Personality

ആത്മവിശ്വാസത്തിന്റെ കരുത്തും സ്വാധീനവും

ഉറച്ചതും അചഞ്ചലവുമായ ഒരു വ്യക്തിത്വത്തിന്റെ മുഖമുദ്രയെന്നാൽ തികഞ്ഞ ആത്മവിശ്വാസമാണ്. ആത്മാവിശ്വസത്തെ മാറ്റി വെച്ചുകൊണ്ട് ഒരിക്കലും നല്ലൊരു വ്യക്തിത്വം സാധ്യവുമല്ല. ഒരാൾക്ക് അയാളിലും അയാളുടെ കഴിവുകളിലും വിശ്വാസമില്ലെങ്കിൽ അതായത് ഒരു വ്യക്തിത്വത്തിന് വേണ്ട എല്ലാ ഗുണങ്ങളും ഉണ്ടായിട്ടും ആത്മവിശ്വാസമില്ല എങ്കിൽ അയാൾക്ക് അയാളുടെ വ്യക്തിത്വംകൊണ്ട് ഒരു നേട്ടവും ഉണ്ടാവുന്നില്ല. ഏത് നിർണ്ണായകഘട്ടത്തിലും ആപത്ഘട്ടത്തിലും തളരാതെ, പതറാതെ കാൽ ഇടറാതെ അവനവനെ മുന്നോട്ട് നയിക്കാൻ ഒരാൾക്ക് ആത്മവിശ്വാസം കൂടിയേ തീരൂ. അത് സ്വന്തം കഴിവിനെക്കുറിച്ചുള്ള യഥാർത്ഥബോധത്തിൽ നിന്ന് രൂപപ്പെട്ടു വരേണ്ടതാണ്. അല്ലാതെ മിഥ്യാധാരണയിൽ നിന്നോ പരിധിയിൽ കവിഞ്ഞ അഹംബോധത്തിൽ നിന്ന് ജനിപ്പിക്കുന്നതോ തോന്നിപ്പിക്കുന്നതോ ആവരുത്. അതുകൊണ്ട് തന്നെ ആത്മബോധത്തിന്റെ അനിവാര്യത വ്യക്തിത്വരൂപീകരണത്തിൽ ഒരിക്കലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്.

ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകളെയോ പ്രവൃത്തികളെയോ പോസിറ്റീവ് ആയിപ്പോലും കാണാൻ സാധിക്കാത്ത ഒരു പറ്റം ആളുകൾ ഇപ്പോഴും ഇന്നും നമുക്കിടയിൽ ഉണ്ടെന്നുള്ളത് എത്രത്തോളം ഖേദകരകമായ കാര്യമാണ്. തനിക്ക് ചുറ്റിനുമുള്ള ആളുകൾ ഒരു തരത്തിലും തന്റെ വാക്കുകളിലും കഴിവുകളിലും വിശ്വാസം പ്രകടിപ്പിക്കുന്നില്ലെങ്കിൽ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവന്റെ വളർച്ചയുടെ സാധ്യതകളെ ഏറ്റവുമധികം പരിമിതപ്പെടുത്തുന്ന ഒരു ഇടമായി മാറുകയാണ് അത്. അവിടുന്ന് രക്ഷപ്പെടുന്നതാണ് അയാളെ സംബന്ധിച്ചിടത്തോളം നല്ലത്, അവിടെ നിന്നുകൊണ്ട് ഒരു ഉയർച്ച ആ വ്യക്തിയ്ക്ക് സാധ്യമാവുകയില്ല അല്ലെങ്കിൽ തികഞ്ഞ ആത്മവിശ്വാസത്തോടെ, മറ്റുള്ളവർ പറയുന്നതൊന്നും ഗൗനിക്കാതെ മുന്നേറാൻ പ്രാപ്തി നേടിയെടുത്ത ആളായിരിക്കണം. നമ്മുടെ മക്കൾ വളരുന്ന വീടും ചുറ്റുപാടും അതുപോലെയാവാൻ ഒരിക്കലും ഇടവരരുത് എന്ന് വാശിയോടെ ചിന്തിക്കുന്ന അച്ഛനമ്മമാർ വേണം, എങ്കിൽ അവരുടെ മക്കൾക്ക് ജീവിത വിജയം കണ്ടെത്താൻ മറ്റൊന്നിന്റെയും സഹായം വേണ്ടി വരില്ല.

Also read: പ്രായപൂര്‍ത്തിയാകുന്ന മക്കളോട് തുറന്ന് പറയേണ്ട 13 കാര്യങ്ങള്‍

എത്ര തന്നെ അത്യുത്സാഹത്തോടെയും ചുറുചുറുക്കോടെയും ഒരാൾ അയാളുടെ കൊച്ചുസ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ അയാളുടെ മുഴുവൻ കഴിവും സാമർത്ഥ്യവും വിനിയോഗിച്ച്, വിലപ്പെട്ട സമയം ചെലവഴിച്ച് ഒരു നല്ല പ്ലാൻ ഉണ്ടാക്കി, അത് പ്രയോഗികതയിലേയ്ക്ക് എത്തിക്കാൻ കടുത്ത പരിശ്രമം നടത്തുമ്പോൾ ചുറ്റിനും അയാളെ വീക്ഷിക്കുന്നവരും കേൾക്കുന്നവരും പറയും ഓഹ്…! നിനക്ക് വേറെ ജോലിയൊന്നും ഇല്ലേ? അതൊന്നും നടക്കില്ലാന്നേ, അല്ലെങ്കിൽ ഇതൊക്കെ നിന്നെപ്പോലെ ഒരാളെക്കൊണ്ടു സാധിക്കുന്ന കാര്യമാണോ? വെറുതെ സമയം കളയണ്ട നീ, പണവും വെയ്സ്റ്റ് ആവും. ഇതൊക്കെ കേൾക്കുന്നതോടെ അയാളിലെ മനോവീര്യവും ആത്മവിശ്വാസവും എല്ലാം കൊഴിഞ്ഞു വീണുപോവും. ഇത് തുടരുന്നതിൽ അർത്ഥമില്ല, താൻ ഇതിൽ പരാജയപ്പെട്ടാൽ ആളുകളിൽ നിന്ന് ഒരുപാട് പുച്ഛവും പരിഹാസവും നേരിടേണ്ടി വരും നാട്ടിൽ ഇറങ്ങി നടക്കാൻ കഴിയില്ല, കുടുംബക്കാർക്ക് ആണെങ്കിൽ കളിയാക്കി ചിരിക്കാൻ വേറെ ഒന്നും വേണ്ടി വരില്ല, ആരുടെയും മുഖത്തു നോക്കാൻ സാധിക്കാതെ ആവും എന്നുള്ള തോന്നൽ അയാളെ കീഴടക്കുന്നു. അയാൾ പരാജയത്തെ ഭയക്കാൻ തുടങ്ങുന്നു.

