Personality

കുഞ്ഞുലോകത്തേയ്ക്ക് ഉൾവെളിച്ചം പകരാൻ

“കരയുന്ന കുഞ്ഞിനെ പാലുള്ളൂ” എന്നാണല്ലോ. അവനവന്റെ ആവശ്യങ്ങൾ നിറവേറ്റപെടുക, അല്ലെങ്കിൽ നിറവേറ്റപ്പെടുത്തുക എന്നത് കുഞ്ഞിന്റെ കടമയാണ്. കുഞ്ഞുങ്ങൾ എപ്പോഴും തങ്ങൾ ആഗ്രഹിക്കുന്നത് സാധിച്ചെടുക്കുന്നത് വരെ വാശിപിടിച്ചു കരഞ്ഞുകൊണ്ടേ ഇരിക്കും. കാര്യസാധ്യത്തിനായി അവർക്കറിയാവുന്ന ഏക പോംവഴി അത് മാത്രമാണ്. ഒരു വയസ്സുവരെയൊക്കെ അവരുടെ ആവശ്യങ്ങൾ ഏതാണ്ട് നമുക്കറിയാം. വിശക്കുമ്പോൾ അവർക്ക് ഇഷ്ടമുള്ള ഭക്ഷണം ലഭിച്ചിരിക്കണം, അവരെ സ്നേഹിക്കുന്നവരുടെ സമീപനവും പരിചരണവും അതേപോലെ ഇഷ്ടമുള്ള കളിപ്പാട്ടം എന്നിവയൊക്കെ തന്നെ ആയിരിക്കും.

ആംഗ്യങ്ങളിലൂടെ കാര്യങ്ങൾ ബോധിപ്പിക്കാനും സ്വല്പസ്വല്പം സംസാരിക്കാനും തനിയ്ക്ക് വേണ്ടതെല്ലാം ആവശ്യപ്പെടാനും കഴിയുന്നതിൽ പിന്നീടങ്ങോട്ടാണ് അവരുടെ ആവശ്യങ്ങളും ഡിമാന്റ്സൊക്കെ കൂടി കൂടി വരുന്നത്. കുഞ്ഞിലേക്ക് എന്ത് ചെല്ലണം എന്നത് മാത്രമല്ല തീർച്ചയായും കുഞ്ഞിലേക്ക് എന്ത് സ്വാധീനിക്കപ്പെടണം എന്നതും കൂടെ മാതാപിതാക്കൾക്കും നിശ്ചയിക്കാൻ പറ്റുന്ന സമയമാണ് ഇതെന്ന് മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ. കുട്ടികൾക്ക് ബൗദ്ധികവും സാമൂഹികവുമായ അറിവുകളും ലോകവിജ്ഞാനവും നൽകി അവരിലെ ധിഷണയുടെ തലങ്ങളെ സ്പർശിക്കുന്ന വിധമുള്ള ഇടപെടലുകളും ബോധപൂർവ്വം നടത്താൻ മാതാപിതാക്കൾക്ക് കിട്ടുന്ന ഒരു സുവർണ്ണാവസരമാണ് ഇത്. പ്രതിരോധമോ, പ്രതിഷേധമോ, പ്രതികരണമോ ഇല്ലാതെ കുഞ്ഞിന്റെ ഉപബോധമനസ്സ് കാണുന്നതും കേൾക്കുന്നതും അനുഭവിച്ചറിയുന്നതും പാടെയങ്ങ് തന്നിലേക്ക് എടുക്കുകയാണ്, ഫിൽട്ടറിങ് എന്ന് പറയുന്ന ഒരു പ്രക്രിയ അവിടെ നടക്കുന്നതെ ഇല്ല, അതിനാൽ വളർച്ചയുടെ പ്രാഥമിക ഘട്ടങ്ങളിൽ കുഞ്ഞു മനസ്സുകൾക്ക് താങ്ങാൻ കഴിയാത്ത ഒന്നും അവരിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും അരുത്.

