Current Date

Search
Close this search box.
Search
Close this search box.

ജനറേഷൻ ഗ്യാപ്പും രക്ഷകർതൃത്വവും

പ്രപഞ്ചത്തിന്റെ ചംക്രമണത്തിന് ഈയിടെയായി ആക്കം കൂടിയപോലെയാണ്. സമയവും കാലവും നീങ്ങുന്നത് വളരെ പെട്ടെന്നാണെന്ന് തോന്നിപ്പോകുന്നു. ഒന്നും ചെയ്യാനില്ലാത്ത മനുഷ്യർക്ക് പോലും തിരക്ക് പിടിച്ച ജീവിതമാണ്, അവർ അതിൽ ചിലപ്പോഴെല്ലാം സ്വയം മറന്ന് പോകുന്നുണ്ട്. മറുഭാഗത്ത് അറിവും ജ്ഞാനവും നേടിയ മനുഷ്യർ ധിഷണാപരമായി അതായത് കോഗ്നറ്റിവിലി ആൻഡ് ഇന്റലക്ച്ച്വലി മുൻകാലത്തെ അപേക്ഷിച്ച് ഉയർന്ന നിലവാരവും ഉന്നതിയും കൈവരിച്ചുകൊണ്ടിരിക്കുന്നു.

കഴിഞ്ഞ കുറെ ദശാബ്ദങ്ങളായിട്ട് ആഗോളവൽക്കരണത്തിന്റെ ഭാഗമായി പുരോഗമന ദശ പൂർവ്വാധികം ശക്തിയിൽ ദ്രുതതാളത്തിലെന്നോണം സമൂഹത്തിൽ ഓളങ്ങളും മാറ്റങ്ങളും സൃഷ്ടിച്ച് ചലിച്ചുകൊണ്ടേ ഇരിക്കുകയാണ്. പലപ്പോഴും മനുഷ്യരുടെ നിയന്ത്രണത്തിൽ അല്ല ഇപ്പറയുന്ന എല്ലാ മാറ്റങ്ങളൊന്നും. അവനവനിലുള്ള നിയന്ത്രണം അഥവ ആത്മനിയന്ത്രണം മാത്രമാണ് ഒരു വ്യക്തിയുടെ കരങ്ങളിൽ പരിപൂർണ്ണമായി നിലകൊള്ളുന്നത്. അതിലേക്കുള്ള അമിത കൈകടത്തലുകളെ തടയേണ്ടത് ശക്തമായ നിലപാടിലും വ്യക്തിത്വത്തിലൂന്നി നിന്നുകൊണ്ടുമാണ്. അത്ര പ്രകടമല്ലെങ്കിലും ആന്തരീകവും ബാഹ്യവുമായ പരിണാമം മനുഷ്യരിൽ ബോധപൂർവ്വവും അബോധപൂർവ്വവും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. നൂറ്റാണ്ടുകളായിട്ട് മനുഷ്യർ പുരാതന മനുഷ്യനിൽ നിന്നും ഇവോൾവ് ആയിക്കൊണ്ടിരിക്കുകയാണ്. സാമൂഹിക തലത്തിലും ഒരുപാട് മാറ്റങ്ങൾ വന്നു. എന്നാൽ നമ്മുടെ സമൂഹത്തിൽ വ്യക്തികൾക്കും വ്യക്തിഗതമായ ചിന്തകൾക്കും മുമ്പത്തേക്കാൾ പ്രാധാന്യവും പരിഗണനയും ലഭിച്ചു തുടങ്ങിയതും നൽകിത്തുടങ്ങിയതും ഈയടുത്ത കാലത്താണ്. പക്ഷെ അതാണെങ്കിൽ പല സാഹചര്യത്തിലും നിഷേധാത്മകമായ രീതിയിൽ ഡെവലപ്‌ ആയിക്കൊണ്ടിരിക്കുന്നോ എന്ന ആശങ്കയും ബാക്കി വെയ്ക്കുന്നു.

