Women

സ്ത്രീകള്‍ക്കായി ചില പ്രബോധന മാര്‍ഗങ്ങള്‍

പ്രബോധനപ്രവര്‍ത്തനങ്ങള്‍ എന്നത് പുരുഷന്മാര്‍ക്ക് മാത്രമാണെന്ന തെറ്റിദ്ധാരണ ചില സഹോദരികള്‍ക്കെങ്കിലുമുള്ളതായി എനിക്ക് തോന്നാറുണ്ട്. അവരുടെ ചോദ്യങ്ങളും സംസാരങ്ങളും അതാണ് എനിക്ക് മനസ്സിലാക്കിത്തരുന്നത്. പ്രബോധന പ്രവര്‍ത്തനം എല്ലാ മുസ്‌ലിമിന്റെയും -ആണിന്റെയും പെണ്ണിന്റെയും- കര്‍ത്തവ്യമാണെന്ന് പ്രമാണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കാരണം ഖുര്‍ആന്റെ അഭിസംബോധനകളെല്ലാം ഈ വിഷയത്തില്‍ പൊതുവായതാണ്. ഖുര്‍ആന്റെ അഭിസംബോധന പുല്ലിംഗ രൂപത്തിലാണെങ്കിലും അത് പുരുഷന്മാരെ മാത്രം ബാധിക്കുന്നതാണെന്ന് വ്യക്തമായ തെളിവില്ലെങ്കില്‍ എല്ലാ മനുഷ്യര്‍ക്കും ഉള്ളതാണെന്നാണ് പണ്ഡിതന്മാരുടെ ഏകോപിത അഭിപ്രായം.

പ്രബോധനം ചെയ്യാനും ഗുണകാംക്ഷ പുലര്‍ത്താനും തിന്മതടയാനും കല്‍പിച്ചിട്ടുള്ള പ്രമാണങ്ങള്‍ പൊതുവെ എല്ലാവരെയും അഭിസംബോധനം ചെയ്യുന്നതാണ്. അല്ലാഹു പറയുന്നു: ‘മനുഷ്യസമൂഹത്തിനായി ഉയിരെടുത്ത ഉത്തമ സമുദായമായിത്തീര്‍ന്നിരിക്കുന്നു നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. അല്ലാഹുവില്‍ വിശ്വസിക്കുന്നു. ഇവ്വിധം വേദക്കാര്‍ വിശ്വസിച്ചിരുന്നെങ്കില്‍ അവര്‍ക്കതെത്ര നന്നായേനെ! അവരുടെ കൂട്ടത്തില്‍ വിശ്വാസികളുണ്ട്. എന്നാല്‍ ഏറെപേരും കുറ്റവാളികളാണ്.’ മറ്റൊരിടത്ത് പറയുന്നു: ‘യുക്തികൊണ്ടും സദുപദേശം കൊണ്ടും നീ ജനത്തെ നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക. ഏറ്റം നല്ല നിലയില്‍ അവരുമായി സംവാദം നടത്തുക. നിശ്ചയമായും നിന്റെ നാഥന്‍ തന്റെ നേര്‍വഴി വിട്ട് പിഴച്ചുപോയവരെ സംബന്ധിച്ച് നന്നായറിയുന്നവനാണ്. നേര്‍വഴി പ്രാപിച്ചവരെപ്പറ്റിയും സൂക്ഷ്മമായി അറിയുന്നവനാണവന്‍.’ പ്രവാചകന്‍ പറഞ്ഞു: ‘നിങ്ങളില്‍ ആരെങ്കിലും തിന്മ കണ്ടാല്‍ അത് കൈകൊണ്ട് തടയുക, അല്ലെങ്കില്‍ നാവുകൊണ്ട് തടയുക, അതിനും സാധിക്കില്ലെങ്കില്‍ ഹൃദയംകൊണ്ട് വെറുക്കുകയെങ്കിലും ചെയ്യുക.’ ഇവിടെയെല്ലാം സ്ത്രീകളെയും പുരുഷനെയും പൊതുവിലാണ് അഭിസംബോധനം ചെയ്യുന്നത്.

