Personality

വ്യക്തിത്വത്തെക്കുറിച്ച് നിലനിൽക്കുന്ന ചില തെറ്റിദ്ധാരണകൾ

പേഴ്സണാലിറ്റി എന്ന വാക്ക് ഗ്രീക്ക് പദമായ പേഴ്സോണ എന്ന വാക്കിൽ നിന്നുണ്ടായതാണെന്ന് നിങ്ങളിൽ പലർക്കുമറിയാമായിരിക്കും. പേഴ്സോണ എന്ന വാക്കിന് അർത്ഥം മുഖംമുടി എന്നാണ്, അതായത് നാടകങ്ങളിൽ അഭിനയിക്കുമ്പോൾ അഭിനേതാക്കൾ അണിയുന്ന ഒരു തരം മാസ്‌ക്ക്. ഈയൊരു അറിവ് വെച്ചുകൊണ്ടും അവനവനായിട്ട് ഊഹിച്ചെടുക്കുന്ന ചില കാരണങ്ങൾ നിരത്തിവെച്ചും പേഴ്സണാലിറ്റി എന്നാൽ ശരിയ്ക്കും പറഞ്ഞാൽ ഒരു മുഖംമൂടി എടുത്തണിയൽ എന്ന രീതിയിൽ വാദഗതികൾ ഉയർത്തുന്ന ചിലരെയെങ്കിലും കണ്ടിട്ടുണ്ട്. അത് മനുഷ്യനിലെ യഥാർത്ഥ മുഖത്തെ അല്ലെങ്കിൽ നൈസർഗികതയെ മറച്ചുവെച്ചുകൊണ്ട് മറ്റൊരു കപടമുഖം സ്വീകരിക്കലല്ലേ എന്നതാണ് അവരുടെ ചോദ്യം. ഇത് ഒരുപക്ഷേ കേൾക്കുന്നവർക്കും തോന്നും, അതേ ശരിയാണല്ലോ എന്ന്. തനിയ്ക്ക് സാധാരണ പോലെ ഒരു മനുഷ്യനായി പച്ചയായി ജീവിക്കെണ്ടിടത്ത് അതൊന്നുമല്ലാത്ത മറ്റെന്തോ ഒന്നിനെ കൃത്രിമമായിട്ട് രൂപപ്പെടുത്തിയെടുക്കുന്നതല്ലെ ഇവർ ഇത്ര ഗൗരവപരമായിട്ട് അല്ലെങ്കിൽ ആന സംഭവമായി വിവരിക്കുന്ന വ്യക്തിത്വം എന്നൊക്കെ ചിന്തിച്ചേക്കാം. വളരെ തെറ്റിദ്ധാരണാജനകമായ ഒരു ചിന്തയാണ് അത്. നാം മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ വ്യക്തിത്വവും (personality) വ്യക്തിപ്രഭാവവും പ്രഭാവലയവും(aura) ഓരോ മനുഷ്യർക്കും ഉണ്ട്. അത് നാം അറിയാതെ അല്ലെങ്കിൽ അജ്ഞതയിൽ രൂപപ്പെട്ടുവരുന്ന ഒന്ന് ആയിരിക്കും എന്ന് മാത്രം. അത്തരം ഒരു വ്യക്തിയിൽ ഒട്ടേറെ അപാകതകളും ന്യൂനതകളും അയാളുടേതായ തെറ്റായ നിഗമനങ്ങളും കണ്ടെത്താൻ സാധിക്കും. അതേസമയം അതിനെ തിളക്കമാർന്നതും അവനവനും സ്വന്തം കുടുംബത്തിനും സമൂഹത്തിനും സ്വന്തം രാജ്യത്തിനും ഉതകുന്നതും പ്രയോജനപ്പെടുന്നതുമാക്കിയെടുക്കാൻ വ്യക്തിത്വബോധം ഉണ്ടായേ തീരൂ. അതിനാൽ ആത്മബോധം അല്ലെങ്കിൽ വ്യക്തിത്വബോധം എന്നൊക്കെ പറയുന്നത് അതിപ്രധാനമാണ്. ഇത്തരം ഒരു ബോധം കുഞ്ഞിലേയ്ക്ക് സന്നിവേശിപ്പിക്കാനും സ്വന്തം കഴിവിലും ടാലന്റിലും വിശ്വാസമർപ്പിച്ചുകൊണ്ട് കുഞ്ഞുങ്ങളുടെ ജീവിതത്തെ ഫലസമ്പൂർണ്ണമാക്കുന്നതിൽ അവരെ സഹായിക്കാനും രക്ഷിതാക്കൾക്ക് കഴിയും. സ്വന്തം അസ്തിത്വതത്തെക്കുറിച്ച് ബോധം വരുമ്പോഴാണ് വ്യക്തിപരമായ വളർച്ച ഉണ്ടാവുന്നത്. വ്യക്തിത്വം നിലനിർത്താൻ സാധിക്കാതെ വരുമ്പോഴാണ് അസ്തിത്വം ഇല്ലാതാവുന്നത് എന്നും നാം മറക്കരുത്.

