Current Date

Search
Close this search box.
Search
Close this search box.

എല്ലാവരെയും പരിഗണിച്ചാവണം തീരുമാനം

മക്കളെ ചൊല്ലി ആധിപൂണ്ട് ജീവിക്കുന്ന ഒട്ടേറെ മാതാപിതാക്കൾ ഉണ്ട് നമുക്ക് ചുറ്റിലും. മക്കൾ കാരണം ഉറക്കം പോലും നഷ്ടപ്പെട്ടിരിക്കുന്ന രക്ഷിതാക്കളെയും നമുക്കിടയിൽ കാണാം. കാരണം ഒന്നുമല്ല,  ഇന്നത്തെ ഈ ലോകത്ത് മക്കൾ വഴിപിഴക്കാതിരിക്കാനും അവരെ നേർവഴിയ്ക്ക് നടത്താനും ചില്ലറ പാടല്ല,  വഴിതെറ്റാനുള്ള എല്ലാ അവസരങ്ങളും അവർക്ക് മുന്നിൽ തന്നെയുണ്ട്. അതുകൊണ്ട് മക്കളെ പറഞ്ഞിട്ട് കാര്യവുമില്ല, അതിസങ്കീർണ്ണമായൊരു ലോകമാണ്  കുട്ടികളുടെ മുന്നിൽ .  പക്ഷെ ഏതെല്ലാം വിധത്തിൽ നോക്കിയാലും എത്ര പരിശ്രമിച്ചാലും ഒരുതരത്തിലും അടങ്ങാത്ത, പരുവപ്പെടാൻ തയാറാവാത്ത മക്കളും ഉണ്ട്. നിസ്സഹായതയുടെ അങ്ങേയറ്റം വരെ മാതാപിതാക്കളെ കൊണ്ടുചെന്നെത്തിക്കും. തങ്ങളുടെ മക്കളെ ഒന്ന് നേരെ ആക്കിയെടുക്കാൻ, മക്കളുടെ ജീവിതം നശിച്ചു പോയോ എന്ന ഭീതിയാൽ വാതിലായ വാതിലുകളെല്ലാം അവർ മുട്ടും. കാണുന്ന കൗണ്സിലർമാരുടെ അടുത്തെല്ലാം അവരുമായി കയറിയിറങ്ങും, ചിലപ്പോൾ അത് പോലും ഏറ്റെന്ന് വരില്ല.

മിക്കപ്പോഴും കൗമാരപ്രായത്തിലുള്ള കുട്ടികളാണ് മാതാപിതാക്കളെ ഈ വിധം കുഴക്കുന്നത്. കൗമാരപ്രായം എന്നുവെച്ചാൽ വളരെയധികം സങ്കീർണ്ണതകളും ആശയകുഴപ്പങ്ങളും സൃഷ്ടിക്കുന്ന ഒരു കാലമാണ്. അവനവനെക്കുറിച്ചുള്ള ബോധം അതായത് വ്യക്തിത്വബോധം കുട്ടികളിൽ ആഴത്തിൽ ഉണരുന്നത് ഈയൊരു പ്രായത്തിലാണ്. കൗമാരക്കാരുമായി ഇടപെടുമ്പോൾ അല്പം സൂക്ഷിച്ചു വേണം. അല്പം നയത്തിലും മയത്തിലും വേണം അവരുമായിട്ട് കാര്യങ്ങൾ ഡീൽ ചെയ്യാൻ. എതിർലിംഗത്തോട് (opposite sex) ലൈംഗീകപരമായ ആകർഷണവും പ്രണയവും ഇഷ്ടവുമൊക്കെ തോന്നിതുടങ്ങുന്ന പ്രായവും ഇവയെല്ലാം പ്രകടമാക്കാനും നിയന്ത്രിക്കാനും വിവിധ ഹോർമോണുകൾ അവരിൽ സജീവമാകുന്നതുമായ ഒരു കാലം, മറ്റുള്ളവരിൽ നിന്നും അംഗീകാരവും പരിഗണനയും ആദരവും അതേ സമയം വ്യക്തിസ്വാതന്ത്ര്യവും ആഗ്രഹിക്കുന്നവരാണ് കൗമാരക്കാർ. അഭിമാനബോധവും ഈഗോയും അവരിൽ കാര്യമായി തന്നെ കാണും. താൻ വലിയ ആളായി കഴിഞ്ഞു, തന്നെ ഇനി ആരും ഒന്നും പഠിപ്പിക്കേണ്ട എന്നൊക്കെയുള്ള ശരീരഭാഷയും സംസാരത്തിലെ ടോണും സ്വാഭാവികം. എന്നാൽ ,  ഇന്നലെവരെ ഒരു കൊച്ചുകുട്ടിയായിരുന്ന താൻ ജീവിതത്തെക്കുറിച്ചും ഈ ലോകത്തെക്കുറിച്ചും എന്തൊക്കെയോ ഇനിയും അറിയാൻ ബാക്കി കിടക്കുന്നു അതിന് തന്റെ അച്ഛന്റെയും അമ്മയുടെയും ഗൈഡൻസ് തനിക്ക് ആവശ്യമാണ് എന്നൊന്നും അവർ മനസ്സാക്കുന്നില്ല.

