ഒരു വ്യക്തിയുടെ ആത്മസത്തയിലേയ്ക്ക് അലിഞ്ഞുചേർന്ന ഒരു മൂലകം പോലെ അയാളെന്ന വ്യക്തിയെ ഒറ്റ വാക്കിലേയ്ക്ക് ഒതുക്കി നിർവ്വചിക്കാൻ തക്ക ഏതെങ്കിലും ചില സവിശേഷതകൾ അയാളിൽ ഉണ്ടാവും. അവ നിമിത്തം വ്യക്തിത്വത്തിൽ ഉണ്ടാകുന്ന പ്രതിഫലനങ്ങൾ പലപ്പോഴും അയാളെ അതിന്റെ മൂർത്തീഭാവമാക്കി അഥവ പ്രതിബിംബമാക്കി മാറ്റുന്ന ഒരു പ്രതിഭാസമാണ് പിന്നീട് സംഭവിക്കുന്നത്. അവൻ സൗമ്യനാണ് സ്നേഹമുള്ളവനാണ്, ദയാലുവാണ്, മുൻകോപിയാണ്, അഹങ്കാരിയാണ്, വിഷാദമൂകനാണ്, അല്ലെങ്കിൽ വലിയ തമാശക്കാരനാണ്, ആഭാസനാണ്, അന്തർമുഖനാണ് ഈ വിധം മനുഷ്യനിൽ കാണുന്ന ചില ഭാവങ്ങൾ, സ്വഭാവഗുണങ്ങൾ അല്ലെങ്കിൽ വ്യക്തിത്വഗുണങ്ങളൊക്കെ മിക്കപ്പോഴും ഒരാളിൽ സ്ഥായിയാക്കപ്പെട്ട വൈകാരികതയെ ചൂണ്ടിയോ ചിലത് മാനുഷിക മൂല്യങ്ങൾ നോക്കിയോ അല്ലാത്തവ പെരുമാറ്റത്തിൽ നിന്ന് വായിച്ചെടുത്തോ നിശ്ചയം വരുത്താവുന്നതാണ്. ആന്തരീകഭാവങ്ങളിൽ ശക്തമായ അധിനിവേശം നടത്തികഴിഞ്ഞ അഥവ സ്വാധീനം ചെലുത്തിക്കഴിഞ്ഞ ചില ഇമോഷൻസ് തീർച്ചയായും ഉണ്ടാവും. അവയുടെ വൈകാരിക ക്ഷമതയ്ക്കൊപ്പം ചിന്താശേഷിയും ഇച്ഛാശക്തിയും കൈകോർത്ത് നിന്നാൽ വിചാരിച്ച കാര്യം നടത്താൻ ഏത് മനുഷ്യനും സാധിയ്ക്കും. അവർക്ക് മുന്നിൽ എത്ര കടുത്ത പ്രതിബന്ധങ്ങളും നിഷ്പ്രഭമാകും. തീവ്രവികാരങ്ങൾ ആഗ്രഹങ്ങളായി മാറുകയും സ്വന്തമാക്കാൻ പ്രയത്നം നടത്തുകയും ചെയ്യും. തീവ്രമായ ആന്തരീക ചോദനയാണത്, ഉൾപ്രേണ എന്നും പറയാം. അങ്ങനെ ഒരു വ്യക്തി നേടിയെടുക്കുന്ന സമ്പത്ത്, ധനം, സോഷ്യൽ സ്റ്റാറ്റസ്, അറിവ്, തൊഴിലെല്ലാം ഉണ്ട്. ഇവയെല്ലാം സമൂഹത്തിൽ അയാൾക്കും അയാളുടെ വ്യക്തിത്വത്തിനുമുള്ള സ്ഥാനവും മാനവും തിരുത്തിക്കുറിക്കുന്നതിന് ആധാരമാവുന്നു.