വ്യക്തിത്വബോധമുള്ള മനുഷ്യർ അവനവനെ തന്നെയും ചുറ്റുപാടുകളെയും സ്വാധീനിക്കാനും അവയ്ക്ക് തന്നിലേക്കുള്ള അനധികൃതമായ കടന്നുകയറ്റത്തെ നിയന്ത്രിക്കാനുമുള്ള അന്തരീക ശക്തിയും അതേപോലെ ബാഹ്യശക്തിയുടെ ഏതൊരു അധിനിവേശത്തെയും മദ്യം പോലുള്ള ലഹരി വസ്തുക്കൾ തുടങ്ങി പുറം ലോകത്ത് നിന്നുള്ള പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും തടുക്കാനും യുക്തിസഹവും വിവേകബുദ്ധിയോടെയുമുള്ള ചിന്തകൾകൊണ്ട് പലതിനെയും സ്വന്തം ബലഹീനതയെ പോലും മറികടക്കാനും സാധിക്കുന്നവർ ആയിരിക്കും. തന്നിലെ ദൗർബല്യങ്ങൾക്ക് കീഴടങ്ങാതെ മനസ്സിനേയും ചിന്തകളെയും ക്രിയാത്മകമായൊരു തലത്തിലേയ്ക്ക് എത്തിക്കാൻ കഴിയുന്നവർ ആണവർ. മനസ്സിന്റെ ഒരു ഭാവനാ സൃഷിയാണ് ജീവിതം എന്ന് പറയുന്നു. ഇപ്പറയുന്ന ഭാവനകളിൽ ചില യാഥാർത്ഥ്യങ്ങളും അല്പം പോസിറ്റീവ് ചിന്തകളും സ്വാധീനിക്കുമ്പോഴോ.. ??

Also read: ഇസ്ഫഹാൻ നഗരത്തിന്റെ ചരിത്ര വഴികൾ

വ്യക്തിത്വമുള്ളവർ ജീവിതം അസ്വദിക്കുന്നില്ല എന്ന തോന്നലാണ് ചിലർക്ക്. അതിസങ്കീർണ്ണവും അപ്രാപ്യവും തങ്ങളെപ്പോലുള്ളവർക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതും മനുഷ്യന്റെ എല്ലാ സ്വാതന്ത്ര്യങ്ങൾക്കും വിഘ്നം നിൽക്കുന്നതുമായ എന്തോ ഒന്ന് മാത്രമാണ് അവർക്ക് വ്യക്തിത്വം. ഒരു പ്രത്യേക റൂട്ടിൻ ശീലിച്ചെടുത്ത് വളരെ ബുദ്ധിമുട്ടിയുള്ള സിസ്റ്റമാറ്റിക്കായ ജീവിതത്തെ അണുതെറ്റാതെ പിന്തുടർന്ന് എന്ത് കാര്യങ്ങളിൽ ഏർപ്പെടുമ്പോഴും സ്വന്തം ഇമേജിനെക്കുറിച്ച് ആകുലപ്പെട്ട് ജീവിക്കുന്നതിനെ മൂഢത്വമെന്ന് വിശേഷിപ്പിക്കുകയും ആളുകളുടെ മുന്നിൽ എപ്പോഴും മര്യാദരാമനായി, കുറെ നിലപാടുകളും സ്വന്തം തീരുമാനങ്ങളുമായി കടുംപിടുത്തത്തോടെ ജീവിക്കുന്ന ഒരാൾക്ക് എങ്ങനെ ജീവിതം ആസ്വദിക്കാൻ കഴിയും എന്നുമാണ് അവരൊക്കെ ചിന്തിക്കുന്നത്. ഇത്തരം ചിന്തകൾ സ്വാഭാവികം മാത്രം. പക്ഷെ ഏറ്റവും നന്നായിട്ട് ജീവിതത്തെ അടുത്തറിയാനും എല്ലാ ഭാവത്തിലും അർത്ഥത്തിലും ജീവിതത്തെ ചേർത്തുപിടിച്ച് ആസ്വദിക്കാനും വ്യക്തിത്വബോധമുള്ളവരോളം ആർക്കും കഴിയില്ല എന്നതാണ് ഏറ്റവും വലിയൊരു സത്യം. സുതാര്യമായ മനസ്സ് ആയതിനാൽ സധൈര്യം ഉള്ളംതുറന്ന് സംസാരിക്കാനും ഇടപഴകാനും ആഘോഷവേളകളിൽ പ്രിയപ്പെട്ടവരോടൊപ്പം ചേർന്ന് അസുലഭ നിമിഷങ്ങളെ ആനന്ദദായകമാക്കാനും അവർക്ക് കഴിയും. അകക്കണ്ണ് തുറന്ന് കാര്യങ്ങളെയെല്ലാം സുവ്യക്തമായി ദർശിക്കാൻ കഴിയുന്ന തിരിച്ചറിവാണ് വ്യക്തിത്വം. സ്വന്തം ജീവിതം സ്വന്തമായ ആഗ്രഹത്തിനും ഇച്ഛയ്ക്കും അനുസരിച്ച് മനോഹരമായി മോഡിഫൈ ചെയ്തെടുക്കാനും ക്രിയേറ്റിവ് തലത്തിലേക്ക് ഉയരാനും ആരും ഒന്ന് മനസ്സ് വെച്ചാൽ നടക്കും. സ്വയം അച്ചടക്കവും മര്യാദകളും പാലിക്കുന്ന ഏത് കാര്യങ്ങളിലും മറ്റുള്ളവരെയും അവരുടെ ഇമോഷൻസിനെയും ഗൗനിക്കുന്ന, കെയർ ചെയ്യുന്ന ഒരു വ്യക്തി അവനവനെ സ്നേഹിക്കുന്ന ഒരാൾ തന്നെ ആയിരിക്കും. അവനവനോട് അല്പം പരുഷമാക്കുന്നത് നാം നമ്മെ തന്നെ സ്നേഹിക്കുന്നു എന്നതിന്റെ സൂചനയാണ്.

ദുർവാശിയോ അഹന്തയോ ആല്ല വ്യക്തിത്വം എന്നും കൂടെ അടിവരയിട്ടു പറയുന്നു. നിലപാടുകൾ തുറന്ന് പറയുകയും സ്വന്തം കാഴ്ചപ്പാടുകൾക്ക് അനുസരിച്ച് ജീവിക്കുകയും വിശാലത കാണിക്കേണ്ടിടത്ത് വിശാലതയും അല്ലാത്തിടത്ത് കണിശതയുമായി നിർഭയം മുന്നോട്ട് പോകാനും മടിക്കാത്തവരാണ് അവർ. ജീവിതത്തിൽ ഓരോന്നിന്റെയും മൂല്യം വ്യക്തമായി അറിയാവുന്ന ആളെന്ന നിലയ്ക്കും മനുഷ്യരെ എങ്ങനെയും ഉൾക്കൊള്ളാനും അംഗീകരിക്കാനും കഴിയുന്ന ഒരാളെന്ന നിലയ്ക്കും അവർക്ക് ചുറ്റിനും നിന്ന് ആരാധനയോടെ നോക്കി കാണുന്ന, അവരോടൊത്ത് സമയം ചെലവഴിക്കാനും സ്നേഹം പങ്കിടാനും ഒരുപറ്റം ആളുകൾ എന്നും ഉണ്ടാവും.

സത്യത്തിൽ വേണ്ടാത്ത കാര്യങ്ങളിൽ ചെന്ന് കൈയിടേണ്ട ആവശ്യം മനുഷ്യനില്ല എന്നാലും ഒരു കാര്യവുമില്ലാതെ അതിന് മുതിരുന്ന പ്രവണത മനുഷ്യരിൽ ഉണ്ട്. പ്രശ്നങ്ങൾ സ്വയം ക്രിയേറ്റ് ചെയ്തിട്ട് എല്ലാവരുടെയും സ്വൈര്യം നഷ്ടപ്പെടുത്തും. വല്ല വാഗ്വാദങ്ങളും വാക്ക് തർക്കങ്ങളും സംഘട്ടനങ്ങളും നടന്ന് കഴിഞ്ഞാൽ അത് പരിഹരിക്കാൻ വിചാരിച്ചപോലെ കഴിയുമോ? ഇല്ല.. ആരുടെയും ഈഗോ അനുവദിക്കില്ലല്ലോ. പലപ്പോഴും ദുരഭിമാനത്തെ പോലും വലിയ അഭിമാനമായി കാണുന്നവരാണ് നമ്മൾ എന്നോർക്കുക. വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാൻ കഴിയില്ല എന്നല്ലേ. അങ്ങനെയെങ്കിൽ അത്തരം ഒരു സാഹചര്യം ഉണ്ടാവാതെ നോക്കുന്നതല്ലേ ഉത്തമം? വ്യക്തിത്വബോധം ഇതിൽ നിന്നൊക്കെ ഒരു മോചനമായി കാണാം. മറ്റുള്ളവർക്ക് അർഹിക്കുന്ന സ്‌പേസ് നൽകി, അവരുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കാതെ ജീവിക്കുന്നവരുടെ കൂടെ എന്നും ശാന്തിയും സമാധാനവും നിലനിൽക്കും. തന്നെ ആർക്കും വേണ്ട എന്ന വിശ്വാസം മനസ്സിനെ ബാധിച്ചുകഴിഞ്ഞ ഒരാൾക്ക് ഒടുക്കം ആരും ഇല്ലാതാവുന്ന അവസ്ഥ നിങ്ങൾ കണ്ടിട്ടുണ്ടാവും. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ..!! എന്ന ആപ്തവാക്യത്തിന് ആത്യന്തികമായി നമ്മുടെ വിശ്വാസം തന്നെയാണ് നമ്മെ രക്ഷിക്കുന്നതും ശിക്ഷിക്കുന്നതും എന്നർത്ഥം കൂടെയുണ്ട്.

