Current Date

Search
Close this search box.
Search
Close this search box.

മനസ്സിനെ നിരീക്ഷിച്ച് തിന്മയിൽനിന്നകലാം

മനുഷ്യൻറെ സുപ്രധാനമായ അനേകം ഗുണങ്ങളിൽ ഒന്നാണ് നിരീക്ഷണ സ്വഭാവം. വാന നീരീക്ഷണം, പക്ഷി നിരീക്ഷണം പരിസ്ഥിതി നിരീക്ഷണം തുടങ്ങിയ നിരവധി നിരീക്ഷണങ്ങളെ കുറിച്ച് സാമാന്യേന നാം ബോധവന്മാരാണല്ലോ? അത്പോലെ സ്വന്തം ശരീരത്തേയും സന്താനങ്ങളേയും സമ്പത്തിനേയുമെല്ലാം നാം നിരന്തരമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യാറുണ്ട്. എന്നാൽ നമ്മിൽ തന്നെ കുടികൊള്ളുന്ന നമ്മുടെ ശരീരത്തിൻറെ അന്ത:രംഗത്ത് നങ്കൂരമിട്ടിരിക്കുന്ന മനസ്സിനെ നിരീക്ഷിക്കുന്നവർ നമ്മിൽ എത്ര പേരുണ്ട്? അത്തരമൊരു മഹാ സത്തയുടെ സാനിധ്യം തിരിച്ചറിയുന്നവർ വളരെ തുച്ചമാണെന്നതല്ലെ നമ്മുടെ അനുഭവം? മറ്റേത് നിരീക്ഷണത്തെക്കാളുപരിയായി യഥാർത്ഥത്തിൽ നാം നിരീക്ഷിക്കേണ്ടത് നമ്മുടെ മനസ്സിനെ തന്നെയാണ്.

കടിഞ്ഞാണില്ലാത്ത ഒരു അശ്വത്തെ പോലെ ചക്രവാളത്തിൻറെ വിഹായസ്സിലേക്ക് അതിരുകളില്ലാതെ ഓടികുതിക്കുന്ന മനസ്സിനെ നിരീക്ഷിക്കുകയും ചിന്തയെ നിയന്ത്രിക്കുകയും ശരിയായ ദിശയിലേക്ക് തിരിച്ച് വിടുകയും ചെയ്യുന്നതിലാണ് നമ്മൂടെ യഥാർത്ഥ വിജയം നിലകൊള്ളുന്നത്. ഈ നിരീക്ഷണത്തിലൂടെ നമ്മുടെ ബുദ്ധി പ്രവർത്തന നിരതമാവുന്നു. അതിലൂടെ നാം പുതിയ അറിവുകളിലേക്ക് എത്തിച്ചേരുന്നു. ആ അറിവ് നമ്മെ പുതിയ തീരുമാനങ്ങളിലേക്ക് നയിക്കുന്നു. അങ്ങനെയാണ് നാം പ്രവർത്തനപഥത്തിലേക്ക് കാലെടുത്ത് വെക്കുന്നത്.

പ്രതി ദിനം നമ്മുടെ മനസ്സ് 60,000 ചിന്തകളിലൂടെ കടന്ന് പോവുന്നുണ്ടെന്ന് മന:ശ്ശാസ്ത്ര പഠനങ്ങൾ വ്യക്തമാക്കീട്ടുണ്ട്. ഇതിൽ 80 ശതമാനവും നെഗറ്റിവ് ചിന്തകളാണത്രെ കടന്ന് വരുന്നത്. അതായത് 48,000 ചിന്തകളും പ്രയോജനരഹിതവും മ്ളേഛ ചിന്തകളുമാണ് എന്നർത്ഥം. നെല്ല് കുത്തുമ്പോൾ ഉമി പാറ്റികളയുന്നത് പോലെ നല്ല ചിന്തകളിൽ നിന്ന് ചീത്ത ചിന്തകളെ പാറ്റി കളയണം. അതിനുള്ള നമ്മുടെ അരിപ്പയാണ് മനസ്സ്. നല്ല ചിന്തകളാണ് നല്ല പ്രവർത്തനങ്ങൾക്ക് കാരണമായിത്തീരുന്നതെന്ന കാര്യത്തിൽ സംശയമില്ല. മനസ്സിനെ നിരീക്ഷിക്കാതെ പെടുന്നനെ നാം പ്രകടിപ്പിക്കുന്ന ക്ഷോഭം നിമിത്തം നമ്മുടെ ദുസ്വഭാവം മറ്റുള്ളവർക്ക് പ്രകടമാവുന്നു എന്ന് മാത്രമല്ല, രക്ത സമ്മർദ്ദമുൾപ്പടെയുള്ള നിരവധി രോഗങ്ങൾക്ക് കാരണമായിത്തീർന്നേക്കാനും ഇടയുണ്ട്.