ഓരോ വികാരങ്ങൾക്കും ഓരോ സ്ഥാനമുണ്ട് അത് നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലുമതെ. വെറുപ്പ്, വിദ്വേഷം, കോപം, രോഷം, നിരാശ, പക, അക്രമവാസന തുടങ്ങിയ നെഗറ്റീവ് ഇമോഷൻസെല്ലാം ഒരു മനുഷ്യന്റെ അടിസ്ഥാന സ്വഭാവങ്ങളിൽ ഏറ്റക്കുറച്ചിലോടെ ഉണ്ടാവും. ഒരു കുഞ്ഞിന് ഇഷ്ടപ്പെടാത്ത രീതിയിൽ അവനോട് പെരുമാറാൻ ശ്രമിച്ചാൽ പിന്നീട് കുഞ്ഞ് ആ ഭാഗത്തേയ്ക്ക് വരില്ല. ഇതൊക്കെ പൂർണ്ണ വളർച്ചയെത്തിയ മനുഷ്യനിലും ഉണ്ട്. നമ്മോട് കൂട്ടുകൂടാൻ വരുന്ന ഒരാളിൽ നിന്നും നല്ല സ്വഭാവഗുണങ്ങളും മാന്യമായ സമീപനവുമാണ് ആരും ഇച്ഛിക്കുന്നത്. അതിന് വിപരീതമായി ഒന്ന് കണ്ടാൽ അയാളെ തന്നിൽ നിന്ന് അകറ്റുന്ന പ്രവണതയാണ് ഒരു പ്രായപൂർത്തിയെത്തിയ മനുഷ്യനിലും കാണപ്പെടുന്നത്. അതേസമയം തന്നെ അകറ്റി നിർത്താതിരിക്കാൻ താൻ എന്തുവേണം തന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരണമെന്ന് ചിന്തിക്കുന്ന കാര്യത്തിൽ ആരും അത്രകണ്ട് വ്യാകുലരല്ല, ആതിൽ ആർക്കും അധികം ശുഷ്‌ക്കാന്തി കാണാറില്ല. ഇതേ മനുഷ്യർ അപരനെ കുറ്റപ്പെടുത്തുന്നതിൽ മുൻപന്തിയിൽ തന്നെ കാണുന്ന വിരോധാഭാസമാണ് ചുറ്റിലും. ആത്മബോധമുള്ള അല്ലെങ്കിൽ വ്യക്തിത്വബോധമുള്ള ഏതൊരു മനുഷ്യനും അപ്പോഴും തന്നിലേയ്ക്കാണ് നോക്കാൻ തുനിയുക.
ശക്തമായ ചിന്തകൾക്ക് വൈകാരികതയുടെ മേൽ സ്വാധീനവും ആധിപത്യവും സ്വാധീനിക്കാൻ കഴിയും. മാനവീക ചിന്തകൾ ആഴത്തിൽ സ്പർശിച്ചു കഴിഞ്ഞ അസാധാരണമായ വ്യക്തിപ്രഭാവമുള്ള ആളുകളെ പതിവിൽ നിന്ന് മാറി ശകലം കൂടെ അടുത്തറിയാനുള്ള ത്വര വല്ലാതെ ഉള്ളിൽ ജനിപ്പിക്കുമ്പോൾ കിട്ടുന്ന സുവർണ്ണാവസരങ്ങൾ പരമാവധി വിനിയോഗിക്കാൻ ഏതൊരാളും വഴികണ്ടെത്തും. ഒരുപാട് കാര്യങ്ങൾ അവരുടെ ജീവിതത്തിൽ നിന്ന് ഗ്രഹിച്ചെടുക്കാൻ ഒരു സാധാരണക്കാരന് സാധിച്ചേക്കും. അവരുടെയൊക്കെ ചിന്തകളിലും സമീപനങ്ങളിലും ചെയ്യുന്ന കർമ്മങ്ങളിലും.ഇടപെടലുകളിലും ആശയവിനിമയങ്ങളിലും അവനവനോട് തന്നെ ഒരു പോസിറ്റീവ് മനോഭാവം പുലർത്തുന്നത് വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ്. അത്തരം വ്യക്തിത്വത്തിന് കൈവന്ന നേട്ടങ്ങൾ വിസ്മയക്കാഴ്ചയായി തോന്നും. അതിന്റെ ഗുണഭോക്താവ് ആ ഒരൊറ്റ വ്യക്തിയല്ല എന്നും അടിവരയിട്ട് പറയുന്നു. കാടെന്നാൽ വാസ്തവത്തിൽ നോക്കിയാൽ അനേകായിരം ഒറ്റ മരങ്ങളുടെ ഒരു സഞ്ചയമാണ് അതേപോലെ സമൂഹമെന്നാൽ ഒറ്റ വ്യക്തിയല്ല വ്യക്തികളുടെ സമുച്ചയമാണ്. ഏറ്റവും നന്നായി, ആദരവോടെ, പ്രിയത്തോടെ ഒരു മനുഷ്യൻ പരിഗണിക്കേണ്ടതും ട്രീറ്റ് ചെയ്യേണ്ടതും അവനവനെ തന്നെയാണ്. നമുക്ക് ആദ്യം നമ്മെ റെസ്പെക്ട് ചെയ്യാൻ സാധിക്കണം അതേപോലെ സ്നേഹിക്കാനും.
