Current Date

Search
Close this search box.
Search
Close this search box.

ആത്മവിശ്വാസം എങ്ങിനെ വര്‍ധിപ്പിക്കാം?

ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ ആത്മവിശ്വാസം അനിവാര്യമാണ്. കാരണമത്, ഒരു വ്യക്തിയെ തന്റെ വൈയക്തിക, കുടുംബ ജീവിതത്തിലും ജോലി മേഖലയിലും വിജയിയാകാന്‍ സഹായിക്കുന്നു. എന്നാല്‍ എന്താണ് ആത്മവിശ്വാസം? അതുകൊണ്ടെന്ത് ഗുണമാണുള്ളത്? അത് വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗങ്ങളെന്തെല്ലാമാണ്? ഒരു മനുഷ്യനെങ്ങനെ ആത്മവിശ്വാസം നേടിയെടുക്കാനാകും? ആത്മവിശ്വാസത്തിനും അഹംഭാവത്തിനുമിടയില്‍ വ്യത്യാസമുണ്ടോ? ഇന്ന് മിക്ക ആളുകളും ആത്മവിശ്വാസം നേടാനും അത് വര്‍ദ്ധിപ്പിക്കാനുമുള്ള മാര്‍ഗങ്ങളാണ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. മഹിതമായ ഒരു വ്യക്തിത്വത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ആത്മവിശ്വാസത്തിനുള്ള പങ്ക് വലുതാണ്. ശാരീരികവും ബൗദ്ധികവും മാനസികവുമായ വിഷയങ്ങളില്‍ ക്രിയാത്മകമേത് നിഷേധാത്മകമേതെന്ന് നിര്‍ണയിക്കുന്നതില്‍ ആത്മവിശ്വാസത്തിന് വലിയ സ്വാധീനമുണ്ട്. മനുഷ്യന്‍ നേടിയെടുക്കാന്‍ ആഗ്രഹിക്കുന്ന പ്രധാനപ്പെട്ട രണ്ട് വിശേഷണങ്ങളാണ് ആത്മവിശ്വാസവും നല്ല വ്യക്തിത്വവും. സാമൂഹികവും കുടുംബപരവും വിദ്യഭ്യാസപരവും തുടങ്ങിയുള്ള ജീവിതത്തിന്റെ സര്‍വ മേഖലകളിലും വിജയം കൊതിക്കുന്ന ഒരാള്‍ക്ക് ഈ രണ്ട് വിശേഷണവും അത്യാവശ്യവുമാണ്.

ആത്മവിശ്വാസത്തിന്റെ നിര്‍വചനമെന്താണ്?

‘സ്വന്തം കഴിവുകള്‍, ഗുണവിശേഷണങ്ങള്‍, കാര്യങ്ങള്‍ വിലയിരുത്തല്‍ എന്നിവയില്‍ ഒരു വ്യക്തിക്കുള്ള വിശ്വാസം’ എന്നാണ് നിഘണ്ടു ആത്മവിശ്വാസത്തിന് നല്‍കുന്ന നിര്‍വചനം. സ്വയം ബഹുമാനിക്കുകയും വിലമതിക്കുകയും ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഏല്‍പിക്കാതെ സ്നേഹിക്കുകയും ചെയ്യുന്ന, സ്വന്തം കഴിവുകളെക്കുറിച്ച് ബോധമുള്ള, ശരിയായ തീരുമാനങ്ങള്‍ കൈകൊള്ളാന്‍ താന്‍ പ്രാപ്തനാണെന്ന് വിശ്വസിക്കുന്ന വ്യക്തിയെന്നാണ് സൈക്കോളജി ആത്മവിശ്വാസമുള്ള മനുഷ്യനെ നിര്‍വചിക്കുന്നത്. തന്റെ വിശേഷണങ്ങളിലും കഴിവുകളിലും തീരുമാനങ്ങളിലും സ്വന്തം വികാരങ്ങളെയും ശരീരത്തെയും ഒരു വ്യക്തി അവലംബിക്കുന്നതിനെ പൊതുവായി ആത്മവിശ്വാസമെന്ന് പറയാവുന്നതാണ്. ഇത് വൈയക്തികമോ സാമൂഹികമോ ആയ ആത്മവിശ്വാസമാകാം. സ്വന്തം കഴിവിലും ശേഷിയിലും തീരുമാനങ്ങളിലും വെല്ലുവിളികളെ നേരിടാന്‍ കഴിയുമെന്നും ദൈനംദിന ജീവിതം വിജയിത്തിലാക്കാമെന്നുമുള്ള വിശ്വാസത്തിലും ഒരു വ്യക്തിക്കുള്ള ഉറച്ച വിശ്വാസമെന്നും അതിന് വിശദീകരണം നല്‍കാവുന്നതാണ്. ഈ നിര്‍വചന പ്രകാരം, ശുഭാപ്തിവിശ്വാസം, ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള കഴിവും പ്രാപ്തിയും, തന്റെയും തന്റെ കഴിവിനും അനുസരിച്ചുള്ള ആളുകളുടെ ശരിയായ വിലയിരുത്തല്‍ അടിസ്ഥാനമാക്കി ഒരാളെ ആത്മവിശ്വാസമുള്ള വ്യക്തിയെന്ന് പറയാവുന്നതാണ്.

ആകര്‍ഷകമായ വ്യക്തിത്വം കെട്ടിപ്പടുക്കാന്‍ എന്തു ചെയ്യണം?