പരാജയത്തെ ഭയക്കേണ്ടതില്ല എന്ന ചിന്ത ആദ്യം അച്ഛനമ്മമാർക്ക് ഉണ്ടാവണം. മക്കൾക്കും അത് ബോധ്യപ്പെടുത്തികൊടുക്കണം. ഇന്ന് ജീവിതത്തിൽ നമ്മൾ ആസ്വദിക്കുന്ന സുഖങ്ങൾ(comfort) ഒരുപാട് പേരുടെ ത്യാഗത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമായി ഉണ്ടായതാണ്. അതേപോലെ പുസ്തകങ്ങളിൽ നിന്ന് വായനയിലൂടെ നാം ഇന്ന് ആർജ്ജിച്ചെടുക്കുന്ന ഓരോ അറിവും വെറുതെ ഉണ്ടായതല്ല, ഒരോ മനുഷ്യരുടെ വലിയ ത്യാഗങ്ങൾ ഉണ്ട് അതിന് പിന്നിലൊക്കെ. ദിനരാത്രങ്ങൾ നീണ്ട പഠനത്തിലൂടെ, വർഷങ്ങൾ നീണ്ട പരീക്ഷണങ്ങളിലൂടെ, നിരീക്ഷണങ്ങളിലൂടെ വീക്ഷണങ്ങളിലൂടെ കഠിനമായ പരിശ്രമത്തിലൂടെ നിർമ്മിച്ചെടുത്തതാണ് അവയൊക്കെ. ഓരോ പഠനങ്ങൾക്കും ശാസ്ത്രീയപരമായ റിസേർച്ചുകൾക്കും പിന്നിൽ ഒട്ടേറെ പരാജയങ്ങളുടെയും കഥകൾ ഉണ്ടാവും. അവരൊക്കെ ഇപ്പറയുന്ന പോലെ പരാജയങ്ങളെ ഭയന്നിരുന്നവർ ആയിരുന്നെങ്കിലോ? ഒരു നിമിഷം ചിന്തിച്ചു നോക്കൂ. പൊരുതിയിട്ടും തോറ്റാലും അഭിമാനിക്കുകയല്ലേ വേണ്ടത്? അപ്പോൾ പരാജയങ്ങളെ ഭയക്കുന്നതിൽ അർത്ഥമില്ല എന്ന് മനസ്സിലാക്കാൻ കഴിഞ്ഞല്ലോ.

ഇനി പഴയ കാലത്തേയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ വേറെ ചിലതെല്ലാം കൂടെ ഒന്നോർത്തെടുക്കാൻ സാധിച്ചേക്കാം. മുതിർന്നവർ തമ്മിലുള്ള ഗൗരവപൂർവ്വമുള്ള യാതൊരു ചർച്ചകളും കാര്യങ്ങളും കുഞ്ഞുങ്ങൾ അറിയേണ്ട, കേൾക്കേണ്ട എന്ന് അന്നത്തെ മുതിർന്നവർ ചട്ടം കെട്ടിയിരുന്നു. കുഞ്ഞുങ്ങൾ അനുസരിച്ചാൽ മാത്രം മതി എന്നായിരുന്നു അവരുടെ വെപ്പ്. കാരണവന്മാർ ആയിരുന്നു ഒരു കുടുംബത്തിലെ വരും തലമുറക്കാരുടെ ജീവിതം എങ്ങനെ വേണമെന്നൊക്കെ നിശ്ചയിച്ചതും തീരുമാനിച്ചതുമെല്ലാം. സ്വന്തം അഭിപ്രായങ്ങളോ, തീരുമാനങ്ങളോ ബോധിപ്പിക്കാൻ ശ്രമിച്ചാൽ കുടുംബത്തിന്റെ സമ്പത്തും വരുമാനവും സ്വന്തം കൈകൾക്കുള്ളിലാക്കി വെച്ച കാരണവന്മാരെ മുഷിപ്പിക്കേണ്ടി വരും, അവരൊന്ന് ഇടഞ്ഞാൽ തന്റെ ജീവിതം ദുരിതപൂർണ്ണമാകുമെന്നും അവർ ഭയന്നു.

Also read: ‘എന്റെ കുഞ്ഞുമകന്‍ കൊറോണ രോഗത്തെ ഭയക്കുന്നു, എങ്ങനെയവനെ ആശ്വസിപ്പിക്കും?’

