Current Date

Search
Close this search box.
Search
Close this search box.

ആത്മവിമർശനവും ആത്മബോധവും

വ്യക്തി വികാസത്തിനും വളർച്ചയ്ക്കും അഭിവൃദ്ധിയ്ക്കും നമ്മിൽ ഓരോരുത്തരും ഇടയ്ക്കൊരു ആത്മപരിശോധനയ്ക്ക് വിധേയമാകൽ അനിവാര്യമാണ്. അതോടൊപ്പം ഒരു ആത്മവിമർശനത്തിനും മനുഷ്യർ തയാറാവേണ്ടതുണ്ട്. ഇവ രണ്ടും പരിശീലിച്ചവർക്ക് അഥവ സ്വായത്തമാക്കി എടുത്തവർക്ക് മനസ്സ് ആഗ്രഹിക്കും വിധം ആത്മവികാസം അല്ലെങ്കിൽ ആന്തരീകവികാസം പ്രാപിക്കാൻ എളുപ്പമാണ്. ഉൾക്കാമ്പും കാതലുംകൊണ്ട് സമ്പുഷ്ടമായ, ആത്മനിർഭരമായ മനസ്സ് വ്യക്തിത്വത്തെ പുഷ്ടിപ്പോടെ നിലനിർത്തുമെന്നതിനാൽ യാഥാർത്ഥ്യവുമായി ചേർന്ന് നിൽക്കുന്ന ആശയങ്ങളാലും നിഷേധാത്മകമല്ലാത്ത ചിന്തകളാലും ഉള്ളകം നിറയണം. തന്നിലെ ന്യൂനതകളെയും അജ്‌ഞതയെയും പാകപ്പിഴവുകളെയും സ്വയം കണ്ടെത്താനും തിരിച്ചറിയാനും മുൻകൈയെടുക്കുകയും വകതിരിവോടെ കാര്യങ്ങളെ തനിയ്ക്ക് ദർശന യോഗ്യമാക്കാനും വ്യക്തമായ ധാരണയോടെ അവസരോചിതമായി ചിന്തിക്കുകയും ശേഷം തിരുത്തൽ വേണ്ടിടത്ത് അതിന് തയാറാവുകയും ചെയ്യുന്നത്‌ ഉത്തമ വ്യക്തിത്വത്തിന്റെ ലക്ഷണങ്ങളാണ്. സുദൃഢമായൊരു അടിത്തറ വ്യക്തിത്വത്തിന് നിലവിൽ ഉണ്ടായിരിക്കുകയും അതേസമയം തന്നെ തെല്ലും വിമ്മിഷ്ടമോ താത്പര്യക്കുറവോ കാണിക്കാതെ കാലാനുസൃതമായി മാറ്റങ്ങൾക്കും ആന്തരീകമായ പരിണാമ പ്രക്രിയകൾക്കും വിധേയമാക്കപ്പെടുന്ന ഒരു മനസ്സും ഉണ്ടാവേണ്ടത് വ്യക്തിത്വരൂപീകരണത്തിന് ആവശ്യവും അവിഭാജ്യവുമായ ഘടകങ്ങളിൽ ചിലതാണ്. അതുകൊണ്ട് തന്നെ സ്വയം തിരിച്ചറിവിലൂടെയും ആത്മവിമർശനത്തിലൂടെയും സ്വന്തം വ്യക്തിത്വത്തെ മെച്ചപ്പെടുത്തുവാനും അഭിവൃദ്ധിപ്പെടുത്താനുമുള്ള ഒരു വ്യക്തിയുടെ പരിശ്രമം ഏറെ ശ്ലാഘനീയവും പ്രശംസാർഹവുമാണ്.

നൂറ് കുറവുകൾ തന്നിൽ കണ്ടെത്താമെങ്കിലും അതെല്ലാം വിസ്മരിച്ച് അന്യന്റെ കുറവുകളെ കണ്ടെത്തുന്ന ദുശീലത്തിൽ നിന്നും പുച്ഛവും പരിഹാസവും ചൊരിയുന്ന പ്രവണതയിൽ നിന്നും വിപരീതമായി ഒരാൾ തന്നെ പുനഃപരിശോധനയ്ക്ക് വെയ്ക്കുന്നതും തന്നിലേക്ക് നോക്കാനും തയാറാവുന്നത് അയാൾ നേരിടുന്ന ഒരുപാട് സങ്കീർണ്ണതകൾക്ക് പരിഹാരമായി പരിണമിക്കും. മാത്രമല്ല ദിനങ്ങൾ പിന്നിടവേ സ്വൈര്യജീവിതം നയിക്കാനുള്ള സാമർത്ഥ്യവും ആ വ്യക്തി കൈവരിക്കും. എന്നും എപ്പോഴും അപരന്റെ തെറ്റുകൾ മാത്രം കണ്ടെത്തുന്നത് തന്നിൽ കടന്നുകൂടിയ വലിയൊരു അജ്ഞതയുടെ ഭാഗമാണ്. ഏറ്റവും വലിയ ജ്ഞാനം ആത്മജ്ഞാനമാണെന്ന് മഹാന്മാരും തത്വജ്ഞാനികളും സൂഫിവര്യന്മാരും യോഗികളും പറഞ്ഞുവെക്കുന്നതിലെ സാംഗത്യം മറ്റൊന്നുമല്ല. അപചയങ്ങളും ജീർണ്ണതകളും അലിഞ്ഞു ചേർന്നൊരു സമൂഹത്തിൽ നിന്നും ശരികളെക്കാൾ തെറ്റുകൾ കടന്നുകൂടിയ നമ്മുടെയൊക്കെ അന്തരംഗം, അബദ്ധ ജെഡിലമായ ചിന്തകളിലും ഓരോവിധ ആശയക്കുഴപ്പങ്ങളിലും പിണഞ്ഞുകിടക്കുകയാണ്. പല കാരണങ്ങളാൽ കളങ്കപ്പെടുന്ന തന്നിലെ ഈഗോ/അഹം സ്വയം ആർജ്ജിച്ചെടുക്കുന്ന അറിവും ബോധവുംകൊണ്ട് കാലക്രമേണ ശുദ്ധീകരിയ്ക്കപ്പെടുമ്പോഴേ മനുഷ്യർ ഔന്നിത്യത്തിലേയ്ക്ക് ഉയർത്തപ്പെടുന്നുള്ളൂ. ആത്മബോധത്തിലൂടെ മാത്രമേ അത് സാധ്യമാവുന്നുള്ളൂ. ആത്മനിന്ദയാണ് ഏറ്റവും വലിയ നിന്ദ, ആത്മവഞ്ചനയാണ് ഏറ്റവും വലിയ വഞ്ചന എന്നൊക്കെയാണ് അറിവുള്ളവർ പറയുന്നത്. കാരണം മറ്റൊന്നുമല്ല ദാർശനികതയിലേക്കും തുറന്ന കാഴ്ചകളിലേയ്ക്കും ചിന്തകളിലേയ്ക്കും വിശാലതയിലേയ്ക്കും ഉൽക്കണ്ണ് തുറപ്പിക്കുന്നത് ആത്മബോധമാണ്. ആത്മബോധം ഉണർന്നവരിൽ നിന്ന് ഉതിരുന്ന വാക്കുകൾക്കും ചെയ്യുന്ന കർമ്മങ്ങൾക്കും സ്പഷ്ടതയുണ്ടാകും പാഴ്വാക്കുകൾക്ക് പകരം സംസാരങ്ങളിൽ അറിവിന്റെ ശകലങ്ങൾ സദാ അങ്കുരിച്ച് നിൽക്കും. സൗമ്യമായ പെരുമാറ്റവും വാക്കുകളുംകൊണ്ട് ആരുടെയും മനസ്സ് കവർന്നെടുക്കാൻ ആ വ്യക്തികൾക്ക് കഴിയും.