സ്വത്വം രൂപപ്പെടുന്നതിൽ അഹത്തിന് വലിയ പങ്കുണ്ട്. ഈഗോ മനുഷ്യനിൽ ശക്തമാവുമ്പോൾ തന്നെയാണ് വ്യക്തിത്വത്തിന്റെ അകക്കാമ്പ് ഉറയ്ക്കുന്നത്. ഈഗോയെ ബോധത്താലും അറിവിനാലും നിതാന്തമായ ജാഗ്രതയോടെ ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. ഓരോ സാഹചര്യങ്ങളിലും ഈഗോയുടെ ഇടപെടൽ തന്നിൽ എങ്ങനെയെന്ന് സസൂക്ഷ്മം നിരീക്ഷിക്കേണ്ടതുണ്ട്. തെറ്റായ ഇടപെടലുകൾ സ്വയം തിരുത്താൻ തയാറാവേണ്ടതുണ്ട്. അപ്പോൾ തന്നെ വ്യക്തിത്വത്തിൽ അവാച്യമായ ഒരു മാറ്റങ്ങൾ കണ്ടുതുടങ്ങും. വ്യക്തിയിൽ ആത്മശുദ്ധീകരണം നടക്കാൻ അത് വഴിയൊരുക്കും. ജീവിതത്തിലെ ഏറ്റവും വലിയൊരു നേട്ടമാവും അത്. ആത്മബോധത്തിൽ നിന്നാലെ വിമലീകരണമെന്ന പ്രക്രിയ നടക്കുന്നുള്ളൂ. അഹത്തെ സ്വനിയന്ത്രണത്തിലാക്കി മെരുക്കി പരുവപ്പെടുത്തി എടുക്കുന്നതാണ് വ്യക്തിത്വം. അതേ വ്യക്തി ബാഹ്യമായ ഇടപെടലുകളിൽ സ്വന്തം അഹത്തെ അല്ലെങ്കിൽ സ്വത്വത്തെ വളരെ സൂക്ഷ്മതയോടെ യാതോരു ക്ഷതവുമേൽപ്പിക്കാതെ സുരക്ഷിതമാക്കുന്നതും കൈകാര്യം ചെയ്യുന്നതും കാണാം. മേൽ ഉദ്ധരിച്ച പോലെയുള്ള വ്യക്തിത്വങ്ങളിൽ നിഷേധാത്മകമായ ചിന്തകളുടെ പ്രതിപ്രവർത്തനങ്ങളെ തിരിച്ചറിഞ്ഞുള്ള ആത്മപ്രതിരോധത്തിലാണ് വ്യക്തിത്വവും അയാളിലെ അസ്തിത്വവും നിലയുറയ്ക്കുന്നത്.
