Current Date

Search
Close this search box.
Search
Close this search box.

സാമൂഹവും വ്യക്തിത്വവും തമ്മിലുള്ള പരസ്പരബന്ധം.

ഒരു നല്ല വ്യക്തിയാവുക എന്നത് ഒരർത്ഥത്തിൽ ഒരു നല്ല മനുഷ്യനാവുകയെന്ന് തന്നെയാണ്. തന്നെപ്പോലെ അപരനെയും കാണാൻ കഴിയുക, തനിയ്ക്കെന്ന പോലെ സകലരുടെയും നന്മ കാംക്ഷിക്കാൻ തക്ക പാകത്തിൽ മനസ്സിനെ പരുവപ്പെടുത്തുക, തന്റെയും കുടുംബത്തിന്റെയും സർവ്വോപരി സ്വയം പര്യാപ്‌തത നേടിയ ഒരു വ്യക്തിയാണെങ്കിൽ സമൂഹത്തിന്റെയും കൂടെ ഉന്നതിയ്ക്കും ഉയർച്ചയ്ക്കും വേണ്ടി നിലകൊള്ളുക എന്നതിൽ കവിഞ്ഞ് മറ്റൊന്നുമല്ല. അപ്പോഴും വ്യക്തിത്വവളർച്ചയ്ക്ക് അനുയോജ്യവും അനുകൂലവുമായ സാഹചര്യങ്ങൾ ഇവിടെ ഈ സമൂഹത്തിൽ നമുക്ക് എത്രത്തോളമുണ്ട് എന്നത് വലിയൊരു ചോദ്യമാണ് താനും, ഒരർത്ഥത്തിൽ പറഞ്ഞാൽ നിരാശാജനകവും. കാരണം വ്യക്തിത്വവളർച്ചയ്ക്ക് വിനയായി മാറുന്ന അല്ലെങ്കിൽ പ്രതികൂലമായി നിൽക്കുന്ന പല ഘടകങ്ങളും നമ്മുടെ സമൂഹത്തിൽ ഇന്നും യഥാസമയം തുടച്ചുമാറ്റപ്പെടാതെ, ഉന്മൂലനം ചെയ്യപ്പെടാതെ നിലനിൽക്കുന്നുണ്ട്. പേരെടുത്ത സാമൂഹിക, സാംസ്ക്കാരിക നായകന്മാർ അഹോരാത്രം ശ്രമിച്ചിട്ടും തിരുത്തിയെഴുതാൻ കഴിയാതെ പോയതും സമൂഹം ഇന്നും വളരെയധികം വെല്ലുവിളി നേരിടുന്നതുമായ പല അബദ്ധ ജഡിലമായ വിശ്വാസങ്ങളെയും സമ്പ്രദായങ്ങളെയും അനാചാരങ്ങളെയും മുറപോലെ സമൂഹം ഇന്നും കൊണ്ടാടിക്കൊണ്ടിരിക്കുന്നു. സാന്ദർഭികമായ മാറ്റങ്ങൾക്ക് സ്വന്തം ജീവിതത്തിലെങ്കിലും സ്ഥാനം നൽകാൻ ഓരോ മനുഷ്യനും തയാറായാൽ എല്ലാത്തിനും ഒരു അറുതി വരും.