ഇത്തരത്തിൽ മാതാപിതാക്കൾ കുഞ്ഞിലേക്ക് പ്രവേശിക്കേണ്ടത് ഓരോ സാഹചര്യത്തിലും അവരുമായിട്ടുള്ള സ്നേഹസംഭാഷണങ്ങളിലൂടെയോ അല്ലെങ്കിൽ മനോഹരമായ വർണ്ണചിത്രങ്ങൾ അടങ്ങിയ കൊച്ചു കൊച്ചു പുസ്തകങ്ങളുടെ സഹായത്തോടെയുള്ള അറിവിന്റെ കുഞ്ഞുശകലങ്ങളുമായിട്ടൊക്കെ ആവാം, അല്ലെങ്കിൽ അവരുമായി സൗഹൃദം പങ്കിട്ടുകൊണ്ടോ മാതാപിതാക്കൾ നൽകുന്ന കൗതുകവും വിസ്മയമേറിയതുമായ കാഴ്ചകളിലൂടെയുമാവാം. കാഴ്ചകൾ എന്നാൽ രണ്ട് വിധത്തിൽ ഉണ്ട്. ഒന്ന് ദാർശനിക ബോധമോ അല്ലെങ്കിൽ ഉൾക്കാഴ്ചയോ നൽകുന്നത് രണ്ട് കാഴ്ചയിലൂടെ കുഞ്ഞിന് ഭൗതിക ലോകത്തെ അടുത്തറിയാനുള്ള അവസരം ഒരുക്കി കൊടുക്കുന്നത്.

കുഞ്ഞെന്നാൽ അപാരമായ സാധ്യതകളുടെ ഒരു വിളനിലമാണ്. അവിടെ ഏത് വിധത്തിലുള്ള വിത്തുകൾ പാകണം അവിടുന്ന് എന്ത് കൊയ്തെടുക്കണം എന്നതൊക്കെ മാതാപിതാക്കൾക്കും കൂടെ തീരുമാനിക്കാം. അവർക്ക് കൊടുക്കുന്ന കളിപ്പാട്ടങ്ങൾക്ക് പോലും അതിന്റെതായ സംഭാവന നൽകാൻ കഴിയുമെന്ന കാര്യത്തിൽ ബോധമുള്ള മാതാപിതാക്കൾ അക്കാര്യത്തിൽ പോലും ശ്രദ്ധപതിപ്പിച്ചിരിക്കും. അവരുടെ ചുറ്റിലുമുള്ള വ്യക്തികളും സംസ്ക്കാരവും സാഹചര്യങ്ങളും അവരെ അത്രയേറെ സ്വാധീനിക്കുന്നു എന്ന ബോധം ഉണ്ടെങ്കിൽ അവരുടെ തെറ്റായ സ്വാധീനത്തെ ചെറുക്കാനുള്ള കഴിവും കൂടെ കുഞ്ഞിന് നൽകേണ്ടതുണ്ട്. അത് ഒരിക്കലും അവരെ കുറ്റം പറഞ്ഞിട്ട് ആവരുത് എന്ന കാര്യത്തിൽ ശ്രദ്ധിക്കണം. നെഗറ്റീവ് കാര്യങ്ങൾ കുഞ്ഞിന്റെ മനസ്സിലേക്ക് കടത്തി വിടുന്നതിനെക്കാൾ നല്ലത് പൊസിറ്റീവിലേക്ക് മക്കളെ ചിന്തിപ്പിച്ചുകൊണ്ടാവുന്നതാണ്. അവർക്ക് വിവേചന ബുദ്ധി വരുമ്പോൾ തീർച്ചയായും അവർ എല്ലാം മനസ്സിലാക്കി തുടങ്ങും.

ഒരു വയസ്സിനോട് അടുത്താണ് കുഞ്ഞുങ്ങൾ സംസാരിക്കാൻ തുടങ്ങുന്നത് അതിന് മാസങ്ങൾ മുമ്പേ തന്നെ ആ, ഇ, ഉ, എ എന്നീ സ്വരാക്ഷരങ്ങൾ (vowels) ഉച്ചരിച്ചു തുടങ്ങും. എന്നാൽ വ്യഞ്ജനസ്വരങ്ങൾ പുറപ്പെടുവിക്കാൻ പിന്നെയും മാസങ്ങൾ എടുക്കുന്നു.