ആതിനാൽ രക്ഷാകർതൃത്വം മുമ്പത്തേക്കാൾ ജാഗ്രതയോടെയും ശ്രദ്ധയോടെയും ഫലപ്രദമായി നിറവേറ്റുന്നതിൽ രക്ഷിതാക്കൾ മുൻകൈയെടുക്കേണ്ടിയിരിക്കുന്നു. തന്നിലെ സ്വത്വത്തെ അല്ലെങ്കിൽ അസ്തിത്വത്തെ, വേറിട്ട കാഴ്ചകളെ, കാഴ്ചപ്പാടുകളെ, ചിന്തകളെ അംഗീകരിക്കപ്പെടാത്ത, ഇച്ഛാഭംഗവും നിരാശയും മാത്രം നൽകുന്ന അവസ്ഥയിലൂടെയുള്ള വളർച്ച നിഷേധികളായി മാറാൻ മനുഷ്യന് പ്രേരണയാകുന്നു. അത് അപഥസഞ്ചാരത്തിലേയ്ക്ക് ഒരാളെ കൊണ്ടുചെന്നെത്തിക്കാൻ ചിലപ്പോൾ ഇടയാക്കിയേക്കും വ്യക്തിത്വത്തിന്റെ കാര്യത്തിലും ഇത് സംഭവിക്കുന്നുണ്ട്. സ്വന്തം മക്കൾക്ക് പ്രായം കൂടി വരുമ്പോൾ അംഗീകരിക്കാൻ വൈമുഖ്യം കാണിക്കുന്നത് മാത്രമല്ല മക്കളെ എപ്പോഴും വരച്ച വരയിൽ നിർത്താനുള്ള പ്രയത്നവും പ്രതികൂലമായി ഭവിക്കാറുണ്ട്. കണിശത വേണ്ടിടത്ത് കണിശമായി തന്നെ അവരെ ഡീൽ ചെയ്യുകയും അല്ലാത്ത സമയത്ത് അവരെ മനസ്സിലാക്കുന്ന ഏറ്റവും നല്ല സുഹൃത്തിനെപ്പോലെ ആവലാണ് അഭികാമ്യം, അതാണ് ആശാസ്യകരവും. താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന മട്ടിൽ മക്കൾ അച്ഛനമ്മമാരോട് സംസാരിക്കുന്നതും തിരിച്ചും സംഭവിക്കുന്നത് ഒരു ആരോഗ്യകരമായ ആശയവിനിമയ രീതിയല്ല. കുട്ടികൾ ചിന്തിക്കുന്നത് അവനവനെക്കുറിച്ച് മാത്രമാകുമ്പോൾ, രക്ഷിതാക്കളും അതേപോലെയുള്ള സമീപനം കൈകൊണ്ടാൽ എന്നും വാഗ്വാദവും കലഹവുമായി കാര്യങ്ങൾ ആകെ കുഴഞ്ഞുമറിയും. അതിനാൽ വളരെ കുഞ്ഞിലെ തന്നെ തനിയ്ക്ക് ചുറ്റുമുള്ള എല്ലാ മനുഷ്യരെക്കുറിച്ചും ചിന്തിക്കുന്ന ശീലം അവരിൽ ആഴത്തിൽ പതിയണം. ഇത്തരം കുട്ടികൾക്കെ സഹാനുഭൂതി ഉണ്ടാവുകയുള്ളൂ, മാതാപിതാക്കളുടെ വൈകാരികതയെ ഉൾകൊള്ളാൻ കുട്ടികൾക്ക് അപ്പോഴേ കഴിയുള്ളൂ. താനെന്ന ഇൻഡിവിഡ്വൽ മാത്രമല്ല നാമെന്ന ഒരു ലോകത്തിലും അവർ സന്തോഷം കണ്ടെത്തട്ടെ. ലോകത്തോടും ആളുകളോടും പ്രതിബദ്ധതയുള്ളവരായി മാറട്ടെ . കുടുംബ, സാമൂഹിക പരമായ നല്ല ബന്ധങ്ങൾക്ക് മനസ്സിൽ ഇടം നൽകാതെയും വൈകാരികതലങ്ങളെ വേണ്ടപോലെ പരിപോഷിപ്പിച്ചും വികസിപ്പിച്ചും എടുക്കാതെയും മക്കൾ സ്വാർത്ഥരായി വളരുന്നത് അപകടമാണ്. മാനവ രാശിയ്ക്ക് അത് ഒട്ടും ഗുണം ചെയ്യില്ല.

