Current Date

Search
Close this search box.
Search
Close this search box.

ഒരു പുനർവിചിന്തനത്തിന് ഇനിയും സമയമുണ്ടെങ്കിൽ

ഒരു നിശ്ചിത സമൂഹത്തിൽ ജന്മമെടുത്ത് ഒരു പൂർണ്ണ മനുഷ്യനിലേയ്ക്ക് രൂപാന്തരം പ്രാപിക്കുന്നതിനിടെ ഒരു വ്യക്തി അവിടുത്തെ മത, രാഷ്ട്രീയ, വർഗ്ഗീയ, വംശീയ, ദേശീയ, പ്രാദേശികപരമായ ചട്ടങ്ങളും കണക്കില്ലാത്ത അലിഖിത നിയമങ്ങളും കൂടിക്കലർന്നുണ്ടായ ഒരു പൊതുബോധത്താൽ കണ്ടീഷനിങ് ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. അല്ലാതെ വ്യക്തിത്വബോധത്തിന്റെ അടിസ്ഥാനത്തിലോ ആത്മസത്തയെ അറിഞ്ഞുകൊണ്ടോ മനോവികാസം പ്രാപിക്കുന്നവർ അപൂർവ്വം. സമൂഹത്തിലും കുടുംബങ്ങളിലും വ്യക്തിബന്ധങ്ങളിലും അല്പസ്വല്പമെങ്കിലും ബോധപൂർവ്വമുള്ളതോ ക്രിയാത്മകമായതോ ആയ ഇടപെടലുകൾ നടത്താൻ സാധിക്കുന്നവർക്കെ അത്ര വലിയ കേടുപാടുകളൊന്നുമില്ലാത്ത ഒരു വ്യക്തിത്വം അവകാശപ്പെടാൻ ഉണ്ടാവാറുള്ളൂ. മനുഷ്യരുമായി സംസാർഗ്ഗത്തിലേർപ്പെടുമ്പോഴൊക്കെ ക്രിയാത്മകമായ ആശയവിനിമയത്തിനും സാമൂഹിക തലത്തിലുള്ള വ്യവഹാരങ്ങൾക്കും അതേപോലെ പോസിറ്റീവായ ഇടപെടലുകൾക്കും ആത്മബോധം അത്യന്താപേക്ഷിതമാണ്. അവനവനെ ഏറ്റവും മനോഹരമായി പ്രെസെൻറ് ചെയ്യുകയും ഉള്ളകം മനവികമായ സദ്ഗുണങ്ങളാൽ പരിപോഷിപ്പിച്ച് നിർത്തുകയും അതിനെല്ലാം ഉതകും വിധത്തിൽ സജ്ജീകരിക്കപ്പെട്ട ഒരു മനോഭാവത്തിന്റെ സാന്നിധ്യവും അതോടൊപ്പം ആത്മവിശ്വാസവും കൊണ്ട് സമ്പന്നമാക്കണം മനസ്സിനെ. ഇത്തരം വ്യക്തിത്വങ്ങളിലെ സവിശേഷത വീക്ഷിച്ചാൽ അവരിലെ തന്മയത്വഭാവവും ശരീരഭാഷയും അത്രയ്ക്ക് വശ്യത നിറഞ്ഞതായിരിക്കും. കേവലം അവരുടെയൊരു സാന്നിധ്യത്തിൽ തന്നെ ആളുകളുടെ മനസ്സ് കവർന്നെടുക്കാൻ കഴിവുള്ളവരുമാവും. പൊതുവെ നെഗറ്റീവായ പല ധാരണകൾക്കും നിഷേധാത്മകമായ ചിന്തകൾക്കും മനോഭാവത്തിനുമൊപ്പം ജീവിക്കാൻ മനുഷ്യർക്ക് തെല്ലും തന്നെ അറിവിന്റെയോ ബോധത്തിന്റെയോ ആവശ്യം വരാറില്ല. അബോധപൂർവ്വം തനിയ്ക്ക് തോന്നുന്ന ശരികളെ ചേർത്ത് പിടിച്ചങ്ങ് ജീവിച്ചുപോകാം. ആ ശരികളിൽ എത്രത്തോളം ശരിയുണ്ടെന്നോ അല്ലെങ്കിൽ തെറ്റുകൾ ഉണ്ടെന്നോ അങ്ങനെയുള്ള സമസ്യകളൊന്നും തന്നെ ആ മനുഷ്യനെ അലട്ടുന്നില്ല. യുക്തിബോധം, ആത്മബോധം, വ്യക്തിത്വബോധം, പൗരബോധം, സാമൂഹികാവബോധം ഇത്തരം ബോധങ്ങളാണ് മനുഷ്യരെ ഉയർന്നും ഉണർന്നും ചിന്തിക്കാൻ പ്രചോദിപ്പിക്കുന്നത്. അവയിൽ ആത്മബോധം തന്നെയാണ് പരമപ്രധാനം. ബാക്കിയൊക്കെ പിന്നാലെ വന്നോളും.