മക്കൾ സംസാരിക്കാൻ തുടങ്ങുമ്പോൾ തന്നെ നമ്മുടെ ചുറ്റുപാടുകളിലുള്ള വസ്തുക്കളെ ചെറുതായിട്ടൊക്കെ കുഞ്ഞിന് പരിചയപ്പെടുത്തി തുടങ്ങാം. വൈകുന്നേരങ്ങളിൽ അല്പസമയം അവർക്കായി കണ്ടെത്തി കുഞ്ഞുമായി പുറത്തേയ്ക്ക് ഒന്നിറങ്ങണം. വീടിന് ചുറ്റുമുള്ള ഓരോ ജീവികൾ, പൂക്കൾ, മരങ്ങൾ, ആൾക്കാർ ഇവരെയൊക്കെ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കാം. ഇങ്ങനെ ഒരു സമയം പതിവായി കുഞ്ഞിന് വേണ്ടി മാറ്റി വെച്ച് നോക്കൂ കുഞ്ഞ് ഏറ്റവുമധികം ആഹ്ലാദിക്കുന്ന നിമിഷം അതായിരിക്കും. നമ്മളും അത് ആസ്വദിച്ചു തുടങ്ങുമ്പോൾ നല്ലൊരു റിലാക്സെക്ഷൻ ആയി മാറും. നമുക്കും ആരും ഇല്ലാത്ത ഒരു തോന്നൽ ഉണ്ടാവില്ല. കുഞ്ഞുങ്ങൾ നമ്മോട് തിരിച്ചും അതേപോലെ കൂട്ട് കൂടുകയും സ്നേഹത്തോടെ ഇടപഴകുകയും ചെയ്യുമ്പോൾ നമ്മളിലെ ഈഗോ പോലും മാറി നിന്ന് പോകും, നമ്മളും വളരെ സ്വതന്ത്രമായി ഇടപഴകാൻ പഠിക്കും. അല്ലെങ്കിലും യഥാർത്ഥ സ്നേഹത്തിൽ ഈഗോ നിലനിൽക്കില്ലല്ലോ.

നമ്മൾ അനുദിനം പകർന്നു നൽകുന്ന ഓരോ അറിവുകളും കുഞ്ഞിന്റെ അറിവിന്റെ ശേഖരങ്ങളുടെ കലവറയിലേയ്ക്ക് വലിയൊരു മുതൽകൂട്ട് ആവുകയാണ്. ഇത്തരത്തിൽ സമാഹരിച്ചെടുത്ത അറിവുകളോടൊപ്പം അനുഭവങ്ങളും ചേർത്ത് അവർ ജീവിതത്തെ പഠിക്കുന്നു. മുത്തുകളാണ് ഓരോ അറിവുകളും. ഉചിതമായ വാക്കുകൾകൊണ്ടും വിജ്ഞാനം പകരും മൊഴികൾകൊണ്ടും വളരെ കുഞ്ഞു പ്രായത്തിൽ തന്നെ അവരെ സ്വാധീനിക്കാനും മാർഗ്ഗദർശനം നൽകാനും കഴിഞ്ഞാൽ നമ്മുടെ കുഞ്ഞ് നാളെ ഉത്തമമായ ഒരു വ്യക്തിത്വത്തിന് ഉടമയായി മാറും.

മതാപിതാക്കളുടെ തണൽ കുഞ്ഞിന്റെ വളർച്ചയ്ക്കും മാനസിക വികാസത്തിനും അനിവാര്യമാകുന്ന പ്രായപരിധിയും നിശ്ചയിക്കപ്പെടേണ്ടതുണ്ട്. അതിന് കൃത്യമായ പ്രായമൊന്നുമില്ല എന്നാൽ മാതാപിതാക്കൾക്ക് തങ്ങളിലെ ആത്മാവിശ്വാസത്തിന്റെ തോതിനനുസരിച്ച് അല്പാല്പമായി ഉത്തരവാദിത്വങ്ങൾ അവരിലേക്ക് കൈമാറിക്കൊണ്ട് പിറകോട്ട് ഉൾവലിഞ്ഞു തുടങ്ങാം. അപ്പോഴും മനസ്സുകൾ തമ്മിൽ അകലം തോന്നാൻ പാടില്ല. നമുക്കറിയാം മക്കളെ പ്രാപ്തരാക്കുക എന്നുള്ളതാണ് രക്ഷാകർതൃത്വത്തിന്റെ സർവ്വപ്രധാനമായ ധർമ്മം. കുടുംബമൂല്യങ്ങൾക്കൊപ്പം സ്നേഹവും ആദരവും പരിഗണനയും അറിഞ്ഞും അനുഭവിച്ചും അസ്വദിച്ചും വളരുന്ന കുഞ്ഞുങ്ങൾ പ്രായത്തോടൊപ്പം പക്വതയും ആർജ്ജിച്ച് വളരുമ്പോൾ അവരുടെ ചിറകുകൾക്കടിയിൽ ഒരിടം മാതാപിതാക്കൾക്ക് നൽകാൻ അവരും മറക്കില്ല.

Facebook Comments
Related Articles

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.

Check Also

Close
Close
Close