Also read: സാമൂഹികാവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ സംഭവിക്കുന്നത്

എന്നാൽ ടീനേജ് എല്ലാം കടന്ന് യൗവനത്തിൽ നിന്ന് മധ്യവയസ്സിലേക്ക് കടക്കാൻ നിക്കുന്ന, കൗമാരപ്രായത്തിന്റെതായ ആശങ്കകളും അസ്വസ്ഥതകളും ചാപല്യങ്ങളും എല്ലാം അറിയുഞ്ഞു കഴിഞ്ഞ, ഒട്ടേറെ ജീവിതാനുഭവങ്ങളും അറിവും ബോധവുമുള്ള മാതാപിതാക്കൾ ആണ് ഈ അവസരത്തിൽ പക്വത കാണിക്കേണ്ടതും സംയമനം പാലിക്കേണ്ടതും. വീട്ടിൽ മക്കളെ ചൊല്ലിയുണ്ടാവുന്ന അഭിപ്രായ ഭിന്നതയും അസ്വാരസ്യങ്ങളും കലഹവും ഭാര്യാഭർത്താക്കന്മാരുടെ ജീവിതം തന്നെ ദുസ്സഹമാക്കി തീർക്കാറുണ്ട്. മക്കൾ അനുസരണ ശീലം ഇല്ലാതായത് നീ കാരണമാണെന്ന് ഭർത്താവും നിങ്ങൾ കാരണമാണെന്ന് ഭാര്യയും പരസ്പരം പഴിചാരുകയും അവർക്കിടയിൽ അകലവും വിള്ളലും ഉണ്ടാവാനും ദാമ്പത്യജീവിതം തകരാനും വരെ കാരണമാകുന്നു.

മക്കൾ വിശ്വസിക്കുന്നത് എന്താണെന്ന് വെച്ചാൽ തന്റെ മാതാപിതാക്കൾ ഒട്ടും ശരിയല്ല, ഇവർ കാരണമാണ് താൻ ഇങ്ങനെയായി പോകുന്നത്. ഇവർ എന്നെ ഒരിക്കലും മനസ്സിലാക്കാൻ പോകുന്നില്ല എന്നൊക്കെയാണ്. ഈയൊരു വിശ്വാസത്തിൽ നിന്നുകൊണ്ട് അന്യരോട് പെരുമാറും വിധമാണ് പിന്നീട് അങ്ങോട്ട് ഒരു കുട്ടി അച്ഛനോടും ‘അമ്മയോടും കാണിക്കുന്നതും സംസാരിക്കുന്നതും പെരുമാറുന്നതുമെല്ലാം. അത് മാതാപിതാക്കളിൽ അതിയായ നിരാശയും മാനസികതകർച്ചയും ഉണ്ടാക്കുകയും അവരെ പ്രകോപിതരാക്കുകയും ചെയ്യുന്നതിനാൽ അവർ എപ്പോഴും കുട്ടികളോട് ഈർഷ്യയോടും ദേഷ്യത്തോടെയും പെരുമാറാൻ പ്രേരിതരാകുകയും ചെയ്യുന്നു.