അതുകൊണ്ട് തന്നെ ആത്മബോധത്തിന് അന്നൊന്നും അത്ര പ്രധാന്യം കല്പിച്ചിരുന്നില്ല ആരും. അത് ഉണ്ടായിട്ടും വലിയ പ്രയോജനം ഇല്ലായിരുന്നല്ലോ. പരമ്പരാഗതമായി പാലിച്ചുപോന്നിരുന്ന ചിട്ടകൾക്കും നിയമങ്ങൾക്കും കീഴ്വഴങ്ങി ജീവിക്കുക എന്നതായിരുന്നു പണ്ടത്തെ രീതികൾ. പക്ഷെ ഇന്നതല്ലല്ലോ ലോകം. കാരണവരോ, അച്ഛനമ്മമാരോ പോലും അല്ല കുട്ടികൾ തന്നെയാണ് അവനവനവനിലെ അഭിരുചിയും കഴിവും എല്ലാം മനസ്സിലാക്കി ഏറ്റവും നന്നായി പെർഫോം ചെയ്യാൻ കഴിയുന്ന മേഖല കണ്ടെത്തുന്നത്. കുടുംബങ്ങൾ പാരന്റ് സെന്റർഡ് എന്നതിൽ നിന്ന് ചൈൽഡ് സെന്റർഡ് ആയി തീർന്നത് നമ്മൾ പോലും അറിയാതെ കാലക്രമേണ സംഭവിച്ച ഒരു സ്ഥിതിവിശേഷമാണ്. അതുകൊണ്ട് ഇപ്പോഴാണ്, ഇവിടെയാണ് കുഞ്ഞുങ്ങൾക്ക് കൂടുതൽ ശ്രദ്ധയും പരിഗണനയും ഗൈഡൻസും അനിവാര്യമായി വരുന്നത്? പഴയ ജീവിത രീതികൾ അല്ല ഇന്ന്, ഉയർന്ന ഉത്തരവാദിത്വം വളർന്ന് വരുന്ന കുട്ടിയുടെ ചുമലിലേയ്ക്ക് മറിയുമ്പോൾ അതിൽ നിന്ന് ഒഴിഞ്ഞു മാറാൻ പഴയ പോലെ സാധിക്കില്ല മാത്രമല്ല ആരും ആരുടെയും അധീനതയിൽ കഴിയാൻ ആഗ്രഹിക്കുന്നില്ല, സ്വന്തം കാലിൽ ജീവിക്കാനാണ് ആഗ്രഹം. പണ്ട് ജോലിയും കൂലിയും ഇല്ലാത്തവന്റെ കുടുംബവും കാരണവന്മാരുടെ കൃപയാൽ പുലർന്നു പോന്നിരുന്നു. ഇന്ന് അത്യാവശ്യങ്ങളും, ആവശ്യങ്ങളും അല്ലലറിയതെ നിറവേറ്റപ്പെട്ടു കൊണ്ടിരിക്കുമ്പോൾ തന്നെ നമുക്ക് ഒഴിവാക്കാൻ പറ്റുന്ന അനാവശ്യങ്ങളായ ചെലവുകളും ആഡംബരങ്ങളും ജീവിതത്തിൽ പൊങ്ങച്ചത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. അതില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല എന്ന അവസ്ഥയാണ് പല വീടുകളിലെയും.

കുഞ്ഞുങ്ങൾ എടുക്കുന്ന ചെറിയൊരു കുഞ്ഞു പരിശ്രമം (effort) പോലും കാണാതെ പോകരുത് അച്ഛനമ്മമാർ. കൊച്ചുകുഞ്ഞ് ആണെങ്കിൽ കൈയിൽ പെൻസിൽ എടുത്ത് വരയ്ക്കുന്ന ഒരു ചെറിയ വര പോലും പൊസിറ്റീവ് ആയിട്ട് കാണണം. ഏത് പരിശ്രമങ്ങൾക്കും പൊസിറ്റീവ് വാക്കുകൾ കൊണ്ട് പിന്തുണ നൽകി കൂടെ നിക്കണം. നിനക്ക് ഇതൊന്നും കഴിയില്ല ഇതൊക്കെ എന്തിനാ വാരി വലിച്ച് ഇട്ടിരിക്കുന്നത്? എന്നും പറഞ്ഞു ഒരു ചിത്രം വരയ്ക്കാനോ, പഴയ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ അഴിച്ചു റിപ്പയർ ചെയ്യാനോ, കരകൗശല വസ്തുക്കൾ നിർമ്മിക്കാനോ മറ്റോ ശ്രമിക്കുന്ന കുട്ടിയെ ഒറ്റ വാക്ക്കൊണ്ട് നമുക്ക് അവന്റെ അവളിലെ ആ കനൽ കെടുത്തിക്കളയാം. അങ്ങനെ നാളെ ആ കുഞ്ഞിന്റെ ജീവിതം തന്നെ തീരുമാനിക്കാൻ സാധ്യതയുള്ള അവരിലെ ആ ടാലന്റ് അനായാസം നമ്മൾ ഒരു പൂമൊട്ടിനെ തല്ലി കൊഴിച്ചിടുന്ന പോലെ തല്ലി കൊഴിച്ചിട്ടു. ആ കൊച്ചുകുഞ്ഞിന്റെ ഹൃദയം അപ്പോൾ നിരാശയും സങ്കടവും കൊണ്ട് നിറയും പക്ഷെ ഒന്നും പറയാതെ നമ്മെ ഭയന്ന് അവർ പിന്മാരും എത്ര അനായാസം നമുക്ക് അത് ചെയ്യാം. പക്ഷെ എന്നാൽ അവരോടൊപ്പം നിന്ന്, അവർക്ക് ആത്മവിശ്വാസവും ഊർജ്ജവും പകർന്ന് അവരുടെ കഴിവുകളെ വികസിപ്പിച്ചെടുക്കാൻ അച്ഛനമ്മമാർ ശ്രമിച്ചാൽ നടക്കില്ലെ?