ഡോ. ആദില്‍ ആമിര്‍ പറയുന്നു: ആകര്‍ഷകമായ വ്യക്തിത്വം ഉണ്ടാക്കിയെടുക്കാന്‍ ആദ്യമായി വേണ്ടത് ആത്മവിശ്വാസമാണ്. അത് ജനങ്ങളില്‍ നിന്നോടുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുകയും പരസ്പരം ബഹുമാനം വളര്‍ത്തിയെടുക്കുകയും ചെയ്യും. ആകര്‍ഷണീയവും മഹനീയവുമായ വ്യക്തിത്വ വിശേഷണം സിദ്ധിക്കാന്‍, ആളുകളെ നിന്നിലേക്ക് അടുപ്പിക്കുകയും നിന്നെത്തന്നെ ശ്രദ്ധിക്കാന്‍ കാരണമാവുകയും ചെയ്യുന്ന ചില വിശേഷണങ്ങള്‍ നിനക്കുണ്ടാകേണ്ടതുണ്ട്. ആത്മവിശ്വാസമുണ്ടാക്കുകയെന്നത് പ്രയാസമുള്ള കാര്യമൊന്നുമല്ല. അതിന്റെ അനന്തരഫലങ്ങള്‍ വളരെ മികച്ചതായിരിക്കും. താഴെ പറയുന്ന കാര്യങ്ങള്‍ അതിന് സഹായകമാകും:

ബാഹ്യരൂപം: ഒരു വ്യക്തിയുടെ രണ്ടു കണ്ണുകളും നിന്റെ മേല്‍ പതിക്കുന്ന ആദ്യ നിമിഷം തന്നെ താന്‍ ആരുമായാണ് സംവിദിക്കുന്നതെന്ന് ആയാള്‍ക്ക് ഉടനെ മനസ്സിലാകണം. ചുറ്റുമുള്ള ആളുകളെ നിരീക്ഷിക്കുകയും അവരുടെ ബാഹ്യരൂപം നോക്കി അവരുടെ ജോലി പ്രവചിക്കുകയും ചെയ്യുന്നവരാണ് നമ്മില്‍ മിക്ക ആളുകളും. ഉദാഹരണത്തിന്, ഒരു സ്ഥാപനത്തില്‍ പ്രവേശിച്ച നാം അവിടെ ഗാംഭീര്യം കൊണ്ടും മാന്യത കൊണ്ടും മറ്റുള്ളവരില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ഒരാളെ കണ്ടാല്‍ സ്വാഭാവികമായും അത് മാനേജര്‍മാരില്‍ ഒരാളാണെന്നോ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ കീപോസ്റ്റുകളിലുള്ള ആളാണെന്നോ നാം പറയും. ഇപ്രകാരം നിന്റെ ബാഹ്യരൂപം കൊണ്ട് ജനങ്ങളുടെ ഹൃദയത്തിലേക്കുള്ള പകുതി വഴി നിനക്ക് അനായാസം മുറിച്ചുകടക്കാനാകും.

പദസമ്പത്തും സംവേദന ശേഷിയും: അറബി ഭാഷയില്‍ ‘അല്‍മുലാഫിദു സഅദ്’ എന്നൊരു പ്രയോഗമുണ്ട്. അവസരോചിതമല്ലാതെ പദങ്ങള്‍ ഉപയോഗിക്കുകയോ അനുചിതമായി സംസാരിക്കുകയോ ശബ്ദിക്കുകയോ ചെയ്യുന്ന വ്യക്തിയെക്കുറിച്ചാണ് ഈ പ്രയോഗം. സാഹചര്യത്തിന് അനുസൃതമായി വാക്കുകള്‍ ഉപയോഗിക്കുന്നത് ബുദ്ധിപരമായ പെരുമാറ്റത്തില്‍ പെട്ടതാണ്. അത് നിന്നില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. നിന്റെ കൂട്ടുകാരോടും വീട്ടുകാരോടുമുള്ള സംസാര ശൈലിയില്‍ നിന്നും പദപ്രയോഗങ്ങളില്‍ നിന്നും വ്യത്യസ്തമായിട്ടായിരിക്കും ജോലിസ്ഥലത്തെ ആളുകളുമായി സംവദിക്കുക. നിങ്ങള്‍ ജോലി ചെയ്യുന്ന കമ്പനിയിലെ മാനേജറുമായുള്ള ഒരു മീറ്റിംഗിലാണ് നിങ്ങള്‍ പങ്കെടുക്കുന്നതെങ്കില്‍ നിങ്ങളുടെ സംസാര ശൈലിയും ഉപയോഗിക്കുന്ന വാക്കുകളും പിന്നെയും മാറും. ഓരോ വാക്കിനും ഓരോ സന്ദര്‍ഭമുണ്ട്. അതുകൊണ്ട് തന്നെ ഉപയോഗിക്കുന്ന പദത്തെക്കുറിച്ചും സംസാര ശൈലിയെക്കുറിച്ചും ബോധമുണ്ടായിരിക്കണം. നിലവാരമുള്ളതും ഔപചാരികവുമായ പദങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലിക്കുക. കാരണം, ജനങ്ങളുടെ ഹൃദയത്തിലേക്ക് അനായാസം കടന്നുകയറാനുള്ള രണ്ടാമത്തെ മാര്‍ഗമാണത്.

നേത്ര സമ്പര്‍ക്കം: ഈ ആശയവിനിമയത്തിന് ഒരു മാന്ത്രിക ശക്തിയുണ്ട്. നിങ്ങളുമായി സംസാരിക്കുന്ന ഒരാളുടെ കണ്ണുകളിലേക്ക് നോക്കിയാണ് നിങ്ങള്‍ സംസാരിക്കുന്നതെങ്കില്‍ കേള്‍ക്കുന്ന നിങ്ങളെയൊരു മാന്യനായി കണക്കാക്കും. നേത്ര സമ്പര്‍ക്കം പുലര്‍ത്തുകയും ഓരോരുത്തരെയും പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യുന്നത് കൂടുതല്‍ കാര്യങ്ങള്‍ തുറന്നു സംസാരിക്കാന്‍ സഹായകമാകുമെന്നതിലപ്പുറം അത് വലിയ ആശ്വാസവും നല്‍കും.

ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള ഒമ്പത് മാര്‍ഗങ്ങള്‍

ജനങ്ങളില്‍ പലരും ആത്മവിശ്വാസമില്ലായ്മ നേരിടുന്നവരാണ്. വ്യക്തിത്വ വികസനത്തിനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സഹായിക്കുന്ന ഒമ്പത് മാര്‍ഗങ്ങളാണ് താഴെ പറയുന്നത്:

1- നെഗറ്റീവ് ചിന്താഗതി ഒഴിവാക്കുക: മറ്റുള്ളവരോടൊത്ത്, പ്രത്യേകിച്ചും സഹപ്രവര്‍ത്തകര്‍ക്കൊപ്പം, ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുക. നെഗറ്റീവ് ചിന്താഗതികളില്‍ നിന്നും നിഷ്‌ക്രിയ സ്വഭാവത്തില്‍ നിന്നും പരമാവധി അകലം പാലിക്കുക. അത് വ്യക്തിത്വത്തെ വികസിപ്പിക്കും. മാത്രമല്ല, ഓരോരോ പ്രശ്‌നങ്ങളെയും സാധ്യമാകുന്ന വഴികളെല്ലാം ഉപയോഗിച്ച് പരിഹരിക്കാന്‍ ശ്രമിക്കുന്നത് വ്യക്തിത്വത്തെ ശക്തിപ്പെടുത്തും.

2- നേട്ടങ്ങളിലേക്ക് നോക്കുക: നിങ്ങള്‍ക്ക് ഇതുവരെ ലഭ്യമായിട്ടുള്ള നേട്ടങ്ങള്‍ പരിശോധിക്കുക. അത് നിങ്ങളിലെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. എത്തിച്ചേര്‍ന്ന നേട്ടങ്ങളില്‍ നീ അഭിമാനിയാവുക. തുടരെത്തുടരെയുള്ള ഈ പരിശോധന നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും വ്യക്തിത്വ വികാസത്തിനത് കാരണമാവുകയും ചെയ്യും.

3- ആരാധന: ആരാധനകള്‍ വര്‍ധിപ്പിച്ചു അല്ലാഹുവിലേക്ക് അടുക്കാന്‍ ശ്രമിക്കല്‍ ഇതില്‍ പ്രധാനമാണ്. അത് ആന്തരികമായ സമാധാനവും സ്ഥിരതയും നേടിത്തരും. ആത്മശാന്തി ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ആരാധനയില്ലാതെ, അല്ലാഹുവിനോട് അടുപ്പമില്ലാതെയുള്ള ജീവിതം മനസ്സില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും അത് ആത്മവിശ്വാസം തകര്‍ത്ത് കളയുകയും ചെയ്യും.

4- ശക്തിയും ശേഷിയും തിരിച്ചറിയുക: സ്വന്തം കഴിവും പ്രാപ്തിയും തിരിച്ചറിയുകയും അത് ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുക. തനിക്ക് മാത്രം പ്രത്യേകമായ കഴിവ് തിരിച്ചറിഞ്ഞു ഏതുവിധേനയും അത് വികസിപ്പിച്ചെടുക്കാന്‍ ശ്രമിക്കുക.

5- ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കുക: ലക്ഷ്യങ്ങളും അത് നേടിയെടുക്കാന്‍ പ്രാപ്തമാക്കുന്ന കൃത്യമായ പ്ലാനുകളും ഉണ്ടാകണം. ലക്ഷ്യം വലുത് തന്നെയാകണം എന്നില്ല. ചെറിയ ലക്ഷ്യമായാലും കുഴപ്പമില്ല. ഒന്ന് നേടിയെടുത്താല്‍ ഉടനെ മറ്റൊരു ലക്ഷ്യം മുന്നില്‍ കാണുകയും അതിനു വേണ്ടി ശ്രമിക്കുകയും ചെയ്യുക. അത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതോടൊപ്പം ഒരുപാട് നേട്ടങ്ങളും നേടിത്തരും.

6- ക്രിയാത്മകമായ ആത്മഭാഷണം നടത്തുക: നെഗറ്റീവ് കാര്യങ്ങളിലുള്ള ചിന്തകള്‍ ഒഴിവാക്കുക. ക്രിയാത്മകമായ ചിന്തകളാണ് പ്രധാനമെന്ന് മനസ്സിനെ ഇടക്കിടെ ഉണര്‍ത്തുക. ക്രിയാത്മക വിഷയങ്ങളില്‍ അടുത്ത സുഹൃത്തുക്കളുമായി നിരന്തരം സംവാദം നടത്തുന്നതും ആത്മവിശ്വാസം വര്‍ധിപ്പിക്കും.

7- ആത്മ പരിപാലനം: ആരോഗ്യം മോശമാകുന്ന സമയത്ത് മനുഷ്യന് ആത്മ സംതൃപ്തി ഉണ്ടാവുകയെന്നത് പ്രയാസകരമാണ്. അതുകൊണ്ട് തന്നെ ശരീരത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കി ആരോഗ്യം നിലനിര്‍ത്തണം. ശാന്തവും സമാധാനപൂര്‍ണവുമായ ഉറക്കത്തിന് അത് അനിവാര്യമാണ്. അതുപോലെത്തന്നെ പോഷക ഗുണങ്ങളുള്ള ഭക്ഷണവും ദൈനംദിന വ്യായാമവും ശീലമാക്കണം. ശാരീരിക വികാസത്തിനും അത് വഴി ആത്മവിശ്വസത്തിനും അത്യാവശ്യമാണത്.

8- പരിശീലന കോഴ്‌സുകള്‍: മാനവ വിഭവശേഷി വികസന മേഖലകളിലെ പരിശീലന കോഴ്‌സുകളെ അവലംബിക്കാം. ഈ മേഖലയില്‍ വ്യുല്പത്തി നേടിയ ആളുകളുമായുള്ള നിരന്തര സമ്പര്‍ക്കം ആത്മവിശ്വാസ വര്‍ധനവിന് ഗുണം ചെയ്യും. ആത്മവിശ്വസ പരിശോധനയും അതിനു ആവശ്യമായ വ്യായാമങ്ങളും അടങ്ങുന്നതാണ് ഈ കോഴ്‌സ്.

9- സാമൂഹിക ഇടപെടലുകള്‍: സാമൂഹിക വിഷയങ്ങളിലെ ഇടപെടലുകള്‍ ആത്മവിശ്വാസം വര്‍ധിക്കാന്‍ കാരണമാകുന്ന ഒന്നാണ്. പ്രത്യേകിച്ചും, സമൂഹത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്നവര്‍ക്ക്. അത് ആത്മവിശ്വാസത്തെ ബാധിക്കുന്ന ന്യൂനതകളില്‍ നിന്നും മനുഷ്യനെ സംരക്ഷിക്കും.

ആത്മവിശ്വാസംകൊണ്ട് എന്ത് നേട്ടം? അതെങ്ങനെ വര്‍ധിപ്പിക്കും?

ഒരു വ്യക്തിയുടെ കുടുംബ, വൈയക്തിക ജീവിത വിജയത്തിന് ആത്മവിശ്വാസം പ്രധാനമാണ്. എന്താണ് അതുകൊണ്ടുള്ള നേട്ടം? അതെങ്ങനെ നേടിയെടുക്കാനാകും?ആത്മവിശ്വാസത്തിന്റെ പത്തോളം ഗുണങ്ങളും അത് വര്‍ധിപ്പിക്കുന്നതിനുള്ള രൂപവുമാണ് താഴെ പറയുന്നത്:
എപ്പോഴും നല്ല ആരോഗ്യത്തോടെയിരിക്കുക. കാരണം നിന്റെ ചുറ്റുമുള്ള ഒരുപാട് സങ്കീര്‍ണ്ണ പ്രശ്‌നങ്ങളെയെല്ലാം ഏറ്റവും ഉചിതമായ രീതിയില്‍ നേരിടാന്‍ നിനക്ക് സാധ്യമാകേണ്ടതുണ്ട്. കുടുംബക്കാര്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുമായി നല്ല ബന്ധം സ്ഥാപിക്കുക. ചുമതലയോട് കൂടുതല്‍ പ്രതിബദ്ധതയും കഴിവില്‍ ശ്രദ്ധയും കേന്ദ്രീകരിച്ച് ജോലിയിലെ പ്രകടനം മികച്ചതാക്കി മാറ്റുക. കൂടുതല്‍ ധൈര്യത്തോടെ, ഉത്കണ്ഠകളും നെഗറ്റീവ് ചിന്തകളും ഒഴിവാക്കി പ്രവര്‍ത്തിക്കുക. ക്രിയാത്മകതയും കഴിവും പരിപോഷിപ്പിക്കുക. എപ്പോഴും സന്തോഷവാനായിരിക്കാന്‍ ശ്രമിക്കുക. ജോലിയില്‍ പ്രമോഷന് വേണ്ടി ശ്രമിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ സന്നദ്ധത കാണിക്കുക. നിന്നിലെ നിന്റെ വിശ്വാസമാണ് അവിടെയെല്ലാം താക്കോലായി വര്‍ത്തിക്കുന്നത്. സമയവും കഴിവും നഷ്ടപ്പെടുത്തി കളയാതെ നിന്റെ ലക്ഷ്യത്തിനു വേണ്ടി പരിശ്രമിക്കുക. നിനക്ക് ഏതു കാര്യത്തിലും ആത്മവിശ്വാസം ഉണ്ടെന്ന് ബോധ്യപ്പെടുമ്പോള്‍ കാര്യങ്ങളെല്ലാം ഉദ്ദേശിച്ച രീതിയില്‍ തന്നെ നടക്കും.

ആത്മവിശ്വാസവും അഹങ്കാരവും തമ്മിലുള്ള വ്യത്യാസം

ആത്മവിശ്വാസവും അഹങ്കാരവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നതില്‍ പലര്‍ക്കും ആശയക്കുഴപ്പത്തിലാകാറുണ്ട്. അഹങ്കാരത്തിന്റെ ഉയര്‍ന്ന രൂപമാണ് ആത്മിവിശ്വാസമെന്ന് പറയുന്നവരുമുണ്ട്. രണ്ടിനിടയിലും വലിയ അന്തരമുണ്ടെന്ന് പറയുന്ന കൂട്ടരുമുണ്ട്. ബുദ്ധിയുള്ള ഓരോ മനുഷ്യനും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട സ്തുത്യര്‍ഹമായ വിശേഷണമാണ് ആത്മവിശ്വാസം. എന്നാല്‍, തീര്‍ത്തും അകലം പാലിക്കേണ്ട ആക്ഷേപാര്‍ഹമായ വിശേഷണമാണ് അഹങ്കാരം. അത് വിജയികളുടെ വിശേഷണങ്ങളില്‍ പെട്ടതല്ല. ബുദ്ധിയുള്ളവരെല്ലാം അതില്‍ നിന്നും ഓടിയകലുന്നവരായിരിക്കും. എങ്ങനെയാണ് നമുക്ക് രണ്ടിനെയും വേര്‍തിരിച്ച് മനസ്സിലാക്കാനാവുക? അഹങ്കാരമെന്ന മോഷപ്പെട്ട വിശേഷണത്തില്‍ നിന്നും വിട്ടു നില്‍ക്കണമെങ്കില്‍ അതെന്താണെന്നും ആദ്യം മനസ്സിലാക്കേണ്ടതുണ്ട്.

1- ആത്മവിശ്വാസം: ഒരു വ്യക്തിക്ക് തോന്നുന്ന മനസ്സുഖം ആത്മശാന്തി, ആത്മാഭിമാനം, ജീവിത ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള കഴിവ്, സ്വന്തം ശരീരത്തെ ബഹുമാനിക്കാനും അതിന്റെ കഴിവ് തിരിച്ചറിയാനുമുള്ള മനസ്സ്, സ്വന്തം വ്യക്തിത്വത്തെ നല്ല നിലയില്‍ കാണാനുള്ള വിശ്വാസം എന്നിവയെല്ലാമാണ് ആത്മവിശ്വാസം കൊണ്ട് ഉദ്ദേശിക്കുന്നത്. ആത്മവിശ്വാസത്തിന് ഒരുപാട് പ്രകടരൂപങ്ങളുണ്ട്. ജീവിതത്തിന്റെ സകല മേഖലകളിലും സംതൃപ്തി, ശുഭാപ്തിവിശ്വാസം, പോസിറ്റിവിറ്റി എന്നിവ അനുഭവപ്പെടുക, കാര്യങ്ങളില്‍ പെട്ടെന്ന് തീരുമാനം കൈകൊള്ളാന്‍ സാധിക്കുക, പ്രശ്‌ന പരിഹാരങ്ങള്‍ക്ക് മുന്നിട്ടിറങ്ങി നേതൃത്വം കൊടുക്കുക, നേടിയെടുക്കമെന്ന് ആഗ്രഹിക്കുന്ന ലക്ഷ്യത്തിലേക്കും എത്തിച്ചേരുമെന്ന ദൃഢവിശ്വസം ഉണ്ടാവുകയും അതില്‍ വിജയിക്കുകയും ചെയ്യുക എന്നിവയെല്ലാം അതില്‍ ചിലതാണ്.

2- അഹങ്കാരം: പ്രകൃതിപരമായി നിര്‍ണയിക്കപ്പെട്ടിട്ടുള്ള അതിരുകള്‍ക്കപ്പുറത്തുള്ള വഴികളിലൂടെ വൈയക്തിക നേട്ടത്തെ ആഗ്രഹിക്കലാണത്. താന്‍ വലിയവനാണെന്ന തോന്നല്‍, പരിപൂര്‍ണതയിലേക്ക് എത്തിയെന്ന ഭാവം എന്നിവ അതിന്റെ ഭാഗമാണ്. അത് ഒട്ടും സ്വീകാര്യമല്ലാത്ത പല ഇടപാടുകളിലേക്കും ക്രയവിക്രയങ്ങളിലേക്കും മനുഷ്യനെ കൊണ്ടെത്തിക്കും. തനിക്ക് ചുറ്റുമുള്ളവര്‍ പോരെന്ന തോന്നലുളവാക്കും. തന്നെക്കാള്‍ സ്ഥാനം കുറഞ്ഞവരാണെന്ന് ഭാവമുണ്ടാക്കും. പല കാര്യങ്ങളിലും താന്‍ അവരെക്കാള്‍ മികച്ചവരാണെന്ന് ഇടക്കിടെ ചിന്തിക്കും. അഹങ്കാരം ഒരു വ്യക്തിക്ക് വിന മാത്രമേ നല്‍കുകയുള്ളൂ. ജനങ്ങള്‍ക്കിടയില്‍ അതവനെ വെറുക്കപ്പെട്ടവനും അസംതൃപ്തനുമാക്കി മാറ്റും. ഇന്ന് അഹങ്കാരം ഒരു മാനസിക രോഗമായാണ് കണക്കാക്കപ്പെടുന്നത്.

3- രണ്ടിനുമിടയിലെ വ്യത്യാസം: ആത്മവിശ്വാസം അഹങ്കാരത്തില്‍ നിന്നും വളരെയധികം വ്യത്യസ്തമായ ഒന്നാണ്. അതില്‍ ചിലത്: മനുഷ്യന് ആത്മസംതൃപ്തിയും ആത്മശാന്തിയും അനുഭവപ്പെടലാണ് ആത്മവവിശ്വാസം. എന്നാല്‍, താന്‍ സമ്പൂര്‍ണനും വലിയവനുമാണെന്ന തോന്നലാണ് അഹങ്കാരം. ആത്മവിശ്വാസം ഒരാളില്‍ സ്വമേധയാ ഉണ്ടായിത്തീരുന്നതാണ്. എന്നാല്‍, അഹങ്കാരം അങ്ങനെയല്ല. അതൊരാള്‍ സ്വയം ഉണ്ടാക്കിത്തീര്‍ക്കുന്ന ഒന്നാണ്. ജീവിതത്തിന്റെ പല ഘട്ടങ്ങിലായി നേടിയ വിജയത്തിലൂടെയും നേട്ടങ്ങളിലൂടെയും ഘട്ടംഘട്ടമായി ഉണ്ടായിത്തീരുന്നതാണ് ആത്മവവിശ്വാസം. അഹങ്കാരത്തിന് അങ്ങനെയൊരു ഘട്ടമില്ല. അതൊരാളില്‍ പെട്ടെന്ന് തന്നെ രൂപപ്പെട്ടു വരുന്ന ഒന്നാണ്. അന്യരുടെ മേല്‍ അഹംഭാവം നടിക്കാതെ വിനയാന്വിതനാകുന്ന സ്വഭാവമായിരിക്കും ആത്മവിശ്വാസം കൊണ്ടുള്ള ഗുണം. എന്നാല്‍, അഹങ്കാരം ഒരാളെ അഹംഭാവിയും ഇതരര്‍ക്കുമേല്‍ ആധിപത്യ സ്വഭാവമുള്ളവനുമാക്കും.

ആത്മവിശ്വാസം വര്‍ധിക്കും തോറും ഒരാളില്‍ ആത്മസംതൃപ്തിയും സ്തുത്യര്‍ഹമായ വിജയവും അനുഭവപ്പെടും. അഹങ്കാരത്തിന് അങ്ങനെയൊരു ഭാവമേയില്ല. ആത്മവിശ്വാസം ഒരാളെ കൂടുതല്‍ ശാന്തനും വിനയാന്വിതനുമാക്കും. എന്നാല്‍, ഒരാളുടെ ഉള്ളം അഹങ്കാരം കൊണ്ടും അഹംഭാവം കൊണ്ടും നിറഞ്ഞാല്‍ പിന്നെ വിശ്വാസമില്ലാത്ത കേവലം അഹന്ത മാത്രമായത് ശേഷിക്കും. ആത്മവിശ്വാസമാണ് ജീവിത വിജയത്തിന്റെ സുപ്രധാന നിതാനമെന്ന് സൈക്കോളജിസ്റ്റുകള്‍ പറയുന്നു. അഹങ്കാരം ജീവിത ഘടനയെയും സ്ഥിരതയെയും താളം തെറ്റിക്കും. അഹങ്കാരിയെ സമൂഹം അവരില്‍ നിന്നും അകറ്റി നിര്‍ത്തും. അവരവനെ വെറുക്കും. അതുകൊണ്ടാണ് അഹങ്കാരം വേണ്ടെന്ന് പ്രവാചകര്‍ നമ്മേ ഉദ്‌ബോധിപ്പിച്ചത്. അവുടന്ന് പറയുന്നു: ‘ഹൃദയത്തില്‍ ഒരു അണുമണി തൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗസ്ഥനാവുകയില്ല’. അല്ലാഹുവും നമ്മോട് വിനയം കൊണ്ട് കല്‍പിക്കുകയും അഹങ്കാരത്തില്‍ നിന്നും അകലം പാലിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നുണ്ട്: ‘ഭൂതലത്തില്‍ അഹന്താപൂര്‍വം നീ നടക്കരുത്. ഭൂമിയെ കീറിമുറിക്കാനോ പര്‍വതങ്ങളുടെ ഉയരം പ്രാപിക്കാനോ നിനക്കാവുകയില്ല, തീര്‍ച്ച'(ഇസ്‌റാഅ്: 37). സതുത്യര്‍ഹമായ സ്വഭാവമുടമകള്‍ക്ക് മാത്രമേ ആത്മവിശ്വാസമെന്ന വിശേഷണം സിദ്ധിക്കാനാകൂ. കളങ്കമുള്ള ഹൃദയത്തിനുടമകളായിരിക്കും അഹങ്കാരികളായി മാറുക. നാം അല്ലാഹും റസൂലും കല്‍പിച്ച സ്വഭാവത്തിന് ഉടമകളാകാന്‍ ശ്രമിക്കണം.

ആത്മവിശ്വാസം, അഹങ്കാരം എന്നവിയുമായി ബന്ധപ്പെട്ട ചൊല്ലുകള്‍

1- വിജയത്തിലേക്ക് എത്തുംവരെ സ്വന്തം കഴിവില്‍ വിശ്വസിക്കുന്നവരാണ് വിജയികള്‍.
2- നിന്നെ സന്തോഷത്തിലാക്കുന്ന കാര്യങ്ങളെക്കുറിച്ച് എപ്പോഴും ചിന്തിക്കുക. അലോസരപ്പെടുത്തുന്ന കാര്യങ്ങളിൽ നിന്നും വിട്ടുനില്‍ക്കുക. ആത്മവിശ്വാസമുള്ളവനാവുക. എങ്കില്‍ നിനക്ക് വിജയ വഴികള്‍ അനായാസം ചവിട്ടിക്കേറാം.
3- സ്വന്തം മഹത്വത്തില്‍ ഒരാള്‍ അഭിമാനംകൊള്ളുകയും മറ്റുള്ളരുടെ നിര്‍ദേശങ്ങള്‍ക്ക് ചെവികൊടുക്കാതിരിക്കുകയും ചെയ്യുന്നതാണ് അഹങ്കാരം.
4- അഹങ്കാരം മനുഷ്യനെ നശിപ്പിക്കും.
5- സമ്പാദ്യം, തറവാടിത്തം, ഭംഗി എന്നിവയില്‍ മേന്മ നടിക്കരുത്. കാരണമത് നീ ഉണ്ടാക്കിയെടുക്കുന്നതില്ല, നിനക്ക് നല്‍കപ്പെടുന്നതാണ്.
6- അഹങ്കാരം മനുഷ്യന്റെ ആന്തരികമായ ന്യൂനതയാണ്.
7- അഹങ്കാരം അജ്ഞരെയോ വിനയം വിവേകമുള്ളവരെയോ ഉയര്‍ത്തുകയില്ല. മറിച്ച്, വിനയം അതിന്റെ ഉടമയെ ഉയര്‍ത്തുകയും അഹങ്കരിച്ചവനെ നിന്ന്യനാക്കുകയും ചെയ്യും.
8- അഹങ്കാരമെന്നത് അഹന്തയെക്കാള്‍ ഒരാള്‍ നിന്ന്യനും നിസാരനുമാണെന്നതിനുള്ള തെളിവാണ്.
9- അഹങ്കാരം ഒരാളെയും ന്യൂനതയുള്ളവനാക്കാതിരുന്നിട്ടില്ല. അഹംഭാവം ഒരാളെയും അശക്തനുമാക്കാതിരുന്നിട്ടില്ല.
10- അല്ലാഹുവില്‍ ഭരമേല്‍പ്പിക്കാത്ത പ്രവര്‍ത്തനങ്ങളെല്ലാം അഹന്തയാണ്. തവക്കുലില്ലാതെയുള്ള പ്രവര്‍ത്തനങ്ങിളെല്ലാം പിഴവുകള്‍ സംഭവിക്കുകയും ചെയ്യും.
11- അഹങ്കാരം അജ്ഞതയുടെ ഭാഗമാണ്.
12- അഹങ്കാരം മലക്കുകളെ പിശാചാക്കും. വിനയം മനുഷ്യനെ മാലാഖയാക്കും.
13- സ്വന്തം കഴിവ് തിരിച്ചറിയുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തി തന്റെ ബലഹീനതയെയും തിരിച്ചറിയുകയും അതിനെ ശക്തിപ്പെടുത്തുകയും ചെയ്യും. അഹങ്കാരം പരിപൂര്‍ണനെന്ന തോന്നലുണ്ടാക്കുമെന്നല്ലാതെ ന്യൂനതകളെ പരിഹരിക്കുകയില്ല.