മാതാപിതാക്കൾ ചിന്തിക്കുന്നത് മക്കളിലാണ് എല്ലാ തെറ്റുകളും പിഴവുകളും എന്നാണ്. എന്നിട്ട് ഇവൻ/ഇവൾ ഞങ്ങൾക്ക് വഴങ്ങില്ല, ഞങ്ങൾ പറഞ്ഞത് കേൾക്കില്ല, അനുസരിക്കില്ല, ഒരിക്കലും ഗുണം പിടിക്കാത്ത മക്കൾ ആണ് ഇവർ എന്നൊക്കെ പറഞ്ഞ് കുട്ടികളെ തളർത്തുന്നു. എന്നിട്ട് സ്വയം നിരാശരും ക്ഷുഭിതരും ആവുന്നു. പിന്നീട് അങ്ങോട്ട് കുട്ടിയോട് ഈ നിരാശയും അരിശവും ക്ഷോഭവും കലർന്ന ടോണിലെ മാതാപിതാക്കളും സംസാരിക്കുള്ളൂ. അത് കുട്ടികളുടെ ഉള്ളിൽ വാശിയും ദേഷ്യവും പകയും ജനിപ്പിക്കുന്നു. അവർ പഴയതിനെക്കാൾ മോശമായ സ്വഭാവവും പ്രവൃത്തികളും കാണിക്കാൻ തുടങ്ങുന്നു.

ജനിച്ചു വീഴുന്ന കുഞ്ഞ് എല്ലാ സാധ്യതകളോടും കൂടി അച്ഛനമ്മമാരുടെ കൈകളിലേയ്ക്കാണ് ലഭിക്കുന്നത്. കൗമാരം വരെ കൂടെ തന്നെ ചേർത്ത് നിർത്തി എല്ലാം പറഞ്ഞുകൊടുക്കാനുള്ള ഒരു കാലഘട്ടം മുന്നിൽ ഉണ്ടായിട്ടും, മക്കളാണെങ്കിൽ ഈ പ്രായത്തിൽ നമ്മെ ഇരുന്ന് കേൾക്കാനും തയാറാവും. നമ്മെ കേൾക്കാൻ അവർക്ക് എന്തൊരു ഇഷ്ടമായിരിക്കുമെന്നോ? സ്നേഹത്തോടെ അവരിലേക്ക് എന്തെല്ലാം നമുക്ക് പകർന്നു നൽകാൻ കഴിയും. എന്നിട്ടും രക്ഷിതാക്കൾ അന്ന് അതിനെക്കുറിച്ച് ചിന്തിക്കുന്നു പോലും ഇല്ല. അച്ഛനും അമ്മയും കാണിക്കുന്ന നിഷ്‌ക്രിയത്വമാണ് അവിടെ പ്രകടമാവുന്നത്. മൂല്യങ്ങളും ചിട്ടകളും അനുസരണ ശീലവും പഠിപ്പിക്കുമ്പോൾ പക്ഷെ മറക്കാതിരിക്കുക ഒരിക്കലും ഇവയൊന്നും പഠിപ്പിക്കുന്നത് അവരെ തങ്ങളുടെ നിയന്ത്രണത്തിൽ നിർത്താനോ, ചൊല്പടിക്ക് നിർത്താനോ വേണ്ടി ആവരുത്. മക്കളെ സ്വതന്ത്രവ്യക്തികളാക്കി തന്നെ വേണം വളർത്താൻ. അതുകൊണ്ട് അവരെ നല്ലൊരു വ്യക്തിയാക്കാനുള്ള ഉദ്ദേശം മാത്രമാവണം നമ്മൾ നൽകുന്ന പാഠങ്ങളുടെയെല്ലാം ലക്ഷ്യം.

Also read: നാമാണ് നമ്മുടെ സന്തോഷത്തിന്റെ കാരണം കണ്ടത്തേണ്ടത്!