എപ്പോഴും ആവർത്തിച്ചു കുറിക്കുന്ന പോലെ ഇപ്പോഴും അതേ വാക്കുകൾ ആവർത്തിക്കുകയാണ്. രക്ഷകർത്താക്കൾ മക്കളെ വളർത്തുമ്പോൾ അവരെ അഭിമാനബോധമുള്ള മനുഷ്യനായി ജീവിക്കാൻ ശീലിപ്പിച്ചാൽ എന്നും അഭിമാനിയായി ജീവിക്കാനെ ആ മക്കൾ ശ്രമിക്കുള്ളൂ. എന്നുവെച്ച് പ്രതികരണ ശേഷി ഇല്ലാത്തവരാക്കി മാറ്റരുത്. കണ്മുന്നിൽ അരുതാത്തത് കണ്ടാൽ നിവർന്ന് നിന്ന് അതിനെതിരെ ശബ്ദിക്കാനുള്ള ആർജ്ജവത്വം കാണിക്കണം. സ്നേഹവും ആദരവും നന്മയും ചുറ്റിലേയ്ക്കും പ്രസരിപ്പിച്ചും വ്യാപരിപ്പിച്ചും ഒരേസമയം അവയുടെ ദാതാവും സ്വീകർത്താവുമാവാൻ അവർക്ക് സാധിക്കണം. എങ്കിൽ ഒരിക്കലും ആരും സ്വാർത്ഥരായി മാറില്ല. മാനവരാശിയുടെ സുരക്ഷയ്ക്കും നിലനിൽപ്പിനും തന്റേതായ സംഭാവന നൽകാൻ ഓരോ വ്യക്തിയ്ക്കും അവസരമുണ്ട്. താൻ എന്ന അവസ്ഥയെ അറിയുമ്പോഴുള്ള ബോധമാണ് ആത്മബോധം അതിൽ നിന്നുകൊണ്ടുള്ള പോസിറ്റീവായ തീവ്രവികാരങ്ങളാവണം എന്തിനും തനിയ്ക്കുള്ള പ്രചോദനമായ് മാറേണ്ടത്. ഉദാഹരണത്തിന് തളരുന്നു എന്നറിയുമ്പോൾ തന്നെത്താൻ താങ്ങാനുള്ള പ്രാപ്തി, അപരന്റെ മുന്നിൽ അപമാനിതൻ അവാതിരിക്കാനും തന്നോടുള്ള ബഹുമാനം നിലനിർത്താനും ഇടപെടലുകളിൽ ബോധപൂർവം വരുത്തുന്ന മാറ്റങ്ങൾ, താൻ ഒറ്റപ്പെടരുതെന്ന ബോധത്തിൽ ബോധപൂർവ്വം കാത്ത്സൂക്ഷിക്കുന്ന ബന്ധങ്ങൾ, തന്റെ മനസ്സിനും ആത്മാഭിമാനത്തിനും മുറിവേറ്റാൽ അനുഭവിക്കുന്ന പോലെ അപരനും വേദനിക്കുമെന്ന തിരിച്ചറിവിൽ നിന്നുള്ള പെരുമാറ്റങ്ങൾ, ഇതിൽ നിന്നൊക്കെ ബോധത്തിന്റെ ആവശ്യവും ആത്മബോധത്തിൽ വളരേണ്ട ആവശ്യവും ആർക്കും മനസ്സിലാക്കാം.
ഉൽക്കടമായ ആന്തരീക ചോദനകളെയും വികാരങ്ങളെയും ബോധപൂർവ്വം അതിമനോഹരമായി സർഗ്ഗാത്മകതയിലേയ്ക്കും, നിർമ്മണാത്മകതയിലേയ്ക്കും പരിവർത്തനം ചെയ്ത് സ്വയമേ കാര്യബോധമുള്ള, കഴിവുറ്റ വ്യക്തിയാവുകയും പോസിറ്റീവായ രീതിയിൽ ഉള്ളിൽ സ്വച്ഛന്ദവും സ്വതന്ത്രവുമായ ജ്വലിക്കുന്ന ചിന്തകളോടൊപ്പം തനിയ്ക്ക് തന്നോടുള്ള പ്രതിബദ്ധതയും നീതിയും പുലർത്തുന്ന ആളാവുകയും താൻ കടപ്പെട്ടിരിക്കുന്നവർക്ക് ബാധ്യതകൾ സന്മനസ്സോടെ നിറവേറ്റുകയും ചെയ്യലാണ് ഏതൊരു മനുഷ്യനും കരണീയം. “self love” എന്ന് കേട്ടിട്ടുണ്ടാകും. തന്നിലെ തന്നോട് മനസ്സിൽ സ്നേഹവും ഇഷ്ടവും ജനിപ്പിക്കുന്നതോടൊപ്പം മറ്റെന്തിനേക്കാളും തനിയ്ക്ക് താൻ അമൂല്യവും പ്രിയപ്പെട്ടതാവുകയും ചെയ്യുന്ന സ്ഥിതിവിശേഷം.