പ്രായോഗികതയിൽ ജീവിക്കാനും സൂക്ഷ്മതയോടെ ജീവിതം നയിക്കാനും ഉൾക്കാഴ്ചയും ആത്മബോധവും കൂട്ടിന് ഉണ്ടായേ പറ്റൂ. ആത്മവിമർശനം നടത്തുന്ന ഒരു വ്യക്തി അപരന്റെ ദൃഷ്ടിയിലൂടെ തന്നെയും തന്റെ ചെയ്തികളെയും നിരീക്ഷിക്കുന്നതിൽ വൈദഗ്ദ്ധ്യവും നൈപുണ്യതയുമുള്ള ആളായി മാറും. അപരനെ വിമർശനാത്മകമായി സമീപിക്കും മുമ്പേ താൻ അതിനൊക്കെ എത്രകണ്ട് യോഗ്യനാണെന്ന ഒരു പുനർവായനയ്ക്ക് ആ വ്യക്തി ഒരുങ്ങും. തന്നിൽ എത്രത്തോളം അപര്യാപ്തതകളും കഴിവ്കേടുകളും നികത്താതെ കിടക്കുന്നു എന്ന കാര്യം ഓർക്കും. എന്തായാലും ആരെയും വിമർശിക്കും മുമ്പ് ഒരുവട്ടമെങ്കിലും സത്യമെന്തെന്ന് അയാൾ ചിന്തിച്ച് മനസ്സിലാക്കും. ഇതാണ് ആത്മബോധത്തിന്റെ ഗുണം.

സ്വന്തം തെറ്റുകൾ പൊതുവെ ആരും പെട്ടെന്ന് അംഗീകരിച്ചു കൊടുക്കാത്തത് വലിയൊരു പ്രശ്നമാണ്. മുതിർന്നവർ ഇളയവർക്ക് മാതൃകയാവണമെന്നാണ്. പക്ഷെ അച്ഛനമ്മമാരിലെ ഈഗോ പലപ്പോഴും തന്റെ തെറ്റുകളെ സ്വയം അംഗീകരിക്കുന്നതിൽ അവരെ വിമുഖരാക്കുന്നു. റോഡിൽ വാഹനം ഓടിക്കുമ്പോഴും വണ്ടി ഇടിച്ചാൽ തെറ്റ് തന്റെ ഭാഗത്തായാൽ പോലും ക്ഷമ ചോദിയ്ക്കാൻ മടിക്കുന്ന, നിങ്ങളാണ് തെറ്റുകാർ എന്ന് പറഞ്ഞ് അപരന് നേരെ തിരിയുന്ന മനുഷ്യരാണ് ബഹുഭൂരിഭാഗവും. ഒരു മാറ്റം ആഗ്രഹിക്കുന്നെങ്കിൽ ഇനി മുതൽ നമുക്ക് സ്വന്തം തെറ്റുകളെ കൂടി തെറ്റുകളായി അംഗീകരിക്കുന്ന ശീലങ്ങൾ മനസ്സിനുള്ളിൽ വികസിപ്പിച്ചെടുക്കാം. തന്നെ അറിഞ്ഞും തന്നിലെ സ്വത്വത്തെ അറിഞ്ഞും ജീവിക്കുന്നവർക്ക് അത് അനായാസം സാധ്യമാവും.

രക്ഷിതാക്കൾ സ്വയ-വിമർശകരും കൂടിയായ മനുഷ്യരാണെങ്കിൽ അവരുടെ മക്കളുടെ വലിയൊരു ഭാഗ്യമായിരിക്കും അത്. തനിയ്ക്ക് സംഭവിക്കുന്ന വീഴ്ചകളും തനിയ്ക്ക് പറ്റുന്ന കൈയ്യബദ്ധങ്ങളും പിശകുകളും കൂടെ പരിഗണനയ്ക്ക് എടുക്കുമ്പോഴേ കുട്ടികൾക്ക് ഉദാത്ത മാതൃകയാവാനും നല്ലൊരു വഴികാട്ടിയവാനും രക്ഷിതാക്കൾ യോഗ്യരാവുന്നുള്ളൂ. തെറ്റ് ചെയ്തുപോയെന്ന ചിന്തയിൽ മനസ്സാക്ഷിക്കുത്ത് അനുഭവിക്കുന്നത് സ്വാഭാവികം. എന്നാൽ ചെയ്യുന്നത് തെറ്റാണെന്ന് അംഗീകരിക്കാത്തിടത്തോളവും ബോധ്യപ്പെടാത്തിടത്തോളവും കാലം ആരും വാദപ്രതിവാദങ്ങൾ നിർത്താൻ പോകുന്നില്ല. കഴിയുന്നത്ര നേരും നെറിയും വാക്കിലും പ്രവൃത്തിയിലും നിലനിർത്താൻ മക്കൾക്ക് മാതൃകയാവേണ്ടത് അച്ഛനമ്മമാർ തന്നെയാണ്. ബന്ധങ്ങളെ ചേർത്ത് പിടിയ്ക്കാനും സമന്വയിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാനും പരസ്പരധാരണയും തുറന്ന സംസാരങ്ങളുമായി ഇടപഴകാനുള്ള സാഹചര്യം വീടകങ്ങളിൽ ഒരുക്കണം.

ഒരിക്കലും തന്നെക്കുറിച്ച് ഉള്ളിൽ തോന്നുന്ന നെഗറ്റീവ് ചിന്തകളല്ല ആത്മവിമർശനം അല്ലെങ്കിൽ self criticism. അതിന്റെ പിന്നിൽ പോസിറ്റീവ് ആയ ചില ഉദ്ദേശലക്ഷ്യങ്ങൾ ഉണ്ടാവണം. എന്നുവെച്ചാൽ മാറ്റങ്ങൾക്ക് ലക്ഷ്യമിട്ടുകൊണ്ടാവണം. ഉദാഹരണത്തിന് തനിയ്ക്ക് പൊക്കം പോര, വണ്ണം ഓവർ ആണ്, നിറവും സൗന്ദര്യവും പോര, ചിരി ആകർഷണീയമല്ല, സംസാരിക്കാൻ അറിയില്ല, തനിയ്ക്ക് ഒരു കഴിവുമില്ല, താൻ മറ്റുള്ളവരെപ്പോലെ അത്രയ്ക്ക് ബലവാൻ അല്ല, താൻ ചെയ്യുന്ന കാര്യങ്ങളെല്ലാം തെറ്റാണ്, തനിയ്ക്ക് ആരുടെയും മനസ്സിൽ സ്ഥാനം നേടിയെടുക്കാനുള്ള കഴിയിവില്ല ഇതെല്ലാം നെഗറ്റീവ് ചിന്തകളിലൂന്നിയുള്ള ഒരു മനോഭാവമാണ്. മനുഷ്യനിലെ ആത്മവിശ്വാസത്തെ തകിടം മറിക്കുന്ന ചിന്തകളാണ്. വ്യക്തിയിൽ ഉണ്ടാക്കുന്ന ഇതിന്റെയെല്ലാം പ്രതിഫലനങ്ങൾ ആ വ്യക്തിത്വത്തെ നിഷേധാത്മകമായ കാഴ്ചപ്പാടിലാഴ്ന്നു ജീവിക്കാൻ നിർബ്ബന്ധിതനാക്കുകയാണ് ചെയ്യുന്നത്. മാറ്റങ്ങൾ ആഗ്രഹിക്കുന്നവരും അതിനായ് പരിശ്രമിക്കുന്നവരും വസ്തുതകളെ ഉൾക്കൊണ്ടുകൊണ്ട് പ്രതിവിധിയെന്ന രീതിയിൽ കൃത്യമായ ഉപായങ്ങൾ തേടുന്നവരുമാണ്.

