Current Date

Search
Close this search box.
Search
Close this search box.

വ്യകിത്വത്തിൽ സമൂഹത്തിനുള്ള പങ്ക്

വ്യക്തികൾ അഥവ മനുഷ്യർ തന്നെയാണല്ലോ സമൂഹം. ഒരു പറ്റം ആളുകൾ ഒരു നിശ്ചിത ഭൂപരിധി നിശ്ചയിക്കപ്പെട്ട ഭൂപ്രദേശത്ത് പാരസ്പര്യത്തോടെയും സഹകരണത്തോടെയും ഇടകലർന്ന്, ഇടപഴകലുകളിലൂടെ സഹവർത്തിത്വത്തിലൂടെ ജീവിച്ച് പോകുമ്പോൾ അവിടെ ഒരു പ്രത്യേക സംസ്ക്കാരവും സാമൂഹിക ചട്ടങ്ങളും നിയമങ്ങളും നിലവിൽ വരികയും അവരെ വേറിട്ടൊരു സമൂഹമായി തിരിച്ചറിയുകയും ചെയ്യുന്നു. സംസ്ക്കാര സമ്പന്നതയും മൂല്യാധിഷ്ഠിതവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ ഒരോ വ്യക്തികളും തന്റേതായ നിലയിൽ മാനസിക, ശാരീരിക, ബൗദ്ധിക, സാമ്പത്തിക നിലവാരത്തിൽ നിരന്തരം മെച്ചപ്പെടുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യേണ്ടതുണ്ട്. എങ്കിലേ ആ നാടിന്റെ അല്ലെങ്കിൽ രാജ്യത്തിന്റെ വികസനം ശരിയായ പാതയിലാണെന്ന് വിശ്വസിക്കാൻ പറ്റൂ. അതോടൊപ്പം തന്നെ തനിയ്ക്കായ് ആരോഗ്യകരമായൊരു സാമൂഹിക ജീവിതത്തിന്റെ ആവശ്യകതയെ നന്നായി ഉൾക്കൊണ്ടുകൊണ്ട് ഓരോ വ്യക്തികളും സമൂഹത്തിനും രാജ്യത്തിനും ചെറിയ തോതിലെങ്കിലും മുതൽക്കൂട്ടായി തീരും വണ്ണം മറ്റുള്ളവരുടെ നന്മയും ക്ഷേമവും ആഗ്രഹിക്കുന്ന വ്യക്തികളായി മാറാൻ മനസ്സ് വെയ്ക്കുകയും പ്രയത്നിക്കുകയും ചെയ്യേണ്ടതുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ ഓരോ വ്യക്തിയ്ക്കും പൗരബോധം അത്രയേറെ അനിവാര്യമാണെന്ന് സാരം. കോടാനുകോടി ജനങ്ങൾ നിറഞ്ഞ ഒരു സമൂഹത്തെ നയിക്കാൻ ബൗദ്ധിക വിദ്യാഭ്യാസം മാത്രം ഉണ്ടായിട്ട് കാര്യമില്ല അതിനൊത്ത അറിവും യുകതിയും ബുദ്ധിയും ബോധവും യോഗ്യതയും മാനവികതയും മനുഷ്യത്വബോധവുമുള്ള കരുത്തുറ്റ മനസ്സിന് ഉടമകളാണ് ആവശ്യം. അനുഭവങ്ങൾകൊണ്ട് കടഞ്ഞെടുത്ത, മനുഷ്യന്റെ പ്രശ്നങ്ങളെ മനസ്സിലാക്കാൻ ശേഷിയും കഴമ്പും കാതലുമുള്ളൊരു വ്യക്തിത്വമെങ്കിൽ അത്യുത്തമം. പ്രസ്തുത വ്യക്തികളാണ് തലവന്മാരോ നേതാക്കന്മാരോ ആയിട്ട് അതിബൃഹത്തായ ഒരു ജനസഞ്ചയത്തെ തലപ്പത്തിരുന്ന് നയിക്കാൻ എന്തുകൊണ്ടും യോഗ്യർ. രാജ്യത്തെ ജനങ്ങൾക്ക് സാമൂഹിക ഭദ്രതയും സുരക്ഷയും ഉറപ്പ് വരുത്താൻ ആ രാജ്യത്തെ ഭരണാധികാരികൾ ബാദ്ധ്യസ്ഥരാണ്. ബൗദ്ധികപരമായ മുന്നേറ്റംകൊണ്ടും ആന്തരീകപരിജ്ഞാനംകൊണ്ടും സമൂഹത്തിന്റെ എല്ലാ മേഖലകളിലും വ്യക്തികളുടെ ഉയർച്ചയും ഉന്നമനവും ലക്ഷ്യമിടുകയാണെങ്കിൽ നല്ലൊരു സമൂഹത്തെ വാർത്തെടുക്കാനുള്ള മേൽപ്പറഞ്ഞരുടെ പങ്ക് ആത്യന്തികമായി ജനങ്ങളുടെ നിത്യജീവിതത്തെയും വ്യക്തിത്വവളർച്ചയെയും നിരന്തരമെന്നോണം സ്വാധീനിക്കുകയും സമൂഹം സ്വമേധയാ ഉയർന്ന നിലവാരത്തിലേക്ക് എത്തിപ്പെടുകയും ചെയ്യും.