ഇവിടെ സ്ത്രീകള്‍ക്ക് പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുന്ന ചില മേഖലകളെ കുറിച്ച് ഓര്‍മപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഇത് മാത്രമാണ് അവരുടെ പ്രബോധന മേഖലയെന്നോ പുരുഷന്മാരെ പോലെ മറ്റ് മേഖലകളില്‍ അവര്‍ക്ക് ഇടപെടാന്‍ പാടില്ലെന്നോ ഇതിനര്‍ഥമില്ല. സ്ത്രീകള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ സുഖകരമാകുന്ന ചില മേഖലകള്‍ ഇവിടെ സൂചിപ്പിക്കുന്നു എന്ന് മാത്രം.
– വീട്ടില്‍ കുടുംബാംഗങ്ങളുടെ ഇസ്‌ലാമിക ജീവിതം ഉറപ്പുവരുത്തുകയെന്നതാണ് സ്ത്രീ നിര്‍വഹിക്കേണ്ട സുപ്രധാനമായ ഒരു പ്രബോധന പ്രവര്‍ത്തനം. മക്കള്‍ക്കും മറ്റ് വീട്ടിലുള്ളവര്‍ക്കും ഇസ്‌ലാമിക സംസ്‌കാരം പകര്‍ന്ന് നല്‍കാന്‍ സാധിക്കുന്ന എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കണം. സംസ്‌കാരത്തെ ചീത്തയാക്കുന്ന ഒരു തരത്തിലുള്ള അവസരങ്ങളും ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചീത്ത ചാനലുകള്‍ സൈറ്റുകള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം അവരെ തടയണം.
– ഭര്‍ത്താവിനും കുട്ടികള്‍ക്കും കൂടെ ഇരിക്കാന്‍ സമയം കണ്ടെത്തണം. അവരെ നല്ലത് ഉപദേശിക്കാനും സല്‍പ്രവര്‍ത്തികളില്‍ അവരെ പ്രേരിപ്പിക്കാനും ഭാര്യയെന്ന നിലയില്‍ അവര്‍ പരിശ്രമിക്കണം. വളരെനല്ല രീതിയിലും ഗുണകാംക്ഷയോടെയും വീട്ടിനുള്ളില്‍ ഉണ്ടായേക്കാവുന്ന എല്ലാ തിന്മകളെയും ഇല്ലാതാക്കാന്‍ ഭാര്യ ശ്രമിക്കണം.
– അയല്‍വാസികളെ സന്ദര്‍ശിക്കുകയും അവരെ നല്ലകാര്യങ്ങളിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകുയും ചെയ്യണം. ഇടക്കിടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കണം. അവര്‍ക്ക് വായിച്ച് നല്ലകാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന പുസ്തകങ്ങളും മാഗസിനുകളും സമ്മാനിക്കണം. അവര്‍ക്ക് നല്ല കാര്യങ്ങള്‍ കേള്‍ക്കാന്‍ സാധിക്കുന്ന സിഡികളും സൈറ്റുകളും പരിചയപ്പെടുത്തണം.
– സ്ത്രീകളെ നമസ്‌കാര സ്ഥലങ്ങളിലും മറ്റും സംഘടിപ്പിക്കാന്‍ ശ്രദ്ധിക്കുക. അവര്‍ക്ക് ഇസ്‌ലാമികമായി ഉപകാരപ്പെടുന്ന കാര്യങ്ങള്‍ പഠിപ്പിക്കാനും സാധിക്കണം. ഇത്തരം ഒത്തുകൂടലിന് കൃത്യമായ ചിട്ട തീരുമാനിക്കണം. ആഴ്ചയിലൊരിക്കലോ മാസത്തില്‍ രണ്ടുതവണയോ അപ്രകാരം സമയം നിര്‍ണയിക്കണം.
– ആശുപത്രികളിലും മറ്റും സേവനം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അവര്‍ക്ക് മനസ്സിലാകുന്ന രൂപത്തിലുള്ള ക്ലാസുകള്‍ സംഘടിപ്പിക്കണം. അവരുടെ ഭാഷയില്‍ അവരോട് സംവദിക്കാന്‍ സാധിക്കേണ്ടതുണ്ട്. ആവശ്യമെങ്കില്‍ സാധാരണക്കാരില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേകം ശ്രദ്ധിക്കേണ്ട ആളുകളുടെ വേറെവേറെ ഗ്രൂപ്പുകള്‍ ഉണ്ടാക്കാവുന്നതാണ്.
– മറ്റുള്ളവരെ കാണിക്കാന്‍ അണിഞ്ഞൊരുങ്ങി തെരുവുകളിലൂടെയും പട്ടണങ്ങളിലൂടെയും നടക്കുന്ന സ്ത്രീകളുണ്ടാവും സമൂഹത്തില്‍. അവരെ അവരുടെ അധര്‍മ്മത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ സ്‌നേഹബുദ്ധിയോടെ ശ്രമിക്കണം. ഇത്തരം രോഗങ്ങള്‍ മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ അവരെ ഇതിന്റെ പ്രശ്‌നങ്ങളെ കുറിച്ച് ബോധവല്‍കരിക്കണം.
– പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പ്രായോഗിക പരിശീലനം ലഭ്യമാക്കുന്ന തരത്തിലുള്ള ക്യാമ്പുകള്‍ സംഘടിപ്പിക്കുക. ഈ ക്യാമ്പുകളിലൂടെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യവും അതിന്റെ ശ്രേഷ്ടതകളും സ്ത്രീകളെ പഠിപ്പിക്കാന്‍ ശ്രമിക്കണം. അതിന്റെ പ്രായോഗിക രൂപങ്ങളും അനുഭവപാഠങ്ങളും അവതരിപ്പിക്കണം. ഇത്തരം ക്യാമ്പുകള്‍ കൃത്യമായ ഇടവേളകളില്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യണം.
– ആധുനിക കാലഘട്ടത്തില്‍ വളരെ സുപ്രധാനമായ പ്രബോധന മാര്‍ഗമാണ് ഇന്റര്‍നെറ്റ്. അതുകൊണ്ടുതന്നെ വീട്ടിലിരുന്ന തന്നെ സ്ത്രീകള്‍ക്ക് അതിലൂടെ സല്‍പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാവുന്നതാണ്. ഉപകാരപ്പെടുന്ന കാര്യങ്ങള്‍ നല്ല സൈറ്റുകളിലും സോഷ്യല്‍ മീഡിയകളിലും എഴുതുക. നന്മകള്‍ വളര്‍ത്താനുള്ള നല്ല ഗ്രൂപ്പുകള്‍ രൂപീകരിക്കുക. വിവിധ സൈറ്റുകളില്‍ വരുന്ന മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്നതോ ഇസ്‌ലാമിനെ പഠിക്കാന്‍ സഹായിക്കുന്നതോ ആയ ലേഖനങ്ങളും മറ്റും ഷെയര്‍ ചെയ്യുകയും അവ മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക. നല്ലകാര്യങ്ങള്‍ ഇമെയ്ല്‍ രൂപത്തിലും മെസേജുകളായും അയക്കുക. നല്ല സൈറ്റുകള്‍ വിവിധ ഭാഷകളിലും ശൈലികളിലും എത്തിക്കാന്‍ പരിശ്രമിക്കുകയും അതിനായി പരസ്പരം സഹകരിച്ച് സംരഭങ്ങള്‍ തുടങ്ങുകയും ചെയ്യുക.
– ഇന്റര്‍നെറ്റ് പോലെത്തന്നെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നന്നായുപയോഗപ്പെടുത്താന്‍ സാധിക്കുന്ന ഒരു സംവിധാനമാണ് മൊബൈല്‍. സഹോദരികള്‍ക്കും കൂട്ടുകാരികള്‍ക്കും നല്ല സന്ദേശങ്ങളും മെസേജുകളും അയക്കുകയെന്നത് വളരെ നല്ല ഒരു പ്രബോധന രീതിയാണ്.
– സ്ത്രീകളുടെ സ്ത്രീത്വം നിലനിര്‍ത്താനും സംരക്ഷിക്കാനും സാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കണം. സ്ത്രീകളുടെ അസ്തിത്വത്തെ തകര്‍ത്ത് അവരെ കച്ചവടച്ചരക്കാക്കാനാണ് പാശ്ചാത്യരുടെ ശ്രമം. അത് തിരിച്ചറിയാനും സഹോദരികളെയും കൂട്ടുകാരികളെയും അത് ബോധ്യപ്പെടുത്താനും ശ്രമിക്കണം.
– വായനയില്‍ മടിയുള്ള സഹോദരികള്‍ക്കായി വായിക്കാന്‍ താല്‍പര്യമുണ്ടാക്കുന്ന നല്ല ഗുണപാഠമുള്ള കഥകളും നോവലുകളും ശേഖരിക്കുക. ആധുനിക കാലത്ത് നല്ല ബ്ലോഗുകള്‍ പരിചയപ്പെടുത്തുകയും ചെയ്യാവുന്നതാണ്.

– അടുത്തുള്ളവരെ വിളിച്ച് ചേര്‍ത്ത് കൂട്ടുകാരികളുടെ വീട്ടില്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ നോക്കുക. കാരണം അത് കൂട്ടുകാരികളെയും അതുപോലെ അവരുടെ അയല്‍വാസികളെയും നല്ലകാര്യങ്ങളോട് അടുപ്പിക്കാന്‍ സഹായിക്കും.

വിവ: ജുമൈല്‍ കൊടിഞ്ഞി

Facebook Comments
Related Articles
Show More
Close
Close