സഹജീവികളോട് അനുതാപവും അനുകമ്പയും എളിമയും വിനയവും തോന്നിപ്പിക്കുന്ന പ്രകൃതക്കാരോട് തോന്നുന്ന ഇഷ്ടവും അടുപ്പവും മറ്റാരോടും തോന്നാത്തത് ആ വ്യക്തിയിൽ കാണുന്ന ക്വാളിറ്റിയും അതിന്റെ മഹിമയും തന്നെയാണ് കാരണം. നാട്യത്തിലൂടെ മനസ്സ് പിടിച്ചുപറ്റുന്ന കപടന്മാരുണ്ട്, അവരെയല്ല ഇവിടെ പ്രതിപാദിച്ചത്. മനസ്സുകൊണ്ട് സംസ്ക്കാരസമ്പന്നരായ വ്യക്തിത്വങ്ങളെക്കുറിച്ചാണ്. പെട്ടെന്ന് ആരെയും ജഡ്ജ് ചെയ്യാതെ ദീർഘകാലമെടുത്ത് വേണം ആളുകളെ മനസ്സിലാക്കി അടുക്കാൻ അതുവരെ ഒരു അകലമിടുന്നത് ഗുണം ചെയ്യും. തെറ്റാണ്, മാനവീക വിരുദ്ധമാണ്, പാപമാണ് താൻ ചെയ്യുന്നതെന്ന ബോദ്ധ്യമുണ്ടായിട്ടും തന്നിലെ കൊള്ളരുതായ്മകളെ ഇനിയും വെച്ചുപുലർത്തുന്നത് നീചത്വമാണ്. തെറ്റായ വഴിയികളിലേയ്ക്ക് സഞ്ചരിക്കുന്ന തന്റെ മനസ്സിനെ ഒരു മൂക്ക്കയറിട്ട് പിടിക്കണം, കടിഞ്ഞാൺ കയ്യിൽ തന്നെ ഭദ്രമായിരിക്കട്ടെ.

തെറ്റുകൾ സംഭവിച്ചാൽ ക്ഷമാപണം നടത്തുന്നതും എന്തോ വലിയ കുറച്ചിലായിട്ടാണ് ഈ സമൂഹം വിശ്വസിക്കുന്നത്. തെറ്റ് തന്റെ പക്ഷത്ത് തന്നെയാണെങ്കിലും അംഗീകരിക്കാൻ തയാറാവില്ല, വാദിച്ച് ജയിച്ചാണ് ശീലം. എന്നാൽ തെറ്റ് തിരിച്ചറിഞ്ഞ് ക്ഷമ ചോദിക്കാൻ സ്വമേധയാ മുന്നോട്ട് വരുന്നത് ഒരു ഉന്നതമായ, മഹത്വമേറിയ വ്യക്തിത്വത്തിന്റെ സൂചനയാണ്. മനുഷ്യനാണെങ്കിൽ തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമല്ലേ, തിരുത്താൻ മനസ്സ് ഉണ്ടാവണം. ആത്മവിർശനം ആരോഗ്യകാര്യമായിട്ട് വേണ്ടപോലെ മുറയ്ക്ക് നടക്കട്ടെ എങ്കിലേ ആന്തരീകമായ പരിവർത്തനങ്ങൾക്ക് സാധ്യതയുള്ളൂ. അതും അമിതമാവരുത്, തന്നെക്കുറിച്ച് തനിയ്ക്ക് തന്നെ അഭിപ്രായം നഷ്ടപ്പെടുന്ന ഗതിയിലേയ്ക്ക് എത്തിക്കുകയും അരുത്. മനസ്സിന്റെ സംതുലിതാവസ്ഥ നിലനിർത്താനും സ്ഥായിയായ ഒരു ക്യാരക്ടറിനും അവനവനെക്കുറിച്ചൊരു കൃത്യമായ ബോധം അത്യന്താപേക്ഷിതമാണ്.

Related Articles