വ്യക്തിയ്ക്കും വ്യക്തിത്വ വികാസത്തിനും കൂടെ പ്രാമുഖ്യം നൽകുന്ന സമൂഹം എപ്പോഴും മറ്റേതൊരു സൊസൈറ്റിയെക്കാളും മികവുറ്റതാവാനേ സാധ്യതയുള്ളൂ. അതേസമയം ഒരു നിശ്ചിത സമൂഹത്തെയോ സമുദായത്തെയോ പ്രതിനിധീകരിക്കുന്ന, എല്ലാംകൊണ്ടും അതിന്റെ ഭാഗവാക്കായി മാറിയ ഒരൊറ്റ മനുഷ്യനും തനിയ്ക്ക് ആ സമൂഹത്തോടുള്ള കടപ്പാടും പ്രതിബദ്ധതയും മറക്കാനും പാടില്ല. രക്ഷിതാക്കൾ കുട്ടികളെ വളർത്തുമ്പോൾ ചിന്താശേഷിയുള്ളവരായി വളർത്തുകയും പ്രായപൂർത്തിയെത്തുന്നതോടെ സ്വന്തം ജീവിതത്തിലെ തീരുമാനങ്ങൾ സ്വയം എടുക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്നത് അവരെ എളുപ്പം പക്വതയാർജ്ജിക്കാനും ഉത്തരവാദിത്വബോധമുള്ളവരാക്കാനും സഹായിക്കും. സമൂഹത്തിന് ധാർമ്മികബോധവും മൂല്യബോധവുമുള്ള, സച്ചരിതരായ വ്യക്തികളെ സംഭാവന ചെയ്യാൻ രക്ഷിതാക്കളിൽ പലരും വിചാരിച്ചാൽ സാധിക്കും. ആയതിനാൽ ഒരു സത്യം ഉൾക്കൊള്ളുകയും ചെയ്യാം സ്വന്തം ജീവിതം സുരക്ഷിതമാക്കുന്നതിൽ അലംഭാവമോ നിസ്സംഗതയോ കാണിയ്ക്കാത്ത, സ്വന്തം നിലനിൽപ്പിൽ വലിയ ശങ്കയോ ഭീതിയോ ഇല്ലാത്ത ഒരാൾക്കെ സമൂഹത്തിന് വേണ്ടി വല്ലതും ചെയ്യാൻ സാധിക്കുള്ളൂ. അല്ലാതെ സ്വന്തം കാര്യലാഭവും നേട്ടവും ആഗ്രഹിക്കുന്ന പലരുടെയും കർമ്മങ്ങളിൽ സ്വാർത്ഥതയും ഗൂഢലക്ഷ്യങ്ങളും ഒളിഞ്ഞിരിക്കും. തല്പരകക്ഷികളായ അവർക്ക് സ്വന്തം താൽപര്യങ്ങൾ മാത്രമായിരിക്കും വലുത്. അഭ്യുദയകാംക്ഷി ചമഞ്ഞ് നാടിനെ കട്ട്മുടിച്ച് അഴിമതി നടത്തി തട്ടിപ്പുവീരന്മാരായ ചിലർ നാടിനെ നശിപ്പിക്കും. അഭിനവ സാത്വികരുടെയും സാമൂഹിക സേവകന്മാരുടെയുടെയും കപടന്മാരുടെയും ക്ഷാമമൊന്നും നമ്മുടെ നാട്ടിൽ ഇന്നില്ല. ഉത്തമമായ ഒരു രക്ഷാകർതൃത്വം എത്രയേറെ മഹത്വരമാണെന്ന് നാം അറിയണം. അതിൽ ഏതൊരു രക്ഷിതാവും ഇന്ന് കാണിക്കുന്ന അനാസ്ഥ ചിലപ്പോൾ ഒരു സമൂഹത്തിന്റെ അല്ലെങ്കിൽ ഒരു രാജ്യത്തിന്റെ ഭാവിയെ തന്നെ ചെറിയ തോതിലെങ്കിലും ബാധിച്ചേക്കും.

