Current Date

Search
Close this search box.
Search
Close this search box.

വിസ്മയമൂറും കുഞ്ഞുലോകം

പഴയകാലത്ത് കൂട്ടുകുടുംബങ്ങളായിരുന്നപ്പോൾ കുഞ്ഞുങ്ങളെ എടുത്ത് കൊണ്ടു നടക്കാനും വേണ്ടത്ര ശ്രദ്ധ കൊടുക്കാനും പരിപാലിക്കാനും ഒട്ടേറെ പേർ കാണുമായിരുന്നു. കൂടെ കളിക്കാൻ കൂട്ടുകാരുടെ കുറവും ഉണ്ടായിരുന്നില്ല, അച്ഛനമ്മമാരുടെ തന്നെ സഹോദരിയുടെയും സഹോദരന്മാരുടെയൊക്കെ മക്കൾ തന്നെ കാണും. അല്ലെങ്കിൽ തൊട്ടടുത്ത വീട്ടിലെ സമപ്രായക്കാരായ പിള്ളേർ ഉണ്ടാവും. കുഞ്ഞുങ്ങൾ ഓടിയും ചാടിയും കളിച്ചും രസിച്ചും ഉല്ലസിച്ചും നടക്കുമ്പോൾ ‘അമ്മ വീട്ടുജോലികളിലും മറ്റും വ്യാപൃതയായിരിക്കും, കുഞ്ഞിനെക്കുറിച്ച് അധികം ആകുലപ്പെടേണ്ടി വന്നിരുന്നില്ല.

എന്നാൽ ഇന്നത്തെ സാഹചര്യം മൊത്തത്തിൽ മാറികഴിഞ്ഞു നമുക്കറിയാം. അണുകുടുംബങ്ങളെന്ന സ്ഥിതിവിശേഷത്തിലേക്ക് നമ്മൾ ചുരുങ്ങിയതും തങ്ങളുടെയും കുടുംബത്തിന്റെയും സ്വകാര്യതയ്ക്ക് പതിവിലേറെ മുൻതൂക്കം അച്ഛനമ്മമാർ നൽകാൻ തുടങ്ങിയതും മാത്രമല്ല തങ്ങൾക്കും അയൽവാസികൾക്കിടയിലും അദൃശ്യകരമായതോ ചിലപ്പോൾ ദൃശ്യകാരമായതോ ആയ കൺമതിലുകൾ സൃഷ്ടിക്കപ്പെട്ടു. വീടിന്റെ വാതിലുകളും ഗെയിറ്റും സദാസമയവും അടച്ചിട്ട് കുഞ്ഞു മക്കൾക്ക് വീടിന് പുറത്ത് കളിക്കാനുള്ള അവസരം തന്നെ നമ്മൾ ഇല്ലാതാക്കി.

അങ്ങനെ ഇന്ന് നമ്മൾ ചെയ്യുന്നത് കുഞ്ഞുങ്ങൾ കയ്യിൽ കളിപ്പാട്ടം പിടിയ്ക്കും മുമ്പേ തന്നെ മൊബൈൽ ഫോണോ, ടാബോ കയ്യിൽ പിടിപ്പിക്കുന്നു. അല്ലെങ്കിൽ ടി.വി.യ്ക്ക് മുന്നിൽ കൊണ്ടുപോയി ഇരുത്തി മക്കളുടെ വികൃതിയിൽ നിന്നും അടങ്ങിയിരിക്കാത്ത പ്രകൃതത്തിൽ നിന്നും താൽക്കാലിക ആശ്വാസം നേടുന്നു. മക്കളെ അടക്കി ഇരുത്താനായ് ഇന്ന് അമ്മമാർ കാണുന്ന പോംവഴികൾ ഇതൊക്കെയാണ്. കുഞ്ഞുങ്ങളുടെ ശരിയായ മാനസിക ശാരീരിക വളർച്ചയ്ക്കും ആരോഗ്യത്തിനും അവർ ഓടിയും ചാടിയും ഉല്ലസിച്ചും കളിക്കേണ്ടതുണ്ടെന്ന കാര്യമേ നമ്മൾ സൗകര്യപൂർവ്വം മറക്കുന്നു. ഏറെ നേരം ചടഞ്ഞ് ഇരിക്കുന്നതും ടി.വി.യിലും മൊബൈലിലും കണ്ണും നട്ട് ഇരിക്കുന്നതൊക്കെ കുഞ്ഞിന്റെ മാനസിക വികാസത്തിനും ശാരീരിക വളർച്ചയ്ക്കും മിക്കപ്പോഴും വലിയൊരു മാർഗ്ഗതടസ്സമായി നില നിൽക്കും. പുറം ലോകത്തെ കാറ്റും വെയിലും മഴയും എല്ലാം മക്കൾ അറിയണം.

