Personality

വ്യക്തിത്വരൂപീകരണത്തിൽ ആദരവിനുള്ള സ്ഥാനം

ഇന്നത്തെ കാലം നമുക്ക് അറിവുകളും വിവരങ്ങളും ശേഖരിക്കാനും സ്വായത്തമാക്കാനും ചുറ്റുപാടിൽ നിന്നും അറിവുകൾ സ്വയം ആർജ്ജിച്ചെടുക്കാനും അതേപോലെ പഠനങ്ങൾ നടാത്താനും തെറ്റിദ്ധാരണകളും അന്ധവിശ്വാസങ്ങളും ദുരീകരിക്കാനും വസ്തുതകളെ തിരിച്ചറിയാനൊക്കെ ഒട്ടേറെ സാഹചര്യങ്ങളും പോംവഴികളുമുണ്ട്. പണ്ടത്തെപോലെ ആർക്കും അറിവ് തേടി അങ്ങോട്ട് പോകേണ്ട ആവശ്യമില്ല, എല്ലാം നമുക്ക് രണ്ടേ രണ്ടു ക്ലിക്കിൽ മുന്നിലിരിക്കുന്ന സ്‌ക്രീനിൽ ദൃശ്യരൂപത്തിലും ശ്രവ്യരൂപത്തിലും ലിഖിതരൂപത്തിലുമെല്ലാം ലഭ്യമാണ്. ലോകത്ത് നടക്കുന്നതെന്തും തത്സമയം അറിയാനുള്ള ഓണലൈൻ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ഉണ്ട്. വെറുതെ കുറെ വീഡിയോ കണ്ടിരിക്കുക, ഇനി ഫേയ്ക്കാണോ സത്യമുള്ളതാണോ എന്നറിയാതെ വാർത്തകൾ അങ്ങോട്ടുമിങ്ങോട്ടും കൈമാറുക, ട്രോളുകൾ ഉണ്ടാക്കുക, രാഷ്ട്രീയ ചർച്ചകളും വാഗ്വാദങ്ങളും കണ്ട് ഇരിക്കുക എന്നതൊക്കെ അല്ലാതെ, ക്രിയാത്മകവും ജീവിതത്തിൽ പ്രയോജനപ്പെടും വിധം ഗൂഗിൾ പോലുള്ള ഓരോ വെബ്സൈറ്റുകൾ ഉപയോഗിക്കുന്ന ഒരുപാട് ആൾക്കാർ ഉണ്ട്. ഇത് നമുക്കും ചെയ്യാം.

വ്യക്തിത്വവളർച്ചയ്ക്ക് സഹായമാകുന്ന ലേഖനങ്ങളും വീഡിയോകളും ഈ വിധം സെൽഫ് ഡെവലപ്‌മെന്റിനായും മറ്റും റഫർ ചെയ്യാവുന്നതാണ്. വായിക്കുന്ന കാര്യങ്ങളും ലഭിക്കുന്ന അറിവുകളും അതേപോലെ ജീവിതത്തിൽ പകർത്തുക അസാധ്യമാണ്. ഇവയൊക്കെ ഒരു മനുഷ്യനിൽ ബൗദ്ധികപരമായ വികാസം സംഭവിക്കാനും സമയത്തിനും സഹചര്യങ്ങൾക്കും അനുസരിച്ച് യുക്തിയും സമാന്യബുദ്ധിയും വിവേകവും വേണ്ടവിധത്തിൽ പ്രയോഗിക്കാനും അയാളെ മാനസികമായി പകപ്പെടുത്തിയെടുക്കുമ്പോഴാണ് അവയുടെ യഥാർത്ഥ ഫലം കാണുന്നത്. അറിവിൽ നിന്ന് ഉണ്ടാവുന്ന തിരിച്ചറിവാണ് ഒരു മനുഷ്യന് വേണ്ടത്. സ്വന്തം അനുഭവങ്ങൾ തന്നെയാണ് ആർക്കും ഏറ്റവും വലിയ അറിവും പാഠവുമായി മാറുന്നത്. കാരണം അനുഭവങ്ങൾ നൽകുന്ന പാഠങ്ങൾ മനുഷ്യർ ഒരിക്കലും മറക്കില്ല.

