Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ വഴിയുണ്ട്

പള്ളിമേടയിലും പാര്‍ട്ടി ആപ്പീസിലും സിനിമാരംഗത്തും നടക്കുന്ന സ്ത്രീ പീഡനങ്ങള്‍ പുതുമ നഷ്ടപ്പെട്ട വാര്‍ത്തകളായിരിക്കുന്നു. ‘മീ ടൂ’ കൂടി വന്നതോടെ ‘അമ്പ് കൊള്ളാത്ത വരില്ല ഗുരുക്കളില്‍’ എന്നതാണവസ്ഥ. എന്നാല്‍ ഇതിന് സമര്‍പ്പിക്കപ്പെടുന്ന പരിഹാരങ്ങള്‍ തീര്‍ത്തും യുക്തിരഹിതങ്ങളത്രെ. ചാനല്‍ ചര്‍ച്ച മുതല്‍ ആനുകാലികങ്ങള്‍ വരെ ശ്രദ്ധിച്ചാല്‍ അറിയാം, രോഗലക്ഷണങ്ങള്‍ പറഞ്ഞു കൊണ്ടേയിരിക്കുന്നുവെന്നല്ലാതെ രോഗത്തിന്റെ വേരുകളെ കുറിച്ചോ രോഗം മാറാനുള്ള ഔഷധക്കൂട്ടുകളെ കുറിച്ചോ ഒരു പോയിന്റും മുന്നോട്ട് വെക്കപ്പെടുന്നില്ല! മനുഷ്യര്‍ മൂല്യനിഷ്ഠ ജീവിതം നയിക്കാനും സ്ത്രീപുരുഷ ഇടപഴകലുകളില്‍ ആരോഗ്യ കരമായ നിയന്ത്രണങ്ങള്‍ പാലിക്കാനും തയ്യാറാവലാണ് പീഡനങ്ങള്‍ ഒഴിവാക്കാനുള്ള വഴി.

വിശുദ്ധ ഖുര്‍ആന്‍ സ്ത്രീപുരുഷന്മാരോട് പറയുന്നു: ‘അവര്‍ തങ്ങളുടെ കണ്ണുകള്‍ നിയന്ത്രിക്കുകയും രഹസ്യ ഭാഗങ്ങള്‍ കാത്തുസൂക്ഷിക്കുകയും ചെയ്തുകൊള്ളട്ടെ. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത് ‘ ( 24:30)

സ്ത്രീകളോട് സവിശേഷമായി പറയുന്നു: ‘അവര്‍ തങ്ങളുടെ കണ്ണുകള്‍ നിയന്ത്രിക്കുകയും രഹസ്യ ഭാഗങ്ങള്‍ കാത്തു സൂക്ഷിക്കുകയും തങ്ങളുടെ അലങ്കാരങ്ങള്‍ വെളിപ്പെടുത്താതെയുമിരിക്കട്ടെ സ്വാഭാവികമായി വെളിപ്പെട്ടതൊഴിച്ച് അവര്‍ ശിരോവസ്ത്രം താഴ്ത്തിയിട്ട് മാറിടം മറക്കുകയും
ചെയ്യട്ടെ ‘ ( 24: 31)

അതോടൊപ്പം ‘മനസ്സില്‍ വൃത്തികേടുള്ളവര്‍ പ്രലോഭിതരാകുംവണ്ണം കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുതെ’ന്നും ഖുര്‍ആന്‍ (33:32) ആജ്ഞാപിച്ചിട്ടുണ്ട്. ഇങ്ങനെയൊന്നും ചെയ്യാന്‍ തയ്യാറില്ലാഞ്ഞാല്‍ എന്തു സംഭവിക്കുമെന്നും ഖുര്‍ആന്‍ താക്കീത് ചെയ്തിട്ടുണ്ട്: ‘നിശ്ചയം മനസ്സ് തിന്മയെ പ്രേരിപ്പിക്കും’ (12:53) അത് തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആസക്തിയോടെയുള്ള നോട്ടം പിശാചിന്റെ അമ്പ് ആണെന്നും, ഒരു സ്ത്രീയും പുരുഷനും തനിച്ചായാല്‍ അവര്‍ക്കിടയില്‍ മൂന്നാമനായി പിശാച് ഉണ്ടാകുമെന്നുമുള്ള മുഹമ്മദ് നബി (സ) യുടെ വചനങ്ങളും വിശ്രുതങ്ങളാണ്.

ചുരുക്കത്തില്‍ നാം കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണ്. ആരോ പറഞ്ഞതുപോലെ വെടിമരുന്നുണ്ടാക്കി പടക്കം നിര്‍മ്മിച്ച് തീ കൊളുത്തുക കൂടി ചെയ്താല്‍ പിന്നെ പൊട്ടിത്തെറിക്കുക എന്നത് സ്വാഭാവികമാണ്. അത് മാത്രമേ ഇപ്പോള്‍ സംഭവിക്കുന്നുള്ളൂ.

ഇതിനര്‍ത്ഥം സ്ത്രീ പുരുഷന്മാര്‍ പരസ്പരം കാണുകയോ സംസാരിക്കുകയോ ഒരു ലക്ഷ്യത്തിനു വേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കുകയോ പാടില്ലായെന്നല്ല. അതിനെല്ലാം തികച്ചും ആ രോഗ്യകരമായ ഒരു മാര്‍ഗരേഖ ഉണ്ടായിരിക്കണമെന്നു മാത്രമാണ്. പീഡനങ്ങളിലേക്ക് നയിക്കുന്ന സര്‍വ്വ വഴികളും കൊട്ടിയടക്കണം.അതിന് ഒന്നാമതായി നാം സംസ്‌കൃതചിത്തരായി ജീവി ക്കാന്‍ ശ്രമിക്കണം.സ്ത്രീ പുരുഷ ഇടപഴകലുകളിലും വേഷവിധാനങ്ങളിലും പരമാവധി മാന്യത പുലര്‍ത്തുകയും വേണം.

Related Articles