Women

വിധവാത്വം എന്ന ‘ജാതി’

ഭര്‍ത്താവ് മരിച്ചാല്‍ ഭര്‍ത്താവിന്റെ ചിതയിലേക്ക് ചാടി ഭാര്യ ആത്മാഹുതി നടത്തുന്ന ഹൈന്ദവ ആചാരമായിരുന്നു സതി. ഭര്‍ത്താവിനെ ദൈവതുല്യമായി കാണുകയും ഭര്‍ത്താവിന്റെ മരണശേഷം സ്ത്രീക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് മനസ്സിലാക്കുകയും ചെയ്ത ബ്രാഹ്മണ സങ്കല്‍പമാണ് സതി എന്ന അനാചാരത്തിന് പിന്നില്‍. എന്നാല്‍ രാജാ റാം മോഹന്‍ റോയിയുടെ പ്രവര്‍ത്തനഫലമായി രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ സതി ഇന്ത്യയില്‍ നിരോധിക്കപ്പെടുകയുണ്ടായി. എന്നാല്‍ വിധവകള്‍ എന്നൊരു പുതിയ ‘ജാതി’ കൂടി സാമൂഹ്യശ്രേണിയില്‍ എഴുതിച്ചേര്‍പ്പെടുകയാണുണ്ടായത്. വിധവാ പുനര്‍വിവാഹം എന്ന ആശയം ഈശ്വര ചന്ദ്ര വിദ്യാസാഗറിനെ പോലുള്ള പരിഷ്‌കര്‍ത്താക്കളിലൂടെ ഹൈന്ദവ സമുദായത്തിനകത്ത് തന്നെ ശക്തമായി ഉയര്‍ന്നു വന്നെങ്കിലും ഇന്നും ഇന്ത്യയുടെ പല ഭാഗങ്ങളിലും വിധവകളെ അവജ്ഞയോടെയാണ് സമൂഹം കാണുന്നത്. സ്വന്തം കുടുംബവും സമുദായവും വരെ അവരെ അയിത്തം ബാധിച്ചവരായി കണ്ട് പുറന്തള്ളുന്നു.

”വീടുകളില്‍ വസ്ത്രങ്ങള്‍ അലക്കിയും പാത്രങ്ങള്‍ കഴുകിയുമാണ് ഞാന്‍ ജീവിക്കാനുള്ള വക കണ്ടെത്തിയിരുന്നത്. എന്നാല്‍ ഞാന്‍ വിധവയാണെന്ന് അറിഞ്ഞതോടെ അവരൊക്കെ എന്നെ പിരിച്ചുവിട്ടു”, ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ താമസിക്കുന്ന 85-കാരിയായ മനു ഘോഷ് പറയുന്നു. വൃന്ദാവന്‍ ഇന്ന് 20,000-ത്തോളം വിധവകള്‍ക്ക് അഭയകേന്ദ്രമാണ്. സര്‍ക്കാരിന്റെയും സ്വകാര്യ ഏജന്‍സികളുടെയും കീഴില്‍ ഓരോ വര്‍ഷവും കൂണുപോലെ വിധവാ പുനരധിവാസ കേന്ദ്രങ്ങള്‍ വൃന്ദാവനില്‍ ഉയര്‍ന്നു വരുന്നുണ്ട്. ഹൈന്ദവര്‍ പുണ്യനഗരമായി കാണുന്ന വൃന്ദാവന്‍ ഇന്ന് വിധവകളുടെ കൂടി നഗരമാണ്. ”എന്റെ ഭര്‍ത്താവ് മരിച്ചതിന് ശേഷം എന്റെ ബന്ധുക്കള്‍ എന്നെ ബഹിഷ്‌കരിച്ചു. അതിനുശേഷം തെരുവിലാണ് ഞാന്‍ അന്തിയുറങ്ങുന്നത്. എനിക്ക് 11 വയസ്സുളളപ്പോഴാണ് എന്റെ വിവാഹം കഴിഞ്ഞത്. അദ്ദേഹത്തിന് അപ്പോള്‍ 40 വയസ്സുണ്ടായിരുന്നു. പോഷകാഹാരക്കുറവ് മൂലം എന്റെ മകള്‍ ചെറിയ പ്രായത്തില്‍ തന്നെ മരിച്ചു. അവള്‍ക്ക് നല്ല ഭക്ഷണം നല്‍കാന്‍ എനിക്ക് കഴിഞ്ഞില്ല. കാരണം വിധവകളെ സഹായിക്കാന്‍ ആരും തയ്യാറാവില്ലല്ലോ. അവളുടെ മരണശേഷമാണ് ഞാന്‍ വൃന്ദാവനിലെത്തിയത്. സ്ത്രീ അവളുടെ ഭര്‍ത്താവിനും മുമ്പേ മരിക്കണം. അങ്ങനെയെങ്കിലും ഈ നരകതുല്യമായ ജീവിതത്തില്‍ നിന്ന് അവള്‍ക്ക് ഒരു മോചനം ലഭിക്കുമല്ലോ”, ഘോഷിന്റെ പ്രായത്താല്‍ ചുക്കിച്ചുളിഞ്ഞ കണ്‍തടങ്ങള്‍ നിറഞ്ഞു.

ഇന്ത്യയിലെ പല സ്ഥലങ്ങളിലും യാചക സ്ത്രീകളെ പോലെയാണ് ഉയര്‍ന്ന കുടുംബത്തില്‍ പിറന്ന, എന്നാല്‍ വിധവകളായി തീര്‍ന്ന സ്ത്രീകള്‍ ജീവിക്കുന്നത്. ഒരു വിധവയുടെ നിഴല്‍വെട്ടം കാണുന്നത് പോലും ദുഃശകുനമായും ദുര്‍നിമിത്തമായുമാണ് ജനങ്ങള്‍ കാണുന്നത്. നിരക്ഷരതയും ദാരിദ്ര്യവും പലരെയും തെരുവിലെ യാചകരോ വേശ്യാലയങ്ങളിലെ മാംസരൂപങ്ങളോ ആക്കിമാറ്റി. ”എന്റെ ഭര്‍ത്താവ് മരിച്ചതിന് ശേഷം എന്റെ മക്കള്‍ എന്നെ വീട്ടില്‍ നിന്ന് പുറത്താക്കി”, മനുകാ ദാസി പറയുന്നു. ”ക്ഷേത്രപരിസരങ്ങളിലും അമ്പലനടകളിലും ഭക്തിഗാനങ്ങള്‍ പാടിയാണ് ഞാന്‍ ജീവിക്കാനുള്ള വക കണ്ടെത്തുന്നത്. ഒരു നേരത്തേക്കുള്ള ഭക്ഷണം തരപ്പെടും. എങ്ങനെയെങ്കിലും ഒന്ന് മരിച്ചാല്‍ മതി എന്നാണ് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ഈ ദുരിതം പിടിച്ച ജീവിതത്തില്‍ നിന്ന് അങ്ങനെയെങ്കിലും ഒരു മോചനം ലഭിക്കട്ടെ.”

അവലംബം: Al Jazeera

വിവ: അനസ് പടന്ന

Facebook Comments
Related Articles
Show More
Close
Close