എല്ലാ വ്യക്തികളെയും ഒരേ ചട്ടക്കൂടിലേയ്‌ക്ക് ഒതുക്കി നിർത്തുന്ന രീതി സൈക്കോളജിക്കലി നോക്കുമ്പോൾ അതീവം യുക്തിഹീനവും ബുദ്ധിശൂന്യവുമായ ഏർപ്പാടാണ്. അനുയോജ്യമായ അല്ലെങ്കിൽ അനിവാര്യമായ രീതിയിൽ നൈസ്സർഗ്ഗീകപരവും മനുഷ്യത്വപരവുമായ ഇടപെടലുകൾ വേണ്ടിടത്ത് വ്യക്തിഗതമായ പുരോഗതിയ്ക്കും മാനസിക വികാസത്തിനും വിഘാതം സൃഷ്ടിയ്ക്കുന്ന നയങ്ങളും വ്യവസ്ഥകളുമാണ് വിനിയോഗിക്കപ്പെടുന്നത്. മനുഷ്യശരീരത്തിന് നിശ്ചിതമായ ഒരു രൂപവും ഘടനയും ഉണ്ടെങ്കിലും ആകൃതിയിലും വലിപ്പത്തിലും കാഴ്ചയിലും ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തമാണ്. അതായത് ഒരു കുഞ്ഞ് പിറവികൊള്ളുന്നത് തന്നെ വ്യത്യസ്തവും അനന്യവുമായ രൂപ, ഭാവഘടനകളോടെ നിർമ്മിതമായ ശരീരവും മനസ്സുമായിട്ടാണ്. അടിസ്ഥാനപരമായി ഓരോ കുഞ്ഞിലും സഹജമായ പ്രത്യേകതകളും വൈജാത്യങ്ങളും സവിശേഷതകളും ഭംഗിയും വൈരൂപ്യങ്ങളും കാണപ്പെടുന്നുണ്ട്. വീട്ടിൽ അഞ്ച് മക്കളുണ്ടെങ്കിൽ അഞ്ചും അഞ്ചുപോലെ വ്യത്യസ്തമായിരിക്കും. ശൈശവത്തിൽ നിൽക്കുമ്പോൾ അവരിൽ സദൃശമായ പലതും കണ്ടെത്താൻ സാധിച്ചാലും കാഴ്ചയിലോ, പെരുമാറ്റത്തിലോ പ്രകൃതത്തിലോ ഒട്ടേറെ വൈവിധ്യങ്ങൾ പിന്നീട് തോന്നുന്നത് സ്വാഭാവികം അത് തന്നെയാണ് അവരെ വ്യത്യസ്തരാക്കുന്നത്. ഇവരെയൊക്കെ ഒരേപോലെയാക്കാൻ കിണയുന്നതും അവരിൽ സമ്മർദ്ദം ചെലുത്തുന്നതും അതിപ്പോൾ രക്ഷിതാക്കളായാലും സമൂഹമായാലും ചെയ്യുന്നത് അപരാധമാണ്. അത് സത്യത്തിൽ അസ്തിത്വമില്ലായ്മ എന്ന അവസ്ഥാന്തരതത്തിലേക്ക് അവരെ എത്തിക്കുകയാണ് ചെയ്യുന്നത്.