വർത്തമാനകാലത്തിൽ രക്ഷിതാക്കളും മക്കളും അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന വലിയൊരു പ്രശ്നമാണ് ഇന്ന് അവർക്കിടയിൽ കണ്ടുവരുന്ന “ജനറേഷൻ ഗ്യാപ്പ്”. മുതിർന്നവരും പുതുതലമുറയും തമ്മിൽ ചിന്തകളിലും കാഴ്ചപ്പാടിലും മുൻകാലങ്ങളെ അപേക്ഷിച്ച് വലിയ അന്തരമാണ് ഇന്ന് കാണപ്പെടുന്നത്. ഒരുപാട് ശങ്കകൾക്കും ആശയകുഴപ്പങ്ങൾക്കും അത് ഹേതുവായി തീരുന്നുണ്ട്. പഴയ തലമുറയുടെ മുന്നിൽ ജീവിതം ഇത്രത്തോളം സങ്കീർണ്ണമായിരുന്നില്ല ജീവിതവിജയം നേടാൻ മത്സരബുദ്ധി ആവശ്യമായിരുന്നില്ല, ഇത്തരം വെല്ലുവിളികൾ കുറവായിരുന്നു. എല്ലാ കുറവുകൾക്കിടയിലും പോരാട്ടങ്ങൾക്കിടയിലും സമാധാനം എന്തെന്ന് അവർ അറിഞ്ഞിരുന്നു.

യുവതലമുറ ഇന്ന് ജീവിതത്തിൽ നേരിടേണ്ടി വരുന്ന വിവിധ കാരണങ്ങളാൽ മാനസിക സംഘർഷങ്ങൾ അനുഭവിക്കേണ്ടി വരികയും അവരുടെ പെരുമാറ്റങ്ങളും മറ്റും രക്ഷിതാക്കളിൽ അനുദിനം മാനസിക സമ്മർദ്ദം വർദ്ദിപ്പിക്കാനും ഇടയാക്കുന്നു. ഒന്നോർത്താൽ പണ്ടുകാലത്ത് ഇത്തരം സമസ്യകളെ ഇത്രത്തോളം ക്ലേശകരമായി, പ്രയാസകരമായി രക്ഷിതാക്കൾ നേരിട്ടിരുന്നില്ല. മാറ്റങ്ങളെ അംഗീകരിക്കാതെ മുന്നോട്ടുള്ള ജീവിതം ദുഷ്ക്കരമാവുന്ന ഗതിയിൽ കാലം അതിവേഗത്തിലാണ് മുന്നോട്ട് കുതിക്കുന്നത്‌. ഇതിനെല്ലാം ഒരു പ്രതിവിധി അല്ലെങ്കിൽ പരിഹാരം എന്ന നിലയ്ക്ക് അച്ഛനമ്മമാർ ചില ഉപായങ്ങൾ തേടി കണ്ടെത്തേണ്ടിയിരിക്കുന്നു.

കാലത്തോടൊപ്പം സഞ്ചരിക്കാൻ മനസ്സ് തയാറായാൽ ഏറെക്കുറെ ആ ഗ്യാപ് നികത്താൻ രക്ഷിതാക്കൾക്ക് സാധിച്ചെന്നിരിക്കും. യുവത്വത്തെ അറിയാൻ അവരുടെ മനസ്സിന്റെ സ്പന്ദനം അല്ലെങ്കിൽ പൾസ് അറിയാൻ അവരുമായി സ്വതന്ത്രമായി ഇടപഴകാൻ മനസ്സിനെ സജ്ജമാക്കേണ്ടിയിരിക്കുന്നു. അച്ഛനമ്മമാർ വളർന്നു വന്ന ലോകം മറ്റൊന്നായിരുന്നു. അതിനാൽ ഇന്നത്തെ യുവത്വത്തെ അനായാസം ഉൾകൊള്ളാൻ കഴിയാതെ പോകുന്ന രക്ഷാകർത്താക്കളെയും കണക്കില്ലാതെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല താനും. എന്നാൽ മക്കളുടെ സൈക്കോളജിയ്ക്കും കൂടെ പരിഗണന നൽകുന്ന പുതിയൊരു സ്ട്രാറ്റജി പാരന്റിങ്ങിന്റെ ഭാഗമായി കൈക്കൊള്ളാൻ ഇനിയും അമാന്തം കാണിക്കരുത്. ഇതുപോലെ വിശകലനം ചെയ്യപ്പെടുന്ന വിഷയങ്ങളെ ഉൾപ്പെടുത്തി കുറച്ചുകൂടെ വിപുലമായ ഒരു രക്ഷാകർതൃത്വം അത്യധികം ഗുണം ചെയ്യും. അതിനാൽ ഇനിയങ്ങോട്ട് മക്കളെ നല്ല വ്യക്തികളാക്കാൻ ഒരു അപ്ഡേറ്റഡ് ആയ സിസ്റ്റം രക്ഷാകർതൃത്വത്തിന്റെ ഭാഗമായി അവലംബിക്കാൻ രക്ഷിതാക്കൾ തയാറാവണം. കാലഹരണപ്പെട്ടതും പഴഞ്ചൻ രീതികളും ഇനിയെങ്കിലും വെടിയേണ്ടിയിരിക്കുന്നു.

