Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ടാണ് സ്ത്രീയെ വേർതിരിക്കുന്നത്?

ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുകയോ ബലാത്സംഗം ചെയ്യപ്പെടുകയോ ചെയ്താൽ അവൾക്ക് പുറത്ത് എന്തായിരുന്നു പണിയെന്ന് നാം ചോദിക്കാറില്ലേ ? അവൾ ഏത് വിധത്തിലാണ് വസ്ത്രം ധരിച്ചിരുന്നത്? അവളുടെ പെരുമാറ്റം എങ്ങനെയായിരുന്നു ? ചോദ്യങ്ങളിങ്ങനെ പോവും.

കെട്ടുപ്രായമായാൽ അവളുടെ വിവാഹം എത്രയും വേഗത്തിൽ നടത്താനുള്ള തീവ്ര ശ്രമത്തിലേക്ക് വീട്ടുകാർ മാറും. ഇങ്ങനെ നമ്മുടെ ചിന്തകളെല്ലാം സ്ത്രീകളിൽ കേന്ദ്രീകരിച്ചായിരിക്കുമെന്നുറപ്പാണല്ലോ. അവളെ ബലാത്സംഗം ചെയ്ത ആണ് വഞ്ചകനും ദ്രോഹിയും കുറ്റവാളിയുമാണെന്ന് എന്തുകൊണ്ട് നമുക്ക് പറഞ്ഞുകൂടാ? അങ്ങനെയാവുമ്പോഴല്ലേ സംഭവത്തെ വിലയിരുത്തുന്നതിൽ നമുക്ക് നീതി പുലർത്താൻ സാധിക്കൂ.

മറ്റൊരു ഉദാഹരണം നമുക്കിങ്ങനെ പറയാം: ഒരു പുരുഷൻ തന്റെ ഭാര്യയെ കൊന്നാൽ, ആളുകൾ പലപ്പോഴും പ്രതികരിക്കുന്നതിങ്ങനെയാവും:  കൊല്ലാൻ മാത്രം അവളെന്ത് ചെയ്തു? അവൾ അവനെ വഞ്ചിച്ചതിനാലാണോ അത് ചെയ്തത് ? അവൻ ഒരു ദ്രോഹിയാണെന്നടത്തേക്ക് എന്തുകൊണ്ടാണ് നമ്മുടെ ചിന്ത പോകാത്തത്? അതല്ല അവൻ അവളുടെ അനന്തരാവകാശം മോഹിക്കുകയാണോ ചെയ്യുന്നത്, അതോ അവൻ സ്വേച്ഛാധിപതിയും അക്രമാസക്തനുമാണോ?

എന്തുകൊണ്ടാണ് മിക്ക ആളുകളും സ്ത്രീയെ ഒരു പ്രതിയായി കാണുന്നത്? വ്യഭിചാര കുറ്റം ചെയ്യുന്ന സ്ത്രീകളെ സമൂഹം പുരുഷൻമാരെ കാണുന്നത് പോലെത്തന്നെയാണോ കാണുന്നത് ? ഇല്ല എന്ന്തന്നെയാണ് ഉത്തരം. നമ്മുടെ ദീൻ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ആണിനെയും പെണ്ണിനെയും വേർതിരിക്കുന്നില്ല എന്നത് ശ്രദ്ധേയമാണല്ലോ. സ്ത്രീക്കും പുരുഷനും ഒരേ ശിക്ഷയാണുള്ളത്. മാതാപിതാക്കൾ പെൺകുട്ടികളുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുകയും ആൺകുട്ടികളുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ സൗമ്യമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നുവെന്നത് മറ്റൊരു സത്യം.

ഒരു പുരുഷൻ, തന്റെ ഭാര്യയെ വീട്ടുജോലിയിൽ സഹായിക്കുമ്പോൾ, ഞാനവളോട് എന്തോ ഒരു വലിയ ദയകാണിക്കുന്നുവെന്ന് സ്വയം തോന്നുന്നത് എന്തുകൊണ്ടാണ്?. ഇത് യഥാർത്ഥത്തിൽ അവന്റെ കൂടി കടമയാണല്ലോ. വീട്ടിലെ അല്ലറ ജോലികൾ ചെയ്യുന്നതിൽ പുരുഷൻ നടത്തിയ ശ്രമത്തിന് ഒരു നന്ദിവാക്ക് അവൻ അവളോട് പ്രതീക്ഷിക്കുന്നുണ്ട്, പക്ഷേ അവൾ രാവും പകലും അവനെ സേവിക്കുന്നതിനുള്ള ഒരു നന്ദിയും തിരിച്ച് കിട്ടുന്നുമില്ല എന്നതല്ലെ ശരി. വീട്ടുജോലികളിൽ ഭാര്യയെ സഹായിക്കുന്നത് ദൈവത്തോടുള്ള അടുപ്പമാണെന്നും അതുവഴി അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുമെന്നും എന്തുകൊണ്ടാണ് നമ്മൾ പുരുഷന്മാരെ പഠിപ്പിക്കാത്തത്? അല്ലാഹു പറഞ്ഞത് ഇങ്ങനെയല്ലെ- (അവൻ നിങ്ങൾക്കിടയിൽ സ്നേഹവും കാരുണ്യവും സ്ഥാപിച്ച് നിലനി‌ർത്തിയിരിക്കുന്നു). ഇണകൾ പരസ്പരം സഹകരിക്കുമ്പോഴല്ലേ സ്നേഹവും കാരുണ്യവും ഉണ്ടാവുന്നത്. നമ്മുടെ പ്രവാചകൻ തന്റെ വസ്ത്രങ്ങൾ കഴുകിയിരുന്നു, കീറിയവ തുന്നിയിരുന്നു , ഷൂസ് വൃത്തിയാക്കിയിരുന്നു കുടുംബത്തെ പലകാര്യങ്ങളിലും സേവിച്ചിരുന്നു, വീട്ടിലെ ജോലികളിൽ അവരെ സഹായിച്ചിരുന്നു എന്നല്ലാം നമുക്കറിയാവുന്ന കാര്യങ്ങളല്ലെ.

പുരുഷത്വത്തെ പണവുമായിട്ടാണ് നമ്മൾ പലപ്പോഴും ബന്ധപ്പെടുത്താറ്. ഭാര്യയും ഭർതാവും ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചശേഷം ഭ‌ർതാവിന്റെ പക്കൽ പണമില്ലാതിരുന്നാൽ ഭാര്യ രഹസ്യമായി ഭർതാവിന്റെ കയ്യിൽ പണം കൊടുക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ, എന്നിട്ട് പണമടക്കുന്ന ആൾ അവനാണന്നും അവന്നാണ് കരുത്തെന്നും തെളിയിക്കുകയാണല്ലോ അതിലൂടെ. ഒരു സ്ത്രീ ഇത് നേരിട്ട് നൽകുന്നത് കുറ്റമോ തെറ്റോ ഒന്നുമല്ലല്ലോ. മാത്രവുമല്ല സമൂഹം അതിനെ തെറ്റായ സംസ്കാരമായി ​ഗണിക്കുന്നുമില്ല. അബ്ദുല്ലാഹി ബിനു മസ്ഊദ് (റ) വിന്റെ ഭാര്യ സൈനബും അൻസ്വാരി സ്ത്രീകളിൽപ്പെട്ട മറ്റൊരു സൈനബും കൂടി പ്രവാചകനോട് ചോദിച്ചു- ഞങ്ങളുടെ സമ്പത്തിൽനിന്ന് ഞങ്ങളുടെ ഭർത്താക്കൻമാർക്ക് സ്വദഖ നൽകാമോ എന്ന്. അവരോട് പ്രവാചകൻ പറഞ്ഞ മറുപടി: നിങ്ങൾക്ക് രണ്ട് പ്രതിഫലമുണ്ടന്നാണ്: ഒന്ന് കുടുംബ ബന്ധത്തിന്റെ പ്രതിഫലം, രണ്ടാമത്തേത് ദാനധർമ്മത്തിന്റെ പ്രതിഫലവും. ഇത്കേട്ട് അബ്ദുല്ലാഹി ബിനു മസ്ഊദ് ലജ്ജിച്ചില്ല.