ഇന്നും ഈ സമൂഹത്തിൽ വ്യക്തിജീവിതത്തിലേയ്ക്ക് അനധികൃതമായി അതിക്രമിച്ചു കടന്ന് പ്രായോഗിക വൽക്കരിക്കുന്ന ഓരോ അലിഖിത നിയമങ്ങൾ നിലനിൽക്കുന്നുണ്ട്. അതിന്റെയെല്ലാം കുരുക്കിലകപ്പെടുത്തി മനുഷ്യരെ ഉപദ്രവിക്കുന്നതും മാനവിക വിരുദ്ധമായ സാമൂഹിക ചട്ടങ്ങൾക്ക് വിധേയരാക്കുന്നതും ക്രൂരതയാണ്. അടിമത്വമാണ് അത് വിധേയത്വമാണ് അവിടെ നടക്കുന്നത്. പണ്ട് കാലത്തെ പോലെ ആൾക്കൂട്ട വിചാരണയിലേയ്ക്കും അക്രമങ്ങളിലേക്കും കയ്യാങ്കളിയിലേയ്ക്കും എത്തുന്ന സംഭവങ്ങൾ പലയിടങ്ങളിലും കാണാൻ സാധിക്കുന്നത് ഇപ്പറഞ്ഞതിന്റെ അപകടം പിടിച്ച ഒരു വേർഷൻ ആണത്. ഇവിടെ വ്യക്തി ഒന്നുമല്ലാതെ ആവുന്നതാണ് പ്രശ്നം. അവന്റെ ചിന്തകൾക്കോ, വികാരങ്ങൾക്കോ, തീരുമാനങ്ങൾക്കോ, അഭിപ്രായങ്ങൾക്കോ വിലയില്ലാതാവുക അല്ലെങ്കിൽ ചിലർക്ക് മാത്രം പ്രിവിലേജും എന്തിനുമുള്ള സ്വാതന്ത്ര്യവും മറ്റും നൽകിപ്പോരുക, ഇവയെല്ലാം മാനവികതയിലൂന്നിയ ചിന്തകൾക്ക് ആപത്ക്കരമായ രീതിയിൽ വിഘ്നം വരുത്തുന്ന വിലകെട്ട ഏർപ്പാടാണ്. ഇത്തരമൊരു സമൂഹത്തിൽ ബോധത്തിനോ, യുക്തിയ്ക്കോ ഒട്ടും ഉപയോഗമോ പ്രസക്തിയോ ഇല്ല. കാലാന്തരത്തിൽ വിധേയത്വത്തിന് മനുഷ്യമനസ്സ് അതുപോലെ പരുവപ്പെട്ടേക്കാം. പക്ഷെ ഒരു കാര്യം, തന്റേതൊരു പരിഷ്‌കൃത്യ സമൂഹമെന്ന് ഊറ്റം കൊള്ളുന്നവർക്ക് ഒരു വീണ്ടുവിചാരത്തിന് അവസരമുണ്ട്.

അതുകൊണ്ട് നാം മനസ്സിലാക്കണം ഇപ്പറയുന്നതൊന്നും ഒരു കാരണവശാലും അനുവദിച്ചുകൊടുക്കാൻ പാടില്ലാത്തതാണ്. ശരിയായ സിസ്റ്റം നടപ്പിലാക്കാൻ കഴിയാത്ത സാമൂഹ്യവ്യവസ്ഥിതിയിൽ മനുഷ്യത്വരഹിതമായ പ്രവൃത്തികൾ വർദ്ധിച്ചുകൊണ്ടേ ഇരിക്കും. മനുഷ്യർ സ്വയം സംസ്ക്കരിക്കപ്പെടലാണ് ഏറ്റവും നല്ല പോംവഴി. ആത്മബോധം അതിലേയ്ക്കുള്ള പാലമാണ്. ആളുകൾക്ക് ബോധവൽക്കരണം ആവശ്യമാണ്. ഇനിയെങ്കിലും ഒരേ അച്ചിൽ വാർത്തെടുക്കുന്ന സമ്പ്രദായവും നിർത്താനുള്ള സമയമെല്ലാം അതിക്രമിച്ചു കഴിഞ്ഞു. ജനിക്കുമ്പോഴേ വ്യക്തികളുടെ അടിസ്ഥാന സ്വഭാവത്തിലും സൈക്കോളജിയിലും തന്നെ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടെന്ന് പറഞ്ഞല്ലോ. അതിനർത്ഥം ആരും ആരെപ്പോലെയുമല്ല, ഓരോ വ്യക്തിയും അതുല്യനാണ്. അവനെപ്പോലെ ഇവനും ഇവളെപ്പോലെ അവളും ആവണം എന്നൊക്കെ ചിന്തിക്കുന്നത് ശുദ്ധഅസംബന്ധമാണ്. സ്വന്തം കൂടിപ്പിറപ്പുകൾക്കിടയിൽ തന്നെ അതിനുള്ള സാദ്ധ്യതയില്ല.