മനസ്സിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ
നമ്മുടെ അസ്ഥിത്വത്തിൻറെ സുപ്രധാന ഘടകമായ മനസ്സിനേയും ചിന്തയേയും സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തെല്ലാം? അതിൽ സുപ്രധാന ഘടകമാണ് രക്ഷിതാക്കൾ. ഒരു കുട്ടിയുടെ ആദ്യ പാഠശാല രക്ഷിതാക്കളാണ്. അമ്മയുടേയും അഛൻറെയും മുഖഭാവത്തിൽ നിന്നാണ് കുട്ടികൾ ആദ്യ പാഠം പഠിക്കുന്നത്. ആ മുഖത്ത് പ്രതീക്ഷയുടെ വെളിച്ചമാണ് കുട്ടികൾ കാണുന്നതെങ്കിൽ,കുട്ടികളിലും പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയും. മറിച്ച് വിഷാദമൂഖമായ മുഖമാണ് കുട്ടികൾ കാണുന്നതെങ്കിൽ അതാണ് അവരിൽ പ്രതിബിംബിക്കുക. വൈകാരിക പാശ്ചാതലത്തിൽ വളർന്ന കുട്ടികൾ വൈകാരിക ജീവികളായിത്തീരുന്നതിൻറെ കാരണം അതാണ്. ഓരോ മനുഷ്യനും ശുദ്ധ പ്രകൃതിയോടെ ജനിക്കുന്നു. അവൻറെ രക്ഷിതാക്കൾ അവനെ ജൂതനൊ ക്രൈസതവനൊ അഗ്നിയാരാധകനൊ ആക്കുന്നു എന്ന പ്രവചാക വചനം എത്ര അന്വർത്ഥം.

നമ്മുടെ മനസ്സിനെ സ്വാധീനിക്കുന്ന ചിന്തയെ ഉദ്ധീപിപ്പിക്കുന്ന രണ്ടാമത്തെ ഘടകമാണ് വിദ്യാലയങ്ങൾ. കുട്ടികളുടെ വൈജ്ഞാനിക നിലവാരത്തിലും സ്വഭാവ രൂപീകരണത്തിലും വിദ്യാലയങ്ങൾ ചെലുത്തുന്ന സ്വാധീനം അപാരമത്രെ. നല്ല വിദ്യാലയാന്തരീക്ഷത്തിൽ പഠിച്ച് വളർന്ന കുട്ടികളെ വളരെ വേഗത്തിൽ തന്നെ തിരിച്ചറിയാൻ സാധിക്കുന്നു. ഒരു സ്കൂൾ തുറക്കുമ്പോൾ നിരവധി ജയിലുകൾ അടച്ചിടാൻ കഴിയുമെന്ന് ഗാന്ധിജി പറഞ്ഞതിൻറെ പൊരുൾ മറ്റൊന്നല്ല. സുഹൃദ് വലയങ്ങളാണ് നമ്മുടെ ചിന്തക്ക് ഇന്ധനം പകരുന്ന മൂന്നാമത്തെ ഘടകം. നമ്മുടേയൊ കുട്ടികളുടേയൊ കൂട്ടുകെട്ട് ആരാണെന്ന് മനസ്സിലാക്കിയാൽ അവൻറെ സ്വഭാവം തിരിച്ചറിയുക എളുപ്പമാണ്.

മാധ്യമങ്ങൾ വിശിഷ്യ ഇലക്ട്രോണിക് സോഷ്യൽ മീഡയകളും അച്ചടി മാധ്യമങ്ങളുമാണ് നമ്മുടെ സ്വഭാവത്തെ സ്വാധീനിച്ച് കൊണ്ടിരിക്കുന്ന നാലാമത്തെ ഘടകം. പലതരം കുറ്റകൃത്യങ്ങൾ ചെയ്യുവാൻ മീഡിയകൾ നമ്മെ പ്രേരിപ്പിച്ച് കൊണ്ടിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്. പുസ്തകങ്ങൾ, പ്രഭാഷണങ്ങൾ, തൊഴിൽ സ്ഥാപനങ്ങൾ തുടങ്ങിയവയും നമ്മൂടെ ചിന്തയേയും സംസ്കാരത്തേയുമെല്ലാം വളരെ ആഴത്തിൽ സ്വാധീനിച്ച് കൊണ്ടിരിക്കുന്ന ഘടകങ്ങളാണ്.

ഗ്രന്ഥങ്ങൾ സ്വാധീനിക്കുന്ന വിധം
ലോകത്തെ ഇളക്കി മറിച്ച വേദഗ്രന്ഥമാണല്ലോ വിശുദ്ധ ഖുർആൻ. ആ വേദ സൂക്തങ്ങൾ എങ്ങനെ സ്വധീനിക്കുന്നു എന്ന് ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. പുത്തൻ മതം പ്രചരിപ്പിക്കുന്നതിൻറെ പേരിൽ പ്രവാചകനോട് അരിശം തോന്നിയ ഉമർ ഒരിക്കൽ അദ്ദേഹത്തെ വധിക്കാൻ പുറപ്പെട്ട ആ സംഭവം ചരിത്രത്തിൽ പ്രസിദ്ധമാണ്. സഹോദരിയും അവളുടെ ഭർത്താവും മുഹമ്മദിൻറെ അതേ പാതയിലാണെന്നറിഞ്ഞ ഉമർ അവരെ വക വരുത്തിയതിന് ശേഷം മതി മുഹമ്മദിനെ വധിക്കാൻ എന്ന് തീരുമാനിക്കുകയായിരുന്നു. സഹോദരിയുടെ വീടിൻറെ ഉമ്മറപ്പടിക്കൽ എത്തിയപ്പോൾ അവർ പാരായണം ചെയ്തിരുന്ന ശ്രുതിമധുരമായ ഖുർആൻ വചനങ്ങൾ കേട്ട് ഉമറിൻറെ മനസ്സ് മാറി. മതം മാറി. ഖുർആൻ നിഷ്പക്ഷമായി വായിക്കുന്നവരിൽ ഇന്നും അത് മാറ്റത്തിൻറെ അലയൊലികൾ സൃഷ്ടിക്കുന്നു.

ഒരു ലേഖനം എങ്ങനെയാണ് മനസ്സിനെ സ്വാധീനിക്കുന്നതെന്ന് പ്രശസ്ത കവിയിത്രി സുഗുത കുമാരി എഴുതിയത് കാണുക: “സൈലൻറ് വാലി പദ്ധതിയെ കുറിച്ച് 1978 ൽ ഡോ.എം.കെ.പ്രസാദ് മാതൃഭൂമിയിൽ എഴുതിയ ലേഖനം വായിച്ചപ്പോഴാണ് കൊലചെയ്യപ്പെടാൻ പോകുന്ന കാടിൻറെ നിബിഡതയും മനോഹാരിതയും എന്നെ അശ്വസ്ഥപ്പെടുത്തിയത്. അങ്ങനെയാണ് താൻ സൈലൻറ് വാലി സമരത്തിലേക്ക് എടുത്ത്ചാടിയത്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിവുള്ളതാണ്.”

