Personality

അതുല്യമായ വ്യക്തിത്വങ്ങൾ

ഓരോ വ്യക്തിത്വവും അതുല്യവും അനന്യവുമാണ്, ഒന്നിൽ നിന്ന് മറ്റൊന്ന് വിവിധ കാരണങ്ങളാൽ വ്യത്യസ്തമാണ്. ഒരാളെപ്പോലെ മറ്റൊരാൾക്ക് ആവാൻ സാധിക്കില്ല എന്ന വസ്തുത നമ്മൾ അംഗീകരിച്ചേ തീരൂ. ഒരാൾ മറ്റൊരാളെപ്പോലെ ആവാൻ ശ്രമിക്കുന്നത് തന്നെ മൂഢത്വമെന്നേ പറയാൻ സാധിക്കുള്ളൂ. അവനവനെ ലക്ഷ്യത്തിലേയ്ക്ക് നയിക്കാനും സ്വന്തം ജീവിതം ആർത്ഥപൂർണ്ണമാക്കാനും ഒരാൾക്ക് നല്ലൊരു റോൾ മോഡൽ ഉണ്ടാവുന്നത് അയാളുടെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും ഏറെ അഭികാമ്യവും പ്രോത്സാഹനീയവുമായ ഒന്നാണ്. വളർന്നു വരുമ്പോൾ മക്കൾക്ക് അവരുടെ പാഷൻ എന്തിനോടാണോ അത് മനസ്സിലാക്കി സ്വന്തമായ ഒരു റോൾ മോഡൽ കണ്ടെത്താൻ അച്ഛനമ്മമാർ അവരെ സഹയിക്കുന്നത് ഏറെ ഗുണം ചെയ്യും. അപ്പോഴും ആ വ്യക്തിയാൽ നമ്മൾ സ്വാധീനിക്കപ്പെടുകയാണ് വേണ്ടത് ആ വ്യക്തിയെപ്പോലെ ആവാൻ ശ്രമിക്കൽ വെറും അനുകരണം മാത്രമാണ്. ആന്തരികമായ മാറ്റം എപ്പോഴും മറ്റൊരു മനുഷ്യനാൽ നമ്മൾ സ്വാധീനിക്കപ്പെടുമ്പോഴാണ് ഉണ്ടാവുന്നത്.

അടുത്ത വീട്ടിലെ കുട്ടി പരീക്ഷയിൽ ഹൈ മാർക്ക്സ് കൊണ്ടുവരുന്നത് കണ്ടിട്ടും ആ കുട്ടിയിലെ സാമർത്ഥ്യമോ ബുദ്ധിവൈഭവമോ കണ്ടിട്ടൊക്കെ ഈ വീട്ടിലെ അച്ഛനമ്മമാർ കിടന്ന് തുള്ളുന്നത് ശരിയല്ല, അതേ സാധനം അവരവരുടെ മക്കളിലും വേണമെന്ന നിർബ്ബന്ധബുദ്ധി ഒരിക്കലും കാണിക്കരുത്. മാതാപിതാക്കൾ കരുതുന്ന പോലെ എല്ലാത്തിലും തിളങ്ങാനും കഴിവുകൾ പ്രകടിപ്പിക്കാനും അവനവന്റെ മക്കൾക്ക് കഴിഞ്ഞെന്നൊന്നും വരില്ല. ചില മാതാപിതാക്കൾ തുടരുന്ന ഈ രീതി ഒട്ടും അഭിലഷണീയമല്ല. മാത്രമല്ല ഒരു തരം ക്രൂരതയാണ് അവർ മക്കളോട് ചെയ്യുന്നത്. നമ്മൾ നമ്മുടെ മക്കളെ പഠിപ്പിക്കേണ്ടത് മറ്റു കുട്ടികളുമായി താരതമ്യം ചെയ്തും അവരെപ്പോലെ ആവാൻ കുഞ്ഞിൽ മാനസിക സമ്മർദ്ദം നൽകിയും അല്ല. ഉള്ളതും കൂടെ നശിപ്പിക്കാതെ അവർക്ക് അവരവരിലെ അന്തർലീനമായ യഥാർത്ഥ കഴിവുകളെ, അഭിരുചികളെ (talent, potential) തിരിച്ചറിയാനും പരിപോഷിപ്പിച്ചെടുക്കാനും എപ്പോഴും കൂടെ നിൽക്കുകയുമാണ് വേണ്ടത്. മാർക്ക്‌സോ സർട്ടിഫിക്കറ്റോ അല്ല ഒരാളുടെ ജീവിതവിജയം നിർണ്ണയിക്കുന്നത്. ഒരാൾക്ക് അയാളുടെ കഴിവിലുള്ള വിശ്വാസവും ഇച്ഛാശക്തിയും അയാളിലെ നിശ്ചയദാർഢ്യവുമാണ് ജീവിതസാഫല്യത്തിലേക്ക് അയാളെ എത്തിക്കുന്നത്.

