Current Date

Search
Close this search box.
Search
Close this search box.

ചിരിയും കളിയും ഇഷ്ടപ്പെട്ട നബി

മുഹമ്മദ് നബി ചിരിച്ചിരുന്നു; ലോകത്ത് വന്ന യുഗപുരുഷന്മാര്‍ മുഴുവന്‍ ചിരിച്ചിട്ടുണ്ട്. ചിരിയിലൂടെയും കണ്ണീരിലൂടെയും അവര്‍ ജനതയുടെ ഹൃദയങ്ങളിലേക്കുള്ള കിളിവാതിലുകള്‍ തുറന്നു. മുഹമ്മദ് നബിയുടെ ജീവിതത്തിലും നര്‍മത്തിന്റെ തെളിനിലാവ് തൂകുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ നമുക്ക് കാണാനാവും. നബി സദാസമയവും പ്രസന്ന വദനനായിരുന്നു. അടുക്കുന്ന ആരിലേക്കും അദ്ദേഹം തന്റെ പ്രസാദാത്മകത പ്രസരിപ്പിക്കുകയും ചെയ്തു. നബിയുടെ സന്നിധിയില്‍ അനുയായികളത്രയും അവരുടെ വ്യഥകള്‍ മറന്ന് ഉല്ലാസഭരിതരായി നേരം പങ്കിടുകയായിരുന്നുവല്ലോ.

നബി തമാശ പറയുന്നത് കേട്ട് ഒരിക്കല്‍  അബൂഹുറയ്‌റ അത്ഭുതത്തോട് കൂടി ഇങ്ങനെ ചോദിച്ചുവത്രെ: ‘നബിയേ, താങ്കള്‍ ഞങ്ങളോട് തമാശ പറയുന്നുവോ?’ ഗൗരവപ്പെട്ട കാര്യങ്ങള്‍ മാത്രം പറയേണ്ട ദൈവത്തിന്റെ തിരുദൂതര്‍ തമാശ പറയുന്നത് അബൂഹുറയ്‌റക്ക് എന്തോ ദഹിക്കാത്തപോലെ; പക്ഷേ, നബിക്ക് അതില്‍ അസ്വാഭാവികമായി ഒന്നും കാണാനുണ്ടായില്ല. നബി മറുപടി പറഞ്ഞു: ‘അതിലെന്തത്ഭുതം, ഞാന്‍ തമാശ പറയും, സത്യമല്ലാത്ത ഒന്നും പറയുകയില്ല.’

അതുകൊണ്ടായിരിക്കണം നബിയുടെ ഇമ്മാതിരി വര്‍ത്തമാനം കേട്ട് ഒരിക്കല്‍ ഒരാള്‍ അമ്പരന്നത്. അയാള്‍ നബിയോട് തനിക്ക് യാത്രചെയ്യാന്‍ എന്തെങ്കിലും സൗകര്യം-വാഹനമോ സവാരി ചെയ്യാന്‍ മൃഗമോ മറ്റോ- ഏര്‍പ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ചപ്പോഴാണ് സംഭവം. ചോദിച്ച ഉടന്‍ വന്നു നബിയുടെ മറുപടി: ‘ഞാന്‍ താങ്കള്‍ക്ക് ഒരു ഒട്ടകക്കിടാവിനെ നല്‍കാം.’ അയാള്‍ക്കാകെ പരിഭ്രമമായി. യാത്ര പോവുന്ന തനിക്കെന്തിനാണ് ഒട്ടകക്കിടാവ്? ഒട്ടകക്കിടാവിനെ കിട്ടിയിട്ട് താനെന്ത് ചെയ്യാനാണ്? അയാള്‍ അക്കാര്യം തുറന്നു ചോദിച്ചു. അപ്പോഴതാ നബിയുടെ മറുപടി-‘ഒട്ടകങ്ങളെല്ലാം പിറന്നുവീഴുമ്പോള്‍ കിടാവുകളാണല്ലോ.’ സത്യവും തമാശയും തമ്മിലുള്ള അന്തരം അലിഞ്ഞില്ലാതാവുകയായിരുന്നു അപ്പോള്‍.

തന്റെ നര്‍മബോധംകൊണ്ട് ഒരു കിഴവിയെ പരിഭ്രമിപ്പിച്ചുകളഞ്ഞിട്ടുണ്ട് നബി. നബിയോട്, തന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കണമെന്ന് പറഞ്ഞ പാവം കിഴവി, പുഞ്ചിരി തൂകിക്കൊണ്ട് അന്നേരം നബി പറഞ്ഞു: ‘വയസ്സായസ്ത്രീകള്‍ സ്വര്‍ഗത്തില്‍ കടക്കുകയില്ല.’ വൃദ്ധക്ക് ബേജാറായി. കരച്ചിലോളമെത്തിയ അവരെ പിന്നീട് നബിതന്നെയാണ് സമാധാനിപ്പിച്ചത്: ‘വാര്‍ധക്യത്തിന്റെ അവശതകളോടുകൂടി ദൈവം ആരെയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയില്ല എന്നാണ് പറഞ്ഞത്.’ നിത്യയൗവ്വനത്തിന്റെ പൂങ്കാവനമാണ് സ്വര്‍ഗമെന്ന് ഒരല്‍പം കുസൃതിയോടെ സൂചിപ്പിക്കുകയായിരുന്നു തിരുദൂതര്‍.