തന്നെത്തന്നെ സ്നേഹിക്കാൻ പഠിച്ച മനുഷ്യൻ ഹിംസാത്മകമായ ചിന്തകളിൽ നിന്നും പ്രവൃത്തികളിൽ നിന്നും ക്രമേണ പൂർണ്ണമായും മുക്തനാക്കപ്പെടുമെന്നതാണ് പരമാർത്ഥം. വസ്തുനിഷ്ഠാപരമായി ചിന്തിച്ചാൽ അപൂർവ്വം ചിലരെ ഇവിടെ ഇതൊക്കെ അറിയുന്നുള്ളൂ. ഹിംസാത്മകമെന്നാൽ കേവലം അക്രമമോ കൊലയോ മാത്രമല്ല. തനിയ്ക്കോ മറ്റൊരാൾക്കോ ഉപദ്രവമായി തീരുന്ന ഏത് ചിന്തയും ഹിംസാത്മകമാണ്. മറ്റൊരു മനുഷ്യനെ ഉപദ്രവിക്കാൻ തയ്യാറാവുന്ന വ്യക്തിയ്ക്ക് ആദ്യം അയാളെ തന്നെ ഉപദ്രവിക്കേണ്ടി വരുന്നു, അത്രയും നീചമായ ചിന്തകൾ ഉളളിൽ പേറാൻ അവനവനെ സ്നേഹിക്കുന്ന മനുഷ്യന് ഒരിക്കലും സാധിക്കില്ല എന്നതാണ് ഒരു യാഥാർത്ഥ്യം. ആത്മസ്നേഹിയായി മാറുമ്പോൾ ഒരുപക്ഷെ അതിന് സ്വാർത്ഥതയുടെ ഭാവം വന്ന് ചേരാനിടയുള്ളതിനാൽ ബോധത്തിലേയ്ക്ക് എത്താത്ത ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം self love സ്വാർത്ഥമോഹി അല്ലെങ്കിൽ സ്വാർത്ഥമാത്രനാക്കി (self-ansorbed) മാറ്റാനിടയുണ്ട്. അത് എന്തുകൊണ്ടാവാം? വല്ലാതെ Self centeredആയ അഥവ തന്നിലേക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെട്ട ചിന്തകളും ചിന്താഗതികളും വെച്ചുപുലർത്തുന്ന ആളുകളിൽ മാത്രമാണ് ഈ പ്രശ്നം ഉദിക്കുന്നത്. എന്നാൽ പോസിറ്റീവ് തലത്തിൽ നിന്ന് ചിന്തിക്കുന്ന ആളിൽ ആ പ്രവണത അശേഷം കുറവായിരിക്കും. മെല്ലെമെല്ലെ അവനവനെ സുഖപ്പെടുത്തുന്ന (healing) വികാരങ്ങൾക്ക് മനസ്സിലും ജീവിതചര്യകളിലും സ്ഥാനം അധികരിച്ചുകൊണ്ടിരിക്കും.
സമീപനത്തിൽ കരുണാർദ്രവും സ്നേഹമയവും വിനയവും കലർന്ന ഒരു മാനറിസം കൈക്കൊള്ളും. താൻ ഇത് അപരനിൽ നിന്നും കൂടെ അര്ഹിക്കുന്നെന്ന ബോധത്തിൽ പെരുമാറ്റങ്ങളിലും ശരീരഭാഷയിലും പ്രകടമായ മാറ്റങ്ങൾ വരുത്തും. അതേസമയം Self loveന്റെ ഉപോത്പന്നമാണ് ആത്മരതി, ഗർവ്വ്, അഭിമാനമെല്ലാം അതേപോലെ അഹംഭാവം അഹങ്കാരം ദുരഭിമാനവും അതിന്റെ നെഗറ്റീവ് സൈഡാണ്. ഇവരണ്ടും തമ്മിലുള്ള ചെറിയ അന്തരം പോലും വ്യക്തിയെ തെറ്റായി വായിക്കപ്പെടാൻ ഇടയാക്കും.
അഞ്ചാറ് തലമുറയ്ക്കപ്പുറമുള്ള ഒരു മനുഷ്യൻ അറിവിൽ പ്രാഗത്ഭ്യവും വൈജ്ഞാനികതയും നേടിയെടുത്ത പാണ്ഡിത്യമുള്ള ഒരാളാണെങ്കിൽ ഇങ്ങ് ആറ് തലമുറയ്ക്ക് ഇപ്പുറമുള്ള ഒരു കുഞ്ഞിലേയ്ക്ക് അത് ജീനിലൂടെ കൈമാറ്റം ചെയ്യപ്പെട്ടേക്കാം. ജനിതകപരമായ പല ഗുണങ്ങളും കുറവുകളും ന്യൂനതകളും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. അവയിൽ ചിലത് മാനവ കുലത്തിന് പ്രയോജനം ചെയ്യുന്നതാവാം വേറെ ചിലത് വിനാശകരിയോ ആപത്ത് സൃഷ്ടിയ്ക്കുന്നതാവാം. ഒരാളിൽ വർഷങ്ങൾ മുമ്പ് കണ്ട ക്രൂരകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രവണത അല്ലെങ്കിൽ അത്തരം ചിന്താകൾ തലമുറകൾക്കിപ്പുറം ഒരാളിൽ കണ്ടെത്താൻ കഴിയും പക്ഷെ വളർന്ന് വരുന്ന സാഹചര്യങ്ങൾ അയാളെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിന് ഉതകുന്നതോ അനുകൂലമായി നിൽക്കുന്നതോ ആയാൽ രക്ഷപെട്ടു. അത് തന്നെയാണ് ജീനിന്റെ സ്വാധീനത്തിൽ ഉണ്ടാവുന്ന മനോരോഗത്തിന്റെയും പ്രത്യേകത. ഇതൊന്നും ആരുടെയും നിയന്ത്രണത്തിൽ അല്ല. ഒരാളുടെ മികവോ കുറവോ ആയിട്ട് കാണുന്നതെ വിഡ്ഢിത്തമാണ്. ഇവിടെയൊക്കെ മാതാപിതാക്കളുടെ വിവേകപൂർവ്വമുള്ള ഇടപെടൽ അത്യന്താപേക്ഷിതമാണ്.
ഉദാഹരണത്തിന് വീട്ടിൽ രണ്ടുമൂന്നും മക്കളുള്ള അച്ഛനമ്മമാർക്ക് തീർച്ചയായും ഇപ്പറഞ്ഞതിന്റെ പൊരുൾ വായിച്ചെടുക്കാൻ എളുപ്പമാകും. മൂന്നിനെയും വളർത്തുന്നത് ഒരേ അമ്മയും അച്ഛനും ഒരേ ശിക്ഷണത്തിൽ, ഒരേ മുറകൾ, ചിട്ടകൾ എന്നിട്ടും ഒന്ന് മറ്റൊന്നിൽ നിന്നും ഭാവപ്രകടനത്തിലും പെരുമാറ്റത്തിലും അച്ഛനമ്മമാരോട് കാണിക്കുന്ന അടുപ്പത്തിലും ഉത്തരവാദിത്വത്തിലും ആശ്രയിക്കുന്നതിലും ഓരോ സ്വഭാവഗുണങ്ങളിലും പൂർണ്ണമായും വിഭിന്നമായിരിക്കും. അച്ഛന്റെ തലമുറയിലൂടെ കൈവന്നതോ അമ്മയുടെ തലമുറയിലൂടെ കൈവന്നതോ ആയ ജീനിന്റെ സ്വാധീനമാവും കുട്ടികൾ കാണിക്കുന്നത്. ജീനിലൂടെ കൈമാറ്റം ചെയ്യുന്ന പലതും അവരുടെ അടിസ്‌ഥാന സ്വഭാവത്തിൽ സഹജമായി തന്നെ നിലനിൽക്കും. അവയിൽ ഏതെങ്കിലുമൊക്കെ മേൽക്കോയ്മയോടെ dominant ആയി നിന്ന് ആ വ്യക്തിയിൽ വർത്തിക്കും. ചില സാഹചര്യളിൽ അത് സമൂഹം