Personality

എന്നെന്നും വഴികാട്ടിയാവുമീ രക്ഷാകർതൃത്വം

നമുക്ക് അറിയാം മാതാപിതാക്കളുടെ അതിസുരക്ഷിതമായ കരവലയത്തിലോ, തണലിലോ അല്ലാതെയും അവരുടെ സ്നേഹലാളനങ്ങളുടെ ഗന്ധം ഏൽക്കാതെയും ഇവിടെ കുഞ്ഞുങ്ങൾ വളരുന്നുണ്ട്. അവരും നമുക്കിടയിൽ നമ്മെപ്പോലെ ഒരാളായി ജീവിക്കുന്നുമുണ്ട്. മാത്രമല്ല മക്കളെ എങ്ങനെ വളർത്തണം, സംരക്ഷിക്കണം എന്ന് വായിച്ചു പഠിച്ചിട്ടൊന്നുമല്ലല്ലോ ഇതുവരെ ആരും മക്കളെ വളർത്തിയതെന്നും അങ്ങനെ ഒരു സാഹചര്യത്തിൽ  ഇത്തരം ലേഖനങ്ങളുടെയും ക്ലാസ്സുകളുടെയും ആവശ്യകതയും പ്രസക്തിയും എന്താണെന്നും സ്വാഭാവികമായും ചോദ്യങ്ങൾ ഉയർന്നേക്കാം.

രക്ഷിതാക്കളുടെ അടുത്ത് നിന്ന് മതിയായ സ്നേഹമോ പരിചരണമോ തണലോ ഒട്ടും എൽക്കാതെ, അതിന്റെയെല്ലാം അഭാവത്തിൽ വളരുന്ന കുട്ടികൾ ഉണ്ട്, ഇല്ലെന്നല്ല. അങ്ങനെ ഒരു ഘട്ടത്തിൽ ആ കുഞ്ഞുങ്ങൾ പിഞ്ചുപ്രായത്തിലെ തന്നെ നേരിടേണ്ടി വരുന്നത് ജീവിതത്തിലെ പരുക്കൻ യാഥാർത്ഥ്യങ്ങളെയാണ്. പ്രായവും പക്വതയും നിറഞ്ഞ നമ്മെ പോലും ചിലയവസരങ്ങളിൽ സമനില തെറ്റിപ്പോയേക്കാവുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്ന കടുത്ത യാഥാർഥ്യങ്ങളാണ് ആ കുരുന്നുമനസ്സുകൾ തരണം ചെയ്യേണ്ടി വരുന്നത്. ശരിയ്ക്കും പകച്ചു നിന്നുപോകില്ലേ ആ കുഞ്ഞു മാനസം? കളിച്ചും ചിരിച്ചും ഉല്ലസിച്ചും നടക്കേണ്ട പ്രായത്തിൽ ജീവിതം അവരെ കയ്പ്പും കഠിന്യവുമേറിയ അനുഭവങ്ങളാൽ പരുവപ്പെടുത്തിയെടുക്കാനുള്ള ശ്രമം നടത്തുമ്പോൾ അപൂർവ്വം ചിലർ മാത്രം അതിൽ നിന്ന് മനക്കരുത്തും ഇച്ഛാശക്തികൊണ്ടും കരകയറിയേക്കാം അല്ലെങ്കിൽ വിജയിച്ചേക്കാം മറ്റു ചിലർ കടുത്ത പരീക്ഷണങ്ങൾക്ക് മുന്നിൽ അടിയറവ് പറയുകയും ജീവിതം നരകസമാനമായി മാറുകയും ചെയ്യുന്നു.

ഇന്നത്തെ ഈ ലോകത്ത് അനാഥനായി വളരേണ്ടി വരുന്ന ഒരു കുഞ്ഞിന്റെ അതിജീവനം എന്തായിരിക്കുമെന്ന് നമുക്കൊന്നിരുന്ന് ചിന്തിച്ചാൽ മനസ്സിലാവും. സമകാലിക സംഭവങ്ങൾ വെച്ചുനോക്കുമ്പോൾ നമ്മുടെ മക്കൾ പല സാഹചര്യങ്ങളിലും അത്ര സെയ്ഫ് അല്ല. കാരണം നമ്മൾ ജനിച്ചു വളർന്ന ഒരു കാലഘട്ടമേ അല്ല അല്ലെങ്കിൽ ലോകമേ അല്ല ഇത്, ഒരുപാട് മാറ്റങ്ങൾ വന്നു. അറിവും ബോധവും ഉള്ളവർക്ക് പോലും ഒരുവേള അറിയാതെ തെറ്റുകളിലേക്കും തിന്മകളിലേക്കും എളുപ്പം വ്യതിചലിക്കാൻ സാധ്യതകൾ ഏറെയുള്ള ഒരു പരിതസ്ഥിതിയിലൂടെയാണ് നമ്മൾ ജീവിച്ചു പോകുന്നത്. പ്രലോഭനങ്ങളിലൂടെയും പ്രകോപനങ്ങളിലൂടെയും കുഞ്ഞുമനസ്സിനെ നിരന്തരം വേട്ടയാടാനും ചൂഷണം ചെയ്യാനും സമൂഹ്യവിരോധികളാക്കിയെടുത്തും തിന്മകളിലേക്ക് നയിച്ചും അവരിലൂടെ പണം സമ്പാദിക്കാനും കുടിലബുദ്ധികൾ ചുറ്റിനും ഉണ്ടാവും. മക്കൾ അറിയുന്നില്ല തനിയ്ക്ക് ചുറ്റും ഒട്ടേറെ അപകടങ്ങൾ പതിയിരിക്കുന്നുണ്ടെന്ന്.

വളരെ ചെറുപ്രായത്തിലേ തന്നെ മയക്ക് മരുന്ന് പോലുള്ള വസ്തുക്കളുടെ ഉപയോഗവും കൊച്ചുകുട്ടികളിലെ ക്രിമിനൽ വാസനയും അവർക്ക് എതിരെ നടക്കുന്ന ചൂഷണങ്ങളും പത്രത്താളുകളിലും ടി. വി വാർത്തകളിലും പതിവ് ദൃശ്യങ്ങളായി മാറുമ്പോൾ വീട്ടിലിരുന്ന് അത് വായിക്കുകയും കാണുകയും ചെയ്യുന്ന നമുക്ക് സമാശ്വസിക്കാൻ സാധിക്കുന്നത് തന്റെ മക്കൾക്ക് താൻ ഉണ്ട് അവർ തങ്ങളുടെ കൈകളിൽ സെയ്ഫ് ആൻഡ് സെക്യൂർ ആണെന്നുള്ള ഉൾബോധം നൽകുന്ന പിൻബലത്തിൽ മാത്രമാണ്.

കുഞ്ഞുങ്ങൾക്ക് ചുറ്റുപാടുകളെ കുറിച്ചും സഹജീവികളെക്കുറിച്ചും അവബോധം നൽകാനും മനുഷ്യനിലെ നന്മയെ കണ്ടെത്താനും നന്മയോടൊപ്പം ജീവിക്കാനും അതേ സമയം തിന്മകളിൽ നിന്ന് കഴിയുന്നതും അകലം പാലിക്കാനും അപരിചിതരുമായി ഇടപഴകുമ്പോഴും മാതാപിതാക്കളുടെ കൺവെട്ടത്തിൽ നിന്ന് അകന്ന് നിൽക്കേണ്ട സാഹചര്യം വരുമ്പോഴുമെല്ലാം എന്തെല്ലാം ശ്രദ്ധിക്കേണ്ടത് ഉണ്ടെന്നൊക്കെ നിർദ്ദേശങ്ങൾ നല്കേണ്ട കടമകൾ തീർച്ചയായും നല്ലൊരു രക്ഷകർതൃത്വത്തിന് ഉണ്ട്. മൂല്യാധിഷ്ഠിതമായ ചിന്തകളും ധർമ്മികത കാത്തു സൂക്ഷിക്കുന്നതുമായ ഒരു വ്യക്തിയെ വാർത്തെടുക്കലാവണം രക്ഷാകർതൃത്വത്തിന്റെ മുഖ്യലക്ഷ്യം.

പ്രായമായ മാതാപിതാക്കളെ തെരുവിലേയ്ക്ക് ഇറക്കി വിടുന്ന, വൃദ്ധസദനത്തിൽ കൊണ്ടുപോയി തള്ളുന്ന മനുഷ്യപ്പറ്റ് ഇല്ലാത്തതും മാതാപിതാക്കളോട് കനിവ് കാണിക്കാത്തതുമായ മക്കളായി നമ്മുടെ മക്കൾ വളരാതിരിക്കണമെങ്കിൽ കുടുംബത്തിനും നാടിനും സമൂഹത്തിനും നല്ലൊരു മുതൽ കൂട്ടായി നാളത്തേക്ക് അവർ മാറണമെങ്കിൽ അവരുമായി  കുഞ്ഞുന്നാളിൽ തന്നെ വിവേകപൂർവ്വവും ബോധപൂർവ്വവുമുള്ള ഇടപെടലുകൾ നടത്തണം. അവരെയും അവരുടെ മനസ്സിനെയും പ്രശ്നങ്ങളെയും ക്ഷമാപൂർവ്വം കേൾക്കാനും മനസ്സിലാക്കാനുമുള്ള ഒരു പ്രയത്നം നമ്മിൽ നിന്നുണ്ടായാൽ അത് തിരിച്ചും ഉണ്ടാകും.

മാതാപിതാക്കളുടെ സംരക്ഷണത്തിൽ അഥവ അവർ പാകിയ വഴിവെളിച്ചത്തിൽ കുരുത്തുവരുന്ന ജീവിതത്തെ ഒരിക്കലും അരക്ഷിതബോധം വേട്ടയാടില്ല, ചൂഷണങ്ങൾക്ക് ഇരയാക്കപ്പെടില്ല, അന്ധകാരത്തിലേക്ക് കൂപ്പ് കുത്തില്ല. കുഞ്ഞുങ്ങൾക്ക് എപ്പോഴും ഒരു വിശ്വാസമുണ്ടാവും എന്നെക്കുറിച്ച് ഓർക്കാൻ വേവലാതിപ്പെടാൻ, തന്റെ സന്തോഷങ്ങളിൽ സന്തോഷമായും ദുഃഖങ്ങളിൽ ചേർത്ത് പിടിച്ചും നാല് കരങ്ങൾ തനിയ്ക്ക് ചുറ്റിനും ഉണ്ടെന്ന്.

ഗര്ഭാവസ്ഥയിലുള്ള ഒരു അമ്മയ്ക്കോ, ആ കുഞ്ഞിന്റെ അച്ഛനോ അല്ലെങ്കിൽ വിവാഹിതയാവാൻ പോകുന്ന ദമ്പതികൾക്കോ ഇത്തരം ലേഖനങ്ങൾ ഭാവിയിലേക്ക് പ്രയോജനപ്രദമാവുമെന്ന ബോധമാണ് ഇങ്ങനെ ഒരു പംക്തി തുടങ്ങാനുള്ള പ്രചോദനമായി മാറിയത്. രക്ഷാകർതൃത്വം എന്നാൽ ഒരു കടമ, അല്ലെങ്കിൽ ഉത്തരവാദിത്വം എന്നതിനൊക്കെ അപ്പുറം ഒരു കലയുമാണ്. ഒരു കുഞ്ഞിനെ നല്ല മനോഹരമായ, ആകർഷണീയമായ ഒരു മനസ്സിന് അല്ലെങ്കിൽ വ്യക്തിത്വത്തിന് ഉടമായാക്കാൻ വഴിയൊരുക്കുന്ന ഒരു ആർട്ട് ആണ്.

അതുകൊണ്ട് നിങ്ങളുടെ കുഞ്ഞിനെ കേൾക്കൂ കുഞ്ഞിനോട് സംസാരിക്കൂ പിറന്നു വീണ നാൾ മുതൽ കുഞ്ഞുമായി സംഭാഷണങ്ങളും കളിയും ചിരിയും എല്ലാം വേണം. ഭാഷ ഒരു പ്രശ്‌നമേ അല്ല. വളർന്ന് വരുന്ന കുഞ്ഞിനെ കൈപിടിച്ചു നടക്കുമ്പോഴും കൂടെ കിടക്കുമ്പോഴും ഒരോ വേളകളിലും നമുക്ക് സംസാരങ്ങളിലൂടെ കൊച്ചു കൊച്ചു കാര്യങ്ങൾ അവർ പോലും അറിയാതെ പതിയെ പതിയെ കുഞ്ഞിന്റെ മനസ്സിലേക്ക് കടത്തി വിടാൻ സാധിക്കും. അമ്മയ്ക്കും അച്ഛനും ഒരേപോലെ സാധിക്കുന്ന ഒരു കാര്യമാണ് ഇത്. കുഞ്ഞുങ്ങൾ ചിന്തകളിലൂടെ വളരട്ടെ, മാനുഷിക മൂല്യങ്ങൾ അവരുടെ ചിന്തകളിൽ ഇടം നേടട്ടെ.

ഒരു അച്ഛനാവുക അമ്മയാവുക എന്ന സ്വപ്നത്തെ താലോലിക്കുന്ന ഒരോ പുരുഷനും സ്ത്രീയ്ക്കും ആദ്യഗർഭത്തിന്റെ പൂർണ്ണതയിൽ, കടിഞ്ഞൂൽ പ്രസവത്തിലൂടെ തങ്ങൾ ജന്മം നൽകിയ ആദ്യകണ്മണിയെ കുറിച്ച് എത്രത്തോളം സ്വപ്നങ്ങളും പ്രതീക്ഷകളും ആയിരിക്കും. തന്റെ കുഞ്ഞിന്റെ സന്തോഷമായിരിക്കും ഓരോ മാതാപിതാക്കൾക്കും വലുത്. കുഞ്ഞിന് തന്നെക്കുറിച്ചും ജീവിതത്തെക്കുറിച്ചും നല്ലൊരു കാഴ്ചപ്പാടും ചിത്രവും നൽകാൻ കഴിഞ്ഞാൽ, സഹജീവിയോട് കരുണയും സ്നേഹവുമുള്ള, സഹജാവബോധത്തോടെ ജീവിക്കുന്ന ഒരു മനുഷ്യനായി അവനെ വളർത്താൻ കഴിഞ്ഞാൽ രക്ഷാകർതൃത്വമെന്ന അതിമഹത്വമേറിയൊരു ഉദ്യമത്തിൽ ആ മാതാപിതാക്കൾ സാഫല്യം കണ്ടെത്തി എന്ന് പറയാം.

Facebook Comments
Related Articles
Show More

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.
Close
Close