Current Date

Search
Close this search box.
Search
Close this search box.

ചിന്തകളാൽ വ്യക്തതയേകും വ്യക്തിത്വം

ചിന്തകളിൽ ഉണ്ടാവുന്ന അവ്യക്തത മനുഷ്യർക്ക് ജീവിതത്തിൽ എന്നും എവിടെയും കടുത്ത ആശയക്കുഴപ്പങ്ങൾ സൃഷ്ടിയ്ക്കും. ദൈനംദിന വ്യവഹാരങ്ങളിലും ഇടപെടലുകളിലും ബന്ധങ്ങളുടെ സുഗമമായ വർത്തിപ്പിനും അല്പം വ്യക്തതയും സുതാര്യതയും വരുന്നതും വരുത്തുന്നതുമൊക്കെ നാം ഏതൊക്കെ തരത്തിലുള്ള പരീക്ഷണങ്ങൾക്ക് വിധേയരാക്കപ്പെട്ടു കൊണ്ടിരുക്കുമ്പോഴും അലക്ഷ്യമായി നടുക്കടലിലെന്നോണം ഉഴലുമ്പോഴും ജീവിതത്തെ ഏത് വിധേനയും കരയ്ക്ക് അടുപ്പിച്ചെ തീരൂ എന്ന ലക്ഷ്യത്തെ എളുപ്പമാക്കും. ചിന്തകളിൽ കടന്നു കൂടുന്ന അവ്യക്തത പലപ്പോഴും മനുഷ്യന്റെ ജീവിതത്തെ സങ്കീർണ്ണമാക്കും. അതേപോലെ ഉത്തരം കിട്ടാത്ത ഒന്നാക്കി മാറ്റിക്കളയും. ഇനിയെന്ത് വേണം എന്നറിയാതെ പകച്ചു നിൽക്കുന്ന നിലയിലേക്കോ ജീവിതം ഒരിടത്ത് ചെന്ന് വഴിമുട്ടി നിൽക്കുന്ന ഒരു അവസ്ഥയിലേയ്ക്കോ എത്തിപ്പെടുന്നുണ്ടെങ്കിൽ മിക്കപ്പോഴും ആ വ്യക്തി ചിന്തിച്ചതും പ്രവൃത്തിച്ചതും അവ്യക്തതയോടെയോ അജ്ഞതയോടെയോ ആയിരുന്നു എന്നതിന്റെ ഏറ്റവും വലിയൊരു ഉദാഹരണമാവും. ഒന്നോർത്ത് നോക്കൂ സ്വന്തം മനസ്സിന്റെ ചലനങ്ങളെയും പ്രതിഫലനങ്ങളെയും മനോവിചാരങ്ങളേയും വികാരങ്ങളെയും തിരിച്ചറിയാത്ത അന്ധതയിലും അന്ധകാരത്തിലും തപ്പിതടയുന്ന ഒരാൾക്ക് അവനവനെ നയിക്കാനുള്ള കഴിവ് ഉണ്ടാവുമോ? അവനവനെ വായിച്ചെടുക്കുന്നതിലും മാനേജ് ചെയ്യുന്നതിലും തോൽവിയായി തീരുന്ന ഒരാളിൽ മറ്റൊരാൾ പ്രതീക്ഷകൾ ആർപ്പിക്കുന്നതും തന്റെ ആപത്ഘട്ടത്തിൽ അയാൾ തന്നെ രക്ഷിയ്ക്കും എന്നൊക്കെ ചിന്തിക്കുന്നതും മടയത്തരമാണ്. കാരണം അവർക്ക് അവരെ തന്നെ രക്ഷിയ്ക്കാനുള്ള കെൽപ്പുണ്ടായാൽ അല്ലെ. കാഴ്ചപ്പാടുകളിലും ചിന്തകളിലും അവ്യക്തതയെന്നാൽ ഉദ്ദേശശുദ്ധിയെക്കുറിച്ചും അഥവാ intention-നെക്കുറിച്ചും ബോധമില്ലായ്‌മ കൂടെയാണ് എന്നുവെച്ചാൽ മനുഷ്യൻ നിരന്തരം നടത്തുന്ന ആശയവിനിമയങ്ങളിലും ചെയ്യുന്ന ക്രിയകളിലും കാണുമല്ലോ അതേ അവ്യക്തത. അയാളുടെ മുൻപിൻ നോക്കാതെയുള്ള സംസാരവും വരാനിരിക്കുന്ന പ്രത്യാഘാതത്തെകുറിച്ചോ, അനന്തരഫലം എന്താവുമെന്നൊക്കെ ഓർക്കാതെയുള്ള പ്രവൃത്തികളും ചിലപ്പോൾ ചെന്നെത്തിക്കുന്നത് അപകടങ്ങളിലേയ്ക്ക് ആയിരിക്കും. അതല്ലെങ്കിൽ കെട്ടുപിണഞ്ഞ്‌ പോയ നൂൽകെട്ടുപോലെ കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന ചിന്തകളെ കുരുക്കഴിച്ചെടുക്കാൻ ശാന്തതയും ക്ഷമയും ശീലിച്ചെ തീരൂ.

തെറ്റുകൾ അറിയാതെ ചെയ്‌തുപോകുന്നവരും അതേസമയം മനപ്പൂർവം ചെയ്യുന്നവരുമുണ്ട്. എന്നാൽ താനെന്ന വ്യക്തിയെ ആളുകൾ മറ്റൊരു കണ്ണിലൂടെയോ അല്ലെങ്കിൽ തെറ്റായ രീതിയിലൂടെയോ കാണുന്നതോ കുടുംബത്തിന്റെയും സമൂഹത്തിന്റെയും മുന്നിൽ അധഃപതിച്ചവനോ അധഃപതിച്ചവളോ ആയി ചിത്രീകരിക്കപ്പെടുന്നതിനെയോ, മുദ്രകുത്തപ്പെടുന്നതിനെയോ ഓരോ മനുഷ്യനും പൊതുവെ ഭയക്കുന്നുണ്ട്. മനുഷ്യസഹജമായ എല്ലാ വികാരവിചാരങ്ങളും ദൗർബല്യങ്ങളും തോന്നലുകളും ഓരോ മനുഷ്യരിലും ഉണ്ട്. എന്നാൽ അതിനെ സമർത്ഥമായി ഒളിപ്പിക്കുന്ന ഒരാളെ നല്ലവൻ എന്ന് പേരിട്ട് വിളിക്കാനാണ് പലപ്പോഴും സമൂഹം തുനിയുന്നത്. നേരിനോടൊപ്പം ജീവിക്കുന്ന, സത്യങ്ങൾ തുറന്ന് പറയാൻ ധൈര്യപ്പെടുന്ന ഒരു വ്യക്തിയെ അംഗീകരിക്കുന്നതിൽ സമൂഹം വിമുഖത കാണിക്കുമ്പോൾ ഒരു വിധത്തിൽ നോക്കുമ്പോൾ കപടമുഖം വെച്ച് ജീവിക്കുന്ന മനുഷ്യരെ സൃഷ്ടിക്കുന്നത് ഈ സമൂഹം തന്നെയാണ്. സത്യങ്ങളിൽ നിന്നും യാഥാർത്ഥ്യങ്ങളിൽ നിന്നും മുഖം തിരിച്ച് നിൽക്കാതെ അവയെ യുക്തിപരവും മനുഷ്യത്വപരവുമായ ചിന്തകളാൽ ഉൾക്കൊണ്ടുകൊണ്ട് തന്നെ അതിൽ നിന്ന് വിമുക്തരാവാൻ മനുഷ്യർ ശീലിച്ചെടുക്കാത്ത കാലത്തോളം ഈ പ്രക്രിയ തുടർന്നുകൊണ്ടേ ഇരിക്കും. ദ്വൈമുഖരായ ആൾക്കാരുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ തന്നിലെ ദൗർബല്യങ്ങളെയോ തിന്മകളെയോ മറ്റാരും കാണില്ല അറിയില്ല എന്നൊരു സാഹചര്യം മുന്നിൽ വരുന്ന നിമിഷം അയാൾ അയാളുടെ തനിനിറം പുറത്തെടുക്കുന്നതാവും കാണുക. അനുകൂലമായൊരു സാഹചര്യമോ ആരെയും ഭയക്കാനില്ല എന്ന തോന്നാലോ ഉണ്ടാവുമ്പോൾ അയാളിൽ ഒളിഞ്ഞു നിൽക്കുന്ന ഹീനവും മനുഷ്യത്വവിരുദ്ധവുമായ ചിന്തകൾ പുറത്തേയ്ക്ക് തലയിടാൻ തുടങ്ങുന്നെങ്കിൽ ഒരിക്കലും അയാളിൽ നല്ലൊരു വ്യക്തിത്വമില്ല എന്ന് തറപ്പിച്ചു പറയാം. വ്യക്തിത്വമെന്നാൽ, അനുകൂലമോ പ്രതികൂലമോ എന്നില്ലാതെ
ഏതൊരു സാഹചര്യത്തിലും നിലനിൽക്കുന്ന സുസ്ഥിരമായ, സുദൃഢമായ ഒരു ക്യാരക്ടറിൽ നിന്ന് രൂപംകൊള്ളുന്നതാണ്. വ്യക്തമായ നിലപാടിന്റെ ഉടമയായ ഒരാൾ ഒരു വിഷയത്തിലും ഇരട്ടത്താപ്പ് നയം പിന്തുടരില്ല.

Also read: ലിബറലിസത്തിന്റെ അടിസ്ഥാന സിദ്ധാന്തം

സ്ത്രീകളോടുള്ള മനോഭാവവും സമീപനവും എങ്ങനെ വേണം എന്ന് ഒരു ആൺകുട്ടി പഠിക്കേണ്ടത് സ്വന്തം വീട്ടിൽ നിന്ന് തന്നെയാണ്. അച്ഛനമ്മമാരുടെ ജീവിതത്തിൽ നിന്ന് കുഞ്ഞുങ്ങൾക്ക് പകർത്തിയെടുക്കാൻ ഒരുപാട് ഉണ്ട്. അച്ഛൻ അമ്മയോട് അപമര്യാദകൾ കാണിക്കുന്നതും നിർദാക്ഷിണ്യം പെരുമാറുന്നതോ ക്രൂരതയ്ക്ക് ഇരയാക്കുന്നതോ ഏതെങ്കിലും സാഹചര്യത്തിൽ അവർ കാണാനിടയായാൽ ചില കുഞ്ഞുങ്ങൾ അമ്മയുടെ വേദന തിരിച്ചറിഞ്ഞ് അത് ചെയ്യാൻ പാടില്ല, നിസ്സഹയയായ ഒരു പെണ്ണിനെ ഉപദ്രവിക്കുന്നത് ആണത്തമല്ല എന്ന് മനസ്സിലാക്കിയേക്കും അല്ലാത്ത കുട്ടികൾ ഒരു പെണ്ണിനോട് എത്ര നീചമായും പെരുമാറുന്നതിൽ തെറ്റില്ല എന്ന നിഗമനത്തിൽ എത്തും. അവരോടൊപ്പം ജീവിക്കേണ്ടി വരുന്ന പെണ്ണിന്റെ ഗതിയും അത് തന്നെയാവും.

ഒരു മനുഷ്യനായിട്ടും വ്യക്തിയായിട്ടും പെണ്ണിനെ കാണാനും ഒരു വ്യക്തി എന്ന നിലയ്ക്ക് അവളും ആദരവ് അർഹിക്കുന്നു എന്നൊക്കെ രക്ഷിതാക്കൾ പഠിപ്പിച്ചാൽ ഒരു മകനും സ്ത്രീകളോട് അപമര്യാദയായി പെരുമാറില്ല. സ്വന്തം വീട്ടിൽ നിന്ന് തന്നെ മാതൃകാപരമായ പെരുമാറ്റങ്ങളും ശീലങ്ങളും ചട്ടങ്ങളും പഠിക്കുന്ന അല്ലെങ്കിൽ സ്വന്തം മാതാപിതാക്കളാൽ തന്നെ സ്വാധീനിക്കപ്പെട്ടു കഴിഞ്ഞ കുട്ടിയെ പുറംലോകത്ത് നിന്നുള്ള പ്രലോഭനങ്ങളിൽ വീഴ്ത്താനോ ചൂഷണങ്ങൾക്ക് ഇരയാക്കാനോ കഴിയില്ല. നല്ലതിനെയും ചീത്തയെയും വിവേചിച്ചറിയുകയും എപ്പോഴും കൂടെ നിന്ന് തന്റെ അഭിവൃദ്ധിയ്ക്കും ഉയർച്ചയ്ക്കും വലിയൊരു കാരണമായി മാറുന്ന, എപ്പോഴും തന്റെ നന്മകൾ മാത്രം കാംക്ഷിക്കുന്ന ആളുകളെ തിരിച്ചറിഞ്ഞ് അവരെ മുന്നോട്ടുള്ള പ്രയാണത്തിൽ ഒരു ശക്തിയായി കൂടെ നിർത്താനും ക്രിയാത്മകമായ ഇടപെടലുകളിലൂടെ ബന്ധങ്ങളിൽ ഊഷ്മളതയും ഉണർവും നിലനിർത്താനും കുഞ്ഞുങ്ങൾക്ക് തിരിച്ചറിവിന്റെ ആവശ്യം ഉണ്ട്. തിരിച്ചറിവിലേയ്ക്ക് ഒരു മനുഷ്യൻ എത്തുന്നത് ചിന്തകൾക്കും വിചാരങ്ങൾക്കും വ്യക്തത വരുമ്പോൾ മാത്രമാണ്. ബഹുഭൂരിഭാഗം ആളുകൾക്കും തിരിച്ചറിവ് വരാൻ വൈകുന്നതിന്റെ കാരണം മനസ്സിലായിക്കാണുമല്ലോ. രക്ഷിതാക്കൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധചെലുത്തണം.

Also read: ആര്‍ക്കാണ് ചരിത്ര നിമിഷം ?

മനുഷ്യർ അടിസ്ഥാനപരമായി അക്രമസ്വഭാവമുള്ളവരാണ്. സ്വന്തം നിലനിൽപ്പിനും പ്രകൃതിയുടെ സംതുലിതാവസ്ഥ കാത്ത്സൂക്ഷിക്കാനും അത് കൂടിയേ തീരൂ. ഒരു രാജ്യത്തിന്റെ കയ്യിൽ ന്യൂക്ലിയർ വെപ്പൺ ഉണ്ടാവുന്നത് അത്യധികം അപകടകരമാണ് എന്ന് എല്ലാവർക്കും അറിയാം പക്ഷെ ഒരു രാജ്യത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം സ്വന്തം രാജ്യത്തിന്റെ സുരക്ഷയുടെ ഭാഗമാണ് അത്. ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ വേണ്ടിയാണല്ലോ മാനവരാശിയെ പൂർണ്ണമായും ഈ ഭൂമിയിൽ നിന്ന് തുടച്ചുനീക്കാൻ തക്ക കൊടിയ ശക്തിയുള്ള മാരകായുധങ്ങൾ അവർ സൂക്ഷിച്ചുവെയ്ക്കുന്നത്. ഇത് തന്നെയാണ് മനുഷ്യരിലെ അക്രമവാസനയും. സ്വന്തം നിലനിൽപ്പ് ഉറപ്പ് വരുത്താൻ സ്വന്തം കുടുംബത്തെ സുരക്ഷിതമാക്കാൻ വേണ്ടിയാണ് അത്. എന്നാൽ അക്രമമല്ല പ്രതിരോധമാണ് വേണ്ടതെന്ന് മനസ്സിലാക്കാത്ത മനുഷ്യരും നമുക്കിടയിൽ ഉണ്ട്. അവരാണ് ഏറ്റവും വലിയ അപകടകാരികൾ. സ്ത്രീകളിൽ താരതമ്യേന ഹിംസാത്മകമായ ചിന്തകൾ കുറവായിരിക്കും. പരിപാലനമാണ് സ്ത്രീയുടെ ധർമ്മം. മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാനും അതിലൂടെ സമൂഹത്തെ ഔന്നിത്യത്തിലേയ്ക്ക് ഉയർത്താനും വേണ്ടി മനുഷ്യൻ കലഹങ്ങൾ ഒഴിവാക്കി എന്നും സാഹോദര്യത്തോടെയും പരസ്പര സഹകരണത്തോടെയും ജീവിക്കേണ്ടതുണ്ട്.

കലഹങ്ങൾ സൃഷ്ടിക്കാനും സ്വന്തം ആധിപത്യം സ്ഥാപിച്ചെടുക്കാനും വെട്ടിപ്പിടിക്കാനും അധികാരം കയ്യാളാനുമുള്ള ത്വര പുരുഷനിൽ കാണാം. അതിരുവിട്ട സ്വാർത്ഥതയും അതിമോഹവും ആത്യാർത്തിയും അത്യാഗ്രഹവും മനുഷ്യനെ ദുർമാർഗ്ഗിയാക്കി മാറ്റിയേക്കും. തനിയ്ക്ക് അനുവദനീയമാക്കപ്പെട്ടത്തിൽ നിന്നും അർഹിക്കുന്നതിൽ നിന്നും പങ്ക് സ്വീകരിക്കാനും അതിനെ സ്വന്തമാക്കി നിർത്താനും അവയുടെ വിലയും മൂല്യവും തിരിച്ചറിഞ്ഞു സംതൃപ്തമായൊരു ജീവിതം മനുഷ്യന് കഴിയും.

അന്യർക്ക് അവകാശപ്പെട്ടത് തട്ടിപ്പറിച്ചെടുക്കാൻ പാടില്ല. തന്നെ പോലെ തന്നെയാണ് മറ്റുള്ള മനുഷ്യരും. ഇതൊക്കെ തിരിച്ചറിയാൻ കുഞ്ഞിലേ തന്നെ ചിന്തകളിലെ അവ്യക്തത പരിമിതപ്പെടുത്തിക്കൊടുക്കുവാൻ രക്ഷിതാക്കൾ ശ്രമിക്കണം. വ്യക്തിത്വരൂപീകരണത്തിലേയ്ക്ക് അച്ഛനമ്മമാരുടെ സംഭാവന ഒരിക്കലും ചെറുതല്ല. ചിന്തകളിലെ അവ്യക്തത മനുഷ്യന്റെ ദൈനംദിന ജീവിതത്തെയും വ്യക്തിത്വ വളർച്ചയെയും പുരോഗമനത്തെയും കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. വളർന്ന് വരുന്ന ഒരു കുട്ടി രക്ഷിതാക്കളുടെ സ്വകാര്യസ്വത്ത് അല്ല ഞങ്ങളുടെ മകൻ അല്ലെങ്കിൽ മകൾ എന്ന് അവകാശപ്പെടുമ്പോൾ തന്നെ അവർ തീർച്ചയായും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് അവരുടെ മക്കൾ ഈ കാണുന്ന രാജ്യത്തിനും സമൂഹത്തിനും കൂടെ അവകാശപ്പെട്ടതാണ്. നാം ഓരോ മനുഷ്യരും അടങ്ങുന്നതാണ് ഈ സമൂഹം. ഒരു മനുഷ്യന്റെ മനസിക വ്യവഹാരങ്ങൾ അയാൾ നിലകൊള്ളുന്ന സാമൂഹിക കുടുംബ വ്യവസ്ഥിതിയ്ക്കോ അവനവന് തന്നെ ഹാനികരമായ വിധത്തിലാണെങ്കിൽ അയാളുമായി ബന്ധപ്പെട്ടുകിടക്കുന്നു ജീവിതങ്ങളെല്ലാം അതിദയനീയവും പരിതാപകരവുമായ അവസ്ഥയെ നേരിടാൻ ഇടയാകും.

Also read: ആഗസ്റ്റ് 15, വിഭജനത്തിൻെറ വേദനകളും രോദനങ്ങളും പങ്ക് വെക്കുന്ന ദിനം കൂടിയാണ്

ഒരു വ്യക്തിയ്ക്ക് അവനവനോട് തന്നെയും സ്വന്തം രക്ഷിതാക്കളോട് പങ്കാളിയോട് മക്കളോട് സമൂഹത്തോട് എല്ലാം ഉണ്ടാവുന്ന സമീപനവും മനോഭാവവും നെഗറ്റീവ് ആവാതെ നോക്കണം. അയാളുടെ അനുഭവങ്ങൾ, വിശ്വാസങ്ങൾ, ജീവിച്ചുവളർന്ന ചുറ്റുപാടുകൾ, അവരെ സ്വാധീനിച്ച ആൾക്കാർ എന്നിവയിൽ നിന്ന് രൂപപ്പെട്ടുവരുന്നതാണ് മനോഭാവം. ഒരു കുഞ്ഞിന്റെ മനസ്സിലേക്ക് തെറ്റായ അറിവുകളോ ചിന്തകളോ കടന്ന് കൂടുന്നെങ്കിൽ മുന്നോട്ട് ആശയകുഴപ്പങ്ങൾ സൃഷ്ടിക്കുന്ന വല്ലതും സ്വാധീനിച്ചെങ്കിൽ വരാനിടയുള്ള സാഹചര്യങ്ങളെ മുൻകൂട്ടി കണ്ടുകൊണ്ട് തിരുത്തലിന് ശ്രമിക്കേണ്ടത് മാതാപിതാക്കൾ തന്നെയാണ്. സമയോചിതമായ ഇടപെടലുകൾ നടത്താതെ പിന്നീട് കുഞ്ഞുങ്ങളെ മാത്രം അപരാധിയായി ചിത്രീകരിക്കുന്നതിൽ അർത്ഥമില്ല. വർഷങ്ങളുടെ അനുഭവസമ്പത്തും അറിവും പക്വതയും ലോകവിവരവുമുള്ള മനുഷ്യർക്ക് തന്നെ തെറ്റുകൾ പറ്റുന്നു. അപ്പോൾ സ്വന്തം കുഞ്ഞുങ്ങളെ കുറ്റപ്പെടുത്തും മുമ്പ് ആർക്കും അവനവനിലേയ്ക്ക് തന്നെ ഒന്ന് നോക്കാവുന്നതാണ്. അച്ഛനമ്മമാരുടെ നിരുത്തരവാദിത്വപരമായ ഇടപെടലുകൾ ഒരു കുഞ്ഞിന്റെ ജീവിതത്തെ എല്ലാ അർത്ഥത്തിലും ബാധിക്കും. മക്കൾ വ്യക്തികളാണ് അവർ ചെയ്യുന്ന ഓരോ പ്രവൃത്തികൾക്കും ഉത്തരവാദിത്വം അവർക്ക് തന്നെയാണ് എന്ന ബോധത്തിലേയ്ക്ക് എത്താനും പക്വതയാർജ്ജിക്കാനും കൂടെ നിൽക്കേണ്ടത് അച്ഛനമ്മമാരാണ്.ഒരു മനുഷ്യന്റെ ചിന്തകളിൽ വ്യക്തത വരേണ്ടത് അനിവാര്യമാണെന്ന കാര്യം അതിഗൗരവമായി തന്നെ കാണേണ്ടതും ചർച്ച ചെയ്യേണ്ടതുമായ ഒന്നാണ്.

മനോഭാവം അഥവാ അറ്റിറ്റ്യൂഡ് നന്നായാൽ തന്നെ മനുഷ്യൻ നന്നായി. അറ്റിറ്റ്യൂഡ് എന്നാൽ വേണമെങ്കിൽ ഒരു വ്യക്തിത്വത്തിന്റെ കാതലായ വശം എന്നൊക്കെ പറയാം. നല്ലൊരു അറ്റിറ്റ്യൂഡ് രൂപപ്പെടുത്തിയെടുക്കാൻ വേണ്ട അവിഭാജ്യഘടകങ്ങളിൽ ഒന്ന് സ്വന്തം യുക്തിയും ബുദ്ധിയും വിവേകവും പ്രവൃത്തിപ്പിച്ച് വസ്തുതകളെ മനസ്സിലാക്കാനും തിരിച്ചറിയാനുമുള്ള ഒരു മനസ്സാണ്. മറയില്ലാതെ സത്യങ്ങളെയും യാഥാർത്ഥ്യങ്ങളെയും ഉൾക്കൊള്ളാൻ മനസ്സിനെ പ്രാപ്തമാക്കുമ്പോൾ തെറ്റിദ്ധാരണകൾക്ക് സ്ഥാനമില്ലാതാവുകയാണ്. രക്ഷകർതൃത്വം എപ്പോഴും ദീർഘവീക്ഷണത്തോടെ പൂർത്തീകരിക്കേണ്ട കടമയാണ് എന്നത് ഇവിടെ അധികമാർക്കും അറിയില്ല. ശൂന്യമായ ഒരു വെള്ളപേപ്പർ പോലെയുള്ള കുഞ്ഞുമനസ്സിലേക്ക് ചെന്ന് പതിയുന്ന അക്ഷരങ്ങളും വാക്കുകളും ദൃശ്യങ്ങളും അവരിൽ ഏത് വിധത്തിലാണ് സ്വാധീനം ചെലുത്തുന്നത്, ഭാവിയിൽ ഇതൊക്കെ അവരുടെ വ്യക്തിത്വത്തെ ഏതൊക്കെ വിധത്തിൽ ബാധിച്ചേക്കാം എന്നതിനെക്കുറിച്ച് അല്പം ജാഗ്രത രക്ഷിതാക്കൾക്ക് ആവശ്യമാണ്. ആന്തരീക സംസ്ക്കരണം ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു രക്ഷാകർതൃത്വമാണ് നല്ലൊരു വ്യക്തിത്വത്തെ രൂപപ്പെടുത്തിയെടുക്കുന്നതിൽ വിജയം കണ്ടെത്തുക. ഉദ്ദേശശുദ്ധിയുടെ ആവശ്യകതയെക്കുറിച്ച് ബോധ്യം വരാത്ത ഒരാൾക്ക് നീതിയ്ക്കോ ന്യായത്തിനോ വിപരീതമായി പ്രവൃത്തിക്കുന്നതിലൊന്നും ഒട്ടും സങ്കോചമോ കുറ്റബോധമോ ഉണ്ടാവാനിടയില്ല. അതല്ലെങ്കിൽ ആർക്കും മറക്കാനും പൊറുക്കാനും കഴിയാത്ത ഒരു വലിയ കൈപിഴവ് വന്നിട്ട് തിരുത്താനുള്ള ഒരൊറ്റ വഴിയും ഇല്ലാത്ത ഒരു നിമിഷത്തിലാണ് തിരിച്ചറിവ് വരിക. മനുഷ്യത്വവിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെടുന്നവരെ വെച്ചിട്ട് പഠനം നടത്തിയാൽ അതിൽ ഒരു വിഭാഗം അവ്യക്തമായ ചിന്തകൾ സൃഷ്ടിക്കുന്ന ആശയകുഴപ്പങ്ങളാൽ സംഘർഷഭരിതമായ മനസ്സിന് ഉടമകളുമായ ആൾക്കാർ തന്നെയാവും. കാരണം അവ്യക്തതയോടെ ചിന്തിക്കുന്നവർക്ക് പിഴവുകൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. പലപ്പോഴും ഒന്നിലും ഉറച്ച് നിൽക്കാൻ പറ്റാത്ത അവസ്ഥയെ അഭിമുഖീകരിക്കുന്നവരും എന്താണ് വേണ്ടത്? എന്താണ് താൻ ചെയ്യേണ്ടത്? എന്നൊന്നും അറിയാതെ കുഴങ്ങുന്നവരും ആയിരിക്കും മാത്രമല്ല ഒരേ ജോലിയിൽ തുടരാൻ കഴിയാത്ത അവസ്ഥയും തീരുമാനങ്ങൾ എടുക്കുന്നത്തിൽ പരാജയം ഇതൊക്കെ ഇവർ നേരിടുന്ന പ്രശ്‌നങ്ങളാണ്. ഉത്തരവാദിത്വങ്ങൾ വേണ്ടപോലെ നിറവേറ്റാൻ സാധിക്കാതെ സ്വയം അവനവനെ ചോദ്യം ചെയ്യാൻ തുടങ്ങുന്ന ഒരു ഘട്ടം ഇവർക്ക് വരാൻ ഇടയുണ്ട്. ഒട്ടും ചിട്ടയില്ലാത്ത, അസ്വസ്ഥതകൾ നിറഞ്ഞ ഒരു ജീവിതവുമായി മാറും ചിലരുടേത്. ഭീതിയും ആശങ്കയും നിറഞ്ഞ ഓവർ സ്ട്രെസ്സ്ഡ് ആയ ജീവിതത്തെ നേരിടുകയും അതോടെ കടുത്ത മനഃസംഘർഷം അനുഭവപ്പെടാനും അതിദയനീയമായ ജീവിതം ജീവിക്കാനും നിർബ്ബന്ധിതരാകും.

Also read: സ്വാതന്ത്ര്യം തന്നെ ജീവിതം

നാം മനസ്സിലാക്കേണ്ടത് സ്പഷ്ടവും തെളിച്ചവും വെളിച്ചവും പകരുന്നതായ ചിന്തകൾക്ക് ഒരുപാട് മേന്മകളുണ്ട്. ശങ്കയില്ലാത്ത ഉദ്ദേശശുദ്ധി ഉറച്ച വ്യക്തിത്വത്തിന്റെ ലക്ഷണമാണ്. എങ്കിൽ ആത്മവിശ്വാസം നിറഞ്ഞ മനസ്സിനുടമയായി മാറാനും ഏതൊരു സാഹചര്യത്തെയും സധൈര്യം അഭിമുഖീകരിക്കാനും അതേപോലെ തനിയ്ക്ക് പാകപിഴവുകൾ വന്നതും കാല് ഇടറിയതും എവിടെ വെച്ചാണ്? എവിടെയൊക്കെ തിരുത്തലുകൾ ആവശ്യമാണ്? ഇതെല്ലാം കണ്ടെത്താൻ എളുപ്പമാണ്. കൂടാതെ തനിയ്ക്ക് സാധ്യമായ, ഏറ്റവും നന്നായി പെർഫോം ചെയ്യാൻ കഴിയുന്ന മേഖല ഏതാണ്? ഇതിനെക്കുറിച്ചെല്ലാം ആ വ്യക്തിയ്ക്ക് വ്യക്തമായ ധാരണ ഉണ്ടാവും. അയാൾ നല്ലൊരു വ്യക്തിത്വത്തിന് അനിവാര്യമായി വരുന്ന സുതാര്യത കൈവരിച്ചിരിക്കും. ചിന്തശേഷിയും ആരോഗ്യവുമുള്ള മനസ്സാണ് അയാൾ നേടിയെടുക്കുന്നത്. എപ്പോൾ, എവിടെ എങ്ങനെ, ആരോട്, എന്ത് എന്ന വ്യക്തമായ ധാരണയിൽ നിന്നുള്ളൊരു ബോധമാണ് ഇത്തരമൊരു വ്യക്തിയെ നയിക്കുന്നത് അതിനാൽ എത്ര വലിയ പ്രതിസന്ധി ഘട്ടത്തിലും ഏറ്റവും മികവുറ്റ ഒരു ജീവിതം ജീവിക്കാൻ അയാൾ പ്രാപ്തനാകും.

Related Articles