ആത്മവിശ്വാസം നഷ്ടപ്പെടുന്നതെപ്പോള്‍?

ജനങ്ങളിൽ പലര്‍ക്കും പലപ്പോഴും ആത്മവിശ്വാസം നഷ്ടപ്പെട്ടു പോകാറുണ്ട്. അത് തങ്ങള്‍ ഉദ്ദേശിച്ച ലക്ഷ്യങ്ങളിലേക്ക് എത്തുന്നതില്‍ നിന്നും പലരെയും അശക്തരാക്കാറുമുണ്ട്. താഴെ പറയുന്നുവ അതിനുള്ള പ്രധാന കാരണങ്ങളാണ്:

1- അല്ലാഹുവില്‍ വിശ്വാസമില്ലാതിരിക്കുക.
2- സ്വന്തം കഴിവുകളെ മറ്റുള്ളവരുടെതുമായി താരതമ്യം ചെയ്യാന്‍ ശ്രമിക്കുക.
3- ആധുനിക കാലവുമായും സാങ്കേതിക വിദ്യകളുമായും ബന്ധമില്ലായ്മ, തനിക്ക് ചുറ്റുമുള്ളവരുമായി ആത്മവിശ്വാസത്തോടെ ആശയവിനിമയം നടത്താന്‍ പ്രാപ്തമായ പുതിയ അറിവുകളെക്കുറിച്ചുള്ള അജ്ഞത.
4- മറ്റുള്ളവരെ തന്നില്‍ നിന്നും അകറ്റാന്‍ കാരണമായേക്കാവുന്ന നെഗറ്റീവ് പ്രവര്‍ത്തനങ്ങള്‍.
5- കഴിവുകളെ ഉള്ളില്‍ വെച്ച് സംതൃപ്തിയടയുക. സ്വന്തം കഴിവുകള്‍ക്ക് സ്വയം അതിര്‍ത്ഥി നിര്‍ണയിക്കുക.

ആത്മവിശ്വാസവും വ്യക്തിത്വ വികസനത്തിന്റെ പ്രാധാന്യവും

നല്ല വ്യക്തിത്വം എല്ലാവരെയും പെട്ടെന്ന് ആകര്‍ഷിക്കും. ബലഹീനനായ വ്യക്തിയെ നാം ആരും തന്നെ ഇഷ്ടപ്പെടാറില്ലല്ലോ. നമുക്ക് ചുറ്റുമുള്ള കഴിവുറ്റ ആളുകള്‍ക്കൊപ്പം കൂട്ടുകൂടാനാണ് നാം ശ്രമിക്കുക. നല്ല വ്യക്തിത്വമെന്നത് അനീതിയുമായോ ആധിപത്യവുമായോ ബന്ധപ്പെട്ടു കിടക്കുന്ന ഒന്നല്ല. മറിച്ച്, അതൊരു വ്യക്തിയെ നീതിമാനും സത്യത്തില്‍ ആക്ഷേപങ്ങളെ ഭയക്കാത്തവനുമാക്കും. ജീവിത പ്രശ്‌നങ്ങളെ ഉചിതമായ രീതിയില്‍ പരിഹരിക്കാനും ജീവിത ലക്ഷ്യങ്ങളിലേക്ക് വേഗം നടന്നെത്താനും അവന് സാധ്യമാകും. നല്ല വ്യക്തിത്വ വികാസത്തിന് ജനങ്ങള്‍ കഠിന പരിശ്രമം നടത്താന്‍ കാരണമേറെയാണ്:

1- പഠന, പാഠ്യേതര മേഖലകളില്‍ ഒരുപാട് അവസരങ്ങള്‍ അതുണ്ടാക്കിത്തരും. എത്തിപ്പെടുന്നിടത്തെല്ലാം ഉയര്‍ന്ന പദവിയും നേതൃസ്ഥാനവും നല്‍കപ്പെടും. കാരണം, കോര്‍പറേറ്റ് മുതലാളിമാരെല്ലാം സാധാരണയായി എല്ലാ വിഷയങ്ങളെയും കൈകാര്യം ചെയ്യാന്‍ സാധ്യമല്ലാത്തതിനാല്‍ അതിന് പ്രാപ്തിയുള്ള ആളുകളെയായിരിക്കും കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഏല്‍പിക്കുക. നല്ല വ്യക്തിത്വമുള്ള ഒരാള്‍ക്ക് ഒരേസമയം ഒരുപാട് കാര്യങ്ങള്‍ നിയന്ത്രിക്കാനും പ്രവര്‍ത്തിക്കാനും സാധിക്കും. എല്ലാ മേഖലകളിലും അത് വിജയം നേടിത്തരികയും ചെയ്യും.

2- സ്വതന്ത്രമായ ചിന്ത വികസിക്കും. മേലധികാരികള്‍ക്ക് വെല്ലുവിളികളെ നേരിടാനാകുന്ന എല്ലാ തീരുമാനങ്ങളിലും തങ്ങളെ പിന്തുണക്കാനാകുന്ന ജീവനക്കാരെ ആവശ്യമാണ്. ചില ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് ഇത്തരം സ്വതന്ത്ര ചിന്തയുള്ള ആളുകളെ അവര്‍ക്ക് ആവശ്യമായി വരും.

3- ശക്തമായ വ്യക്തിത്വമുള്ള ഒരാളെ ബാഹ്യ ഘടകങ്ങളും ചുറ്റുമുള്ള സംസാരങ്ങളും ബാധിക്കുകയില്ല. ആളുകളുടെ വിമര്‍ശനത്തെ അവര്‍ ശ്രദ്ധിക്കുകയില്ല. കാരണം, അവന്റെ കഴിവ് അവന്റെ ഉള്ളില്‍ നിന്നും ഉത്ഭവിച്ചുണ്ടായതാണ്. അതിനാല്‍ തന്നെ അവന്റെ ആത്മവിശ്വാസത്തെ പിന്തുണക്കാന്‍ ഒരു ബാഹ്യശക്തിയുടെ ആവശ്യം അവനുണ്ടാവുകയില്ല. എല്ലാ വെല്ലുവിളികളെയും ദൃഢതയോടെ നേരിടാന്‍ അവന്‍ ഒരുക്കവുമായിരിക്കും.

4- നല്ല വ്യക്തിത്വമുള്ളയാളാവുക എന്നതിന് ചുറ്റും ഒരുപാട് സ്‌നേഹിതരുണ്ടാകണമെന്ന് നിബന്ധനയില്ല. ഇനി ജനങ്ങള്‍ ഒരാളെ ഇഷ്ടപ്പെടുന്നുവെങ്കില്‍ അതിനെ നമുക്ക് നിഷേധിക്കാനുമാകില്ല. അവര്‍ അവനില്‍ നിന്ന് ആത്മവിശ്വാസവും ശക്തിയും നേടിയെടുക്കുന്നുവെന്നതാണ് അതിന് കാരണം. ഈ അടുപ്പം പലപ്പോഴും സ്‌നേഹത്തില്‍ നിന്നും ഉത്ഭവിക്കുന്നതായിരിക്കില്ല. നിശ്ചിത താല്‍പര്യങ്ങളായിരിക്കും മിക്കതിന്റെയും ഉദ്ദേശ്യം. ശക്തമായ വ്യക്തിത്വമുള്ള ഒരാളെ സംബന്ധിച്ചെടുത്തോളം സ്വന്തം പ്രവര്‍ത്തികള്‍ ചെയ്യുന്നതോടൊപ്പം ആവശ്യം വന്നാല്‍ മറ്റുള്ളവരെ പ്രയാസത്തിലാക്കാനും കഴിവുള്ളവരായിരിക്കും. അതിനാല്‍ തന്നെ അപമാനിക്കപ്പെടുന്നതില്‍ നിന്നും നിന്ദ്യരാക്കപ്പെടുന്നതില്‍ നിന്നും അവര്‍ക്ക് രക്ഷപ്പെടാനാകും. കാരണം, ജനങ്ങളോടുള്ള തന്റെ പെരുമാറ്റത്തിനും അവര്‍ക്ക് തന്നോടുള്ള പെരുമാറ്റത്തിനും അവന്‍ കൃത്യമായ രീതികള്‍ നിര്‍ണയിച്ചിട്ടുണ്ടാകും. അതിനാല്‍ തന്നെ അതിനെ മറികടക്കാന്‍ ആര്‍ക്കുമാകില്ല.

5- നല്ല വ്യക്തിത്വമുള്ള ആള്‍, എത്തിപ്പെടുന്നിടത്തെല്ലാം ജനങ്ങളെല്ലാം അവനെ ശ്രദ്ധിക്കും. ആന്തരികമായ കഴിവും ആത്മവിശ്വാസവുമാണ് ഒരാളെ ജനപ്രിയനായി മാറുന്നതിന്റെ അടിസ്ഥാന ഘടകം.

അവസാനമായി, മനുഷ്യ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് ആത്മവിശ്വാസത്തിനുണ്ട്. ഒരാള്‍ ജനങ്ങളോട് സംസാരിക്കുമ്പോള്‍ അവന്റെ അകത്തുണ്ടാകുന്ന ആത്മവവിശ്വാസമാണ് ഉദ്ദേശിച്ച രീതിയില്‍ അത് പൂര്‍ത്തീകരിക്കാന്‍ അവനെ സഹായിക്കുന്നത്. ആദ്യ നോട്ടത്തില്‍ തന്നെ തോന്നുന്ന സംതൃപ്തിയാണ് മറ്റുള്ളവരെ ഇയാളുമായി സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നതും.

വിവ: മുഹമ്മദ് അഹ്സന്‍ പുല്ലൂര്‍

Related Articles