ParentingWomen

നിങ്ങള്‍ ഒരു നല്ല പിതാവാണോ?

കുടുംബ രൂപീകരണത്തില്‍ വളരെ പ്രധാനപ്പെട്ട ഘടകമാണ് പിതാവ്. കുടുംബത്തില്‍ വ്യത്യസ്തമായ ഉത്തരവാദിത്തങ്ങള്‍ അവന് നിര്‍വഹിക്കേണ്ടതുണ്ട്. കുടുംബത്തിലെ സുപ്രധാനമായ ഘടകം എന്ന നിലക്ക് മറ്റുളള ഘടകങ്ങളെല്ലാം അവന് ചുറ്റും ഒരുമിച്ചുകൂടുകയും അവനെ കേന്ദ്രീകരിച്ചു നിലകൊള്ളുകയും ചെയ്യുന്നു. സന്താനങ്ങളുടെയും ഭാര്യയുടെയും പൂര്‍ണമായ സംരക്ഷണം, അവരുടെ ചിലവ് എന്നീ ബാധ്യതകളെല്ലാം അവന് തന്നെയാണ്. അതിനാല്‍ തന്നെ സാമൂഹിക നിര്‍മാണത്തില്‍ അവന് നിര്‍ണായകമായ പങ്കുണ്ട്.

കുടുംബത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാനഘടകം പിതാവാണ്. പിതാവിന്റെ ഇടപെടലിലൂടെയാണ് വിശാലമായ സാമൂഹിക വലയത്തില്‍ കുട്ടി എത്തിച്ചേരുന്നത്. പിതാവിനോടൊപ്പം സമൂഹത്തിലെ ഇതരരുമായുള്ള ബന്ധം ഭാവിയിലെ കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിലും ബന്ധങ്ങളിലും നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നതാണ്. കുട്ടിയുടെ വ്യക്തിത്വത്തെ സാധീനിക്കുന്ന ഒന്നാമത്തെ ഘടകമാണ് പിതാവ്. ആ വ്യക്തിത്വം ഭാവിയില്‍ എങ്ങനെ രൂപപ്പെടണമെന്ന് നിര്‍ണയിക്കുന്നതും പിതാവ് തന്നെയാണ്. സമൂഹവുമായുള്ള ഇടപെടലുകളാണ് ഭാവിയില്‍ അഭിമുഖീകരിക്കുന്ന നൂതന പ്രശ്‌നങ്ങളെ ടെന്‍ഷനില്ലാതെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും മറ്റുള്ളവരോട് ഉറ്റ ബന്ധം കാത്തുസൂക്ഷിക്കാനും അനുഗുണമായിട്ടുള്ളത്.

പിതാവ് മക്കളുമായി സാമീപ്യത്തിലും സ്‌നേഹത്തിലും സഹവര്‍തിത്ത്വത്തിലുമായി കഴിയണം. കുട്ടികളുടെ ജന്മസിദ്ധമായ കഴിവുകള്‍ പരിപോഷിപ്പിക്കാനാവശ്യമായ അവസരങ്ങള്‍ സൃഷ്ടിക്കണം. മറ്റുള്ളവരുമായി എങ്ങനെ സഹവര്‍തിത്വത്തിലേര്‍പ്പെടണം എന്നതിനെ കുറിച്ച് അവരെ പഠിപ്പിക്കണം. നൂതനമായ വിജ്ഞാനങ്ങള്‍ കരഗതമാക്കാനും അവരുടെ പഠനപ്രക്രിയയില്‍ സഹായിക്കാനും ശ്രമിക്കേണ്ടതുണ്ട്. സ്‌കൂളിലെ അനുവങ്ങള്‍ പങ്കുവെക്കാനും അവരുടെ പ്രയാസങ്ങള്‍ നിരത്താനുമുള്ള അവസരം രക്ഷിതാക്കള്‍ ഒരുക്കേണ്ടതുണ്ട്.