നിങ്ങളുടെ കച്ചവടത്തിലോ വീടിന്റെ നിർമാണത്തിലോ ഭാര്യയും പണം നൽകി പങ്കാളിയായിട്ടുണ്ടന്ന് പറയുന്നതിൽ ലജ്ജയോ അപമാനമോ തോന്നേണ്ടതില്ല. അതിന് അവളോട് നന്ദി പറയുകയാണ് വേണ്ടത്. നമ്മുടെ ചിന്താരീതിയിൽ കാര്യമായ മാറ്റമാണ് ഉണ്ടാവേണ്ടത്. സ്ത്രീകളെയും പുരുഷന്മാരെയും ഉൾകൊള്ളുന്നതിൽ നാം പഠിച്ച് ശീലിച്ച രീതികളിലും സാരമായ മാറ്റം ഉണ്ടാവുക തന്നെ വേണം.

സഹോദരങ്ങളും സഹോദരിമാരും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചും നാം അറിയണം. തങ്ങളുടെ സഹോദരിമാർ തങ്ങളുടെ വേലക്കാരല്ലെന്ന് ആൺകുട്ടികൾ അറിഞ്ഞാൽ എന്താണ് കുഴപ്പം. കിടക്ക വിരികൾ ശരിയാക്കാനും വസ്ത്രങ്ങൾ മടക്കി വെക്കാനും ഭക്ഷണം വിളബി കൊടുക്കാനും ആവശ്യമുള്ളപ്പോഴെല്ലാം ഒരു കപ്പ് ചായയോ കാപ്പിയോ കൊണ്ടുകൊടുക്കാനും സഹോദരിമാരെപോലെ സഹോദരൻമാരും ബാധ്യസ്ഥരല്ലേ, അതാണല്ലോ പ്രവാചകൻ പറഞ്ഞത്: “സ്ത്രീകൾ പുരുഷന്മാരുടെ നേർപകുതിയാണ്” എന്ന്. അതിന് സ്ത്രീയും പുരുഷനും തുല്യരാണ് എന്നും അർഥമാവാം. അല്ലാഹു തൻറെ വിശുദ്ധ ഗ്രന്ഥത്തിലൂടെ നൽകിയ കൽപ്പനക്കും  നിയമങ്ങൾക്കും അനുസൃതമായല്ലാതെ അവർക്കിടയിൽ യാതൊരു വ്യത്യാസവുമില്ല.

എങ്കിലെ സഹോദരിമാർ നേർപകുതിയാവൂ. സഹോദരീസഹോദരന്മാർ തമ്മിലുള്ള ബന്ധം കരുണ, സ്നേഹം, സൗഹൃദം, ബഹുമാനം, സഹകരണം, കൊടുക്കൽ വാങ്ങൽ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം.

സഹോദരൻ തന്റെ സഹോദരിയുടെ ആവശ്യങ്ങൾ സ്നേഹത്തോടെയും ബഹുമാനത്തോടെയും നിറവേറ്റുന്നവനാവണം. സഹോദരി തിരിച്ചും.

സമൂഹം പുരുഷന്മാരെ സ്ത്രീകളിൽ നിന്ന് അന്യായമായി വേർതിരിക്കുന്നതിന്റെ ചില ഉദാഹരണങ്ങളാണിതെല്ലാം.

ദീന് പുരുഷനോടും സ്ത്രീയോടും കൂടുതൽ നീതിയാണ് കാണിക്കുന്നത്, അല്ലാഹു പറയുന്നത് നോക്കു- (അല്ലാഹുവിങ്കൽ നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും നിഷ്ഠയുള്ളവനാണ്).

വിവ- അബൂ ഫർവാൻ

Related Articles