മനുഷ്യർക്ക് അവരുടെ നിത്യജീവിതത്തിൽ മേൽസൂചിപ്പിച്ച പോലെ പല അന്യായങ്ങളെയും അനീതികളെയും നേരിട്ടുകൊണ്ട് വേണം ഈ സമൂഹത്തിലൊരു അതിജീവനം. ഇവിടെ അവർ നേരിടുന്ന മറ്റൊരു ഏറ്റവും വലിയ സമസ്യയെന്തെന്നാൽ താൻ ഉൾപ്പെടുന്ന ഈ സമൂഹത്തിൽ തനിയ്ക്ക് ആദരവും അംഗീകാരവും പ്രചോദനവും പ്രശംസയും ലഭിയ്ക്കാത്ത പക്ഷം താൻ ഇതൊക്കെ മറ്റൊരാൾക്ക് നൽകേണ്ട ആവശ്യകതയെ അജ്ഞാതാപൂർവ്വം അവരും വിസ്മരിക്കുന്നതാണ്. ഉദാഹരണത്തിന് തന്റെ പിതാവ് കാർക്കശ്യകാരനും ശാഠ്യക്കാരനും കടുത്ത ചിട്ടകളോടെ മക്കളെ വളത്തിയ ആളായിരുന്നെങ്കിൽ ഇതാണ് പിതൃത്വം അല്ലെങ്കിൽ തന്റെ ധർമ്മം എന്ന് മകൻ വിശ്വസിച്ചു പോരും. അവനും ഭാവിയിൽ സ്വന്തം മക്കളുടെ മുന്നിൽ അതേ ശൈലി നടപ്പിലാക്കാനുള്ള പ്രവണത എത്രയോ മടങ്ങ് കൂടുതലാണ്. എന്നാൽ മക്കൾ അർഹിക്കുന്ന പരിഗണനയും അംഗീകാരവും നൽകി, അവരുടെ വ്യക്തിത്വത്തെ അംഗീകരിച്ച്, ചേർത്ത് നിർത്തി സ്വയം പ്രാപ്തി നേടാൻ തക്കവിധത്തിൽ പരിപാലിക്കുന്നെങ്കിൽ, അതുപോലെ മാറിചിന്തിയ്ക്കാൻ ഒരോ രക്ഷിതാക്കളും സ്വയം തയാറാവുമ്പോഴേ കുടുംബത്തിലും സമൂഹത്തിലും മാറ്റങ്ങളുടെ മാറ്റൊലി മുഴങ്ങാൻ തുടങ്ങുകള്ളൂ.

മനുഷ്യത്വരഹിതമായ ചിന്തകളെയും പ്രവൃത്തികളെയും സമൂഹം മിക്കപ്പോഴും അതീവം ലാഘവത്തോടെ കാണുന്നതിന്റെ പ്രത്യാഘാതം സമൂഹത്തിൽ ഇന്നും എമ്പാടുമുണ്ട്. അത് തിരിച്ചറിയാനും അതേസമയം ബോധവും ബുദ്ധിയും യുക്തിയും വിവേകവും വലിയ തകരാറുകളൊന്നുമില്ലാതെ തന്നിൽ വർത്തിക്കുന്നെങ്കിൽ ഒരു വ്യക്തിയെന്ന നിലയ്ക്ക് അതിനെ പിന്തുണയ്ക്കാതെ പിന്മാറാനുള്ള ആർജ്ജവം നല്ലൊരു മനുഷ്യന് അല്ലെങ്കിൽ വ്യക്തിയ്ക്ക് നിർബ്ബന്ധമായും ഉണ്ടാവണം. ഏതൊരു മനുഷ്യനും മനുഷ്യത്വം നിഷേധിക്കൽ കടുത്ത അനീതിയാണ്. അതിനെതിരെ കടുത്ത പ്രതിഷേധം ഓരോരുത്തരുടെയും ഉള്ളിൽ നിന്ന് ഉയരണം. കുറഞ്ഞത് അവയെ പിന്തുണയ്ക്കുന്ന ഒരൊറ്റ ചിന്തയ്ക്കും ആശയങ്ങൾക്കും കൂട്ട് നിൽക്കുകയെ അരുത്. തന്റെയുള്ളിൽ മാനവവിരുദ്ധ വികാരങ്ങളുടെയും നയങ്ങളുടെയും ലാഞ്ചന ഇല്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. അവനവനെ അതിൽ നിന്നെല്ലാം സംരക്ഷിക്കേണ്ട ബാധ്യത ഓരോ വ്യക്തിയിൽ തന്നെ അധിഷ്ഠിതമാണ്.