ദീർഘകാലമായി നാം കാത്ത് സൂക്ഷിക്കുന്ന നമ്മുടെ വിശ്വാസവും മുല്യങ്ങളും നയ നിലപാടുകളൂം രൂപപ്പെടുന്നത് മേൽ വിവരിച്ച നമ്മുടെ മനസ്സിനെ സ്വാധീനിക്കുന്ന ഘടകങ്ങളിലൂടെയാണ് എന്ന കാര്യത്തിൽ സംശയമില്ല. ഈ അനുഭവ പരിജ്ഞാനത്തിലൂടെ ലഭിക്കുന്ന അറിവിലൂടെയാണ് നാം കാര്യങ്ങളെ വിലയിരുത്തികൊണ്ട് തീരുമാനത്തിലത്തെിചേരുന്നതും പ്രവർത്തിക്കുന്നതും. അപ്പോൾ നമ്മുടെ മനസ്സിനെ സ്വധീനിക്കുന്ന ഘടകങ്ങൾ എപ്രകാരമുള്ളതാണൊ അതിനനുസരിച്ചാണ് നമ്മുടെ അനുമാനങ്ങളും സങ്കൽപങ്ങളും രൂപപ്പെടുന്നത്. നല്ലത് ചിന്തിച്ചാൽ നല്ലത് പറയും.

നല്ലത് പറഞ്ഞാൽ നല്ലത് ചെയ്യും. അങ്ങനെ പുണ്യം കൈവരിക്കാൻ കഴിയുന്നതാണ്. ഇപ്രകാരമാണ് മനസ്സിനെ നിരീക്ഷിക്കുന്നതിലൂടെ നന്മയിലേക്ക് എത്താൻ കഴിയുന്നത്.

നമുക്ക് തന്നെ പൂർണ്ണമായി എതിരായി പ്രവർത്തിക്കുന്ന ചിന്തകൾ ഉണ്ടാവാം. അതിനെ കടിഞ്ഞാണിടുകയും നല്ലതിലേക്ക് മനസ്സിനെ തിരിച്ച് കൊണ്ട് വരുകയും ചെയ്യുക. അപ്പോൾ ചിന്തയുടെ മൂല കേന്ദ്രമായ, പ്രവർത്തനങ്ങളുടെ ഊർജ്ജസ്രോതസ്സായ മനസ്സിനെ അടിക്കടി നിരീക്ഷിക്കുന്നതും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതും നല്ല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ സഹായകമാവും. ചിന്തയെ നിയന്ത്രണ വിധേയമാക്കിയാൽ നാം അറിയാതെ ചെയ്ത് പോവുന്ന പലതരം പാളിച്ചകളിൽ നിന്ന് മോചിതനാവാനൂം നമുക്ക് സാധിച്ചേക്കും. ഖുർആൻറെ വീക്ഷണത്തിൽ അന്ത്യനാളിൽ മനുഷ്യന് പ്രയോജനപ്പെടുന്നത് വല്ലതുമുണ്ടെങ്കിൽ അത് മക്കളൊ മുതലുകളൊ ആയിരിക്കുകയില്ല. മറിച്ച് ഹൃദയ വിശുദ്ധി മാത്രമായിരിക്കും എന്ന് പറയുന്നതിൻറെയും പൊരുൾ മറ്റൊന്നല്ല. 26:89

മറ്റൊരു നബി വചനം ഇങ്ങനെ: മനുഷ്യ ശരീരത്തിൽ ഒരു മാംസപിണ്ഡമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് ദുശിച്ചാൽ ശരീരം മുഴുവൻ ദുശിച്ചു. അതത്രെ ഹൃദയം. അതിനാൽ നമുക്ക് മനസ്സിനെ നിരീക്ഷിക്കാം; ചിന്തയെ നിയന്ത്രിക്കാം. സൽ പ്രവർത്തനങ്ങൾകൊണ്ട് ജീവിതം പുഷ്ടിപ്പെടുത്താം. അതാണ് പ്രശസ്ത ചിന്തകൻ സ്റ്റീഫൻ കോവി പറഞ്ഞതിൻറെ പൊരുൾ: ഞാൻ എൻറെ സാഹചര്യത്തിൻറെ സൃഷ്ടിയല്ല. ഞാൻ എൻറെ തീരുമാനത്തിൻറെ സൃഷ്ടിയാണ്. I am not a product of my circumstances. I am product of my decision.

Related Articles