Personality

സുരക്ഷിതത്വമേകുന്ന രണ്ടു ചിറകുകൾ അച്ഛനമ്മമാർ

വളര്‍ത്തു ദോഷം എന്നൊക്കെ നമ്മള്‍ കേട്ടിട്ടുണ്ടാകാം. അതില്‍ വലിയ അതിശയോക്തി ഒന്നുമില്ല, വളരെ ശരിയാണ് അത്. 6 വയസ്സ് വരെയുള്ള കാലയളവെന്നാല്‍ നമ്മള്‍ മനസ്സിലാക്കണം എങ്ങനെയും ഒരു കുഞ്ഞിനെ മോള്‍ഡ് ചെയ്യാന്‍ ആ കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് കഴിയും. ഒരു പരിധിവരെ കുഞ്ഞിന് അവന്റെ അടിസ്ഥാന സ്വഭാവങ്ങളില്‍ ലയിച്ചു ചേര്‍ന്നിരിക്കുന്ന വൈകല്യങ്ങളെ മറികടക്കാന്‍ അത് സഹായിക്കുകയും ചെയ്യും.

പൊതുവെ നമ്മള്‍ മക്കളെ പലതും പറഞ്ഞു പഠിപ്പിക്കാന്‍ തുടങ്ങുന്നത് ഒരു പത്ത് വയസ്സിനോട് അടുത്താണ്. അതുവരെ അവര്‍ പിള്ളേരല്ലേ എന്ന ഭാവത്തില്‍ നമ്മള്‍ കുട്ടികള്‍ കാണിക്കുന്ന പലവിധ ചേഷ്ടകളെയും പെരുമാറ്റങ്ങളെയും ശരിയായാലും തെറ്റായാലും കണ്ടില്ല അറിഞ്ഞില്ല എന്ന മട്ടില്‍ നിസ്സാരമായി തള്ളിക്കളയാറാണ് പതിവ്. നമുക്ക് പറ്റുന്ന ഏറ്റവും വലിയൊരു പിഴവ് ആണ് ഇത്.

‘അനുസരണ’ എന്ന് പറയുന്നതൊക്കെ ഒരു വ്യക്തിയുടെ ജീവിതത്തിലെ ശീലങ്ങളാണ്. അനുസരണാ ശീലം കുഞ്ഞു പോലും അറിയാതെ അവന്റെ സ്വഭാവത്തിലും പെരുമാറ്റങ്ങളിലും അലിഞ്ഞുചേര്‍ന്നു കിടക്കേണ്ട ഒന്നാണ്. എന്നുവെച്ചാല്‍ അടിച്ചേല്‍പിക്കലോ, പെട്ടെന്ന് ഒരു ദിവസം തല്ലിപ്പടിപ്പിക്കുന്നതോ ആല്ല. എന്നാല്‍ പറയുന്നത് എന്തും അതേപോലെ അനുസരിപ്പിക്കലുമല്ല. ചില മര്യാദകള്‍ ഒരാള്‍ അയാളുടെ ജീവിതത്തില്‍ പകര്‍ത്തുമ്പോള്‍ അവര്‍ സ്വാഭാവികമായും നമുക്ക് അനുസരണയുള്ളവരായി തോന്നും.

ഉദാഹരണത്തിന് വീട്ടില്‍ അതിഥികള്‍ വന്നാല്‍ അവര്‍ക്ക് നല്‍കുന്ന ബഹുമാനമാണ് ഇരുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കുകയും പുഞ്ചിരിയോടെ അവരെ സ്വീകരിക്കുകയും ചെയ്യുന്നന്നത്. അതേപോലെ അവര്‍ തിരികെ പോകുന്ന സമയത്ത് യാത്ര അയക്കലും. ഇവ രണ്ടും ജീവിതത്തില്‍ പകര്‍ത്തേണ്ട മര്യാദകളാണ്, ഇതെല്ലാം നിര്‍ബ്ബന്ധിച്ച് അനുസരിപ്പിക്കാന്‍ നില്‍ക്കാതെ മറിച്ച് നമ്മള്‍ നമ്മുടെ ജീവിതം കൊണ്ട് മക്കളിലേയ്ക്ക് പകരുന്ന മൂല്യങ്ങളായി തീരണം.

കുഞ്ഞ് അമ്മയുമായുള്ള അദൃശ്യമായ വൈകാരിക ബന്ധം സൃഷ്ടിക്കപ്പെടുന്നത് വയറിനകത്ത് നിന്ന് തന്നെ അമ്മയ്ക്ക് ഉണ്ടാകുന്ന മാനസികാവസ്ഥയും അമ്മയിലെ വൈകാരിക വ്യതിയാനങ്ങളെയും കുഞ്ഞ് അനുഭവിച്ച് അറിയുമ്പോഴാണെന്ന് പറഞ്ഞുവല്ലോ. അതേപോലെ കുഞ്ഞിന്റെയും മാനസികാവസ്ഥ ചിലപ്പോഴെല്ലാം അതിനോട് ബന്ധപ്പെട്ടാണ് ഉരുത്തിരിഞ്ഞു വരുന്നത്. മാത്രമല്ല പ്രസവാനന്തരം കുഞ്ഞു വളരുന്ന പരിതസ്ഥിതിയും കുഞ്ഞുമായി ഇടപഴകുന്ന ആളുകളും അവരുടെ മാനസികാവസ്ഥയും ഇടപെടലുകളും എല്ലാം കുഞ്ഞുങ്ങളെ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സ്വാധീനിക്കുന്നു. കൂടാതെ കുഞ്ഞിന്റെ സ്വഭാവ രൂപീകരണത്തില്‍ നമ്മുടെ പങ്ക് എന്തൊക്കെയാണെന്ന വ്യക്തമായ അറിവ് ഉണ്ടെങ്കില്‍ രക്ഷാകര്‍തൃത്വം എത്രത്തോളം ഫലപ്രദമായി നിര്‍വ്വഹിക്കാം എന്ന ബോധം നമ്മില്‍ ഉണ്ടാവുകയും അതില്‍ മികവ് പുലര്‍ത്തുന്നതില്‍ അനിവാര്യമായ മാര്‍ഗ്ഗദര്‍ശനം ലഭിക്കുകയും ചെയ്യുന്നു.

കുഞ്ഞ് പിറന്ന് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അമ്മയ്ക്ക് ഏതാണ്ട് തന്റെ കുഞ്ഞിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും കംഫര്‍ട്ടും മനസ്സിലായിക്കാണും. അതിനനുസരിച്ചാണ് ‘അമ്മ കുഞ്ഞിനെ പരിപാലിക്കുന്നത്. അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ശ്രദ്ധയും പരിഗണനയും സ്‌നേഹവും ലഭിക്കുമ്പോള്‍ സ്‌നേഹമെന്തെന്ന് കുഞ്ഞുങ്ങള്‍ അറിഞ്ഞു തുടങ്ങുയാണ്. മറ്റുള്ളവരുമായി സ്‌നേഹം പരസ്പരം പങ്കിട്ടു തുടങ്ങുമ്പോള്‍ കുഞ്ഞുങ്ങളും ചുറ്റുമുള്ളവര്‍ക്കിടയില്‍ തനിക്കായി ഒരിടം കണ്ടെത്തുകയാണ്.

പൂജ്യം മുതല്‍ 1 വയസ്സ് വരെ കാലയാളവില്‍ കുഞ്ഞുങ്ങള്‍ സ്വപ്രയത്‌നത്താല്‍ തന്നെ കമഴ്ന്നു കിടക്കാനും കാല്‍മുട്ടില്‍ ഇഴയാനും പതിയെ പതിയെ എഴുന്നേറ്റ് ഇരിക്കാനും നില്‍ക്കാനും നടക്കാനുമെല്ലാം സ്വയം പ്രാപ്തരാവാന്‍ കിണഞ്ഞ പരിശ്രമത്തില്‍ ആയിരിക്കും. ഈ സമയങ്ങളില്‍ ഒരിക്കലും നിരുത്സാഹപ്പെടുത്തുന്ന വിധത്തിലുള്ള ഇടപെടലുകള്‍ നടത്താതിരിക്കലാണ് ഉത്തമ രക്ഷാകര്‍തൃത്വത്തിന്റെ മാതൃക. ഒരോ ചവിട്ടുപടിയിലും കുഞ്ഞിന്റെ ഒപ്പം തന്നെ ഉണ്ടാവണം മാതാപിതാക്കള്‍, അക്കാര്യം ഉറപ്പ് വരുത്തുന്നതില്‍ നിഷ്‌ക്രിയത്വം കാണിക്കരുത്.

കുഞ്ഞുങ്ങള്‍ വീഴുമ്പോള്‍ ഭയാനകമായ രീതിയലോ ഉച്ചത്തിലോ ശബ്ദമുണ്ടാക്കി അവനെ/അവളെ എടുക്കാന്‍ ഓടുന്നതോ നമ്മുടെ മുഖത്തോ ശബ്ദത്തിലോ അധിയോ ഭയമോ പ്രകടിപ്പിക്കുന്നതോ ഉചിതമായ രീതിയല്ല. വീഴ്ചയില്‍ ക്ഷതം ഏറ്റിട്ടില്ലെങ്കിലും നമ്മുടെ ആ സമയത്തെ പ്രതികരണം കുഞ്ഞിന്റെ ഉള്ളില്‍ തീര്‍ച്ചയായും ക്ഷതമേല്‍പ്പിക്കും. കുഞ്ഞിന്റെയുള്ളില്‍ ഭീതി സൃഷ്ടിക്കാന്‍ ഇടയാകുകയും അത് കാലാകാലം മാറ്റമില്ലാതെ നിലനില്‍ക്കുകയും ചെയ്യും. ചെറിയ വീഴ്ചകള്‍ ആണെങ്കില്‍ ചെന്ന് എടുക്കാനെ നില്‍ക്കണ്ട അവര്‍ തനിയെ എഴുന്നേല്‍ക്കട്ടെ. അത് കുഞ്ഞില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ഓരോ പരിശ്രമത്തിലും കുഞ്ഞുങ്ങള്‍ തന്റെ വിജയം കണ്ടെത്തുമ്പോള്‍ കുഞ്ഞിനെ ആശംസിക്കുന്നതും ആശ്ലേഷിക്കുന്നതും കൈയടിച്ചു അഭിനന്ദിക്കുന്നതും വളരെയേറെ പ്രയോജനം ചെയ്യും. മാത്രമല്ല, കുഞ്ഞിന് തന്നില്‍ അഭിമാനവും തന്റെ കഴിവുകളില്‍ വിശ്വാസവും തോന്നിപ്പിക്കും. ഇതൊക്കെ അവരുടെ മുന്നോട്ടുള്ള ജീവിതത്തില്‍ ഏറെ ഗുണം ചെയ്യുമെന്നതില്‍ സംശയമില്ല.

അഭിമാനം തോന്നുക എന്നത് ഒരിക്കലും ചെറിയ കാര്യമായി തെറ്റിദ്ധരിക്കരുത്. ഒരാള്‍ക്ക് അഭിമാനം നല്‍കുന്ന സംതൃപ്തി വളരെ വലുതാണ്. തന്റെ കഴിവിലും നേട്ടത്തിലും അഭിമാനിയായി വളരുന്ന ഒരാള്‍ ആ കഴിവുകളെ അനുദിനം മെച്ചപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേ ഇരിക്കും. അയാള്‍ അതില്‍ ആനന്ദം കണ്ടെത്തുകയും ജീവിതത്തില്‍ സ്വന്തമായ പ്രയത്‌നം കൊണ്ട് നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്യും.

ഇക്കാലയളവില്‍ എല്ലാം കുഞ്ഞിന് വേണ്ടത്ര ഭക്ഷണം ലഭ്യമാക്കുകയും വേണം. അല്ലെങ്കില്‍ കുഞ്ഞിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയെ അത് മന്ദഗതിയിലാക്കും. കുഞ്ഞ് ഭക്ഷണം കഴിക്കാന്‍ താത്പര്യപ്പെടുന്നില്ല എന്ന് കണ്ടിട്ട് ഭക്ഷണം വേണ്ട രീതിയില്‍ നല്‍കാതെ ചില രക്ഷിതാക്കള്‍ മക്കളെ വളര്‍ത്തുന്നത് കണ്ടിട്ടുണ്ട്. ഈ പ്രായത്തില്‍ പോഷകക്കുറവും ആരോഗ്യകുറവും കുഞ്ഞിലെ രോഗപ്രതിരോധ ശേഷി കുറയ്ക്കുവാനും മാനസിക ശാരീരിക വളര്‍ച്ച ശരിയായ രീതിയില്‍ നടക്കാതെ കുഞ്ഞിന്റെ എല്ലാവിധ ഡെവലപ്മെന്റിനെയും (mental, physical, intellectual) ശോഷിപ്പിക്കിന്നതിനും കാരണമായി മാറുന്നുണ്ട്. ഭക്ഷണം കഴിക്കുന്നതും ഒരു ശീലമായി മാറണം കുട്ടികള്‍ക്ക്.

സ്പര്‍ശനവും കാഴ്ചയുമാണ് കുഞ്ഞില്‍ ഏറ്റവും ശക്തമായ രീതിയില്‍ പ്രവത്തിക്കുന്നതും ഏറ്റവുമധികം സ്വാധീനം ചെലുത്തുകയും ചെയ്യുന്ന രണ്ട് കാര്യങ്ങള്‍ എന്ന് ചില പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. പഞ്ചേന്ദ്രിയങ്ങളില്‍ ഏറ്റവും വലുത് ശരീരത്തിലെ ചര്‍മ്മമാണ്. അത് കഴിഞ്ഞ് ഏറ്റവും ശക്തമായ മറ്റൊന്ന് കണ്ണുകളാണ്. കേട്ടത് മറന്നാലും കണ്ടുകഴിഞ്ഞ ഒരു കാര്യം മറക്കാന്‍ എളുപ്പം കഴിയില്ല. നമ്മള്‍ കുഞ്ഞുങ്ങളെ സ്പര്‍ശിക്കുമ്പോള്‍ നമ്മുടെയുള്ളില്‍ ആ സമയത്ത് നമ്മള്‍ എന്താണോ ഫീല്‍ ചെയ്യുന്നത് അത് വരെ കുഞ്ഞിന് വായിച്ചെടുക്കാന്‍ കഴിയുന്നു എന്നത് അത്ഭുതകരമല്ലേ. അമ്മയുടെയോ അച്ഛന്റെയോ കരങ്ങളിലെ സുരക്ഷിതത്വം മറ്റുള്ളവര്‍ നല്‍കുന്ന സ്പര്‍ശനത്തില്‍ ഇല്ല എന്ന് കുഞ്ഞിന് തിരിച്ചറിയാന്‍ കഴിയുന്നതും അങ്ങനെയാണ്.

അവന്‍ അവന്റെ ചുറ്റുപാടുകളെ ഗ്രഹിച്ചെടുക്കുമ്പോള്‍ എന്തൊക്കെ കാണണം കേള്‍ക്കണം എന്ന കാര്യത്തില്‍ കൂടെ നമ്മള്‍ ബോധവന്മാരായിക്കുന്നത് കുഞ്ഞിന്റെ ശോഭനമായോരു ഭാവിയ്ക്ക് വഴിയൊരുക്കും. അവരുടെ മനസ്സിലേക്ക് പതിയുന്ന ഓരോ കാര്യവും അവരുടെ വ്യക്തിത്വത്തെ കാര്യമായ തോതില്‍ ബാധിക്കുന്നുണ്ടെന്നത് തന്നെയാണ് അതിന്റെ കാരണം. കുഞ്ഞിന് ജീവിത പരിചയമോ അനുഭവങ്ങളോ ഇല്ല. വീട്ടിലുള്ളവര്‍ അന്യോന്യം പ്രായത്തില്‍ ചെറിയവരോടും മുതിര്‍ന്നവരോടും സംസാരിക്കുന്ന ഭാഷയും ടോണ്‍ വരെ കുഞ്ഞ് സൂക്ഷ്മമായി ശ്രവിക്കുകയും സ്വായത്തമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

Facebook Comments
Related Articles
Show More

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.
Close
Close