സമൂഹം ഒരാളുടെ മേൽ ഒരുപക്ഷേ ദയയും കനിവും പ്രകടിപ്പിയ്ക്കാൻ വിമുഖത കാണിച്ചേയ്ക്കാം പക്ഷെ സ്വന്തം സന്താനങ്ങളോട് മാതാപിതാക്കൾ അത് ചെയ്യാൻ പാടില്ല. മാനസിക സംഘർഷങ്ങളിലൂടെ കടന്ന് പോകുമ്പോൾ പ്രത്യേകിച്ചും അവരെ ഒറ്റപ്പെടുത്താൻ പാടില്ല. തെറ്റ് അവരുടെ ഭാഗത്ത് തന്നെ ആണെങ്കിൽ കൂടി കുറ്റബോധം തോന്നാനും തിരിച്ചറിവ് തേടാനും പിഴവുകൾ തിരുത്താനും അവസരമൊരുക്കണം. മക്കൾക്ക് ശാരീരിക വളർച്ചയോടൊപ്പം മാനസിക വളർച്ചയും ഉയർച്ചയും വികാസവും തീർച്ചപ്പെടുത്താൻ രക്ഷിതാക്കൾ ബാദ്ധ്യസ്ഥരാണ്. സത്യത്തോടൊപ്പവും നിലപാടിനോടൊപ്പവും അഭിമാനിയായി ജീവിക്കാൻ മക്കളെ പ്രോത്സാഹിപ്പിക്കണം. അല്ലെങ്കിലും ധർമ്മമറിഞ്ഞു കർമ്മം ചെയ്യുന്ന അച്ഛനമ്മമാരാണെങ്കിൽ സഗൗരവം ആ ദൗത്യം നിറവേറ്റുമല്ലോ. മനുഷ്യർ പല കാരണങ്ങളാൽ മറ്റുള്ളവരിൽ നിന്ന് വ്യക്തി ആക്ഷേപവും പരിഹാസവും പുച്ഛവും നേരിടേണ്ടി വരുന്നത് വളരെ ദയനീയമാണ്. കൃത്യമായ കാഴ്ചപ്പാടിലും നിലപാടിലും ഉറച്ച് നിൽക്കുന്ന ഒരു വ്യക്തിത്വത്തെ ആർക്കും ആക്രമിക്കാൻ പെട്ടെന്നൊന്നും സാധ്യമല്ല. താൻ ചെയ്യാത്ത അപരാധത്തിന്റെ പേരിൽ സമൂഹത്തിന് മുന്നിൽ വിചാരണ നേരിടുന്നതിനെ അയാൾ ഭയക്കുകയുമില്ല.