വ്യക്തിത്വത്തെക്കുറിച്ച് എഴുതുമ്പോൾ രക്ഷാകർതൃത്വത്തിന്റെ പ്രാധാന്യവും പങ്കും ഇത്രയേറെ വിശകലനം ചെയ്യപ്പെടേണ്ടതുണ്ടോ എന്ന് തീർച്ചയായും വായനക്കാർ സംശയിച്ചേക്കാം. അതെ, തീർച്ചയായും ഉണ്ട് എന്ന് ഉറപ്പിച്ചു പറയേണ്ടിയിരിക്കുന്നു. ഒരിക്കലും രക്ഷാകർതൃത്വത്തെ ക്ലേശകരമോ, അതിസങ്കീർണ്ണത നിറഞ്ഞതോ ആക്കി തീർക്കുകയല്ല ഈ എഴുത്തിന്റെ ലക്ഷ്യം. സത്യത്തിൽ രക്ഷകർതൃത്വം മാത്രമല്ല ഒരാൾ, അയാൾ വളരുന്ന ചുറ്റുപാട്, വിവിധ സാഹചര്യങ്ങൾ, അനുഭവങ്ങൾ, ഇടപഴകുന്ന വ്യക്തികൾ, വായിക്കുന്ന പുസ്തകങ്ങൾ, കാണുന്ന സിനിമകൾ, ടി. വി പ്രോഗ്രാമുകൾ, ആ നാടിന്റെതായ സംസ്ക്കാരം, സാമൂഹിക ചുറ്റുപാടുകൾ അങ്ങനെ പലതും ഒരു മനുഷ്യന്റെ വ്യക്തിത്വ രൂപീകരണത്തിൽ അതിന്റെതായ പങ്ക് വഹിക്കുന്നുണ്ട്. പക്ഷെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്ന ഒരു കാര്യം അതിൽ ഏറ്റവും മർമ്മപ്രധാനമായത് എന്തെന്ന് വെച്ചാൽ അച്ഛനമ്മമാരുടെ റോൾ തന്നെയാണ് എന്തെന്ന് വെച്ചാൽ ഇന്ദ്രിയഗോചരതയിലൂടെ (sensation) കുഞ്ഞ് ചുറ്റുപാടുകളെയും ജീവികളെയും വസ്തുക്കളെയുമെല്ലാം sense ചെയ്യാനും കൂടുതൽ അറിയാനും തുടങ്ങുന്നത് മുതൽ വളർന്നു വരുന്ന ഓരോ ഘട്ടത്തിലും അവൻ/അവൾ ലോകത്തെ അടുത്ത് അറിയുമ്പോഴും ഉൾകൊള്ളുമ്പോഴും അവന്റെ/അവളുടെ ഉള്ളിലേയ്ക്ക് പോകുന്ന ഇൻപുട്ട് അത് തെറ്റായ വിധത്തിൽ ആവാൻ ഇടവരരുത്. അവിടെയാണ് മാതാപിതാക്കളുടെ യഥാർത്ഥ റോൾ. അതേപോലെ കുഞ്ഞിന്റെ വീക്ഷണ, നിരീക്ഷണ കോണുകൾ ഇവയൊക്കെ അബദ്ധങ്ങൾക്കോ തെറ്റിദ്ധാരണകൾക്കോ വഴിയൊരുക്കാത്ത വിധം വ്യക്തതയുള്ളത് ആവാൻ മാതാപിതാക്കൾ നല്ലോണം ശ്രദ്ധിക്കണം. കുഞ്ഞുങ്ങളുടെ ഉള്ളിൽ, അന്തരീകമായി നടക്കുന്ന ആശയവിനിമയങ്ങൾ (internal communication) ശരിയാം വിധം ആയിരിക്കണം അതിന് വർന്നു വരുന്ന കുട്ടിയുടെ ചിന്തകളിൽ വ്യക്തത ആവശ്യമാണ്. മതപിതാക്കൾക്കാണ് അവിടെയും മറ്റാരേക്കാളും കാര്യക്ഷമമായ ഇടപെടലുകൾ നടത്താൻ സാധിക്കുക. അതേപോലെ ഓരോ മനുഷ്യരുടെയും ഉള്ളിൽ എപ്പോഴും ആന്തരികമായ ആശയ വിനിമയങ്ങൾ നടക്കുന്നുണ്ട്. കുഞ്ഞുങ്ങളുടെയുള്ളിലും നടക്കുന്നുണ്ട്, ഇങ്ങനെ നടക്കുന്ന interpretation കൃത്യമായിരിക്കണം, എന്നുവെച്ചാൽ ഓരോന്നിനെയും അവരുടെ മനസ്സ്കൊണ്ട് വ്യാഖ്യാനിക്കുന്നത് കൃതമാവണം. പിഴവുകൾ വരുന്നിടത്ത് തിരുത്തിക്കൊടുക്കണം. കുഞ്ഞ് ഈ ലോകത്തെ അടുത്ത് അറിയുന്നത് ക്രിയാത്മകമായതും പോസിറ്റീവായതുമായ ചിന്തകളിലൂടെയും അതേ ദൃഷ്ടികോണിലൂടെയും ആണെങ്കിൽ അത് നല്ലൊരു വ്യക്തിത്വത്തെ രൂപപ്പെടുത്തിയെടുക്കും.

Also read: എന്തുകൊണ്ട് സന്തോഷം ഇത്ര അവ്യക്തം?

നെഗറ്റിവിനെ ഉൾക്കൊണ്ടുകൊണ്ട് തിരുത്താൻ കഴിയും വിധം കൂടിയാവണം ഒരു കുട്ടിയെ വളർത്തിയെടുക്കേണ്ടത്. ഒരു ശില്പി ശിൽപം ഉണ്ടാക്കുന്നത് അതുവരെ വെറുതെ കിടന്നിരുന്ന ഒരു കരിങ്കൽ കഷ്ണം എടുത്ത് അനാവശ്യമായ ഭാഗം ഉളിവെച്ച് വെട്ടി ഒഴിവാക്കിയെടുത്തിട്ടാണ്, അവശ്യമുള്ളവയെ ഒന്നുകൂടെ ഫിനിഷിങ് നൽകി മനോഹരമാക്കുകയും ചെയ്യുന്നു. ചിന്തിച്ചു നോക്കൂ ശിൽപം അതിന് മുമ്പേ തന്നെ ആ കല്ലിനുള്ളിൽ ഉണ്ട്. ഒരു ശില്പി വേണ്ടിവന്നു അതിനെ വെളിച്ചത്തുകൊണ്ടുവരാൻ.
ഇത് തന്നെയാണ് വ്യക്തിത്വരൂപീകരണവും. കുഞ്ഞുങ്ങളിലെ നല്ല ക്വാളിറ്റികൾ മിനുക്കിയെടുത്ത് വ്യക്തിത്വത്തിന് മാറ്റുകൂട്ടുമ്പോൾ തന്നെ ആ വ്യക്തിത്വത്തിന്റെ നെഗേറ്റിവ് സൈഡ് അതിന്റെ ശോഭയിൽ മങ്ങിപ്പോവുകയാണ് ചെയ്യുന്നത്. അല്ലാത്തവയെ വർജ്ജിച്ചെക്കാനും പരിശീലിപ്പിച്ചാൽ അത്യുത്തമം തന്നെ.

അറിവിൽ നിന്നും ആത്മബോധത്തിൽ നിന്നും ഉണ്ടാവുന്ന ജ്ഞാനം ഒരു മനുഷ്യനെ സ്വയം അഭിവൃദ്ധിപ്പെടാൻ സഹായിക്കും. അവനവനോട് തന്നെ നീതി പുലർത്തൽ (self-justice) അവനവനോട് തോന്നുന്ന ബഹുമാനം(self respect), സ്നേഹം (self love) ആത്മാഭിമാന ബോധം (proud) ധാർമ്മികബോധം (morality), അവനവനോട് തന്നെയുള്ള സത്യസന്ധത (truthfulness) ഇത്തരം ഗുണങ്ങൾ ഉൽകൃഷ്ടമായ ഒരു വ്യക്തിത്വത്തിന്റെ ലക്ഷണമാണ്. ഇതൊക്കെ സ്വന്തം ജീവിതത്തിൽ പകർത്താൻ തുടങ്ങുമ്പോഴാണ് അയാളിലെ വ്യക്തിത്വവും വ്യക്തിപ്രഭാവവും തിളക്കമാർന്നതും ആകർഷണീയവുമായി തീരുന്നത്.

കൊച്ചു കുട്ടികളിൽ ശ്രദ്ധിച്ചാൽ അറിയാം അവർ ഏതുനേരവും ഉന്മേഷഭരിതരും ഊർജ്ജസ്വലരും ആയിരിക്കും. അതിയായ എനർജിയോടെ ഓടിച്ചാടിയും തുള്ളികളിച്ചും ഉല്ലസിച്ചും നടക്കുന്ന മക്കൾ, അവർക്ക് അതാണ് ഇഷ്ടം, അതാണ് അവരുടെ പ്രകൃതം. ആ കുഞ്ഞുങ്ങളെ ടി.വി ഓൺ ചെയ്ത് കാർട്ടൂൺ കാണാൻ ഇരുത്തിയും മൊബൈൽ കയ്യിൽ കൊടുത്തും അടക്കി ഇരുത്താൻ ശ്രമിക്കുമ്പോൾ മടിയന്മാരും അലസന്മാരുമായി മാറുകയാണ് അവർ. അവർക്ക് താല്പര്യവും അഭിരുചിയുമുള്ള വിഷയങ്ങളും സംഗതികളും മനസ്സിലാക്കി അതിൽ മക്കളെ വ്യാപൃതരാക്കി നിർത്തിയാൽ ഇത്തരം കാര്യങ്ങളിൽ തളച്ചിടാതെ, മടിയന്മാരാക്കാതെ വലിയ പ്രതിഭകളാക്കി മക്കളെ മാറ്റിയെടുക്കാൻ സാധിക്കും.

Also read: 2020ല്‍ തുര്‍ക്കി നേരത്തെയുള്ള തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമോ?

കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണത്തിൽ ജീനിന്റെ സ്വാധീനവും സ്ഥാനവും തള്ളിക്കളയാൻ പറ്റുന്ന ഒന്നല്ല എന്ന കാര്യം നമുക്കെല്ലാം അറിയാവുന്നതാണ്. ശാരീരികവും മാനസികവുമായ വളർച്ചയിലും ഉയർച്ചയിലും തകർച്ചയിലും നാശത്തിലേക്ക് കൊണ്ട് ചെന്ന് എത്തിക്കുന്നതിൽ വരെ ശക്തമായ സ്വാധീനം ചെലുത്താൻ ജീനുകൾക്ക് കഴിയും. മാനസിക ശാരീരിക ആരോഗ്യവും അതേസമയം മനസിനെയും ശരീരത്തെയും ബാധിക്കുന്ന പല രോഗങ്ങളും വരെ ജീനിലൂടെ ലഭിച്ചേക്കാം. ജീനിലൂടെ കൈമാറ്റം നടത്തപ്പെടുന്ന സ്വഭാവഗുണങ്ങൾ ചിലത് നെഗറ്റിവ് ആണെങ്കിൽ, നമ്മുടെ കുടുംബ/സാമൂഹിക വ്യവസ്ഥിതിയ്ക്ക് അംഗീകരിക്കാൻ കഴിയാത്തവ ആണെങ്കിൽ ആ കുട്ടിയെ സമൂഹം കാണുന്നത് ഏത് കണ്ണിലൂടെയാവും? ഒന്നോർത്ത് നോക്കൂ അവിടെ ആ കുഞ്ഞ് അല്ലെങ്കിൽ ആ വ്യക്തി എന്ത് പിഴച്ചു??

മറ്റൊരു കുട്ടി അവൻ/അവൾ അവന്റെ/അവളുടെ അച്ഛനെപ്പോലെയോ അമ്മയെപ്പോലെയോ മുത്തച്ഛനെപോലെ അല്ലെങ്കിൽ മാമനെപ്പോലെയോ മുത്തശ്ശിയെപ്പോലെയൊക്കെയാണ് സ്നേഹമുള്ളവനാണ്/സ്നേഹമുള്ളവളാണ്, നല്ല പെറ്റുമാറ്റം, ഐശ്വര്യമുള്ള കുട്ടി
എന്നു പറയുമ്പോൾ നമ്മൾ ആ കുട്ടിയെ സ്നേഹത്തോടെയും വാത്സല്യത്തോടെയും നോക്കുന്നെങ്കിൽ അത് അവന്/അവൾക്ക് ജന്മനാ പകർന്ന് കിട്ടിയ ഗുണങ്ങൾ ആണ് നമ്മൾ മനസ്സിലാക്കണം അതേസമയം അതൊരു ചീത്ത സ്വഭാവമോ പ്രകൃതമോ ആണെങ്കിൽ ആ കുട്ടിയെ നമ്മൾ അവജ്ഞയോടെയും വെറുപ്പോടെയും കാണുന്നു. ആദ്യം പറഞ്ഞ കുഞ്ഞ് അതിന്റെ സ്വന്തം മഹിമ കൊണ്ടോ, രണ്ടാമത് പറഞ്ഞ കുട്ടി അതിന്റെ കയ്യിലിരിപ്പുകൊണ്ടോ അല്ല ജന്മനാ അവരിലേക്ക് വന്ന് ചേർന്ന ഗുണങ്ങൾ കൊണ്ടാണ് വേർതിരിക്കപ്പെടുന്നത്.

ധാർമ്മികമൂല്യങ്ങളും സ്വന്തമായ കാഴ്ചപ്പാടുകളും നിലപാടുകളും ആശയങ്ങളും ആദർശങ്ങളും നല്ല ദാർനികബോധവുമുള്ള മാതാപിതാക്കൾക്ക് വരെ നേർവഴിക്ക് നടക്കാത്ത, ഒട്ടും അനുസരണാ ശീലമില്ലാത്ത, വഴിപിഴച്ചവരും അസന്മാർഗികളും മൂടിയന്മാരുമായ മക്കൾ ഉണ്ടാവുമ്പോൾ നമ്മൾ അത്യധികം അതിശയപ്പെടാറുണ്ട്. എന്നെന്നും ആ പാവം അച്ഛനമ്മമാരുടെ കണ്ണീരൊടുങ്ങാത്ത ജീവിതം കാണുമ്പോൾ നമ്മുടെ കണ്ണുകൾ പോലും ഒരു നിമിഷ നേരത്തേക്ക് എങ്കിലും സജ്ജലമാവാറുണ്ട്.

എന്നാൽ അധാർമ്മികമായ ഒട്ടും മൂല്യാധിഷ്ഠിതമല്ലാത്ത വഴിവിട്ട അല്ലെങ്കിൽ കുത്തഴിഞ്ഞ ജീവിതം ജീവിക്കുന്ന അച്ഛനോ അമ്മയ്ക്കോ നല്ല സ്വഭാവസവിശേഷതകളോടെയുള്ള സദ്ഗുണസമ്പന്നരായ നല്ല ഹൃദയത്തിനുടമയായ മക്കൾ ഉണ്ടാവുന്നതും അവരുടെ ജീവിതവുമെല്ലാം നമ്മെ അത്ഭുതപ്പെടുത്തുന്നതും സ്വാഭാവികം. സർവ്വരും ആ കുട്ടികളെ ബഹുമാനത്തോടെ നോക്കി കാണുകയുള്ളൂ.

Also read: ഇസ്‌ലാമിലെ വസ്വിയ്യത്തും നിയമങ്ങളും

ഇപ്പറഞ്ഞ രണ്ടും ചിലപ്പോൾ അവരിലെ ജീനുകളുടെ പ്രത്യേകതകളും സ്വാധീനവും കൊണ്ടാവാം. തലമുറകൾക്ക് അപ്പുറമുള്ള ഒരാളുടെ സ്വഭാവഗുണങ്ങളും ശരീരപ്രകൃതിയുമെല്ലാം ജീനിലൂടെ നമുക്കോ മക്കൾക്കോ ലഭിച്ചേക്കാം. അതൊന്നും നമ്മുടെ സ്വന്തം കഴിവോ അല്ലെങ്കിൽ കുറവോ അല്ല എന്ന് മാതാപിതാക്കൾ തിരിച്ചറിയണം. ഇത്തരത്തിൽ കുഞ്ഞുങ്ങളുടെ അടിസ്ഥാന സ്വഭാവഗുണങ്ങളിൽ നെഗറ്റിവ് ആയ വല്ലതും കണ്ടാൽ അതിനെ നിരുത്സാഹപ്പെടുത്തുകയും കൂടെ നിർത്തി നന്മ ചൊല്ലിക്കൊടുത്തും ചെറിയ തോതിലുള്ള ശിക്ഷണത്തിലൂടെയും മാറ്റിയെടുക്കാനും അച്ഛനമ്മമാർ പ്രയത്നിക്കണം. അതേ സമയം നല്ല ക്വാളിറ്റികൾ കണ്ട് കഴിഞ്ഞാൽ അത് മക്കളുടെ ജീവിതത്തിൽ എന്നന്നേക്കും മുതൽക്കൂട്ടായി മാറാൻ തക്കവണ്ണം ആ വ്യക്തിത്വത്തെ മോൾഡ് ചെയ്യാൻ അച്ഛനമ്മമാർക്ക് അനായസകരം സാധിക്കും.

Facebook Comments
Related Articles

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.
Close
Close