രക്ഷാകർതൃത്വത്തെക്കുറിച്ച്‌ ക്ലാസ് എടുക്കുമ്പോൾ പലപ്പോഴും ഞാൻ മാതാപിതാക്കളോട് ചോദിക്കുന്ന ഒരു കാര്യമുണ്ട്. നിങ്ങൾ നിങ്ങളുടെ മക്കളെ വല്ലപ്പോഴും വെയിൽ കൊള്ളാൻ അനുവദിക്കാറുണ്ടോ? മഴ നനയാൻ അനുവദിക്കാറുണ്ടോ? പ്രതീക്ഷിച്ചപോലെ “ഇല്ല” എന്ന് തന്നെയാണ് മറുപടി ലഭിക്കാറുള്ളത്. പ്രകൃതിയുമായി ഇഴചേർന്ന മനുഷ്യജീവിതത്തിൽ അതിന്റെ പച്ചപ്പ് എന്നും നിലനിൽക്കും. കുഞ്ഞുങ്ങളിൽ അവരിലെ നൈസർഗ്ഗീകത എന്നന്നേയ്ക്കുമായി കാത്ത് സൂക്ഷിക്കുന്ന വിധം വേണം വളർത്തിയെടുക്കാൻ.

നഗരങ്ങളിലെല്ലാം ശ്രദ്ധിച്ചാൽ കാണാം കുഞ്ഞുങ്ങൾക്ക് കളിക്കാനായ് പലവിധത്തിലുള്ള കൊച്ചു കൊച്ചു റൈഡുകളും ആടിക്കളിക്കാൻ ഊഞ്ഞാലും ഓടി കളിക്കാനായി പച്ച പുൽമേടും നിറഞ്ഞ പാർക്കുകൾ കാണാം, പ്രൈവറ്റ് സ്‌കൂളുകളിലൊക്കെ പ്രീപ്രൈമറി/പ്രൈമറി ക്ലാസ് വിദ്യാർത്ഥികൾക്കായി പാർക്ക് നിർമ്മിക്കാറുണ്ട്. പി.ടി പീരിയഡിന്റെയൊക്കെ ഉദ്ദേശം മറ്റൊന്നല്ല, കുഞ്ഞുങ്ങൾ കായികതലത്തിലും തന്നിലെ പ്രതിഭയും കഴിവും തെളിയിക്കണം എന്ന ആവശ്യത്തിനാണ്. ഇത്തരം കായിക അഭ്യാസങ്ങൾ അവരെ ഊർജ്ജസ്വലരായി നിർത്തുക മാത്രമല്ല ശരീരത്തിലെ പേശിയ്ക്ക് ബലവും ശക്തിയുമേകാൻ സഹായിക്കും..