സ്വന്തം ജീവിതം തന്നെ മതി ഒരാൾക്ക് വലിയൊരു പാഠപുസ്തകമാക്കി എടുക്കാൻ. സ്വന്തം ജീവിതത്തെ അങ്ങനെ കാണാൻ കഴിഞ്ഞാൽ ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ വേറെ എവിടെയും തേടേണ്ടി വരില്ല. കൗമാരത്തിലേയ്ക്ക് കടക്കുന്ന മക്കളുമായി എങ്ങനെയൊക്കെയാണ് ഇടപഴക്കേണ്ടത്? അവരുമായിട്ടുള്ള സമ്പർക്കം, സംസാരം, ഇടപെടൽ ഇതിനെക്കുറിച്ചെല്ലാം ചെറിയ രീതിയിലെങ്കിലും അവബോധം സത്യത്തിൽ രക്ഷിതാക്കൾക്ക് ഉണ്ടായിരിക്കേണ്ടതാണ്. ഓഹ് ഇതെല്ലാം അറിഞ്ഞിട്ടാണോ ഞങ്ങൾ മക്കളെ വളർത്തിയത് എന്ന് ചോദിക്കുന്നവരോട് ചില കാര്യങ്ങൾ സൂചിക്കാം…

ഒരൊറ്റ വാക്യത്തിൽ പറയുകയാണെങ്കിൽ “പഴയകാലത്ത് കുടുംബം എന്നുവെച്ചാൽ മാതാപിതാക്കളെ കേന്ദ്രീകരിച്ചായിരുന്നു. അതായത് parent centered ആയിരുന്നു. ഇന്ന് അത് നമ്മൾ പോലും അറിയാതെ കുട്ടികളിൽ കേന്ദ്രീകൃതമായിരിക്കുന്നു. അതായത് child centered ആയി മാറിയിരിക്കുന്നു” അതിന്റെതായ മാറ്റങ്ങൾ കുടുംബങ്ങളിലും സമൂഹത്തിലും പ്രകടമായി തന്നെ കാണുന്നുമുണ്ട്. ചുറ്റിനും നോക്കിയാൽ മനസ്സിലാവും പണ്ടത്തെ ജീവിത രീതിയല്ല ഇന്ന് നമ്മുടേത്, ആർക്കും ആരുടെയും മീതെ നിയന്ത്രണം ഇല്ലാതായി കൊണ്ടിരിക്കുകയാണ്.

പണ്ട് മാതാപിതാക്കൾ ആയിരുന്നു എല്ലാം തീരുമാനിച്ചിരുന്നത്.  വീട് എങ്ങനെ വേണം, വീട്ടിൽ എന്തെല്ലാം വേണം, ഭക്ഷണം വല്യച്ഛനും വല്യമ്മയ്ക്കും അച്ഛനും അമ്മയ്ക്കും ഇഷ്ടമുള്ള വിഭവങ്ങൾ ആയിരുന്നു ഉണ്ടാക്കിയിരുന്നത്. എന്നാൽ ഇന്നോ? മക്കൾക്ക് ഇതാണ് ഇഷ്ടം ഇത് മതി അച്ഛനും അമ്മയ്ക്കും. മക്കൾക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്യുന്നത് പോട്ടെ വല്യച്ഛനും വല്യമ്മയും ഉണ്ടെങ്കിൽ അവർക്ക് അതൊന്നും പിടിക്കില്ലെന്നൊന്നും ആരും ഗൗനിക്കുന്നില്ല. പതിയെ പതിയെ വല്യച്ഛനും വല്യമ്മയും ഫ്രെയിമിന്റെ മൂലയിലേയ്ക്ക് തള്ളപെടുന്നത് നമ്മൾ അറിഞ്ഞില്ലെങ്കിലും അവർ അത് അറിയുന്നുണ്ട്. മക്കൾക്കായി ഇന്ന് പ്രാധാന്യം. വീടിന്റെ പ്ലാൻ വരയ്ക്കുന്നത് മുതൽ വീട് എങ്ങനെ വേണം കുട്ടികൾക്കുള്ള റൂമുകൾ പ്രത്യേകം കുട്ടികൾ തന്നെ ഡിസൈൻ ചെയ്യിപ്പിക്കുന്നു, വീടിന്റെ പെയിന്റ്, ഫർണിച്ചർ എല്ലാം മക്കളാണ് തീരുമാനിക്കുന്നത്, എങ്ങനെ വേണമെന്നതൊക്കെ. ടൂർ പോകാൻ ഏറ്റവും മുൻഗണന മക്കൾക്ക് ഇഷ്ടമുള്ള സ്ഥലം തന്നെ. പുറത്ത് ഭക്ഷണം കഴിക്കാൻ ഒരു റെസ്റ്റോറന്റ് തിരയുമ്പോൾ മക്കളുടെ തൽപര്യത്തിന് അനുസരിച്ചുള്ളതാണ് നോക്കുന്നത്.