Also read: സബ്രീന ലീക്ക് ഇന്ത്യൻ മുസ്ലിം ജനതയോട് പറയാനുള്ളത്

ഓരോ വിശ്വാസത്തിന്റെയും അനന്തരഫലം അനുഭവിക്കുന്നത് നാം തന്നെയാണ്. വിശ്വാസം എന്നാൽ മതവിശ്വാസം മാത്രമല്ല. മനസ്സിനകത്ത് സെറ്റ് ആയിക്കഴിഞ്ഞ, ജീവിതത്തിൽ പ്രയോജനപ്പെടുന്നതും അല്ലാത്തവയുമായ ഉചിതമോ അനുചിതമോ ആയ ഒട്ടനവധി വിശ്വാസങ്ങൾ ഉണ്ട്. അതിൽ അതിജീവനത്തെ പലവിധത്തിലും തടസ്സപ്പെടുത്തുന്നവയോ, ആകമാനം തകരാറിലാക്കുന്നവയോ ഉണ്ടാവാം. എന്നാലും ഒരു പുനർവിചിന്തനത്തിന് ഒട്ടും അവസരം നൽകാതെ, ഒരിക്കലും മാറ്റങ്ങൾക്ക് തയാറാവാത ഒരേ വിശ്വാസത്തിന് അടിമപ്പെട്ടു ജീവിക്കാൻ നാം തയാറാവുന്നു. നമ്മുടെ ജീവിതത്തെ തന്നെ നിർണയിക്കുന്നതിൽ അതിന്റെ പങ്ക് അത്രയ്ക്ക് വലുതായിരിക്കും എന്നിട്ട് പോലും നാം ബോധവാന്മാർ ആകുന്നില്ല. തനിയ്ക്കും തന്റെ വ്യകിത്വത്തിനും ഹാനികരമായ ഒരു വിശ്വാസത്തെയോ ചിന്തകളെയോ മനസ്സിൽ സ്ഥാനം നൽകാതെ സ്വന്തം യുക്തിയും ബുദ്ധിയും ഉപയോഗിച്ച് തിരിച്ചറിവിലേയ്ക്ക് എത്താൻ മനുഷ്യർക്ക് വിചാരിച്ചാൽ കഴിയും. പക്ഷെ ഈഗോ ഒരു തടസ്സമാവാതിരുന്നാൽ മാത്രം. പുതിയതിനെ സ്വീകരിക്കാൻ ആദ്യം ഒരാൾക്ക് തന്നിലെ അപാകതകളെ തിരിച്ചറിയാനും അംഗീകരിക്കാനും സാധിക്കണം.

നാം മലയാളികൾ പൊതുവെ മറ്റുള്ളവരുടെ നന്മകളെയും കഴിവുകളെയും (എത്ര തന്നെ നന്മകളോ കഴിവോ ഉള്ള ആളായാലും ശരി) അംഗീകരിക്കസൻ വിമുഖത കാണിക്കുന്നവരാണ്, സ്വന്തം കുടുംബത്തിലെയോ. സൗഹൃദവലയങ്ങളിലോ, നാട്ടിലോ ഉള്ള ഒരാൾ ആണെങ്കിൽ പ്രത്യേകിച്ചും. അത് എന്താവാം കാരണം.. നമ്മുടെ കുടുംബത്തിലെ ഒരു അംഗത്തിന് കഴിവുകൾ ഉണ്ടാവാൻ പാടില്ലേ? സ്വന്തം നാട്ടുകാരിൽ ഒരാൾ ആഗ്രഹിച്ച ലക്ഷ്യം നേടാനായി അതിയായി പ്രയത്നിക്കുന്നത് കാണുമ്പോൾ കളിയാക്കി ചിരിക്കും നീയോ എന്ന് പുച്ഛഭാവത്തോടെ ചോദിക്കും. എന്നാൽ പേരും പ്രശസ്തിയും നേടി വരുമ്പോൾ ഹാർദ്ദവമായ സ്വീകരണമായിരിക്കും. ഇത്രയും നാൾ അയാൾ കാണിച്ചിരുന്ന ആ സ്പിരിറ്റിന് അയാളെടുത്ത എഫേർട്ടിന് പുല്ലുവില പോലും കണക്കാക്കാത്ത ആൾക്കാരിൽ ഒരാൾ ആയിരുന്നു നാം. വ്യക്തികളെ അവരുടെ കഴിവുകളെ മനസ്സിലാക്കി അവരെ പ്രശംസിക്കുകയും പോസിറ്റീവ് എനർജി നൽകി കൂടെ നിക്കുകയും ചെയ്യുമ്പോഴാണ് നമ്മിലെ വ്യക്തിത്വം മഹനീയമാകുന്നത്. അതേപോലെ തന്നെ ഒരാളിലെ തിന്മകളെ അംഗീകരിക്കുന്നതിലും വൈമുഖ്യം കാണിക്കുന്നു. ഒരാളെ തിരുത്താൻ ആഗ്രഹിക്കുന്നെങ്കിൽ ആദ്യം അവരിലെ വ്യക്തിത്വത്തെ ഉൾക്കൊള്ളാൻ പഠിക്കണം. ആരും ഇവിടെ പെര്ഫെക്ട് ആയിട്ട് ഇല്ല എന്നും ഓർക്കണം. എന്നും നല്ലവരെ തിരയുന്ന തിരക്കിലാണ് നാം. കബീർദാസ് പാടിനടന്ന പോലെയാണ് നമ്മുടെ കാര്യം. നമുക്ക് പലപ്പോഴും നമ്മെക്കുറിച്ച് തന്നെ അറിയില്ല, അജ്ഞരാണ് നാം നമ്മെക്കുറിച്ച് തന്നെ. എല്ലാ മനുഷ്യരിലും നന്മയും തിന്മയും ഉണ്ട് എന്നാൽ നാം വഞ്ചിക്കപ്പെടുന്നത് വരെ അല്ലെങ്കിൽ നമ്മോട് അനിഷ്ടമായ പെരുമാറ്റങ്ങൾ ഉണ്ടാവുന്നത് വരെ ഒരാൾക്ക് നാം “നല്ലവൻ/നല്ലവൾ” എന്ന പട്ടം ചർത്തിക്കൊടുക്കുന്നു. അവർ പക്ഷെ മുമ്പും അതൊക്കെ തന്നെയായിരുന്നു, നമ്മൾ അറിഞ്ഞിരുന്നില്ല എന്ന് മാത്രം. കഴിയുന്നതും ആരെയും ജഡ്ജ് ചെയ്യാൻ നിൽക്കരുത് ഇനി ചെയ്യൂന്നെങ്കിൽ തന്നെ എല്ലാ വശവും കാണാൻ ശ്രമിക്കണം. ഓരോ അവസരങ്ങളിലും സന്ദർഭങ്ങളിലും നാം ഓരോരുത്തരും നമ്മെ തന്നെ വിലയിരുത്തണം. എല്ലാ സാഹചര്യങ്ങളും നമുക്ക് അനുകൂലമാവുമ്പോഴും അതിനെ മുതലെടുക്കാനോ ചൂഷണം ചെയ്യാനോ ഉള്ളിലെ മൂല്യങ്ങൾ ആഴത്തിൽ നമ്മെ സ്വാധീനിച്ച്‌ കഴിഞ്ഞെങ്കിൽ, ചെയ്യുന്നത് തെറ്റാണ് എന്ന ബോധത്തിൽ പിന്മാറാനോ, നമ്മുടെ മനസാക്ഷിയ്ക്ക് നമ്മെ തടഞ്ഞു നിർത്താനോ കഴിയുന്നെങ്കിൽ നമിലുള്ളത് വേരുറച്ച അല്ലെങ്കിൽ അടിയുറച്ച വ്യക്തിത്വമെന്ന് വിളിക്കാം. തനിച്ചിരിയ്ക്കുമ്പോൾ നമ്മുടെ മനസ്സിനെ നിയന്ത്രിക്കാൻ നമുക്ക് കഴിയുന്നുണ്ടോ? അത്തരം ഘട്ടങ്ങളിൽ മനസ്സിലൂടെ കടന്നുപോകുന്ന തോന്നലുകൾ എന്തായിരിക്കും? എല്ലാ തോന്നലുകളും എല്ലാവരിലും ഉണ്ടാവും. ആത്മപരിശോധനയ്ക്കായി അവനവനെ നിർത്തുമ്പോൾ തെളിഞ്ഞുവരുന്ന സത്യങ്ങൾ ഉൾക്കൊള്ളാൻ അല്പം ബുദ്ധിമുട്ട് തോന്നാം. പക്ഷെ സത്യങ്ങൾ ഉൾക്കൊള്ളാൻ കഴിയുമ്പോഴാണ് കൃത്യസ്‌മായ ആന്തരീകമായ പരിവർത്തനങ്ങൾക്ക് മനസ്സ് സജ്ജമാകുന്നത്.

Also read: പ്രതിരോധത്തിന്റെ വാക്കഗ്നികള്‍

തന്നെ പോലെ തന്നെയാണ് ഓരോ മനുഷ്യനും എന്ന സത്യം മനസ്സിലാക്കണം. അവനിലും അവളിലും സഹജമായ അവരുടെ തലച്ചോറിലൂടെ കടന്ന് പോകുന്ന ചിന്തകളും സിരകളിലൂടെ ഓടുന്ന രക്തവും തന്നെയാണ് തന്നിലും. നല്ലതും ചീത്തയുമായ, മനുഷ്യസഹജമായ സർവ്വ ചിന്തകളും ഓരോ മനുഷ്യമസ്തിഷ്ക്കത്തിനുള്ളിലും ഉത്പാദിപ്പിക്കപ്പെടുന്നുണ്ട് തീവ്രതയിൽ ഏറ്റക്കുറച്ചിലുകൾ കാണ്ടേക്കാം. ഇവയൊക്കെ എങ്ങനെയാണ് മാനേജ് ചെയ്യുന്നത്, ആളുകൾക്കിടയിലും പൊതുസ്ഥലങ്ങളിലും പ്രകടിപ്പിക്കുന്നത് ഇതൊക്കെയാണ് വ്യക്തിത്വമായി വിലയിരുത്തപ്പെടുന്നത്. സ്വന്തം വരുതിക്കുള്ളിൽ അവനവന്റെ ചിന്തകളെ നിർത്താൻ സാധിച്ച ഒരാൾ ലോകം തന്നെ കിഴടക്കിയ പോലെയാണ്, അയാൾ തന്നെയാണ് യഥാർത്ഥ യോദ്ധാവ് അയാൾ തന്നെയാണ് ജേതാവ്. അഹംബോധത്തെ നിയന്ത്രണ പരിധിയിൽ കൊണ്ടുവരുന്നത് ചെറിയ കാര്യമല്ല. മനുഷ്യരെ മനസ്സിലാക്കുമ്പോൾ ചില ചിന്തകൾ വളരെ അനിവാര്യമാണ്. ഉദാഹരണത്തിന് മറ്റൊരാളുടെ സഹോദരിയെ തനിയ്ക്ക് എങ്ങനെയും ഏത് വിധത്തിലും കാണാം, അവളെ പ്രണയിക്കാം എങ്കിൽ തന്റെ സഹോദരിയെ മറ്റൊരാൾ പ്രണയിക്കുമ്പോഴോ അവളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം പുലർത്തുമ്പോഴോ അത് തന്നെ ക്ഷോഭിതനാക്കുന്നു, ചിലപ്പോൾ അക്രമകാരിയാക്കുന്നു, എന്ത്കൊണ്ട്? എന്നാൽ താൻ ഒരു പെണ്ണിനെ പ്രണയിക്കുമ്പോൾ ഇതും മറ്റൊരാളുടെ സിസ്റ്റർ ആണ്, മകളാണ് എന്ന കാര്യം പൂർണ്ണമായും വിസ്മരിക്കുന്നു. തനിയ്ക്ക് മറ്റൊരു പെണ്ണിനെ അങ്ങനെ കാണാമെങ്കിൽ, മറ്റൊരാൾക്ക് തന്റെ പെങ്ങളെയും അങ്ങനെ കാണാനുള്ള അവകാശം ഉണ്ടെന്ന് ചിന്തിക്കാനുള്ള വിശാലത എന്തുകൊണ്ട് മനസ്സിനില്ല. സ്വന്തം സഹോദരിയോട് പോലും ക്ഷമിക്കാൻ അയാൾ തയാറാവുന്നില്ല. ഒന്നുകിൽ സ്വയം മറ്റൊരു പെണ്ണിനെ ആ രീതിയിൽ കാണുന്നതോ സമീപിക്കുന്നതോ നിർത്തണം അല്ലെങ്കിൽ ചിലതെല്ലാം അംഗീകരിക്കാൻ തയാറാവണം അതായത് തനിയ്ക്ക് മാത്രമല്ല ആ സുഹൃത്തിനും തന്റെ പെങ്ങൾക്കും കൂടെ അത്തരം ഫീലിംഗ്‌സ് ഉണ്ടെന്ന്. അവരും തന്നെപ്പോലെ ഒരു മനുഷ്യനാണെന്ന്. അതേപോലെ ചില സ്ത്രീകളിൽ കാണുന്ന മനോഭാവം തനിയ്ക്ക് എല്ലാ സുഖസൗകര്യങ്ങളും കിട്ടിയാൽ പറ്റും എന്നാൽ വേറൊരു പെണ്ണിന് അത് ലഭിക്കരുത്, അസൂയയും കണ്ണുകടിയും മാത്രമല്ല മറ്റൊരുവൾ അവളുടെ വ്യക്തി സ്വാതന്ത്ര്യം ഉപയോഗിക്കുന്നത് കണ്ടാൽ അപ്പോൾ അവളെക്കുറിച്ച് തെറ്റായ അപവാദങ്ങൾ പറഞ്ഞു പരത്താനുള്ള ശ്രമവും ഉണ്ടാവും. ഇതെല്ലാം ഒരു വ്യക്തി എന്ന നിലയിൽ നമ്മിലെ പരാജയമെന്നേ പറയാൻ സാധിക്കൂ.