ബോളും, ബാറ്റുമൊക്കെ ഉണ്ടെങ്കിൽ വൈകുന്നേരങ്ങളിൽ അൽപസമയം അവരോടൊപ്പം നമുക്കും കളിക്കാം മാനസികമായും ശാരീരികമായും ഗുണം പ്രദാനം ചെയ്യും, അതിലേറെ മാനസിക ഉല്ലാസമേകും. അല്ലെങ്കിൽ അവരെ കളിക്കാൻ വിട്ട് അല്പനേരം നടക്കാം. ഇങ്ങനെ കുഞ്ഞിന്റെ കൂടെയുള്ള സമയം നമ്മളും എൻജോയ് ചെയ്യുകയോ ഒരു ഈവനിങ് വോക്കിനോ മറ്റോ ആയിട്ട് വിനിയോഗിക്കാവുന്നതാണ്. ഭൂരിഭാഗം മാതാപിതാക്കൾക്കും അതിന് കഴിയാറില്ല എന്നതാണ് സത്യം.വർഷങ്ങൾ കഴിഞ്ഞ് പേരകുട്ടികൾ ആവുമ്പോഴാണ് അവർ യഥാർത്ഥത്തിൽ ഇതെല്ലാം ആസ്വദിക്കുന്നത് .

ഒരു കാര്യം മറക്കാതിരിക്കുക, നമ്മൾ മനസികമായി സ്ട്രെസ്സ് അനുഭവിക്കുമ്പോൾ ആരെയും നമുക്ക് കൃത്യമായി പരിഗണിക്കാനോ, കെയർ ചെയ്യാനോ കഴിയില്ല എന്നുള്ളത് ഒരു വലിയ യാഥാർത്ഥ്യമാണ്. എല്ലാ പ്രശനങ്ങളും തീർന്ന ശേഷം മറ്റുള്ളവരെ സ്നേഹിക്കാൻ ചെല്ലുമ്പോഴേക്കും അവർ മറ്റാരെയോ കണ്ടെത്തിക്കഴിയും. നമ്മിൽ നിന്ന് ഓരോരുത്തരും അർഹിക്കുന്ന സ്നേഹം നൽകാൻ മനസ്സും സമയവും ബോധപൂർവ്വം കണ്ടെത്തണം. മനസ്സ് വല്ലാതെ പ്രക്ഷുബ്ധമായ അവസ്ഥയിലാവുമ്പോൾ കാര്യമില്ലാതെ കുഞ്ഞുങ്ങളെ ശകാരിച്ചുകൊണ്ടിരിക്കുന്ന മാതാപിതാക്കൾ ഉണ്ട്. കുഞ്ഞുങ്ങൾ എന്ത് തെറ്റ് ചെയ്തിട്ടാണ്..??

മക്കൾ തങ്ങൾ പറയുന്നതൊന്നും കേൾക്കുന്നില്ല അനുസരിക്കുന്നില്ല എന്നത് രക്ഷിതാക്കളുടെ സ്ഥിരം പല്ലവിയാണ്. ഇപ്പറയുന്ന മാതാപിതാക്കളും അല്പമൊക്കെ അവരെയും കേൾക്കാൻ മനസ്സ് കാണിക്കണ്ടേ അതിനായി സമയം കണ്ടെത്തണ്ടേ. പലപ്പോഴും മനസ്സ് അതിനൊന്നുമുള്ള അവസ്ഥയിലാവില്ല പക്ഷെ അത് മക്കൾ അറിയുന്നില്ലല്ലോ. അവർക്ക് എപ്പോഴും അനുഭവങ്ങളുടെ കുറവും പ്രായത്തിന്റെ പക്വതക്കുറവും കാണും നമ്മൾ കാണിക്കാത്ത പക്വത ഒരിക്കലും മക്കളിൽ നിന്ന് തിരിച്ച് അച്ഛനമ്മമാർ പ്രതീക്ഷിക്കുക പോലും അരുത്

