Current Date

Search
Close this search box.
Search
Close this search box.

വ്യക്തിത്വരൂപീകരണവും അഹംബോധവും

മനഃശാസ്ത്ര പിതാവ് എന്നറിയപ്പെടുന്ന സിഗ്മണ്ട് ഫ്രോയിഡ് (1856-1939) വ്യക്തിത്വരൂപീകരണത്തെക്കുറിച്ച് നടത്തിയ പഠനങ്ങളിൽ മനുഷ്യമനസ്സിനെ അതിസങ്കീർണ്ണമായ ഒന്ന് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മനുഷ്യമനസ്സിന്റെ നിഗൂഢതയെ വെളിച്ചത്തുകൊണ്ടുവരാൻ ഇന്നെവരെ ആർക്കും കഴിഞ്ഞിട്ടില്ല എന്നതും ഒരു സത്യമാണല്ലോ. വ്യക്തിത്വരൂപീകരണം നടക്കുന്നത് Id, Ego, Superego എന്ന് പറയുന്ന മനസ്സിന്റെ അടിസ്ഥാനപരമായ 3 ഘടനകളിലൂടെയാണെന്നാണ് അദ്ദേഹം കണ്ടെത്തിയത്. ഫ്രോയിഡിന്റെ കണ്ടുപിടുത്ത പ്രകാരം ഒരു മനുഷ്യൻ ജനിക്കുമ്പോൾ അവനിൽ/അവളിൽ സഹജമായ അല്ലെങ്കിൽ നൈസർഗ്ഗീകമായ വാസനകളിലാണ് ഈ പറയുന്ന “Id” നിലകൊള്ളുന്നത്, ശൈശവഘട്ടത്തിലെ അവൻ/അവൾ id യെ മാത്രമാണ് പ്രതിനിധീകരിക്കുന്നത് എന്ന് അർത്ഥം. 3 വയസ്സോടെ കുഞ്ഞുങ്ങളിൽ മസ്തിഷ്ക വികാസത്തിന്റെ പ്രാഥമിക ഘട്ടം കടന്നുകഴിയുമല്ലോ. അതിന് ശേഷമാണ് Ego രൂപപ്പെട്ടുവരുന്നതും അഹംബോധത്തിന്റെ സാന്നിദ്ധ്യം അവരിൽ കണ്ടുവരുന്നതും. തുടർന്നുള്ള വളർച്ചയിൽ ഇപ്പറയുന്ന ഈഗോ അഥവാ അഹംബോധമാണ് കുഞ്ഞുങ്ങൾക്ക് അവർക്ക് ചുറ്റുമുള്ള ഒരു ലോകത്തെ കണ്ട്രോൾ ചെയ്യാൻ കൂട്ട് നിൽക്കുന്നത്. മേൽപ്പറഞ്ഞ രണ്ടിന്റെയും മധ്യത്തിൽ മധ്യസ്ഥനായിട്ട് വർത്തിക്കുന്ന ഒന്നാണ് superego, മനസ്സാക്ഷിയെയും വിവേകത്തെയും പ്രവര്‍ത്തിപ്പിക്കുകയും സാമൂഹ്യനിയമങ്ങള്‍ അനുസരിപ്പിക്കുകയും ചെയ്യുന്ന അന്തഃകരണശക്തിയാണ് ഇത്. ഒരു വ്യക്തിയ്ക്ക് (Idയ്ക്ക്) നേടിയെടുക്കാനുള്ള ആഗ്രഹങ്ങൾ, ലക്ഷ്യങ്ങൾ, തൃഷ്ണകൾ, മോഹങ്ങൾ തുടങ്ങിയവ നേടിയെടുക്കാനും നിറവേറ്റാനുള്ള ആന്തരീകചോദനയും പ്രേരകവുമായി ഈഗോ പ്രവർത്തിക്കുമ്പോൾ. ഈഗോയ്ക്കും ഐഡിയ്ക്കുമിടയിൽ കുഞ്ഞുങ്ങൾക്ക് രക്ഷിതാക്കൾ പകർന്നേകുന്ന പാഠങ്ങളും സമൂഹികാവബോധവും മൂല്യാധിഷ്ഠിതമായ ചിന്തകളും ചേർന്ന ഒരു സിസ്റ്റം അതായത് superego ശരി, തെറ്റ് എന്നിവയെ വിവേചിച്ചറിഞ്ഞു പ്രവർത്തിക്കാൻ മനുഷ്യനെ സഹായിക്കുന്നു. egoയെക്കുറിച്ച് ഫ്രോയിഡ് പറയുന്നത് ഇങ്ങനെയാണ് “id being a horse while the ego is the rider. The ego is ‘like a man on horseback, who has to hold in check the superior strength of the horse.” അതായത് Id/വ്യക്തി ഒരു കുതിരയാണെങ്കിൽ ഈഗോ എന്ന് പറയുന്നത് കുത്തിറപ്പുറത്ത് ഇരിക്കുന്ന, കുതിരയെ ഓടിക്കുന്ന ആളാണ്. ആ ആൾ (ഈഗോ) ആണ് കുതിരയുടെ (ഐഡി) ശക്തി നിജപ്പെടുത്തേണ്ടതും തന്റെതായ വരുതിയിൽ നിർത്തേണ്ടതും.

ഇതിൽ നിന്നൊക്കെ ഒരു കാര്യം സുവ്യക്തമാണല്ലോ അതായത് ഈ ലോകത്ത് ഈഗോ ഇല്ലാത്ത മനുഷ്യരെ ഇല്ല. ഈഗോ ഇല്ലെങ്കിൽ മനുഷ്യന് നിലനിൽപ്പും ഇല്ല. എല്ലാ മനുഷ്യരിലും ഈഗോ കണ്ടെത്താൻ കഴിയുമെങ്കിലും ഓരോ വ്യക്തികളിലും അതിന്റെ തോത് അല്ലെങ്കിൽ ലെവൽ വ്യത്യസ്തമായിരിക്കും. വസ്തുതാപരമായി നാം ചിന്തിച്ചാൽ ഒരു വ്യക്തി അതിയായി ആഗ്രഹിക്കുന്ന ഒരു കാര്യത്തെ എപ്പോഴും ഏതൊരു ദുരന്തഘട്ടത്തിലും ആവേശത്തോടെയും ശുഷ്‌ക്കാന്തിയോടെയും ചെയ്തുതീർക്കാനോ നേടിയെടുക്കാനോ ഒരാളിലെ ആന്തരിക ചോദനയ്ക്ക് പ്രേരകമാകുന്ന ഘടകങ്ങളിൽ തീർച്ചയായും ഒന്ന് അയാളിലെ അഹം ബോധം തന്നെയാണെന്ന് മനസ്സിലാവും. അയാളുടെ ആവശ്യങ്ങൾ, വിചാരങ്ങൾ, ആഗ്രഹങ്ങൾ നിറവേറ്റാൻ അയാളെ പ്രാപ്തമാക്കിക്കൊണ്ട് അഹംബോധം അയാൾക്ക് മാത്രം സ്വന്തമായ അയാളുടെ വ്യക്തിത്വത്തിൽ മുഖ്യപങ്ക് വഹിക്കുന്ന സുപ്രധാനഘടകങ്ങളിൽ ഒന്നായി മാറുന്നു. ഒരാളുടെ ബോധമനസ്സ് (conscious mind) ആണ് ഈഗോ എന്നും കൂടെ പറയാം. അതിനാൽ ആർക്കും ഒരിക്കലും തന്നെ സ്വത്വബോധത്തിൽ നിൽക്കാൻ അഹംബോധത്തിന്റെ അഭാവത്തിൽ കഴിയില്ല എന്ന കാര്യം വിസ്മരിക്കാതിരിക്കുക. ചിലരിലെ ഈഗോ അതിശക്തവും തീവ്രവുമായിരിക്കും. മറ്റുചിലരിൽ ദുർബ്ബലവും താഴ്ന്ന നിലയിൽ നിൽക്കുന്നതായിരിക്കും. ഉയർന്ന ലെവൽ അല്ലെങ്കിൽ ശക്തമായ ഈഗോ നിലനിൽക്കുന്ന ഒരു വ്യക്തിത്വത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:

1) വീറോടെയും വാശിയോടെയും ജീവിതത്തിൽ എന്തും നേടാൻ ഉള്ളിൽ അയാൾക്ക് കഴിയുമെന്നാണ് പറയുന്നത്.

2) പ്രതിബന്ധങ്ങൾക്ക് മുന്നിൽ ഒരിക്കലും മുട്ടുമടക്കുകയോ പിൻവാങ്ങുകയോ ചെയ്യില്ല. സാഹചര്യങ്ങൾക്ക് കീഴടങ്ങാനോ തോൽവി സ്വീകരിക്കാനോ അവർ തയാറാവില്ല. വിജയിച്ചേ അടങ്ങൂ.

Also read: ഓര്‍മകള്‍ മരിക്കുമോ? ഓളങ്ങള്‍ നിലക്കുമോ?

3) അവനവന്റെ കഴിവിലോ കരുത്തിലോ യാതൊരു സംശയത്തിനും ഇടനൽകാതെ, എല്ലാ അതിരുകളും ഭേദിച്ച് മുന്നേറാൻ കഴിയും. സ്വന്തമായ ഇഷ്ടങ്ങൾ ആഗ്രഹങ്ങൾ എന്ന് പറഞ്ഞാൽ പാഷൻസ് നടപ്പിലാക്കാൻ വേണ്ട അഗ്നി ഉള്ളിലുണ്ടാവും.

4) അതിനാൽ നല്ല ആത്മവിശ്വാസം കൂട്ടിന് ഉള്ളവർ ആയിരിക്കും അവർ.

4) സ്വന്തം ശരിയിൽ അണുവിട പിന്മാറാതെ, ഉറച്ചു നിൽക്കാനുള്ള മനക്കരുത്തും തന്റേടവുമുള്ളവർ ആയിരിക്കും

3) ജീവിതം എന്താണോ അവരുടെ മുന്നിലേക്ക് ഇട്ടുകൊടുക്കുന്നത്, നഷ്ടമായാലും കഷ്ടമായാലും നേട്ടമായാലും എന്തിനെയും വെല്ലുവിളിപോലെ സ്വീകരിക്കാൻ തയ്യാറാവും.

5) വെല്ലുവിളികളെ നേരിടുന്നതിനിടയിൽ വീണുപോയിടത്ത് നിന്ന് അവനവനെ സ്വയം എഴുന്നേല്പിച്ച് ഒന്നും സംഭവിക്കാത്ത മട്ടിൽ പൊടിയും തട്ടി മാറ്റി ശുഭപ്രതീക്ഷയോടെ വീണ്ടും മുന്നേറാൻ പ്രയത്നിക്കും.

6) പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യുന്നതിനിടയിൽ മറ്റാരും കണ്ടെത്താത്ത പുതിയൊരു വഴി തനിയ്ക്കായ് കണ്ടെത്താൻ നല്ല ഈഗോ സ്ട്രങ്ത്ത് ഉള്ളൊരാൾക്ക് കഴിയും

7) വൈകാരികതയെ വിവേകപൂർവ്വം നിയന്ത്രണത്തിൽ നിർത്താനും കഴിയും.

പക്ഷെ ഒരു കാര്യം…
ശക്തമായ ഈഗോയുടെ ഉടമ ഒരു പൊസിറ്റീവ് മനോഭാവമുള്ള ആളാവണം എങ്കിലേ മേല്പറഞ്ഞ ലക്ഷണങ്ങൾ അയാളിലെ വ്യക്തിത്വത്തെ നിരന്തരം അയാൾ ആഗ്രഹിച്ചപോലെ മിനുക്കി, പരുവപ്പെടുത്തിയെടുത്ത് സുദൃഢമാക്കാനും
ജീവിതവിജയം നേടാനും സഹായിക്കുള്ളൂ. ഇതേ ലക്ഷണങ്ങൾ നെഗറ്റീവ് മനോഭാവം വെച്ചുപുലർത്തുന്ന വ്യക്തിയിൽ ആണെങ്കിൽ അയാളുമായി ജീവിതം പങ്കിടുന്ന, അയാൾ സമ്പർക്കം പുലർത്തുന്ന പരിതസ്ഥിതിയിൽ കഴിയുന്ന ആളുകൾക്ക് ഉണ്ടായേക്കാവുന്ന തിക്താനുഭവങ്ങൾ ചില്ലറയായിരിക്കില്ല. അയാളുടെ ഉള്ളിലെ നെഗറ്റീവ് ഇന്റൻഷൻസ്/ദുരുദ്ദേശങ്ങളോ സ്വാർത്ഥതാത്പര്യങ്ങളോ നേടാനായി അല്ലെങ്കിൽ നടപ്പിലാക്കാനുള്ള ഊർജ്ജമായിട്ട് ഈഗോ മാറുന്നു. അതിനാൽ കുടിലചിന്തകൾ അയാളിൽ ആധിപത്യം സ്ഥാപിക്കാനും അവനവനും മറ്റുള്ളവർക്കും എന്നെന്നേക്കുമായി അയാൾ വിനാശകരിയായി തീരാനുമിടയുണ്ട്. മറ്റുള്ള ആളുകളോട് മനുഷ്യത്വം പോലും കാണിക്കാൻ തയാറാവാത്ത കഠിന ഹൃദയരായി മാറാനും സാധ്യതയുണ്ട്. അയാൾക്ക് അയാളുടെ ഈഗോ കഴിഞ്ഞേ എന്തും വരുള്ളൂ ഇത്തരക്കാരിൽ നിന്ന് മാറി നടക്കാൻ ശ്രദ്ധിക്കണം. വളരെ തന്ത്രപരമായി മറ്റുള്ളവരെ കൈവെള്ളയിൽ നിർത്തി കാര്യം നടത്തിയെടുക്കാനും ഇവർക്ക് കഴിയും അതിവിദഗ്ദരും കൗശലക്കരുമായിരിക്കും ഇവരിൽ ചിലർ. വിജയിക്കാനായി എന്തും ചെയ്യാൻ മടിക്കാത്തവരായതിനാൽ ജാഗ്രതയോടെ ഇടപഴകുന്നതാണ് ഉത്തമം.

Also read: ഇസ്‌ലാം വംശീയതയോട് പോരാടിയത് ?

energy cannot be destroyed എന്നാണല്ലോ ഊർജ്ജത്തെ നശിപ്പിക്കാൻ കഴിയില്ല എന്ന് ഐൻസ്റ്റീൻ പറഞ്ഞത്പോലെ തന്നെ ഒരാളിൽ കാണുന്ന അഹന്തയെ/ഈഗോയെ അയാൾക്കെന്നല്ല ഒരാൾക്കും നശിപ്പിക്കാൻ കഴിയില്ല. നിയന്ത്രിക്കാൻ മാത്രമേ കഴിയുള്ളൂ. ഈഗോ നമ്മെ അധീനതയിൽ വെച്ച് നിയന്ത്രിക്കുന്നതിന് പകരം നമ്മൾ ഈഗോയെ നിയന്ത്രിക്കാൻ പരിശീലിക്കണം. അവനവന്റെ ഉള്ളിലെ അഹംബോധത്തെ കാര്യക്ഷമമായും ക്രിയാത്മകമായും അവനവന്റെയും മറ്റുള്ളവരുടെയും നന്മയ്ക്കും സന്തോഷത്തിനുമായി വിനിയോഗിക്കാനും നമ്മുടെ നിയന്ത്രണത്തിൽ നിർത്താനും പഠിച്ചാൽ തന്നെ നമ്മൾ ജീവിതവിജയം നേടി എന്ന് പറയാം. നെഗറ്റീവ് ഈഗോയും പൊസിറ്റീവ് ഈഗോയും ഉണ്ട് എന്ന് നമ്മൾ വിശ്വസിക്കുന്നു എന്നാൽ അങ്ങനെ ഒന്നില്ല ഒരാളിലെ ചിന്താഗതികളും കാഴ്ചപ്പാടുകളുമാണ്, എന്നുവെച്ചാൽ ഒരു വ്യക്തിയിലെ മനോഭാവമാണ് അയാളിലെ ഈഗോയെ നിയന്ത്രിക്കുന്നത്. നെഗറ്റീവ് മനോഭാവമുള്ളവർ ഈഗോയ്ക്ക് നെഗറ്റീവ് ആയ പരിവേഷം നൽകുകയാണ് ചെയ്യുന്നത്. അങ്ങനെ അവർ നെഗറ്റീവ് ഈഗോ possess ചെയ്യുന്ന വ്യക്തിത്വമായി നമുക്ക് തോന്നുന്നു എന്നാൽ മറ്റു ചിലർ പോസ്റ്റീവ് ഈഗോയും. പൊസിറ്റിവ് ഈഗോ പോസ്സസ്സ് ചെയ്യുന്നവർ ഈഗോയെ തന്റെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും ഉന്നമനത്തിനും വളമാക്കാൻ പഠിച്ചവരാണ്. അതുകൊണ്ട് തന്നിലെ താനെന്ന ബോധത്തെ തനിയ്ക്കും തനിയ്ക്ക് ചുറ്റുമുള്ളവർക്കുമായ് പരമാവധി പ്രയോജനപ്പെടുന്ന രീതിയിൽ എങ്ങനെ വിനിയോഗിക്കാം എന്നതാവണം ഒരാളുടെ ചിന്ത. നിഷേധാത്മക ചിന്തകൾ ഉള്ളൊരാളിലെ അഹംബോധം അയാളെ തന്നെ നശിപ്പിക്കാനും ജീവിതം നരകതുല്യമാക്കാനും മാത്രമേ ഹേതുവാക്കപ്പെടുള്ളൂ. ഈഗോ അത്രയും വലിയ അപകടകാരിയാണ്. മൂർച്ചയുള്ള ഒരു കത്തി നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ അതുകൊണ്ട് നമുക്ക് പച്ചക്കറികൾ വെട്ടാം, പഴങ്ങൾ വെട്ടിക്കഷ്ണമാക്കി എല്ലാവരുമായി പങ്കിട്ട് കഴിക്കാം, ചെടികളുടെ തണ്ടുകൾ വെട്ടി മറ്റൊരിടത്ത് നടാം ഇവയെല്ലാം ക്രിയാത്മകവും എന്നാൽ ആ കത്തി വെച്ച് ഒരാളെ ഭീഷണിപ്പെടുത്തി ക്യാഷ് വാങ്ങിക്കുന്നതും ഒരാളുടെ ജീവൻ അപഹരിക്കാൻ ഉപയോഗിക്കുന്നതും എത്രത്തോളം അപകടകരമാണ്.

അശക്തമായ അല്ലെങ്കിൽ ദുർബ്ബലമായ ഈഗോ പോസ്സസ്സ് ചെയ്യുന്ന ആളുകൾക്ക് പ്രശ്നങ്ങളെ നേരിടാനും കോപ്പ് അപ്പ് ചെയ്യാനും അതിയായ പ്രയാസം അനുഭവപ്പെടും. അതേപോലെ അവരിൽ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനുള്ള കഴിവും താരതമ്യേന കുറവായിരിക്കും. നിശ്ചയദാർഢ്യത്തോടെ മുന്നേറാനുള്ള സെൽഫ്‌ മോടിവേഷനും ഊർജ്ജവും അവരിൽ പരിമിതമാക്കപ്പെടുന്നതിനാൽ ചെയ്യാൻ തുനിഞ്ഞിറങ്ങിയ കാര്യങ്ങൾ പാതിവഴിയിൽ തന്നെ പ്രതീക്ഷകൾ കളഞ്ഞ് വിട്ടുപോരുന്നതും ഇവരിൽ കാണുന്ന ഒരു വലിയ പ്രശ്നമാണ്. ഇവരെ മോട്ടിവേറ്റ് ചെയ്ത് കൂടെ നിൽക്കാൻ ആളുകൾ ഉണ്ടെങ്കിലേ മുന്നേറാൻ സാധിക്കുള്ളൂ. പരീക്ഷണഘട്ടങ്ങളെ തരണം ചെയ്യുന്നതിനിടയിൽ ഇടയ്ക്ക് വെച്ച് തളർന്ന് വീഴുന്നതും പൊട്ടിത്തകരുന്നതിൽ മിക്കവരും ഇവരാണ്. കാരണം ഈ കൂട്ടർക്ക് അവനവനിൽ വിശ്വാസം നന്നേ കുറവായിരിക്കും എന്നാണ് പറയപ്പെടുന്നത്.

Also read: ഭൂമിയെ പിളർത്തുന്നവർ?

ലോകത്തിന്റെ യഥാർത്ഥ കംഫർട്ടും സുഖങ്ങളും അറിയണമെന്നുണ്ടോ? സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പോസിറ്റീവ് ഈഗോയാണ് നിലനിർത്തേണ്ടത്. കഷ്ടതകളും ആശങ്കയും ഭീതിയും നിറഞ്ഞ ജീവിതമാണെങ്കിൽ നെഗേറ്റിവ് ഈഗോ തിരഞ്ഞെടുക്കാം. എല്ലാവരും താൻ പറയുന്നത് മാത്രമേ കേൾക്കാവൂ അനുസരിക്കാവൂ എന്ന പിടിവശിയൊക്കെ ഏറ്റവും ബാലിശമായ ചിന്തകൾ നിറഞ്ഞ അഹന്തയുടെ മൂർത്തിഭാവമാണ്. പോസിറ്റീവ് ആൻഡ് നെഗേറ്റിവ് രണ്ടും കൂടെ കലർന്ന ജീവിതമാണെങ്കിൽ അല്പം നെഗറ്റീവും പോസിറ്റീവവുമായി ഈഗോയെ നിയന്ത്രിക്കാം. അതല്ല ഭൗതികസുഖങ്ങൾ തേടിയുള്ള ജീവിതമല്ല, എല്ലാത്തിൽ നിന്നും മോചനം നേടിയുള്ള സ്വാതന്ത്ര്യമാണ് ആഗ്രഹിക്കുന്നതെങ്കിൽ ഈഗോയെ വെടിയണം. ഈഗോ വെടിയുന്നത് അത്ര എളുപ്പമൊന്നുമല്ല, ഏറെ ശ്രമകരമായ ഒന്നാണ് വീണ്ടും കുട്ടിത്തത്തിലേയ്ക്ക് നാം നമ്മെ തിരികെകൊണ്ടു പോയി നൈസർഗ്ഗീകതയിലേയ്ക്ക് അലിഞ്ഞുചേരണം സ്വയം പ്രകൃതിയായി മാറണം. സർവ്വ മതസംഹിതകളുടെയും അകപ്പൊരുൾ എടുത്ത് നോക്കിയാൽ ഇതൊക്കെ തന്നെയാണ്. ഒരോന്നിന്റെയും കാതലായ വശങ്ങൾ തേടാതെ നാം പുറംമേനിയിൽ മാത്രമായി അഭിരമിക്കുമ്പോൾ യഥാർത്ഥ ലക്ഷ്യങ്ങൾ വിസ്മൃതിയിലേക്ക് ആഴ്ന്നുപോകുകയാണ്. പോസിറ്റീവ് ഈഗോ എന്നാൽ ആരെയും ഉപദ്രവിക്കാനോ ശല്യപ്പെടുത്താനോ ആഗ്രഹിക്കാതെ സമാധനപൂർണ്ണമായ ജീവിതമാണ് ആഗ്രഹിക്കുന്നത്. എന്നാൽ നെഗേറ്റിവ് ഈഗോ അസ്വാസ്ഥ്യങ്ങളും ആശാന്തിയും അപസ്വരങ്ങളും നിറഞ്ഞ ജീവിതമാണ് പ്രദാനം ചെയ്യുന്നത്. ശത്രുത, പക, വിദ്വേഷം, വെറുപ്പ് ഇവയൊക്കെ ഇതിൽ നിന്നും ജന്മമെടുക്കുന്നവയാണ്. അഹംബോധത്തിൽ നിന്ന് സ്വതന്ത്രനാവുക എന്നാൽ നിസ്വാർത്ഥൻ(selfless) ആവുക എന്നാണ്, നിഷ്‌ക്കാമ കർമ്മങ്ങളും നിരുപാധിക സ്നേഹവും സാധ്യമാവുമ്പോഴാണ് ഈഗോ നമ്മളിൽ നിന്ന് വിട്ടകലുന്നത്.

അറിവ് നേടാനും സമ്പാദിക്കാനും ഒരുപക്ഷേ എല്ലാവർക്കും സാധിക്കും. അറിവും അനുഭവങ്ങളോടുമൊപ്പം സ്വതസിദ്ധമായ യുക്തിയും സമാന്യബുദ്ധിയും ഉപയോഗിച്ച് ഉൾക്കാഴ്ചയിലൂടെ അന്തരീകപരിവർത്തനങ്ങൾക്ക് വിധേയരാവുമ്പോഴാണ് ഒരു മനുഷ്യന്റെ ജീവിതത്തിലേയ്ക്ക് പ്രകാശം അല്ലെങ്കിൽ വെളിച്ചം പരക്കുന്നത്. അത് അയാളുടെ ജീവിതത്തെയും ആ വ്യക്തിയെയും എല്ലാ അർത്ഥത്തിലും ഭാവത്തിലും അഭിവൃദ്ധിപ്പെടുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനാൽ സ്വന്തമായി ആർജ്ജിച്ചെടുത്ത ജ്ഞാനം അഥവാ wisdom എന്നും അയാളിലെ വ്യക്തിത്വത്തെ അത്യാകർഷണീയവും അവിസ്മരണീയവും ആക്കി തീർക്കുന്നു. നല്ലൊരു വ്യക്തിത്വത്തിന് ഉടമയാവാനും ജന്മസാഫല്യം നേടാനും ഒരാൾക്ക് അവനവനിലേയ്ക്ക് തന്നെ നോക്കാനുള്ള മനസ്സും സമയവും ഉണ്ടായിരിക്കണം.

“സുന്ദരമായ കണ്ണുകൾക്കായ്… മനുഷ്യനിലെ നന്മകൾ കാണാൻ ശ്രമിക്കൂ, സുന്ദരമായ ആധരങ്ങൾക്കായ്… കാരുണ്യം നിറഞ്ഞ വാക്കുകൾ മൊഴിയാൻ ശ്രമിക്കൂ. എല്ലാവരും സമന്മാർ ആണെന്ന തിരിച്ചറിവിലൂടെ മുന്നേറൂ… ഒരിക്കലും ആരും എവിടെയും തനിച്ചാവില്ല.” ഈഗോ മറന്ന് സഹജീവികളെ സ്നേഹിക്കാൻ പഠിക്കാം…!!

Related Articles