Personality

വേരുറയ്ക്കുന്ന വ്യക്തിത്വം

ഉയർന്ന വ്യക്തിത്വം ഒരാൾക്ക് സാധ്യമാവുന്നത്, തന്നെക്കുറിച്ച് മാത്രമല്ല മറ്റുള്ളവരെ കുറിച്ച്  ചിന്തിക്കാനും  അവരുടെ കൂടി വ്യക്തിത്വത്തെ അംഗീകരിക്കാനും എല്ലാവരുടെയും ജീവിതത്തിന് ഒരേപോലെ മൂല്യം കൽപ്പിക്കാനും അതിനനുസരിച്ച് ചിന്തിക്കാനും പ്രവൃത്തിക്കാനും തുടങ്ങുമ്പോൾ മാത്രമാണ്. അതിനാൽ നമുക്ക് ചുറ്റിലുമുള്ളവർക്ക് നമ്മോടുളള സമീപനം, അടുപ്പം, സൗഹൃദമനോഭാവം ഇവയെല്ലാം നിലനിർത്തും വിധത്തിലേയ്ക്ക് നമ്മുടെയൊക്കെ ഉള്ളിൽ ആന്തരീകമായ പരിവർത്തനങ്ങൾ സംഭവിക്കേണ്ടതുണ്ട്. സ്ഥായിയായ ഒരു ക്യാരക്ടർ നിലനിർത്തിക്കൊണ്ട് തന്നെ സാഹചര്യങ്ങളെ തിരിച്ചറിഞ്ഞ് അവനവനിൽ അനിവാര്യമായി വരുന്ന മാറ്റങ്ങൾ യഥാസമയം വരുത്താനും തയാറാവണം. വെറുതെ കടുംപിടുത്തക്കാരായി മാറരുത്, അത് ജീവിതം ഏറെ ദുഷ്ക്കരമാക്കി മാറ്റും. ആന്തരീക തലത്തിൽ മാറ്റങ്ങളെ അംഗീകരിക്കാൻ മനസ്സ് ഒരുങ്ങാതെ വെറും ബാഹ്യചേഷ്ടകളിലായി മാത്രം ഒതുക്കുന്നത് ഒരാളിൽ കടുത്ത മാനസ്സിക സമ്മർദ്ദം സൃഷ്ടിക്കാൻ ഇടയാക്കും. ആന്തരീകമായ ബോധത്തിലൂടെയാവണം ഒരാളിൽ മാനസിക പരിണാമം സംഭവിക്കേണ്ടത്, അല്ലെങ്കിൽ യഥാർത്ഥ വ്യക്തിത്വത്തിന് പകരം ഒരു പൊയ്മുഖം സൃഷ്ടിച്ചെടുക്കുന്നത് പോലെയാവും- അതായത് ഒരു കൃത്രിമ വ്യക്തിത്വം (fake identity). ഓർക്കുക കുഞ്ഞുങ്ങളിൽ നൈസർഗ്ഗീകമായ വളർച്ചയെയാണ് പ്രോത്സാഹിപ്പിക്കേണ്ടത് അതായത് ആന്തരീകമായ പരിവർത്തനമാണ് നടക്കേണ്ടത്, അതല്ലെങ്കിൽ സ്വത്വബോധത്തിലൂടെയുള്ള വളർച്ച അവരിൽ നടക്കില്ല.

വൃത്തിയും ശുചിത്വവും (tidiness/neatness) പാലിക്കുക എന്നത് നല്ലൊരു വ്യക്തിത്വത്തിന്റെ അടയാളമാണ്. ഇത് കേൾക്കുമ്പോൾ തോന്നും ആരാണ് ഇന്നത്തെക്കാലത്ത് അലക്കാതെയും കുളിക്കാതെയും നടക്കുന്നതെന്ന്. വ്യക്തിത്വം എന്ന് പറയുന്നത് ഒരിക്കലും നമ്മൾ ചെയ്യുന്ന ചില പ്രത്യേക പ്രവൃത്തികൾ നോക്കി മാത്രം തുലനം ചെയ്യേണ്ടതോ വിലയിരുത്തപ്പെടേണ്ടതോ ആയ ഒന്നല്ല. അതിലുപരി ഒട്ടേറെ ഘടകങ്ങൾ ചേരുന്നതാണ് വ്യക്തിത്വം. ഉദാഹരണത്തിന് ഒരാൾക്ക് നമ്മൾ 1000 രൂപ ദാനം നൽകുന്നു എന്നിരിക്കട്ടെ, അയാൾ ചെയ്ത ഈയൊരൊറ്റ കർമ്മം മാത്രം മുൻനിർത്തി ഒരിക്കലും അയാളുടെ വ്യക്തിത്വത്തെ നിർവ്വചിക്കരുത്‌. ആ വ്യക്തി നിരന്തരം അവനവനോടും മറ്റു വ്യക്തികളോടും ലോകത്തോടും നിലനിർത്തിപ്പോരുന്ന തന്റെ കാഴ്ചപ്പാട്, നിലപാട്, മനോഭാവം, കൂടാതെ ഓരോ കർമ്മങ്ങളിൽ ഏർപ്പെടുമ്പോഴും അത് എത്ര തന്നെ മറ്റ് മനുഷ്യരുടെയും സമൂഹത്തിന്റെയും ക്ഷേമത്തിനും നന്മയ്ക്കും ഉള്ളതായാലും വേണ്ടില്ല അതിന്റെ പിന്നിലെ ലക്ഷ്യം അല്ലെങ്കിൽ ഉദ്ദേശശുദ്ധി ഇവയെല്ലാം അടിസ്ഥാനമാക്കിയാവണം ആ വ്യക്തിത്വത്തെ വിലയിരുത്തേണ്ടത്. അല്പം സമയവും സാവകാശവും എടുത്ത് തന്നെ വേണം ഒരു വ്യക്തിത്വത്തെ പഠിക്കാൻ. ഇന്നാലെക്കണ്ട ഒരാളെ ഇന്ന് വായിച്ചെടുക്കാനൊന്നും ആർക്കും കഴിയില്ല. അവനവന് തന്നെ തന്റെ ഉദ്ദേശശുദ്ധിയിൽ സംശയം ഇല്ലാതാവുന്ന ഒരു അവസ്ഥയിലേക്ക് മനുഷ്യൻ എത്തുമ്പോഴേ, താൻ ചെയ്യുന്ന കർമ്മങ്ങളെക്കുറിച്ചും വ്യക്തമായ ബോധം ഉണ്ടാവുമ്പോഴേ മറ്റുള്ള ആളുകൾക്കും ആ വ്യക്തിയുടെ മേൽ ഉണ്ടായേക്കാവുന്ന ശങ്ക മാറി കിട്ടുകയുള്ളൂ. അതുകൊണ്ട് വ്യക്തിത്വം എന്നാൽ ആത്മബോധത്തിൽ നിന്ന് ഉണ്ടാവുന്നതാണ്. അല്ലാതെ അഭിനയമോ പുറംപൂച്ച് കാണിക്കലോ അല്ല.

Also read: പ്രതീക്ഷാ നിർഭരമാവട്ടെ ജീവിതം

തന്റെ ശരീരം, താൻ ധരിച്ചിരിക്കുന്ന വസ്ത്രം, ജീവിക്കുന്ന ചുറ്റുപാടുകൾ ഇവയെല്ലാം വൃത്തിയായും ശുചിയായും കൊണ്ടുനടക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണന്ന ബോധം, തന്റേതായ മറ്റ് ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള ബോധം ഇതുപോലെയുള്ള ചില ബോധങ്ങളിൽ നിന്നാണ് മനുഷ്യർക്ക് ആത്മബോധം ഉണരുന്നതും  വ്യക്തിത്വം ഉണ്ടാവേണ്ടതും. ആൾക്കൂട്ടത്തിൽ, വീട്ടിനുള്ളിൽ, പാഠശാലയിൽ, അങ്ങനെ ഓരോ സ്ഥലങ്ങളിലും താൻ പെരുമാറേണ്ടത് ഇന്ന വിധത്തിലൊക്കെയാണ്, തന്റെ ഭാഷ, സംസാരത്തിന്റെ ടോൺ, ശരീരഭാഷ ഇവയൊക്കെ എങ്ങനെയായിരിക്കണം എന്നൊക്കെയുള്ള ബോധം ഒരു ശക്തമായ, പക്വതയാർന്ന, പൊലിമയാർന്ന വ്യക്തിത്വത്തിലേയ്ക്ക് ഒരാളെ എത്തിക്കും.

ശുചിത്വബോധം കുട്ടികളിൽ ശീലമാക്കി എടുക്കണം അച്ഛനമ്മമാർ. പല്ല് തേപ്പും കുളിയും പോലെയുള്ള ദിനചര്യകൾ നാം പതിവായി ചെയ്യുന്നെങ്കിലും അതോടൊപ്പം ശുചിത്വബോധമാണ് ആവശ്യം. അവർ ഉപയോഗിക്കുന്ന വസ്തുക്കൾ അതായത് പുസ്തകങ്ങൾ, ബാഗ്, ചോറ്റുപാത്രം, കളിപ്പാട്ടങ്ങൾ അതെപോലെ ധരിക്കുന്ന വസ്ത്രം, ഉറങ്ങുന്ന കിടക്ക വിരികൾ, ശുചിയോടെയും വെടിപ്പോടെയും സൂക്ഷിക്കാൻ മക്കൾ അറിഞ്ഞിരിക്കണം. ശുചിത്വം പാലിക്കുന്നതിന്റെ ഭാഗമാണ് ശരീരഭാഗങ്ങൾ എപ്പോഴും വൃത്തിയോടെ കാത്തുവെയ്ക്കലും ഭക്ഷണം കഴിച്ച ശേഷം വായും പല്ലുകളും വെള്ളംകൊണ്ട് വെടിപ്പാക്കലും, കാൽപാദങ്ങളിലെയും കൈകളിലെയും നഖങ്ങൾ വെട്ടി വൃത്തിയാക്കുന്നതും, മുടി ചീകി വെയ്ക്കുന്നതും എല്ലാം.

വ്യക്തിത്വം ആകർഷണീയമാകുമ്പോഴാണ് ആളുകൾ നമ്മോട് അടുക്കുന്നത്, സൗഹാർദ്ദം കൂടുന്നതും. ദുർഗന്ധം വമിക്കുന്ന വായും കുളിക്കാതെ നാറുന്ന വസ്ത്രവും ധരിച്ച ഒരാളെ കണ്ടാൽ ആരും അയാളുടെ അടുത്തേയ്ക്ക് ചെല്ലില്ല ആർക്കും അയാളോട് ഒരു മതിപ്പും ഇഷ്ടവും തോന്നില്ല. കുളിച്ച് വൃത്തിയായി അലക്കി വസ്ത്രം ധരിച്ച ഒരാളെപ്പോലെയല്ല അയാൾ. ജലദോഷം വരുമ്പോൾ തൂവാല ഉപയോഗിക്കാനും തുമ്മൽ വരുമ്പോഴും കോട്ടുവാ ഇടുമ്പോഴും വായ കൈകൊണ്ട് അടച്ചു പിടിക്കാനും അതേപോലെ ഇരിക്കുന്ന, നിൽക്കുന്ന, കിടക്കുന്ന രീതികളോക്കെ (mannerisms) ശരീരഭാഷയൊക്കെ (body language) ആളുകൾക്ക് മതിപ്പ് തോന്നുന്ന വിധത്തിൽ ആവാൻ അച്ഛനമ്മമാർ ഒന്ന് ശ്രദ്ധിച്ചാൽ, കുഞ്ഞുങ്ങൾക്ക് അതെല്ലാം ഭാവിയിൽ ഏറെ പ്രയോജനം ചെയ്യും.

Also read: ഖുര്‍ആനിലെ സാമൂഹ്യശാസ്ത്ര തത്വങ്ങള്‍

കുഞ്ഞുനാളിൽ പഠിക്കുന്ന നല്ല ശീലങ്ങളെല്ലാം ഒരു മനുഷ്യൻ മരിക്കുവോളം കൂടെയുണ്ടാകും എന്നതിനാൽ മാതാപിതാക്കൾ അലസരോ, ആശ്രദ്ധാലുക്കളോ ആവരുത്. മൂത്ത കുട്ടിയെ ആദ്യത്തെ കുഞ്ഞെന്നും പറഞ്ഞ് ലാളിച്ചു വളർത്തുന്നു. അമിത ലാളനയിൽ കുഞ്ഞ് യാതൊരു ഉത്തരവാദിത്വവും അറിയാതെ വളരും. താഴെ കുഞ്ഞുങ്ങൾ വരുമ്പോഴാണ് അച്ഛനമ്മമാർ മൂത്തകുട്ടിയെ ശകാരിക്കാനും കയർത്ത് സംസാരിക്കാനും തുടങ്ങുന്നത്. കാര്യത്തിൽ മൂത്ത കുട്ടിയ്ക്ക് ഒന്നും മനസ്സിലാവുന്നുണ്ടാവില്ല എന്താണ് സംഭവിക്കുന്നത്. ഇന്നലെ വരെ തന്നെ കുഞ്ഞിനെ പോലെ പരിഗണിച്ച, മൃദുഭാഷയിൽ സംസാരിച്ചിരുന്ന എന്നെ നോക്കി ഇന്നവർ ആജ്ഞകൾ പുറപ്പെടുവിക്കുന്നു, വലിയ കുട്ടിയോട് എന്നപോലെ പെരുമാറുന്നു. ഇതൊക്കെ ആ കുഞ്ഞിൽ മാനസിക സംഘർഷങ്ങൾ സൃഷ്‌ടിക്കുന്നത് സ്വാഭാവികം. എന്നാൽ അത് അച്ഛനമ്മമാർ അറിയുന്നുണ്ടോ? പിന്നെ പുതുതായി വന്ന ആ കുട്ടിയ്ക്ക് അതിഥിയോട് പകയായി, വെറുപ്പായി അവൻ/അവൾ വരുന്നത്തിന് മുമ്പ് താൻ ആയിരുന്നു ഇവർക്കെല്ലാമെല്ലാം. ഈ കുഞ്ഞ് തന്നിൽ നിന്ന് എല്ലാം തട്ടിയെടുക്കുകയാണ് എന്ന തെറ്റിദ്ധാരണ അവനെ മാനസികമായി കീഴടക്കും. വാശിയും ദേഷ്യവും അവരിൽ വർധിച്ചു വരും. ഇതിനൊന്നും ഇടനൽകരുത്. ‘അമ്മ ഗർഭിണി ആയിരിക്കുമ്പോഴേ മൂത്തകുഞ്ഞിൽ വരാൻ ഇരിക്കുന്ന കുഞ്ഞിനോട് ഇഷ്ടവും കുഞ്ഞുവാവയെ സ്വീകരിക്കാനുള്ള മനസ്സും മൂത്തയാളെന്ന ഉത്തരവാദിത്വ മനോഭാവവും ഉണ്ടാക്കി എടുക്കണം. സ്‌കൂളുകളിൽ പോയി തുടങ്ങുമ്പോൾ തന്റെയും ഇളയ സഹോദരങ്ങളുടെയും ബാഗുകൾ യാഥാസ്ഥാനത്ത് തന്നെ എടുത്ത് വെയ്ക്കാനും പുസ്തകങ്ങൾ കീറാതെയും ചിന്നിച്ചിതറിയിടാതെയും വൃത്തിയോടെ, ചിട്ടയോടെ എടുത്ത് വെയ്ക്കാനും കളിപ്പാട്ടങ്ങൾ കേടുകൂടാതെ സൂക്ഷിയ്ക്കാനും മൂത്തകുട്ടി അമ്മയോടൊപ്പം ഉണ്ടാവണം. ഇവയൊക്കെ വെയ്ക്കാൻ പ്രത്യേകം ഒരിടം കുഞ്ഞുങ്ങൾക്കായ് മാറ്റി വെയ്ക്കുകയും അവിടെ തന്നെ കൊണ്ടുപോയി വെയ്ക്കാൻ ശീലിപ്പിക്കുകയും ചെയ്യുമ്പോൾ കുഞ്ഞുങ്ങൾക്ക് ഒരു സിസ്റ്റം വരും എല്ലാത്തിനും.

കുഞ്ഞുങ്ങൾക്ക് അവരുടെ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളെക്കുറിച്ചും എപ്പോഴും ബോധം ഉണ്ടാവണം. അമ്മയെക്കൂടാതെ അച്ഛനോ അല്ലെങ്കിൽ വീട്ടിൽ പരിചരിക്കുന്നവരോ ഉണ്ടെങ്കിൽ അവർ അല്ലാതെ കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നതോ അവരുടെ സ്വകാര്യഭാഗങ്ങൾ വൃത്തിയാക്കുന്നതോ അത്ര നല്ലതല്ല. മറ്റൊരാൾ ആ ഭാഗത്ത് സ്പർശിക്കാൻ ശ്രമിക്കുന്നതോ കൈവെയ്ക്കുന്നതോ തെറ്റാണെന്ന് മനസ്സിലാക്കാൻ കഴിയുന്ന പ്രായത്തിൽ അതായത് ഏതാണ്ട് 2 വയസ്സ് മുതലങ്ങോട്ട് ചെറിയ തോതിൽ പറഞ്ഞു കൊടുത്ത് തുടങ്ങാം കാര്യങ്ങളൊക്കെ. വസ്ത്രങ്ങൾ ധരിപ്പിക്കുമ്പോൾ കുഞ്ഞുങ്ങളുടെ ശരീരത്തിന് ഇണങ്ങിയതും യോജിച്ച സൈസും കംഫർട്ടബിൾ ആയവയും തിരഞ്ഞെടുക്കണം. അടിവസ്ത്രം പ്രത്യേകിച്ചും. കാലാവസ്ഥ നോക്കിയും അനുകൂലമായ മെറ്റീരിയലിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കണം.

Facebook Comments
Related Articles

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.
Close
Close