Personality

കൗമാരക്കാരോട് കരുതലുണ്ടാവണം

കൗമാരപ്രായത്തോട് അടുത്ത് വരുന്ന തങ്ങളുടെ കുട്ടികളെക്കുറിച്ച് മാതാപിതാക്കളോട് ഒന്ന് അന്വേഷിച്ചാൽ ചിലപ്പോൾ അപൂർവ്വം ചിലർ ഒഴികെ ഒട്ടുമിക്ക മാതാപിതാക്കൾക്കും പറയാനായി ഉണ്ടാവുന്നത് ഒരുപക്ഷേ പൊതുവായ കുറച്ച് കാര്യങ്ങളായിരിക്കും. ഓഹ്.. അവളോ? അവനോ? ഒന്നും പറഞ്ഞാൽ അനുസരിക്കില്ല, കേൾക്കില്ല, വെറും തന്നിഷ്ടക്കാരനാണ്/ തന്നിഷ്ടക്കാരിയാണ് എന്നൊക്കെ തന്നെയാവും. എന്താവാം കാരണം..? (മനുഷ്യന്റെ ഓരോ പരിണാമദശയിലും അവർ കടന്നുപോകുന്ന സൈക്കോളജിക്കലായ അവസ്ഥാന്തരങ്ങളെക്കുറിച്ച് അല്പമെങ്കിലും പഠിച്ചെങ്കിലെ നമുക്ക് അത് യഥാർത്ഥത്തിൽ വായിച്ചെടുക്കാൻ കഴിയുകയുള്ളൂ. വിശദമായി തുടർ ലേഖനങ്ങളിൽ വായിക്കാം)

പലപ്പോഴും മാതാപിതാക്കളിൽ നിന്ന് ഒരു കൗൺസിലർ എന്ന രീതിയിലും അല്ലാതെയും ഒരുപാട് തവണയായി കേട്ട് കഴിഞ്ഞ കാര്യമാണ് മേല്പറഞ്ഞവ. പിന്നീട് അവർ പരാതികെട്ടുകൾ അഴിച്ച്‌വെയ്ക്കലായി, മക്കളെക്കുറിച്ചുള്ള ആരോപണങ്ങൾ ഓരോന്ന് ഓരോന്നായി നിരത്തി വെയ്ക്കും. പലവിധ കുറ്റപ്പെടുത്തലുകളായി പഴിചാരലുകളായി അതല്ലെങ്കിൽ പുതുതലമുറയെ മൊത്തത്തിൽ അങ്ങ് അടച്ചാക്ഷേപിക്കലായി മാറും. ഇന്ന് മാതാപിതാകളുടെ റോൾ നിറവേറ്റാൻ ബാധ്യസ്ഥരായ തങ്ങൾ ഇന്നലത്തെ പുതുതലമുറയായിരുന്നു എന്നോ ഇതേ സാഹചര്യങ്ങൾ തങ്ങളും അഭിമുഖീകരിക്കേണ്ടി വന്നിരുന്നുവെന്നൊക്കെ അവരും മറന്ന് പോകുന്നു.

ഒന്ന് ആലോചിച്ചാൽ നമുക്ക് തന്നെ മനസ്സിലാക്കാം എന്നും പുതുതലമുറയെ പഴിക്കുന്ന പഴയ തലമുറകളെ മാത്രമേ നമുക്ക് കാണാൻ സാധിക്കുള്ളൂ, അത് ആരുടെയും തെറ്റല്ല. പഴയ തലമുറ മുറുകെ പിടിക്കുന്ന എന്നാൽ പുതുതലമുറയ്ക്ക് അനാവശ്യമെന്നോ, നിസ്സാരമെന്നൊക്കെ തോന്നിപ്പിക്കുന്ന പരമ്പരാഗത മൂല്യങ്ങളെ നിശേഷം പുതു തലമുറ അവഗണിക്കുകയും അതിലംഘിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന ശുണ്ഠിയും അമർഷവും വീട്ടിലെ പ്രായം ചെന്ന ആളുകളിലെ വാക്കുകളിലും പ്രവൃത്തികളിലും പ്രകടമായിരിയ്ക്കും. മാത്രമല്ല, തങ്ങളുടെ പിൻഗാമികളിൽ നിന്ന് അവർ പ്രതീക്ഷിക്കുന്ന അതിവിധേയത്വം കലർന്ന അച്ചടക്കവും അടക്കവും ഒതുക്കവും പുതുതലമുറയ്ക്ക് ഒരുപക്ഷേ ഇഷ്ടപ്പെടുന്നുണ്ടാവില്ല, സ്വീകാര്യവുമായിരിക്കില്ല. അതാണെങ്കിൽ പഴമക്കാർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞെന്നും വരില്ല. ഇതെല്ലാം കുടുംബങ്ങളിൽ അസ്വാരസ്യങ്ങൾ സൃഷ്ടിയ്ക്കുന്നുണ്ട്.

മാതാപിതാക്കൾ എന്ന് പറയുന്നത് ഒരു തരത്തിൽ പറഞ്ഞാൽ മീഡിയേറ്റേഴ്‌സ് അഥവാ ഇടനിലക്കാർ ആണെന്ന് പറയാം. തങ്ങൾ പ്രതിനിധീകരിക്കുന്ന തലമുറയെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം തന്നെ രണ്ട് തലമുറകളെ ഒരേ സമയം അവർ ഡീൽ ചെയ്യേണ്ട ആവശ്യം കൂടെ വരുന്നു. വീട്ടിലെ വലിയച്ഛൻ വലിയമ്മമാർ പഴഞ്ചൻ കാഴ്ചപ്പാടുകൾ വെച്ചുപുലർത്തുന്നവരാണെങ്കിൽ തങ്ങളിലൂടെ പിറവികൊണ്ട മക്കൾ ആധുനിക സമൂഹത്തെ പ്രതിനിധീകരിക്കുന്ന തലമുറയായിട്ടാണ് വളരുന്നത്. രണ്ടും തമ്മിൽ അത്രയും വലിയ അന്തരമാവുമല്ലോ. വീട്ടിനകത്ത് അവർക്കിടയിലെല്ലാം സ്വരചേർച്ചയും ഒരുമയും (harmony) നിലനിൽക്കണമെങ്കിൽ ഈ ഇടനിലക്കാർക്ക് രണ്ട് വിഭാഗത്തെയും ഒരേപോലെ ഡീൽ ചെയ്യാൻ കഴിയേണ്ടതുണ്ട്.

മേൽപ്പരപ്പിൽ പരതുന്നതുകൊണ്ട് പരസ്പരം കുറ്റപ്പെടുത്താൻ കാരണങ്ങൾ കണ്ടെത്താം എന്നല്ലാതെ പ്രശ്നങ്ങളുടെ മൂലകാരണം എന്തെന്ന് കണ്ടെത്താൻ താഴ് വേര് മാന്തിയെടുത്ത് പുനഃപരിശോധനയ്ക്ക് വെയ്ക്കേണ്ടി വരും. അങ്ങനെയൊരു സാഹചര്യത്തിൽ ചിലപ്പോഴെല്ലാം വിരൽ മാതാപിതാക്കൾക്ക് നേരെയും ചൂണ്ടപ്പെടുമെന്നതിൽ സംശയമില്ല. കൗണ്സിലിങ് ചെയ്യുന്നതിനിടയിൽ തന്നെ നമുക്ക് മനസ്സിലാവും ഇത് ഇപ്പോൾ മക്കൾക്ക് അല്ലല്ലോ സത്യത്തിൽ കൗണ്സിലിങ് വേണ്ടതെന്ന്.

ഒരു കൗണ്സിലറുടെ അടുത്ത് പ്രശനങ്ങൾക്ക് പരിഹാരം തേടി വരുന്ന മാതാപിതാക്കൾ അല്ലെങ്കിൽ ജീവിതപങ്കാളി കരുതുന്നത് കൗണ്സിലർ ആ പ്രശ്നത്തെ വളരെ വിദഗ്ധമായി ഇലയ്ക്കോ മുള്ളിനോ കേടില്ലാത്ത പോലെ പതുക്കെ നുള്ളിയെടുത്ത് ദൂരെ കളയും എന്നാണ്. ഒരു പരിധി വരെ സാധിക്കും അത് കൗണ്സിലിംഗിനായ് വരുന്നവരിൽ സഹകരണമനോഭാവം ഉണ്ടെങ്കിൽ മാത്രം. സകല പ്രശനങ്ങൾക്കും കാരണക്കാരായ തങ്ങളുടെ ജീവിതപങ്കാളിയെ, മക്കളെയൊക്കെ കൗണ്സിലർ ഉപദേശിച്ചെടുത്ത് തങ്ങൾ കരുതുന്നപോലെ നന്നാക്കി തരുമെന്ന് വിശ്വസിക്കവരും ഉണ്ട്. എന്നാൽ… ഒരു കൗണ്സിലറിന്റെ ജോലി അതല്ല. ആ വ്യക്തിയെ ക്രിട്ടിക്കലി ചിന്തിപ്പിക്കുക, പറ്റുമെങ്കിൽ അല്പമൊന്ന് ഉൾക്കണ്ണ് തുറപ്പിക്കുക അതുമല്ലെങ്കിൽ മറ്റുള്ളവരുടെ കണ്ണിലൂടെയും പ്രശനങ്ങളെ കാണാനും സമീപിക്കാനും ഒരു പരിശ്രമം നടത്താൻ അവരെ പറഞ്ഞു മനസ്സിലാക്കികൊടുക്കുക എന്നത് മാത്രമാണ്.

എന്ത് വേണം ഏത് വേണമെന്നറിയാത്ത വിധം മാതാപിതാക്കളെ നിസ്സഹായതയിൽ തളച്ചിട്ടിട്ട്, അവരെയിട്ട് നട്ടം കറക്കുന്ന മക്കൾ ഉണ്ട്. എന്തുകൊണ്ടാണ് മക്കൾ ഇത്തരത്തിൽ പെരുമാറുന്നത്? ഇത് എങ്ങനെ സംഭവിക്കുന്നു?

എത്ര പറഞ്ഞുകൊടുത്താലും മാതാപിതാക്കളുടെ കണ്ണുകളിലൂടെയും കൂടെ കാര്യങ്ങളെ വീക്ഷിച്ച് വിഷയങ്ങളെ സമീപിക്കാൻ ഒരു ശ്രമം പോലും നടത്താൻ തയാറാവാത്ത എപ്പോഴും സംസാരത്തിൽ ഞാൻ, എനിയ്ക്ക്, എന്റെ എന്ന് മാത്രം ഉച്ചരിക്കുന്ന മക്കൾ മാതാപിതാക്കൾക്ക് വലിയ തലവേദനയാണ് നൽകുന്നത്. മാതാപിതാക്കളെയോ അവരുടെ മനസ്സോ ആറിയാൻ അല്പം പോലും അവർ തയാറാവില്ല.

ഒരിക്കൽ ടീനേജ് പ്രായത്തിലുള്ള ഒരു പെണ്കുട്ടിയെ കൗസിലിംഗ് ചെയ്തപ്പോൾ വളരെ വിചിത്രമായ അനുഭവമാണ് എനിയ്ക്ക് ഉണ്ടായത്. അവളിൽ നിന്ന് അവസാനം എനിയ്ക്ക് മനസ്സിലാക്കിയെടുക്കാൻ കഴിഞ്ഞത് എന്തെന്നാൽ ലോവർ പ്രൈമറി ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് അവളുടെ ഉറ്റസുഹൃത്തായ അവളുടെ കളികൂട്ടുകാരിയെയും അവളെയും തമ്മിൽ വീട്ടുകാർ അകറ്റുകയുണ്ടായി, വെവ്വേറെ ക്ലാസ്സിലാക്കിയത് അവരുടെ അമിതകൂട്ടുകെട്ടും കളിയും പഠനത്തെ ബാധിച്ചേക്കും എന്നതായിരുന്നു അവർ കണ്ടെത്തിയ ഒരു കാരണം. പക്ഷെ അത് കുട്ടിയിൽ ഉണ്ടാക്കിയ ഇമ്പാക്ട് വലുതായിരുന്നു. അന്നവളുടെ ഹൃദയത്തിലേറ്റ മുറിവ്, അവൾ അനുഭവിച്ച, അവൾ കടന്നുപോയ അതിതീവ്രമായ വേദനയാണ് അവളിൽ പിന്നീട് ഒരു നിഷേധിയെ വളർത്തിയതും അവളിൽ ഇത്രത്തോളം രൂഢമൂലമാക്കിയെടുത്തതെന്നും അറിയാൻ സാധിച്ചു.

സ്‌കൂൾ തന്നെയാണ് ആദ്യവിദ്യാലയം. മാതാപിതാക്കൾ ആണ് ആദ്യഅദ്ധ്യാപകർ. അറിവിന്റെ അക്ഷയപാത്രം കുഞ്ഞുങ്ങൾക്ക് നേരെ നീട്ടിക്കൊണ്ട് അവർക്കായി വിശാലമായ ലോകത്തേയ്ക്ക് ഒരു വാതിൽ തുറക്കാം. അവരുടെ മുന്നിൽ വലിയൊരു സർവകലാശാല തന്നെ ആയി മാറാനും മാതാപിതാക്കൾക്ക് കഴിയും. അറിവുകൾ വെളിച്ചമാണ്… ബോധത്തിലേയ്ക്കുള്ള മാർഗ്ഗം തെളിയിക്കുന്ന വെളിച്ചം..

ഇവിടെയാണ് വളരെ ഇഫക്ടീവ് ആയ, ക്രിയാത്മകമായ രക്ഷാകർതൃത്വത്തിന്റെ പ്രസക്തി. രക്ഷാകർതൃത്വം ഒരു കുഞ്ഞിന്റെ വ്യക്തിത്വരൂപീകരണത്തിൽ ബൃഹത്തായ ഒരു പങ്ക് വഹിക്കുന്നുണ്ടെന്നത് കൂടുതൽ മനസ്സിലാക്കാൻ ഒരുപക്ഷേ ഇതുപോലെ അല്ലെങ്കിൽ ഇതിനേക്കാൾ സൂക്ഷ്മമായ ഒരു അപഗ്രഥനം തന്നെ ആവശ്യമാണ്.

Facebook Comments
Related Articles
Show More

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.
Close
Close