തമാശകളിക്കുന്നില്‍ നബിക്ക് ആള്‍ഭേദമുണ്ടായിരുന്നില്ല. നബിക്ക് ഒരു ബദവി സുഹൃത്തുണ്ടായിരുന്നു. നബി എന്നും അയാളെ ചന്തയിലേക്കയക്കും. ഒരിക്കല്‍ അയാള്‍ ചന്തയില്‍ ഏതോ സാധനം വിറ്റുകൊണ്ടിരിക്കെ നബി പമ്മിപ്പമ്മി അയാളുടെ പിറകിലെത്തി കണ്ണുപൊത്തി. ബദവി ഞെട്ടിപ്പോയെന്ന് പറയേണ്ടതില്ലല്ലോ. പക്ഷേ, നബിയാണ് വേലയൊപ്പിച്ചതെന്ന് കണ്ടപ്പോള്‍ അയാള്‍ തന്റെ തോള്‍ നബിയുടെ മാറിലുരുമ്മാന്‍ തുടങ്ങി. അപ്പോള്‍ നബി വിളിച്ചു ചോദിച്ചു: ‘ഈ അടിമയെ വാങ്ങാനാരുണ്ട്?’
ബദവി പറഞ്ഞു: ‘വിലകെട്ട ഈ അടിമയെ വാങ്ങിയാല്‍ വാങ്ങുന്നവന് നഷ്ടമായിരിക്കും.’
അപ്പോള്‍ നബി പറഞ്ഞതെന്താണെന്നോ, ‘ദൈവത്തിന്റെ കണ്ണില്‍ താങ്കള്‍  വിലകുറഞ്ഞവനല്ല.’
മറ്റൊരിക്കല്‍ നബി തന്റെ അനുചരന്മാരോടൊപ്പം ഈത്തപ്പഴം തിന്നുകയായിരുന്നു. തിന്നുകൊണ്ടിരിക്കെ അദ്ദേഹമൊരു കുസൃതിയൊപ്പിച്ചു. കുരു മുഴുവന്‍ അലിയുടെ മുമ്പിലേക്ക് നീക്കിവെച്ചു. എന്നിട്ട് അത്ഭുതം പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു: ‘ആഹാ, നിങ്ങള്‍ ഒരുപാട് ഈത്തപ്പഴം തിന്നുവല്ലോ? എത്രമാത്രം കുരുവാണിത്?’

അലിയല്ലേ ആള്‍. വാളുകൊണ്ടല്ല വാക്കുകൊണ്ടും പൊരുതാനറിയാവുന്ന പടയാളി. അലി പറഞ്ഞു: ‘ഞാന്‍ ഈത്തപ്പഴം മാത്രമേ തിന്നുള്ളൂ. നബിയെപ്പോലെ കുരുവും തിന്നില്ല.’ അങ്ങനെ അലി ശരിക്കും നബിയെ തോല്‍പിച്ചു. നബിയാകട്ടെ അതാസ്വദിക്കുകയും ചെയ്തു.
യുദ്ധരംഗത്തുപോലും നബി ചിരിച്ചു രസിച്ചിരുന്നു. ഖന്‍ദക്ക് യുദ്ധത്തിലുണ്ടായ ഒരു സംഭവമോര്‍ക്കുക. ആമിറിന്റെ പിതാവായ സഅ്ദ് ശത്രുവിന്നെതിരായി അമ്പെയ്യുകയായിരുന്നു. അമ്പുകള്‍ മുഴുവന്‍ ശത്രു തന്റെ പരിചകൊണ്ട് തടുക്കുന്നു. അപ്പോള്‍ സഅ്ദ് തന്റെ അമ്പും വില്ലും താഴെവെച്ചു. പക്ഷേ, ശത്രു നൊടിയിടയില്‍ തന്റെ പരിചയൊന്നു മാറ്റിയപ്പോഴേക്കുമതാ, സഅദ് തിടുക്കപ്പെട്ട് ആ നെറ്റിത്തടത്തിലേക്കുതന്നെ അമ്പയച്ചു. ശത്രു നിലത്തുവീണു. സഅ്ദിന്റെ വെപ്രാളവും ശത്രുവിന്റെ വീഴ്ചയുമൊക്കെക്കൂടി കണ്ടപ്പോള്‍ നബി ചിരിച്ചു പോയി.
കളികളിലും തല്‍പരനായിരുന്നു നബി. അനുചരന്മാരോടൊപ്പം അമ്പെയ്തു പരിശീലിക്കുക നബിയുടെ പതിവായിരുന്നു. ഓട്ടവുമുണ്ടായിരുന്നു കൂട്ടത്തില്‍. പ്രഭാത നമസ്‌കാരത്തിനുശേഷമുള്ള സമയങ്ങളിലായിരുന്നു അമ്പെയ്ത്തും ഓട്ടവും ചര്‍ച്ചകളുമൊക്കെ. ഇസ്‌ലാമിനു മുമ്പുള്ള കാലത്തെക്കുറിച്ചുള്ള കഥകള്‍ പറഞ്ഞ് നബിയും അനുചരന്മാരും ചിരിച്ചു രസിക്കുമായിരുന്നു, അപ്പോള്‍.

ഏകാകിയായി വൃക്ഷത്തോപ്പുകളില്‍ ചെന്നിരിക്കുന്ന പതിവുണ്ടായിരുന്നു നബിക്ക്. ചിലപ്പോള്‍ സ്വഹാബിമാരെയും കൂടെക്കൂട്ടും. അപ്പോഴൊക്കെയാണ് മതകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക. നീന്തലിലും നബി തല്‍പരനായിരുന്നു. അബൂബക്കര്‍ സിദ്ദീഖായിരുന്നു ഇക്കാര്യത്തില്‍ നബിയുടെ കൂട്ടാളി. നബിയുടെ ശരീരത്തിന് ദാര്‍ഢ്യമണക്കാന്‍ ചെറുപ്പത്തിലേയുള്ള നീന്തല്‍ പരിശീലനം സഹായിച്ചിട്ടുണ്ട്.
കലാപരമായ വിനോദങ്ങളില്‍ നബി തല്‍പരനായിരുന്നില്ലെന്നാണോ വിചാരം? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ആഹ്ലാദവേളകില്‍ വാദ്യഘോഷങ്ങളും പെണ്‍കിടാങ്ങളുടെ പാട്ടും കേട്ട് രസിച്ച നബി ചരിത്രത്തിലുണ്ട്. ഒരു പെരുന്നാള്‍ ദിവസം ആഇശാബീവിയുടെ വീട്ടില്‍ വെച്ച് രണ്ട് കുട്ടികള്‍ പാട്ടുപാടിയപ്പോള്‍ അവരുടെ പിതാവായ അബൂബക്കര്‍ സിദ്ദീഖ് അത് തടഞ്ഞു. പക്ഷേ നബിയാണ് അവരുടെ രക്ഷക്കെത്തിയത്. പെരുന്നാളല്ലേ, പാട്ട് പാടി രസിക്കട്ടെ എന്നായിരുന്നു റസൂലിന്റെ കല്‍പന.

വിവാഹവേളകളില്‍ പാട്ടുപാടണമെന്നായിരുന്നു നബിയുടെ താല്‍പര്യം. ആഇശാബീവിയുടെ കൂടെക്കഴിയുന്ന ഒരു അന്‍സാരി പെണ്‍കുട്ടിയുടെ വിവാഹമുഹൂര്‍ത്തം; അന്‍സ്വാരികള്‍ വലിയ സംഗീതപ്രിയരാണല്ലോ. അതറിഞ്ഞിട്ടാവണം നബി പറയുന്നു: വധുവിന്റെ കൂടെ പാട്ടുപാടാന്‍ കഴിയുന്ന ഒരു കൂട്ടുകാരിയെക്കൂടി അയക്കാന്‍. വിവാഹവേളകളിലും സന്തോഷസമയങ്ങളിലും പാട്ടും കളിയും നബി അനുവദിച്ചിരുന്നു എന്നാണ് ഇതില്‍നിന്ന് വ്യക്തമാവുന്നത്.

കവിതയിലും നബിക്ക് താല്‍പര്യമുണ്ടായിരുന്നു. ജാഹിലിയ്യാ കവികളുടെ ആഭാസകല്‍പനകളില്‍നിന്ന് അറബിക്കവിതയെ മോചിപ്പിച്ചത് ഒരര്‍ഥത്തില്‍ മുഹമ്മദ് നബിയാണ്. അനുചരന്മാരുടെ കവിതാശകലങ്ങള്‍ നബി ആസ്വദിച്ചിരുന്നു. യുദ്ധരംഗങ്ങളില്‍ പോലും നബി സംസാരിച്ചത് കാവ്യാത്മകമായാണ്. ഇസ്‌ലാമിന്റെ ശത്രുക്കളുടെ ശകാര കാവ്യങ്ങള്‍ക്ക് മറുപടിയായി ഉത്തമ കവിതകള്‍ രചിക്കാന്‍ അദ്ദേഹം കഅ്ബുബ്‌നു മാലികിനോടും ഹസ്സാനുബ്‌നു സാബിതിനോടും ആവശ്യപ്പെടുകകൂടി ചെയ്തിരുന്നു. ഹസ്സാന്‍ അത് മനോഹരമായി, മുഴങ്ങുന്നസ്വരത്തില്‍ ആലപിക്കും. ശത്രുക്കളുടെ നെഞ്ചില്‍ കഠാരയേക്കാള്‍ മുറിവേല്‍പിച്ചത് ഈ കവിതകളാണ്. അതുകൊണ്ടാണല്ലോ നബി പറഞ്ഞത്, മുസ്‌ലിംകള്‍ വാളുകള്‍കൊണ്ട് മാത്രമല്ല വാക്കുകള്‍ കൊണ്ടു കൂടിയാണ് യുദ്ധം ചെയ്യുന്നത് എന്ന്.

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles