Current Date

Search
Close this search box.
Search
Close this search box.

രക്ഷാകർതൃത്വത്തിന്റെ പ്രഥമ ഘട്ടം

രക്ഷാകർതൃത്വത്തിന്റെ സുപ്രധാന ലക്ഷ്യങ്ങൾ എന്തെന്ന് വെച്ചാൽ മക്കൾ സ്വയം പര്യാപ്തത നേടുന്നത് വരെ അവരുടെ കൂടെ നിക്കാനും അവരെ അതിജീവിനത്തിനായി പ്രാപ്തരാക്കാനും, അതേസമയം തന്നെ തങ്ങളുടെ കുഞ്ഞുങ്ങളെ നല്ല മനുഷ്യരാക്കിയെടുക്കുക എന്നതും കൂടെയാണ്. വെറുതെ ഒരു കുഞ്ഞിന് ജന്മം നൽകിയിട്ടിട്ട് കാര്യമില്ലല്ലോ. ശരിയായ രക്ഷകർതൃത്വം എന്നാൽ കുഞ്ഞുങ്ങളുടെ സാമൂഹികവും ബൗദ്ധികവും വൈകാരികവും ശാരീരികവുമായ വികാസത്തെ പ്രോത്സാഹിപ്പിക്കും വിധമാണ് വേണ്ടത്. അച്ഛനമ്മമാരുടെ ഏറ്റവും വലിയ ഉത്തരവാദിത്വമാണ്, അവരിൽ അധിഷ്ഠിതമാക്കപ്പെട്ട ധർമ്മമാണ് അത്. ഒരു രക്ഷിതാക്കൾക്കും അതിൽ നിന്നും ഒഴിഞ്ഞു മാറാൻ സാധിക്കില്ല. ഒരു വ്യക്തിയുടെ ഭാവി ജീവിതം എങ്ങനെയാവണമെന്ന് തീരുമാനിക്കുന്നതിൽ പാരന്റിങിന് വലിയൊരു പങ്കുണ്ട്. ഓരോ ഘട്ടത്തിന് അനുയോജ്യമായ മർഗ്ഗനിർദ്ദേശങ്ങളും പിന്തുണയും നൽകി കൂടെ തന്നെ ഉണ്ടായിരിക്കണം രക്ഷിതാക്കൾ. എങ്കിൽ മാത്രമേ ശരിയായ മാനസിക ശാരീരിക വളർച്ച കുഞ്ഞിൽ സംഭവിക്കുള്ളൂ.

സ്നേഹപരിചരണത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് സ്പർശനം, കുഞ്ഞുങ്ങളുടെ മാനസിക, ശാരീരിക, വൈകാരിക വളർച്ചയ്ക്ക് അതിയായ ഉത്തേജനവും ഊർജ്ജവും നൽകുന്ന ഒന്നാണ് അമ്മയുടെയും അച്ഛന്റെയും സ്നേഹസ്പർശനം. സ്നേഹപരിലാളനങ്ങളും ചേർത്ത് പിടിക്കലും തലോടലും എല്ലാം അതിൽപ്പെടും. സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ് അതിനാൽ കുഞ്ഞിന് അനുഭവിച്ചറിയാൻ തക്കവിധത്തിൽ വാക്കുകളിലൂടെയും നോട്ടത്തിലൂടെയും സ്നേഹം പ്രകടിപ്പിക്കുകയും ഹൃദയത്തോട് ചേർത്ത് നിർത്തും പോലെ ആലിംഗനം നൽകുന്നതുമെല്ലാം കുഞ്ഞിന്റെ വളർച്ചയ്ക്ക് ഏറെ അത്യന്താപേക്ഷിതമായ ഒന്നാണ്. സ്പർശനമേൽക്കാതെ വളരുന്ന കുട്ടികളുടെ മാനസ്സിക ആരോഗ്യവും ശരീരിരിക ആരോഗ്യവും വളരെയധികം ശുഷ്ക്കിച്ചുപോകും. ഈ സ്നേഹസ്പർശനത്തിന് ആയിരം വാക്കുകളെക്കാൾ ശക്തിയുണ്ട്, വാക്കുകളുടെ അഭാവത്തിലും നടക്കുന്ന അർത്ഥവും ആഴവുമേറിയ ആശയവിനിമയമാണ്‌(non-verbal communication)ഇവയൊക്കെ.

എന്നാൽ ഇപ്പറഞ്ഞതൊന്നും കിട്ടാതെ അനാഥത്വത്തിന്റെയും അവഗണനയുടെയും അരക്ഷിതത്വത്തിന്റെയും നിഴലിൽ ജീവിക്കുന്ന ഒരു ബാല്യം അനുദിനം ക്ഷയിച്ചുക്കൊണ്ടിരിക്കും. ആ കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം ഇവിടെയൊരു അതിജീവനം നമുക്ക് ഭാവനയിൽ കാണാവുന്നതിനുമപ്പുറം കാഠിന്യമേറിയതും പ്രയാസമേറിയതുമായി മാറും. മാതാപിതാക്കളുടെ സംരക്ഷണം ലഭിക്കാതെ ഈ കുഞ്ഞുങ്ങൾ അലക്ഷ്യമായ ജീവിതം നയിക്കാൻ ഇടയാകും. അതല്ലെങ്കിൽ തുല്യമായ പരിചരണം ബന്ധുക്കളിൽ നിന്നെങ്കിലും ലഭിച്ചിരിക്കണം.

അതേപോലെ തന്നെ പോഷകങ്ങൾ അടങ്ങിയ ആഹാരം ശാരീരിക വളർച്ചയെയും ബ്രെയിനിന്റെ വികസനത്തെയും ത്വരിതപ്പെടുത്തുകയും കുഞ്ഞ് ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും ഉടമയായ ഒരു വ്യക്തിയായി മാറുകയും ചെയ്യും. മുലപ്പാൽ കുഞ്ഞിനെ സംബന്ധിച്ചിടത്തോളം സമീകൃതആഹാരമാണ്, കുഞ്ഞിന് പ്രകൃതി കനിഞ്ഞേകിയ ഒരു വരദാനമാണ് അത്. മുലപ്പാലൂട്ടുമ്പോൾ കുഞ്ഞും അമ്മയും തമ്മിൽ അഭേദ്യമായ ഒരു ബന്ധം രൂപപ്പെടുകയാണ്. മുലപ്പാൽ നിരസിക്കുന്നത് പെറ്റമ്മ ഒരു കുഞ്ഞിനോട് ചെയ്യുന്ന മഹാപാപമാണെന്നേ പറയാൻ പറ്റൂ.

എന്നാൽ വളർച്ചയുടെ ഘട്ടങ്ങൾ പിന്നിടുമ്പോൾ അവർക്ക് അത് മതിയവാതെ വരുന്നു. ഒമേഗ-3, വിറ്റമിൻ ബി & എ, പൊട്ടാഷ്യം, സിങ്ക് എന്നിവ അടങ്ങിയ ആഹാരങ്ങൾ തലച്ചോറിന്റെ ഫലപ്രദമായ വികസനത്തിന് അനിവാര്യമായതാണ്. സമ്പൂർണ്ണ ആഹാരമെന്ന് വിശേഷിപ്പിക്കുന്ന പാലൂം മുട്ടയും കൂടാതെ ധാന്യങ്ങളും പഴവർഗ്ഗങ്ങളും മത്സ്യമാംസാദികളും ശാരീരിക വളർച്ചയ്ക്കും സഹായിക്കുന്നു.

ബ്രെയിനിന്റെ വളർച്ച നടക്കുമ്പോൾ തന്നെ ബൗദ്ധികപരമായ വികാസവും അഭിവൃദ്ധിയും കുഞ്ഞിൽ യഥാവിധം നടക്കുന്നുണ്ടോ എന്നും ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിന് അനുകൂലമായ ഒരു പരിതസ്ഥിതി കുഞ്ഞിന് വേണ്ടി ഒരുക്കുന്നതും നന്നാവും. മാനസിക വികാസത്തെ മെച്ചപ്പെടുത്തുന്ന കളിക്കോപ്പുകൾ മാർക്കറ്റിൽ ലഭ്യമാണ് വിവിധ വർണ്ണങ്ങളിലുള്ളവ(കുഞ്ഞുങ്ങളെ ആകർഷിക്കും) അക്ഷരങ്ങളെ, അക്കങ്ങളെ, ജീവികളെ, വസ്തുക്കളെ പരിചയപ്പെടുത്തുന്നവ ഇവയൊക്കെ അവരോടൊപ്പം ചെലവഴിക്കുന്ന സമയങ്ങളിൽ ഇരുന്ന് വെറുതെ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ പോലും കുഞ്ഞു മനസ്സിൽ അച്ചടിച്ച പോലെ പതിയും. പ്രകൃതിയുമായി ഇണങ്ങാൻ കുഞ്ഞുമൊത്ത് വൈകുന്നേരങ്ങളിൽ അല്പ സമയം വീടിന് ചുറ്റും ചെലവഴിക്കുന്നതും നല്ലതാണ്.

ഈ കാലയളവിൽ സംഭവിക്കുന്ന മറ്റൊരു കാര്യം മാതാപിതാക്കളോടും തന്നെ പരിചരിക്കുന്ന മറ്റ്‌ ആളുകളോടും തന്നോട് സൗഹൃദപരമായി ഇടപഴകുന്നവരോടും കുഞ്ഞിനുള്ള വിശ്വാസവും അടുപ്പവും രൂപപ്പെട്ടു വരുന്നു. വൈകാരികമായ അറ്റാച്ച്മെന്റ് കുഞ്ഞിന് സുരക്ഷിത്വം നൽകുന്നതിനാൽ ചുറ്റുപാടുകളുമായി എളുപ്പം പൊരുത്തപ്പെടുകയും മാനസികമായി താൻ സുരക്ഷിതനാണെന്ന ബോധത്തോടെ വളരുകയും ചെയ്യും.

പിഞ്ചുകുഞ്ഞ് കമഴ്ന്നു വീഴാനും ഇരിക്കാനും നിൽക്കാനും നടക്കാനും പരിശ്രമങ്ങൾ നടത്തുമ്പോൾ ഒരിക്കലും നിരുത്സാഹപ്പെടുത്താനോ കയറി ഇടപെടാനോ ശ്രമിക്കരുത്, തെറ്റാണ് ചെയ്യുന്നത്. കുഞ്ഞു വീഴുകയാണെങ്കിൽ താങ്ങാനുള്ള ശക്തി നമുക്ക് ഉണ്ടല്ലോ പിന്നെന്തിന് തടയാൻ പോകുന്നു നമ്മൾ? ഓരോ ശ്രമങ്ങളും അവരെ സ്വയം പര്യാപ്‌തതയിലേക്ക് എത്തിക്കാനുള്ളതാണ്. ഓരോ ശ്രമങ്ങളിലും അവർ വിജയിക്കുമ്പോൾ കൈയടിച്ചും ചിരിച്ചും ആഹ്ലാദം പ്രകടിപ്പിക്കുകയാണെങ്കിൽ കുഞ്ഞിൽ ആത്മവിശ്വാസത്തിന്റെ തോത് വർദ്ധിച്ചു വരും. അവർക്ക് സ്വന്തം കഴിവിൽ വിശ്വാസം ജനിപ്പിക്കും മാത്രമല്ല അവർക്ക് അവരെ കുറിച്ചോർക്കുമ്പോൾ ഉള്ളിൽ അഭിമാനം തോന്നി തുടങ്ങും.

എന്നാൽ കുഞ്ഞുങ്ങളെ കൈകളിൽ തന്നെ കൊണ്ടു നടക്കുന്നതും അതേപോലെ തന്നെ വിപരീത ഫലം നൽകുന്ന ഒന്നാണ്. ശൈശവഘട്ടത്തിൽ കുഞ്ഞ് കിടന്നിടത്ത് നിന്ന് കൈകാലുകൾ ഇട്ടടിച്ചും കിടന്ന് മറിഞ്ഞും പേശികളും എല്ലും ബാലമുള്ളതാകാനും പെട്ടെന്ന് ഉറക്കാനും സഹായിക്കുന്നു. എഴുന്നേറ്റിരിക്കാനുള്ള ശ്രമങ്ങളും പിടിച്ചു നിൽക്കാനും നടക്കാനും സ്വയം തന്നെ ശ്രമിക്കുമ്പോൾ അപകടങ്ങൾ പറ്റാതിരിക്കാൻ കൂടെ നിന്നാൽ മാത്രം മതി.

അഭിമാനിയായി വളരുന്ന കുട്ടികളാണ് കുടുംബത്തിനും സമൂഹത്തിനും മുതൽക്കൂട്ട് ആയി മാറുന്നത്. അതുകൊണ്ട് കുട്ടികൾ എടുത്ത് വെയ്ക്കുന്ന ഓരോ പൊസിറ്റിവ് സ്റ്റെപ്പും എത്ര കൊച്ചു കാര്യമായാലും പ്രശംസ നൽകിയാൽ അത് വീണ്ടും ചെയ്യാനും അതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ ചെയ്യാനുമുള്ള വലിയൊരു പ്രോത്സാഹനമാണ് നമ്മൾ നൽകുന്നത്. ഇത്തരത്തിൽ വളരുന്ന ഒരു കുഞ്ഞ് നിസംശയം പറയാം അവൻ ജീവിതത്തിൽ കഴിവ് തെളിയിക്കുന്നവനായി മാറും.

കുഞ്ഞുങ്ങളെക്കുറിച്ച് നമുക്ക് ഉണ്ടാവുന്ന അമിതമായ ആധിയും വ്യാകുലചിന്തകളും കുഞ്ഞിന്റെ വളർച്ചയ്ക്ക് തടയിടും. അവരിൽ വിശ്വാസം പ്രകടിപ്പിക്കുന്നു എന്ന് തോന്നുമ്പോഴാണ് അവർ സംതൃപ്തി എന്തെന്ന് തിരിച്ചറിയുന്നത്, കുഞ്ഞുങ്ങൾ അസംതൃപ്തരായി മാറുന്നത് മാതാപിതാക്കളുടെ സമാധാനം കെടുത്താൻ ഇടയാകും.

ഒന്ന് മുതൽ ആറ് വയസ്സ് വരെയുള്ള കാലയളവിൽ കുഞ്ഞിന് ലഭിക്കുന്ന ശ്രദ്ധ, പരിഗണന, ഭക്ഷണം, കുഞ്ഞിനോട് നമ്മൾ കാണിക്കുന്ന സമീപനം, കെയർ ഇവയെല്ലാം കുഞ്ഞിന്റെ വ്യക്തിത്വത്തെ കാര്യമായ തോതിൽ സ്വാധീനിക്കുകയും അതിന്റെ ഒരു ഔട്ട് പുട്ട് അനന്തരം ജീവിതത്തിൽ പ്രകടമായി തന്നെ കാണുകയും ചെയ്യും. ബ്രെയിനിന്റെ 90% വളർച്ചയും ഈ കാലഘട്ടത്തിലാണ് നടക്കുന്നത് എന്നുള്ളതും വിസ്മരിക്കാൻ പാടില്ല.

Related Articles