രക്ഷാകർതൃത്വത്തെ ഒരു കലയായിട്ട് സങ്കൽപ്പിക്കാൻ കഴിയുന്ന മാതാപിതാക്കൾക്ക് അതിമനോഹരമായ ഒരു ലോകം അവരുടെ കുഞ്ഞുങ്ങൾക്ക് മുന്നിൽ ക്രിയേറ്റ് ചെയ്യാൻ സാധിക്കും അതിന് വലിയ ചെലവ് ഒന്നുമില്ല. ലോകത്തെ അറിയുമ്പോൾ ക്രിയാത്മകവും സർഗ്ഗാത്മക നിറഞ്ഞതുമായ ഒരു ദാർശനികതയിലേയ്ക്ക് അവരിലെ ഭാവനയെയും കാഴ്ച്ചകളെയും എത്തിക്കാൻ കഴിഞ്ഞാൽ മതി.

കുഞ്ഞിനെയും പങ്ക് ചേർത്ത് ചെടികൾ നട്ടുപിടിപ്പിക്കാം, വെള്ളം ഒഴിച്ചു കൊടുക്കാം, പൂച്ച കുഞ്ഞുങ്ങളെയോ അല്ലെങ്കിൽ കോഴിക്കുഞ്ഞുങ്ങളെയൊക്കെ പരിപാലിക്കാം ഇതിനേക്കാൾ വലിയ കളിപ്പാട്ടമൊന്നും കുഞ്ഞിന് കൊടുക്കാനായി ഇല്ല. കുഞ്ഞിന്റെ മനസ്സിനെ എന്തിലേറെ സ്വാധീനിക്കുന്ന പലതുമുണ്ട് ചുറ്റുപാടുകളിൽ. പൂക്കളുടെ വർണ്ണങ്ങൾ, കുഞ്ഞു ജീവികൾ വസ്തുക്കൾ ഇവയെല്ലാം കുഞ്ഞുങ്ങളെ ആകർഷിക്കുന്നവയിൽ ചിലതാണ്.

കുഞ്ഞുങ്ങൾ അവരുടെ നിഷ്കളങ്കതയിൽ നിന്ന് ഉരുത്തിരിയുന്ന ഓരോരോ കാര്യങ്ങൾ ചിലപ്പോൾ മടയത്തരം ആയി തോന്നുമെങ്കിലും കേൾക്കാൻ രസമായിരിക്കും, നമുക്ക് ഒരുപക്ഷെ ചിരി വരും എന്നാൽ അവരുടെ പരിമിതമായ സെൻസിൽ തെളിയുന്ന കാര്യങ്ങളാണ് അത്, അവരുമായി ചെലവഴിക്കുന്ന സമയങ്ങളിൽ അതിന്റെയൊക്കെ ശരിയായ പൊരുൾ അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിൽ സരസമായ ഭാഷയിൽ പറഞ്ഞുകൊടുക്കുന്നത് കുഞ്ഞിന്റെ ബൗദ്ധികമായ വളർച്ചയെ ത്വരിതപ്പെടുത്തും.

ഉറക്കുമ്പോഴും അല്ലാതെയും നല്ല പൊസിറ്റിവ് ചിന്തകൾ ഉൾക്കൊള്ളുന്ന കൊച്ചു കൊച്ചു കഥകൾ കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുക്കുന്നതും നല്ലത് തന്നെ. കൈകളിൽ തൂങ്ങി നമ്മോടൊപ്പം നടക്കുമ്പോഴും ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള യാത്രയിലും നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേയ്ക്കുള്ള യാത്രകളിലും വഴിയിൽ കാണുന്ന വിസ്മയകരമായ കാഴ്ചകളെ കുറിച്ചും സംസാരിച്ചുകൊണ്ടിരിക്കാം.. ഓരോ അറിവും ചെറുതല്ല, കുഞ്ഞിന്റെ നാളെയ്ക്ക് തെളിച്ചവും വെളിച്ചവുമേകാൻ അവർക്ക് മീതെ
അറിവിൻ തുണ്ടുകൾ വിതറിയിടാം.

Related Articles