അറിഞ്ഞുകൊണ്ടോ ബോധപൂർവ്വമോ അല്ല നമ്മുടെ ആരുടെയും സ്വഭാവരൂപീകരണവും വ്യക്തിത്വവികാസവും സംഭവിക്കുന്നതെന്ന സത്യം നാം വിസ്മരിക്കരുത്. ആയതിനാൽ സ്വാഭാവികമായും അതിന്റെതായ ക്രമക്കേടുകളും അപര്യാപ്തതകളും ഇന്നവനെന്നോ ഇന്നവളെന്നോ ഇല്ലാതെ നാം ഓരോ വ്യക്തികളിലും കണ്ടുവരുന്നുണ്ട്. ഇപ്പറയുന്നവയ്ക്കെല്ലാം പരിഹാരമാർഗ്ഗങ്ങളോ മറുമരുന്നോ തേടേണ്ടത് ചിലപ്പോൾ ബാഹ്യലോകത്ത് നിന്നും ആയിരിക്കില്ല എന്നതാണ് ഏറ്റവും വലിയ വസ്തുത. പലതിനും സ്വയം ഉത്തരങ്ങൾ തേടുമ്പോൾ ചൂണ്ടുപലക തന്നിലേക്ക് തന്നെ ചൂണ്ടി നിൽക്കുന്നത് വലിയൊരു വിരോധാഭാസമായി തോന്നാമെങ്കിലും സത്യമതാണ്. എല്ലാത്തിന്റെയും പൊരുൾ തേടി ഉത്തരങ്ങൾക്കായി അലക്ഷ്യമായി അലയാതെ തന്നിലേയ്ക്ക് ഇറങ്ങി ചിന്തിക്കുമ്പോൾ തന്നെ എല്ലാത്തിനും സുതാര്യത കൈവരും. ആശ്ചര്യകരമായി തോന്നാം, വിസ്മയകരമായി തോന്നാം പക്ഷെ ആത്മബോധത്തിൽ നിന്ന് ചിന്തിക്കുന്നത്ര വ്യക്തത മനസ്സിന് പിന്നീട് ഒരിക്കലും കൈവരാനില്ല. മാതാപിതാക്കൾ ഗുരുക്കന്മാർ സുഹൃത്തുക്കൾ പലരും നന്മ ചൊല്ലിത്തരും ശരികൾ ചൂണ്ടിക്കാണിച്ചും തരും പക്ഷെ തനിയ്ക്ക് തന്റേതായ ഒരു ശരി ഇല്ലെങ്കിൽ പലരിൽ നിന്നുമുള്ള കേട്ടറിവ് വെച്ച് എതാണ് യഥാർത്ഥ ശരി എന്നറിയാതെ ആകെ ആശയക്കുഴപ്പത്തിൽ ചെന്ന് ചാടാനിടയുണ്ട്.