കുഞ്ഞുങ്ങളിൽ ഏകാഗ്രതയും ഗ്രഹണശക്തിയും അതേപോലെ വേണ്ടവിധത്തിൽ വികസിപ്പിച്ചെടുത്താൽ ചിന്താശേഷിയുമെല്ലാം വലിയ മനുഷ്യരെക്കാൾ എത്രയോ മടങ്ങ് കൂടുതലായിരിക്കും. മാത്രമല്ല എല്ലാ കഴിവുകളും സധ്യതകളുമുള്ള ഒരു കുഞ്ഞു മസ്തിഷ്ക്കത്തെ പരിണാമദശയുടെ ആരംഭഘട്ടത്തിൽ തന്നെ ഫലപ്രദമായ രീതിയിൽ, അവരുടെ വളർച്ചയ്ക്കും ഉയർച്ചയ്ക്കുമായി ഉപയോഗപ്പെടുത്താൻ അവരുടെ പരിശ്രമങ്ങൾക്കൊത്ത് പല സന്ദർഭങ്ങളിലും തന്നെ അച്ഛനമ്മമാരിൽ നിന്നുള്ള ആത്മവിശ്വാസം പകരുന്ന വാക്കുകൾ മാത്രം മതിയാവും എന്നതാണ് സത്യം. അത് നൽകുന്ന ഊർജ്ജം അത്രയേറെയാണ്. കൂടാതെ എന്ത് കാര്യങ്ങളിലും സ്വന്തം പ്രശ്നങ്ങളും പിഴവുകളും സ്വയം കണ്ടെത്താൻ അവരെ അനുവദിക്കുകയാണെങ്കിൽ ഭാവിയിൽ ഏത് പ്രശ്‌ങ്ങളെയും സ്വയം കണ്ടെത്തി പരിഹരിക്കാൻ സാധിക്കുന്നത് അവരുടെ ജീവിതത്തിലെ വലിയൊരു നേട്ടമായി മാറും. എന്തൊക്കെ ആയാലും അവർ കുഞ്ഞുങ്ങളാണ് പ്രായപൂർത്തിയും പക്വതയുമുള്ള ആളുകളിൽ നിന്നുള്ളപോലെ പെരുമാറ്റവും പ്രവൃത്തിയും അവരിൽ നിന്ന് പ്രതീക്ഷിക്കുന്നത് വിഡ്ഢിത്വമല്ലേ? മാതാപിതാക്കളിൽ ആ തിരിച്ചറിവ് ഉണ്ടാവണ്ടെ? പലരിലും കാണാറില്ല എന്നത് വളരെയേറെ നിരാശപ്പെടുത്തുന്ന ഒരു കാര്യമാണ്.

