Current Date

Search
Close this search box.
Search
Close this search box.

വൈവിധ്യങ്ങൾ കൊണ്ടാണ് വ്യക്തിത്വങ്ങളും വേർതിരിച്ചറിയപ്പെടുന്നത്

രക്ഷിതാക്കളിൽ യുക്തിഭദ്രവും അതോടൊപ്പം ഉത്തമ സംസ്ക്കാരവും വിവേകവും മനുഷ്യത്വപരമായ ചിന്തകളും കാഴ്ചപ്പാടുകളും ജീവിതത്തോടുള്ള സമീപനം വളരെ പൊസിറ്റീവും ആണെങ്കിൽ മക്കളെയും അത് അഴത്തിൽ സ്പർശിച്ചിരിക്കും. അതല്ലെങ്കിൽ നേരെ മറിച്ചാണ് ഉണ്ടാവുക. ഒട്ടേറെ മോഹങ്ങളും സ്വപ്നങ്ങളും ആഗ്രഹങ്ങളും ആശയങ്ങളും താൽപര്യങ്ങളും എല്ലാം ഒരു മനുഷ്യനിൽ ഉണ്ടാവുമെങ്കിലും അതേസമയം പ്രായോഗികതയെക്കുറിച്ചും ബോധം ഉണ്ടാവൽ അനിവാര്യമാണ്. ഭാവനയിലാണ് എല്ലാ സ്വപ്നങ്ങളും വിരിയുന്നത് എന്നാൽ വെറും ഭാവനയിൽ പണിതെടുക്കാൻ കഴിയുന്ന ഒന്നല്ല ജീവിതം യാഥാർത്ഥ്യങ്ങൾ അറിഞ്ഞു കെട്ടിപ്പടുക്കേണ്ട ഒന്നാണ്. എത്ര ഒഴിഞ്ഞു മാറിയാലും സ്വന്തം ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറലും ഒരാൾക്ക് അത്ര എളുപ്പമല്ല എന്ന വസ്തുത വിസ്മരിക്കപ്പെടരുത്. അതുകൊണ്ട് തന്നെ യാഥാർത്ഥ്യ ബോധത്തിലേയ്ക്ക് മക്കളെ എത്തിക്കേണ്ടതും മാതാപിതാക്കളാണ്. അനുഭവങ്ങൾ മക്കളുമായി പങ്കിടുമ്പോഴും ജീവിതമെന്തെന്നു കാണിച്ചു കൊടുത്തു വളർത്തുമ്പോഴും അവർ സ്വാഭാവികമായും യാഥാർത്ഥ്യ ബോധത്തിലേയ്ക്ക് എത്തും.

മക്കളെ മനസ്സിലാക്കാൻ ശ്രമിച്ചാൽ ഒരുപക്ഷേ രക്ഷിതാക്കൾക്ക് താഴെ പറയുന്ന കാര്യങ്ങൾ ഫലപ്രദമായി നിറവേറ്റാൻ കഴിയും. അച്ഛനമ്മമാർക്ക് എത്ര മക്കൾ ഉണ്ടെങ്കിലും അവർ കാഴ്ചയിലും പെരുമാറ്റത്തിലും പ്രകൃതത്തിലും ഒരുപോലെ ആയിക്കൊള്ളണമെന്നില്ല. അവരുടെ സൈക്കോളജി ശരിയായ നിരീക്ഷണത്തിലൂടെ മനസ്സിലാക്കിയെടുത്ത് ഡീൽ ചെയ്യുകയാണെങ്കിൽ വളരെ ഫലപ്രദമായ രീതിയിൽ നല്ലൊരു ഭാവിയോടെ കുട്ടികളെ മോൾഡ് ചെയ്തെടുക്കാനും വളർത്തിയെടുക്കാനും സാധിക്കും. അല്പം തിരിച്ചറിവ് മാതാപിതാക്കളിൽ ഉണ്ടെങ്കിൽ അത് മക്കൾക്ക് എന്തിനെക്കാളേറെ ഗുണപ്രദമായി മാറും. മാതാപിതാക്കളിൽ കാണുന്ന തിരിച്ചറിവിന്റെയും ബോധത്തിന്റെയും അഭാവം മക്കളെയും കാര്യമായി ബാധിക്കും. നല്ലൊരു നാളെയെ ഭാവനയിൽ കാണാനും (visualise) ആ സ്വപ്നങ്ങളെ മൂർത്തമാക്കാനും സാക്ഷാത്ക്കരിക്കാനുമുള്ള പ്രചോദനവും പ്രോത്സാഹനവും നൽകാൻ സ്വന്തം മാതാപിതാക്കളെക്കാൾ മറ്റാർക്കാണ് കഴിയുക?

Also read: കലക്കുവെള്ളത്തില്‍ ഇസ്ലാമോഫോബിയ പടര്‍ത്തുന്നവര്‍

അതിനാൽ ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് ഒരു വീട്ടിൽ നാല് മക്കൾ ഉണ്ടെങ്കിൽ നാലും ഒരേ സ്വഭാവക്കാർ ആയിക്കൊള്ളണം എന്നില്ല അതിന് കാരണങ്ങൾ ഉണ്ട്. നാല് പേരെയും സ്വാധീനിച്ചത് കുടുംബത്തിലെ ആരുടെയൊക്കെയോ ജീനുകൾ ആയിരിക്കാം അതുകൊണ്ട് തന്നെ മൂത്തകുട്ടി നല്ല സൗഹൃദമനോഭാവവും സ്നേഹത്തോടെയുള്ള പെരുമാറ്റവും മറ്റുമാണെങ്കിൽ നേരെ താഴെയുള്ള കുട്ടിയിൽ നിന്നോ മൂന്നാമത്തെ കുട്ടിയിൽ നിന്നോ അതേ സംഗതികൾ പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്. അത് നിരാശയെ നൽകൂ കാരണം അവരുടെ ഓരോരുത്തരുടെയും ബേസിക്ക് ക്യാരക്ടർ തന്നെ വ്യത്യസ്തമായിരിക്കും.

കുഞ്ഞിലേ തന്നെ ചില കുട്ടികൾ ശാന്തപ്രിയരോ ആരെയും അതൃപ്തിപ്പെടുത്താതെ സൗമ്യത നിറഞ്ഞ നല്ലൊരു ക്യാരക്ടറിന് ഉടമയായിരിക്കും. എന്നാൽ ചിലർ കലഹപ്രിയരും മുൻകോപികളും മറ്റുചിലർ ഉല്ലാസപ്രിയരോ ആടിയും പാടിയും രസിച്ചും ജീവിക്കാൻ താത്പര്യപ്പെടുന്നവരോ ആവാം. ചിലർ വളരെയധികം വാചാലരും ആരുമായും എളുപ്പം കൂട്ട് കൂടുന്നവരും എന്നാൽ മറ്റു ചിലർ തന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടുന്നവരോ ആവാം. വ്യത്യസ്തമായ സൈക്കോളജിയിലുള്ള ഈ പറയുന്ന 4 മക്കളോടും മാതാപിതാക്കൾ
ഒരേ രീതിയാണ് (strategy) പ്രയോഗിക്കുന്നത് എല്ലാവരിൽ നിന്നും ഒരേ പാറ്റേണിലുള്ള പെരുമാറ്റവും റിസൾട്ടുമാണ് ആഗ്രഹിക്കുന്നത്. അത് എത്രത്തോളം വിജയകരമാകും? ചിന്തിച്ചാൽ ഒരാൾക്ക് മനസിലാവും. കുഞ്ഞുങ്ങളെ എല്ലാവരെയും ഒരു പ്രത്യേക പാറ്റേൺ അല്ലെങ്കിൽ മോഡൽ ആക്കിയെടുക്കാൻ ശ്രമിക്കുമ്പോൾ ചില കുഞ്ഞുങ്ങൾക്ക് എളുപ്പം പരുവപ്പെടാൻ കഴിഞ്ഞേക്കാം എന്നതിനാൽ മാതാപിതാക്കളുടെ പ്രീതിയാർജ്ജിക്കാൻ അവർക്ക് എളുപ്പം കഴിയുന്നു. ചിലർക്ക് എന്നാൽ രക്ഷിതാക്കളുടെ പ്രതീക്ഷയ്ക്കൊത്ത് എല്ലാ വിധത്തിലും ഉയരാൻ കഴിയാതെ പോകുന്നു. കാരണം ആ കുട്ടിയിലെ അടിസ്ഥാന സ്വഭാവങ്ങൾ അവനെ പരുവപ്പെടാൻ അത്രയ്ക്ക് സപ്പോർട്ടീവ് ആവുന്നില്ല. കുഞ്ഞിനെ അത് അത്യധികം മാനസ്സികമായി തകർക്കുന്നു, അവന്റെ സ്വഭാവം ആദ്യത്തേക്കാൾ വഷളാവാനും ഇടയാകുന്നു.

തന്നിലേയ്ക്കായ് ഒതുങ്ങി ജീവിക്കുന്ന ശീലമുള്ള കുഞ്ഞുങ്ങളിൽ പുറം ലോകവുമായി ഇടപഴകാൻ ഒരു പരിധിയിൽ കവിഞ്ഞ സമ്മർദ്ദം ചെലുത്തുന്നതും അതേപോലെ പുറം ലോകവുമായി ഇണങ്ങി ജീവിക്കാൻ മറ്റാരേക്കാളും പ്രാപ്തിയുള്ള കുഞ്ഞുങ്ങളെ അകത്തളങ്ങളിൽ തളച്ചിടുന്നതും രണ്ടും അവരോട് ചെയ്യുന്ന പാപമാണ്. കുഞ്ഞുങ്ങളിലെ അടിസ്ഥാന സ്വഭാവം (basic nature) എന്താണെന്ന് ആദ്യം പഠിക്കണം, അതിനൊത്ത് വേണം അവരെ ആളാക്കിയെടുക്കാൻ.

അയൽപക്കത്തെ അല്ലെങ്കിൽ ആരാന്റെ കുഞ്ഞുങ്ങളെ ചൂണ്ടി നിനക്ക് അവനെപ്പോലെ അല്ലെങ്കിൽ അവളെപ്പോലെ ആയിക്കൂടെ എന്ന് ചോദിക്കുന്ന മാതാപിതാക്കൾ ഉണ്ട് . നമ്മുടെ മക്കൾ എങ്ങനെ അയൽക്കാരന്റെ കുഞ്ഞിനെ പോലെയാവും എന്നൊന്നും ചിന്തിക്കാൻ നമ്മുടെ ബുദ്ധിയും വികസിച്ചിട്ടില്ലാത്തതാവാം കാരണം. നമ്മുടെ ജീനിന്റെ അല്ലെങ്കിൽ നമ്മുടെ പൂർവ്വികരുടെ ജീനിന്റെ ഗുണങ്ങളെ നമ്മുടെ മക്കൾക്ക് ലഭിക്കുകയൊള്ളൂ, അവയിൽ തന്നെ നല്ലതും കെട്ടതും ഉണ്ടാവാം. നമ്മുടെ മക്കൾ നമ്മെപ്പോലെ ആവുള്ളൂ.

കുഞ്ഞിന്റെ വളർച്ചയ്ക്കും ഉയർച്ചയ്ക്കും ആധാരമാവാൻ കെൽപ്പുള്ള അവരിലെ അടിസ്ഥാനപരമായ സ്വഭാവഗുണങ്ങളെ തിരിച്ചറിഞ്ഞ് അതിനെ കാര്യമായി പരിപോഷിപ്പിക്കുകയും അവരുടെ ജീവിതത്തിൽ ദോഷകരമായി ഭവിക്കുമെന്ന് തോന്നുന്നവയെ വർജ്ജിക്കാൻ അവരെ സഹായിക്കുകയും ചെയ്യാം. എഴുത്ത് വായന, ചിത്രരചന എന്നീ ക്രിയാത്മക മേഖലകളിൽ ശോഭിക്കാൻ കഴിയുന്ന അല്ലെങ്കിൽ കായിക അഭ്യാസങ്ങളിലോ, ബുദ്ധിസാമർത്ഥ്യത്തോടൊപ്പം വാക്ക്ചാതുര്യവും കാണിക്കുന്ന കുട്ടികളെ പ്രഭാഷണ കലയിലോ എല്ലാം പ്രതിഭകളാക്കി എടുക്കാൻ സാധിക്കും.

Also read: രണ്ട് മാഗസിനുകൾ പറയുന്നത് ?

വളർന്നു വരുന്ന മക്കളുടെ ആന്തരികമായ സംസ്ക്കരണത്തിനാണ് പ്രാമുഖ്യം ഏറെ നൽകേണ്ടത്. അധികമൊന്നും ചെയ്യേണ്ടി വരുന്നില്ല ഇതിനൊന്നും എന്നാലും പല മാതാപിതാക്കളും ഇതിനെക്കുറിച്ച് ബോധവന്മാർ അല്ലാത്തതോ, മക്കൾക്കായി സമയം കണ്ടെത്തേണ്ടതിന്റെ ആവശ്യകത ഇന്നും മനസ്സിലാക്കുന്നില്ല എന്നതോ ആവാം കാരണം.

സ്‌കൂളിൽ അയക്കുന്നതോ മതപരമായ അറിവുകൾ നൽകലോ അല്ലാതെ വീട്ടിനകത്ത് നിന്ന് ലഭിക്കേണ്ട ഒരു സംസ്ക്കാരം ഉണ്ട് അത് ലഭിച്ചിരിക്കണം മക്കൾക്ക്. അതാണ് മാതൃത്വത്തെയും പിതൃത്വത്തെയും കൃതാർത്ഥതയിലേക്ക് നയിക്കുന്നത്. അഭിമാനത്തോടെ ഇതാണ് എന്റെ അച്ഛൻ, ഇതാണ് എന്റെ അമ്മ എന്ന് മക്കൾ പറയുമ്പോഴാണ് ആത്മനിർവൃതിയാൽ ആ പിതാവും മാതാവും സ്വയം ധന്യരാക്കപ്പെടുന്നത്.

Related Articles