തെളിഞ്ഞ നിർമ്മലമായ ജലാശയത്തിലേയ്ക്ക് നോക്കുമ്പോൾ ജലപ്പരപ്പിനടിയിൽ സ്ഥിതിചെയ്യുന്ന ജീവികളും കല്ലും മണ്ണും ചെടികളും എല്ലാം ക്രിസ്റ്റൽ ക്ലിയർ ആയി തന്നെ കാണാൻ സാധിക്കും. കാഴ്ചയിൽ അവ്യക്തയുടെ ശങ്ക നിഴലിക്കുന്നില്ല. തുറന്ന മനസ്സോടെ ഇടപഴകുന്ന വ്യക്തിത്വങ്ങളുമായി ബന്ധം പുലർത്തുമ്പോഴും ആശങ്കകൾക്ക് സ്ഥാനം ഇല്ലാതാവുന്നത് നാം അറിയുന്നു, വിശ്വാസം എന്ന പദം ഏറ്റവും ദൃഢമായും ശക്തമായും മൂർത്തമാക്കപ്പെടുന്നത് അവരിലൂടെയാണ്. അച്ഛനമ്മമാർക്കും മക്കൾക്കുമിടയിൽ ഉണ്ടാവുന്ന വിശ്വാസത്തിന്റെയും കെട്ടുറപ്പിന്റെയും മാനസികവും വൈകാരികവുമായ അടുപ്പം അനിർവ്വചനീയമായൊരു സെക്യൂരിറ്റി അല്ലെങ്കിൽ സുരക്ഷിതബോധം ഉള്ളിന്റെയുള്ളിൽ രൂപംകൊള്ളാൻ സഹായിക്കുന്നു. സമാധാനപൂർണ്ണവും ഏറ്റവും റിലേക്സ്ഡ് ആയതുമായ ഒരു ജീവിതമാണ് അത് പ്രദാനം ചെയ്യുന്നത്. ഏറ്റവും മനോഹരവും ശാന്തസുന്ദരവുമായ ജീവിതം നയിക്കുന്ന മനുഷ്യരെ കണ്ടുമുട്ടിയാൽ അത്തരമൊരു ജീവിതത്തിന് അടിസ്ഥാനമായി വർത്തിക്കുന്ന ഘടകങ്ങൾ ഏതൊക്കെയെന്നും കൂടെ ശ്രദ്ധിച്ചാൽ മനസ്സിലാവും ആ വ്യക്തിയിലെ അല്ലെങ്കിൽ ആ വ്യക്തിത്വത്തിന്റെ ചില സവിശേഷ ഗുണങ്ങളാണ് അതിന് അവരെ പ്രാപ്തനാക്കിയിരിക്കുന്നതെന്ന്.

ജീവിതം ഏറ്റവുമധികം ഭയാനകവും സങ്കീർണ്ണവുമാകുന്നത് എപ്പോഴാണെന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ ? മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടോ? ഒരു വ്യക്തിയ്ക്ക് സ്വന്തം വരുതിയിലും നിയന്ത്രണത്തിലും നിർത്താൻ സാധിക്കേണ്ട താൻ നിലനിൽക്കുന്ന, ജീവിക്കുന്ന ഒരു പരിതസ്ഥിതിയിന്മേലും അവനവന് മേലും മേലും ഒട്ടും തന്നെ തനിയ്ക്ക് നിയന്ത്രണം ഇല്ലായെന്ന ബോധവും ഇതൊന്നും തന്റെ കൈകളിലല്ല, താൻ തന്നിൽ തന്നെ സുരക്ഷിതനല്ല എന്ന ബോധവും ഭയവും അയാളെ പതിയെ കീഴ്പ്പെടുത്തുമ്പോഴുണ്ടാവുന്ന അമിതമായ ആധിയും ഭീതിയും മനസ്സിനകത്ത് ആഴത്തിൽ പിടിപെടുമ്പോഴാണെന്ന കാര്യം വസ്തുനിഷ്ഠാപരമായി ചിന്തിക്കുന്ന അവസരത്തിൽ മനസ്സിലാവും. ഇവയെ മാനേജ് ചെയ്യുന്നതിൽ പരാജയപ്പെടുമ്പോഴാണ് ജീവിതം ഏറ്റവും ദുരിതപൂർണ്ണമായി, ദുരന്തപർവ്വമായി മാറുന്ന സ്ഥിതിവിശേഷമുണ്ടാകുന്നത്. വ്യക്തിത്വത്തെയും വ്യക്തിയുടെ സൈക്കോളജിയെയും ഈയൊരു അവസ്‌ഥയിൽ അല്ലെങ്കിൽ ഈ വിധം മനോനില പടർത്തുന്ന ആകുലതയിൽ ഒന്നും തന്നെ തന്റെ കൈപ്പിടിയിൽ ഒതുങ്ങാതെ മനുഷ്യൻ മാനസികമായി തളരും, വിഭ്രാന്തിയിലമരും.