സൂക്ഷ്മതലത്തിൽ ചിന്തിക്കാൻ തയാറായാൽ സ്വത്വവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ ചിന്തകളാണ് വ്യക്തിത്വത്തിന്റെ ശത്രു. സ്വത്വവിരുദ്ധമായത് ആത്യന്തികമായി സ്വന്തം വ്യക്തിത്വത്തിന്റെ വളർച്ചയ്ക്കാണ് വിലങ്ങുതടിയായി മറുന്നതെങ്കിലും പരോക്ഷമായി തങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന പലരുടെ ജീവിതത്തിലും അതിന്റെ പരിണിതഫലം കണ്ടേക്കാം. മനുഷ്യത്വവിരുദ്ധമായ ചിന്തകൾ വ്യക്തിത്വത്തിന് ക്വാളിറ്റി പകരുന്നതിനും മഹത്വം കൈവരുന്നതിനും വിഘാതം സൃഷ്ടിക്കുന്നു. രണ്ടിൽ നിന്നും മുക്തി നേടലാണ് വ്യക്തിത്വം അഥവാ പേഴ്‌സണാലിറ്റി. തന്നിലെ സ്വത്വത്തെ തിരിച്ചറിഞ്ഞ് ഒരാൾ അയാളിലെ കുറവുകളും അപര്യാപ്തതകളും നികത്താൻ പ്രാപ്തിയും കഴിവും നേടിത്തുടങ്ങുമ്പോഴേയ്ക്കും പൊതുഇടങ്ങളിലും അല്ലാത്തിടത്തും പതിവിൽ കൂടുതൽ സ്വീകാര്യതയും ആളുകളുടെ ശ്രദ്ധയും ആകർഷണവും തന്നിലേക്ക് താൻ പോലും അറിയാതെ ക്ഷണിക്കപ്പെടുന്നത് അയാൾ അറിയും. തന്റെ വാക്കുകൾക്കും സംസാരങ്ങൾക്കും സാമിപ്യത്തിനും ആളുകളിൽ പതിവിൽ നിന്നും വിപരീതമായി അത്ഭുതകരവും മാസ്മരികവുമായ സാന്നിധ്യം നൽകാൻ കഴിയുന്നതും തിരിച്ചറിയും. മാത്രമല്ല തന്റെ അഭിപ്രായങ്ങൾക്ക് ആളുകൾ മുമ്പത്തേക്കാൾ കൂടുതൽ വില കല്പിച്ച് തുടങ്ങും. തന്നെക്കുറിച്ച് ഓർക്കുമ്പോൾ അയാൾ ഏത് നിമിഷവും അഭിമാനപൂരിതനായി മാറും. ഇതെന്ത് മറിമായം എന്നതിശയിച്ച് പോകും ഇന്നാലേക്കണ്ടിരുന്ന താനെ അല്ല ഇന്നത്തെ താൻ, സ്വയം ആശ്ചര്യംകൊള്ളും. സംസാരത്തിലും ഇരിപ്പിലും നടപ്പിലും കാണുന്ന ആത്മവിശ്വാസത്തിന്റെ സ്പാർക്ക് വ്യക്തിപ്രഭാവത്തിന് മാറ്റേകും.