അംഗീകരിക്കാത്തതോ, നിയമവിരുദ്ധമോ, ദുസ്വഭാവമോ ആവാം. അതിൽ നിന്ന് പൂർണ്ണമായ മോചനം ലഭിക്കാൻ ആ വ്യക്തിതന്നെ മുൻകൈയെടുത്താൽ ഒരുപക്ഷേ സാധിച്ചേക്കും അല്ലെങ്കിൽ രക്ഷിതാക്കൾ തന്ത്രപരമായി സൈക്കളോജിക്കലി ഇടപെട്ട് മാറ്റിയെടുക്കണം. അല്ലാത്തപക്ഷം സ്വാഭാവികമായും അയാളിൽ കണ്ടുവന്ന അവലക്ഷണങ്ങൾ പതിയെ ഒരു പ്രതിയോഗിയെ പോലെ അയാളിൽ ആധിപത്യ പ്രവണത കാണിച്ചുകൊണ്ടിരിക്കുകയും വൈകാരികതയുടെ മേൽ കടന്നുകയറ്റം നടത്തുകയും ചെയ്യും. അപ്രവചനീയമാണ് അത്, ഏതെങ്കിലും ഘട്ടത്തിൽ ആ മനുഷ്യന്റെ തനിനിറം പുറത്ത് വരാൻ ഇടയാകുകയും പാവം മനുഷ്യൻ അപമാനിതനാക്കപെടുകയും ചിലപ്പോൾ സാമൂഹ്യദ്രോഹിയായി മുദ്രകുത്തപ്പെടുകയും ചെയ്തേക്കാം. അടിസ്ഥാന സ്വഭാവവുമായി ലയിച്ചുകിടക്കുന്ന വികാരങ്ങളിൽ ഒന്ന് ഉത്കണ്ഠയാണെങ്കിൽ ഓർത്ത് നോക്കൂ എത്രകണ്ട് അരക്ഷിതത്വം ആ മനുഷ്യനെ പിടിച്ച് വിഴുങ്ങും, ശക്തിയേകി കൂടെ നിൽക്കാൻ മറ്റുള്ളവർ തയാറാവണം. കാരണം ഇതൊക്കെ ചിലപ്പോൾ വേരോടെ പിഴുതുമാറ്റാനും ബുദ്ധിമുട്ടാണ്.
ഏതെങ്കിലും വ്യക്തിയുടെ ഭാവത്തിൽ, പെരുമാറ്റത്തിൽ അല്ലെങ്കിൽ സംസാരത്തിൽ അസ്വാഭാവികത (abnormality) കാണാൻ കഴിഞ്ഞാൽ അത്തരമൊരു സന്ദർഭത്തിന് എപ്പോഴെങ്കിലും സാക്ഷ്യം വഹിക്കേണ്ടി വന്നാൽ ഏറ്റവും ആദ്യം ഓർമ്മയിലെയ്ക്ക് ഓടിയെത്തേണ്ട ഒരു കാര്യം മെന്റൽ ഡിസോർഡറുള്ള ഒരു വ്യക്തിയിൽ വൈകാരികതയെ റൂൾ ചെയ്യുന്നത് അയാളിൽ കാണുന്ന ക്രമക്കേടുകൾ അല്ലെങ്കിൽ മനോരോഗമായിരിക്കും. ഉദാഹരണത്തിന് പരനോയ്ഡ് പേഴ്‌സനാലിറ്റി ഡിസോർഡർ അഥവ സംശയരോഗം. തന്റെ പങ്കാളി, സുഹൃത്ത്, ബന്ധുക്കൾ ഇവരൊക്കെ തന്നെ എപ്പോൾ വേണമെങ്കിലും വഞ്ചിക്കും അപകടത്തിലാക്കും എന്ന ചിന്തയിൽ ചുറ്റിനും ഇടപഴകുന്ന മനുഷ്യരെ വിശ്വസിക്കാൻ കഴിയാത്ത ഭീതിനിറഞ്ഞ അവസ്ഥ. ഇത്തരം ഡിസോറുകളുള്ള വ്യക്തികൾ വല്ലാത്തൊരു അനിശ്ചിതത്വത്തിലാണ് ജീവിക്കുക. നിസ്സഹായരുമായിരിക്കും. അതുകൊണ്ട് ആകസ്മികമായി ഒരാളിൽ പതിവില്ലാത്ത വിധം ഒരു അബ്നോർമാലിറ്റി കണ്ടാൽ ആദ്യം അയാളെ സ്വയം ശാന്തനാവാൻ അനുവദിയ്ക്കുകയാണ് വേണ്ടത്, കേൾക്കാൻ തയാറാവുകയും ചികിത്സയ്ക്ക് വിധേയമാക്കാൻ ശ്രമിക്കുകയാണ് മുഖ്യം.