Also read: വീട്ടിലിരിക്കുമ്പോള്‍ സമയം ഉപയോഗപ്പെടുത്താനുള്ള 10 വഴികള്‍

ഇന്ന് ലോകത്തെക്കുറിച്ച് അറിയാനും അറിവുകൾ നേടാനും എളുപ്പമാണ്. കുഞ്ഞുങ്ങളുടെ ഏത് സംശയങ്ങൾക്കും അത്തരം വിഷയസംബന്ധമായ പുതകങ്ങളോ, ഗൂഗിൾ പോലുള്ള വെബ് സൈറ്റുകളോ വേണ്ടവിധം ഉപയോഗപ്പെടുത്താവുന്നതാണ്. അറിയാനുള്ള അവരിലെ വാഞ്ഛയെ തല്ലിക്കെടുത്താതിരിക്കുക. അവരിലെ ആകാംക്ഷയും ജിജ്ഞാസയും വളർച്ചയ്ക്കുള്ള ഉത്തേജകമാണ് എന്നത് മനസ്സിലാക്കുകയും അതുകൊണ്ട് അവയെ നിരുത്സാഹപ്പെടുത്താതെ പ്രോത്സാഹിപ്പിക്കുകയും വേണം. നമ്മുടെ തിരക്കുകൾക്കിടയിലെല്ലാം ഇതിനൊക്കെ സമയം കണ്ടെത്തേണ്ടി വരും. എക്സ്ക്യൂസസ് അല്ലെങ്കിൽ കാരണങ്ങൾ ഒട്ടേറെ ഉണ്ടാവും പക്ഷെ അതൊന്നും പറഞ്ഞിരുന്നിട്ട് കാര്യമില്ല. കുഞ്ഞുങ്ങൾ ഇന്ന് നന്നായി ചെയ്ത ഒരു കാര്യത്തിന് അഭിനന്ദനങ്ങൾ നൽകുന്നതോടൊപ്പം തന്നെ അവർക്ക് ഇഷ്ടപ്പെടുന്ന പുതിയ പുതിയ ടാസ്‌ക്കുകൾ അല്ലെങ്കിൽ കാര്യങ്ങൾ ചെയ്യാനായി വീണ്ടും നൽകാവുന്നതാണ്. അവർക്ക് ഇഷ്ടമുള്ള കാര്യങ്ങളിൽ മുഴുകി ഇരിക്കുമ്പോൾ അവരും വളരെയേറെ സന്തോഷവാന്മാർ ആകും.

കഴിയുന്നതും കുറുക്കുവഴികളിലൂടെ കാര്യങ്ങൾ നേടുന്നതിനെയോ, കാര്യങ്ങൾ ചെയ്ത് തീർക്കാൻ വേണ്ടിയോ പ്രേരിപ്പിക്കാതിരിക്കുക, ചെയ്യുന്ന കർത്തവ്യങ്ങൾ ഉത്തരവാദിത്വത്തോടെ വളരെ വൃത്തിയായി, പെർഫക്ഷനോടെ ചെയ്യുന്ന ശീലവും അവരിൽ ഉണ്ടായിവരട്ടെ. ഭാവിയിൽ അത് വലിയ ഗുണം ചെയ്യും. മാതാപിതാക്കൾക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യം എന്തിനെക്കുറിച്ചും അവർക്ക് അറിയാവുന്ന അറിവുകൾ, അനുഭവകഥകൾ കുഞ്ഞുങ്ങളിലേക്ക് കൈമാറുക എന്നതാണ്. അതിൽ യാതൊരു അമാന്തവും കാണിക്കാതിരുന്നാൽ തന്നെ കുഞ്ഞുങ്ങളുടെ മാനസിക വികാസം യഥാസമയം നടന്നുകൊണ്ടിരിക്കും പിന്നെ പ്രാക്ടിക്കൽ ആയിട്ടുള്ള കാര്യങ്ങൾ കുഞ്ഞുങ്ങൾ ചെയ്യുമ്പോൾ കൂടെ തന്നെയുണ്ട് എന്ന് ബോധ്യപെടുത്താൻ ആത്മവിശ്വാസം പകർന്ന് കൂടെ നിൽക്കുകയെ വേണ്ടുള്ളൂ..

 

Facebook Comments
Related Articles
Show More

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.
Close
Close