Also read: റമദാനില്‍ അനുഷ്ടിക്കുവാന്‍ പത്ത് പുണ്യകര്‍മ്മങ്ങള്‍

അതേപോലെ നിരന്തരം ട്രെയിനിംഗ് ക്ലാസ്സുകളും മോട്ടിവേഷൻ ക്ലാസ്സുകളും അറ്റൻഡ് ചെയ്യുന്നവർക്ക് കൂടാതെ മനഃശാസ്ത്രപരമായ പുസ്തകങ്ങൾ വായിക്കുന്നവർക്കും ആ മേഖലയുമായി ഇടപഴകുന്നവർക്കൊക്കെ ഏറെ കുറെ അറിയാം ഒരു വ്യക്തിത്വം എന്നാൽ എന്താണ്, അതിന്റെ വളർച്ച, വളർച്ചയുടെ ഓരോ ഘട്ടങ്ങൾ, വ്യക്തിത്വ വികസനം സംഭവിക്കുന്നത് എങ്ങനെയെന്നൊക്കെ. ഒട്ടനവധി ഗുണങ്ങളും ഘടകങ്ങളും ചേർന്നിട്ടാണ് ഒരു വ്യക്തിത്വം ഉണ്ടാകുന്നതെങ്കിൽ, ആ പ്രക്രിയയിൽ മുഖ്യമായ ഒരു ഘടകമായി തന്നെ വിലയിരുത്തപ്പെടേണ്ട ഒന്നായി ആദരവ് അഥവാ ബഹുമാനം (respect) എന്ന വിഷയം കൂടെ ചർച്ച ചെയ്യാം. ഒരു വ്യക്തിയുടെ ജീവിതത്തിൽ അയാളുടെ സംസ്കാരം, മാന്യത, ബഹുമതി എന്നിവയോട് ചേർന്നു നിൽക്കുന്ന ഒരു ഘടകമാണ് റെസ്പെക്ട്. കൃത്യമായി നിരീക്ഷിക്കുകയാണെങ്കിൽ നമുക്ക് കണ്ടെത്താം റെസ്പെക്ടിന്റെ സ്വാധീനം മേൽപ്പറഞ്ഞവയിലെല്ലാം എത്രത്തോളമാണെന്ന്. കാലങ്ങളായിട്ട് റെസ്പെക്ട് അഥവാ ബഹുമാനം എന്നൊക്കെ പറഞ്ഞാൽ മുതിർന്നവരെ കാണുമ്പോൾ എഴുന്നേറ്റ് നിൽക്കലും മുണ്ട് മടക്കി കുത്തിയത് അഴിച്ച് ഇടലും യജമാന്മാരെ കാണുമ്പോൾ തലകുനിച്ച് ഭവ്യതയോടെയുള്ള നിൽപ്പും അതേപോലെ അവർ പറയുന്നത് അതേപോലെ തന്നെ അനുസരിക്കുന്നതിലും മാത്രമായി ഒതുങ്ങുകയും അതിനപ്പുറം ഒരു വ്യക്തിയുടെ ജീവിതത്തിലോ അല്ലെങ്കിൽ ഒരു വ്യക്തിക്കോ അതിന്റെ അനിവാര്യത എത്രത്തോളമെന്നു ഒരിക്കലും ചർച്ചയിൽ വന്നിരുന്നില്ല.

കുടുംബത്തിൽ ഒരു കൊച്ചു കുഞ്ഞ് ഉണ്ടെങ്കിൽ ആ കുഞ്ഞുവരെ ഒരു മനുഷ്യൻ അല്ലെങ്കിൽ വ്യക്തി എന്ന പരിഗണന നൽകി ബഹുമാനിക്കപ്പെടുമ്പോഴാണ് യഥാർത്ഥത്തിൽ വ്യക്തിത്വം എന്ന കൺസെപ്റ്റ് അവിടെ സാധ്യമാവുന്നത്. സ്‌നേഹവും ബഹുമാനവും വീടുകളിൽ give and take എന്ന സമ്പ്രദായമാണ് നടപ്പിലാക്കേണ്ടത്, അതായത് കൊടുത്തിട്ട് വാങ്ങുക എന്ന ആശയം വളരെ നല്ലൊരു കാഴ്ചപാടാണ്. പ്രായത്തിൽ മുതിർന്നവനോ, ജാതികൊണ്ട് ഉയർന്നവനോ, സമ്പത്ത് കണ്ടുകൊണ്ട് താൻ ആദരിക്കപ്പെടണം എന്ന് അഹങ്കാരിക്കുന്നവരോ, മർക്കടമുഷ്ടി പ്രയോഗിക്കുന്നവരൊന്നും അല്ല, താൻ സ്നേഹിക്കപ്പെടാനും ആദരിക്കപ്പെടാനും അർഹനാക്കപ്പെടുക അല്ലെങ്കിൽ യോഗ്യനാവുക എന്നതാണ് വ്യക്തിത്വം ആവശ്യപ്പെടുന്നത്. ഇവിടെയാണ് എല്ലാ മനുഷ്യരും സമന്മാരാവുന്നത്, തുല്യരാക്കപ്പെടുന്നത്. വീടുകളിൽ മുതിർന്നവരാൽ താൻ റെസ്പെക്ട ചെയ്യപ്പെടുമ്പോൾ കുഞ്ഞിനെ സംബന്ധിച്ചിടത്തോളം അത് മഹത്തായ ഒരു പാഠമാണ് ലഭിക്കുന്നത്. 1) ഓരോ മനുഷ്യനും ആദരവ് അർഹിക്കുന്നു എന്ന പാഠം. 2) തന്നെക്കാൾ പ്രായത്തിൽ എത്ര ചെറിയ മനുഷ്യരെയും റെസ്പെക്ട ചെയ്യേണ്ടതുണ്ട് എന്ന മറ്റൊരു പാഠം. ഇത്തരം പാഠങ്ങൾ അന്തരീകമായി കുഞ്ഞിൽ എന്ത് പരിവർത്തനമാണ് സൃഷ്ടിക്കുന്നത് എന്ന് നോക്കാം അല്ലെ? കുഞ്ഞുങ്ങൾ ഒരിക്കലും മറ്റുള്ളവരോട് ഹീനമായ ഭാഷയിൽ സംസാരിക്കുകയോ അപമര്യാദയോടെ പെരുമാറുകയോ ഇല്ല. അവൻ പഠിച്ച പാഠങ്ങളിൽ അവ രണ്ടും മര്യാദകേടാണ് എന്ന് കുഞ്ഞ് ഓർക്കുന്നു. തനിയ്ക്ക് മറ്റുള്ളവരിൽ നിന്ന് ലഭിക്കുന്ന സ്നേഹവും പരിഗണനയും നിലനിർത്താനുള്ളതാണ്, അത് അമൂല്യമായ വസ്തുവാണ് എന്ന ബോധവും കുഞ്ഞിനെ സ്വാധീനിക്കുന്നു.

Also read: ഖുർആൻ വായനക്കാരോട്

വീട്ടിൽ അച്ഛനമ്മമാർ പരസ്പരം, അവർക്കിടയിലുള്ള ബന്ധത്തിന്റെ ആഴം പരസ്പരാദരവ് മുതിർന്നവരോടുള്ള അവരുടെ പെരുമാറ്റം ഇതെല്ലാം അദമ്യമായ രീതിയിൽ കുഞ്ഞിന്റെ സ്വഭാവരൂപീകരണത്തിൽ സ്വാധീനം ചെലുത്തുന്നുണ്ട്. കുടുംബാന്തരീക്ഷത്തിലും സാമൂഹിക ഇടങ്ങളിലും താൻ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ ഒരിക്കലും ഒരു മനുഷ്യൻ തന്റെ പ്രവൃത്തികൊണ്ടോ പെരുമാറ്റാംകൊണ്ടോ അതിനെ കൈമോശം വരുത്താൻ തുനിയില്ല. ഇപ്പറഞ്ഞതിന്റെയെല്ലം രത്നചുരുക്കം എന്തെന്നാൽ… ഒരു വ്യക്തിയെ നയിക്കുന്ന അയാളിലെ ആന്തരികശക്തി/അന്തരീകഗുണങ്ങളാണ് അവരിലെ യഥാർത്ഥ സംസ്ക്കാരം. അവൻ അല്ലെങ്കിൽ അവൾ നിൽക്കുന്ന വീടും സാമൂഹിക ചുറ്റുപാടും വിദ്യാലയവും ഗുരുക്കന്മാരും അടങ്ങുന്ന പരിതസ്ഥിതിയിൽ നിന്നുകൊണ്ട് തന്നെ ആർജ്ജിച്ചെടുക്കുന്ന നല്ലൊരു സംസ്കാരത്തിൽ അധിഷ്ഠിതമായ മഹത്തായൊരു ചിന്തയാണ് മനുഷ്യൻ ജാതി മത ഭേദമന്യേ മാനുഷിക പരിഗണന നൽകി ആദരിക്കപ്പെടുക എന്നുള്ളത്.

അച്ഛനമ്മമാർക്ക് അവരുടെ മക്കൾക്കിടയിൽ ഇത്തരത്തിൽ സ്നേഹവും ആദരവും പരിഗണനയും കെയറും ഉണ്ടാകിയെടുക്കുന്നതിൽ സ്വാധീനം ചെല്ലുത്തേണ്ടതുണ്ട്. മക്കൾക്കിടയിൽ ഒരു തരത്തിലുമുള്ള വിവേചനവും കാണിക്കാൻ പാടില്ല, എല്ലാവരെയും ഒരേപോലെ കാണാൻ ശ്രമിക്കണം. മാതാപിതാക്കളുടെ അഭാവത്തിലും കുഞ്ഞുങ്ങൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കാര്യങ്ങൾ അന്വേഷിക്കുകയും സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യണം. രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട മറ്റൊരു സുപ്രധാന കാര്യം എന്തെന്നാൽ ആദരവ് അല്ലെങ്കിൽ റെസ്പെക്ട് എന്നു പറഞ്ഞാൽ ഭയമല്ല, ഭയപ്പെടുത്തി നിർത്തലുമല്ല. കുഞ്ഞ് അച്ഛനോടും അമ്മയോടുമുള്ള ഭയംകൊണ്ടാവരുത് ഒരു തെറ്റിൽ നിന്നും പിന്മാറുന്നത്. താൻ ചെയ്യാൻ പോവുന്നത് തെറ്റാണെന്ന് മനസ്സിലാക്കിയും തനിക്കു മാതൃകയായ അച്ഛനമ്മമാർ ഇതല്ല തന്നെ പഠിപ്പിച്ചത് എന്നുമുള്ള മനസാന്നിധ്യവും ബോധവും ബോധ്യവുംകൊണ്ടാവണം. മാതപിതാക്കളോട് കുട്ടികൾക്കുള്ള യഥാർത്ഥ concern അല്ലെങ്കിൽ റെസ്പെക്ട് ഇങ്ങനെയാണ് വായിച്ചെടുക്കാൻ കഴിയുന്നത്. ഇത്തരം മൂല്യാധിഷ്ഠിതമായ ചിന്തകളാണ് കുഞ്ഞുങ്ങളിൽ ചെറുപ്പത്തിലേ തന്നെ നല്ലൊരു മനസ്സാക്ഷി രൂപപ്പെടുത്തിയെടുക്കുന്നത്. ഇങ്ങനെയുള്ള കുട്ടികളിൽ ക്രമേണ മനസാക്ഷിക്കൊത്ത് ജീവിക്കുന്ന ശീലം രൂപപ്പെട്ടുവരുന്നു. ഭയത്തെക്കളേറെ മൂല്യാധിഷ്ഠിതമായ ചിന്തകളാണ് ഇവരെ നയിക്കുന്നത് എന്നതാണ് ഈ കുട്ടികളിലെ സവിശേഷത. എത്ര സ്വാതന്ത്ര്യം അച്ഛനമ്മമാർ ഈ കുട്ടികൾക്ക് നൽകിയാലും ആത്മനിയന്ത്രണത്തോടെ ജീവിയ്ക്കാൻ അവർക്ക് അറിയാം

എന്നാൽ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും കടുത്ത ശിക്ഷണത്തിലൂടെ അവരെ വളർത്തുമ്പോൾ അച്ഛനമ്മമാരുടെയോ മറ്റുള്ളവരുടെയോ അഭാവത്തിൽ കുഞ്ഞുങ്ങളിൽ തെറ്റുകൾ ചെയ്യാനുള്ള പ്രവണത കാണപ്പെടുന്നു. ഇങ്ങനെയാണ് കുട്ടികളിൽ ഇരട്ടമുഖം രൂപപ്പെടുന്നത്. സമൂഹമോ കുടുംബമോ അംഗീകരിക്കാത്ത ഒരു പ്രവണത കുഞ്ഞുങ്ങളുടെ ഉള്ളിൽ ഉണ്ടാകുമ്പോൾ അവർ രഹസ്യമായി അത് ചെയ്യാനുള്ള സാഹചര്യങ്ങൾ കണ്ടെത്താൻ തുടങ്ങും. ഇത്തരം ഒരു സാഹചര്യത്തിലേക്ക് കുഞ്ഞ് എത്തിപ്പെടും മുമ്പേ അവൻ/അവൾ ആന്തരികമായി സംസ്കരിക്കപ്പെടലാണ് ഉത്തമം. നിഷേധാത്മക ചിന്തകൾക്ക് മീതെ ക്രിയാത്മകമായ ചിന്തകൾക്ക് സ്ഥാനം നൽകി സ്വന്തം കഴിവുകളിൽ വിശ്വസിച്ച് ഉയരങ്ങളെ നോക്കി ചിറകുകൾ വിടർത്തി പറക്കാനുള്ള സ്വാതന്ത്ര്യവും ധൈര്യവും എന്നാൽ തന്റെ ഉത്തരവാദിത്വങ്ങൾ ഏതൊരു ഘട്ടത്തിലും വിസ്മരിക്കാൻ തയ്യാറാവാത്ത ഒരു വ്യക്തിത്വം രൂപംകൊള്ളണം. ഓർക്കുക
ആരോഗ്യകരമായ ഒരു മനസ്സ് ചുറ്റുപാടുകളിൽ നിന്നും തന്റെ മനസ്സാക്ഷി അനുവദിക്കുന്നതിനു അനുസരിച്ച് സന്തോഷം കണ്ടെത്തുമ്പോൾ അനാരോഗ്യകരവും, അസംതൃപ്തവുമായ മനസ്സ് സന്തോഷം കണ്ടെത്താൻ തന്റെ മുന്നിൽ ലഭ്യമായ ഏത് അവസരങ്ങളേയും ഉപയോഗപ്പെടുത്തുന്നു. അവിടെ മൂല്യങ്ങൾക്കോ, തത്വങ്ങൾക്കോന്നും സ്ഥാനമുണ്ടാവില്ല എന്നതാണ്. ഒരുവേള നിയമങ്ങളും ചട്ടങ്ങളെല്ലാം ലംഘിക്കപ്പെട്ടേക്കാം അതേസമയം തന്നെ മാനവികതയ്ക്ക് എതിരായും സാമൂഹ്യവിരുദ്ധമായും ഇവർ പ്രവൃത്തിച്ചേക്കാം.

Facebook Comments

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker