Women

വനിത ദിനം ഓര്‍മ്മപ്പെടുത്തുന്നത്

മാര്‍ച്ച് എട്ടിന് മറ്റൊരു വനിത ദിനം കൂടി കടന്നു വരുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മുറവിളികളും പതിവുപോലെ നടക്കുകയാണ്. സ്ത്രീകളെ പൊതു സമൂഹത്തില്‍ അടിച്ചമര്‍ത്തുകയാണെന്നും ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ട സന്ദര്‍ഭമാണിതെന്നും ഓര്‍മപ്പെടുത്തിയാണ് ഓരോ വനിത ദിനവും കടന്നു പോകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടിസ്ഥാന സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട് സ്ത്രീകളായതിന്റെ പേരില്‍ ദുരിത ജീവിതം നയിക്കുന്നവരുടെ കഥകളാണ് നാം ദിനേന കേള്‍ക്കുന്നത്. പ്രത്യേകിച്ചും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും മറ്റും നടക്കുന്ന ആഭ്യന്തര യുദ്ധം മൂലം ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്ന സമൂഹം സ്ത്രീകളും കുട്ടികളുമാണ്.

സിറിയയില്‍ അസദ് സൈന്യം നടത്തുന്ന രൂക്ഷമായ ബോംബിങ് മൂലം കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. സിറിയക്കു പുറമെ യെമന്‍,ഈജിപ്ത്,ഇറാന്‍,ഇറാഖ്,ഫലസ്തീന്‍,ബംഗ്ലാദേശ്,മ്യാന്മര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം സ്ത്രീകള്‍ക്കു നേരെ സൈന്യവും ഭരണകൂടവും നടത്തുന്ന അതിക്രമങ്ങളും തേര്‍വാഴ്ചകളുമാണ് ദിനേന പത്ര-മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.

യുദ്ധം മൂലം ഭര്‍ത്താവും മക്കളും നഷ്ടപ്പെട്ട് അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുമ്പോള്‍ അവിടെയും ലൈംഗിക പീഡനങ്ങള്‍ക്കിരയാവേണ്ടി വരുന്ന യുവതികളുടെ വാര്‍ത്തകളും നാം കണ്ടു. അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയവെ ഭക്ഷണവും വെള്ളവും മറ്റു ചികിത്സ സഹായങ്ങളും നല്‍കണമെങ്കില്‍ വളന്റിയര്‍മാരുടെ ആഗ്രഹങ്ങള്‍ക്ക് നിന്നുകൊടുക്കേണ്ട ഒറ്റപ്പെട്ട സംഭവങ്ങളും അടുത്തിടെയാണ് പുറത്തുവന്നത്.

ഏതു നിമിഷവും തലയില്‍ മിസൈലുകള്‍ ചെന്നുവീഴുമെന്ന ഭീതിയില്‍ ഒളിയിടങ്ങളിലും അഭയാര്‍ത്ഥി ക്യാംപുകളിലും കഴിയുന്ന സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ത്തകള്‍ നാം കേട്ടതാണ്. യുദ്ധം മൂലം ഭര്‍ത്താവും മക്കളും മാതാപിതാക്കളും സഹോദരി-സഹോദരങ്ങളും നഷ്ടപ്പെട്ടവരുടെ ദുരിത ജീവിതങ്ങളും ഇടതടവില്ലാതെയാണ് പുറത്തുവരുന്നത്. സഹതാപങ്ങള്‍ക്കപ്പുറം ചാനലുകളുടെയും പത്രമാധ്യമങ്ങളുടെയും റേറ്റിങും പ്രചാരണവും വര്‍ധിക്കുന്നതിലപ്പുറം ഒന്നുമല്ലാതാവുകയാണ് ഇത്തരം വാര്‍ത്തകളും ചിത്രങ്ങളും.

ആഭ്യന്തര സംഘര്‍ഷങ്ങളും യുദ്ധങ്ങളും നടക്കുന്ന ലോകത്തിന്റെ വിവിധ മേഖലകളിലെ സ്ഥിതിയും മറിച്ചല്ല.18 വയസ്സിനു താഴെയുള്ള 62ഓളം പെണ്‍കുട്ടികളെയാണ് ഇസ്രായേല്‍ സൈന്യം ഫലസ്തീനില്‍ നിന്നും അറസ്റ്റു ചെയ്ത് ജയിലിലടച്ചിരിക്കുന്നതെന്നാണ് മറ്റൊരു വാര്‍ത്ത. കൈകുഞ്ഞുങ്ങളുമായി രക്ഷപ്പെടുന്ന സ്ത്രീകള്‍ക്കു നേരെ വെടിവെക്കുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്യുന്ന ക്രൂരമായ കാഴ്ചകളും ഇവിടങ്ങളില്‍ നിന്നും കാണാം. ഇഷ്ടമുള്ള മതം സ്വീകരിച്ചതിന്റെ പേരിലും ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ചതിന്റെ പേരിലും ഇഷ്ടമുള്ള വസ്ത്രം ധരിച്ചതിന്റെ പേരിലും ഹിജാബ് ധരിച്ചതിന്റെ പേരിലും ഇന്നും സ്ത്രീകള്‍ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ലൈംഗിക അടിമകളായി സ്ത്രീകളെ ഉപയോഗിക്കുന്ന വാര്‍ത്തകളാണ് ലോക ഭീകര സംഘടനയായ ഐ.എസ് കേന്ദ്രങ്ങളില്‍ നിന്നും പുറത്തു വരുന്നത്.

മ്യാന്മറില്‍ ബുദ്ധ തീവ്രവാദികളുടെയും സൈന്യത്തിന്റെ ക്രൂരതകള്‍ക്കിരയായതും സ്ത്രീ സമൂഹം തന്നെയാണ്. ഇവിടെ റോഹിങ്ക്യകളുടെ വീടുകള്‍ ഒന്നടങ്കം ചുട്ടെരിക്കുകയും സ്ത്രീകളെയും പെണ്‍കുട്ടികളെയും ബലാല്‍സംഘം ചെയ്യുകയുമായിരുന്നു മ്യാന്മര്‍ സൈന്യം ചെയ്തത്. ഇത്തരത്തില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന ക്രൂരതകള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ കടന്നു വരുന്ന അന്താരാഷ്ട്ര വനിത ദിനത്തിന് ഏറെ പ്രസക്തിയുണ്ട്. ഈ സന്ദേശം തന്നെയാണ് വനിത ദിനത്തില്‍ നാം ഓര്‍മിക്കേണ്ടതും മറ്റുള്ളവരെ ഓര്‍മപ്പെടുത്തേണ്ടതും.

 

 

Facebook Comments
Show More

Related Articles

Close
Close