സ്വന്തം വ്യക്തിത്വത്തിൽ നാം പോലും അറിയാതെ ഒളിഞ്ഞു കിടക്കുന്ന അതിസൂക്ഷമവും സ്ഥൂലവുമായ ഗുണഗണങ്ങളിലും അപര്യാപ്തകളിലും വരെ ശ്രദ്ധചെന്ന് പതിക്കുമ്പോൾ അവിടെ ഒരു ആത്മപരിവർത്തനത്തിനുള്ള സാധ്യതകൾക്കായ് വഴി തുറക്കപ്പെടുകയാണ്. നമുക്ക് മറ്റുള്ളവരോട് ചെയ്യുമ്പോൾ ചിലപ്പോൾ ചെറുതെന്ന് തോന്നുന്നത് അവരുടെ ഹൃദയത്തെ എത്രത്തോളം മുറിവേല്പിക്കുന്നതാണെന്നും കൂടെ ചിന്തിക്കാൻ കഴിയണം. തിരിച്ച് ഒരാൾ നമ്മോട് ചെയ്യുമ്പോൾ നമുക്ക് ഫീൽ ചെയ്യുന്നതും ഓർക്കാം. സ്വന്തം ഗുണങ്ങൾ ചെറുതായാൽ പോലും ആളുകൾക്കും മറ്റുള്ളവർക്കും ഉപകരിക്കപ്പെടുന്ന രീതിയിൽ അവയെ മെച്ചപ്പെടുത്തിയെടുക്കണം. അതിന് ആത്മബോധം തന്നെ വേണം.

എവിടെ, എപ്പോൾ, ആരോട്, എങ്ങനെ പെരുമാറണം തന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കാതെ കൊണ്ടുനടക്കേണ്ടത് എങ്ങനെയാണ്. സമൂഹത്തിനോ മറ്റുള്ളവർക്കോ വേണ്ടിയല്ല താൻ നന്നാവേണ്ടത്, അവനവന് വേണ്ടി തന്നെയാവണം എന്ന ബോധമൊക്കെ ഒരു വ്യക്തിയുടെ ജീവിതത്തെ മാറ്റിമറിക്കും. മനസ്സിനൊരു ഭാഷയുണ്ട് ഒരാൾ അയാളോട് തന്നെ നിരന്തരം ആശയവിനിമയങ്ങളും തർക്കങ്ങളും ആശയസംവാദങ്ങളും നടത്തികൊണ്ടിരിക്കുന്നുണ്ട്. ഉള്ളിൽ പലപ്പോഴും ശരിയും തെറ്റും തമ്മിലുള്ള സംഘട്ടനങ്ങളും നടക്കുന്നുണ്ട്. എങ്കിലും അന്തിമ തീരുമാനങ്ങൾ എടുക്കുന്നത് നമ്മൾ തന്നെയാണെന്ന് ഓർക്കുക. അതിന്റെ പരിണതഫലങ്ങൾ അനുഭവിക്കുന്നതും. ഒരിക്കലും യുക്തിരഹിതമോ, അവിവേകമോ, ബുദ്ധിശൂന്യതയോ ആയിപ്പോകരുത് അത്.