ക്രിയാത്മകമായ ഒരു പാരന്റിങ്ങിന് വ്യക്തിത്വരൂപീകരണത്തിൽ അതീവം മഹത്തരമായൊരു സ്ഥാനമാണ്. അവരുടെ കുഞ്ഞുങ്ങൾ ഗ്രഹിച്ചെടുക്കുന്നതും ജീവിതത്തിൽ പകർത്തുന്നതും കൂടാതെ വ്യക്തിത്വത്തിൽ നിലനിർത്തുന്നതിൽ ഏറിയ പങ്കും അച്ഛനമ്മമാരിൽ നിന്നുള്ള ശീലങ്ങളും ശൈലികളുമാണ്. മൂല്യാധിഷ്ഠിത ജീവിതം നയിക്കാൻ മക്കളെ പഠിപ്പിക്കുമ്പോൾ ആത്മബോധം വെടിഞ്ഞു ജീവിക്കാൻ ഒരിക്കലും അവർക്ക് കഴിയില്ല. ശിക്ഷയിലൂടെയല്ല ശിക്ഷണത്തിലൂടെയാണ് മക്കൾ വളരേണ്ടത്. രക്ഷാകർതൃത്വമെന്ന ദൗത്യത്തിൽ അവലംബിക്കേണ്ട അനുക്രമങ്ങളെക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചും വൈവാഹിക ജീവിതത്തിലേക്ക് കാലെടുത്തു വെയ്ക്കുന്ന നമ്മുടെ ആൺകുട്ടിയ്ക്കും പെൺകുട്ടിയ്ക്കും ഒരു മുൻധാരണ ഉണ്ടായിരിക്കുന്നത് വളരെ ഫലം ചെയ്യും. ചൂരൽ വായുവിൽ ഉയർത്തിയില്ലെങ്കിൽ തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ ശകാരിച്ചില്ലെങ്കിൽ കണക്കിന് ശിക്ഷ നൽകിയില്ലെങ്കിൽ മക്കൾ കേടുവന്നു പോകുമെന്ന വിശ്വാസമൊക്കെ നമുക്ക് മുൻതലമുറക്കാർ പഠിപ്പിച്ചു തന്ന പഴഞ്ചൻ രീതികളാണ് അവയൊക്കെ. ആധീശത്വ ഭാവത്തോടെ ആജ്ഞയോടെ സ്വന്തം ചൊല്പടിയ്ക്ക് നിർത്തി വളർത്തുന്ന സമ്പ്രദായം അത്ര ഭൂഷണമല്ല. അത് മക്കളിൽ വ്യക്തിത്വം ഇല്ലാതാക്കും. ഉടമസ്ഥ മനോഭാവത്തോടെയുള്ള ഭരണമല്ല ഒരിക്കലും രക്ഷാകർതൃത്വം എന്നും മനസ്സിലാക്കണം. കുട്ടികളുടെ മനശാസ്ത്രം/ചൈൽഡ് സൈക്കോളജിയുടെ ബേസിക്കെങ്കിലും അറിഞ്ഞിരിക്കുന്നത് പാരന്റിങ്ന്റെ സങ്കീർണ്ണത ലഘൂകരിക്കാൻ സഹായിക്കും. നല്ല ശീലങ്ങളാണ് മക്കളെ നല്ല വ്യക്തികളാക്കുന്നത് അത് സ്നേഹപൂർവ്വം പരിശീലിപ്പിക്കലാണ് അച്ഛനമ്മമാരുടെ മികവ്. അല്പം കളിമണ്ണെടുത്ത് കുഴച്ച് പരുവപ്പെടുത്തി നിങ്ങളുടെ കൈകളിലേയ്ക്ക് തന്നിരിക്കുകയാണെന്ന് കരുതിയാൽ മതി. തങ്ങളുടെ കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിന് അടിത്തറ പാകുകയെന്ന ഉദ്യമം തങ്ങളിൽ മാത്രം അധിഷ്ഠിതമായ ഒന്നാണെന്ന ബോദ്ധ്യവും തിരിച്ചറിവുമുണ്ടെങ്കിൽ അതിമനോഹരമായൊരു ആകൃതിയും ഘടനയും അതിന് നൽകാൻ രക്ഷിതാക്കൾക്കൾക്ക് സാധിക്കും.

സന്തോഷം പകർന്ന് നൽകാനും ഈ നിമിഷം ലഭ്യമായ സന്തോഷത്തെ അറിഞ്ഞു തന്നെ ആസ്വദിക്കാനും മനുഷ്യർക്ക് സാധിക്കണം. ഇതുപോലെ വളരെ പോസിറ്റീവായൊരു മാനസികാവസ്ഥയെ മനപ്പൂർവ്വം ഡെവലപ്‌ ചെയ്തെടുക്കൽ സാധ്യമാണ്. എന്നിട്ട് ബോധപൂർവ്വം സന്തോഷത്തിന്റെ ഗ്രാഫ് താഴാതെ കരുതലോടെ മെയിന്റെയിൻ ചെയ്ത് വേണം നിലനിർത്തിക്കൊണ്ട് പോവാൻ. അതേപോലെ സഹജീവികളെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയുകയെന്നത് മാനവീക മൂല്യങ്ങളിൽ സുപ്രധാനമായ് കണക്കാക്കുന്ന ഒന്നാണ്. അസൂയ, പോര്, വെറുപ്പ്, വിദ്വേഷം, കുടിലത ഇവയൊക്കെ വിനാശകാരികളാണ്. അതിൽ നിന്നും ഉരുത്തിരിഞ്ഞാണ് പക, വൈരാഗ്യം എന്നിവ മുളപൊട്ടി ഉണ്ടാകുന്നതും ചിലപ്പോഴെല്ലാം മനുഷ്യർ പ്രതികരദാഹിയായി മാറുന്നതും. വളരെയധികം അപകടകരമായ മനോനിലയിലേയ്ക്ക് മനുഷ്യനെ കൊണ്ടുചെന്നെത്തിക്കാൻ അവയ്ക്ക് എളുപ്പം സാധിക്കും. അജ്ഞതയും അന്ധതയും മൂലം വിലയേറിയ വ്യക്തിത്വവും ജീവിതവും നാശത്തിന്റെ വാക്കിലേയ്ക്ക് എടുത്തെറിയപ്പെടും.

അവനവന്റേതെന്ന പോലെ മറ്റുള്ളവരുടെയും വൈകാരികതയ്ക്ക് പരിഗണനയും അല്പസ്വല്പം മുൻഗണനയും സ്ഥാനവും നൽകാൻ തന്റെ ജീവിതംകൊണ്ട് പഠിച്ചാൽ അവനിൽ മനുഷ്യത്വത്തിന്റെ ലാഞ്ഛന എന്നും എപ്പോഴും തെളിഞ്ഞു തന്നെ കാണാൻ സാധിക്കും. അച്ഛനമ്മമാരുടെ വൈകാരികതയ്ക്ക് തങ്ങളുടെ മനസ്സിൽ സ്ഥാനം നൽകുമ്പോഴാണ് മക്കൾ അവരെ ഏറ്റവും നന്നായി ട്രീറ്റ് ചെയ്യുന്നത്. സ്വന്തം സന്താനങ്ങളെ മാതാപിതാക്കൾ നല്ലൊരു മനുഷ്യരാക്കി വളർത്തുന്ന കാര്യത്തിൽ ലക്ഷ്യം കണ്ടെത്തിയാൽ വൻ വിജയമാണത്. ജന്മം സഫലമായി. കുഞ്ഞിൽ വേരൂന്നി വരുന്ന സ്വഭാവഘടനയെ അല്ലെങ്കിൽ ക്യാരക്ടറിനെ മിനുക്കിയെടുക്കാനും ഉജ്വലമാക്കി നിർത്താനും തക്ക മേന്മയേറിയ പാഠങ്ങളും ശീലങ്ങളും ഗുണങ്ങളും രക്ഷിതാക്കളിൽ നിന്ന് കുഞ്ഞിലേക്ക് കൈമാറ്റം ചെയ്യപ്പെടണം. പല കേൾവികളിൽ നിന്നും അനുഭവങ്ങളിൽ നിന്നും നിരീക്ഷണങ്ങളിൽ നിന്നും നേർക്കാഴ്ചയായും തിരിച്ചറിഞ്ഞ ചില കാര്യങ്ങളുണ്ട്. ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ മനസ്സ് കുരുങ്ങിപോവുന്നതോ, അജ്ഞതയോ എന്തോ അച്ഛനമ്മമാർ പലപ്പോഴും ഇതോന്നും അത്ര കാര്യഗൗരവത്തോടെ എടുക്കുന്നത് കാണാറില്ല.

നിങ്ങൾ കുട്ടികൾക്ക് അർഹിക്കുന്ന പ്രാധാന്യം നൽകുന്നില്ല എന്നൊരു ആരോപണം അവരോട് ആരെങ്കിലും ഉയർത്തിയാൽ ഉടൻ തന്നെ പ്രകോപിതരാവും ചാടിക്കയറി അതിനെ എതിർക്കും. ഞാനും എന്റെ പങ്കാളിയും ഞങ്ങളുടെ ഇഷ്ടങ്ങൾ മാറ്റിവെച്ച് അവരുടെ ഇഷ്ടം നോക്കിയാണ് എല്ലാം ചെയ്തുകൊടുക്കുന്നത്, ആവശ്യപ്പെടുന്നതും പറയുന്നതുമെല്ലാം അതേപോലെ നിറവേറ്റിക്കൊടുക്കുന്നുണ്ട് വേറെ എന്തുവേണം എന്നൊരു മറുചോദ്യവും വരും. നാളുകൾ മുമ്പ് രക്ഷാകർതൃത്വത്തെക്കുറിച്ച് ഒരു കുറിപ്പ് ഞാൻ ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ അന്ന് എനിയ്ക്ക് ഇൻബോക്സിൽ കുറച്ച് മെസേജുകൾ വന്നത് ഓർക്കുന്നു. മാഡം താങ്കൾ ഈ വിവരിക്കുന്ന പോലെയൊന്നുമല്ല കാര്യങ്ങൾ ഞങ്ങളുടെ നാട്ടിൽ ഒരു പെൺകുട്ടി, അവളുടെ ഉമ്മയും ഉപ്പയും അവളെ എങ്ങനെ നോക്കിയിരുന്നതാണെന്ന് അറിയാമോ? അവൾ പറയുന്നതെല്ലാം ചെയ്തുകൊടുക്കുമായിരുന്നു. കൂട്ടുകരികളോട് അവൾ എപ്പോഴും മതാപിതാക്കളെക്കുറിച്ച് സംസാരിക്കുമായിരുന്നു. എന്നിട്ട് വളർന്നു വലുതായപ്പോൾ അവൾ അവരെ മറന്ന് അവൾ സ്നേഹിച്ച പയ്യന്റെ കൂടെ ഒളിച്ചോടിപ്പോയി. നമുക്കറിയാം ഇത് ആര് കേട്ടാലും സ്വാഭാവികമായും കേട്ടപാതി കേൾക്കാത്ത പാതി അവരിൽ ബഹുഭൂരിപക്ഷവും ചെയ്യുന്നത് എന്തായിരിക്കുമെന്ന്. ആ പെൺകുട്ടിയുടെ നന്ദികേടിനെയും വകതിരിവില്ലായ്മയെയും രൂക്ഷമായ ഭാഷയിൽ പഴിക്കലായിരിക്കും. അവൾ ചെയ്തത് വലിയൊരു പാപമെന്ന് വിലയിരുത്തും. പക്ഷെ രക്ഷിതാക്കൾക്ക് പറ്റിയ പിശക് ആരുടെയും ശ്രദ്ധയിൽപ്പെടില്ല അതാണ് സത്യം. പെൺകുട്ടിയോ, ഭാവിയിൽ ഒരു രക്ഷിതാവിന്റെ വൈകാരികതയെ അകംകൊണ്ട് ചിന്തിക്കാൻ തുടങ്ങുന്ന സാഹചര്യം മുന്നിൽ വന്നാൽ ഒരുപക്ഷേ താൻ ചെയ്തതിന്റെ ശരിതെറ്റുകൾ തിരിച്ചറിഞ്ഞേക്കാം.

ഒരിക്കലും മക്കളുടെ സർവ്വ ഡിമാൻഡുകളും നിങ്ങൾ അതേപോലെ നിർവ്വഹിച്ചു കൊടുക്കരുത്. പല രക്ഷിതാക്കളോടും ആവർത്തിച്ചാവർത്തിച്ചു പറയേണ്ടി വരാറുണ്ട് ഇക്കാര്യം. സാധുവായതോ ന്യായമായതോ ആയ ഏതൊരു കാര്യത്തിനും അതല്ലെങ്കിൽ താല്പര്യവും ഉദ്ദേശവും മനസ്സിലാക്കി മതിയായ കാരണമുള്ള ഏതിനും കൂടെ തന്നെ നിക്കണം. അല്ലാതെ നിങ്ങളുടെ സ്നേഹം അവരെ വഷളാക്കാൻ ഇടവരരുത്. മക്കൾക്ക് നല്ലൊരു ജീവിതം കൊടുക്കാനുള്ള അങ്കലാപ്പിലും വ്യഗ്രതയിലും സ്വയം ജീവിക്കാൻ മറന്ന് പോകുകയും അരുത്. അവർ കുറച്ചൊക്കെ വൈഷമ്യങ്ങളും ജീവിതത്തിന്റെ ചൂരും ചൂടും അറിഞ്ഞോട്ടെ, അവരെ ജീവിതമെന്തെന്നു പഠിപ്പിക്കാതെ വളർത്തിയാൽ ഖേദിക്കേണ്ടിവരും. എങ്കിലേ അവരുടെ ഭാവി അവരുടെ കരങ്ങളിൽ ഭദ്രമാവൂ എന്ന കാര്യവും വിസ്മരിക്കാൻ പാടില്ല. എത്രകണ്ട് ധനികരായാലും മക്കൾ ജീവിതത്തിലെ കഷ്ടപ്പാടും പണത്തിന്റെ മൂല്യവും അറിയും വിധം വേണം അവരെ വളർത്താൻ. മാത്രമല്ല കുട്ടികളുടെ മനസ്സ് അറിയാനും അവരെ കേൾക്കുന്ന കാര്യത്തിലും അശേഷം വിമുഖത പാടില്ല. ഇന്നലെ കണ്ടുമുട്ടിയൊരാൾ അവരെ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുമ്പോൾ അവളുടെ/അവന്റെ മനസ്സ് അങ്ങോട്ട് ചായുന്നത് രക്ഷിതാക്കൾക്കും മക്കൾക്കും ഇടയിലുള്ള വൈകാരിക ബന്ധം ദുർബലമാണെന്നും കൂടെയാണ് അർത്ഥം. അതേസമയം അവരിലെ പ്രായവും പ്രകൃതിയും വർത്തിക്കുന്നത് ഏത്തരത്തിലാവുമെന്ന കാര്യം മനസ്സിലാക്കാൻ രക്ഷിതാവിന് കഴിയുമല്ലോ. അതൊക്കെ ഉൾകൊള്ളാനും മനസ്സ് വേണം എങ്കിലേ തിരുത്താൻ അവരും തയാറാവൂ.

രക്ഷിതാക്കൾ മക്കളുടെ ചിന്തകൾക്കും പ്രശ്‌നങ്ങൾക്കും വൈകാരികതയ്ക്കും എത്രത്തോളം സ്ഥാനം നൽകുന്നു എന്നത് വലിയൊരു വിഷയമാണ്. നമുക്ക് നമ്മിലേക്ക് ഒരു നിമിഷം കണ്ണുകളയക്കാം. നാം പലപ്പോഴും മറ്റൊരാളെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് ഒന്നോർത്ത് നോക്കിയാൽ ഇങ്ങോട്ടും അത്തരമൊരു മനോഭാവം അപരനിൽ നിന്ന് ഉണ്ടാവുമ്പോൾ മാത്രമാണ്. കുട്ടികളിലുമുണ്ട് അതേ പ്രവണത. അവരുടെ സൈക്കോളജിയെ സ്വാധീനിക്കാൻ രക്ഷിതാക്കൾക്ക് ഏറെക്കുറെ സാധിച്ചാൽ അവരുമായി അത്യഗ്രമായൊരു വൈകാരിക ബന്ധം സ്വമേധയാ ഉടലെടുക്കും. കുട്ടികളിലെ ഗുണങ്ങളെ, കഴിവുകളെ, ശാരീരിക ഘടനയെ, സൗന്ദര്യത്തെയൊക്കെ ഇടയ്ക്കിടെ എടുത്തെടുത്ത് പറയുമ്പോൾ അവരിൽ ആത്മബോധം ഉണരുകയായി. ഇത് വളരെ കുഞ്ഞിലെ തന്നെ നടക്കട്ടെ. അങ്ങനെ ആത്മപരിപോഷണം വേണ്ടുവോളം നടക്കട്ടെ. ലക്ഷ്യബോധം കൈവരട്ടെ. മക്കൾ പഠിക്കേണ്ടതും പരിചയിക്കേണ്ടതും മുൻ ഖണ്ഡികകളിൽ പ്രതിപാദിച്ചത് പോലെയുള്ള പാഠങ്ങളും നിഷ്ഠകളും തന്നെയാണ് പക്ഷേ അവർക്ക് അറിവും അവബോധവും അനുഭവങ്ങളും ഇല്ലാത്തതിനാൽ രക്ഷിതാവെന്ന കണിശത വിട്ട് ക്ഷമാപൂർവ്വം, ഒപ്പം നിന്ന് കൃത്യമായ ഉൽബോധനം പകരാനും മാർഗ്ഗദർദശികളാവാനും രക്ഷിതാക്കൾ മനസ്സ് കാണിക്കണം.

തനിയ്ക്ക് പ്രിയപ്പെട്ടവരിൽ നിന്നും ആഗ്രഹിക്കുന്ന അല്ലെങ്കിൽ പ്രതീക്ഷിക്കുന്ന പ്രവൃത്തികൾ, വാക്കുകൾ, പെരുമാറ്റങ്ങൾ, ശ്രദ്ധ, പരിഗണന, പരിചരണരീതികൾ വേണ്ടത്ര ലഭ്യമാവാത്ത പക്ഷം അവരിൽ പ്രതീക്ഷയർപ്പിച്ച ചിലരെയെങ്കിലും മാനസികമായി തകർത്തേക്കാം. ഒരാളിലെ വ്യക്തിത്വത്തെ വല്ലാത്ത അരക്ഷിതത്വത്തിലും അനിശ്ചിതത്തിലുമാക്കാൻ അത് മതി. ഇതൊക്കെ പരസ്പരം മനസ്സിലാക്കാൻ കഴിയണമെങ്കിൽ ബന്ധങ്ങളിൽ തുറന്ന ആശയവിനിമയം തന്നെ നടക്കണം. മനസ്സ് തുറന്ന് സംസാരിക്കാനും കേൾക്കാനും എല്ലാവരും പരസ്പരം തയാറാവണം. മാത്രമല്ല മുകളിൽ സൂചിപ്പിച്ചവയൊന്നും സ്വന്തം ജീവിതത്തിൽ തനിയ്ക്ക് പ്രാവർത്തികമാക്കിയെടുക്കാനുള്ള സന്നദ്ധത പോരെന്നുണ്ടെങ്കിൽ ആ വ്യക്തി മറ്റുള്ളവരിലെ നന്മകളെ ഒട്ടും ഗൗനിക്കാതെ കുറ്റങ്ങളെ മാത്രം ചികഞ്ഞു കണ്ടെത്തുന്നതിനും ആരോപണങ്ങൾ ഉയർത്തുന്നത്തിനും മാത്രമായി സമയം കണ്ടെത്തുന്ന ദുശീലം വെടിയാൻ എത്രയും വേഗം തയാറാവണം. ആദ്യം ഉറപ്പ് വരുത്തേണ്ടത് സ്വന്തം കടമകൾ നിറവേറ്റുന്നതിൽ താൻ സൂക്ഷ്‌മത പാലിച്ചിരുന്നോ, അതല്ല വല്ല കൃത്യവിലോപവും സംഭവിച്ചോ തനിയ്ക്ക് പിഴവ് സംഭവിച്ചോ എന്ന കാര്യത്തിലാണ്. താൻ ചെയ്യേണ്ട ഒരു കാര്യത്തിന് മറ്റൊരാളെ കാത്തുനിൽക്കാതെ ആ കർത്തവ്യം ഏറ്റെടുത്ത് നിർവ്വഹിക്കുന്ന ഉത്തരവാദിത്വബോധമാണ് ഉത്തമ വ്യക്തിത്വത്തിന്റെ മുഖമുദ്ര. എന്തിനെന്ന് അറിയാതെ വൃഥാ ജീവിച്ചുപോകാതെ സ്വയം ഉയരുക, മെച്ചപ്പെടുക, ജീവിതത്തിൽ പുരോഗതി പ്രാപിക്കുക, ആന്തരീകമായി പരിഷ്ക്കരിക്കപ്പെടുക, അഭിവൃദ്ധിപ്പെടുക എന്നൊരു ലക്ഷ്യം മനസ്സിലുണ്ടാവണം. സഞ്ചാരപഥത്തിലെ തടസ്സങ്ങളും പ്രതിബന്ധങ്ങളും കല്ലുംമുള്ളും കാഠിന്യതകളും കഷ്ടതകളും ഇനി നേരിടാൻ പോകുന്ന പുതുതായ അനുഭവങ്ങളും മനുഷ്യമനസ്സിനെ കാലാനുസൃതമായി പരുവപ്പെടുത്തിയെടുക്കാൻ ഉപകരിക്കും.

കാലത്തിന്റെയും കൂടെ ആവശ്യമാകുമ്പോൾ മാറ്റങ്ങളെ പാടെ തിരസ്ക്കാരിക്കൽ മനുഷ്യന്റെ നിലനിൽപ്പിനെ ദുഷ്ക്കരമാക്കും
ഒന്നിനോടും ഇണങ്ങാതെ മർക്കടമുഷ്ടി കാണിക്കുന്ന ഒരാൾക്ക് സാഹചര്യങ്ങൾക്കൊത്ത് മാറാൻ വലിയ ബുദ്ധിമുട്ട് തന്നെയാവും. വ്യക്തിത്വം ഉലയിൽ ഉരുക്കി കാച്ചിയെടുത്ത ലോഹം പോലെ വെട്ടിത്തിളങ്ങാൻ മനസ്സിന് അല്പം അയവും പ്രതികൂല സാഹചര്യങ്ങളോട് പൊരുതി വിജയിക്കാനുള്ള ആത്മവീര്യവും വേണം. പുഴയിലെ വെള്ളാരംകല്ലുകൾ പരസ്പരം, തമ്മിൽ തമ്മിൽ മുട്ടിയുരുമ്മി മിനുസപ്പെട്ട് മനോഹരമായ ഉരുളൻ കല്ലുകൾ ആവുന്ന പോലെ വ്യക്തിത്വത്തിന് ആകർഷകമായ ആകൃതിയേകാൻ അനുഭവങ്ങളിലൂടെയും ചെറുത്ത് നിൽപ്പിലൂടെയും പരുവപ്പെടേണ്ടിയിരിക്കുന്നു. അപരന്മാരെ മനസ്സിലാക്കി തുടങ്ങുമ്പോൾ ഉള്ളിൽ തുറന്നതും വിശാലവുമായ മനസ്സ് രൂപപ്പെട്ടുവരും. ഒരു വ്യക്തിയോട് പറയാനുള്ള കാര്യം ആ വ്യക്തിയോട് തന്നെ മുഖത്ത് നോക്കി സംസാരിക്കാനുള്ള കഴിവ് ആർജ്ജിച്ചെടുക്കലാണ് അഭികാമ്യം. പക്ഷെ എല്ലാവർക്കും ആ കഴിവ് കിട്ടിയെന്നും വരില്ല. എന്നാൽ അച്ഛനമ്മമാർ മനസ്സുവെച്ചാൽ മക്കളിൽ ഈ ഗുണങ്ങളൊക്കെ ഡെവലപ്‌ ചെയ്തെടുക്കാൻ സാധിക്കും. സംസാരിക്കുമ്പോൾ സമചിത്തതയോടെ, മര്യാദയും മാന്യതയും നിലനിർത്തി കാര്യം അവതരിപ്പിക്കാൻ ആത്മവിശ്വാസവും ധൈര്യവും തന്നെ അത്യാവശ്യം. അതല്ല അയാളെ വ്യക്തിഹത്യയ്ക്കൊരുങ്ങുന്ന സംസാരവും പദപ്രയോഗങ്ങളും ടോനിലൂടെ അപമാനിതനാക്കുന്നത് മനസ്സിൽ കടുത്ത മനപ്രയാസം സൃഷ്ടിക്കും. എന്തായാലും വിഷയങ്ങൾ അതുകൊണ്ട് പൂർവ്വാവസ്ഥയെക്കാൾ ഒന്നുകൂടി സങ്കീർണ്ണമാക്കാനെ ഇടയുള്ളൂ. വാസ്തവത്തിൽ തെറ്റ് അയാളുടെ പക്ഷത്ത് തന്നെയാവാം. ആ വ്യക്തിയിൽ നിന്നുണ്ടായ ദുരനുഭവങ്ങളോ, ചില ചെയ്തികളോ, വാക്കുകളോ തന്റെ മനസ്സിനെ മുറിവേൽപ്പിച്ചതാവാം കാരണം അതിനെക്കുറിച്ച് തിരിച്ചറിവ് വരാൻ ഏറ്റവും ഉത്തമം ആ വ്യക്തിയെ മുന്നിൽ പിടിച്ചിരുത്തി സൗമ്യമായ ഭാഷയിൽ കാര്യങ്ങൾ തുറന്ന് സംസാരിക്കുമ്പോഴാണ്. തെറ്റുകൾ പറ്റാത്തവരായി ഈ ലോകത്ത് ആരുമില്ല എന്നതാണല്ലോ സത്യം.

Related Articles