ഒരു വ്യക്തി സ്വത്വബോധത്തിൽ നിന്ന് ചിന്തിക്കുമ്പോൾ ഏതൊരു കാര്യത്തിലും സ്വന്തമായ ഒരു കാഴ്ചപ്പാട് അല്ലെങ്കിൽ പോയിന്റ് ഓഫ് വ്യൂ ഉണ്ടാവും അത് ആരുടെ മുന്നിലും വെളിപ്പെടുത്തുന്നതിൽ അയാൾക്ക് അഭിമാനമേ തോന്നൂ. എപ്പോഴും ഉത്സാഹിയായിരിക്കും ആ വ്യക്തി. സങ്കോചമോ ഭീതിയോ അയാളിൽ നിഴലിക്കില്ല. വ്യക്തിത്വം എസ്പ്രെസ്സിവ് ആവണം. ആത്മസത്തയിലേയ്ക്ക് ഇറങ്ങി ആഴിയിലേയ്ക്കെന്ന പോലെ ഊളിയിട്ട് സത്യത്തെ കണ്ടെത്താനും ശരിതെറ്റുകളെ കൃത്യമായി മനസ്സിലാക്കാനും അതിലെല്ലാം ഉപരി പറയുന്ന കാര്യങ്ങളിൽ ഉറച്ചുനിൽക്കാനും അത്തരമൊരു വ്യക്തി തയാറാകും. സ്വന്തമായ ഒരു “വോയിസ്” ശബ്ദം അയാൾക്ക് ഉണ്ടാവും. അതിൽ സുദൃഢമായി അചഞ്ചലമായി വിശ്വസിക്കുകയും ചെയ്യും.

മനുഷ്യത്വരഹിതവും തിന്മകൾ നിറഞ്ഞതുമായ ചിന്തകളെയും പ്രവൃത്തികളെയും ജീവിതത്തിൽ കഴിയുന്നത്രയും ഒരാൾക്ക് ആവുന്നത്രയും പരിമിതിപ്പെടുത്താൻ സ്വമേധയാ, സ്വമനസ്സാലെ, സുബോധത്താലെ തുനിയുമ്പോഴാണ് ഒരു വ്യക്തിത്വത്തിന് മഹനീയത കൈവരുന്നത്. അജ്ഞതയാണ് ഏറ്റവും വലിയ വില്ലൻ എന്ന സത്യം പലരും തിരിച്ചറിയുന്നില്ലെന്നതാണ് ഖേദകരം. സ്വന്തം ശരികൾ എത്രകണ്ട് ശരിയാണ് എന്നത് ആരെയും പൊതുവെ അലട്ടാറില്ല, അക്കാര്യത്തിൽ ആരും വേണ്ടത്ര ശ്രദ്ധാലുക്കളുമല്ല. മനസ്സിന്റെ ഇരുൾമൂടിയ ഭാഗങ്ങളിലേക്ക് പ്രകാശമേൽക്കണമെങ്കിലും സ്വന്തം ശരികളിലെ തെറ്റുകൾ വ്യക്തമാവണമെങ്കിലും മറ്റുള്ളവരെക്കൂടെ കേൾക്കാനും അറിയാനുമുള്ള മനസ്സ് ഉണ്ടാവണം, മറ്റുള്ളവരുടെ ജീവിതം, ചിന്താഗതി, അനുഭവങ്ങൾ ഇവയെല്ലാം മനസ്സിലാക്കുന്നത് ഒരു മനുഷ്യന് ഉള്ളറിവ് പകർത്താൻ സഹായകമാകും. എത്രത്തോളം അറിയാൻ ശ്രമിക്കുന്നോ അത്രത്തോളം വ്യത്യസ്തമായ അനേകായിരം ശരികളെ ഒരേസമയം കണ്ടെത്താനും അഭിമുഖീകരിക്കാനും തന്നിലെ ശരി ഒരേസമയം എത്രതന്നെ ദുർബലമാണെന്നും ബലവത്താണെന്നും തിരിച്ചറിയാനുമുള്ള ഒട്ടനവധി അവസരങ്ങളും മുന്നിൽ വരും. ആ ശരികളിൽ നിന്നെല്ലാം സ്വന്തം ശരിയ്ക്ക് സ്ഥായിയായ നിലനിൽപ്പ് കൈവരുന്ന ഒരു വഴിത്തിരിവിലേയ്ക്ക് അത് കൊണ്ടുചെന്നെത്തിയ്ക്കും. അനന്തരം അപ്പറയപ്പെട്ട ശരികളിലൂടെ തന്നെ അയാളുടെ അസ്തിത്വം രൂഢമൂലമാക്കപ്പെടുകയും ചെയ്യും.

തന്നിൽ നിന്നും തികച്ചും വ്യത്യസ്തമായി ചിന്തിക്കുന്ന അല്ലെങ്കിൽ മനോഭാവം പുലർത്തുന്ന ഒരു വ്യക്തിയുടെ വീക്ഷണം പൂർണ്ണമായും മറ്റൊരു കോണിലൂടെ ആയിരിക്കും. നമ്മെ കണ്ടുമുട്ടുകയും സംവാദങ്ങളിൽ ഏർപ്പെടുകയും അടുത്തറിയുകയും ചെയ്യുന്നതുവരെ നമ്മുടെ ശരികൾ അവർക്കും അന്യമായിരിക്കും എന്നതാണ് ഏറ്റവും വലിയൊരു സത്യം. താൻ കാണുന്ന അതേ ദൃഷ്ടികോണിലൂടെ ഒന്നിനെയും കാണാൻ അതുവരെ ആ വ്യക്തിയ്ക്ക് സാധ്യമായെന്നും വരില്ല. എന്നാൽ ഇപ്പോൾ പറ്റും, അതെന്തുകൊണ്ടാണ് എന്നത് മനസ്സിലായിക്കാണുമല്ലോ. ഇതിൽ ആരെയും പഴിക്കുന്നതിൽ അർത്ഥമില്ല പക്ഷെ ആളുകളെ കേൾക്കാൻ, അറിയാൻ സ്വന്തം മനസ്സ് തുറന്നിടുക എന്നതാണ് ഇതിനുള്ള ഏക ഉപാധി. നിരീക്ഷണം ഒരു ശീലമാക്കിയെടുക്കുന്നതും അത്യധികം ഗുണകരമാകും.

സംശയ ദൃഷ്ടിയോടെ മാത്രം ആളുകളെ കാണുകയും ജഡ്ജ് ചെയ്യുകയും ചെയ്യുന്ന ഒരു പ്രവണത ചിലരിൽ കാണാൻ കഴിയാറുണ്ട്. അത് നല്ലൊരു പ്രവണതയല്ല. മനുഷ്യരിലെ നന്മകൾ കാണാനുള്ള മനസ്സ് ഇല്ലാതാവുന്നത് അപകടമാണ്. എന്നാൽ മാനവിക വിരുദ്ധമായ ചിന്തകൾക്ക് അടിമപ്പെട്ടവരെ തിരിച്ചറിയുന്നതും അക്കാര്യത്തിൽ ജാഗ്രതയും കരുതലും ഉണ്ടാവുന്നതും ആത്മരക്ഷയ്ക്ക് കൂട്ടാവും. അവരെ ഭരിക്കുന്നത് അജ്ഞതയാണ് നമ്മെ ഭരിക്കുന്നത് ബോധവും രണ്ടും തമ്മിൽ വലിയ അന്തരമുണ്ട്. മനുഷ്യരിലെ സഹജമായ വാസനകൾ, പ്രകൃത്യാ അവരിൽ കാണുന്ന പ്രത്യേകതകൾ അതേപോലെ ചിന്തകളെല്ലാം ഓരോ സാഹചര്യങ്ങളിലും അയാളിൽ പ്രവൃത്തിക്കുന്നത് എങ്ങനെ എന്നതിനെക്കുറിച്ചൊക്കെ ഏകദേശ രൂപം സ്വന്തം അനുഭവങ്ങൾ വെച്ചും മനുഷ്യരെ കേൾക്കുന്ന ശീലം പതിവാക്കിയാൽ അതിൽ നിന്നും പഠിച്ചെടുക്കാൻ കഴിയും. ഒരാളെയും കേൾക്കുന്നത് ഒരിക്കലും മുൻവിധിയോടെയാവരുത് സ്വന്തം അനുഭവങ്ങൾ
പങ്ക് വെയ്ക്കാൻ മാനസികമായി അവർ സ്വയം തയാറാവണം നിർബ്ബന്ധിക്കാൻ പാടില്ല, അത് മര്യാദകേടാണ്.

നമ്മുടെ ലോകം, ഉള്ളകം വിശാലമാകുന്നത് അങ്ങനെയാണ്. മനുഷ്യർ തന്നെ മനുഷ്യരെ മനസ്സിലാക്കാത്ത സാഹചര്യങ്ങൾക്ക് അല്പമെങ്കിലും അറുതി വരുന്നത് അപ്പോഴാണ്. കേവലം തന്റെ പരിമിതമായ അറിവ് വെച്ച് മറ്റൊരു മനുഷ്യനെ വ്യാഖ്യാനിക്കുന്നതിൽ എത്രമാത്രം പിഴവുകൾ സംഭവിക്കും? ഒരു നിമിഷമൊന്ന് ആലോചിച്ച് നോക്കൂ. ഇതുവരെ പറഞ്ഞു വന്നത് സമൂഹത്തിൽ മാറ്റങ്ങൾ ആഗ്രഹിക്കുന്നു എന്നല്ലാതെ അത് സംഭവിക്കണമെങ്കിൽ ഓരോ മനുഷ്യരും സ്വയം മാറ്റങ്ങളെ സ്വാഗതം ചെയ്യേണ്ടതുണ്ട് എന്നാണ്. അതിലേയ്ക്ക് തന്റേതായ ഒരു സംഭാവന നൽകാൻ ഓരോ വ്യക്തികളും തയാറാവണം. പലപ്പോഴും ആളുകളോടും സമൂഹത്തോടും വെച്ചുപുലർത്തുന്ന പലരുടെയും മനോഭാവം (attitude) അറിഞ്ഞാൽ തന്നെ അതിദയനീയവും അതിദാരുണവുമായിരിക്കും. ചിലതൊക്കെ മുന്നിൽ കാണുമ്പോഴും കേൾക്കുമ്പോഴും കഷ്ടവും സഹതാപവും തോന്നിപ്പോകും. മറ്റുള്ള മനുഷ്യരെയും സമൂഹത്തെയും കുറിച്ച് കണക്കില്ലാതെ അധിക്ഷേപങ്ങളും പഴിചാരലുകളും നടത്തുന്നത് നൈരന്തര്യ ജീവിതത്തിന്റെ ഭാഗമാക്കിയവർ ഒരു നിമിഷം തന്നിലേക്ക് ഒന്ന് നോക്കിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്ന നിമിഷങ്ങളാവും അത്.

ഒരു പ്രത്യേക സമൂഹത്തിന്റെയോ സമുദായത്തിന്റെയോ വംശത്തിന്റെയോ ഭാഗമാണ് ഭൂമിയിലെ ഓരോ മനുഷ്യനും. വാസ്തവത്തിൽ പറഞ്ഞാൽ സമൂഹം എന്താവണമെന്നതിൽ ഓരോരുത്തർക്കും അതായത് ഓരോ വ്യക്തിയ്ക്കുമില്ലേ അതിന്റേതായൊരു ഉത്തരവാദിത്വം. തന്റെ റെസ്പോൺസിബിലിറ്റി ഒരു വ്യക്തി എന്ന നിലയിൽ നിർവ്വഹിക്കപ്പെടുന്നുണ്ടോ എന്നയാൾ ഉറപ്പുവരുത്തണ്ടേ. സ്വഭാവരൂപീകരണം നടക്കുന്നതിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ കുഞ്ഞിൽ അലിഞ്ഞു ചേരേണ്ട ഗുണങ്ങളും മൂല്യങ്ങളും നന്മകളും കുട്ടിയുടെ ജീവിതത്തിലും വ്യക്തിത്വത്തിലും നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. സമൂഹത്തിലെ ഏതെങ്കിലും ഒരു വ്യക്തി അയാൾക്ക് നൈപുണ്യമുള്ള മേഖലയിൽ പ്രശസ്തിയും ഖ്യാതിയും നേടി മഹനീയ സ്ഥാനം കൈവരിക്കുമ്പോൾ അതേ സമൂഹത്തിൽ തന്നെ ഒരു ഉന്നത കാഴ്ചപ്പാടും മനോഭാവവുംകൊണ്ട് ഉയർന്ന വ്യക്തിത്വമായി ജനങ്ങൾക്കിടയിൽ അംഗീകാരവും സ്വീകാര്യതയും നേടി ജനമനസ്സിൽ ഔന്നിത്യത്തിലേയ്ക്ക് എത്തി നിൽക്കുന്ന മനുഷ്യർ മറ്റൊന്നും ചെയ്തിട്ടല്ല സ്വന്തം വ്യക്തിത്വത്തിന്റെ മഹിമയും തേജസും മഹത്വവുംകൊണ്ടാണ് അത് നേടിയെടുത്തത്. അത്തരം വ്യക്തികളുടെ സാന്നിധ്യം പോലും മറ്റാരിൽ നിന്നും ഇതുവരെ ഇല്ലാത്ത വ്യത്യസ്തമായ അനുഭവമായ് മാറുന്നത് അങ്ങനെയാണ്.

തന്നെക്കുറിച്ച് ഓർക്കുമ്പോൾ അഭിമാനിക്കാൻ തക്ക പോസിറ്റീവായ ചില കാരണങ്ങൾ അല്ലെങ്കിൽ ഗുണങ്ങൾ കണ്ടെത്തുകയും സ്വമനസ്സാൽ അവനവനെ അഭിനന്ദിക്കുകയും ചെയ്യുന്നത് വ്യക്തിത്വവളർച്ചയ്ക്ക് ഗുണം ചെയ്യും. തനിയ്ക്ക് വല്ല പിശകും സംഭവിച്ചാൽ ഇനി വല്ല പരാജയങ്ങളും ഉണ്ടായാൽ ഓരോരോ കാരണങ്ങൾ നിരത്തി സ്വന്തം വീഴ്ച്ചയെ ന്യായീകരിച്ചും വാദിച്ചും നിൽക്കാതെ തനിക്ക് സംഭവിച്ച പിഴവുകൾ തിരിച്ചറിഞ്ഞ് മാറാൻ മനസന്നദ്ധത കാണിക്കുന്നത് അതീവം പ്രശംസനീയമായ നടപടിയാണ്. കോപത്തെ അല്പാല്പമായി നിയന്ത്രണത്തിൽ കൊണ്ടുവരുന്നതും അപരന് പൊറുത്തുകൊടുക്കുന്ന രീതി പരിശീലിയ്ക്കുന്നതും മഹത്തരമായ കാര്യമാണ്. കഴിയുന്നതും വ്യവഹാരങ്ങളിലും ചിന്തകളിലും സത്യസന്ധത പുലർത്തലും അവനവിൽ സഹായ മനസ്ക്കത വളർത്തിയെടുക്കുന്നതും ഉത്കൃഷ്ടമായ കാര്യമാണ്. പ്രിയപ്പെട്ടവരെ മനസ്സാന്നിധ്യത്തോടെ കേൾക്കാൻ മനസ്സുണ്ടാവൽ ബന്ധങ്ങളെ നന്നായി ഊട്ടിയുറപ്പിക്കാൻ ഉതകും. സ്വന്തം നാട്ടിൽ ഇറങ്ങി പ്രവൃത്തിക്കുന്ന ശീലവും നല്ലൊരു വ്യക്തിത്വത്തിന് ചെയ്യാവുന്ന നന്മകളിൽ ഒന്നാണ്. എവിടെയും എപ്പോഴും നിങ്ങൾ നിങ്ങൾ ആവുക എന്നതാണ് ഉത്തമം. പെറ്റുമാറ്റത്തിൽ വിനയം, എളിമ, സൗമ്യത നിലനിർത്തുകയും മാറ്റങ്ങൾക്ക് മനസ്സിനെ പാകപ്പെടുത്തുകയും ചെയ്യുന്നെങ്കിൽ നല്ലൊരു അന്തരീക്ഷം ചുറ്റിലും പുലരും. ആദരവ് നിലനിർത്തുകയും അഭിമാനിയാവുകയും ചെയ്യുന്നത് ആത്മസംതൃപ്തിയ്ക്ക് വഴിയൊരുക്കും. സ്‌കൂൾ വിദ്യാഭ്യാസത്തിന് പുറമേ ജീവിത വിദ്യാഭ്യാസവും വ്യക്തിത്വത്തിന് കാതലാവും ഇപ്പറഞ്ഞവയെല്ലാം ഒരു വ്യക്തിത്വത്തിന് അനിർവ്വചനീയമായ ഭംഗിയും പാകിട്ടുമേകും.

കള്ളം, വഞ്ചന, തട്ടിപ്പ് ഇവയൊക്കെ യാതോരു കുറ്റബോധവും മനസ്താപവുമേൽക്കാതെ ചെയ്യാൻ ഒരാൾക്ക് സാധിക്കുകയും അപരനെക്കുറിച്ച് നന്മ ചിന്തിക്കാൻ സാധിക്കാത്ത മാനസികാവസ്ഥയും അപരന്റെ നന്മയിൽ സന്തോഷിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നെങ്കിൽ അതെല്ലാം വികാസം പ്രാപിക്കാത്ത മനസ്സിന്റെ ലക്ഷണമാണ്. ഭൂമിയിൽ തനിയ്ക്ക് അനുവദനീയമായതും അർഹതപ്പെട്ടതുമായ എന്തും മറ്റുള്ളവർക്കും അർഹതപ്പെട്ടതാണ്. തനിയ്ക്ക് അർഹതപ്പെടാത്തത് ക്രൂരമായി തട്ടിപ്പറിച്ചെടുക്കുന്നത് അക്രമമാണ്, അനീതിയാണ് താൻ അത് ചെയ്യാൻ പാടില്ല എന്ന അറിവും ബോധവുംകൊണ്ട് നയിക്കപ്പെടേണ്ടതാണ് വ്യക്തിത്വം.

ആധുനിക ലോകത്ത് സ്ത്രീയ്ക്കും പുരുഷനും തുല്യത എന്നത് പല വേദികളിലും ഒരു മുഖ്യവിഷയമായി ചർച്ചയാക്കപ്പെടാറുണ്ട്. സ്ത്രീകളെ വ്യക്തികളായി കാണുന്നതും തുല്യപ്രാധാന്യം നൽകുന്നതും ഉത്തമ പുരുഷന്റെ ലക്ഷണമാണ് . കുട്ടികളോടും വയോധികരോടും എളിമയോടെയും സ്നേഹവാത്സല്യത്തോടെയും പെരുമാറാൻ ആർക്കും സ്വന്തം മനസ്സിനെ ബോധപൂർവ്വം പരിശീലിപ്പിക്കാവുന്നതാണ്. വിനയവും എളിമയും വ്യക്തിത്വത്തിന് എന്നുമൊരു അലങ്കാരമാണ്. പുരുഷാധിപത്യം നിലകൊള്ളുന്ന ഒരു സമൂഹമാവട്ടെ ഇനി ഏത് തരത്തിലുള്ള സമൂഹമായാലും പുരുഷന്മാർ സ്ത്രീകളോട് എടുക്കുന്ന നിലപാടും, മനോഭാവവും ആ സമൂഹത്തെ സംബന്ധിച്ചിടത്തോളം അതീവം നിർണ്ണായകരമായിരിക്കും. അതുകൊണ്ട് ഇപ്പറഞ്ഞ വിഭാഗങ്ങളെല്ലാം സുരക്ഷിതമായിട്ടിരിക്കുന്ന സമൂഹമാണ് ഏറ്റവും നല്ല സമൂഹം.

Related Articles