കുടുംബത്തിലെ കാരണവന്മാരുടെയും ജന്മം നൽകിയ മതപിതാക്കളുടെയും ഇഷ്ടത്തിന് മാത്രം പ്രാധാന്യം നൽകി, അവരുടെ ആജ്ഞയ്ക്ക് അനുസരിച്ച് ജീവിച്ച് ഒരു കാലത്ത് മക്കൾക്ക് അവരുടേതായ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒന്നുമല്ലാതായി പോയ, അവനവന് വേണ്ടി ജീവിക്കാൻ കഴിയാതെ പോയ ഒരു കാലമുണ്ടായിരുന്നു. വിവാഹപ്രായമെത്തിയാൽ പോലും വിവാഹം കഴിഞ്ഞും കാരണവന്മാർ പറയുന്നത് കേട്ട് മാത്രം ജീവിച്ച അവർക്ക് എതിരഭിപ്രായം പറയാനോ സ്വഇഷ്ടപ്രകാരം ജീവിക്കാനോ, തീരുമാനം എടുക്കാനോ പോലും സാധിച്ചിരുന്നില്ല.

Also read: ഒരു ഫലസ്ഥീന്‍ വസന്തത്തിന് സമയമായിരിക്കുന്നു

പക്ഷെ ഇന്നോ മക്കളുടെ ആഗ്രഹത്തിനും ഇഷ്ടത്തിനുമൊത്ത് തുള്ളി സ്വന്തം ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കും സ്ഥാനമില്ലാതായിപ്പോകുന്നത് അറിയാൻ മാതാപിതാക്കൾ വൈകുന്നു. അതിൻെറ ഫലമോ, കാര്യങ്ങൾ എല്ലാം ഏതാണ്ട് തിരിച്ചുപിടിക്കാൻ കഴിയാത്തവിധം കൈവിട്ടു കഴിഞ്ഞു കാണും. കുഞ്ഞുങ്ങളെ കുറ്റപ്പെടുത്തിയിട്ടൊന്നും കാര്യമില്ല. പിഴവുകൾ വരുന്നത് മാതാപിതാക്കൾക്കാണ്.

മാതാപിതാക്കൾ മാത്രം തീരുമാനിക്കുന്നതോ, എന്നാൽ മക്കളുടെ ഇഷ്ടം മാത്രം നോക്കിയോ ആവരുത് വീട്ടിൽ ഒന്നും നടപ്പിലാക്കേണ്ടത്. കുട്ടികളുടെ അഭിപ്രായങ്ങൾ ആരായുകയും അതോടൊപ്പം വീട്ടിലെ അച്ഛന്റെയും അമ്മയുടെയും ഇഷ്ടങ്ങൾക്കും കൂടെ പ്രാധാന്യം കൽപ്പിച്ച് എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന വിധം അവസാന തീരുമാനം (final decision) അവരാവണം(parents) എടുക്കേണ്ടത്. എല്ലാവരെയും എന്നുവെച്ചാൽ അവനവനെയും തൃപ്തിപ്പെടുത്തണം അല്ലാതെ അവനവന്റെ ഇഷ്ടങ്ങളെയും ആഗ്രഹങ്ങളെയും മാറ്റി വെച്ച്, സർവ്വപരിത്യാഗികളായി, ബാക്കിയുള്ളവരുടെ സന്തോഷം മാത്രം നോക്കി ജീവിച്ച് അവസാനം ഒന്നുമല്ലാതായി പോകുന്ന അവസ്ഥയിൽ നീറി നീറി ജീവിച്ചു മരിക്കേണ്ട ഗതി വരരുത്.

 

Related Articles