ ശ്രേഷഠരാക്കിയിട്ടുള്ളതുകൊണ്ടും, പുരുഷന്മാര്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നതുകൊണ്ടുമാകുന്നു അത്.” (അന്നിസാഅ്: 4:34)
രക്ഷാകര്‍തൃത്വവും സാമ്പത്തിക ഉത്തരവാദിത്തവും നിറവേറ്റുന്നത് പുരുഷന്‍ തന്നെയാണെങ്കിലും അവന്‍ സാമ്പത്തിക പിന്തുണ മാത്രം നല്‍കിയാല്‍ പോര, ശാരീരികമായുള്ള അംഗീകാരം കൂടി നല്‍കണം. അല്ലാഹു നമ്മോട് പറയുന്നത് പുരുഷന്മാര്‍ സ്ത്രീകളുടെ രക്ഷാകര്‍ത്താക്കളും കുടുംബത്തിന്റെ നേതൃത്വം വഹിക്കുന്നവരുമാണെന്നാണ്. ഒരു മുസ്‌ലിം പുരുഷന്റെ ഉത്തരവാദിത്വം അല്ലാഹുവെ അനുസരിക്കുക എന്നതാണ്, അതോടൊപ്പം കുടുംബത്തെക്കൂടി  ദൈവമാര്‍ഗത്തിലേക്ക് നയിക്കുക എന്നത് അവന്റെ ബാധ്യതയാണ്. ദാമ്പത്യപരമായ ആവശ്യങ്ങളും നല്ല രീതിയിലുള്ള പെരുമാറ്റവും ഭാര്യയുടെ അവകാശമാണ്. മുഹമ്മദ് നബി (സ) പറയുന്നു: ‘യഥാര്‍ഥവിശ്വാസി നല്ല സ്വഭാവത്തിനുടമയായിരിക്കും. നിങ്ങളില്‍ ഉത്തമന്‍ ഇണയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.’
സ്ത്രീക്ക് പണവും സ്വത്തും സമ്പാദിക്കാനുള്ള പ്രത്യേകാവകാശമുണ്ട്. താന്‍ സമ്പാദിച്ചത് തനിക്കിഷ്ടപ്പെട്ട രീതിയില്‍ അവള്‍ക്ക് ചെലവഴിക്കാം, സ്വന്തമായി കച്ചവടം നടത്താം. സ്വന്തം ഭര്‍ത്താവിനുപോലും അവള്‍ സമ്പാദിച്ചതില്‍ അര്‍ഹതയില്ല. അളളാഹു പറയുന്നു: ‘അല്ലാഹു നിങ്ങളില്‍ ചിലരെ മറ്റുചിലരെ അപേക്ഷിച്ച് കൂടുതല്‍ അനുഗ്രഹിച്ചിട്ടുള്ളതിന് നിങ്ങള്‍ കൊതിക്കാതിരിക്കുവിന്‍. പുരുഷന്മാര്‍ക്ക് അവര്‍ സമ്പാദിച്ചതിനനുസരിച്ച വിഹിതമുണ്ട്. നിങ്ങള്‍ അല്ലാഹുവിനോട് അവന്റെ അനുഗ്രഹം യാചിച്ചുകൊണ്ടേയിരിക്കുവിന്‍. നിശ്ചയം, അളളാഹു സര്‍വസംഗതികളിലും അഭിജ്ഞനാകുന്നു.’ (അന്നിസാഅ്: 4:32)
കൂടാതെ സ്ത്രീക്ക് അനന്തരാവകാശവും ഇസ്‌ലാം വകവെച്ചുകൊടുക്കുന്നു. അളളാഹു പറയുന്നു: ”മാതാപിതാക്കളും അടുത്തബന്ധുക്കളും വിട്ടുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് വിഹിതമുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും വിഹിതമുണ്ട്; സ്വത്ത് കുറഞ്ഞതായാലും ശരി. ഈ വിഹിതം (അല്ലാഹുവിനാല്‍) നിര്‍ണിതമാകുന്നു.” (അന്നിസാഅ്: 4:7 )

ഭാര്യയുടെ അവകാശങ്ങള്‍
അല്ലാഹു പറയുന്നു: ”നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങളുടെ ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ കാരുണ്യവും സ്‌നേഹവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.” (അര്‍റൂം: 30:21)
അതുകൊണ്ടുതന്നെ വിവാഹമെന്നത് ശാരീരികവും വൈകാരികവുമായ ഒരത്യാവശ്യമല്ല. യഥാര്‍ത്ഥത്തില്‍ ഇതള്ളാഹുവില്‍ നിന്നുള്ള ഒരടയാളമാണ്. ദൈവികപാതയെ അടിസ്ഥാനമാക്കി പരസ്പരബന്ധത്തിനുള്ള  അവകാശം നിശ്ചയിക്കുന്ന കരാറുകൂടിയാണത്. സ്ത്രീ പുരുഷന്മാര്‍ സൃഷ്ടിക്കപ്പെട്ടത് പരസ്പര പൂരകങ്ങളായാണ്. മുസ്‌ലിം ഭാര്യമാര്‍ക്ക് വ്യത്യസ്ത അവകാശങ്ങളുണ്ട്. വിവാഹത്താല്‍ കൈവരുന്ന സ്‌നേഹവും സുരക്ഷയും സംരക്ഷിക്കാന്‍ ഇത് സഹായിക്കുന്നു.
ഭര്‍ത്താവില്‍നിന്ന് വിവാഹ ഉടമ്പടിയായി മഹര്‍ സ്വീകരിക്കുക എന്നത് ഭാര്യയുടെ അവകാശമാണ്. വിവാഹം നിയമപരമായി സാധൂകരിക്കപ്പെടാന്‍  അത്യാവശ്യമാകുന്ന ഒരു സമ്മാനം കൂടിയാണിത്. രണ്ടാമതായി ഭാര്യക്ക് ജീവനാംശം ലഭിക്കാനുള്ള അവകാശമാണുള്ളത്. സാമ്പത്തികമായി ശേഷിയുള്ള ഭാര്യയാണെങ്കിലും ഭര്‍ത്താവ് അവള്‍ക്ക് ചെലവിനു നല്‍കാന്‍ ബാധ്യസ്ഥനാണ്. അളളാഹു പറയുന്നു: ”കഴിവുള്ളവന്‍ തന്റെ കഴിവില്‍ നിന്ന് ചെലവിനു കൊടുക്കട്ടെ. വല്ലവനും തന്റെ ഉപജീവനം ഇടുങ്ങിയതായാല്‍ അല്ലാഹു അലന്നു കൊടുത്തതില്‍ നിന്ന് അവന്‍ ചെലവിന് കൊടുക്കട്ടെ. ഒരാളോടും അല്ലാഹു അയാള്‍ക്ക് കൊടുത്തതല്ലാതെ (നല്‍കാന്‍) നിര്‍ബന്ധിക്കുകയില്ല. അല്ലാഹു ഞെരുക്കത്തിന് ശേഷം സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുന്നതാണ്.” (അത്തലാഖ്: 65:7)
അവകാശങ്ങള്‍ക്കൊപ്പം തന്നെ ഉത്തരവാദിത്വങ്ങളുമുണ്ട്. അതുകൊണ്ട് മുസ്‌ലിം സ്ത്രീകള്‍ക്ക് അവരുടെ ഭര്‍ത്താവിനോട് നിറവേറ്റേണ്ട ബാധ്യതകളെ അവഗണിക്കാവതല്ല. ഭര്‍ത്താവിന്റെ രഹസ്യങ്ങളും ദാമ്പത്യജീവിതത്തിലെ സ്വകാര്യതകളും സൂക്ഷിക്കണം. ഭര്‍ത്താവിന്റെ സമ്പത്ത് സംരക്ഷിക്കേണ്ട ചുമതലയും അവള്‍ക്കുണ്ട്. അത് നാശത്തിലേക്ക് വഴുതിവീഴാതെ നോക്കേണ്ടതും അവളുടെ ബാധ്യതയാണ്. വീട്ടുകാര്യങ്ങളും ബുദ്ധിപരമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ബാക്കിയാവുന്നതും നഷ്ടമാവുന്നതും പരമാവധി ശ്രദ്ധിക്കണം. മുസ്‌ലിം സ്ത്രീക്ക് തന്റെ ഭര്‍ത്താവുമായി സഹകരിക്കുകയും യോജിക്കുകയും വേണം. അതുപോലെ ഭര്‍ത്താവ് ഭാര്യയെ ഒരുവിധത്തിലും ചൂഷണം ചെയ്യാന്‍ പാടില്ല. അവളുടെ ആവശ്യങ്ങളും സന്തോഷങ്ങളും എപ്പോഴും പരിഗണിക്കുകയും വേണം.
1400 വര്‍ഷങ്ങള്‍ക്കു മുമ്പ് മുസ്‌ലിം സ്ത്രീക്ക് നല്‍കപ്പെട്ട പദവികളും ബാധ്യതകളും അവകാശങ്ങളും ഇന്ന് സ്ത്രീക്ക് പടിഞ്ഞാറില്‍ പോലും  ലഭിക്കുന്നില്ല. അല്ലാഹു ഇവയൊക്കെയും രൂപപ്പെടുത്തിയത് സമൂഹത്തിന്റെ സന്തുലനം സൂക്ഷിക്കാന്‍ വേണ്ടിയാണ്. ഇസ്‌ലാം ഒരു സമ്പൂര്‍ണജീവിത മാര്‍ഗമാണ്.

വിവ: ബിശാറ മുജീബ്

Facebook Comments
Related Articles
Show More
Close
Close