പൊതുവെ നമ്മുടെ സമൂഹം സാക്ഷ്യം വഹിക്കുന്ന മറ്റൊരു സംഗതി കൂടെയുണ്ട്. നമ്മിൽ ആരെങ്കിലുമൊരാൾ പലപ്പോഴും ശിക്ഷയെ ഭയന്നിട്ടോ, ജനങ്ങൾ കണ്ടുപിടിച്ചാലുള്ള അതിന്റെ അന്തരഫലം ഓർത്തിട്ടോ, ഒറ്റപ്പെടുത്തും എന്ന ഭീതിയിലോ അല്ലാതെ വല്ല നിയമങ്ങളും പാലിക്കുന്നുണ്ടെങ്കിൽ അത് അത്യപൂർവ്വമായിട്ട് സംഭവിക്കുന്ന ഒന്നാവാനെ സാധ്യതയുള്ളൂ. എന്നാൽ ഓർത്ത് നോക്കൂ… സാമൂഹികാവബോധത്തിലോ, പൗരബോധത്തിലോ വിശ്വസിക്കുന്ന ഒരാൽ തന്റെ സ്വന്തം ദൗത്യമോ, കടമയോ ആയിട്ടല്ലേ അത് നിറവേറ്റെണ്ടത്? അയാൾക്ക് ഉണ്ടാവേണ്ട സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമല്ലേ അതും ഒരു പൗരനെന്ന നിലയ്ക്ക് ഉയർന്ന് ചിന്തിക്കാൻ വേണ്ടത് ഇപ്പറയുന്ന ആത്മബോധവും വ്യക്തിത്വബോധവും തന്നെയാണ്. ചിട്ടകളില്ലാത്ത ക്രമവിരുദ്ധമായ ജീവിതം ജീവിക്കുന്നതിന് ഏറ്റവും വലിയ ഹേതുവും ഈ തിരിച്ചറിവ് ഇല്ലായ്‌മ തന്നെയാണ്. നിലകൊള്ളുന്ന വ്യവസ്ഥിതിയെ മനസ്സിലാക്കി പരിമിതികളെ ഉൾക്കൊണ്ട് അവയെ മറികടക്കാൻ ഇച്ഛാശക്തി കൂടെ അനിവാര്യമാണ്. സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും വിധം ശേഷിയും ആർജ്ജവവുമുള്ള വ്യക്തികൾ ആണ് എന്നും എപ്പോഴും ആവശ്യം. ആത്മവിശ്വാസമില്ലാത്ത മനുഷ്യർ സ്വന്തം ജീവിതത്തിലോ അപരന്റെ ജീവിതത്തിലോ ഒരു മാറ്റവും കൊണ്ടുവരാൻ കെല്പില്ലാത്തവരായിരിക്കും. എന്നുവെച്ച് തഴയാനോ അവഗണിക്കാനോ കൈയ്യൊഴിയാനോ നിൽക്കരുത്. അവർക്ക് ആവേശവും ഊർജ്ജവും പ്രചോദനവുമാവേണ്ടത് മേൽപ്പറഞ്ഞവരാണ്.

പുരോഗമനം എന്നാൽ എന്താണ്?
ട്രെന്റിന്റെയും ഫാഷന്റെയും പിന്നാലെ പോവാലാണോ അതോ ഒരു രാജ്യത്തിന്റെ ശാസ്ത്രീയമോ സാങ്കേതികപരമോ ആയ മുന്നേറ്റം മാത്രമാണോ? അതുകൊണ്ട് മാത്രം എന്ത് പുരോഗമനമാണ് ഉണ്ടാവുന്നത്? മനുഷ്യരും കാലത്തിനൊപ്പം പുരോഗതി പ്രാപിക്കണ്ടെ എങ്കിലല്ലേ പുരോഗമിച്ച അല്ലെങ്കിൽ പരിഷ്ക്കരിക്കപ്പെട്ട മനുഷ്യർ എന്ന് വിളിക്കാൻ പറ്റൂ. തീർച്ചയായും മനുഷ്യർ ബൗദ്ധികമായ പുരോഗതി പ്രാപിക്കുന്നതും ആരോഗ്യരംഗത്ത് അല്ലെങ്കിൽ മനശാസ്ത്ര രംഗത്ത് ഉണ്ടാവുന്നതെല്ലാം തന്നെ പുരോഗമനമാണ്. കാലത്തിനൊത്ത് അവനവനിൽ ബുദ്ധിവികാസം നടന്നില്ലെങ്കിൽ, നിലനിൽപ്പ് ഭദ്രമാക്കാൻ സ്വയം പഠിച്ചില്ലെങ്കിൽ രാജ്യത്തിന്റെ പുരോഗമനംകൊണ്ട് ആർക്കും പ്രയോജനം വരില്ല. പുരോഗമന ചിന്താഗതിയെ തടയുന്ന പിന്തിരിപ്പൻ ന്യായങ്ങൾ മനുഷ്യന്റെ ചുവടുവെപ്പുകളുടെ ആക്കം കുറയ്ക്കാനാണ് ഇടവരുത്തുന്നത്. ഒരു രാഷ്ട്രം സ്വയം പര്യാപ്തി നേടുന്നത് അവിടെ സഹവസിക്കുന്ന മാനവകുലം എല്ലാ അർത്ഥത്തിലും ഉന്നതി പ്രാപിക്കുമ്പോൾ തന്നെയാണ്.

പഴയപോലെ അച്ഛനമ്മമാർ മക്കളുടെ മേൽ ആധിപത്യം കാണിക്കുന്നില്ല. കുട്ടികൾക്ക് പഴയകാലത്തെ അപേക്ഷിച്ച് ഒരുപാട് സ്വാതന്ത്ര്യമുണ്ട് ശരിയാണ്. അതിനാൽ മാതാപിതാക്കൾ ഒരുപക്ഷേ ചോദിച്ചേക്കാം അവർ പറയുന്നതെല്ലാം ഞങ്ങൾ അനുവദിച്ചു കൊടുക്കുന്നില്ലേ? അവരുടെ ഇഷ്ടവും നോക്കുന്നുണ്ടല്ലോ ഇനി അവർക്ക് എന്താണ് വേണ്ടതെന്ന്. കുട്ടികൾ കൂടുതൽ വഷളാവാതെ ജീവിതവും കഷ്ടപ്പാടും അറിഞ്ഞു ജീവിക്കണമെങ്കിൽ ചേർത്ത് പിടിച്ച് വളർത്തണം. സ്വാതന്ത്ര്യം വിനിയോഗിക്കേണ്ടത് എങ്ങനെയെന്ന് കൂടെ നിന്ന് ഗൈഡൻസ് കൊടുക്കണം. പണത്തിന്റെയും ജീവിതത്തിന്റെയും മൂല്യം അറിയാൻ സഹായിക്കണം. മാനവിക വിരുദ്ധമായ ചിന്തകൾക്ക് തിരുത്തൽ വേണ്ട സമയത്ത് ചെയ്തുകൊടുക്കണം. ഉത്തരവാദിത്വബോധം നൽകാൻ കഴിയണം കൂട്ടത്തിൽ തന്റെ കടമകളെക്കുറിച്ച് ബോധ്യവും വ്യക്തിത്വബോധവും യാഥാർത്ഥ്യബോധവും ഇതൊക്കെ നൽകേണ്ട കടമ അച്ഛനമ്മമാർക്കാണ്. അല്ലെങ്കിൽ കുട്ടികൾ അലക്ഷ്യമായ ജീവിതം നയിക്കുന്നവരായി മാറും. കുട്ടികൾ നല്ല വ്യക്തിത്വമാവണമെങ്കിൽ മാതൃകാപരമായ രക്ഷാകർതൃത്വം അവർക്ക് ആവശ്യമാണ്.

മതരാഷ്ട്രീയ പ്രസ്ഥാനങ്ങളും മറ്റും ചേർന്ന് ഒരു ജനതയെ ഒരു പ്രത്യേക ഫ്രെയമിനകത്തേയ്ക്ക് മനുഷ്യമനസ്സിനെ തളച്ചിടുമ്പോൾ അവിടെ വ്യക്തിത്വത്തിന് പിന്നെ കാര്യമായ പ്രസക്തിയൊന്നുമില്ല. അവരുടെ ആജ്ഞാപ്രകാരവും അവർ നിഷ്കർഷിക്കുന്ന വിധവും ഏതൊരു നടപടികളുമായും മുന്നോട്ട് പോയാൽ മതി എന്ന തിട്ടൂരം ഏർപ്പെടുത്തുമ്പോൾ ഒരാളുടെ സ്വന്തമായ ചിന്തകൾക്കോ തീരുമാനങ്ങൾക്കോ എന്ത് സ്ഥാനം. എന്നാൽ ഓരോ വ്യക്തിയും സമൂഹത്തിന്റെ ഭാഗമാണ്, തന്റേതായ പ്രാതിനിധ്യം ഉറപ്പിക്കുമ്പോൾ സ്വന്തമായ ഒരു പങ്ക്, അല്ലെങ്കിൽ ഉത്തരവാദിത്വവും കടമയും താൻ നിർവ്വഹിക്കേണ്ടതുണ്ട് എന്ന ബോധം അവരിൽ ഉണർത്തുന്നതിലൂടെ അത് അവരെ സമൂഹത്തോട് പ്രതിബദ്ധതയും ഉത്തരവാദിത്വവുമുള്ള മനുഷ്യരാക്കി മാറ്റും. കുറ്റവാളിയായ ഒരു മനുഷ്യനെ ആ തെറ്റ് ചെയ്യുന്നതിലേയ്ക്ക് എത്തിച്ച ഘടകമെന്താണ്, അയാളുടെ ഉദ്ദേശമെന്തായിരുന്നു, അതിന് പിന്നിലെ ചേതോവികാരം എന്താണ്, ആ മനുഷ്യന്റെ സൈക്കോളജി ഇവയെല്ലാം പഠന വിധേയമാക്കേണ്ടതുണ്ട്. ക്രിമിനൽ വാസന ഒരു മനുഷ്യനിൽ ഉണ്ടാവുന്നതിൽ രക്ഷാകർതൃത്വത്തിന് പങ്കുണ്ടോ എന്നതും ചിന്താവിഷയമാണ്..

ഒരു വ്യക്തി ആന്തരീകമായി എന്താണോ, അവൻ മനുഷ്യൻ എന്ന നിലയിൽ എത്രത്തോളം ഉയർന്നു എന്നതൊന്നും വേണ്ടത്ര ഗൗരവമായി എടുക്കാറില്ല ആരും. അച്ഛനമ്മമാർക്കും തങ്ങളുടെ ആജ്ഞകൾ പറഞ്ഞപടി അനുസരിക്കുന്ന മക്കളായാൽ അത്രയും സന്തോഷം. പക്ഷെ അത് വ്യക്തിത്വമല്ല, ലോകത്തിന് ഗുണം ചെയ്യുന്ന ക്വാളിറ്റി നിറഞ്ഞ ഒരു മനുഷ്യനെയാണ് സന്താനങ്ങളിൽ രൂപപ്പെടുത്തിയെടുക്കേണ്ടത്. ആരോഗ്യകരമായ ബന്ധങ്ങളാലാണ് അറുത്തുമാറ്റാൻ പറ്റാത്ത ബലവത്തായ കണ്ണികളാലാണ് കുടുംബവും അതേപോലെ സമൂഹവും ഉരുക്കൂട്ടി ചേർക്കേണ്ടതും കെട്ടുറപ്പോടെ നിലകൊള്ളേണ്ടതും. ഓരോ സമൂഹത്തിലും ജീവിക്കുന്ന മനുഷ്യരിലെ സൈക്കോളജി, അതിന്റെ ഗുണനിലവാരം, വ്യക്തിത്വം, നിലപാട്, മനോഭാവം ഇത്യാദി കാര്യങ്ങളാൽ ആ സമൂഹം വേറിട്ടതാവുന്നു എന്നതിനാൽ ഇപ്പറയുന്ന ഘടകങ്ങളെല്ലാം സമൂഹത്തെ സംബന്ധിച്ചിടത്തോളം അത്യധികം നിർണ്ണായകവും ഗൗരവം നിറഞ്ഞതുമാണ്. ഒരു തുള്ളി ജലത്തിൽ നിന്നും മൊത്തം സമുദ്രജലത്തെ രുചിച്ചറിയാമെന്ന പോലെ ഓരോ വ്യക്തിയും അതേപോലെ അയാളിലെ വ്യക്തിത്വവും നിർദ്ദിഷ്ട സമൂഹത്തിന്റെ മേന്മയും ന്യൂനതയും തന്നെയാണ് എല്ലാ അർത്ഥത്തിലും വിളിച്ചോതുന്നത്.

Related Articles