മക്കളുമായി ഇത്തരം ക്രിയാത്മക ബന്ധം സ്ഥാപിക്കണമെങ്കില്‍ ചില നിര്‍ദ്ദേശങ്ങള്‍ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്.

– നീ ഉയര്‍ന്ന സ്ഥാനത്ത് ഇരുന്നുകൊണ്ട് മക്കളോട് സംസാരിക്കരുത്. മറിച്ച് അവരുടെ നിലവാരത്തിലേക്ക് ബുദ്ധിപരമായും ശാരീരികമായും ഇറങ്ങിവരണം. ഉദാഹരണമായി അവര്‍ കളിക്കുകയാണെങ്കില്‍ അവന്റെയടുത്ത് വന്ന് നീ എന്താണ് ചെയ്യുന്നത് എന്ന് അവനോട് ചോദിക്കുക. ഈ കളിയോടുള്ള നിന്റെ താല്‍പര്യവും അത്ഭുതവും അവന്റെ മുമ്പില്‍ വെളിപ്പെടുത്തുക.

– നീ ഒരു സംഗതി ചെയ്യുകയും മക്കളോട് അത് ചെയ്യരുത് എന്നു പറയുകയും ചെയ്യാതിരിക്കുക: ഉദാഹരണമായി നിന്റെ മകള്‍ക്ക് മറ്റു ആണ്‍കുട്ടികളുമായി ചങ്ങാത്തമൊന്നുമില്ലെങ്കില്‍ മറ്റുള്ള കുട്ടികളോട് സംസാരിക്കരുത് എന്ന് അവരെ ഉപദേശിക്കാതിരിക്കക. അതേ സമയം അവരുടെ മുമ്പില്‍ വെച്ച് നിന്റെ ജോലി സ്ഥലിത്ത സ്ത്രീകളുമായി അവരുടെ മുമ്പില്‍ നിന്ന് വിശേഷ ദിനങ്ങളില്‍ നീ ആശംസ അറിയിക്കുകയും ചെയ്യുമ്പോള്‍ നീ പ്രവര്‍ത്തിക്കാത്തത് പറയുന്നു എന്ന ബോധ്യം അവരില്‍ ഉടലെടുക്കുക.

– നിനക്ക് പിന്തുടരാന്‍ കഴിയാത്ത ഒരു കാര്യം മക്കളോട് കല്‍പിക്കാതിരിക്കുക. ഉദാഹരണമായി നീ പോയി പുസ്തകത്തിലെ ഇന്ന ഇന്ന ഉത്തരങ്ങള്‍ കണ്ടെത്താന്‍ പറയുകയും പിന്നീട് അതിന്റെ ഉത്തരം എന്താണ് എന്ന് അന്വേഷിക്കാതിരിക്കുകയും ചെയ്യുക. ഇത് നിന്നെ കുറിച്ച് അവരില്‍ തെറ്റായ ധാരണയാണ് നല്‍കുക. ഭാവിയില്‍ നീ അവര്‍ക്ക് വല്ല നിര്‍ദ്ദേശവും നല്‍കുമ്പോള്‍ നീ പിന്നീട് അത് അന്വേഷിക്കുകയില്ല എന്ന ബോധ്യത്താല്‍ അവര്‍ അത് ചെയ്യുകയില്ല.

-നിന്റെ മക്കളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുക. പ്രത്യേകിച്ച് അവര്‍ ബൗദ്ധികമായി വ്യത്യസ്ത നിലവാരമുള്ളവരാണെങ്കില്‍.

-മക്കളുമായുള്ള സംസാരം വളരെ ലളിതവും സംഗ്രഹിച്ചതുമാകുക. കെട്ടിക്കുടുക്കുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. കാരണം മിക്ക കുട്ടികളും വളരെ കുറച്ച് നേരം മാത്രമേ ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുള്ളൂ. പെട്ടെന്ന് തന്നെ അവരുടെ ശ്രദ്ധ തെന്നിമാറാന്‍ ഇടയുണ്ട്.

-മക്കളുമായി സംസാരിക്കുമ്പോള്‍ അവരുടെ പേര് വിളിച്ചുകൊണ്ട് അഭിസംബോധന ചെയ്യുക. അത് കുട്ടികളില്‍ നിനക്ക് സാമീപ്യം നല്‍കാന്‍ അവസരമൊരുക്കും.

-സംസാരത്തില്‍ കുട്ടികളുടെ സംസാരത്തെയോ ശബ്ദത്തെയോ അനുകരിക്കരുത്. വലിയവരെ പോലെ കുട്ടികള്‍ക്ക് സംസാരിക്കാന്‍ കഴിയില്ലെങ്കിലും അവരുടെ സംസാരം അവന്‍ നല്ല രീതിയില്‍ മനസ്സിലാക്കും. കുട്ടികളുടെ അപരിചിതമായ സംസാരവീഴ്ചകളെ നീ അനുകരിക്കരുത്. അത് തെറ്റ് ആവര്‍ത്തിക്കാന്‍ ഇടവരുത്തും.

-ഏതെങ്കിലും ഒരു ജോലിയില്‍ കുട്ടി പ്രയാസപ്പെടുകയാണെങ്കില്‍ അവനെ ഭാരം വഹിപ്പിക്കരുത്. മറ്റുള്ളവരെയും കൂട്ടി അവന്റെ ഭാരം ലഘൂകരിച്ചുകൊടുക്കണം.  കൂടുതല്‍ സമയം അവനെ കൊണ്ട് ഗൃഹപാഠം ചെയ്യിക്കരുത്. മറിച്ച് അവന്റെ സമയം വ്യവസ്ഥപ്പെടുത്താന്‍ ആഗ്രഹിക്കുക. കളിക്കാന്‍ ഒരു സമയം, പഠിക്കാന്‍ മറ്റൊരു സമയം.

-നിങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ കഷ്ടപ്പെടുന്നത് തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കരുത്. മറിച്ച് നിന്നെ എന്നെക്കാള്‍ മികച്ചവനായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്ന രീതിയില്‍ പ്രതീക്ഷ നല്‍കുന്ന വാക്കുകള്‍ ഉപയോഗിക്കുക.

-പുഞ്ചിരി, മറ്റു അഭിവാദന രീതികള്‍ തുടങ്ങിയവയെല്ലാം മിക്ക വിദ്യാര്‍ഥികളിലും വലിയ സ്വാധീനമുളവാക്കുമെന്ന് തിരിച്ചറിയുക.

– ഉമ്മയെ എല്ലാ ഉത്തരവാദിത്തങ്ങളും ഏല്‍പിച്ചുകൊണ്ട് കുടുംബത്തില്‍ നിന്ന് ദീര്‍ഘകാലം മാറിനില്‍ക്കാതിരിക്കുക. അത് കുട്ടികളില്‍ അസ്വസ്ഥതക്കും ദുഖത്തിനും ഇടവരുത്തും.

– പിതാവിന്റെ അധികാരം നീതിയുക്തമായും അവധാനതയോടും ഉപയോഗിക്കുക. അവരെ സ്‌നേഹത്തിലും സാഹോദര്യത്വത്തിലും വളര്‍ത്തുക.
ചുരുക്കത്തില്‍, വീടുകളിലെ ശാന്തമായ അന്തരീക്ഷവും രക്ഷിതാക്കളുടെ ഹൃദ്യമായ ഇടപെടലുകളും മക്കളുടെ വ്യക്തിത്വ രൂപീകരണത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുമെന്ന് നാം പ്രത്യേകം തിരിച്ചറിയണം.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Facebook Comments
Related Articles

ഫൗസിയ ഷംസ്

ആരാമം  മാസികയുടെ സബ്എഡിറ്ററാണ് ലേഖിക

Close
Close