വൈകാരികതയെ കൈവിട്ട നിലയിലേക്ക് എത്താൻ അനുവദിക്കാതെ മനസ്സ് സങ്കീർണ്ണവും കലുഷവുമാക്കാതെ കൈകാര്യം ചെയ്യാനുള്ള കഴിവും പാടവവും സ്വയം ആർജ്ജിച്ചെടുക്കേണ്ടതാണ്. ആത്മനിയന്ത്രണം പാലിക്കാൻ ഒരേപോലെ എല്ലാവർക്കും സാധിക്കില്ലല്ലോ. ചിലർക്ക് അവനവനെ അറിയാനും മനസ്സിലാക്കാനും കോപ് അപ്പ് ചെയ്യാനും മറ്റൊരാളുടെ പിന്തുണ ആവശ്യമായി വരാം. ഒരു പരിഹാരം കണ്ടെത്താനെന്ന നിലയ്ക്ക് അത്തരമൊരു ഘട്ടത്തിൽ തന്നെ മനസ്സിലാക്കാൻ തയാറാവുമെന്ന പ്രതീക്ഷയിൽ പ്രതിവിധി തേടാൻ സമീപിച്ചാൽ ചിലരിൽ നിന്നൊക്കെയുള്ള പ്രതികരണം സങ്കൽപ്പിക്കാൻ പോലും പറ്റാത്തതാവും. ആരും ആരെയും മനസ്സിലാക്കാൻ പലപ്പോഴും തയാറാവുന്നില്ല എന്നിട്ട് തന്നെ ആരും മനസ്സിലാക്കുന്നില്ല എന്ന രോദനവും ചിലപ്പോൾ കേൾക്കാം. നമുക്കും വേണം സഹായസന്നദ്ധതയുള്ളൊരു മനസ്സ്, അസന്നിഗ്ദഘട്ടത്തിലും അല്ലാതെയും സ്വന്തം സുഹൃത്തിനോ കൂടിപ്പിറപ്പുകൾക്കോ സ്വന്തം മക്കൾക്കോ അച്ഛനമ്മമാർക്കോ അരികെ ഇരുന്ന് കേൾക്കാൻ വാക്കുകൾകൊണ്ട് മനസ്സിന്റെ ആളിക്കത്തലൊന്ന് ആണയ്ക്കാൻ, തലോടൽകൊണ്ട് പ്രക്ഷോഭങ്ങൾക്ക് ശമനം വരുത്താൻ, നെഞ്ചിലേറ്റ മുറിവിന്റെ നീറ്റലിനും എരിച്ചിലുകൾക്കും മരുന്ന് പുരട്ടാനും സുഖപ്പെടുത്താനെന്നോണം ആശ്വാസമേകാനായി ഒരാൾ.. അപരനെ മനസ്സിലാക്കാൻ സഹാനുഭൂതി നിറഞ്ഞൊരു മനസ്സ് നമുക്കും വേണം. സത്യത്തിൽ നമുക്കൊക്കെ എത്രയെളുപ്പമാണ് ഒരാളെ പഴിക്കാൻ നിർദയം ആയളിലേയ്ക്ക് കുറ്റം ചുമത്താൻ. മറ്റൊരാളുടെ ഷൂവിലേയ്ക്ക് കയറി നിന്ന് ചിന്തിച്ചെങ്കിലെ അയാൾ ജീവിക്കുന്ന ജീവിതത്തെ, അറിയുന്ന നൊമ്പരങ്ങളെ, മുന്നിൽ കുന്നുകൂടിയ പ്രശ്‌നകൂമ്പാരങ്ങളുടെ കഠിന്യതയെ തന്നിലേക്ക് അവാഹിച്ചറിയാൻ സാധിക്കൂ. അതുവരെ കേൾക്കുന്ന ജീവിത കഥകളും അനുഭവങ്ങളെല്ലാം വെറും കെട്ടുകഥകളായിട്ടെ തോന്നൂ.