വ്യക്തിത്വമെന്നാൽ, അതിനെ ഒരൊറ്റ വാക്യത്തിൽ സൂചിപ്പിക്കാൻ പറഞ്ഞാൽ ഇതാണ് “സ്വന്തം ചിന്തകളിലും വാക്കിലും പ്രവൃത്തിയിലും ഉത്തരവാദിത്വം ഉണ്ടാവലാണ് വ്യക്തിത്വം”. ആത്മാവബോധവും സാമൂഹികാവബോധവും പൗരബോധവും എല്ലാം ഇതിന്റെ ഭാഗമാണ്. ഒരു വ്യക്തി അല്ലെങ്കിൽ പൗരൻ എന്ന നിലയ്ക്ക് മറ്റുള്ളവരോട് തനിയ്ക്കുള്ള കടമകൾ ഒരാൾ സ്വയം തിരിച്ചറിയേണ്ടതാണ്, ആരും അടിച്ചേൽപ്പിക്കേണ്ടതല്ല. സഹജീവികളോട് അലിവും ദയയും സഹാനുഭൂതിയും അനുകമ്പയും ഉള്ളവരാകുമ്പോഴല്ലേ ഒരു മനുഷ്യൻ യഥാർത്ഥ മനുഷ്യനാകുന്നത് നല്ലൊരു വ്യക്തിയാവുന്നത്? അല്ലാതെ അഭിനയിക്കുകയോ കപടമുഖം എടുത്ത് അണിയലോ അല്ലല്ലോ വ്യക്തിത്വം. ഉത്തരവാദിത്വവും പ്രതിബദ്ധതയും ഉള്ള ഒരാൾ ആവുന്നത് എങ്ങനെയാണ് കാപട്യം ആയി മാറുന്നത്? ലക്ഷ്യബോധമില്ലാതെ തനിയ്ക്ക് തോന്നുന്ന പോലെ ജീവിക്കുന്നതാണ് യഥാർത്ഥ ജീവിതം അല്ലെങ്കിൽ വ്യക്തിത്വം എന്ന് തോന്നുന്നുവോ? ഇല്ല എന്ന് തന്നെയാവും മറുപടി. പേഴ്സണലിറ്റി എന്നാൽ ആത്മാഭിമാനത്തിന്റെ ഭാഗമാണ്. അതിരുവിട്ട സ്വാർത്ഥതയും സമൂഹത്തോടും വ്യക്തികളോടും അല്ലെങ്കിൽ ഒരു വിഭാഗത്തോടൊ, പ്രത്യേക മതം, രാഷ്ട്രീയം, ലിംഗം എന്നിവയോട് വെച്ചുപുലർത്തുന്ന വികലമായ ചിന്തകളും കാഴ്ചപ്പാടുകളുമൊക്കെ സ്വന്തം വ്യക്തിത്വത്തിന് കോട്ടം വരുത്തുന്നതാണ്.

Also read: ഈ ഉദ്ധരണികൾ നിങ്ങൾക്കും വെളിച്ചമാവട്ടെ

ആർക്കായാലും അയാളുടെ ചിന്തകളിൽ വ്യക്തത വരുമ്പോഴും പറയുന്ന വാക്കുകളുടെയും ചെയ്യുന്ന കർമ്മങ്ങളുടെയും ഉദ്ദേശശുദ്ധിയിൽ പലപ്പോഴും ഉണ്ടായേക്കാവുന്ന അവ്യക്തതകളെല്ലാം നീങ്ങി സംശയങ്ങൾക്ക് ഇടയില്ലാതെ മുന്നേറാൻ കഴിയൂമ്പോഴാണ് നല്ലൊരു വ്യക്തിത്വം രൂപപ്പെടുന്നത്. വ്യക്തത എങ്ങനെ ഉണ്ടാവും എന്നോർത്ത് വല്ലാതെ ആശങ്കപെടേണ്ടതോന്നുമില്ല. ചിന്തകളെ അല്പമൊന്ന് സ്വതന്ത്രമാക്കാൻ കഴിഞ്ഞാൽ മതി. തനിയ്ക്ക് വേണ്ടി ചിന്തിക്കാൻ ഉപയോഗിക്കുന്ന അതെ തുലാസിൽ വെച്ച് തന്നെ മറ്റുള്ളവരെക്കുറിച്ചും കൂടെ ചിന്തിക്കാൻ കഴിഞ്ഞാൽ മതി. നീതി, യുക്തി, വിവേകം ഇവയ്ക്ക് സ്ഥാനമില്ലാത്ത ചിന്തകൾ പരമാവധി ഒഴിവാക്കണം. മാനവികതയിലൂന്നിയ ചിന്തകൾക്ക് കൂടുതൽ സ്ഥാനം നൽകുമ്പോൾ ഒരു മനുഷ്യൻ ചിന്തിക്കുന്നതും അയാളെ നയിക്കുന്നതും നേർമാർഗ്ഗത്തിലൂടെ തന്നെയാവും. അങ്ങനെ നന്മയും സത്യവും ധർമ്മവും കാത്ത് സൂക്ഷിക്കാൻ പര്യാപ്തമാവുകയാണ് ആ വ്യക്തി. ധാർമ്മികനാവുക, മൂല്യാധിഷ്ഠിതവും അർത്ഥപൂർണ്ണവുമായ ജീവിതം നയിക്കുക എന്നതാണ് വ്യക്തിത്വംകൊണ്ട് ഉദ്ദേശിക്കുന്നത്.

കുട്ടിക്കാലത്ത് മനസ്സിൽ ആഴത്തിൽ പതിഞ്ഞുപോകുന്ന, തറച്ചുപോകുന്ന, മനസ്സിനെ അത്യധികം സ്പർശിച്ചതോ, വൃണപ്പെടുത്തിയതോ ആയ പല കാര്യങ്ങളും പിന്നീട് ഒരിക്കലും മായ്ക്കാൻ പറ്റാത്ത വിധം മായാതെ കിടക്കുന്നുണ്ടാവും പലരിലും. ഒരു മുറിവേറ്റ കുട്ടി (a wounded child) നമ്മളിൽ പലരിലും കാണും എന്നാണ് പറയപ്പെടുന്നത്. എത്ര പരിശ്രമിച്ചാലും ചിലർക്കൊന്നും ഒരിക്കലും അതിൽ നിന്ന് മുക്തരാവൻ കഴിയാറില്ല. ഒരു കൗണ്സിലറായാൽ പോലും ഒരു പരിധിയുണ്ട്. അതിനാൽ അച്ഛൻമമ്മാർ ശ്രദ്ധിക്കുക. കുഞ്ഞിന്റെ മനോഭാവം അല്ലെങ്കിൽ ചിന്താഗതി പോസിറ്റീവും അവന്റെ/അവളുടെ നല്ല ശോഭനമായൊരു ഭാവിയ്ക്ക് ഉതകുന്നതും ആവാൻ അവർക്ക് കൃത്യമായ ഗൈഡൻസ് നിർബ്ബന്ധമായും കൊടുത്തിരിക്കണം. കുഞ്ഞുനാളിൽ നേരിടേണ്ടിവരുന്ന ചില കടുത്ത അനുഭവങ്ങൾ അവരുടെ മാനസികവും ശാരീരികവുമായ വളർച്ചയെ ബാധിക്കും. എന്നാൽ രക്ഷിതാക്കളുടെ സമയോചിതമായ ഇടപെടലുകൾ ഉണ്ടെങ്കിൽ എല്ലാം ശുഭപര്യവാസിയായി മാറും. അതേപോലെ നിനക്ക് ഇന്നത് കഴിയില്ല നീ പെണ്ണാണ്, ഇന്നതൊനും നിനക്ക് പറഞ്ഞതല്ല നീ ആൺകുട്ടിയാണ് എന്നൊന്നും പറഞ്ഞു കുട്ടികളെ വളർത്തരുത്. ആദിമ മനുഷ്യർ ജീവിച്ചിരുന്നത് മൃഗങ്ങളെ വേട്ടയാടിയും കായ്കനികൾ ഭക്ഷിച്ചും മറ്റുമായിരിന്നു. പുരുഷൻ ബാഹ്യലോകത്ത് ആഹാരം തേടി കാട്ടിനുളിലേയ്ക്ക് വന്യമൃഗങ്ങളെ വേട്ടയാടാൻ പോകുമ്പോൾ സിത്രീകൾ കുഞ്ഞുങ്ങളെയും വീടും പരിസരവും പരിപാലിക്കുന്നതിൽ മുഴുകി. ഇതാണ് പുരാതനകാലം മുതലേ പിന്തുടർന്ന് പോരുന്ന രീതി.

ഇന്ന് കാലം മാറി. ആ കാലഘട്ടത്തിൽ നിന്നൊക്കെ മനുഷ്യർ എത്രയോ മുമ്പോട്ട് പോന്നു. ഇന്ന് അടുക്കളയിലും അരംഗത്തും സ്ത്രീകൾ സ്വന്തം പ്രാധിനിത്യം ഉറപ്പിച്ചു കഴിഞ്ഞു. അതേപോലെ സ്ത്രീകളെപ്പോലെ തന്നെ പാചകവും, കുഞ്ഞുങ്ങളെയും വീട് പരിപാലവും ഞങ്ങൾക്കും വഴങ്ങുമെന്ന് പുരുഷനും തെളിയിച്ചു കഴിഞ്ഞു. സ്ത്രീകളിൽ അല്പം പുരുഷ ഹോർമോണും പുരുഷനിൽ അല്പം സ്ത്രീ ഹോർമോണും ഉണ്ടെന്നതും ശാസ്ത്രീയപരമായി തെളിയിക്കപ്പെട്ട ഒരു കാര്യമല്ലേ. എല്ലാം പ്രകൃതിയുടെ മുൻകരുതൽ ആവാം. ഇന്ന് പൊതുഇടങ്ങളിൽ സ്ത്രീ പുരുഷൻ എന്ന വിവേചനം പോലും പിന്തിരിപ്പൻ ചിന്താഗതിയായി ആളുകൾ കണ്ടുതുടങ്ങിയിരിക്കുന്നു. എല്ലാവരെയും മനുഷ്യരായും, വ്യക്തികളായും കണ്ടുകൊണ്ട് റെസ്പെക്ട് നൽകി സ്വീകരിക്കാം. കൊച്ചുകുട്ടികൾ പോലും അത് അർഹിക്കുന്നു. മനുഷ്യർ എന്നും, ചിന്താഗതികൊണ്ടും കാഴ്ചപ്പാടുകൾകൊണ്ടും നിലപാടുകൊണ്ടും ആവണം പരിഷ്ക്കരിക്കേണ്ടത്. തോന്നുന്ന പോലെ എന്തും ചെയ്യാനുള്ളതാവരുത് സ്വാതന്ത്ര്യം. വ്യക്തിപരമായ അവകാശങ്ങൾ നേടാനും നടപ്പിലാക്കാനുമുള്ളതാണ് സ്വാതന്ത്ര്യം.

Facebook Comments

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker