Current Date

Search
Close this search box.
Search
Close this search box.

വ്യക്തിത്വവും വിദ്യാഭ്യാസവും

ഒരു വ്യക്തിത്വത്തെ അല്ലെങ്കിൽ വ്യക്തിയെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക് വളരെ വലുതാണ്. വിദ്യാഭ്യാസം ഏതൊരു സമൂഹത്തെയും ഉന്നതിയിലേയ്ക്ക് നയിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നു. സമൂഹത്തിലെ ഓരോ വ്യക്തിയും വിദ്യാസമ്പന്നർ ആയി മാറുമ്പോൾ ഒരു രാഷ്ട്രം അതിന്റെ ഉയിർത്തെഴുന്നേൽപ്പിനായ് ഒരുങ്ങുകയാണ്. പതിറ്റാണ്ടുകൾ പിറകോട്ട് തിരിഞ്ഞു നോക്കിയാൽ നമുക്ക് കാണാം ഒരു കാലത്ത് ഈ ലോകം എന്തായിരുന്നുവെന്ന് നമ്മുടെ നാടൊക്കെ എങ്ങനെയായിരുന്നുവെന്ന്. ഒരിക്കലും ഇത്രയേറെ അഡ്വാൻസ്ഡോ, ഇത്രയധികം പുരോഗതിയോ പ്രാപിച്ചിട്ടുണ്ടായിരുന്നില്ല. എഴുതാനും വായിക്കാനും അറിയാത്തവരും അക്ഷരജ്ഞാനം ഒട്ടും ഇല്ലാത്തവരും നമുക്കിടയിൽ ഉണ്ടായിരുന്നു. സ്വന്തം വീടും പരിസരവും വിട്ടുള്ള മറ്റേതൊരു ദേശത്തെയും ആളുകളെയും സംസ്‌ക്കാരത്തെയും വരെ അന്നത്തെ നിഷ്ക്കളങ്കരായ മനുഷ്യർ നോക്കിക്കണ്ടിരുന്നത് അജ്ഞതയോടെയും അല്പം ഭീതിയുടെയുമൊക്കെ ആയിരുന്നു. ഇന്ന് ലോകം വിശാലമായ ഒരു കുടക്കീഴിൽ എന്നപോലെയായി. അറിവും ലോകവിജ്ഞാനവും കൈവരിച്ചപ്പോൾ മനുഷ്യന്റെ ജീവിതമാകെ മാറി.

കാലത്തിന് അനിവാര്യമായിരുന്ന മാറ്റങ്ങളിലൂടെ സഞ്ചരിക്കുന്നതിനിടയിൽ അതുവരെ സാധാരണ ജീവിതം നയിച്ചിരുന്ന മനുഷ്യർ പോലും ഉയർന്ന വിദ്യാഭ്യാസവും സാധ്യതകളും നോക്കി പുതിയ മേച്ചിൽപ്പുറങ്ങൾ തേടാൻ തുടങ്ങി. പുറം ലോകത്തെ നിരന്തരം നിരീക്ഷിക്കാൻ തുടങ്ങി. മനുഷ്യന്റെ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്താനും ജോലികൾ അനായസകരമായി ചെയ്തുതീർക്കാനും വ്യത്യസ്തവും അതിന്യൂതനവുമായ ടെക്നോളജികൾ വന്നു, ജീവിതം പ്രാക്ടിക്കലി നോക്കുമ്പോൾ അനുദിനം മുമ്പത്തേക്കാൾ മെച്ചപ്പെട്ടതും സുഖപ്രദവും ആയിത്തീർന്നു. മനുഷ്യരിലും അവരുടെ ജീവിതരീതികളിലും കാര്യമായ മാറ്റങ്ങൾ സംഭവിച്ചു. മാത്രമല്ല ചിന്തകളിലും ചിന്താഗതിയിലും മാറ്റങ്ങൾ വന്നു. ലോകം ഇനിയും മാറിക്കൊണ്ടേ ഇരിക്കും. അല്ലെങ്കിലും മാറ്റം ഇല്ലാത്തത് മാറ്റത്തിന് മാത്രമാണ് എന്നല്ലേ, സയൻസും ടെക്നോളജിയും വികസിച്ചപ്പോൾ ലോകത്തിന്റെ പ്രതിച്ഛായ തന്നെ മാറി എന്ന് പറയാം. ഇന്ന് ലോകത്ത് ഏത് കോണിൽ വസിക്കുന്ന ആളുമായി ലൈവ് ചാറ്റ് ചെയ്യാം വീഡിയോ കോൾ ചെയ്യാം, പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കണക്ടിവിറ്റിയും ലിങ്കും ഇന്റർനെറ്റ് എന്ന മഹാപ്രതിഭാസത്തിലൂടെ സംഭവ്യമാക്കി തീർത്തപ്പോൾ ആഗോളവത്ക്കരണം നടന്നു. ലോകം ഇന്ന് ഈ കാണുന്ന മോഡലിലേയ്ക്ക് ദൃശ്യവത്ക്കരിക്കപ്പെട്ടു.

Also read: നിരീശ്വരവാദത്തിന്റെ പുതിയതലങ്ങള്‍

ഓരോ മനുഷ്യനും അവനവന്റെ നിലനിൽപ്പിന് വേണ്ടിയും അതിജീവനത്തിനായും അതേപോലെ തന്റെയും തന്റെ കുടുംബത്തിന്റെയും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായും ഒരു വരുമാനം ഉണ്ടാവുക, ജീവിതവൃത്തിക്കായ് ഒരു തൊഴിൽ കണ്ടെത്തുക എന്നത് വളരെയധികം അത്യന്താപേക്ഷിതമായ ഒരു കാര്യമാണ്. വിദ്യാഭ്യാസത്തെ പലപ്പോഴും അതിനായുള്ള ഒരു ഉപാധി എന്ന നിലയ്ക്കാണ് ബഹുഭൂരിഭാഗം ആളുകളും കാണുന്നതും അതേപോലെ സ്വന്തം കുട്ടികളോട് പറഞ്ഞുകൊടുക്കുന്നതും. അതുകൊണ്ടാണ് പെണ്ണിനെ പഠിപ്പിക്കുമ്പോൾ അവൾ ഇപ്പോൾ പഠിച്ചിട്ട് എന്താണ് കാര്യം? അവൾ വീടും മക്കളെയും പരിപാലിച്ച് വീട്ടിൽ ഇരിക്കേണ്ടവൾ അല്ലെ? പഠിച്ചിട്ട് എന്ത് ചെയ്യാനാണ്? വെറുതെ പണം പാഴാക്കാൻ നിൽക്കേണ്ടതില്ല. മതി പഠിച്ചത് എന്നൊക്കെ പറഞ്ഞ് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത്. ഈ സമ്പ്രദായം അത്ഭുതപ്പെടേണ്ട ഇന്നും നമ്മുടെ രാജ്യത്ത് പല ഭാഗങ്ങളിലും നിലനിൽക്കുന്നുണ്ട്. ജോലി നേടാൻ ആണെങ്കിലും അല്ലെങ്കിലും ലിംഗവ്യത്യാസം നോക്കാതെ മതജാതി ഭേദമന്യേ ഏതൊരു വ്യക്തിയ്ക്കും വിദ്യാഭ്യാസം നേടാനുള്ള അവസരം നൽകണം. വിദ്യ നേടുന്നത് ജോലി നേടാനും പണം സമ്പാദിക്കാനും എന്നതൊക്കെ ഒരു പരിധിവരെ ശരിവെയ്ക്കാം. എന്നാൽ വിദ്യാസമ്പന്നരായ എത്രയോ ആളുകൾ നമുക്ക് ചുറ്റും വേലയും കൂലിയുമില്ലാതെ നടക്കുന്നതും നാം കാണാറുണ്ട്. അധികമൊന്നും സ്‌കൂളിൽ പോയിട്ടില്ലാത്ത ചിലർ സ്വന്തമായി പടുത്തുയർത്തിയ നാൾക്കുനാൾകൊണ്ട് വലിയൊരു സാമ്രാജ്യമാക്കിയെടുത്ത് എല്ലാ കംഫർട്ടോടെയും ജീവിക്കുന്നതും കാണാം.

വിദ്യാഭ്യാസം സത്യത്തിൽ ഒരു വ്യക്തിയ്ക്ക് വാഗ്ദാനം ചെയ്യുന്നതെന്താണ്? ചുറ്റുപാടുകളെയും ജീവികളെയും പ്രകൃതിയെയും അടുത്തറിയാനും പ്രകൃതി മനുഷ്യർക്ക് കനിഞ്ഞു നൽകിയ കഴിവുകളെയും എല്ലാ ജീവിജാലങ്ങൾക്കുമായി ഇവിടെ കരുതിവെച്ച വിഭവങ്ങളെ വേണ്ടവിധം പ്രയോജനപ്പെടുത്താനും ലോകത്തെ പഠിക്കാനും അറിവ് കൂടിയെ തീരൂ.. വിദ്യാഭ്യാസത്തിലൂടെ ഒരു വ്യക്തി ആർജ്ജിച്ചെടുക്കുന്നത് ഇത്തരം അറിവുകളാണ്. അതിരില്ലാത്തത്ര അത്ഭുതങ്ങളും വിസ്മയങ്ങളും നിറഞ്ഞ അറിവിൻ മഹാസഗരമാണ് ഈ പ്രപഞ്ചം. വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളും നിറഞ്ഞ ഈ ലോകവും വ്യത്യസ്തമായ ഭാഷ, വ്യത്യസ്തരായ മനുഷ്യർ, വിഭിന്നമായ സംസ്ക്കാരങ്ങൾ ഇവയെക്കുറിച്ചൊക്കെ അറിയാനും സാർവ്വത്രീകമായ ഒരു വീക്ഷണം ലോകത്തെക്കുറിച്ച് മനസ്സിൽ രൂപപ്പെടുത്തിയെടുക്കാനും അതേസമയം മാനവകുലത്തിലെ വെറുമൊരു കണ്ണിയായ താൻ തന്നെപ്പോലെയുള്ള കോടാനുകോടി വെവ്വേറെ ജീവികൾ കഴിയുന്ന ഒരേ ആവാസവ്യവസ്ഥയുടെ ഭാഗമാണെന്ന ഉൾബോധത്തിൽ വളരാനും ആത്മവിശ്വാസത്തോടെ മുന്നേറാനും വിദ്യാഭ്യാസവും ജ്ഞാനവും കൂടിയെ തീരൂ.

Also read: നെറ്റ് വർക്ക് ബിസിനസ്, പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്ത മനുഷ്യരെ ശ്രദ്ധിച്ചിട്ടുണ്ടോ? സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കടന്ന് വരാനോ, ആളുകളുമായി ഇടപഴകാനോ, സാമൂഹികപരമായ വിഷയങ്ങളിൽ ഒരു പൗരനെന്ന നിലയ്ക്ക് തന്റെ പ്രാതിനിധ്യം ഉറപ്പ് വരുത്താനോ, ഏതെങ്കിലും മേഖലകളിൽ തന്റെതായൊരു മുദ്ര പതിപ്പിക്കാനോ,
സ്വന്തം അവകാശങ്ങൾക്കായി ശബ്ദമുയർത്താനോ, അനീതിയെ പ്രതിരോധിക്കാനോ സാധിക്കാതെ നിസ്സഹായരായി ജീവിക്കുന്നവർ, എവിടെയും എന്നും പിന്തള്ളപ്പെടുന്നവർ. അറിവും ബോധവും അതിജീവനത്തെ എളുപ്പമാക്കും. ലോകത്തിന്റെ സാധ്യതകളിലേയ്ക്ക് എത്തിച്ചേരാനും നേരാം വഴിക്ക് അവനവനെ നയിക്കാനും അറിവും ജ്ഞാനവും അനുഭവങ്ങളും കൈമുതലായുള്ളവർക്കെ കഴിയുള്ളൂ. അറിവില്ലായ്മ അല്ലെങ്കിൽ അജ്ഞതയെന്നാൽ ഒരു മനുഷ്യന്റെ മസ്തിഷ്ക്കത്തിനകത്ത് ഇനിയും പ്രകാശമേൽക്കാതെ കിടക്കുന്ന ഭാഗങ്ങളുണ്ടെന്നാണ്. തരിശുനിലം പോലെ കിടക്കുന്ന ഭൂപ്രദേശങ്ങൾ കണക്കെ ഇതുവരെ എക്‌സ്‌പ്ലോർ ചെയ്യാത്ത ഭാഗങ്ങൾ എന്ന് വേണമെങ്കിൽ പറയാം.

ബൗദ്ധിക വിദ്യാഭ്യാസം നേടിയ ഒരാൾക്ക് സെൽഫ്‌ എക്‌സ്‌പ്ലോറിങ് മറ്റുള്ളവരെ അപേക്ഷിച്ച് എളുപ്പമായിരിക്കും.. പക്ഷെ സ്വന്തമായ കാഴ്ചപ്പാടിലൂടെയും ചിന്തകളിലൂടെയും വളരുന്നവർക്കെ സെൽഫ്‌ എക്‌സ്‌പ്ലോറിങ്ങിന്റെ സാധ്യതകൾ ഉള്ളൂ. എന്തൊക്കെ പറഞ്ഞാലും വിദ്യാഭ്യാസം ആണിനും പെണ്ണിനും ഒരേപോലെ ആവശ്യമാണ്. എന്തിനാണ് പെണ്ണിന് എഡ്യൂക്കേഷൻ എന്ന് ചോദിച്ചാൽ, വ്യക്തമായ ഉത്തരമുണ്ട്. ഏറെ ശ്രദ്ധ നേടിയ ഒരു ആഫ്രിക്കൻ പഴമൊഴിയുണ്ട്..
“If you educate a man you educate an individual, but if you educate a woman you educate a family (nation)”
എന്നുവെച്ചാൽ നിങ്ങൾ ഒരു പുരുഷന് വിദ്യ നൽകുമ്പോൾ അഥവാ അവനെ എഡ്യുക്കേറ്റഡ് ആക്കുമ്പോൾ കേവലം ഒരു വ്യക്തിയെ മാത്രമാണ് വിദ്യാസമ്പന്നൻ ആക്കുന്നത് എന്നും എന്നാൽ ഒരു സ്ത്രീയ്ക്ക് വിദ്യ നേടാനുള്ള സൗകര്യമൊരുക്കുമ്പോൾ ഒരു കുടുംബത്തിന് അല്ലെങ്കിൽ ഒരു രാജ്യത്തിന് തന്നെ വിദ്യ നൽകുന്നതിന് തുല്യമാണെന്നും പറയുന്നു. ഒരു കുട്ടിയ്ക്ക് സ്വന്തം വീട് തന്നെയാണ് ഏറ്റവും വലിയ വിദ്യാലയം അച്ഛനമ്മമാർ അധ്യാപകരും ആ അർത്ഥത്തിൽ നോക്കുമ്പോൾ അമ്മയോടൊത്താണ് കുഞ്ഞുങ്ങൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത്. പുതുതലമുറയെ കാര്യപ്രാപ്തിയോടെ വാർത്തെടുക്കാനും വളർത്തിയെടുക്കാനും വിദ്യാസമ്പന്നയായ അറിവും ജ്ഞാനവും ബോധമുള്ള സ്ത്രീകൾ ആണ് ഈ സമൂഹത്തിന് ആവശ്യം.

Also read: നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് നിഷിദ്ധമായ സമ്പാദന മാര്‍ഗം

ജീവിതവിജയം നേടുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക് എത്ര ശതമാനത്തോളം വരും എന്ന കാര്യത്തിൽ ഒരു പഠനം നടത്തുകയാണെങ്കിൽ അതിനെക്കാളൊക്കെ പ്രധാന്യമർഹിക്കുന്ന വേറെക്കുറെ ഘടകങ്ങൾ ഉണ്ടെന്ന് മനസ്സിലാവും. ബിരുദവും ബിരുദാനന്തര ബിരുദവും നേടി ഒന്നുമാകാൻ കഴിയാത്ത എത്ര പേരെ നമുക്ക് സമൂഹത്തിൽ കണ്ടെത്താൻ സാധിക്കും. എന്നാൽ ഒട്ടും വിദ്യാഭ്യാസമില്ലാത്ത ഒരാൾ ബഹുഭാഷാ പരിജ്ഞാനവും ലോകവിജ്ഞാനം കൊണ്ടും ജീവിത വീക്ഷണങ്ങൾകൊണ്ടും ആളുകളെ അത്ഭുതപ്പെടുത്തുന്നത് കണ്ടിട്ടുണ്ടാവും. പക്ഷെ പരിജ്ഞാനം മാത്രം ഉണ്ടായിട്ടും കാര്യമില്ല പിന്നെ എന്താണ്..?? പ്രായോഗിക തലത്തിൽ അയാൾക്ക് എത്രത്തോളം മികവ് കാണിക്കാൻ പറ്റുന്നോ അതോടൊപ്പം ജീവിതത്തോടും സഹജീവികളോടുമുള്ള സമീപനം ഇതൊക്കെ വളരെ പ്രധാനമാണ് അല്ലാതെ ജീവിതവിജയം സമ്പത്തിനെയോ, അക്കാദമിക്ക് പെർഫോമൻസിനെയും അടിസ്ഥാനപ്പെടുത്തി മാത്രവും നിർണ്ണയിക്കാൻ കഴിയില്ല. ഒരു വ്യക്തി അയാളെയും അയാളുടെ വ്യക്തിത്വത്തെയും ജീവിതത്തെയും തന്റേതായ, സ്വതസിദ്ധമായ രീതിയിൽ, ക്രിയാത്മകമായി എങ്ങനെ നിയന്ത്രിക്കുന്നു എന്നത് അയാളുടെ വലിയൊരു നേട്ടമാണ്.

എല്ലാവർക്കും വിദ്യാഭ്യാസം നേടാനും ഇഷ്ടപ്പെടുന്ന മേഖലകളിൽ കഴിവും പ്രാവീണ്യം തെളിയിക്കാനും പ്രഗത്ഭരാവാനൊന്നും കഴിഞ്ഞെന്നു വരില്ല എന്നത് മറ്റൊരു സത്യം. സാഹചര്യങ്ങൾ വലിയൊരു ഘടകം തന്നെയാണ്. ചിലപ്പോൾ സാഹചര്യങ്ങൾ ആയിരിക്കും ഏറ്റവും വലിയ വില്ലൻ ആയി മുന്നിൽ വന്ന് നിൽക്കുന്നത്. പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കിയെടുക്കാനുള്ള ഇച്ഛാശക്തിയും ഒരിക്കലും കൈവിട്ടുപോകാത്ത ആത്മവിശ്വാസവും കൂട്ടിന് ഉണ്ടെങ്കിൽ എല്ലാം തരണം ചെയ്ത് മുന്നോട്ട് പോകാൻ സാധിക്കും. കുഞ്ഞുങ്ങളുടെ മനസ്സിൽ കനൽ ഉണ്ട് അതിനെ ഊതിക്കത്തിച്ചെടുക്കാൻ രക്ഷിതാക്കൾ ഒന്ന് പ്രയത്നിച്ചാൽ മതി. കഴിവുകളെ തിരിച്ചറിഞ്ഞ് എപ്പോഴും അവരെ മോട്ടിവേറ്റ് ചെയ്യൂന്നതും ഊർജ്ജം പകരുന്നതുമായ വാക്കുകളാൽ പ്രോത്സാഹനവും നല്ല പിന്തുണയും നൽകിയാൽ മതി.. മിക്ക കുഞ്ഞുങ്ങൾക്കും പിന്നിൽ നിന്ന് ഒരു പുഷ്, ഒരു തള്ള് അത്ര തന്നെ ആവശ്യം ഉണ്ടാവുള്ളൂ.. പഠിയ്ക്ക് പഠിയ്ക്ക് എന്ന് പറയാതെ കൂടെ ഇരുന്ന് ജീവിതത്തെകുറിച്ചും മറ്റും ചിന്തിക്കാനും നല്ലൊരു വിഷൻ ഉണ്ടാക്കികൊടുത്ത് ലക്ഷ്യബോധത്തോടെ മുന്നോട്ട് പോവാനും കഴിഞ്ഞാൽ പഠനം ഒരു ഭാരമായി തോന്നില്ല കുട്ടികൾക്ക് എന്നതാണ് സത്യം.

കൗമാരം പിന്നിടുമ്പോഴാണ് അല്പമെങ്കിലും ഇവിടുത്തെ മക്കൾക്ക് ജീവിതത്തെക്കുറിച്ച് ഒരു ബോധം വരുന്നത് കാണാറുള്ളത്. അതുവരെ നിരുത്തരവാദപരമായ ജീവിതവും അതോടൊപ്പം എന്തിലും ഏതിലും കുട്ടിയെന്ന പരിഗണന നൽകുന്ന മാതാപിതാക്കളും കൂട്ടിന് ഉണ്ടാവുമ്പോൾ അവർക്ക് ഒന്നിനെക്കുറിച്ചും ആവലാതിപ്പെടേണ്ടതില്ലല്ലോ. ഈ സമയം വരെ ഉറങ്ങിക്കിടന്ന മാതാപിതാക്കൾ മക്കൾക്ക് പ്രായപൂർത്തിയാവുന്നതോടെ പെട്ടെന്ന് ഉണരും. പതിനെട്ട് കഴിയുമ്പോഴത്തേയ്ക്കും ഒന്നൂടെ ഗൗരവത്തിലാവും സംസാരം മക്കൾക്ക് അപ്പോഴും ഭാവിയെക്കുറിച്ച് പ്രത്യേകം ചിത്രമൊന്നും വന്നില്ലെങ്കിൽ പിന്നെ നിരന്തരം അതിനെ ചൊല്ലി വഴക്കാവും. മോൾ ആണെങ്കിൽ പത്താം ക്ലസ്സ് കഴിഞ്ഞാൽ കെട്ടിച്ചയക്കേണ്ട ടെൻഷൻ ആയി. മകനാണ് എങ്കിലോ? ഒന്നുകിൽ അവന്റെ പാസ്സ്പോർട്ട് എടുത്ത് വെക്കാനുള്ള ചിന്തയിലായി. കടലിനക്കരെ ഒരു ദേശത്തേയ്ക്ക് സ്വപ്നങ്ങളുടെ ഭാണ്ഡവും പേറി ഒരു പറക്കൽ. അതല്ലെങ്കിൽ പഠിച്ചു പാസ്സായാൽ ഒരു സർക്കാർ ജോലി. ഇങ്ങനെ രണ്ടുവിഭാഗങ്ങൾ ആണ്. സത്യത്തിൽ ഒരു പതിനഞ്ചു വയസ്സിനോട് അടുത്ത് തന്നെ സ്വന്തമായൊരു കൊച്ചുവരുമാനവും അതിനുള്ള വഴികൾ തേടാനും മക്കളെ പ്രോത്സാഹിപ്പിക്കണം. വളർന്നു വരുന്നതിനനുസരിച്ച് ചെറിയ ചെറിയ ഉത്തരവാദിത്വങ്ങൾ കൈമാറിയും ഒരു വ്യക്തിയായി പരിഗണിച്ചും സ്വന്തം കാര്യങ്ങൾ സ്വയം നോക്കാൻ പഠിപ്പിച്ചും സ്വതന്ത്രമായി ചിന്തിക്കാനും സ്വന്തം കാലിൽ നിൽക്കാനും പ്രാപ്തരാക്കി തുടങ്ങിയാൽ ആ കുഞ്ഞുങ്ങൾ ഒരു പ്രതിഭാസമായി മാറും.

Also read: നമുക്കൊന്ന് മാറിയാലോ?

നമ്മുടെ നാട്ടിൽ സ്വന്തമായി വല്ല സംരഭമോ മറ്റോ പടുത്തുയർത്താൻ സാഹചര്യം അത്ര പോര എന്ന അഭിപ്രായങ്ങൾ കേൾക്കാറുണ്ട്. അങ്ങനെ പറഞ്ഞ് ഒഴിഞ്ഞു മാറാതെ നമ്മുടെ നാടിന് അല്ലെങ്കിൽ രാജ്യത്തിന് മൂതൽക്കൂട്ടാവും വിധം മക്കളുടെ മനസ്സിനെ പാകമാക്കിയെടുത്ത് മക്കളുടെ കഴിവിനൊത്ത ഒരു മേഖല കണ്ടെത്തി അതിന്റെ സാധ്യതകളെക്കുറിച്ച് സ്വയം പഠിച്ചും വിലയിരുത്തിയും അവർക്ക് സഹയാത്രികനെപ്പോലെ കൂടെ നിന്ന് രക്ഷിതാക്കൾക്ക് അവരുടെ ജീവിതവിജയത്തിൽ വലിയൊരു ഭാഗവാക്ക് ആയി മാറാം. രക്ഷിതാക്കൾ പോസിറ്റീവ് ആയിട്ട് ചിന്തിക്കാനും മക്കളിലേയ്ക്ക് അത് പകരാനും അറിയാവുന്നവരാണെങ്കിൽ കുട്ടികൾ രക്ഷപ്പെടുമെന്നതിൽ സംശയമെന്ത്.

മക്കൾക്ക് ചിന്തിക്കാനും പ്രവൃത്തിക്കാനും സ്വന്തം കഴിവിൽ വിശ്വസിക്കാനുമുള്ള അവസരങ്ങൾ നൽകുമ്പോൾ അതിൽ നിന്ന് ലഭിക്കുന്ന ആത്മവിശ്വാസം തെല്ലൊന്നുമല്ല. പരാജയപ്പെടുന്നെങ്കിൽ പരാജയപ്പെടട്ടെ അവരുടെയുള്ളിലെ പ്രതീക്ഷയെ യാതൊരു കാരണവശാലും തല്ലിക്കെടുത്തരുത്. ചെറുതിൽ നിന്ന് തുടങ്ങട്ടെ. ആദ്യം തന്നെ ചെന്ന് ആവേശത്തോടെ അച്ഛൻ ഇതുവരെ അധ്വാനിച്ചുണ്ടാക്കിയ പണം മുഴുവൻ ഇൻവെസ്റ്റ് ചെയ്തു ബിസിനസ്സ് തുടങ്ങിക്കൊടുക്കാത്തതാണ് ബുദ്ധി. എന്റെ എല്ലാ കാര്യത്തിനും എന്റെ അച്ഛനമ്മമാർ ഉണ്ട് തനിക്കൊന്നും നോക്കേണ്ട ആവശ്യമില്ല, എന്ത് പറഞ്ഞാലും അവർ അതേപോലെ ചെയ്ത് തരും, ഞാൻ എന്തിന് വെറീഡ് ആവണം എന്ന ചിന്ത അവരിൽ മുളയിടാൻ തുടങ്ങിയാൽ അത് ഭാവിയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും. അവർ സ്വയം വഴികൾ തേടുമ്പോൾ കൂടെ നിന്ന് അതിലേയ്ക്ക് ധനസഹായം ചെയ്ത് കൊടുത്താലും മതി. സ്വപ്രയത്നത്താൽ വളരാൻ അവരിൽ ഊർജ്ജം നിറച്ചുകൊടുക്കണം. അതാണ് പോസിറ്റീവ് എനർജി.

ഒരു വ്യക്തിയ്ക്ക് പണം നൽകുന്ന കോണ്ഫിഡൻസ് ചില്ലറയല്ല. ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പോകുന്നുവെന്ന് ഇരിക്കട്ടെ മക്കളെ ഒരിക്കലും ആധിയോടെ വീട്ടിൽ നിന്നും പറഞ്ഞയയ്ക്കരുത്. നിനക്ക് കിട്ടുമോ ഈ ജോലി, കിട്ടിയില്ലെങ്കിൽ എന്താവും അവസ്‌ഥ? എന്താണ് നമ്മൾ ചെയ്യുക? ഉത്തരത്തിൽ സംസാരിക്കുന്നത് അവരുടെയുള്ളിൽ സമ്മർദ്ദം സൃഷ്ടിക്കും ഉള്ളിൽ ഭയം കടന്ന് കൂടുകയും പതിവിലേറെ നേർവസ്‌ ആവാനും ഇടയാക്കും. അതിനാൽ അതിന് നിൽക്കാതിരിക്കുക. ബാഗിലോ പോക്കറ്റിലോ കുറച്ച് ക്യാഷ് ഉണ്ടാവുന്നത് നല്ലതാണ് ഒരു പോസിറ്റീവ് എനർജി കിട്ടും. എവിടുന്നായാലും കടം മേടിച്ചിട്ട് ആയാലും കുറച്ച് ക്യാഷ് പോക്കറ്റിൽ വെച്ചുകൊടുത്ത് ആത്മവിശ്വാസം പകരുന്ന വേഷവിധാനവും കൂടെ ആയാൽ ഉത്തമം. പിറകിൽ ഒന്ന് തട്ടി, ആത്മവിശ്വാസം നൽകി വേണം അയയ്ക്കാൻ.

Also read: ഖുര്‍ആന്‍ കേരളത്തിൽ ചര്‍ച്ചചെയ്യുന്ന വിധം ?!

ദാരിദ്ര്യത്തിന്റെ നടുവിൽ പിറന്ന് വീണിട്ടും ഒരു തരത്തിലും മനോവീര്യം കെടാതെ കാത്തുസൂക്ഷിച്ച് എല്ലാ പ്രതിബന്ധങ്ങളും കടമ്പകളും കടന്ന്, തളരാതെ കാലിടറാതെ ശുഭപ്രതീക്ഷയാൽ ആശ്രാന്ത പരിശ്രമത്തിലൂടെ ജീവിതത്തിൽ വിജയം കണ്ടെത്തിയ എത്രയോ വ്യക്തികളുണ്ട്. അങ്ങനെ നോക്കുമ്പോൾ നമുക്കൊക്കെ വിശപ്പിന്റെ കാഠിന്യവും ദാരിദ്ര്യത്തിന്റെ നോവും അറിയാതെ പോയതിന്റെ ഫലമാണോ നമ്മുടെ വളർച്ച നിലച്ചുപോയത് എന്നും ചിന്തിച്ചേക്കാം. ഒരിക്കലുമല്ല.. അവർക്ക് ഒരു ലക്ഷ്യം ഉണ്ടായിരുന്നു. ഉദ്ദിഷ്ടലക്ഷ്യത്തിലേയ്ക്ക് എത്താൻ അവർ ഇച്ഛാശക്തിയോടെയും നിശ്ചയദാർഢ്യത്തോടെയും പ്രതിസന്ധികളെ വകഞ്ഞുമാറ്റി മുന്നേറി, മക്കളോട് ഇങ്ങനെയുള്ള വ്യക്തികളെക്കുറിച്ചും അവർക്ക് ജീസിതത്തോട് വെച്ചു പുലർത്തിയിരുന്ന മഹത്തായ കാഴ്ചപ്പാടുകൾ അതേപോലെ മനോഭാവത്തെക്കുറിച്ചും അവരെ ജീവിതസാഫല്യം കൈവരിക്കാൻ അത് എങ്ങനെ സഹായിച്ചും എന്നതൊക്കെ പറഞ്ഞുകൊടുക്കുന്നതും അല്ലെങ്കിൽ അത്തരം പ്രഗത്ഭവ്യക്തികളുടെ ആത്മകഥ വായിക്കാൻ സൗകര്യം ഒരുക്കുന്നതും ഒരുപാട് ഗുണം ചെയ്യും.

വേറൊന്നും കൂടെ നമുക്ക് വീക്ഷിക്കാം.. വിദ്യാഭ്യാസമോ അക്ഷരജ്ഞാനമോ അത്രക്ക് ലോകപരിജ്ഞാനമോ ഒന്നുമില്ലാത്ത ഒരിക്കൽ പോലും വിദ്യാലയത്തിന്റെ പടി ചവിട്ടിയിട്ടില്ലാത്ത മനുഷ്യർ ഉയർന്ന സംസ്ക്കാരവും ജീവിതരീതികളോടൊപ്പം തലമുറകളായി കൈമാറുന്ന പരമ്പരാഗത വിദ്യകളും സിദ്ധികളും ആയോധനകലകളും അഭ്യസിച്ച് സ്വന്തം സംസ്ക്കാരത്തോട് ചേർന്ന് നിൽക്കുന്ന കലാരൂപങ്ങൾ പരിശീലിച്ചെടുത്ത് ലോകശ്രദ്ധ പിടിച്ചു പറ്റുംവിധം ഓരോന്നിലും അത്യുജ്വലമായ പ്രകടനം കാഴ്ചവെക്കുകയും അഭ്യസ്തവിദ്യരായ നമ്മെക്കാൾ മികവുറ്റ ജീവിതം നയിക്കുകയും ചെയ്യുന്ന ആളുകൾ ഉണ്ട്, അത്തരം ചില അപൂർവ്വ സംസ്‌ക്കാരം പിന്തുടർന്ന് പോരുന്ന മനുഷ്യകുലങ്ങളും ഉണ്ട്. മനുഷ്യന്റെ ആന്തരീകശക്തിയെ ഫലപ്രദമായി വിനിയോഗിക്കാൻ വളരെ കുഞ്ഞിലേ തന്നെ പരിശീലനം നൽകി തുടങ്ങിയാൽ ബൗദ്ധികവിദ്യാഭ്യാസം അവരുടെ കഴിവുകൾക്ക് മുന്നിൽ നിഷ്പ്രഭമായി തീരും. മനുഷ്യന്റെ ഉള്ളിൽ എല്ലാം ഉണ്ട്, പ്രീ ഇൻസ്റ്റാൾഡ് ആയിട്ട് ഇല്ലാത്തവയൊന്നും വികസിപ്പിച്ചെടുക്കാൻ ഒരു മനുഷ്യനും കഴിയില്ല. അപാരമായ കഴിവും ടാലന്റും മനുഷ്യമനസ്സിനുണ്ട് അതിന്റെയൊരു ചെറിയ ശതമാനം പോലും നാമൊന്നും സ്വന്തം വളർച്ചയ്ക്കായി വിനിയോഗിക്കുന്നില്ല അല്ലെങ്കിൽ വികസിപ്പിച്ചെടുക്കുന്നില്ല എന്നതാണ് ആരെയും നിരാശപ്പെടുത്തുന്ന കാര്യം.

Related Articles