ആരോഗ്യകരമായ മനസ്സ് ഇല്ലെങ്കിൽ സൈക്കോളജിക്കലി ഒരു മനുഷ്യൻ വളരെ ദുർബലനായിരിക്കും. അത് സ്വന്തം ജീവിതത്തിൽ വരുന്ന സാഹചര്യങ്ങളെ കോപ് അപ്പ് ചെയ്യുന്നതിൽ കടുത്ത വിഘാതം സൃഷ്ടിയ്ക്കും. ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതിനാൽ ഒന്നിൽ പരിഹരിക്കപ്പെടാതെ കിടക്കുന്ന ന്യൂനതകൾ മറ്റൊന്നിന് പ്രതിബന്ധമായി മാറുകയാണ്.

ജനനം മുതൽ മരണം വരെ, ചുട്ട മുതൽ ചുടല വരെ ഒരു മനുഷ്യന് ജീവിതത്തിൽ ചെയ്തു തീർക്കാൻ എമ്പാടും കാര്യങ്ങളുണ്ട്. ജീവിതത്തിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാൻ കഴിയില്ല, അതിന് ശ്രമിക്കുന്നത് വലിയ മണ്ടത്തരമാണ്. തനിയ്ക്ക് ലഭിച്ച ജീവിതത്തെ നിയന്ത്രണപരിധിയിൽ ആക്കിവെച്ച് എന്തിനെയും നേരിടാനുള്ള ധൈര്യത്തോടെയും സാമർത്ഥ്യത്തോടെയും തന്നിലെ ആത്മവിശ്വാസത്തിന്റെ ലാഞ്ഛന ഒട്ടും കളയാതെ മനക്കരുത്തോടെ ഉറച്ച കാൽവെയപ്പോടെ മുന്നേറണം. മനുഷ്യനിൽ തന്നെയുണ്ട് അന്തർലീനമായി കിടക്കുന്നുണ്ട് എല്ലാ കഴിവുകളും, സർവ്വതും അവർ അവരവരിൽ തന്നെ കണ്ടെത്തണം. അവനവനിലും പ്രാപഞ്ചിക ശക്തിയിലും നിസ്സംശയം വിശ്വാസമർപ്പിച്ചു മുന്നോട്ട് പോകുന്നവർക്ക് എന്തിനെയും അതീവം ലാഘവത്തോടെ, ലാളിത്യത്തോടെ സംഘർഷങ്ങളുടെ ഭീതിയോ പതർച്ചയോ കൂടാതെ അഭിമുഖീകരിക്കാൻ സാധിക്കും.

ഇപ്പറഞ്ഞതൊക്കെ അനായസകരമാക്കുന്നതിൽ വ്യക്തിത്വത്തിനും വ്യക്തികളുടെ മനോഭാവത്തിനും ചിന്താഗതികൾക്കും വലിയൊരു പങ്കുണ്ട്. തനിയ്ക്ക് ലഭിച്ച ജീവിതവുമായി താദാത്മ്യം പ്രാപിക്കാൻ മനുഷ്യന് കഴിഞ്ഞില്ലെങ്കിൽ അത് അയാളുടെ മനോനിലയെ തകരാറിലാക്കാനും കടുത്ത ഉത്കണ്ഠയും ഉൾഭീതിയും മൂലം ഭാവിയിൽ ഒരു മനോരോഗിയായ് അയാൾ മാറാനുള്ള സാധ്യതയും കൂടുതലാണ്. ഏത് സാഹചര്യത്തോടും പൊരുത്തപ്പെടാൻ സാധിക്കുന്ന ഒരു മനസ്സാണ് മനുഷ്യരുടേതെങ്കിലും അപൂർവ്വം ചിലർക്ക് അത് സാധിക്കാതെ പോകാറുണ്ട്. അലസത വിട്ട്, ഉത്തരവാദിത്വമറിഞ്ഞ് സ്വന്തം ജീവിതത്തെ കെട്ടിപ്പടുക്കാൻ ആത്മവിശ്വാസം കൂടിയേ തീരൂ. തന്നിലധിഷ്ഠിതമായ ധർമ്മങ്ങൾ അറിഞ്ഞും മനസ്സിലാക്കിയും കർമ്മോന്മുഖരായി ഈ ഭൂമുഖത്ത് ജീവിക്കുക എന്നത് തന്നെയാണ് ഓരോ ജീവികളും അവരവരുടെ ലോകത്ത് ചെയ്യുന്നത്, ചെയ്യേണ്ടതും. ധാർമ്മികാവബോധവും ഉത്തരവാദിത്വബോധവുള്ള മനുഷ്യർ സഗൗരവം ജീവിതത്തെ ചിട്ടപ്പെടുത്തി എടുക്കും. സ്വയം ധർമ്മമറിഞ്ഞു കർമ്മങ്ങൾ ചെയ്യാനുള്ള മനസ്സ് ഒരു ഉന്നതമായ വ്യക്തിത്വത്തിന്റെ ശുഭസൂചനയാണ്.

അസ്വാരസ്യങ്ങളാൽ എപ്പോഴും പ്രക്ഷുബ്ധമായ മനസ്സും തന്റെ മുന്നിൽ ദുരനുഭവങ്ങൾകൊണ്ടും തിന്മകൾകൊണ്ടും മാത്രം കലുഷിതമായ ഒരു ലോകവും ഏതൊരു മനുഷ്യന്റെയും മനോനിലയെയും ജീവിതത്തെയും അനിശ്ചിതത്തിലും അരക്ഷിതത്വത്തിലും ആഴ്ത്തിക്കളയാനുള്ള പൊട്ടൻഷ്യൽ കാണിക്കും. നന്മകളെ കണ്ടെത്താനും അവയെ ചേർത്ത് പിടിച്ച് ജീവിക്കാനും ഓരോ മനുഷ്യനും സ്വയം തയാറായില്ലെങ്കിൽ ലോകം തിന്മകളുടെയും അരാജകത്വത്തിന്റെയും വിളനിലമായി മാറും. ആരോഗ്യകരമായ ചുറ്റുപാടുകളിൽ വളർന്ന കുട്ടികൾക്ക് പോലും സമൂഹം എന്താണെന്നും ബഹുജനം പലവിധമാണെന്നും ഇവിടം ഏത് തരത്തിലൊക്കെയുള്ള ആളുകളുടെ വാസസ്ഥലമാണെന്നും ലോകം എന്താണെന്നും പറഞ്ഞുകൊടുത്ത് ഇടപഴകേണ്ട മാന്യതയും മര്യാദയും പറഞ്ഞുകൊടുത്ത് തന്നെ വളർത്തണം. ഇതൊക്കെ പഠിച്ചുവളരുന്ന മക്കൾക്ക് ഉൽഭീതിയോ ഉൾശങ്കയോ കൂടാതെ സാമൂഹിക വ്യവഹാരങ്ങളിൽ ഇടപെടാൻ പിന്തുണ പകരും. പ്രശ്നങ്ങളെ അതിജീവിക്കാൻ കൂട്ടിന് തനിയ്ക്ക് ജന്മം നൽകിയ സ്നേഹനിധികളായ, തന്റെ സുഖത്തിനും സന്തോഷത്തിനും വേണ്ടി സർവ്വതും ത്യജിക്കാൻ പോലും സദാ സന്നദ്ധരാവുന്ന, താൻ സ്നേഹാദരവോടെ ഉയർന്ന സ്ഥാനം നൽകി നെഞ്ചോട്ചേർത്ത് പിടിച്ച തന്റെ അച്ഛനമ്മമാർ ഉണ്ടെന്ന ബോധം ഒട്ടും അലട്ടലില്ലാത്ത ജീവിതം നയിക്കാൻ അവർക്ക് കൂട്ടാകും. ഇതുപോലെ ബോധമുള്ള മക്കൾ എന്നും അച്ഛനമ്മമാരോടുള്ള നന്ദിയും കൂറും മനസ്സിൽ കാത്തുസൂക്ഷിയ്ക്കും.

ചിന്തിക്കുന്ന, അന്വേഷണാത്മകമായ മനസ്സ് എപ്പോഴും അറിവും സത്യവും തിരഞ്ഞു കണ്ടെത്തും. പുസ്തകങ്ങളിൽ നിന്ന് ഗ്രഹിക്കാവുന്നതിന് പരിധിയും പരിമിതിയുമൊക്കെ ഉണ്ട്. പ്രപഞ്ചത്തിലേയ്ക്ക് കണ്ണുകൾ തുറക്കപ്പെടുമ്പോൾ, തനിക്ക് മുന്നിൽ വ്യാപരിച്ച് കിടക്കുന്ന ലോകം അറിവിന്റെ അനന്തമായ സാഗരമായി തോന്നും. എന്തിന്റെയും പൊരുളറിയാൻ ശ്രമിക്കുന്നൊരു മനസ്സ് അതായത് എല്ലാത്തിലും യുക്തിയും സത്യവും തിരയുന്നൊരു മനസ്സ് നിരന്തരം ആർജ്ജിക്കുന്ന അറിവിന്റെ വെളിച്ചംകൊണ്ട് മനസ്സിന്റെ ഇരുട്ടറയെ തുറപ്പിക്കും ചിന്തകൾക്ക് വ്യക്തതയും ആഴവും വ്യാപ്തിയും വർദ്ധിക്കുന്നത് അപ്പോൾ മാത്രമാണ്. വ്യക്തിത്വം ഔന്നിത്യത്തിലേയ്ക്ക് ഉയർത്തപ്പെടുന്നതും അപ്പോഴാണ്.

ശൈശവവും കുട്ടിക്കാലവും അമ്മയുടെയും അച്ഛന്റെയും മേൽനോട്ടത്തിലും നേതൃത്വത്തിലുമാണ് കടന്നുപോകുന്നത്. അച്ഛനമ്മമാരുടെ കരങ്ങളാൽ അച്ചിൽ വാർത്തെടുക്കുന്ന പോലെയോ മോൾഡ് ചെയ്യപ്പെടുന്ന പോലെയോ കുഞ്ഞിന്റെ സ്വഭാവവും വ്യക്തിത്വവും രൂപമെടുക്കുന്നു, അവയുടെ ഏറ്റവും മുഖ്യമായ, കാതലായ അടിത്തറ രൂപപ്പെടുന്നത് അങ്ങനെയാണ്. ഈ കാലഘട്ടങ്ങളിൽ തന്നെ മാതാപിതാക്കൾ ജന്മം നൽകിയവർ എന്നതിനപ്പുറം കുഞ്ഞുമനസ്സുമായി നല്ലൊരു ആത്മബന്ധവും വൈകാരിക അടുപ്പവും നല്ലൊരു ബോണ്ടും ഉണ്ടാക്കിയെടുത്താൽ ജെനറേഷൻ ഗ്യാപ്പ് നികത്താൻ രക്ഷിതാക്കൾക്ക് ഏറെക്കുറെ സാധിക്കും. കുഞ്ഞുങ്ങളുടെ മനസ്സ് അറിയുമ്പോൾ അവരെ മുന്നോട്ട് നയിക്കാൻ എളുപ്പമാണ്. അവരുടെ കഴിവ്, ടാലന്റ്, പൊട്ടൻഷ്യൽ എല്ലാം അറിഞ്ഞുകൊണ്ട് അവരെ ഉയർത്തിക്കൊണ്ടു വരാൻ സാധിച്ചാൽ ആ ദൗത്യം പൂർണ്ണമായി. ജന്മംകൊണ്ട് മാത്രമല്ല കർമ്മംകൊണ്ടും മാതാവോ പിതാവോ ആയി മാറുമ്പോൾ അനുഭവിച്ചറിയുന്ന ആത്മസംതൃപ്തി, അതിനെ നിർവ്വചിക്കാൻ ആർക്കാണ് കഴിയുക? അതിനാൽ ആത്മബോധമാണ് ഇവയ്ക്കൊക്കെ നിദാനമായി വർത്തിക്കുന്നതെന്ന് അറിഞ്ഞിരിക്കണം. നമ്മുടെ സന്താനങ്ങൾ അറിവിലൂടെയും ആത്മബോധത്തിലൂടെയും വളരട്ടെ, ഉയരങ്ങൾ കീഴടക്കട്ടെ.

Related Articles